കാണാക്കിനാവ് – ഭാഗം പതിനാല്

എഴുത്ത്: ആൻ.എസ്.ആൻ

പതിമൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“എന്റെ മകന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. ആ കുട്ടിക്കും അങ്ങനെ തന്നെയാണ് എന്നാണ് അവന്റെ ധാരണ.” ഈ കേട്ടതും, കാട്ടാളൻ എഴുന്നേറ്റ് പോയതും കൂടി ചേർത്തു വായിച്ചപ്പോൾ എന്റെ മനസ്സിൽ നേരിയ ഭയത്തിൻറെ തിരകൾ അടിച്ചു തുടങ്ങിയിരുന്നു. ഇനി അവർ പറയാൻ പോകുന്നത് എന്നെ ധർമ്മസങ്കടത്തിൽ ആക്കുന്നത് ഒന്നും ആവരുതെയേന്ന് ഞാൻ അറിയാവുന്ന ഈശ്വരന്മാരൊടോക്കെ മനസ്സിൽ പറയുകയായിരുന്നു.

“എന്റെ മോന് മോളുടെ കൂട്ടുകാരി നന്ദന എന്ന് വെച്ചാൽ ജീവനാ…പക്ഷേ മോളോട് പറഞ്ഞിട്ട് മോളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് ആ കുട്ടിയോട് ചോദിക്കാം എന്നാണ് അവൻ പറഞ്ഞത്. അത് മോളുടെ അടുത്ത് പറയാൻ അവന് എന്തോ ഒരു മടി. അതുകൊണ്ടാ ഞാൻ മോളോട് ഇത് പറയുന്നത്.”

“ഏത് മെഡിസിനു പഠിക്കുന്ന ഇവളുടെ ടീച്ചർ അമ്മയുടെ മോളോ…?” ലക്ഷ്മി അമ്മയാണ്.

ഈശ്വരാ…നന്ദു..!! ഒരു മഴ പെയ്തു തോർന്ന ആശ്വാസമായിരുന്നു ഉള്ളിൽ. എന്നാലും ഈ ഡോക്ടറുടെ ഉള്ളിൽ ഒരു കള്ളക്കാമുകനും ഉണ്ടായിരുന്നോ…? എന്തൊക്കെയായിരുന്നു….നാടൻ പെണ്ണ്…തുമ്പ പൂവ്…വഴിയേ പോകുന്ന ആളെ കൂടി പിടിച്ചു നിർത്തി അടി ഉണ്ടാക്കുന്ന നന്ദു ഇത് എങ്ങനെ ഒപ്പിച്ചെടുത്തു…? ഞാൻ ഇതെന്തൊരു വിഡ്ഢിയാണ്…? എനിക്ക് ഇതൊന്നും മണത്തറിയാൻ പോലും പറ്റിയില്ലല്ലോ…?

“മോൾ ഒന്നും പറഞ്ഞില്ല. ഇനി ഇപ്പം മോള് തന്നെ ചോദിക്കോ ആ കുട്ടിയോട്…? അതാകുമ്പോൾ ആ കുട്ടിക്കും തുറന്നുപറയാൻ എളുപ്പമാവും.”

ആദ്യം നന്ദുവിനെ തന്നെ വിളിക്കാനാണ് തോന്നിയത്. പിന്നെ ഇത് ടീച്ചർ അമ്മയും അരുൺ ഏട്ടനും ഒക്കെ അറിയുമ്പോൾ ഞാനും കൂടി അറിഞ്ഞിട്ടാണ് എന്ന് വരുമ്പോൾ…പിന്നെ അതൊരു ഒരു നന്ദി കേടാവുമോ…? എന്താ ചെയ്യുക…?

