കാണാക്കിനാവ് – ഭാഗം ഒന്ന്

എഴുത്ത്: ആൻ.എസ്.ആൻ

പുലർച്ചെ നാലരക്കുള്ള ആദ്യത്തെ ബസ് വരുന്നതിന്റെ വെട്ടം ദൂരെ നിന്നും കാണുന്നുണ്ട്. ലഗേജ് ബാഗ് ബാഗ് കയ്യിലെടുത്തു ഒളിമ്പിക്സ് മത്സരത്തിന്റെ സ്റ്റാർട്ടിങ് പോയൻഡിൽ നിൽക്കുന്ന അത്‌ലറ്റിനെ പോലെ ഞാൻ റെഡിയായി നിന്നു.

ബസ് നിർത്തി…നിർത്തിയില്ല 1,2,3….ഞാൻ എങ്ങനെയൊക്കെയോ സ്റ്റെപ്പിൽ ചാടിക്കയറി..!! ലഗേജും പിടിച്ച് കമ്പിയിൽ തൂങ്ങിയപ്പോഴേക്കും ബസ് കുതിച്ചു തുടങ്ങിയിരുന്നു. കുതിരപ്പുറത്ത് ഇരിക്കുന്ന സവാരിക്കാരനെ പോലെ ഞാനും എന്റെ ലഗേജും മൊത്തത്തിൽ ഒന്ന് കറങ്ങി. ബസ്സിലെ കിളി ഒരു കൈ സഹായത്തിന് പിടിക്കാൻ നോക്കിയപ്പോഴേക്കും ലഗേജും കൊണ്ട് ഞാൻ അങ്ങേ സൈഡിൽ എത്തി. ഇത് മിസ്സായാൽ ഇനിയെത്ര വരാനിരിക്കുന്നു..!! അയാൾ പുച്ഛത്തോടെ എന്നെയൊന്നു നോക്കി.

സീറ്റുകൾ ഒക്കെ തന്നെ ഒഴിഞ്ഞു കിടക്കുന്നു. എവിടെ ഇരിക്കണമെന്ന് ഒരു നിമിഷം സംശയിച്ചു. ഡ്രൈവറുടെ തൊട്ടു പിന്നിലുള്ള സീറ്റിലേക്കാണ് ആദ്യം കണ്ണുകൾ പോയത്. കണ്ണാടിയിലൂടെ ഉള്ള ചില ഡ്രൈവർ ചേട്ടന്മാരുടെ കഥകളിയും ശൃംഗാരവും പലതവണ അനുഭവിച്ചിട്ടുള്ളതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു. പിന്നെ രണ്ടാമത്തെ സീറ്റിന് അടുത്തുപോയി ലഗേജ് എടുത്തുയർത്തി മേൽപ്പോട്ട് വച്ചു. നാലാമത്തെ സീറ്റിലിരുന്ന ചെറുപ്പക്കാരന്റെ ഉണ്ടക്കണ്ണുകൾ എന്നിൽ സ്കാനിങ് തുടങ്ങിയപ്പോൾ പെട്ടെന്ന് കൈകൾ താഴ്ത്തി നടുവില് സീറ്റിൽ വന്നിരുന്നു.

ബസിൽ നിന്നും പലതവണ കിട്ടിയിട്ടുള്ള തൊട്ടുരുമ്മി ഉള്ള ഇരുത്തം, ബ്രേക്ക് പിടിക്കുമ്പോൾ ഉള്ള അമരലുകൾ എല്ലാം സഹിച്ചുകൊണ്ട് യാത്രകൾ നടത്തുന്ന ഞങ്ങൾ സ്ത്രീരത്നങ്ങളെ സമ്മതിച്ചു തന്നെ മതിയാകും..!! ഇനി സഹിക്കാൻ വയ്യാതെ പ്രതികരിച്ചു പോയാലോ വാദി പ്രതിയാകുന്ന അവസ്ഥ. “ഇവളൊക്കെ എവിടുന്ന് വരുന്നു ഡേ” എന്ന മട്ടിലായിരിക്കും സ്ത്രീകളടക്കം നോക്കുക. അന്യഗ്രഹ ജീവിയെ പോലെ പോലെ അങ്ങനെ നിൽക്കുന്നതിലും ഭേദം ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ തന്നെ സൂക്ഷിച്ച് ജീവിക്കുക.

