അപ്പൻ എന്നാതിനാ ആ ശോശാമ്മ ചേട്ടത്തിയെ തുണി പൊക്കി കാണിച്ചത്. ആഹാ അതാണോ കാര്യം…?

എഴുത്ത്: സനൽ SBT

“അമ്മച്ചീ അപ്പൻ പണി പറ്റിച്ചു.”” എന്നാ പറ്റിയെടാ”

“ആ തോട്ടുവക്കത്തുള്ള ശോശാമ്മ ചേടത്തിയെ അപ്പൻ തുണി പൊക്കി കാണിച്ചു എന്ന്.” “എൻ്റെ കുരുശുപള്ളി മാതാവേ ഞാൻ എന്നാ ഈ കേൾക്കണേ.” “അതാ ഞാനും പറയണേ അപ്പന് ഇത് എന്നാതിൻ്റെ കേടാ. അമ്മ ഞായറാഴ്ച ഇനി ആ അയൽക്കൂട്ടത്തിലേക്ക് ചെല്ല് ബാക്കി ഇനി അവര് പറഞ്ഞ് തരും ഹോ കേട്ടിട്ട് എൻ്റെ തൊലിയുരിഞ്ഞ് പോയി.”

“എന്നതാടാ രാവിലെ തന്നെ അടുക്കളയിൽ ഒരു ബഹളം.” “ഹോ അപ്പൻ ഇതെല്ലാം കേട്ടുകൊണ്ട് ഇവിടത്തന്നെ നിൽപ്പുണ്ടായിരുന്നോ?” “എന്നാടാ കാര്യം നീ അത് പറ.” “അപ്പൻ എന്നാതിനാ ആ ശോശാമ്മ ചേട്ടത്തിയെ തുണി പൊക്കി കാണിച്ചത്.”

“ആഹാ അതാണോ കാര്യം. ഏത് നേരം നോക്കിയാലും നമ്മടെ തോട്ടത്തിലാ പെണ്ണുംപിള്ള…വിളഞ്ഞ ഒരൊറ്റ തേങ്ങയും ചക്കയും മാങ്ങയും കിട്ടില്ല എന്ന് വെച്ചാൽ അത് പോട്ടെന്ന് വെയ്ക്കാം, ദാ ഇപ്പോ റബ്ബർ ഷീറ്റും മോഷണം തുടങ്ങിയിരിക്കുന്നു അതാ വിളഞ്ഞത് ഒരെണ്ണം ഇവിടേം കിടപ്പുണ്ട് കയറി പറിച്ചോളാൻ പറഞ്ഞ് ഞാൻ തുണി പൊക്കി കാണിച്ചത്.”

“എൻ്റെ പൊന്നപ്പാ അതിന് ഇങ്ങനെയാണോ ചെയ്യേണ്ടത്.” “അല്ല ഞാൻ ഇനി അവളെ അർത്തുങ്കൽ പള്ളീലെ കുരുത്തോല പെരുന്നാള് കാണിക്കാൻ കൊണ്ടു പോകാം. എടാ ഞാനും എൻ്റെ അപ്പൻ തോമസും അതായത് നിന്ന് അപ്പാപ്പനും കൂടി വളരെ കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ഈ കാണുന്നതൊക്കെ ഉണ്ടാക്കി എടുത്തത്. മൂന്ന് നേരം ടേബിളിൻ്റെ മുന്നിൽ വന്ന് വെട്ടി വിഴുങ്ങിയിട്ട് പോകുന്ന നിനക്കൊന്നും അതിൻ്റെ വില പറഞ്ഞാൽ മനസ്സിലാവില്ല.”

“ഹോ തുടങ്ങി ഇനി പഴമ്പുരാണം അപ്പൻ എന്നാന്ന് വെച്ചാൽ ചെയ്യ്. അമ്മച്ചീ എനിക്ക് വിശക്കുന്നു കഴിക്കാൻ എന്നാ ഇന്ന്…” “മോൻ കൈയും കഴികിയേച്ച് വാ അമ്മച്ചി ചൂടുള്ള പുട്ടും ബീഫ് എടുത്ത് വെയ്ക്കാം.”

