മാധു – എഴുത്ത്: മീനാക്ഷി
“പച്ച പൊട്ടു വെക്കണോ ചുവന്ന പൊട്ടു വെക്കണോ….” ഓരോ പൊട്ടും എടുത്തു വെച്ചുകൊണ്ടവൾ കണ്ണാടിയിൽ നോക്കി ചിരിച്ചു. അതിലെ ചുവന്നു തുടുത്ത പ്രതിബിംബത്തെ നോക്കി കണ്ണ് ചിമ്മി. കണ്ണാടി മുഖത്തേക്കടുപ്പിച്ചു ഒരുമ്മ കൊടുത്തു. പിന്നെ പാവാടതുമ്പുയർത്തി അതമർത്തി തുടച്ചു. വീണ്ടും നോക്കി കണ്ണ് ചിമ്മി ചിരിച്ചു.
“എവളവ് നേരമാച്ചു കണ്ണാടി പാത്ത് മേക്കപ്പ് പന്നീട്ടു. പോറെയ ഇല്ലെ രണ്ട് പോടട്ടാ…” “ഇതോ പോയിട്ടേ….” എന്നു പറഞ്ഞുകൊണ്ടവൾ കയ്യിലിരുന്ന കണ്ണാടി ചുവരിലെ തകരഷീറ്റിന്റെ വിണ്ട്നീണ്ടിരുന്ന ഭാഗത്ത് കൊളുത്തിയിട്ടു. എന്നിട്ട് താഴെ കുട്ടയിൽ വെള്ളം തളിച്ചു വെച്ചിരുന്ന മുല്ലപ്പൂമാലകൾ കുനിഞ്ഞെടുത്ത് ഒരു കയ്യിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ പാഠപുസ്തകങ്ങളും മറുകൈയ്യിൽ പൂക്കളുമായി പുറത്തേക്കിറങ്ങി നടന്നു.
എന്നത്തേയും പോലെ ആ റെയിൽവേ കോളനി ഇന്നും തിരക്കിലായിരുന്നു. തേപ്പ് വണ്ടികളിൽ തേപ്പ് പെട്ടിയും ചിരട്ടകനലും മറ്റു സമഗ്രികളുവെച്ചു തള്ളിക്കൊണ്ട് മന്ദം മന്ദം നീങ്ങുന്നു ചിലർ. മണ്വെട്ടിയും സിമന്റ് ചട്ടിയും കോരികളുമായി വേഗത്തിൽ നടക്കുന്നു മറ്റു ചിലർ. പ്ലാസ്റ്റിൽ കുട്ടകളിൽ അരിവാളുമായി ചില സ്ത്രീകൾ. കുടിലിന് മുന്നിൽ പാതി മുറിച്ച പ്ലാസ്റ്റിക് കുപ്പികൊണ്ട് വെള്ളം കോരി കുളിക്കുന്ന ചില ചെറിയ വലിയ കുട്ടികൾ. ഇടതുഭാഗത്തെ റെയിൽവേപാളത്തിലൂടെ ഒരു ട്രെയിൻ വേഗത്തിൽ കടന്ന് പോകുന്നുണ്ട്. കുടിലുകളുടെ പിൻഭാഗത്തായി ബോഗികൾ എണ്ണിക്കൊണ്ടു നിൽക്കുന്ന അല്പവസ്ത്രധാരികളായ കുറച്ചു കുട്ടികൾ. ചെറിയ ഒരു ആണ്കുട്ടി ദൂരെ മാറി വെളിക്കിരിക്കുന്നു. മാധു അവനെക്കണ്ട് ചിരിച്ചു.
“ഛീ…ദുരൈ ട്രൗസർ പോടലെ…” അത് കണ്ട കുട്ടി നാണത്തോടെ വേഗത്തിൽ എഴുന്നേറ്റ് കുടിലനകത്തേക്ക് ഓടി. ചിരിയോടെ അവൾ മുന്നോട്ട് നടന്നു.