വിൻഡോ സൈഡിൽ ഉള്ള സീറ്റ് ആയതിനാൽ തണുത്തകാറ്റ് എന്റെ ഈറൻമുടി പാറിപ്പറക്കാൻ തുടങ്ങിയിരിക്കുന്നു. ഉറക്കം കണ്ണിൽ തട്ടി തുടങ്ങിയപ്പോൾ കണ്ടക്ടർ വന്നു ടിക്കറ്റ് ചോദിച്ചു. “ഒരു കോഴിക്കോട്” എന്നും പറഞ്ഞു പൈസ കൊടുത്തു. ഭാഗ്യത്തിന് ബാക്കി അപ്പോൾ തന്നെ കിട്ടി ഇല്ലെങ്കിൽ അതും കാത്തിരിക്കേണ്ടി വന്നേനെ…കോഴിക്കോട് എന്ന് പറഞ്ഞപ്പോൾ ഒരു സന്തോഷം അറിയാതെ മനസ്സിൽ വന്നു നിറയുന്നു.

അയ്യോ ഞാൻ എന്നെ പരിചയപ്പെടുത്തി ഇട്ടില്ല അല്ലെ…? നിങ്ങൾ കരുതിക്കാണും രാവിലെതന്ന കൂടും കുടുക്കയും എടുത്ത് വന്ന് ഡയലോഗ് അടിക്കുന്ന ഇവൾ ആരടെ എന്ന്…

ഞാൻ പാർവതി…

എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് ജോലികിട്ടി ജോയിൻ ചെയ്യാൻ പോകുന്നു. അതും വെറും ജോലിയല കേട്ടോ…സർക്കാർ ജോലി..!!

ഇനി പറയേണ്ടത് മാതാശ്രീയും പിതാശ്രീയും കുറിച്ചല്ലേ…? അവർ ആരാണെന്ന് നിങ്ങളെപോലെ എനിക്കും അറിയില്ല. എവിടെയോ, ആർക്കോ ജനിച്ച അനാഥാലയത്തിൽ വളർന്ന….പേരോ, ഊരോ അറിയാത്തവൾ…

അപ്പോ സ്വന്തവും ബന്ധവും ഒന്നുമില്ലാത്തവൾ ആണോ എന്ന് ചോദിച്ചാൽ എനിക്കൊരു ദൈവത്തിന്റെ കഥ പറയേണ്ടിവരും…എട്ടാം ക്ലാസിൽ വച്ച് എന്റെ ജീവിതത്തിലേക്ക് വന്ന എന്റെ സ്വന്തം ടീച്ചർ അമ്മയെ പറ്റി….

മാറി മാറി വരുന്ന മേട്രൻമാരുടെ ക്രൂരതകളും, ആരുമില്ലാത്തവൾ എന്ന കൂട്ടുകാരുടെ പരിഹാസങ്ങളും, പട്ടിണിയും, ഇല്ലായ്മയും വഴി ജീവിതത്തിനോട് തോന്നിയ വാശി പഠനത്തിലേക്ക് വഴിതിരിച്ചു വിട്ടപ്പോൾ പരീക്ഷകളിൽ മികച്ച മാർക്ക് കിട്ടിത്തുടങ്ങി. അതായിരിക്കും സ്ഥലം മാറി എത്തിയ ടീച്ചർ എന്നെ ശ്രദ്ധിക്കാനുള്ള കാരണവും…മറ്റൊരു ഡിവിഷനിൽ ആയിരുന്നിട്ടും എന്നോട് കൂട്ടുകൂടാൻ എത്തിയ ടീച്ചറുടെ മകൾ നന്ദന വഴി എന്റെ കാര്യങ്ങൾ മനസ്സിലാക്കിയ ടീച്ചർ പിന്നീടങ്ങോട്ട് എന്റെ വഴികാട്ടി ആവുകയായിരുന്നു.

