എഴുത്ത്: ആൻ.എസ്.ആൻ
ആറാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
രാത്രിയിൽ വണ്ടിയോടിക്കുന്നത് ആദ്യമായിട്ടാണ് പോരാത്തതിന് നാട്ടിൻപുറത്തെ കുണ്ടും കുഴിയും ഒക്കെയുള്ള…വഴിവിളക്ക് പോലും കത്താത്ത റോഡും. വയലിന് അടുത്തുകൂടി പോകുമ്പോൾ തവളയോ, ചീവിടോ മറ്റെന്തോ ഒക്കെ കരയുന്ന ശബ്ദം ആണെങ്കിൽ പോലും ഉള്ളിലെ ധൈര്യത്തിൻറെ അളവു കൊണ്ട് പണ്ടെന്നോ ജുറാസിക് പാർക്ക് സിനിമ കണ്ടപ്പോൾ കേട്ട ശബ്ദം പോലെ ഒക്കെ തോന്നുന്നുണ്ട്. വണ്ടി ഓടിക്കുന്നത് കൊണ്ട് കണ്ണ് പൂട്ടാനും തരം ഇല്ലാത്തതുകൊണ്ട് മെല്ലെ മെല്ലെ എങ്ങനെയൊക്കെയോ ഓടിക്കുമ്പോഴാണ് പിറകെ ഒരു കാർ സ്പീഡ് കുറച്ച് എന്നെ പിന്തുടരുന്നതായി തോന്നിയത്.
മറ്റാരെങ്കിലും ആണെങ്കിൽ സൈഡ് മിററിലൂടെ ഒക്കെ നോക്കിയേനെ. എനിക്കാണെങ്കിൽ ഉള്ളിൽ എവിടുന്നോ ഒക്കെ ഉരുണ്ട് കൂടി വരുന്നുണ്ട്. അതുകൊണ്ട് തിരിഞ്ഞുനോക്കിയില്ല. റോഡ് വളഞ്ഞു വരുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ കാർ ശരിക്കും കണ്ടു. കാട്ടാളന്റെ മുറ്റത്ത് കിടന്ന അതെ വണ്ടി. ഈശ്വരാ കാട്ടാളൻ ഇനി കുടക്കമ്പിയെ കുടഞ്ഞിട്ട് കഴിഞ്ഞു അടുത്തത് എന്നെ ശരിയാക്കാൻ ആകുമോ…?
പിന്നെ സ്പീഡിൽ തന്നെ വണ്ടി വിട്ടു. തറവാടിന്റെ ഗെയ്റ്റിന്റെ അടുത്തെത്തിയപ്പോഴേക്കും കാറും എന്റെ അടുത്ത് എത്തി നിർത്തി. ഡോർ തുറന്ന് ഇറങ്ങി വന്നത് സാക്ഷാൽ കുടക്കമ്പി…ഞാൻ ശരിക്കും നോക്കി. അംഗഭംഗം ഒന്നുമില്ല. വല്ലതും ചോദിക്കും മുൻപേ കുടക്കമ്പി തന്നെ തുടങ്ങി.
“ചേച്ചിക്ക് വണ്ടിയോടിക്കുന്നത് അത്ര വശമില്ല അല്ലേ…? ഞാൻ കരുതി വല്ല കുഴിയിലും വീണു വയലിൽ നിന്ന് എങ്ങാനും പൊക്കികൊണ്ട് വരേണ്ടി വരുമെന്ന്…”
സത്യം പറയാലോ ഇതിനെ വെറുതെ വിട്ടതിന് കാട്ടാളനോട് എനിക്ക് പുച്ഛം തോന്നി. മനുഷ്യന്റെ പിറകെ വന്നു പേടിപ്പിച്ചതും പോരാ പറയണ പറച്ചിൽ കേട്ടില്ലേ…
ഗോപി എന്താ ഇവിടെ…?