ഓർമ്മവെച്ച കാലം മുതൽ മാധു ഇവിടെയാണ് ജീവിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ഇവിടേക്ക് കുടിയേറിപാർത്തതാണ് അവരെന്നു അവർക്കറിയാം. അവൾ മാത്രമല്ല ഇവിടെയുള്ള ഭൂരിഭാഗം പേരും അങ്ങിനെ തന്നെയാണ്. ജീവിക്കാൻ വേണ്ടി നാട് വിട്ടു വന്നവർ. ഒടുവിൽ ഇവിടെത്തന്നെ വേരുറച്ചു പോയവർ. അവൾക്ക് അമ്മ മാത്രമേയുള്ളു. അച്ഛൻ ആരെന്ന് അവൾക്കറിയില്ല. ചോദിച്ചിട്ടുമില്ല. പല തവണ നാവിൻതുമ്പുവരെ എത്തിയ ആ ചോദ്യം അമ്മയുടെ മുഖം കാണുബോൾ എന്തോ അലിഞ്ഞു പോകും. ദേവീക്ഷേത്രത്തിന് മുന്നിൽ പൂക്കച്ചവടമാണ് അമ്മ മാധവിക്ക്. സ്കൂളിൽ പോകും മുന്നേ ഒൻപത് മണി വരെ അവളും ക്ഷേത്രത്തിന് മുന്നിലെ മുക്കിൽ നിന്നും മുല്ലമാലകൾ വിൽക്കും. തീർത്തിട്ടൊടുവിൽ ഓടി ലാസ്റ്റ് ബെല്ലിന് മുന്നേ ക്ലാസ്സിൽ കയറും.
“മാധു…ഞാനും വരുത്…” കയ്യിൽ കുറച്ചു മുല്ലപ്പൂക്കളുമായി സുമതിയും അവളോടൊപ്പം നടന്നു. സുമതിയുടെ അമ്മയ്ക്കും പൂക്കച്ചവടമാണ്. ഇരുവരും ഒന്നിച്ചാണ് രാവിലത്തെ കച്ചവടവും സ്കൂളിലേക്കുള്ള ഓട്ടവും എല്ലാം. “നീ വല്ലതും പഠിച്ചോ…? ഇന്നയ്ക്ക് കണക്ക് പരീക്ഷയുണ്ട്.” “അയ്യോ…ഞാൻ ബുക്ക് തൊറന്നതെയില്ല. വരെ വരെ ക്ലാസിൽ പോകവെ പുടിക്കലെ എല്ലാരും പൂക്കാരി പൂക്കാരി എന്നു വിളിച്ചു കളിയാക്കുവാ.” “വിട് മാധു…എതുക്ക് അതെല്ലാം കേക്കപോറെ. നമ്മ പഠിച്ചു വലിയ ആളാകും. ജോലിയെടുത്ത് കാറ്, ബംഗ്ലാന്ന് സമ്പാദിക്കും. അപ്പൊ ഇപ്പൊ ഈ കളിയാക്കുന്നവർ ഒക്കെ നമ്മുടെ മുന്നിൽ വന്നു കൈ നീട്ടും നീ പാര്.”
“ഉവ്വ്.. അതൊക്കെ ഇനി എപ്പോ. ഞാൻ പാസ്സ് ആകുന്നത് തന്നെ പെരിയ വിഷയം. നീ നോക്കിക്കോ. സിനിമാലെ വരുന്ന മാതിരി ഒരു വലിയ പണക്കാരൻ എന്നെ പ്രേമിച്ചു കല്യാണം കഴിക്കും. പൂച്ചക്കണ്ണുള്ള രാജകുമാരൻ. ദേവി ഏൻ കൂടെ ഇരുക്കും.”
“ആമാ…ഞാൻ എന്നും പൂകൊടുക്കുന്ന ഒരു അമ്മയില്ലേ. ലക്ഷ്മിയമ്മ. ആ അമ്മയെ കുറെ ദിവസമായല്ലോ കണ്ടിട്ട്….”
“ശരിയാ…ഏതാവത് അസുഖമായിരിക്കും. വരുവായിരിക്കും. നീ അവങ്കള്ക്കാക പൂ മാറ്റി വെച്ചേക്കു…”
***********************
ചുവരിൽ പതിപ്പിച്ച അമ്മയുടെ ചിരിക്കുന്ന മുഖത്തേക്ക് വിങ്ങുന്ന മനസ്സുമായി നോക്കിയിരിക്കുകയായിരുന്നു മിഥുൻ. ഒരിക്കലും വിചാരിച്ചില്ല അമ്മയിത്ര പെട്ടെന്നു, ഒരസുഖവും ഉണ്ടായിരുന്നില്ല. ഒരാഴ്ച മുന്നേ വിളിച്ചപ്പോൾ പോലും ഒരുപാട് ഉന്മേഷത്തോടെയാണ് അമ്മ സംസാരിച്ചത്. അമ്മയില്ലാത്ത വീട്. ഇനിയിത് എങ്ങിനെ ഒരു വീടാകും. അവന്റെ കണ്ണ് നിറഞ്ഞൊഴുകി.
