ഇനി ഞാൻ ആർക്ക് വേണ്ടിയാ ജീവിക്കുന്നെ ആർക്കും വേണ്ടാത്ത ജീവിതം, നീ തല്ലി തകർത്ത ജീവിതം, നീ തന്നെ എടുത്തോ…

വിഷം – എഴുത്ത്: ആദർശ് മോഹനൻ

“അവന്റെ അച്ഛൻ ചത്തിട്ടൊന്നും ഇല്ലാല്ലോ, നിനക്കൊരു വാക്കെന്നെ വിളിച്ചു പറയാമായിരുന്നില്ലേ നവമി, ഞാൻ പോകുമായിരുന്നല്ലോ പി ടി എ മീറ്റിംഗിന്, നിനക്ക് പറ്റില്ലെങ്കിൽ പറ ഇനി മുതൽ അവന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കിക്കൊണ്ട്…”

“ഏട്ടാ അങ്ങനല്ല, എനിക്ക് തീരെ വയ്യാരുന്നു, അത് പിന്നെ അച്ഛനിന്ന് വന്നപ്പോ, അച്ഛനാണ് പറഞ്ഞത് എന്നോട് റസ്റ്റ്‌ എടുക്കാൻ, സ്കൂളിലേക്ക് ഞാൻ പൊക്കോളാം എന്ന് അച്ഛൻ തന്നെയാണ് പറഞ്ഞത്, മറുത്ത് പറയാൻ എനിക്ക് മനസ്സ് വന്നില്ല”

“അച്ഛനോ…? ആരുടെ അച്ഛൻ…? നിന്റെ അച്ഛൻ കൂലിപ്പണിക്കാരൻ ബാലാനല്ലേ, ഇയാളെങ്ങനെ നിന്റെ തന്തയാകും…?”

“ദേ അഭിയേട്ട വേണ്ടാ ട്ടോ, ഏട്ടന്റെ അച്ഛൻ എന്റെയും അച്ഛനല്ലേ, ഇങ്ങനെയൊന്നും പറയരുത് ദൈവ കോപം കിട്ടും ട്ടാ…”

“അയാളെന്റെ അച്ഛനൊന്നും അല്ല, ആയിരുന്നു പത്തുരപത്തിമൂന്നു വർഷം മുൻപ്, അറിയാല്ലോ നിനക്കത്, ഇനി കൂടുതൽ വിശദീകരണം ഒന്നും വേണ്ടല്ലോ ല്ലേ…?” ഞാനത് പറഞ്ഞു തീർത്തപ്പോഴേക്കും അവളുടെ മുഖമൊന്നു ചുക്കിച്ചുളിഞ്ഞതാണ്, പക്ഷെ പറഞ്ഞതല്പം കൂടിപ്പോയെങ്കിലും കുറ്റബോധമൊന്നും തോന്നിയില്ല കാരണം നാളെ മേലാൽ ഇതിനൊരു അവസരം ഉണ്ടാകരുത് എന്ന നിർബന്ധം ഉണ്ടായിരുന്നെനിക്ക്.

വീട്ടിലെത്തിയാലും കൂടുതൽ സമയവും ലാപ് തുറന്ന് വച്ചു മീറ്റിംഗ് അറ്റൻഡ് ചെയ്യലിലും മെയിൽ അയക്കുന്ന തിരക്കിലും ആയിരിക്കും ഞാൻ, നിന്ന് തിരിയാനൊരു തരി സമയം കിട്ടാറില്ല എന്നതാണ് സത്യവും…കണ്ണ് കഴക്കുമ്പോൾ ഇടക്കൊക്കെ സ്‌പെക്സ് മാറ്റി വച്ചു കണ്ണടച്ചു പലതുമങ്ങനെ ചിന്തിച്ചിരിക്കും. അന്നെന്തോ മനസ്സാകെ കാർമേഘം കൊണ്ട് മൂടിയ പോലെ തോന്നി, നവമിയോട് പറഞ്ഞ ആ വാക്കുകൾ എണ്ണിയെണ്ണി ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ നെഞ്ചിനകത്ത് കല്ല് കേറ്റി വച്ച പ്രതീതിയായിരുന്നു തോന്നിയത്.