ആ അമ്മച്ചീ ടീന എന്തിയെ ?” “ഓ അവൾ അപ്പുറത്ത് ഇരുന്ന് കൊഞ്ച് കിള്ളുവാ.” “ഉം. ” “ഡാ നിൻ്റെ തീറ്റ കഴിഞ്ഞ് വേഗം തോട്ടത്തിലേക്ക് ചെല്ല് ഇന്ന് റബ്ബർ ഷോട്ടറ് വെട്ടാൻ ആള് വരുന്ന ദിവസാ…” “ആ ഞാൻ പോയ്ക്കോളാം അപ്പാ…” “പിന്നെ പോകുന്ന വഴിക്ക് ആ മാത്യൂസിൻ്റെ വീട്ടിൽ ഒന്ന് കയറിക്കോ, അവൻ കുറച്ച് കാശ് തരും കഴിഞ്ഞ ആഴ്ച തോട്ടത്തിലെ അടയ്ക്ക പറിച്ചതിൻ്റെയാ…”

“അത് പിന്നെ എപ്പോഴെങ്കിലും മേടിച്ചാൽ പോരെ.””നീ ഞാൻ പറയണത് അങ് കേട്ടേച്ചാൽ മതി.” “ആ ഞാൻ പോയ്ക്കോളാം. ഈ അപ്പനെക്കൊണ്ട് തോറ്റൂ.”

“കേട്ടോ അമ്മച്ചീ നേരം വെളുത്താൽ പിന്നെ എന്നെ വീട്ടിൽ ഇരുത്തി പൊറുപ്പിക്കില്ല ഈ അപ്പൻ. എന്നിട്ട് ഒരു പണിയും ചെയ്യാതെ വീട്ടിൽ ചുമ്മാ ഇരുന്ന് വെട്ടി വിഴുങ്ങുന്നു എന്ന പരാതി വേറെയും. എന്നാ എഞ്ചിനീയറിംങ്ങ് കഴിഞ്ഞതല്ലേ വല്ല കമ്പനിയിലും കിട്ടുന്ന ശമ്പളത്തിന് വല്ല ജോലിക്ക് പോവ്വാന്ന് വെച്ചാൽ അതിനും സമ്മതിക്കുകേല. അപ്പോ പറയും നീ തെണ്ടിച്ച് കൊണ്ടു വന്നിട്ട് വേണ്ട കുംടുംബം കഴിയാൻ എന്ന്.”

“സാരല്ലെടാ അപ്പന് നിന്നോടൊടുള്ള സ്നേഹം കൊണ്ടല്ലേ. നീ എപ്പോഴും അങ്ങേരുടെ നിഴല് പോലെ കൂടെ വേണം അതാ കാര്യം. മക്കള് വേഗം കഴിച്ച് തോട്ടത്തിലേക്ക് ചെല്ലാൻ നോക്ക്…” “ഉം. വൈകീട്ട് വരുമ്പോൾ ഞാൻ എന്നേലും മേടിക്കണോ അമ്മച്ചീ…” “ഉം. കുറച്ച് കൂർക്ക കിട്ടുവാണേൽ മേടിച്ചോ ഇന്നലത്തെ പോർക്ക് ബാക്കി ഇരുപ്പുണ്ട് അതിട്ട് ഉലത്താം.” “ഹാ എന്നാൽ ശരിയമ്മച്ചീ ഞാൻ ഇറങ്ങട്ടെ.”

“ഇച്ചായാ വരുമ്പോൾ ഈ ആഴ്ചത്തെ മനോരമ ആഴ്ചപതിപ്പ് ഒന്ന് മേടിച്ചേക്കണേ. ഹരി ഭാമയുടെ കഴുത്തിൽ താലി കെട്ടിയോ എന്തോ ആവോ ?” “നീ മനോരമയും വായിച്ച് ഇവിടുരുന്നോ. നിനക്കാ പള്ളിലോട്ട് ഇടയ്ക്ക് ഒക്കെ ഒന്ന് പോയ്ക്കൂടെ. കഴിഞ്ഞ ദിവസം അച്ചൻ തിരക്കിയായിരുന്നു ഇപ്പോ ക്വയറിന് നിന്നെ കാണാറില്ല എന്നും പറഞ്ഞ്.” “ഓ പള്ളീലൊക്കെ ഞാൻ പോയ്ക്കോളാം. ഇച്ചായൻ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട.” “ങ്ങാ കൊണ്ടു വരാം.