നന്ദുന്റെ ഉപയോഗിച്ച വസ്ത്രങ്ങളും, ഇടയ്ക്ക് ടീച്ചർ തന്നെ വാങ്ങിത്തന്ന പുത്തനുടുപ്പും, ഉച്ചയൂണിന് എനിക്കായുള്ള ഉള്ള പങ്കും വെക്കേഷനിൽ അവരുടെ വീട്ടിലേക്കുള്ള പോക്കും എല്ലാം അനാഥ എന്ന് അപകർഷതാ ബോധത്തിൽ നിന്നും കരകയറാൻ എന്നെ സഹായിച്ചിരുന്നു.

പ്ലസ് ടുവിന് നല്ല മാർക്ക് കിട്ടി പാസായതും എൻട്രൻസ് കോച്ചിംഗിന് ടീച്ചർ പി.ടി.എ വഴി പണം സ്വരൂപിച്ചു തന്നു. അങ്ങനെ ഗവൺമെൻറ് സീറ്റിൽ തന്നെ എൻജിനീയറിങ് ചേർന്നു. നന്ദു മെഡിസിനും ചേർന്നു. ടീച്ചറുടെ അമേരിക്കയിൽ ജോലി ചെയ്യുന്ന മൂത്തമോൻ അരുൺ ഏട്ടനും ഞാനും ഒരേ ബ്രാഞ്ച് ആയതിനാൽ പഴയ ബോക്സ് ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തു. കോളേജിലെ നാലുവർഷത്തെ പഠിത്തം കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും മറ്റു കുട്ടികളെപ്പോലെ ആത്മവിശ്വാസവും തന്റേടവും ആർജ്ജിക്കാൻ എനിക്ക് കഴിഞ്ഞു.

എങ്കിലും അച്ഛന്റെ കൈ പിടിച്ചു പോകുന്ന കുട്ടികളും, അമ്മയുടെ കൈപ്പുണ്യമുള്ള പൊതിച്ചോറ് കഴിക്കുന്ന മറ്റ് കൂട്ടുകാരും ഒക്കെ ഉള്ളിനുള്ളിൽ വിങ്ങൽ ഉണ്ടാക്കുമായിരുന്നു. ഒരിക്കലും ആർക്കും നികത്താനാവാത്ത ഒരു വിടവ്..!!

പഠിച്ചിറങ്ങിയപ്പോഴേക്കും അരുൺ ഏട്ടന്റെ ഫ്രണ്ടിന്റെ കമ്പനിയിൽ ജോലി ശരിയായിരുന്നു. കൂടെ ടീച്ചറുടെ നിർബന്ധത്തിനു വഴങ്ങി പി.എസ് സി, ബാങ്ക് കോച്ചിംഗ് എല്ലാം തുടങ്ങിയിരുന്നു. അങ്ങനെ ഒരു വർഷത്തിനിപ്പുറം ആശിച്ച് മോഹിച്ച് ഈ ജോലി കിട്ടി.

അതിനിടയിൽ വന്ന് ഏറ്റവും വലിയ സങ്കടം എന്നാൽ എന്റെ ടീച്ചർ അമ്മയെ ക്യാൻസർ എന്ന മഹാമാരി പിടികൂടിയിരിക്കുന്നു. ഇവിടെ എറണാകുളത്ത് തന്നെ ഏറ്റവും മികച്ച ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ അനുഗ്രഹം വാങ്ങാനായി ആ കാൽക്കൽ വീണപ്പോൾ ഈ ലോകത്ത് എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഉള്ള ഏക അത്താണിയേ തിരിച്ചെടുക്കല്ലെ എന്ന് ഉള്ളിൽ കരഞ്ഞു പ്രാർത്ഥനയായിരുന്നു. ടീച്ചറെ വിട്ടുപോകാൻ മനസ്സ് അനുവദിക്കുന്നില്ല.