തോളിൽ ആരുടെയോ കരസ്പര്ശമേറ്റവൻ കണ്ണുതുടച്ചുകൊണ്ട് തിരിഞ്ഞു. ചേച്ചിയാണ് മേഘ….”മിഥുൻ…ഇറങ്ങുവായി ഞാൻ.” “ഉം…എയർപോർട്ട് വരെ ഞാനും വരാം.” “വേണ്ട. രവി കൊണ്ടുവന്നു വിട്ടോളും. പിന്നെ…ഈ അവസ്‌ഥയിൽ ഒരു യാത്രയയപ്പ് എനിക്ക് വയ്യ. കുറച്ചു നാൾ കൂടി നിന്റെയും അച്ഛന്റെയും ഒപ്പം നിൽക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടില്ല. അറിയാമല്ലോ. ഏട്ടന്റെ ജോലി. മക്കളുടെ പഠനം. പോയേ തീരു ഞാൻ.” “സാരല്യ ചേച്ചി. എനിക്ക് മനസ്സിലാകും. പതിയെ സാഹചര്യവുമായി ഞങ്ങൾ പൊരുത്തപ്പെടുമായിരിക്കും. ചേച്ചി പോയി വാ….”
“ഇവിടെ ദേവി ക്ഷേത്രത്തിൽ അമ്മയ്ക്കൊരു വഴിപാടുണ്ട്. നിന്നോട് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. നിനക്ക് വേണ്ടി നേർന്നതാണ് അമ്മ. നാല്പത്തഞ്ചു ദിവസം ദേവിക്ക് മാല ചാർത്തണം. പൂർത്തിയാക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. നീ ചെയ്യണം മിഥുൻ. ഒന്നും ഇവിടെ ബാക്കി വെച്ചുകൊണ്ട് അമ്മ യാത്രയാകരുത്.” “ചെയ്യാം. അമ്മയ്ക്കുവേണ്ടി ഇനി ചെയ്യാൻ എനിക്ക് ഇതെങ്കിലും ഉണ്ടല്ലോ.” “ശരി. യാത്ര പറയുന്നില്ല. ചെന്നിട്ട് വിളിക്കാം. അച്ഛനെ….അച്ഛനെ നോക്കണം…തളർന്നു പോകാതെ താങ്ങി നിർത്തണം…” വാക്കുകൾ തൊണ്ടക്കുഴിയിൽ ഉടക്കി, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി മേഘ മിഥുന്റെ നെറുകയിൽ ഒരു നിമിഷം തലോടി. എന്നിട്ട് ബാഗുമെടുത്ത് പുറത്തേക്ക് നടന്നു. നനഞ്ഞ കണ്ണുകളുമായി അവൻ അത് നോക്കി നിന്നു.
********************
“അമ്മാ എനിക്കൊരു മൊബൈൽ ഫോണ് വാങ്കി തരെയ…” അടുപ്പിലെ കനലിൽ ആഞ്ഞൂതിയതും കണ്ണിൽ പോയ ചാരം വലതു കൈകൊണ്ട് തുടച്ചിട്ട് മാധവി അവളെ രൂക്ഷമായി നോക്കി. “പഠിക്കറ വയസ്സിലെ മൊബൈൽ പോണ് ഒരു കേട്.” “എത കേട്ടാലും ഇപ്പടി താനെ സൊൽറെ…ഏതാവത് വാങ്കി കുടുക്കറെയ.” “അടി സെറുപ്പാലേ…” എന്നു പറഞ്ഞു മാധവി ചെരുപ്പ് കയ്യിൽ എടുത്തതും മിന്നൽ വേഗത്തിൽ മാധു ഇറങ്ങി പുറത്തേക്കോടി. പിറകെ പറന്നു വന്ന ചെരുപ്പ് തകരവാതിലിൽ ഇടിച്ചു നിലത്തേക്ക് വീണു. ഉച്ചത്തിൽ ചിരിച്ചുകൊണ്ടവൾ വഴി വിളക്കിന് കീഴിൽ പാഠപുസ്തകം നിവർത്തി വെച്ചിരിക്കുന്ന സുമതിയുടെ അടുത്തേയ്ക്ക് വന്നിരുന്നു.