“”യോ ഇപ്പോൾ തന്നെ നേരം വൈകി തോട്ടത്തിൽ ചെന്നാൽ അപ്പൻ എന്നെ കൊന്ന് കറിവെയ്ക്കും എൻ്റെ കർത്താവേ….”ഞാൻ വേഗം ജീപ്പും സ്റ്റാർട്ട് ചെയ്ത് നേരെ തോട്ടത്തിലേക്ക് വിട്ടു. തോട്ടത്തിലെ പണി കഴിഞ്ഞപ്പോൾ നേരെ കൃഷി ഓഫീസിലേക്ക് അത് കഴിഞ്ഞ് നേരെ ഫാമിലേക്ക് വിട്ടു വളം എടുക്കാൻ അതും എടുത്ത് വന്നപ്പോഴാണ് അപ്പൻ പറയുന്നത് കോപ്രാ കളത്തിലേക്ക് പോകാൻ അവിടെ എന്തോ മെഷീൻ കംപ്ലയിൻ്റ് ആയി എന്നും പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ നേരം വെളുത്താൽ പിന്നെ നിലത്ത് നിൽക്കാൻ എനിക്ക് സമയം കാണില്ല എന്നതാണ് സത്യം . ഏൽപ്പിച്ച പണിയെല്ലാം തീർത്ത് ഒരു എട്ടെട്ടരയോടെയാണ് ഞാൻ പുരയ്ക്കകത്ത് ചെന്ന് കയറിയത്.

ചാർജ്ജിൽ ഇട്ട ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ ദാ കിടക്കുന്നു പത്തു പതിനഞ്ച് മിസ്സിഡ് കോൾ…”എൻ്റെ വേളാങ്കണ്ണി മാതാവേ ജസീക്ക…” ഇന്ന് എല്ലാം തീർന്നത് തന്നെ പിന്നെ ഒന്നും നോക്കിയില്ല വേഗം ഫോൺ എടുത്ത് അവളെ വിളിച്ചു. “ഹലോ ജസീക്ക…” “ദേ എനിക്ക് അങ്ങ് ചൊറിഞ്ഞ് വരുന്നുണ്ട് ട്ടോ….ഞാൻ ഇന്ന് എത്ര തവണ റോണിച്ചാ നിന്നെ വിളിച്ചു എന്ന് അറിയോ?” “എൻ്റെ പൊന്നു ജസീക്ക, രാവിലെ ഫോൺ ചാർജ്ജിൽ ഇട്ട് വെച്ച് മറന്ന് പോയി ഇപ്പം വീട്ടിൽ വന്നപ്പോഴാ നിൻ്റെ മിസ്സ്ഡ് കോൾ കണ്ടത്. പോരാത്തതിന് ഇന്ന് മുടിഞ്ഞ പണിയായിരുന്നു ഉച്ചയ്ക്ക് കഴിക്കാൻ പോലും വീട്ടിലോട്ട് വരാൻ പറ്റിയില്ല…”

“ആ നീ അപ്പൻ്റെ വാലേൽ തൂങ്ങി നടന്നോ ? എൻ്റെ പപ്പ അവസാനം എന്നെ വെറെ ആർക്കേലും കെട്ടിച്ച് കൊടുക്കും. ദേ റോണിച്ചാ അങ്ങിനെ വല്ലതും സംഭവിച്ചാൽ ഞാൻ പള്ളിമേടേൽ കയറി തൂങ്ങുവേ ഇപ്പഴെ പറഞ്ഞേക്കാം.” “എൻ്റെ പൊന്നു ജസീക്ക നീ ഒന്ന് അടങ്ങ് ആദ്യം നിൻ്റെ പപ്പ കാനഡയിൽ നിന്ന് ഒന്ന് വന്നോട്ടെ, എന്നിട്ട് എൻ്റെ അപ്പനെ നിൻ്റെ വീട്ടിലോട്ട് വിടാം.”