ഓഫീസിൽ നിന്നുള്ള പ്രഷറും പെന്റിങ്ൽ കിടക്കുന്ന വർക്കുകളുമായിട്ട് എന്റെ തലയാകെപ്പാടെ കുക്കറു പരിവത്തിലായിരുന്നു. അറിയാതെ വീണു പോയ പാഴ്ശ്രുതി വീണ്ടും വീണ്ടും എന്റെ തലച്ചോറിനെ വലം വച്ചു കൊണ്ടിരുന്നു. വേണ്ടായിരുന്നു, എന്തൊക്കെയാണെങ്കിലും ആ മനുഷ്യനെന്റെ അച്ഛനല്ലേ, ദേഷ്യമാണെങ്കിലും പറഞ്ഞത് തെറ്റായി പോയി എന്നെനിക്ക് തോന്നിയിരുന്നു. മാനസിക പിരിമുറുക്കം മാറാൻ വേണ്ടി ഞാനാ അലമാരയിൽ നിന്നും പൊട്ടിക്കാത്ത ബെകാർഡി ലെമൺ ന്റെ കുപ്പി പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ഇറ്റിറ്റു ഒഴിച്ചു കൊണ്ടിരുന്നു.

ഹാളിൽ ഇരുന്ന് അൽപ്പാൽപ്പമായി ഞാനത് ചുണ്ടോട് ചേർത്തപ്പോൾ നവമി പരിവത്തോട് കൂടെയെന്നെ നോക്കുന്നത് കണ്ടില്ലെന്ന് തന്നെയാണ് ഞാൻ നടിച്ചതും. അപ്പോഴും ടീവി കണ്ടോണ്ടിരുന്ന ആദിമോൻ ഞാൻ കേൾക്കലെ അവളോടായി പറയുന്നുണ്ടായിരുന്നു. “അമ്മേ അച്ഛച്ഛൻ കള്ള് കുടിക്കില്ലല്ലോ…?” ആ ചോദ്യത്തിന് ഉത്തരമെന്നോണം ഇല്ല എന്നവൾ തലയാട്ടി, അത് കണ്ടപ്പോൾ ഒന്നുകൂടെ ഉച്ചത്തിൽ ഞാൻ കേൾക്കലെയവൻ പറയുന്നുണ്ടായിരുന്നു. “ആ നല്ലോര് അങ്ങനെയാ കള്ള് കുടിക്കില്ല ല്ലേ, അമ്മേ…” ന്ന്. അതു കേട്ടപ്പോ തന്നെ ഞാൻ പുച്ഛത്തോടെ ഒന്ന് മന്ദഹസിച്ചു.

എന്റെ അച്ഛന്റെ സ്വഭാവ ശുദ്ധിയാണ് അവൻ എന്നോട് പറഞ്ഞത്. എന്റെ നോട്ടം അവളിലേക്ക് പതിഞ്ഞപ്പോൾ അവൾ ധർമ്മസങ്കടത്തിലായി എന്ന് മാത്രമല്ല, ഉറങ്ങാൻ വൈകിയതിന് അവനെ ശകാരിക്കുകയും ചെയ്തു. ഉറങ്ങാനായി ബെഡിൽ ചെന്ന് കിടന്നിട്ടും ഉറക്കം വന്നില്ല, എന്നേ വട്ടം പിടിച്ച നവമിയുടെ കൈകൾ മെല്ലെ ഞാനെന്റെ വയറ്റിൽ നിന്നും അടർത്തി മാറ്റിയപ്പോഴേക്കും അവൾ ഉണർന്നു. “ഏട്ടാ കുറച്ച് നേരമായി ശ്രദ്ധിക്കുന്നു എന്താ ഒരു വല്ലായ്ക പോലെ…?” ആ ചോദ്യത്തിന് ഞാൻ മറുപടി നൽകിയില്ല.