രാത്രി ചേച്ചിയെ തനിച്ചു വിടേണ്ടെന്ന് ഹരി കുഞ്ഞ് പറഞ്ഞിട്ട് വന്നതാ ചേച്ചി…ചേച്ചി കാണാതെ മെല്ലെ പിറകെ വരാനാ എന്നോട് പറഞ്ഞത്. ഇനി എന്നെ കണ്ട കാര്യം കുഞ്ഞിനോട് പറഞ്ഞേക്കല്ലേ…പിന്നെ അതിന് ആകും എനിക്ക് വഴക്ക്. പിന്നെ നാളെ ചേച്ചിയെ കൊണ്ട് എവിടെയോ പോണ കാര്യം ഒക്കെ ഹരി കുഞ്ഞ് ഫോണിൽ ആരോടോ പറയുന്ന കേട്ടു. ഞാൻ ചേച്ചിയോട് ഒന്നും പറഞ്ഞിട്ടില്ല. ചേച്ചി ഒന്നും കേട്ടിട്ടുമില്ല. ഇപ്പോൾ തന്നെ ഞാൻ എന്തൊക്കെയോ പറഞ്ഞു എന്നും പറഞ്ഞു കുറേ ചാടി എന്നോട്…ഞാൻ അതിന് ഇല്ലാത്തത് വല്ലതും പറഞ്ഞ…?ചേച്ചിയും കേട്ടതല്ലേ…?
പാവം…ഇങ്ങനെയുമുണ്ടോ മനുഷ്യര്…? ഗോപി പൊയ്ക്കോള്ളു. രാത്രി ആയില്ലേ…? ഇനിയും നിൽക്കേണ്ട. ഞാൻ രക്ഷപ്പെടാൻ പറഞ്ഞു നോക്കി.
അപ്പോഴാണ് വീടിന്റെ ഭാഗത്തേക്ക് കുടക്കമ്പി നോക്കിയത്. പിന്നെ എന്നെ വീണ്ടും സംശയിച്ചു നോക്കി. അത്ര പന്തിയല്ല. ചേച്ചി ഇവിടെ ആണോ താമസം…?
അതെ…ഇത് എന്റെ ഒരു സുഹൃത്തിന്റെ…അല്ല ഡോക്ടറിന്റെ തറവാട് ആണ്. അടുത്ത ചോദ്യം എത്തുന്നതിനു മുൻപ് ഞാൻ പറഞ്ഞു. ചേച്ചി ഇവിടാ താമസം എന്ന് ഹരി കുഞ്ഞിന് അറിയോ…? അറിയില്ല… ഞാൻ പറഞ്ഞിട്ടില്ല.
ശരി…ഞാനായിട്ട് ഇനി ഒന്നും പറയുന്നില്ല. അല്ലേലും എന്റെ പറച്ചില് ആണ് പ്രശ്നം എന്നല്ലേ ഹരി കുഞ്ഞു പറയുന്നേ…ഞാൻ പോണ്. ചേച്ചി അകത്ത് കയറിയാട്ടെ…
കുടക്കമ്പി തിരികെ പോയിട്ട് കാട്ടാളനോട് ആദ്യം പറയുന്നത് എന്തായിരിക്കുമെന്ന കാര്യത്തിൽ എനിക്ക് മറിച്ചൊരു ചിന്തയെ ഇല്ലായിരുന്നു. എന്നാലും എന്നെ തനിച്ച് വിടേണ്ട എന്ന് കാട്ടാളന് തോന്നിയത് എന്താണാവോ…? വളർത്താനോ അതോ കൊല്ലാൻ ആണോന്ന് നാളെ അറിയാം…സ്വന്തം ഇരയെ മറ്റാർക്കും വിട്ടു കൊടുക്കാത്ത വേട്ടക്കാരൻറെ തന്ത്രം എനിക്കെന്താ മനസ്സിലാവില്ലേ…?