“റോണിച്ചാ എന്നാൽ ഇപ്പം എനിക്കൊരു ഉമ്മ താ…” “നീ ഒന്ന് പോയെ ജസീക്ക…”ബി”എന്നതാ റോണിച്ചാ ഇങ്ങനെ കഷ്ട്ടം ഉണ്ട് ട്ടോ…ഒരു ഉമ്മ താ എനിക്ക് വയ്യാതോണ്ടല്ലേ…” “ആ കോപ്പ് തരാം ഇനി അതിൻ്റെ പേരിൽ തുടങ്ങണ്ട. ഫോൺ ചേർത്ത് പിടിച്ചോ…?” “ഉം ” “കെട്ടിപിടിച്ച് ഉമ്മാ…”

“റോണിച്ചാ എനിക്ക് കാണാൻ തോന്നുവാ….” “എൻ്റെ കർത്താവേ നിനക്ക് ഇത് എന്നാതിൻ്റെ കേടാ…” “പ്ലീസ്. പ്ലീസ്. പ്ലീസ് റോണിച്ചാ അന്നത്തെ പോലെ ഒന്ന് വരുമോ?” “ഒന്നാമത് നീ മേലാണ്ട് ഇരിക്കുവാ. ഇനി ഞാൻ അവിടെ വന്നിട്ട് എന്നാ കോപ്പ് ചെയ്യാനാ…”

“ഒന്ന് വാ റോണിച്ചാ ഒന്ന് കണ്ടാൽ മതി.” “ഇപ്പഴാ…” “അല്ല രാത്രി ഒരു പന്ത്രണ്ട് മണി കഴിഞ്ഞിട്ട് വന്നാൽ മതി…” “ഇതിപ്പോ നിൻ്റെ പപ്പ വരുന്നതിന് മുൻപ് നാട്ടുകാര് നന്മളെ പിടിച്ച് കെട്ടിക്കും എന്നാ തോന്നുന്നത്.” “റോണിച്ചാ മറക്കല്ലേ വരണം ഞാൻ കാത്തിരിക്കും.” “ആ നീ ഫോൺ വെച്ചേ ഞാൻ എങ്ങനേലും ചാടാൻ പറ്റുവോന്ന് നോക്കട്ടെ…”

സമയം പാതിരാ പന്ത്രണ്ട് വീട്ടിൽ താഴെ ആളനക്കം ഒന്നും കേൾക്കാനില്ല. രണ്ടും കൽപ്പിച്ച് ഞാൻ കട്ടിലേന്ന് താഴെ ഇറങ്ങി. പതിയെ ഫ്രൻ്റ് ഡോറിൻ്റെ പാതി തുറന്ന് മുറ്റത്തേക്കിറങ്ങി. ജീപ്പ് എടുത്താലും ബുള്ള് എടുത്താലും അപ്പൻ അറിയും. അതുകൊണ്ട് നേരെ വെച്ചു പിടിച്ചു അവളുടെ വീട്ടിലേക്ക് കാൽനടയായി.

ഡെന്നീസേട്ടൻ്റെ വീട് കഴിഞ്ഞാൽ പിന്നെ സേഫാ…അവിടെ ഒരു കുരുത്തം കെട്ട ഡോബർമാൻ ഉണ്ട്. കഴിഞ്ഞ തവണ എന്നെ കണ്ടതും നാട്ടുകാരെ മൊത്തം വിളിച്ചറിയിച്ചത് ഈ നാ*&%ൻ്റെ മോനാണ്. കർത്താവേ വല്ല പന്നിപ്പടക്കവും അതിൻ്റെ മൂട്ടിൽ വെച്ച് പൊട്ടിക്കേണ്ടി വരുമോ…ആ കടും കൈ നീ എന്നെക്കൊണ്ട് ചെയ്യിപ്പിക്കല്ലേ കർത്താവേ…അങ്ങിനെ ഒരു വിധത്തിൽ ഇരുട്ടിൽ തപ്പിപ്പിടിച്ച് ഞാൻ ജസീക്കയുടെ വീടിൻ്റെ അടുത്ത് എത്തി. ഇനി മതില് ചാടണം. അതിന് ബെസ്റ്റ് റോഡിൻ്റെ സൈഡിൽ ഉള്ള പോസ്റ്റിൽ കയറുന്നതാ. അതാവുമ്പോൾ പണി അൽപം കുറവുണ്ട്. ഞാൻ പോസ്റ്റ് ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ ആണ് അവിടെ ഒരു ആളനക്കം കണ്ടത്. വെള്ള മുണ്ടും വെള്ള ഷർട്ടും തലയിൽ ഒരു കെട്ടും ഈ രൂപം ഞാൻ മുൻപ് എവിടെയോ കണ്ടിട്ടുള്ള പോലെ….എന്തായാലും ഞാൻ പുള്ളിക്കാരൻ്റെ പരിപാടി എന്താന്ന് അറിയാൻ കുറച്ച് നേരം പതുങ്ങി നിന്നു.