ആ മുറിയാകെ തളംകെട്ടിയ മൗനത്തേ ഭേദിച്ചു കൊണ്ട് വീണ്ടുമവൾ സംസാരിച്ചു തുടങ്ങി. “ഏട്ടാ, ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ…?””എന്താണ്, പറ…?” മടിച്ചു മടിച്ചാണ് അവൾ ചുണ്ടുകൾ അനക്കിത്തുടങ്ങിയത്. “അച്ഛൻ, അച്ഛനെ നമുക്ക് വീട്ടിലേക്ക് വിളിച്ചൂടെ എത്രകാലം എന്ന് വെച്ചിട്ടാ ഇങ്ങനെ…ഒറ്റക്ക്, അച്ഛന് നല്ല വിഷമം ഉണ്ട് ഇനിയെങ്കിലും ഒന്ന് അവസാനിപ്പിച്ചൂടെ അച്ഛനോടുള്ള ഈ ദേഷ്യം.”

“മതി നിർത്തിക്കോ നീ, നിനക്ക് വേറെന്തെലും സംസാരിക്കാൻ ഉണ്ടോ…?” അൽപ്പം കടുപ്പത്തിലാണ് ഞാനത് പറഞ്ഞത്. “എന്നോട് ചാടിക്കടിക്കാൻ വരണ്ട, അടുത്ത ആഴ്ച്ച ആദിമോന്റെ പിറന്നാളാണ്. ക്ഷണക്കത്ത് അയച്ചും നാട് നീളെ ആഘോഷം പറഞ്ഞും വന്നിട്ട്, സ്വന്തം അച്ഛനോട് മാത്രം ഒന്നും പറഞ്ഞിട്ടില്ല, അച്ഛച്ചൻ ഇല്ലെങ്കിൽ പിറന്നാളിന്റെ അന്ന് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങില്ലന്നാണ് ചെക്കൻ പറഞ്ഞത് കേട്ടപ്പോൾ തന്നെ തല തരിച്ചതാണ്, റൂം വിട്ടിറങ്ങി നേരെ ചെന്നത് അലമാരിയിൽ നിന്നും കുപ്പിയെടുക്കാൻ വേണ്ടിയാണ്, കുപ്പി പൊട്ടിച്ചു ഒരു ഗ്ലാസിൽ അളന്നു നോക്കാതെ തന്നെ അതിലേക്ക് പകർത്തിയൊഴിച്ചു ഒറ്റ വലിക്കു അകത്താക്കി, കുരവള്ളിയും നെഞ്ചും എരിഞ്ഞമർന്നത് ഞാൻ അറിഞ്ഞത് കൂടെയില്ല. അല്ലേലും അവനു അച്ഛച്ചൻ എന്ന് പറഞ്ഞാൽ ജീവനാണ്. അവർ എന്നും കാണാറുണ്ട് എന്നെനിക്കറിയാം പക്ഷെ ഞാനവനെ ഇന്ന് വരെ അതിന് എതിർത്തിട്ടില്ല. സത്യത്തിൽ എനിക്ക് ആ മനുഷ്യനോട് ദേഷ്യം ഇല്ല. എല്ലാം…എല്ലാം അഭിനയം ആണ്. തുടക്കത്തിന്റെ തുടർച്ചയായി കൊണ്ടു നടക്കുന്ന ഒരു നാടകം അത്ര മാത്രം….