എന്തായാലും അരുൺ ഏട്ടനെ വിളിച്ച് ഡോക്ടറെ പറ്റി ചോദിച്ചു നോക്കാം. അരുൺ ഏട്ടനോട് സംസാരിച്ചപ്പോൾ ഡോക്ടറെ പറ്റി പറയാൻ നൂറു നാവ്…ടീച്ചർ അമ്മയ്ക്കും ഡോക്ടറെ കുറിച്ച് ഭയങ്കര മതിപ്പാണ്. ഈ ഡോക്ടർ പണി നേരത്തെ തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലായി. സാഹചര്യം അനുകൂലമായതിനാൽ ഡോക്ടറുടെ അമ്മ ഒരു ആഗ്രഹം പ്രകടിപ്പിച്ച രീതിയിൽ ഞാൻ പറഞ്ഞൊപ്പിച്ചു. എങ്കിൽ അതൊരു ഭാഗ്യം ആകുമെന്നും നന്ദുവിന് ആയിരം വട്ടം സമ്മതം ആയിരിക്കും എന്നതിന് ഒരു സംശയവും വേണ്ടെന്നായി അരുണേട്ടൻ.

ഫോൺ വെച്ച് കഴിഞ്ഞപ്പോൾ സന്തോഷ വാർത്ത അമ്മമാരോടും പറഞ്ഞിട്ട് എത്രയും പെട്ടെന്ന് ഡോക്ടറെ അറിയിക്കാൻ ഞാൻ വരാന്തയിലേക്ക് ഓടി. അപ്പോഴേക്കും തോളിൽ കയ്യിട്ടു കൊണ്ട് കളിക്കൂട്ടുകാരെ പോലെ വരുന്നു നേരത്തെ യുദ്ധത്തിന് എന്നപോലെ ഇറങ്ങിപ്പോയ രണ്ടെണ്ണം…ഈ കുറുക്കന്റെ ബുദ്ധിയുള്ള ഡോക്ടറെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…?

“ഡോക്ടർ ഒന്ന് അവിടെ നിന്നെ. ഞാൻ ശരിക്കും ഒന്നു കാണട്ടെ…എന്നാലും വർഷങ്ങളായി ഞാനറിയുന്ന എന്റെ നന്ദുവിന്… ഈ മണ്ണിന്റെ മണവും പാവത്തരവും ഒക്കെ എന്നു മുതലാ വന്നു തുടങ്ങിയത്…?”

“അത് പിന്നെ ഈ പ്രണയത്തിന് കണ്ണും, കാതും…അങ്ങനെ സെൻസ് ഓർഗൻസ് ഒന്നുമില്ലെന്ന് നിനക്ക് ഇനിയും അറിയില്ലേ പാറു…? അല്ലാതെ നിങ്ങളെ ഒക്കെ കാണുമ്പോൾ എന്ത് കണ്ടിട്ടാ ഞങ്ങളെപ്പോലെയുള്ള സുന്ദരൻമാർക്ക് ഓരോന്ന് തോന്നുന്നത്…? അല്ലേ ഹരി…?”

ഞാൻ കാട്ടാളനെ നോക്കിയതും….ആണെന്നോ….അല്ലെന്നോ വാ തുറന്നില്ല കാട്ടാളൻ. ഡോക്ടറും അമ്മയും സന്തോഷത്തോടെ യാത്രയായി.

അവിടുന്ന് അങ്ങോട്ടുള്ള സംസാരത്തിലും, ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോഴും എല്ലാം മകനെ സ്നേഹംകൊണ്ട് മൂടുന്ന അമ്മയെയും…അമ്മയുടെ വാത്സല്യം അനുഭവിച്ചറിയുന്ന മകനെയും തെല്ലൊരു അസൂയയോടെ തന്നെ നോക്കിക്കാണുകയായിരുന്നു ഞാൻ. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ നേരിയ കാലു വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ ലക്ഷ്മി അമ്മയുടെ കാലിൽ കുഴമ്പിട്ട് ഉഴിഞ്ഞു കൊടുത്തു ഞാൻ. അവരുടെ ഉള്ളിലെ സന്തോഷം കൊണ്ടായിരിക്കാം കാട്ടാളന്റെ ചെറുപ്പത്തിലെ ഓരോ കുസൃതികൾ ഒക്കെ പറഞ്ഞു…പറഞ്ഞു…ഉറങ്ങിപ്പോയി.