ഇനി വല്ല കള്ളൻ ആവുമോ ? ഹേയ് അതല്ല ഇനി ജസീക്ക വെറെ ആരെങ്കിലും വിളിച്ചു കയറ്റിയോ എൻ്റെ കർത്താവേ…എൻ്റെ മനസ്സിൽ ഒരായിരം ചിന്തകൾ അലയടിച്ചു. എന്നായാലും രണ്ടും കൽപ്പിച്ച് ഞാൻ ആളെ പൊക്കാൻ തന്നെ അങ്ങ് തീരുമാനിച്ചു. വാഴത്തോപ്പിൻ്റെ പുറകിലൂടെ ചെന്ന് ഞാൻ പുള്ളിക്കാരൻ്റെ അരക്കെട്ടിലൂടെ കയറി പിടിച്ചു. “ആരാടാ അത്…? രാത്രി വാഴത്തോപ്പിൽ നിന്ന് പതുങ്ങുന്നത്.”

അയാൾ എൻ്റെ കൈകൾ അടർത്തി മാറ്റി കുതറിയോടാൻ ശ്രമിച്ചു. സർവ്വ ശക്തിയും എടുത്ത് ഞാൻ അയാളെ വാഴച്ചാലിലേക്ക് തള്ളിയിട്ടു. മുഖത്ത് കെട്ടിയ തോർത്തുമുണ്ട് ഞാൻ ബലമായി അഴിച്ചു മാറ്റി. ആ ചെറിയ നിലാവെളിച്ചത്തിൽ ആളെ തിരിച്ചതും ഞാൻ ഞെട്ടിക്കൊണ്ട് അലറി വിളിച്ചു. “അപ്പാ…” “മോനെ റോണീ ” “അപ്പാ അപ്പനെന്താ ഈ അസമയത്ത് ഇവിടെ….?”

അപ്പൻ നിന്ന് പരുങ്ങാൻ തുടങ്ങി. “അത് പിന്നെ ആ എടാ എനിക്ക് ഒരു ചെറിയ പനിക്കോള് അപ്പോൾ കുറച്ച് പനി കൂർക്ക പറിക്കാൻ ഇറങ്ങിയതാ….” “ഈ നട്ട പാതിരായ്ക്കോ?” “അതെടെ മോനെ സത്യം.”

അപ്പോഴേക്കും ജസീക്കയുടെ വീടിൻ്റെ പുറക് വശത്തെ ലൈറ്റ് തെളിഞ്ഞു.”സത്യം പറ അപ്പൻ മേരീ ആൻ്റിയെ കാണാൻ വന്നതല്ലേ. എൻ്റെ പൊന്നപ്പാ ജസീക്ക അപ്പൻ്റെ മോളാണെന്ന് മാത്രം പറയല്ലേ…കഴിഞ്ഞ നാല് വർഷം ആയിട്ട് ഞാനും അവളും നല്ല കട്ട പ്രണയിത്തിലാണ്…” “ഫാ…ഒന്ന് പോയെടാ അവിടുന്ന് ഞാൻ അതിനൊന്നും വന്നതല്ല.”