വീടോട് അടുക്കുന്നതും എത്രയും പെട്ടെന്ന് ഡോക്ടറെ വിളിച്ച് ആ സ്ത്രീയെ കണ്ടുമുട്ടിയ കാര്യം പറയാൻ ഒരു ധൃതിയായിരുന്നു മനസ്സിൽ. പിന്നെ മുറ്റത്തെ കയറിയതും മറ്റൊരു കാറ് കൂടി കിടക്കുന്നത് കണ്ടു. ആയിരിക്കുമെന്ന് വിചാരിച്ചിരിക്ക വാതിൽ തുറന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളും…
ത്രീ ഫോർത്തും സ്ലീവ്ലെസ് ടോപ്പും കഴുത്തുവരെ മുടി ലെയർ ആക്കി കട്ട് ചെയ്തിട്ട ന്യൂജനറേഷൻ സുന്ദരി…ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ആളെ മനസിലായി. അമ്മായിയുടെ ബാംഗ്ലൂരിലുള്ള മോള്. നിയതി…
ഞാൻ ഓടിച്ചു ക്കൊണ്ടിരിക്കുന്ന ശകടത്തിൻറെ യഥാർത്ഥ ഉടമ. ആൾ എന്നെ തലതൊട്ടു കാല് വരെ സ്കാനിങ്ങിൽ ആണ്. ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങും മുമ്പ് ആൾ തന്നെ പറഞ്ഞു തുടങ്ങി…
ആഹാ…അപ്പൊ ഇതാണല്ലേ കഥാനായിക…? ഞാൻ ഊഹിച്ചതിനുമൊക്കെ സുന്ദരിയാണല്ലോ…?കിച്ചു ഏട്ടൻ ഒറ്റനോട്ടത്തിൽത്തന്നെ ഒട്ടിപ്പിടിച്ചതിന് കുറ്റം പറയാനൊക്കില്ല. ഇത് എന്തൊക്കെയാ പറയുന്നത്…? എന്ന മട്ടിൽ ഞാൻ ഒന്നു സൂക്ഷിച്ചു നോക്കി.
അക്കമഡേഷൻ അറേഞ്ച് ചെയ്യുന്നു. ഇന്നേവരെ ഇവിടേക്ക് വിളിക്കാത്ത ആള് പാറു എത്തിയില്ലേ അമ്മായി..? എന്ന് ഇപ്പോൾ പോലും ഫോൺ ചെയ്തു വെച്ചിട്ടേ ഉള്ളൂ…പാവം ആളിന്റെ ശരീരം മാത്രമേ എറണാകുളത്തുള്ളൂ…ആത്മാവ് ഇവിടെയൊക്കെ തന്നെ കറങ്ങുന്നുണ്ണ്ടേ…
ആളുടെ ടാപ്പ് തുറന്നു വിട്ടപോലെയുള്ള സംസാരം എനിക്ക് ജാള്യത തോന്നി…അതും എന്നെയും ഡോക്ടറെയും പറ്റി. ഞാൻ ചുറ്റും നോക്കിയപ്പോൾ സോഫയിൽ സൂരജ് എല്ലാം കേട്ടുകൊണ്ട് ഇരിപ്പുണ്ട്. അമ്മായി ഭാഗ്യത്തിന് അവിടെ എങ്ങും ഇല്ല. എന്റെ അവസ്ഥ മനസ്സിലാക്കിയിട്ട് എന്നവണ്ണം സൂരജ് അവളെ വിളിച്ചു.
ആ കുട്ടിക്ക് ശ്വാസം കഴിക്കാൻ സമയം കൊടുക്കു നീയാ…അതിങ്ങ് കേറി വന്നിട്ട് അല്ലേ ഉള്ളൂ. ഒന്ന് ഇരുന്നോട്ടെ എന്നിട്ടാവാം നിന്റെ ആട്ടക്കഥ.