എന്റെ ചിന്തകൾ പതിയെ പതിയെ ഇരുപത്തിമൂന്ന് വർഷം മുൻപിലോട്ട് ചലിക്കുകയായിരുന്നു. ജീവനേക്കാൾ അധികം തന്റെ അച്ഛനെ സ്നേഹിച്ചിരുന്ന ആ എട്ടു വയസ്സുകാരൻ അഭിജിത്തിലേക്ക്…

ഒരു അച്ഛൻ എങ്ങനെയൊക്കെ ആയിരിക്കണമോ അതിനുള്ള ഏറ്റവും ഉത്തമം ഉദാഹരണം ആയിരുന്നു എന്റെ അച്ഛൻ. ഇന്നേ വരെ ഒരു നോട്ടം കൊണ്ട് പോലും നോവിക്കാത്ത എന്റെ ചെറിയ ചെറിയ ആഗ്രഹങ്ങൾക്കെന്നും അച്ഛന്റെ വിലപ്പെട്ട സമയത്തേക്കാൾ വില നൽകുന്ന എന്റെ അച്ഛൻ.

എന്റെ അച്ഛനിൽ ആകെ ഒരു കുറവ് മാത്രമേ കണ്ടിരുന്നുള്ളു. എന്നും വൈന്നേരം മദ്യപിച്ചിട്ടാണ് കുടിച്ചാണ് വീട്ടിലേക്ക് വരാറ് എന്ന കുറവ്. അന്നൊക്കെ എനിക്ക് മദ്യത്തോട് വെറുപ്പായിരുന്നു. അച്ഛനോട് ഞാൻ ആവശ്യപ്പെട്ടിട്ട് നടത്തിത്തരാത്ത ഒരേ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ. അത് നിർത്താൻ പറ്റാത്ത അച്ഛന്റെ മദ്യപാനം ആയിരുന്നു. എന്റെ അമ്മ ഒരു പാവമായിരുന്നു അച്ഛൻ അമ്മയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അമ്മയെന്ന് വെച്ചാൽ എനിക്ക് ജീവനായിരുന്നു. എന്നേ നേർവഴിക്കു നടത്തുകയും തെറ്റുകൾ ചെയ്യാതിരിക്കാനും എന്റെ കുറുമ്പിനെ കൂച്ചുവിലങ്ങിൽ തളച്ചിടാനും കഴിവുള്ള ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളൂ, അതെന്റെ അമ്മയായിരുന്നു.

അമ്മക്കെന്തോ അസുഖം ഉണ്ടായിരുന്നു. പക്ഷെ അതെന്താണെന്ന് ഇന്ന് വരെ എന്നോട് പറഞ്ഞിട്ടില്ല. ഇടക്കൊക്കെ ഇരുന്ന് കരയുന്നത് കാണാം. അത് കണ്ടെന്റെ കണ്ണ് നിറയാറുണ്ട്. എന്റെ മുഖം വാടാറുള്ളപ്പോളൊക്കെ എന്റെ കണ്ണ് തുടച്ചമ്മ പാട്ട് പാടിത്തരാറുണ്ട്. ഒരുപക്ഷെ അമ്മയുടെ ആ അവസ്ഥയെ ഓർത്തായിരിക്കണം അച്ഛൻ കുടിക്കാറുള്ളതും, കാരണം കുടിച്ചു വന്നിട്ട് ഒരിക്കൽ പോലും അച്ഛൻ വഴക്കുണ്ടാക്കിയിട്ടില്ല. ഒരുപാട് സ്നേഹം കാണിക്കാറുണ്ട് അമ്മയോട്…എന്റെ മുൻപിൽ വച്ചു തന്നെ അച്ഛനമ്മയുടെ കാല് തിരുമ്മിക്കൊടുക്കുമ്പോൾ ആ കണ്ണ് നിറയാറുള്ളത് എന്തിനായിരുന്നെന്ന് എനിക്കെപ്പോഴും മനസ്സിലായിരുന്നില്ല.