“എന്നടി.. ചിരിക്കുനേ…” “മൊബൈൽ വാങ്ങി തരാൻ അമ്മാ കിട്ടെ കേട്ടെ. സെരുപ്പാലെ വാങ്ങിയേനെ. ഞാൻ ഓടി രക്ഷപ്പെട്ടു.” “നിനക്ക് വേറെ ജോലിയില്ലേ…പോയി വല്ലതും പഠിക്ക്…” “നിനക്ക് വേറെ ജോലിയില്ലേ…എപ്പോ നോക്കിയാലും പടി പടി…” “പിന്നെ നിന്നെപോലെ നടക്കാത്ത സ്വപ്നം കണ്ടോണ്ട് ഇരിക്കണോ ഞാനും…”
“വേണ്ട..പണക്കാരൻ എന്നെയാണ് പ്രേമിക്കുക. നിന്നെയല്ല. ഏനാ ഞാൻ വെള്ള നീ കറുപ്പ്. അപ്പൊ നാൻ താൻ സ്വപ്നം കാണണും. ഞാനും എന്റെ രാജകുമാരനും ഉലകം മുഴുവൻ കറങ്ങും. ഹു…” “ഹും…”
*****************************
“രവി…കാറിനുള്ളിൽ ഇരുന്നു സിഗരറ്റ് വലിക്കരുതെന്ന് തന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട്.” “സോറി സർ. ഇനി ആവർത്തിക്കില്ല…” രവി വല്ലായ്മയോടെ തല ചൊറിഞ്ഞു. “ഇനിയൊരുവട്ടം ഇത് പറയില്ല. ആ ഫ്രഷ്‌ണർ ഓണ് ചെയ്യ്. ഇതിനകത്ത് ഇരിക്കാൻ വയ്യ.”
“എങ്ങോട്ടാ സർ…” “ദുർഗ്ഗാ ദേവി ടെമ്പിൾ…” പറഞ്ഞിട്ട് സീറ്റിൽ തല ചായ്ച്ചിരുന്നു മിഥുൻ പുറത്തേയ്ക്ക് നോക്കി. ലീവിന് വരുമ്പോൾ എല്ലാം അമ്മ ഒരുപാട് തവണ പറയുമായിരുന്നു ഒന്നിച്ചൊന്ന് ദേവിയെ തൊഴണം എന്നു. ഒരിക്കലും കഴിഞ്ഞില്ല. എന്നും ഓരോരോ തിരക്കുകൾ. എല്ലാം കഴിഞ്ഞു വന്നപ്പോഴോ…അമ്മ കൂടെയില്ല. ഒരിക്കലും മനസ്സിൽ പോലും ചിന്തിക്കാത്ത ഒന്നാണ് അമ്മയുടെ മരണം. ആരും ആ ഒരു നിമിഷം ജീവിതത്തിൽ സംഭവിക്കാൻ ആഗ്രഹിക്കില്ല.
“എത്തി സർ…ദാ ആ കുട്ടിയുടെ കയ്യിൽ നിന്നാണ് അമ്മയെന്നും പൂ വാങ്ങുക…” രവി കൈ ചൂണ്ടിയിടത്തേയ്ക്ക് മിഥുൻ ഒന്ന് നോക്കി. സ്കൂൾ യൂണിഫോമിട്ട ഒരു പെണ്കുട്ടി മുല്ലപ്പൂമാലകൾ വലതുകൈയ്യിൽ ഉയർത്തിപിടിച്ചു ‘പൂമാല.. പൂമാല’ എന്നുച്ചത്തിൽ വിളിച്ചു പറയുന്നു. ഇരുവശത്തേക്ക് വകഞ്ഞു ഭംഗിയായി പിന്നിയിട്ട മുടി. ചുവന്ന റിബണ് ഒരു ചിത്രശലഭം പോലെ മുടിയുടെ ഇരുവശത്തും ഉയർന്നു പാറി കളിക്കുന്നു. കാറിൽ നിന്നിറങ്ങി മിഥുൻ അവളുടെ അടുത്തേക്ക് നടന്നു. “പൂമാല..പൂമാല..സാർ..പൂമാല വേണോ സാർ..” അവൻ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു അതിൽ നിന്നും ഒരു നോട്ടെടുത്ത് അവൾക്ക് നേരെ നീട്ടി. അഞ്ഞൂറിന്റെ നോട്ട് കണ്ടതും അവൾ പകച്ചു അവനെ നോക്കി.. “ചില്ലറയില്ല സാർ..ഇരുപത് രൂപ ചില്ലറ കുടുങ്ക…” “സാരല്യ..എനിക്ക് ഒരു മുപ്പത് ദിവസത്തെ വഴിപാടുണ്ട്..ഡെയിലി വേണം മാല..സോ..ബാക്കി വേണ്ട..ഡെയിലി മാല തന്നാൽ മതി…”
‘ഡെയിലി മാല..ഇരുപത് രൂപ വെച്ചു മുപ്പത് ദിവസം..കടവുളേ കണക്ക് തെരിയലിയെ..എത്രയാകും..അപ്പുറമാ കൂട്ടലാം. ഇപ്പൊ മാല ഓ കൊടുത്തു പറഞ്ഞു വിടാം. ദൈവമേ ഇന്ത ആള് കണക്ക് കേക്കല്ലേ..’ അവൾ മനസ്സിൽ ഓർത്തു.”ഒക്കെ സാർ…ഇതാ മാല…”
“ന്റെ പേര് മിഥുൻ…സാർ എന്നു വിളിക്കണ്ട കേട്ടോ…” പറഞ്ഞിട്ടവൻ മാല വാങ്ങി പടി കയറി അമ്പലത്തിനകത്തേയ്ക്ക് കയറിപ്പോയി. “മാധു…നിന്റെ സ്വപ്നത്തിൽ വരും പോലെ പൂച്ചകണ്ണ് ദേ ആ അണ്ണനുണ്ട്. അന്ത കാർ കണ്ടോ….അതിലാ വന്തത് പണക്കാരൻ.” സുമതി പറഞ്ഞു. “അന്ത കാറാ….അത് ലക്ഷ്മിയമ്മ വരുന്ന കാറല്ലെ. ഇവർ ലക്ഷ്മിയമ്മയുടെ ആരായിരിക്കും. വരുമ്പോ ചോദിക്കാം.”