സൂരജ് പറഞ്ഞ് കഴിഞ്ഞതും എന്റെ ഫോണിൽ കാൾ വന്നു. കഷ്ടകാലത്തിന് ഡോക്ടറെടെ വീഡിയോ കോൾ ആണ്. അല്ലെങ്കിലും എല്ലാം കൊണ്ടും ശുക്രൻ ഉദിച്ചു നിൽക്കുന്ന സമയം അല്ലേ…അത്ഭുതമില്ല. എന്റെ മുഖത്ത് വന്ന ചമ്മൽ മറയ്ക്കാൻ ശ്രമിക്കും മുന്നേ ഫോൺ എന്റെ കയ്യിൽ നിന്നും ചാടി പിടിച്ചു ആൻസർ ചെയ്ത് സ്പീക്കറിലിട്ടു നിയ….
സംഗതി കൈയിൽ നിന്നും പോയി. കള്ളകാമുക മനസ്സിൽ വിചാരിച്ച ആളല്ല ട്ടോ…കാണട്ടെ ഇയാളുടെ ചമ്മിയ മുഖം. ഇന്നേവരെ മുറപ്പെണ്ണ് ആയ എന്നെ ഒരിക്കലെങ്കിലും വിളിച്ചിട്ടുണ്ടോ ചേട്ടാ…?
ഡോക്ടർ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നെ പിടിച്ചുനിന്നു. നിയ എനിക്ക് ഒരു സർജറിക്ക് കേറാൻ ഉള്ളതാണ്. നീ ഫോൺ ഒന്ന് പാറുവിന് കൊടുക്കൂ…പെട്ടെന്ന് തന്നെ വച്ചേക്കാം.
അയ്യടാ…അങ്ങനെ ഇപ്പം വേണ്ടാട്ടോ…? കിചേട്ടന് സർജറി പോയിട്ട് റൗണ്ട്സ്സ് പോലും ഉണ്ടാവില്ല എന്ന് എനിക്കറിയില്ലേ…? വേല വേലപ്പന്റെ അടുത്താണോ മോനെ…? ഞാൻ നിയതിയാ…ചേട്ടന്റെ പൊട്ടിപ്പാറു അല്ല.
നീ ഞാൻ വിചാരിച്ചതിലും മിടുക്കി ആണല്ലോ…? കാര്യങ്ങളൊക്കെ നിനക്ക് പെട്ടെന്ന് മനസ്സിലാവുന്നുണ്ടല്ലോ…? ഏട്ടന്റെ ചക്കരയല്ലേ…നിനക്ക് ചേട്ടൻ നാരങ്ങാ മിഠായി വാങ്ങി തരാം. ഞാൻ എന്റെ കാമുകിയോട് ഒന്ന് സൊള്ളിക്കോട്ടടി…പ്ലീസ്…
ഓ…എന്തൊരു സ്നേഹം. ഞാൻ അലിഞ്ഞു പോയിട്ടൊന്നുമില്ല. രണ്ടേ രണ്ട് മിനിട്ട്. ടൈമർ വച്ചിട്ട നിയതി പോകുന്നത്. നിർത്തിയില്ലെങ്കിൽ ഞാൻ ഒരു വരവ് വരും ഇങ്ങോട്ട്…അത് കഴിഞ്ഞിട്ട് എനിക്ക് എന്റെ മുറച്ചെറുക്കന്നേ തട്ടിയെടുത്ത ഇവളെ ഒന്ന് ശരിക്കും വിരട്ടേണ്ടത് ആണ്.
നിയ എന്റെ നേരെ നീട്ടിയ ഫോൺ കയ്യിൽ വാങ്ങിക്കുമ്പോൾ ഇതെന്താണ് കേൾക്കുന്നത് എന്നോ…? എന്റെ ഉള്ളിൽ ഉള്ള വികാരം എന്താണെന്നോ…? എനിക്കുതന്നെ അറിയില്ലായിരുന്നു.
തുടരും…