അടിമപെണ്ണ് -എഴുത്ത്: ഷംന ജാസിന
ശരത്തേട്ടനിഷ്ടപ്പെട്ട ചോറും ചക്കപ്പുഴുക്കും മീൻകറിയും വെച്ചു കൊടുക്കണം എന്ന് കരുതിയാണ് രാവിലെ അടുക്കളയിൽ കേറിയത്…
ഏട്ടൻ ഉണർന്നിട്ടില്ല…ഉറങ്ങട്ടെയെന്നു ഞാനും കരുതി. പാവം പകൽ മുഴുവൻ പണിയാണ്. അതും മേസ്തിരി പണി…
അഞ്ചു മണിക്ക് കേറി അടുക്കളയിൽ, ഏട്ടന് ഏഴു മണിക്ക് പോകണം. കല്യാണം കഴിഞ്ഞു മൂന്നു മാസം ആയെങ്കിലും ഒറ്റക്ക് അടുക്കള ഭരണം എനിക്ക് പേടി തന്നെയാ…തീരെ ആത്മവിശ്വാസം ഇല്ല. അമ്മ ഇന്ന് ഉണർന്നിട്ടില്ല. സാധാരണ എനിക്ക് മുന്നേ ഉണരുന്നതാണ്. തണുപ്പായോണ്ടാവും എഴുന്നേൽക്കാത്തത്…രാവിലത്തേക്ക് ദോശ മാവ് ഉള്ളത് കൊണ്ട് കാര്യം എളുപ്പം ആയി.
അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ജാനകി ചേച്ചി അവരുടെ മോളെ ജോലിക്ക് പോകാൻ യാത്ര അയക്കുന്നത് കണ്ടത്. ഞാൻ എന്റെ അമ്മയെ ഒരു നിമിഷം ആലോചിച്ചു നിന്നു പോയി. പാവം ഇപ്പോൾ ഉണർന്നു ജോലി ഒക്കെ ഒതുക്കി കാണും.
പെട്ടന്ന് ഞാൻ ഞെട്ടി ഉണർന്നു…കുക്കർ എനിക്ക് മുന്നറിയിപ്പ് തന്നു നേരം പോണു മാളു എന്ന്. അയ്യോ സമയം 6 ആയി ഏട്ടനെ വിളിച്ചില്ല….ഏട്ടനെ ഉണർത്തി കുളിക്കാൻ പറഞ്ഞു വിട്ടു.
അമ്മയെ കാണണം. ഒരുപാട് ആയി വീട്ടിലേക്കു പോയിട്ട്…പക്ഷെ കാശ് വേണ്ടേ…ഏട്ടനോട് ചോദിക്കാം. കഴിഞ്ഞ രാത്രി ഒന്നു സൂചിപ്പിച്ചതാണ് പക്ഷെ മൗനം ആയിരുന്നു പ്രതികരണം…എന്തായാലും ഏട്ടൻ കുളിച്ചിട്ടു വരട്ടെ ഒന്നൂടെ ചോദിക്കാം. ആവശ്യം നമ്മുടേതല്ലെ….ഏട്ടൻ കഴിക്കാൻ ഇരുന്നു. ആഹാരം വിളമ്പി പതിവ് പോലെ ഞാൻ അടുത്തിരുന്നു. “ഏട്ടാ കുറച്ചീസായി വിചാരിക്കുന്നു വീട് വരെ പോകണം എന്ന്. പൊക്കോട്ടെ ഏട്ടാ…അമ്മേനെ കാണണം. മരുന്നൊക്കെ തീർന്നെന്നാ പറഞ്ഞത്. കുറച്ചു കാശ് തരാമോ…?”
പ്ലേറ്റ് തെറിച്ചു പോയി….പിന്നെ ഏട്ടൻ ഒന്ന് അലറി….”നിന്റെ അച്ഛൻ എനിക്ക് ഒന്നും തന്നിട്ടില്ല പോകുമ്പോൾ കെട്ടു കണക്കിന് കൊണ്ട് പോയി കൊടുക്കാൻ…” ആഹാരം കഴിക്കാതെ ഏട്ടൻ ഇറങ്ങി പോയി. മിണ്ടാതെ നിൽക്കാനേ എനിക്കായുള്ളൂ…
“തൃപ്തി ആയല്ലോ എന്റെ മോനെ പട്ടിണി ആക്കിയപ്പോൾ. ഒരു വകയും സ്ത്രീധനം തരാതെ അല്ലേടി നീ ഇങ്ങോട്ട് കേറി വന്നത്. എന്റെ മോനെ വളച്ചെടുത്ത അശ്രീകരം….” ഏട്ടന്റെ ശബ്ദം അമ്മയെ ഉണർത്തിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. ഭൂമി പിളർന്നു താഴേക്കു പോകണം എന്ന് തോന്നി പക്ഷെ പിടിച്ചു നിന്നു.
