എഴുത്ത്: സമീർ ചെങ്ങമ്പള്ളി
സച്ചു എന്റെ ഇരട്ട സഹോദരനാണ്, പക്ഷേ അവൻ എന്നെപ്പോലെ കറുത്തിട്ടല്ല. ഞാനാണേൽ കരി തോറ്റുപോകുന്ന കറുപ്പ്…എന്റെ വീട്ടിൽ വരുന്ന ബന്ധുക്കൾക്കെല്ലാം അവനോടൊരു പ്രത്യേക വാത്സല്യമാണ്. ആദ്യമൊക്കെ ഞാൻ കരുതി, അതെന്റെ തോന്നൽ മാത്രമാകുമെന്ന്…എന്നാൽ അതങ്ങനെ അല്ലാട്ടോ…എന്നെയും അവനെയും ഒക്കത്തിരുത്തുന്ന ബന്ധുക്കളിൽ എന്നെ ഒക്കതിരുത്തുന്ന ആള് മാത്രം പെട്ടെന്ന് ക്ഷീണിതനാകുകയും എന്നെ പെട്ടെന്ന് താഴെ ഇറക്കി വെക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
രണ്ടുപേരെയും കുളിപ്പിക്കാൻ നിർത്തിയാൽ അമ്മായി എന്റെ ശരീരത്തിൽ മാത്രം പരതി നോക്കി അമ്മയോട് പറയുമായിരുന്നു…”അച്ചു ദിവസം കഴിയുന്തോറും കൂടുതൽ കറുക്കുന്നല്ലോ, നീ അവന് പാലിൽ കുങ്കുമം ചേർത്ത് കൊടുത്തു നോക്ക്….”
പക്ഷേ അമ്മ ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ സ്നേഹിച്ചു, രണ്ടുപേർക്കും ഒരുപോലെയുള്ള വസ്ത്രങ്ങൾ വാങ്ങിച്ചു നൽകി, ഒരു പോലെയുള്ള കളിപ്പാട്ടങ്ങൾ നൽകി. ചിറ്റമ്മയുടെ കല്യാണത്തിന് എല്ലാവർക്കും ഉടുപ്പുകൾ വാങ്ങിയപ്പോൾ എനിക്കും അവനും ഒരേ കളർ ഷർട്ടാണ് അമ്മാവൻ വാങ്ങി തന്നത്. ഉടനെ വന്നു അമ്മായിയുടെ കമന്റ്… “എടാ മധു, നിനക്ക് തീരെ ബുദ്ധിയില്ലേ, അച്ചുവിനെ കാണാൻ അല്ലെങ്കിൽ തന്നെ ടോർച്ച് അടിച്ചു നോക്കണം, എന്നിട്ടാണ് നീ അവന് കറുത്ത ഷർട്ട് വാങ്ങിക്കൊടുത്തെ…. ” അമ്മാവൻ ഉടനെ തന്നെ കടയിൽ ചെന്നു, കറുത്ത ഷർട്ട് മാറി വെളുത്ത ഷർട്ട് കൊണ്ടുവന്നു.
ഞാനും സച്ചുവും ഒരേ ക്ലസ്സിലാണ് പഠിച്ചിരുന്നത്. ആദ്യമായി ക്ലാസ്സിൽ വരുന്ന ടീച്ചർമാർ കുട്ടികളെ പരിചയപ്പെടുന്നതിനിടെ എന്നെയും അവനെയും മാത്രം മാറി മാറി നോക്കിയതിന് ശേഷം ഇങ്ങനെ ചോദിക്കുമായിരുന്നു… “അച്ചു ശരിക്കും സച്ചുവിന്റെ സഹോദരൻ തന്നെ ആണോ, ഇളയച്ഛന്റെ അല്ലെങ്കിൽ വല്യച്ഛന്റെ മകൻ, അങ്ങനെ വല്ല ബന്ധവുമാണോ…?”
സച്ചുവിന്റെ കൂടെപ്പിറപ്പാകാൻ എനിക്ക് യാതൊരു അർഹതയുമില്ല എന്നാണ് ടീച്ചറുടെ ചോദ്യത്തിന്റെ ധ്വനി എന്ന് എനിക്കപ്പോൾ തന്നെ മനസ്സിലായി. കൂട്ടുകാർ കൂടുന്നിടത്തൊക്കെ അവൻ ഷാരൂഖ് ഖാനും ഞാൻ കൗണ്ടമണിയും ആയിരുന്നു. ഞാനല്പം താമസിച്ചു പോയാൽ പെൺകുട്ടികൾ വരെ അവനോട് ചോദിക്കുമായിരുന്നു.
“നമ്മുടെ കൗണ്ടമണിയെ കണ്ടില്ലല്ലോ….”