നീളത്തിൽ പിന്നീ ഇടാറുള്ള മുടിയെല്ലാം ഷേവ് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ മനസ്സ് തളർന്നു പോയി. വെളുത്ത തുടുത്തിരിക്കുന്ന കവിളുകൾ ഒട്ടി കിടക്കുന്നു. കണ്ണുകൾ രണ്ടു കുഴികളിൽ വീണ് പോയിരിക്കുന്നു. “പോയിട്ട് വാ എന്റെ കുട്ടി…നിനക്ക് നല്ലതേ വരൂ…ആർക്കും തോറ്റു കൊടുക്കരുത് ഇനിയങ്ങോട്ട്…” ഇത്രയും എങ്ങനെയൊക്കെയോ ആണ് ടീച്ചർ പറഞ്ഞു ഒപ്പിച്ചത്.

ഇനിയും അവിടെ നിന്നാൽ നന്ദുവിന്റെ കൂടി സംയമനം വിട്ടു പോകും എന്ന് തോന്നിയതിനാൽ ആവാം അരുണേട്ടൻ എന്നെ കൂട്ടി പുറത്തേക്കിറങ്ങി. നന്ദുവിനെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു. കുസൃതി തിളക്കം മാത്രം കണ്ടിരുന്ന ആ കണ്ണുകൾ കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയ പോലെ തോന്നി. ജോയിൻ ചെയ്യാൻ കൂടെ വരാമെന്ന് ഏട്ടൻ പറഞ്ഞെങ്കിലും ഞാൻ പൊയ്ക്കോളാം എന്ന് പറഞ്ഞു. പിന്നെ യാത്ര പറഞ്ഞിറങ്ങിയപ്പോൾ എത്രയും പെട്ടെന്ന് ട്രാൻസ്ഫർ എഴുതിക്കൊടുക്കാൻ ഒന്നും കൂടെ ഓർമിപ്പിച്ചു.

പ്രൈവറ്റ് ബസ് ചീറിപ്പാഞ്ഞ് ഗുരുവായൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ചിന്തകളിൽ നിന്നും ഉണർന്നത്. ബസ്സിൽ ആളുകൾ നിറഞ്ഞുതുടങ്ങുന്നു. സ്കൂൾ കുട്ടികളും, കോളേജ് കുമാരി, ഓഫീസ് ജീവനക്കാരും, പിന്നെ അമ്പലത്തിൽ തൊഴാൻ എത്തിയ ആളുകളും അങ്ങിനെ പലരും…

അപ്പോഴാണ് അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ബസ്സിലേക്ക് കയറി വരുന്നത്. നല്ല ഐശ്വര്യമുള്ള വട്ടമുഖം, നെറ്റിയിൽ ചന്ദനക്കുറിയും കുങ്കുമവും, പാതി നരച്ച മുടി കെട്ടിവച്ചിരിക്കുന്നു, കട്ടി കണ്ണടയു ഒത്ത ശരീരവുമുള്ള പ്രതാപിയായ അവർ ഒറ്റനോട്ടത്തിൽ എന്റെ ടീച്ചർ അമ്മയെ പോലെ തോന്നിപ്പിച്ചു. അതുകൊണ്ടായിരിക്കാം ഒറ്റനോട്ടത്തിൽ തന്നെ മാനസികമായ എന്തോ ഒരു അടുപ്പം അവരോട് എനിക്ക് തോന്നിയിരുന്നു. അവർ എന്റെ അടുത്തു തന്നെ ഇരിക്കേണം എന്ന് ചിന്തിച്ചപ്പോഴേക്കും ബസ്സ് ഓടിത്തുടങ്ങിയിരുന്നു.

ധൃതിപ്പെട്ട് അവർ എന്റെ അടുത്ത് ചാടി കേറി ഇരുന്നു. അടുത്തു വെച്ച ബാഗ് എടുത്തു മാറ്റി കൊടുത്തെങ്കിലും എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവർ സീറ്റിൽ ചാരി കണ്ണുകൾ അടച്ചിരുന്നു. എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതിരുന്നപ്പോൾ എന്തോ സങ്കടം തോന്നി. നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട…

ഇയർഫോൺ ചെവിയിൽ ഞാൻ പുറത്തേക്ക് നോക്കിയിരുന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. എന്റെ കൈകൾ ഞെരിഞ്ഞമരുന്നത് അറിഞ്ഞു കൊണ്ടാണ് ഞാൻ ഉണർന്നത്…

തുടരും….