രാവിലെ തന്നെ വയറു നിറഞ്ഞത് കൊണ്ട് പാത്രം കഴുകി വെച്ചിട്ടു ഞാൻ പറമ്പിലെ തൊടിയിൽ പോയി ഇരുന്നു. ജാനകി ചേച്ചി അപ്പുറത്ത് നിൽക്കുന്നുണ്ട്. “മോളെ മാളു ജോലി ഒക്കെ കഴിഞ്ഞോ….?” “കഴിഞ്ഞു ചേച്ചി. അവിടെയോ….?” “രേവതി മോൾ പോകുമ്പോൾ തന്നെ ഇവിടത്തെ പണി കഴിയും.” ഇത് പറഞ്ഞു ചേച്ചി അകത്തേക്ക് പോയി.
രേവതി എന്റെ പ്രായം ഉള്ള കുട്ടി ആണ്. അവൾ ഇപ്പോൾ അക്കൗന്ടണ്ട് ആണ്. ഞാൻ പതിയെ എന്റെ കഴിഞ്ഞ കാലം ആലോചിച്ചു…
കോളജിൽ പഠിക്കുമ്പോഴാണ് ഏട്ടൻ എന്റെ ജീവിതത്തിലേക്ക് വരുന്നത്. എന്ന് കരുതി എന്റെ സീനിയർ ഒന്നും അല്ലായിരുന്നു. എന്റെ അമ്മാവന്റെ മകൻ മനുവിന്റെ പുസ്തകം ഉപയോഗിച്ചാണ് ഞാൻ ഡിഗ്രി പഠിക്കുന്നത്. അവനും ബി എസ് സി സൂവോളജി ആയിരുന്നു. അവന്റെ വീട് കൊട്ടാരക്കര ആണ്. ഞാൻ ഇവിടെ ആലപ്പുഴ….ഓരോ വർഷവും വേണ്ട പുസ്തകം അവൻ കൊണ്ട് വന്നു തരും.
പക്ഷെ രണ്ടാമത്തെ വർഷം പുസ്തകം കൊണ്ട് വന്നത് മനു അല്ലായിരുന്നു, ശരത്തേട്ടൻ ആയിരുന്നു. വീട്ടിൽ വന്നപ്പോൾ ഏട്ടൻ ഫോൺ അവിടെ വെച്ച് മറന്നു. പിന്നീട് ഏട്ടൻ ആ ഫോൺ കോളേജിൽ വന്നാണ് എന്റെ കയ്യിൽ നിന്നും വാങ്ങുന്നത്. അന്ന് തൊട്ടു ഞങ്ങൾ സുഹൃത്തുക്കളായി…പയ്യെ പയ്യെ അത് പ്രണയമായി പടർന്നു പന്തലിച്ചു…
എന്റെ സ്വപ്നങ്ങൾക്ക് ശരത്തേട്ടൻ വഴിയൊരുക്കുമെന്നും എന്റെ വീട്ടുകാർക്ക് ഒരു മകൻ ആകുമെന്നും എനിക്ക് ഉറപ്പ് തന്നു. ഒരു വർഷത്തെ പ്രേമം…ഏട്ടന് ഇപ്പൊ തന്നെ 29 വയസ്സായി. ഏട്ടന്റെ വീട്ടിൽ നിർബന്ധം കാരണം എനിക്ക് വീട്ടിൽ പറയേണ്ടി വന്നു…
എന്റെ വീട്ടിൽ വലിയ സാമ്പത്തികം ഒന്നുല്ലാട്ടോ…അത് കൊണ്ട് തന്നെ കല്യാണത്തിന് വിസമ്മതിച്ചു. എനിക്ക് ജോലി ആയിട്ട് മതി കല്യാണം എന്നായി എന്റെ അച്ഛൻ. അടുത്ത മാസം തന്നെ എന്റെ പേര് പി എസ് സി റാങ്ക് ലിസ്റ്റിൽ വന്നു. ഇതിനിടക്ക് എന്റെ പഠിത്തവും കഴിഞ്ഞിരുന്നു.
എനിക്ക് സ്ത്രീധനം ഒന്നും വേണ്ട മാളുവിനെ മാത്രം മതിയെന്ന് ഏട്ടൻ അച്ഛനോട് പറഞ്ഞു. പിന്നെ എന്റെ പട്ടിണി സമരം കൂടെ ആയപ്പോ വീട്ടിൽ സമ്മതിച്ചു. എന്നെ ജോലിക്ക് വിടണം എന്ന് മാത്രേ അച്ഛൻ ആവശ്യപ്പെട്ടുള്ളു. കാരണം ഞാൻ ജോലിക്ക് പോകുന്നതും തിരിച്ചു വീട്ടിൽ വരുന്നതും കാണാൻ അമ്മയും അച്ഛനും ഒരുപാട് കൊതിച്ചതാ…വിടുമെന്ന് ശരത്തേട്ടൻ ഉറപ്പും നൽകി.