കൈ തുടച്ച് വാതിൽ ചാരി ഞാൻ പുറത്തേക്കിറങ്ങിയതും വിചാരിക്കാതെ ആരോ എന്റെ കയ്യിൽ പിടിച്ച് ഒറ്റ വലി. കാട്ടാളൻ ആണ്…മീശയൊക്കെ പിരിച്ചു വെച്ച്…കണ്ണിൽ കുസൃതി ഒക്കെ നിറഞ്ഞു…ഫുൾ വോൾട്ടിൽ തന്നെ. ഞാൻ പെട്ടെന്ന് മാറാൻ നോക്കിയതും രണ്ട് കൈകളും ഭിത്തിയിലേക്ക് നീട്ടി എന്നെ നടുവിൽ ആക്കി നിർത്തി. ആ തൊട്ടു തൊട്ടില്ല എന്നുള്ള നിൽപ്പിലും, പ്രണയം നിറഞ്ഞ നോട്ടത്തിലും, എന്റെ ഉള്ളിൽ ഒരു പൂക്കാലം തന്നെയായിരുന്നു. എങ്കിലും അത് പുറത്തേക്ക് കാണിക്കാതെ എന്തിനുള്ള പുറപ്പാടാണെന്ന മട്ടിൽ ഞാൻ കപട ദേഷ്യം വരുത്തി നോക്കി.

“പാറു…നിന്നോടുള്ള എന്റെ ഇഷ്ടം ഇതിനോടകം തന്നെ നിനക്ക് മനസ്സിലായിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇനി അതിന്റെ ആഴം അറിയണമെന്ന് ആണെങ്കിൽ പറയാൻ വലുതായി പൈങ്കിളി വാക്കുകളൊന്നും വശമില്ല. എന്നോടൊത്തുള്ള ജീവിതത്തിൽ നിന്നും നീ അത് മനസ്സിലാക്കിക്കൊള്ളും എന്നാണ് എന്റെ പക്ഷം. എങ്കിലും ഒന്ന് ഉറപ്പിച്ചു പറയാം. എന്റെ ഇടനെഞ്ചിൽ തുടിപ്പുള്ളിടത്തോളം കാലം നീയേ അവിടെ ഉണ്ടാകൂ….അത് നീ അനാഥ ആണെന്ന് അറിഞ്ഞിട്ടുള്ള സഹതാപം ആണെന്ന് കരുതണ്ട….എനിക്കിഷ്ടമാണ് നിന്നെ…ഒരു പുരുഷന് ഒരു സ്ത്രീയോട് തോന്നാവുന്ന എല്ലാ പ്രണയ വികാരതോടും കൂടി നിന്നെ എന്റേത് മാത്രമായി സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

“എന്റെ സിരകളിലൂടെ ഓടുന്ന ഓരോ തുള്ളിയിലും എനിക്ക് നിങ്ങളോടുള്ള പ്രണയമാണ്. എന്റെ ശ്വാസോച്ഛ്വാസത്തിലും, ഊണിലും, ഉറക്കത്തിലും, രാവിലും, പകലിലും, ശരീരത്തിലെ ഓരോ പരമാണുവിലും നിങ്ങൾ മാത്രമേ ഉള്ളൂ…” എന്ന് വിളിച്ചു പറയാൻ തോന്നിയെങ്കിലും ഒന്നും മിണ്ടാനാവാതെ കാട്ടാളന്റെ കണ്ണുകളിലെ സ്നേഹകടലിന്റെ ആഴത്തിൽ മുങ്ങിത്താഴുകയായിരുന്നു ഞാൻ.