പുറത്തേക്കിറങ്ങി ചെരുപ്പിടുന്ന മിഥുനരികിലേക്ക് പതിയെ അവൾ നടന്നു ചെന്നു. “ലക്ഷ്മിയമ്മയുടെ ആരാ….” ഒരു പതർച്ചയോടെ അവൻ തിരിഞ്ഞു നിന്നു. പിന്നെ പതിയെ പറഞ്ഞു…”മകനാണ്…” “ഓ…വെളിനാട്ടിൽ ഉണ്ടെന്നു പറഞ്ഞ…” അവൻ തലയാട്ടി. “ലക്ഷ്മിയമ്മ വന്നില്ലേ….” അവന്റെ കണ്ണ് നിറഞ്ഞു. “അമ്മ…അമ്മ..പോയി..ഒരാഴ്ചയായി..ഹാർട്ട് അറ്റാക്ക്..” വല്ലായ്മയോടെ അവൾ നിന്നു. ലക്ഷ്മിയമ്മ മരിച്ചുവോ. അറിഞ്ഞില്ല. ആരും പറഞ്ഞില്ല. നിറഞ്ഞ കണ്ണുകളോടെ മിഥുൻ പടിയിറങ്ങിപോയി.
സുമതി ഓടി അവൾക്കരികിൽ എത്തി.”എന്തു പറഞ്ഞു….” “ലക്ഷ്മിയമ്മ ഇറന്തിട്ടാങ്ക ടി..ഇത് അവരുടെ മകനാണ്…” “അപ്പടിയ..ഇവരാണോ…വെളിനാട്ടിൽ ഉണ്ടെന്നു അമ്മ പറഞ്ഞ മകൻ. അപ്പൊ ലക്ഷങ്ങൾ ഉണ്ടാകുമല്ലോ സമ്പാദ്യം. ഉൻ രാജകുമാരനുക്കാണ എല്ലാ പൊരുത്തവും ഉണ്ടല്ലോ…” “ഛീ.. പോടി…” നാണത്തോടെ മാധു ഓടി.
*********************
“ഇന്നയ്ക്ക് മേക്കപ്പ് കൂടുതലാണല്ലോ. രാജകുമാരനെ കാണിക്കാൻ അല്ലെ.” “ചുമ്മ സോല്ലാതെ സുമതി. ഞാൻ എന്നത്തേയും പോലെയാണ് വന്നത്.” “അതോ വന്നു നിന്റെ പണക്കാരൻ. റൊമ്പ അഴകാ ഇറുക്ക്. ഇല്ലെടി.” “കണ്ണ് വെയ്ക്കാതെടി.”
ഒരു ചിരിയോടെ മിഥുൻ അവളെ നോക്കി. ഹോ..ഹൃദയം പിടിവിട്ടെങ്ങോ പറന്നു പോകുന്നത് പോലെ. യാന്ത്രീകമായി അവൾ മുല്ലപ്പൂക്കൾ അവനു നേരെ നീട്ടി. അവനത് കയ്യിൽ വാങ്ങവെ അവന്റെ വിരലുകൾ അവളുടെ വിരലിൽ പതിയെ തട്ടി. ആകെ കുളിരുകോരിയവൾ കൈ പിൻവലിച്ചു. അവൻ നടന്നു നീങ്ങിയതറിയാതെ സ്വപ്നലോകത്ത് മുങ്ങി അവളങ്ങനെ നിന്നു. “മാധു..ഏയ് മാധു..അവർ പോയി റൊമ്പനേരമാച്ചു…” സുമതി അവളെ തട്ടിയുണർത്തി ഉണർന്നയവൾ നാണത്തോടെ കണ്ണു പൊത്തി.