“കൗണ്ടമണി കുളിക്കാൻ വൈകി…”
എന്റെ അനിയനും കൂട്ടുകാരും നാട്ടുകാരുമെല്ലാം എന്നെ കൗണ്ടമണിയെന്ന് വിളിക്കുന്നതിൽ എനിക്ക് തെല്ലുപോലും സങ്കടമില്ലായിരുന്നു. പക്ഷേ ഒരിക്കൽ അമ്മയും എന്നെ അതേ പേരിൽ സംബോധ ചെയ്തപ്പോൾ ജീവിതം തന്നെ വെറുത്തുപോയി. ഞാൻ കുളിച്ചു കൊണ്ടിരിക്കുന്നതിനിടെ ഏതോ ഒരു സുഹൃത്ത് എന്നെ അന്വേഷിച്ച് എന്നെ ഫോൺ ചെയ്തു, ഫോൺ എടുത്തതാകട്ടെ അമ്മയും…
മറു തലക്കൽ അവൻ “കൗണ്ടമണി എവിടെ” എന്ന് ചോദിച്ചു കാണും. പക്ഷേ അമ്മ പറഞ്ഞത് ഇങ്ങനെയും “കൗണ്ടമണി കുളിച്ചോണ്ടിരിക്കാ….” ജീവിതത്തിൽ ആദ്യമായി ഞാൻ ഒറ്റക്കാണെന്ന തോന്നൽ ഉണ്ടായത് അന്ന് മുതലാണ്. പിന്നീടങ്ങോട്ട് ഞാനാരോടും മിണ്ടാതെയായി, കൂട്ടുകൂടാതെയായി, കൂടുതൽ സമയവും ഒറ്റയ്ക്കിരിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.
അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛനും അമ്മയും ചേർന്ന് ഒരു തീരുമാനമെടുത്തു. ഇത്തവണ കുട്ടികളുടെ ബർത്തഡേ കെങ്കേമമായി ആഘോഷിക്കണം. അച്ഛന്റെ പുതിയ ബിസിനസ് സംരംഭം വിജയിച്ചതിന്റെ സന്തോഷം കൂടി ഉണ്ടായിരുന്നു ആ തീരുമാനത്തിന് പിന്നിൽ…സച്ചു എല്ലാ സുഹൃത്തുക്കളെയും പാർട്ടിയിലേക്ക് വിളിച്ചു. അവന്റെയും എന്റെയും സുഹൃത്തുക്കൾ ഒന്നായതുകൊണ്ട് അവൻ മാത്രം വിളിച്ചാൽ മതിയായിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി.
എന്റെയും സച്ചുവിന്റെയും സുഹൃത്തുക്കൾ, ബന്ധുക്കൾ, അച്ഛന്റെ ബിസിനസ് പങ്കാളികൾ എല്ലാവരും ആ ദിവസം വീട്ടിലെത്തിയിരുന്നു. പല നിറത്തിലുള്ള തോരണങ്ങൾക്കൊണ്ട് അലങ്കരിച്ച വീട്ടിലെ ഗേറ്റിന് മുൻപിൽ സുഹൃത്തുക്കളിൽ ആരോ ഒരു ഫ്ളക്സ് ബോർഡ് വെച്ചിരുന്നു. അതിൽ അവർ ഇങ്ങനെയാണ് എഴുതിയിരുന്നത്… “നമ്മുടെ പ്രിയപ്പെട്ട ബ്ലാക്ക് & വൈറ്റ്, കൗണ്ടമണിക്കും ഷാരൂഖിനും ജന്മദിനാശംസകൾ.”