കോളിംഗ് ബെൽ നിർത്താതെ അടിക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്. കാട്ടാളന് പിന്നാലെ ഞാനും വരാന്തയിലേക്ക് നടന്നു. അവിടെ ഒരു പോസ്റ്റുമാനും കൂടെ ഒരു സ്ത്രീയും. ആ സ്ത്രീയുടെ മുഖം തിരിച്ചറിയാൻ എനിക്ക് നിമിഷങ്ങൾ മതിയായിരുന്നു… “അപ്പച്ചി”

പോസ്റ്റുമാന്റെ കയ്യിലെ രജിസ്റ്റർ എനിക്കായിരുന്നു. അത് ഞാൻ ഒപ്പിട്ടു വാങ്ങിയപ്പോഴേക്കും…”നിന്നെ ഞാൻ എവിടെയോ വച്ച് കണ്ട പോലെ ഉണ്ടല്ലോ…?ഏതാ നീ?..” അപ്പച്ചി ആണ്. “ചേച്ചിക്ക് ഓർമ്മയില്ലേ…? എന്നെ ബസ്സിൽനിന്ന് ആശുപത്രിയിലെത്തിച്ച കുട്ടിയാ…” ശബ്ദം കേട്ട് ലക്ഷ്മി അമ്മയും എത്തിയിരുന്നു. “ആ….ഓർമ്മ വന്നു. ഇവളെ അപ്പോൾ തന്നെ പറഞ്ഞു വിട്ടതാണല്ലോ…? പിന്നെങ്ങനെ വീണ്ടും ഇവിടെ നിന്റെ അടുത്തെത്തി…?”

“ആ കുട്ടി ഹരി കുട്ടന്റെ കൂടെ ജോലി ചെയ്യുന്നതാണ്. ഇപ്പോൾ ഇവിടെയാണ് താമസം”

“അതെന്താ ഇവൾക്ക് വീടും കൂടും ഒന്നുമില്ല…? ഇതെന്താ ശരണാലയം ആണോ…? ഒന്നുമില്ലെങ്കിലും ഇത് ഒരു ആൺകുട്ടി ഉള്ള വീടല്ലേ…? അത് ഓർത്തോ നീ…?”

“ഈ കുട്ടിക്ക് അങ്ങനെ ആരും ഇല്ല”

“എന്താ ആരും ഇല്ലാതെ…? ഇതിന്റെ തന്തയും തള്ളയും ഒക്കെ എന്തിയേ…?”

“ആ കുട്ടി ഒരു അനാഥയാ…പക്ഷേ എനിക്കിപ്പം എന്റെ മോളെ പോലെയാ”

“അതു നീ മാത്രം തീരുമാനിച്ചാൽ മതിയോ…? എവിടുന്നോ വന്ന ഒരു പെണ്ണിനെ വീട്ടിൽ വലിച്ചു കയറ്റിയിട്ട് നാട്ടുകാർ എന്തു പറയും എന്ന് നീ ചിന്തിച്ചോ…? നാളെ നിന്റെ മോന് പെണ്ണ് ചോദിച്ചു എവിടെയെങ്കിലും കേറി ചെല്ലാൻ പറ്റുമോ…?”

“എനിക്ക് പെണ്ണന്വേഷിച്ച് ആരും ബുദ്ധിമുട്ടണ്ട…” കാട്ടാളൻ ആണ്. കണ്ണൊക്കെ ചുവന്ന്…പഴയ കലിപ്പൻ മട്ടിൽ. “അതെന്താ നീ വല്ലവരെയും കണ്ടു വെച്ചിട്ടുണ്ടോ…?”

“എനിക്ക് പാർവ്വതിയെ ഇഷ്ടമാണ്. അമ്മയ്ക്ക് സമ്മതമാണെങ്കിൽ കൈപിടിച്ച് കൂടെ കൂട്ടും” കേട്ടത് പ്രതീക്ഷിച്ചത് ആണെങ്കിലും ലക്ഷ്മി അമ്മയുടെ ഹൃദയം അത് താങ്ങുമോ എന്ന് ഞാൻ ഞെട്ടലോടെ നോക്കി. അവിടെ പക്ഷേ ശാന്ത ഭാവമായിരുന്നു. “നീയും കൂടെ അറിഞ്ഞിട്ടാണോ ഇത് ലക്ഷ്മി…?”