*******************************
“എന്റെ പേര് മാധുളൈ. എല്ലാരും എന്നെ മാധു എന്നു വിളിക്കും.” “മാധുളയോ….അതെന്തു പേര്..” “മാധുളൈ എന്നു വെച്ചാൽ…ഒരു പഴമില്ലേ..ഉള്ളിൽ ഒക്കെ ചുവന്ന ചെറിയ ചെറിയ..ജ്യൂസ് ഒക്കെ ഉണ്ടാക്കി കുടിക്കുന്ന ഒരു പഴം…” “അതേത് പഴം..” “എന്തെങ്കിലും ആകട്ടെ. നീങ്ക എന്നെ മാധുന്ന് വിളിച്ചാൽ മതി.” “ഉം..ഓക്കെ…മാധു..മാല താ…” “നീങ്ക ഇനി എപ്പോഴാ തിരിച്ചു പോകുന്നേ വെളിനാട്ടുക്ക്…” “ഇനി പോകുന്നില്ല. അച്ഛൻ ഇവിടെ ഒറ്റയ്ക്കാണ്. ഇവിടെ ഒരു ജോലിയ്ക്ക് കയറി.” “ഓ…” “ഓക്കെ ഓക്കേ…മാധു എന്താ ചെയ്യുന്നേ…” “ഞാൻ പഠിക്കുവാ…പത്താം ക്‌ളാസ്.” “ഓ..പബ്ലിക് എക്സാം എഴുതാൻ പോവുകയാണ് ല്ലെ…നന്നായി പഠിക്കണം. പൂവുംകൊണ്ടു ഇങ്ങനെ നിന്നാൽ മാത്രം പോര കേട്ടോ…”
“ഞാൻ നന്നായിട്ട് പഠിക്കും. എന്നാലല്ലേ ഉങ്കളമാതിരി ഒരു നല്ല ആളെ കല്യാണം കഴിക്കാൻ പറ്റു…” ആശ്ചര്യത്തോടെ അവളെ ഒന്ന് നോക്കിയിട്ട് മിഥുൻ പൊട്ടിച്ചിരിച്ചു.”എനക്ക് ഉങ്കളോടെ പൂച്ചകണ്ണ് റൊമ്പ പുടിക്കും.”
ചിരിയോടെ അവൻ നടന്നു വന്ന് കാറിൽ കയറി. “എന്താ സാർ ചിരിക്കുന്നത്…” രവി ചോദിച്ചു. “ഹേയ്. ഒന്നൂല…” അത് പറഞ്ഞിട്ടവൻ വീണ്ടും ചിരിച്ചുകൊണ്ടിരുന്നു. “ലക്ഷ്മിയമ്മ പോയതിന് ശേഷം സാർ മനസ്സ് തുറന്നൊന്ന് ചിരിച്ചു കാണുന്നത് ഇപ്പോഴാണ്…” “രവി..ആ കുട്ടി പറയാ എന്റെ കണ്ണ് വലിയ ഇഷ്ടമായെന്നു…പിന്നെ…എന്നെപോലെ ഒരാളെ കല്യാണം കഴിക്കണമെന്ന്…അത് കേട്ട് ചിരിച്ചതാണ് ഞാൻ.”
“ആ..പൂക്കാരിക്കുട്ടിക്കോ…” കാർ റിവേഴ്‌സ് എടുക്കവേ കണ്ണാടിയിലൂടെ രവി അവളെ ഒന്നുഴിഞ്ഞു നോക്കി.
**********************
“ഡെയ് സുമതി….നിനക്കൊരു വിഷയം അറിയോ….ആരോടും ചൊല്ലകൂടാത്…” “എന്ന….” “ഇത് പാത്തെയാ…” പിന്നിൽ ഒളിപ്പിച്ചിരുന്ന ഒരു പൊതി സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ മാധു തുറന്നു കാണിച്ചു.