ഒരു ദിവസം അച്ഛൻ കുടിച്ചു പൂസായാണ് വീട്ടിൽ വന്നത്. വന്നതും കട്ടിലിലേക്ക് നേരെ ചാഞ്ഞതും ഒരുമിച്ചായിരുന്നു. അന്ന് രാത്രി തന്നെ അമ്മക്ക് നെഞ്ച് വേദന വന്നു വേദന കൊണ്ട് പുളഞ്ഞു നിലവിളിച്ചു. ആ എട്ടു വയസ്സുകാരന്റെ മനസ്സാകെ ഒന്ന് പകച്ചതാണെന്നേരം. ഞാൻ ഓടിച്ചെന്നു കരഞ്ഞുകൊണ്ട് അച്ഛനെ കുലുക്കി വിളിച്ചതാണ്. അന്നേരം ആ എട്ടുവയസ്സുകാരന്റെ കൊപ്പത്തണ്ട് വലിപ്പത്തിലുള്ള കൈകളെ ആ പാറക്കൈ കൊണ്ട് തട്ടി മാറ്റി അബോധാവസ്ഥയിൽ അച്ഛനെന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.

ഇരുട്ടിനെ ഭയമായിരുന്ന ആ എട്ടു വയസ്സുകാരൻ ആ കുറ്റാകൂരിരുട്ടിൽ സഹായത്തിനായി അയല്പക്കത്തേക്ക് ഓടി ചെന്നു. ആളുകളെ കൂട്ടി ആ വീടിന്റെ പടി കടന്നു ഉള്ളിലേക്ക് ചെല്ലുമ്പോഴേക്കും അവന്റെ അമ്മ പരലോകം പൂണ്ടിരുന്നു. അന്നാ എട്ടു വയസ്സുകാരന്റെ മനസ്സിൽ കടന്നു കൂടിയതാണ് അവന്റെ അച്ഛനോടുള്ള ദേഷ്യം. അവന്റെ പിഞ്ചു മനസ്സിൽ അയാളെന്നും അമ്മയെ കൊലക്കു കൊടുത്തവൻ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവന്റെ അമ്മ അവനോടൊപ്പം എന്നും ഉണ്ടായേനെ എന്ന തെറ്റിധാരണ അവന്റെ മനസ്സിലുള്ള പകപ്പ് ഇരട്ടിപ്പിക്കുകയായിരുന്നു.

അന്ന് മുതൽ താൻ ഏറ്റവും കൂടുതൽ മനസ്സിൽ ആരാധിച്ചിരുന്ന അവന്റെ അച്ഛനെ ഏറ്റവും അധികം വെറുക്കാൻ തുടങ്ങി. അമ്മയുടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞിട്ടും കണ്ണീരൽപ്പം പോലും വറ്റാതെ പെയ്തിറങ്ങിയിരുന്നു. അന്നച്ഛൻ വീട്ടിൽ വാങ്ങി വെച്ച കുപ്പിയിൽ നിന്ന് മദ്യം ഗ്ലാസ്സിലേക്ക് പകർത്തിയെടുത്ത് കുടിക്കാനൊരുങ്ങിയപ്പോൾ ആ എട്ടു വയസ്സുകാരൻ ഒരു നോട്ടം നോക്കി. ദഹിപ്പിക്കും വിധത്തിലുള്ള ആ നോട്ടത്തിൽ അയാളുടെ കൈകൾ വിറ പൂണ്ടു പകർത്തിയൊഴിച്ച മദ്യത്തെ അയാൾ ഉമ്മറത്തേക്ക് ഒന്ന് നീട്ടിയൊഴിച്ചുകൊണ്ട് ഉറക്കെയുറക്കെ കരയുമ്പോളും ആ പിഞ്ചു മനസ്സിൽ ഒരൽപ്പം പോലും ദയവ് തോന്നിയില്ല അയാളോട്…