പിന്നെ…?” അപ്പോൾ തന്നെ ജസീക്കയുടെ വീടിൻ്റെ തൊട്ടടുത്തുള്ള ശാന്തേച്ചിയുടെ അടുക്കളപ്പുറത്തെയും ലൈറ്റ് തെളിഞ്ഞു. “അപ്പാ അപ്പോ ഇവടെയാണ് അപ്പന് എക്കൗണ്ട് അല്ലേ…” “പൊന്നുമൊനെ പറ്റിപ്പോയി. ഇത് നിൻ്റെ അമ്മച്ചി അറിഞ്ഞാൽ അന്ന് തീർന്നു….” “എന്നാലും എൻ്റെ അപ്പാ ഇത് ഞങ്ങളോട് വേണാർന്നോ?” “അമ്മച്ചിയോട് പറയല്ലേടാ…” “ഓക്കെ ഞാൻ പറയില്ല പക്ഷേ ജസീക്കയെ അപ്പൻ എനിക്ക് കെട്ടിച്ച് തരണം സമ്മതിച്ചോ?” “ആ സമ്മതിച്ചു. നീ വേഗം വാ ഇല്ലേൽ ഇനി നാട്ടുകാര് ഇളകും.”

“ആ പോകാൻ വരട്ടെ നേരം വെളുത്താൽ അപ്പൻ വാക്കു മാറിയാലോ? അപ്പനെ എനിക്ക് അറിഞ്ഞൂടെ….” വാഴത്തോപ്പിൽ ചാരി നിർത്തി അപ്പൻ്റെ ഒരു ഫോട്ടോ ഞാൻ എൻ്റെ മൊബൈലിൽ എടുത്തു. “ഇനി വാ നന്മുക്ക് വീട്ടിലേക്ക് പോകാം നടക്ക്.”

വീടിൻ്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് കാലെടുത്ത് വെച്ചതും അമ്മച്ചി വീടിൻ്റെ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്. “കർത്താവേ…ത്രേസ്യാമ്മ…” “അപ്പാ അപ്പൻ തീർന്നു.” “നട്ടപാതിരായ്ക്ക് രണ്ടും കൂടി എവിടെ പോയി നിരങ്ങിയേച്ചും വരുവാ…?” “അമ്മച്ചീ നന്മുടെ തോട്ടത്തിൽ ഈയിടെ ആയി നല്ല കാട്ടുപന്നീടെ ശല്യം ഒന്ന് വെടിവെയ്ക്കാൻ ഇറങ്ങിയതാ പക്ഷേ ജസ്റ്റ് മിസ്സ് അല്ലേ അപ്പാ…” “നട്ടപാതിരായ്ക്ക് നിന്ന് കിന്നാരം പറയാതെ കുളിച്ച് പോയി കിടക്കാൻ നോക്കെടാ…”

അപ്പൻ കർവിച്ച് അകത്തോട്ട് കയറിപ്പോയി ഒരു വിധത്തിൽ ഞാൻ അമ്മച്ചിയോട് കള്ളം പറഞ്ഞ് സംഭവം റെഡിയാക്കി. പറഞ്ഞ പോലെ തന്നെ അപ്പൻ വാക്ക് പാലിച്ചു. പള്ളിപ്പെരുന്നാളിന് മുന്നേ തന്നെ എൻ്റെയും ജസീക്കയുടേയും വിവാഹം അപ്പൻ നടത്തി തന്നു. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞു കൊണ്ട് ഒരാഴ്ച പാറേൽ പള്ളിയില് ധ്യാനവും കൂടി വന്നു. എന്നിട്ടോ ഇവടൊന്നും തീർന്നില്ല അപ്പൻ്റെ ലീലാവിലാസങ്ങൾ…

മാസം നാല് കഴിഞ്ഞ് ജസീക്ക വാള് വെയ്ക്കുന്നതിന് മുൻപേ അമ്മച്ചീ ഒന്നു കൂടി വാള് വെച്ചു അതും വീടിൻ്റെ നടുമുറ്റത്ത് തന്നെ ഒരു ഒന്നൊന്നര വാള്….ഹാ, അപ്പനാണപ്പാ യദാർത്ഥ അപ്പൻ. അപ്പൻ്റെ പ്രായത്തിൽ ഞാനും ഇതുപൊലൊരു അപ്പനായാൽ മതിയായിരുന്നു, അതാണപ്പാ ഇപ്പോഴത്തെ എൻ്റെ ഏറ്റവും വലിയ പ്രാർത്ഥന. എൻ്റെ പൊന്നു ഗീവർഗീസ് പുണ്യാളാ മിന്നിച്ചേക്കണേ….