“മൊബൈലാ…” “ശ്യോ…കത്താതെ..” അവൾ സുമതിയുടെ വായ് പൊത്തി. “അമ്മയറിഞ്ഞാൽ എന്നെ കൊല്ലും…” “എവിടെന്ന….നിനക്കിത്.” “അവർ കുടുത്താറ്…” അവളുടെ മുഖം നാണത്താൽ ചുവന്നു. “മിഥുൻ സാറാ….” “ഉം..ഇപ്പൊ ഡെയ്‌ലി ഇതിൽ സംസാരിക്കുന്നുണ്ട് ഞങ്ങൾ.” “പക്ഷെ മാല വാങ്ക വരുമ്പോ അങ്ങനെയൊന്നും കാണുന്നില്ലല്ലോ…”
“അതൊ. എല്ലാരും ഉള്ളത് കൊണ്ടാ, വെളിലെ ഒന്നും കാട്ടക്കൂടാത് എന്നെന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. നിന്നോട് ആയത് കൊണ്ട് ഇപ്പൊ ഞാൻ പറഞ്ഞതാ….” “സരി സരി..നടത്ത് നടത്തു…”
**********************
ഭക്ഷണം കഴിക്കാനിരുന്നപ്പോഴേ മകന്റെ മുഖത്തെ ഗൗരവം വാസുദേവൻ ശ്രദ്ധിച്ചു. ദേഷ്യമാവും….ലക്ഷ്മി ഉണ്ടായിരുന്നിടത്തോളം മക്കളുടെ ഒരു കാര്യവും അറിയണ്ടായിരുന്നു എനിക്ക്. എല്ലാം ഒരു നയത്തോടെ അവൾ കൈകാര്യം ചെയ്യുമായിരുന്നു. “നീയെന്തിനാണ് ദേഷ്യം പിടിച്ചിരുന്നു ആഹാരം കഴിക്കുന്നത്.” “എനിക്ക് ദേഷ്യം ഒന്നുമില്ല. പക്ഷെ…ഞാൻ പറഞ്ഞ കാര്യത്തിന് അച്ഛൻ ഇപ്പോഴൊരു തീരുമാനം പറയണം.” “അത് നടക്കില്ല…അക്കാര്യത്തിന് വേണ്ടി നീയെന്നോട് വാശി പിടിക്കണ്ട മിഥുൻ..” “കാര്യം എന്താണെന്ന് പറയ്…അവളുടെ ജാതി, മതം, കുടുംബം ഇവയൊഴികെ മറ്റെന്തെങ്കിലും കാരണമുണ്ടോ അച്ഛന് പറയാൻ…”
“നീ ഈ പറഞ്ഞ മൂന്നും ഒരു വലിയ കാര്യമായിരിക്കില്ല നിനക്ക്. എന്നാൽ എനിക്ക് അങ്ങിനെയല്ല. ഈ വീട്ടിൽ മരുമകളായി വന്ന് കയറേണ്ട പെണ്കുട്ടിക്ക് മിനിമം വേണ്ട യോഗ്യതകൾ ഉണ്ട്. അതിൽ കുറഞ്ഞതൊന്നും ഇനി എത്ര വാശി പിടിച്ചാലും നടക്കാൻ പോണില്ല…”
“എനിക്കാരുടെയും സമ്മതം വേണ്ട. അമ്മയ്ക്കറിയാം എല്ലാം. അമ്മയ്ക്കവളെ ഇഷ്ടവുമാ….എനിക്കറിയാം. അമ്മയുടെ അനുഗ്രഹം എനിക്കുണ്ടാകും. അത് മതി….” “മിഥുൻ…നിനക്ക് ഇഷ്ടമുള്ള ജീവിതം നിനക്ക് തിരഞ്ഞെടുക്കാം. പക്ഷെ എന്റെ ഇഷ്ടം മാനിക്കാതെയാണ് നിന്റെ തീരുമാനം എങ്കിൽ പിന്നെ നിനക്ക് ഈ അച്ഛൻ ഉണ്ടാകില്ല…” ഭക്ഷണം പാതി വെച്ചവസാനിപ്പിച്ചു അസഹനീയതയോടെ അവനെഴുനേറ്റു കൈ കഴുകി
*************************
|സുമതി….നാളേക്ക് നാങ്ക ഈ ഊരു വിട്ട് ഓടിപോകുവാ…” “എന്നത്…ഓടിപോറെയ നിന്റെ അമ്മയോട് ആരു ഉത്തരം പറയും.” “അമ്മാവ്ക്ക് അപ്പുറം പുരിയവെക്കലാം. ഇപ്പൊ പോയില്ലെങ്കിൽ ഇതൊന്നും നടക്കില്ല. അവർ വീട്ടിൽ പ്രശ്നം അവരാരും സമ്മതിക്കുന്നില്ല…” “അതുക്കു ഇതാണോ വഴി. നമ്മ എക്സാം കൂടെ ഇന്നും മുടിയലെ.” “പാസ്സ് ചെയ്തിട്ട് എന്ത് ചെയ്യാനാണ് ഞാൻ. എനക്ക് അവർ താൻ മുഖ്യം. അവർ വിളിച്ചാൽ ഞാൻ പോകും. ഉറപ്പാ…നീ ആരോടും പറയാതെ ഇരുന്നാൽ മാത്രം മതി. പ്ലീസ് ടി…” “എനക്ക് ഭയമാ ഇറുക്ക് മാധു…” “ഭയക്കാൻ ഒന്നുമില്ല. അവർ റൊമ്പ നല്ല ആള്. എന്ന നല്ലാ നോക്കും…”
***********************
“അച്ചാ…രവി എവിടെ…?”