പിന്നീടൊരിക്കലും ഞാനച്ഛനോട് മിണ്ടിയിട്ടില്ല. അച്ഛൻ എന്ത് പറഞ്ഞു വന്നാലും സംസാരിക്കാതെ ഒഴിഞ്ഞു മാറാറുണ്ട് ഞാൻ. അച്ഛനോടുള്ള എന്റെ മൗനം അതൊരു ദിനചര്യയായി തന്നെ തുടർന്നുകൊണ്ടിരുന്നു. അമ്മയുടെ മരണകാരണവും അസുഖത്തെ കുറിച്ചുള്ള അറിവും ഡോക്ടർമാർ വിധിയെഴുതിയ ആയുസ്സും അറിഞ്ഞിട്ടും ഞാനെന്റെ പതിവ് തെറ്റിക്കാതെ മുൻപോട്ട് പോയതാണ്. അന്ന് അച്ഛൻ കുടി നിർത്തിയതാണ്. അച്ഛനോടുള്ള ദേഷ്യമെല്ലാം പോയെങ്കിലും, എന്തിനൊക്കെയോ വേണ്ടി ഞാൻ മനപ്പൂർവം അകൽച്ച കാണിച്ചുകൊണ്ടിരുന്നു.

മദ്യം വിഷമാണ്. അത് കഴിക്കാൻ പാടില്ല എന്ന് നാഴികക്ക് നാൽപ്പത് വട്ടം എന്നോട് പറയാറുള്ള അമ്മയുടെ വാക്കിന് നേരെ ആദ്യമായി ഞാൻ അനുസരണ കേട് കാണിച്ചു. ഒരുപാട് പ്രണയിച്ചവൾ പാതി വഴിയിൽ ഉപേക്ഷിച്ചു പോയപ്പോൾ, കൈമുതലായി ഒരു നാലക്ക ശമ്പളമുള്ള ജോലിയില്ലാത്തവന് മദ്യം ഒഴിച്ചു നീട്ടിത്തരുവാൻ ഒരുപാട് സുഹൃത്തുക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എല്ലാം മറന്നു വെട്ടി പിടിക്കാൻ ഉള്ള യാത്രയിൽ ഇടക്കുള്ള മദ്യപാനം ഒരു ആശ്വാസമായാണ് തോന്നിയത്. ഗ്ലാസിൽ ഓരോ തുള്ളി തളിച്ചു ഒഴിക്കുമ്പോളും എന്തിന് വേണ്ടിയാണോ ഞാൻ അച്ഛനെ അകറ്റി നിർത്തിയത് അത് തന്നെയല്ലേ താനും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന കുറ്റബോധം എപ്പോഴും എന്നേ വേട്ടയാടിയിരുന്നു.

നേരിട്ടൊന്ന് സംസാരിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, നേരെ ചൊവ്വേ ആ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും ഈ മഹാപാപിക്ക് സാധിക്കില്ല അതിന് എന്ന നല്ല ബോധ്യം മനസ്സിൽ ഉള്ളതുകൊണ്ടാണ്…മനസാക്ഷിക്ക് മുൻപിൽ ഒളിച്ചോടാൻ വേണ്ടി ആണ് ഈ നാടകമെല്ലാം. എത്രയോ രാത്രികളിൽ ഞാനെന്റെ തറവാട്ടു മുറ്റത്തേക്ക് ഒറ്റക്ക് പോയിട്ടുള്ളതാണ്. ഒന്ന് കാണാൻ വേണ്ടി, ഒന്ന് സംസാരിക്കാൻ വേണ്ടി, ഒന്ന് വാരിപ്പുണരാൻ വേണ്ടി, ആത്മാഭിമാനം കാരണമല്ല, ആ പടി ചവിട്ടാൻ ഉള്ള ഭയം കൊണ്ട് മാത്രമാണ് ഞാനങ്ങോട്ടു കടക്കാത്തത് തന്നെ…