അടുത്ത മാസം നല്ലൊരു മുഹൂർത്തത്തിൽ ഞാൻ ശരത്തേട്ടന്റെ സ്വന്തമായി. ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം. കടം വാങ്ങിയാണെങ്കിലും എന്റെ അച്ഛൻ എന്റെ ആഗ്രഹം നടത്തി തന്നു…അന്ന് ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങിയപ്പോഴാ കിച്ചു എന്നെ ഇത്രേം സ്നേഹിച്ചിരുന്നെന്ന് മനസ്സിലായത്…വീട്ടിൽ അവനു ഞാൻ ശത്രു ആണേലും പോകല്ലേ ചേച്ചിന്നു പറഞ്ഞു കുറെ കരഞ്ഞു….
ശരത്തേട്ടന്റെ വീട്ടിൽ ഞാൻ സന്തോഷവതിയായിരുന്നു. സ്ത്രീധനം എന്ന പേരിൽ അമ്മയെന്നെ കുത്തി നോവിക്കുമ്പോഴും ഏട്ടൻ എന്നെ സ്നേഹിക്കുന്നു എന്ന ആശ്വാസം ഉണ്ടായിരുന്നു.
ഇപ്പൊ ക്ഷീണം കൊണ്ടാകാം ജോലി കഴിഞ്ഞു വന്നാൽ പിന്നെ എന്തിനും ദേഷ്യമാണ് ഏട്ടന്…സാരമില്ല എന്നാലും പാവമാ ഏട്ടൻ…എനിക്ക് ജോലിക്ക് പോണം എന്നുണ്ട്…ഏട്ടനോട് ഈ കാര്യം കഴിഞ്ഞ മാസം സൂചിപ്പിച്ചായിരുന്നു. ഈ മാസം നോക്കാം എന്ന് പറഞ്ഞിരുന്നു. ഏതായാലും ഇന്ന് രാത്രി ഏട്ടനോട് ചോദിക്കാം…
ഏട്ടൻ പതിവ് പോലെ 8 മണിക്ക് വന്നു. ജോലി നേരത്തെ കഴിഞ്ഞാലും തൊടിയിൽ കൂട്ടുകാരോടൊപ്പം കുറച്ചു നേരം ചിലവഴിച്ചിട്ടേ വീട്ടിൽ കേറുള്ളു…അത് നിർബന്ധമാണ് ഏട്ടന്…ഏട്ടൻ കുളിച്ചു വന്നു. ചോറ് കൊടുത്തു. അടുത്തിരുന്നു ഞാനും കഴിച്ചു. അമ്മ നേരത്തെ കിടന്നു ഇന്ന്…ജോലിയൊക്കെ ഒതുക്കി ഞാൻ റൂമിൽ എത്തി.
“ശരത്തേട്ട….” “എന്താ…?” “അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…” “നീ കാര്യം പറയ്യ് മാളു വെച്ച് നീട്ടാതെ…” “എനിക്ക് ജോലിക്ക് പോണം ഏട്ടാ…കല്യാണം കഴിഞ്ഞു 3 മാസം ആയില്ലേ.. ജോലി ഉണ്ടെങ്കിൽ എനിക്ക് എല്ലാ കാര്യത്തിനും ഏട്ടനെ ആശ്രയിക്കണ്ടല്ലോ. എന്റെ സ്വപ്നം ആണ് എന്റെ ജോലി. ശരത്തേട്ടന് അറിയാലോ അത്….”
“നിർത്തെടി നിന്റെ സ്വപ്നം. എന്റെ സ്വപ്നം അത് മതി നിനക്ക്. എന്റെ സന്തോഷം അതാണ് നിന്റെ സ്വപ്നം. നീ എന്നേം എന്റെ മക്കളേം നോക്കി വീട്ടിൽ ഇരുന്നാൽ മതി. ജോലിയും വേണ്ട ഒന്നും വേണ്ട…” ശരത്തിന്റെ പൊട്ടി തെറി എന്നെ ഞെട്ടിച്ചു കളഞ്ഞു.