ഗേറ്റ് കടന്നുവരുന്ന ഓരോ അതിഥികളും അത് വായിച്ചതിന് ശേഷം ഒരു നറു പുഞ്ചിരിയോടെയാണ് വീട്ടിലേക്ക് പ്രവേശിച്ചത്. കേക്ക് മുറിക്കലിനും ഭക്ഷണം കഴിക്കലിനും ശേഷം ഗാനമേള തുടങ്ങി. കോളേജിലെ അലമ്പന്മാർ മൊത്തം ഊഹം വെച്ച് പാട്ടുപാടാൻ തുടങ്ങി. എല്ലാവരോടും പുഞ്ചിരിച്ചും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും ഞാൻ അവരിൽ ഒരാളായി അഭിനയിച്ചു. അതിനിടെയിൽ പെട്ടെന്ന്….”നമ്മുടെ പ്രിയപ്പെട്ട കൗണ്ടമണി ദയവായി വേദിയിലേക്ക് വരിക, ഞങ്ങൾക്ക് വേണ്ടി ഒരു ഗാനം ആലപിക്കണമെന്ന് ദയവായി അപേക്ഷിക്കുന്നു…” ഞാൻ ഞെട്ടിത്തരിച്ചു സ്റ്റേജിലേക്ക് നോക്കി, സുഹൃത്തക്കളെല്ലാം എന്നെ കൈ അടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അവരുടെ പ്രവർത്തികളെ സന്തോഷത്തോടെ വീക്ഷിച്ചുകൊണ്ട് അച്ഛനും അമ്മയും….പൊട്ടിച്ചിരികളുടെ നടുവിലൂടെ ഞാൻ സ്റ്റേജിലേക്ക് പതിയെ നടന്നു വന്നു….മൈക്കെടുത്ത് കയ്യിൽ പിടിച്ചതിന് ശേഷം ഞാൻ അവരോടായി പതിയെ പറഞ്ഞു തുടങ്ങി…
ഡിയർ ഫ്രണ്ട്സ്, ഞാനൊരു പാട്ടു പാടാനല്ല വന്നത്, നിങ്ങളോടൽപ്പം സംസാരിക്കാനാണ്…ജീവിതത്തിൽ എന്നേക്കാൾ വലിയ നിർഭാഗ്യവാൻ വേറെയില്ല, ജനിച്ച കുലത്തിന്റെ പേരിൽ, വരുന്ന സ്ഥലത്തിന്റെ പേരിൽ, എന്തിനേറെ തൊലിയുടെ പേരിൽ വരെ പരിഹാസനകേണ്ടി വരിക. എന്റെ ശരിക്കുള്ള പേരെന്താണെന്ന് ഞാൻ തന്നെ
മറന്നുപോയി, ഞാൻ നിങ്ങൾക്കെല്ലാം കൗണ്ടമണി ആണ്…
എന്റെ പൊന്നു സുഹൃത്തുക്കളെ, നിങ്ങൾ എന്നെ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് സഹതാപമാണ് തോന്നാറുള്ളത്. കാരണം, നിങ്ങൾക്കിപ്പോഴും തമാശയും ബോഡിഷെയിമിങ്ങും തമ്മിലുള്ള വിത്യാസം അറിയില്ല….
ഉയരെക്കുറവിന്റെ പേരിൽ, മുടിയുടെ പേരിൽ, പല്ലിന്റെ പേരിൽ നിങ്ങൾ എത്രെപേരെ കളിയാക്കി, അവരെല്ലാം അത് ആസ്വദിക്കുകയാണെന്ന് നിങ്ങൾ ധരിക്കുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണ മാത്രമാണ്….അമേരിക്കയിൽ ഒരു നീഗ്രോയെ വെള്ള പോലീസ് ശ്വാസം മുട്ടിച്ചു കൊന്നപ്പോൾ നിങ്ങൾ വർണവിവേചനത്തെ കുറിച്ച് വാചാലരായി. എന്നാൽ ആ പോലീസുകാരെനെക്കാൾ വർണ്ണവെറി മൂത്തവരാണ് നിങ്ങളിൽ ഓരോരുത്തരും…
കറുപ്പിനെയും വെളുപ്പിനേയും ഒരുപോലെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങളെന്തുകൊണ്ട് കറുത്തിരിക്കാൻ ഭയപ്പെടണം, വില കൂടിയ ക്രീമുകളും കോസ്മെറ്റിക്സും വാങ്ങി മുഖത്ത് പുരട്ടണം….ജനിക്കുന്ന കുട്ടിക്ക് ഉള്ള നിറം പോരാഞ്ഞിട്ടല്ലേ കുങ്കുമം ചേർത്ത പാല് കൊടുക്കുന്നത്….എയർ ഹോസ്റ്റസ്സാകാൻ വെളുക്കണം, റിസെപ്ഷനിസ്റ് ആകാൻ വെളുക്കണം, എന്തിനേറെ പറയുന്നു സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേൾ ആകാൻ വരെ വെളുക്കണം…
എന്നിട്ട് നിങ്ങൾ അമേരിക്കക്കാരെ കുറ്റം പറയുന്നു…ഒരു വെളുത്ത സഹോദരന്റെ കൂടെ ഞാൻ ജനിച്ചത് അത്ഭുതമായി കാണുന്നു…എന്റെ നിറത്തെ നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ മനസ്സുകൊണ്ട് ഒരിക്കലെങ്കിലും നിങ്ങൾ ഞാനാകാൻ കൊതിക്കണം…എന്നിട്ട് മതി, എന്നെ കൗണ്ടമണി എന്ന് വിളിക്കുന്നത്….”
(നിറത്തിന്റെ പേരിൽ പലയിടങ്ങളിലായി ഒരിക്കെലെങ്കിലും പരിഹസിക്കപ്പെടേണ്ടി വന്നവർക്ക് സമർപ്പിക്കുന്നു…. )