“ഞാൻ അറിഞ്ഞിട്ടില്ല. പക്ഷേ എന്റെ മോന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം. പിന്നെ ഇവളെ കുറിച്ചാണെങ്കിൽ ഇതിലും നല്ലത് ഒന്നിനെ എന്റെ മോന് കണ്ടെത്തി കൊടുക്കാൻ എനിക്ക് പറ്റില്ല. ഇനി എല്ലാം ചേച്ചിയുടെ ഇഷ്ടം…”

“ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല. പണ്ട് നീയും വിശ്വനും കൂടി രഹസ്യമായി വിവാഹം ചെയ്തിട്ട് എന്തായി…? നിന്റെ ജാതകദോഷം കൊണ്ട് ഒരു കൊല്ലം തികയുന്നതിനു മുൻപേ അവൻ പോയില്ലേ…?ഇതിപ്പം ജാതകം പോയിട്ട് ഊരോ, ജാതിയോ, വീടോ, കുടിയോ ഒന്നും ഇല്ലാത്തത് ഒന്ന്. എവിടുന്നോ വലിഞ്ഞു കയറി വന്ന ഒരു അനാഥ പെണ്ണിനെ അമ്പലപ്പാട്ട് മരുമകളായി വായിക്കാൻ ഞാൻ സമ്മതിക്കില്ല…” അവർ പറഞ്ഞു നിർത്തിയതും ലക്ഷ്മിയമ്മ വിതുമ്പി തുടങ്ങിയിരുന്നു. കാട്ടാളന്റെ മുഖത്തും സങ്കടം നിറഞ്ഞിരിക്കുന്നു.

അവർ എന്റെ അടുത്തേക്ക് ആയി നടന്നു വന്നു. ഒരു പെൺകുട്ടിയുടെ ഫോട്ടോ എന്റെ കയ്യിൽ വച്ചു തന്നിട്ട് എന്നോടായി പറഞ്ഞു തുടങ്ങി. “ഇത് ഞാൻ ഹരിക്കുവേണ്ടി കണ്ടെത്തിയ കുട്ടിയാ. ഞങ്ങളുടെ തറവാടിന് ചേർന്ന് ബന്ധം. ഒരു വീട്ടിലേക്ക് കയറി വരുന്ന പെണ്ണിന് വേണ്ട ചില ഗുണങ്ങൾ ഒക്കെ ഉണ്ട്. അത് അച്ഛനും അമ്മയും വളർത്തുമ്പോൾ പഠിപ്പിക്കുന്നതാണ്. തള്ളയോ തന്തയോ ആരാണെന്ന് പോലും അറിവില്ലാത്ത നിനക്ക് ഹരിയേയും ലക്ഷ്മിയേയും വലവീശി പിടിക്കാൻ അറിയുമായിരിക്കും. പക്ഷേ ഈ തറവാടിന്റെ മഹിമ കാത്തു സൂക്ഷിക്കാൻ അറിയില്ല. അതുകൊണ്ട് ഇപ്പോൾ ഇറങ്ങിക്കോണം ഇവിടുന്ന്…”

“അവൾ എവിടെയും പോകുന്നില്ല. അവളെ പറഞ്ഞു വിടാൻ അപ്പച്ചിക്ക് ഇവിടെ ആരും അധികാരം തന്നിട്ടില്ല. അവളെ വിവാഹം കഴിച്ചു ഇവിടെ താമസിക്കാൻ തന്നെയാണ് എന്റെ തീരുമാനം. അതിൽ അപ്പച്ചിക്ക് എതിർപ്പുണ്ടെങ്കിൽ അപ്പച്ചിക്ക് ആവാം ഇവിടെ നിന്നും ഇറങ്ങുന്നത്…”