ഞാനും പ്രതികരിച്ചു…. “പ്രേമിച്ചപ്പോ എനിക്ക് തന്ന വാക്കോ…എനിക്ക് പോണം ഏട്ടാ…” ഏട്ടന്റെ കയ്യ് എന്റെ കവിളിൽ പതിയാൻ വലിയ സമയം വേണ്ടി വന്നില്ല. “നിനക്ക് പോണേൽ പൊക്കോ…എനിക്ക് വേറെ പെണ്ണിനെ കിട്ടും. എനിക്ക് സ്ത്രീധനം തരുന്ന എന്നെ അനുസരിച്ചു എന്റെ വീട്ടിൽ കഴിയുന്ന ഒരു പെണ്ണിനെ…” ഇത്രേം പറഞ്ഞു ഏട്ടൻ ഇറങ്ങി പോയി വീട്ടിൽ നിന്നും…”എന്റെ മോനെ കൊല്ലാനായിട്ടാ നശിച്ചവൾ വീട്ടിലേക്കു കെട്ടിയെടുത്തത്….” അമ്മയുടെ ശാപവാക്കുകൾ കേട്ടു ഞാൻ റൂമിൽ ഇരുന്നു.
പോകണമെന്നുണ്ട്…എന്നെ വേണ്ടാത്ത ഈ മനുഷ്യനെ വിട്ടിട്ട്…മരണത്തെ കൂട്ട് പിടിക്കാൻ ഉള്ളു തുടിക്കുന്നുണ്ട്….വീട്ടിലേക്ക് ഒരു മടങ്ങി പോക്കില്ല…അച്ഛാ അച്ഛന്റെ രാജകുമാരി ഇന്ന് ഇവിടെ വെറും വിഴുപ്പ് ആയി അച്ഛാ…അമ്മേ അമ്മേടെ കുറുമ്പി പെണ്ണ് ഇവിടെ ആരുമല്ല അമ്മേ…കിച്ചു നിന്റെ വഴക്കാളി ചേച്ചി പെണ്ണ് ഇന്ന് ഇവിടെ അധികപ്പറ്റായി…മരണം എന്നെ വിളിക്കുന്നുണ്ട്. പക്ഷെ എന്റെ ഉള്ളിൽ നാമ്പിട്ട കുഞ്ഞു തുടിപ്പിനെ കൊല്ലാൻ എനിക്ക് ആകില്ലല്ലോ ദൈവമേ…എന്റെ കുഞ്ഞിന് വേണ്ടി ഞാൻ ഈ വീട്ടിലെ എരിഞ്ഞമരുന്ന വിറക് കൊള്ളിയാകും…
പക്ഷെ എന്റെ മനഃസാക്ഷി എന്നെ അനുവദിച്ചിരുന്നില്ല. കാരണം അത്രക്ക് ഞാൻ കൊതിച്ചിട്ടുണ്ട് ജോലി ചെയ്യാനും ശമ്പളം വാങ്ങാനും ഒക്കെ. പോകണം…ഞാൻ ഇയാൾക്ക് വേണ്ടി കളഞ്ഞ എന്നെ ഉണർത്തണം. ഞാൻ അച്ഛനെ വിളിച്ചു…അച്ഛനോട് എല്ലാം അറിയിച്ചു.
“മോളെ ഞാൻ വരുവാ നീ എല്ലാം എടുത്തു വെക്കൂ നീ ഇനി അവിടെ നിൽക്കണ്ട…” ശരത്തേട്ടൻ വരാൻ ഞാൻ കാത്തു നിന്നില്ല. അമ്മയോട് യാത്ര പറയാനും നിന്നില്ല. ഞാൻ ഇറങ്ങി അവിടെ നിന്നും….
ഇന്ന് ഞാൻ ഒരു അധ്യാപിക ആണ്. പന്തളം എൻഎസ്എസ് കോളേജിൽ സൂവോളജി വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചറമ്മ ആണ് ഞാൻ. എന്റെ മകൻ ഇന്ന് കൊല്ലം ജില്ലാ കളക്ടർ…നന്ദി ഇന്നും ശരത്തേട്ടനോട് മാത്രമാണ്…എനിക്ക് എന്റെ സ്വപ്നങ്ങൾ നേടാൻ ഊർജം തന്ന അനുഭവങ്ങൾ തന്നതിന്….പിന്നെ എന്റെ പൊന്നു മോനെ എനിക്ക് കൂട്ടായി സമ്മാനിച്ചതിനും…
ആദ്യത്തെ എഴുത്താണ് തെറ്റുകുറ്റങ്ങൾ ക്ഷെമിച്ചു, തെറ്റുകൾ ചൂണ്ടി കാട്ടി കൂടെ നിൽക്കണം. തുടർന്നും നിങ്ങളുടെ സപ്പോർട്ട് കൂടി ഇണ്ടായാൽ മാത്രമേ മുന്നോട്ട് പോവാൻ പറ്റൂ…