“അവൻ നാട്ടിൽ പോവുന്നെന് പറഞ്ഞു പോയതാണ്. മൂന്ന് ദിവസമായി. എന്തോ അത്യാവശ്യമുണ്ട് പോലും…”
“എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…”
“അതിന് നീ ടൂർ ഒക്കെ കഴിഞ്ഞു ഇപ്പോഴല്ലേ വന്നത്. ശരി നീയിപ്പോ എങ്ങോട്ടാണ്….?”
“ക്ഷേത്രത്തിൽ…ഇനിയിപ്പോ ഞാൻ ഡ്രൈവ് ചെയ്യാം. വേറെ എന്താണ് ചെയ്യുക.”
*****************************
ക്ഷേത്രത്തിൽ എത്തിയ മിഥുൻ മാധു എന്നും നിൽക്കാറുള്ളിടത്ത് അവളെ തിരഞ്ഞു. ഇല്ല. അവളവിടെ ഇല്ല….അവൻ ഇറങ്ങി അവിടെ അടുത്തുള്ള മറ്റൊരു പൂക്കടയിലേക്ക് ചെന്നു. “ഒരു മുല്ലമാല……” “ഉം.. ഇരുപത്….”
“ഇവിടെ പൂ വിൽക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നല്ലോ മാധു. ആ കുട്ടി എവിടെ…” അവൻ മാല കയ്യിൽ വാങ്ങിയിട്ട് ചോദിച്ചു.
“അന്ത പൊണ്ണേ മൂന്ന് നാള കാനോം സാർ. അത് യാർകൂടെയോ ഓടിപോയിരിച്ചുന്ന് പേസറാങ്ക…” “ഓടിപോയെന്നോ.. ആരുടെ കൂടെ…” “തെരിയാത് സാർ..അതുക്കു യാർ കൂടെയോ ലൗ…”
“ലൗവോ..അതിന് ആ കുട്ടിക്ക് പത്ത് പതിനഞ്ച് വയസല്ലേ ഉള്ളു…”
“ആമാ സാർ..ഇപ്പെല്ലാ ചിന്ന പുള്ളയ്ക താ ലൗന് സുത്തറാങ്ക…”
പതിനഞ്ച് വയസുള്ള ഒരു സ്‌കൂൾ കുട്ടി പ്രേമിച്ചു ഒളിച്ചോടി പോലും. എന്തൊക്കെയാണീ നാട്ടിൽ നടക്കുന്നത്. വേഗം തൊഴുതിറങ്ങി ഒരു മാനസീക ഭാരത്തോടെ അവൻ കാറിനകത്തേയ്ക്ക് കയറി. അതേ സമയം ആകസ്മീകമായി മിഥുനെ കണ്ട സുമതി സ്തംഭിച്ചു നിന്നു. ഇവർ ഇവിടെ ഉണ്ടല്ലോ. അപ്പൊ പിന്നെ മാധുനെ കൊണ്ടുപോയത് ആരാവും…? അവളത് ആലോചിച്ചു നിൽക്കവേ മിഥുൻ കാർ മുന്നോട്ട് എടുത്തു. ഒരു നിമിഷം സമനില വീണ്ടെടുത്ത സുമതി കാറിന് പിന്നാലെ ഓടി…
“സാർ…സാർ…കൊഞ്ചം നിറുത്തുങ്ക സാർ…” വീശയടിച്ച കാറ്റിൽ അവളുടെ ദുർബലമായ സ്വരവും പറന്നു പോയി. മിഥുന്റെ കാർ അകന്ന് അകന്ന് പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ ഓടിതളർന്ന സുമതി കുഴഞ്ഞു റോഡിൽ ഇരുന്ന് കിതച്ചു. അവന്റെ കാർ അവളുടെ നിറഞ്ഞ കണ്ണിൽ നിന്നും പതിയെ മറഞ്ഞു….