“ഓഹോ…കൈവിഷകാരിയുടെ കഴിവു കണ്ടില്ലേ ലക്ഷ്മി….? ആർക്കറിയാം ഇതിന്റെയൊക്കെ തള്ളയും ഏതു തരക്കാരി ആയിരിക്കും…? ഇതിൽ നീ കൂടെ വീണു പോയല്ലോ ലക്ഷ്മി…?” അവർ കൂനിന്മേൽ കുരു പോലെ പറഞ്ഞുകൊണ്ടിരുന്ന കുത്തുവാക്കുകൾ കേട്ട് കഴിഞ്ഞപ്പോഴേക്കും വർഷങ്ങളായി എന്റെ ഉള്ളിൽ കുമിഞ്ഞുകൂടി കിടക്കുന്ന അപകർഷതാബോധവും, ആത്മാഭിമാനവും ഒക്കെ സടകുടഞ്ഞെഴുന്നേറ്റു.

കാട്ടാളനോട് എനിക്കുള്ള പ്രണയത്തേക്കാൾ ഈ തറവാടിനോടും ലക്ഷ്മി അമ്മയോടും ഒക്കെ സ്വന്തം നില മറന്നിട്ട് എന്തോ അപരാധം ചെയ്ത പോലെ മാത്രമാണ് എനിക്ക് തോന്നിയത്. കൂടാതെ ഇനി ഇവർ പറയുന്നതുപോലെ എനിക്കും വല ജാതകദോഷം ഒക്കെ ഉണ്ടെങ്കിൽ…? ഞാൻ കാരണം എന്റെ കാട്ടാളന് അരുതാത്തത് എന്തെങ്കിലും പറ്റിപ്പോയാൽ…? ഓർക്കാൻ പോലും വയ്യ, മനസ്സു കല്ലാക്കി ഞാൻ പറഞ്ഞു തുടങ്ങി….

“എനിക്ക് ഈ വിവാഹത്തിന് സമ്മതം അല്ല. എന്റെ ഇഷ്ടം ഇല്ലാതെയാണോ എന്റെ കല്യാണം നടത്തുന്നത്…? ഞാൻ എപ്പോഴെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന്…?”

എന്റെ വാക്കുകൾ കേട്ട് കഴിഞ്ഞതും കാട്ടാളന്റെ മുഖത്ത് അപ്രതീക്ഷിതമായ ഞെട്ടലായിരുന്നു. ഒരു നിമിഷം എന്നെ തന്നെ നോക്കി നിന്നു. ആ കണ്ണുകളിലേക്ക് നോക്കിയാൽ എന്റെ മനസ്സ് എനിക്ക് തന്നെ നഷ്ടപ്പെടും എന്നറിയാവുന്നതിനാൽ ഞാൻ താഴേക്കു നോക്കി. പിന്നെ ആരോടും ഒന്നും പറയാതെ മുറ്റത്തിറങ്ങി ജിപ്സി എടുത്തു എങ്ങോട്ടോ പോയി. ലക്ഷ്മി അമ്മയാണെങ്കിൽ എന്റെ മുഖത്ത് പോലും നോക്കാതെ ഒന്നും പറയാതെ അകത്തേക്ക് പോയി.

“അല്ലേലും മോൾക്ക് ഇത്തിരി കാര്യബോധം ഒക്കെ ഉണ്ടെന്ന് എനിക്ക് ആദ്യം കണ്ടപ്പോഴേ തോന്നിയതാ…വലിയ വീട്ടിലെ ആൺകുട്ടികൾക്ക് അങ്ങനെയൊക്കെ തോന്നുന്നത് സാധാരണയാണ്. കുറച്ചു കഴിയുമ്പോൾ മാറിക്കോളും…” ആട്ടിൻ തോലിട്ട ചെന്നായയെ പോലെ അപ്പച്ചി എന്നോടായി പറഞ്ഞു.

തുടരും