ഗ്ലാസ്സിൽ ഒരു പെഗ്ഗ് മദ്യം കൂടെ ഒഴിച്ചടിച്ചിട്ട് മെല്ലെയകത്താക്കി തേട്ടി വന്ന സങ്കടത്തെ അടക്കി നിർത്താൻ കഴിയാതെ ഞാനൊന്നു വിങ്ങിപൊട്ടി കരഞ്ഞു. ബെഡ് റൂമിലേക്ക് കടന്നു ചെന്നതും ഇടത്തോട്ട് ചരിഞ്ഞു കിടന്ന നവമിയെ ഞാനൊന്ന് തോണ്ടി വിളിച്ചു. മയക്കം വിട്ടുമാറാത്ത ആ കണ്ണുകളിലേക്ക് നോക്കി ഞാൻ പതിയെ പറഞ്ഞു. “അയാളെ…അല്ല അച്ഛനെ നീ വിളിക്കണം, നീ ക്ഷണിച്ചാൽ മതി, ഫോണിലൂടെ അല്ല നേരിട്ട് തന്നെ പറയണം അത്…” ഒരു നേർത്ത പുഞ്ചിരിയോടെ അവളെന്റെ ഉള്ളംകൈയിൽ കൈ ചേർത്ത് വച്ചു ശരി എന്ന അർത്ഥത്തിൽ തലയാട്ടി.

അവന്റെ പിറന്നാളാഘോഷം തകൃതിയായി തന്നെയാണ് ഒരുക്കിയത്, ആദിമോൻ ഏത് സമയവും അച്ഛന്റെ കൂടെ തന്നെയായിരുന്നു ഉണ്ടായിരുന്നത്, കൂട്ടുകാർക്ക് മുൻപിൽ എന്നേ പരിചയപ്പെടുത്താൻ മറന്നാലും അവൻ അവന്റെ അച്ഛാച്ചനെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കാൻ മറക്കാറില്ല. സദ്യക്കും വിരുന്നു വന്നവരെ സൽക്കരിക്കുന്നതിനും അച്ഛനോടി നടക്കുന്നത് കണ്ടപ്പോ തന്നെ മനസ്സാകെ നിറഞ്ഞതാണ്. പലവട്ടം അടുത്തൊന്നു പോയി സംസാരിക്കണം എന്നെന്റെ ഉള്ളം തുടിച്ചപ്പോ ആരോ പിറകിലേക്ക് പിടിച്ചു വലിക്കും പോലെയാണ് തോന്നിയത്.

എനിക്കെന്റെ അച്ഛനോടൊന്ന് സംസാരിക്കണമായിരുന്നു, ആ കൈകൾ കൂട്ടിപ്പിടിച്ചു സുഖമാണോ ഒന്നൊരൊറ്റ വാക്ക്, അത് പോലും ചോദിക്കാനാകാതെ എന്റെ നാവിനെങ്ങനെ വിലങ്ങു വീണു എന്ന് അപ്പോഴും എനിക്ക് മനസ്സിലായില്ലായിരുന്നു. നിരന്നു നിന്ന് ഫാമിലി ഫോട്ടോ എടുക്കണം എന്ന് ഫോട്ടോഗ്രാഫർ പറഞ്ഞപ്പോ, ആദിമോൻ ആദ്യം ഓടി ചെന്നത് അവന്റെ അച്ഛച്ഛനെ പിടിച്ചു കൊണ്ടു വരാനാണ്. നിരനിരയായ് നിന്നപ്പോൾ എന്റെ വലതുഭാഗത്ത് നിന്നത് അച്ഛനായിരുന്നു. “ഒന്നൂടെ ചേർന്നു നിൽക്ക്….” ഫോട്ടോഗ്രാഫർ അത് പറഞ്ഞപ്പോൾ അച്ഛന്റെ തോളോട് ഞാൻ പറ്റിച്ചേർന്നു നിന്നു.

എന്റെ വലതുകൈ എന്നോട് അനുസരണക്കേട് കാണിക്കുകയായിരുന്നു അന്നേരം. ഞാനറിയാതെ തന്നെ എന്റെ വലതു കൈ അച്ഛന്റെ വലത്തേ തോളിൽ പതിഞ്ഞപ്പോൾ ആ കണ്ണുകൾ ഈറനണിയുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ വിരലുകളിൽ എന്തോ തരുതരുപ്പ് അനുഭവപ്പെട്ടതാനന്നേരം മെല്ലെ ഞാനെന്റെ കൈകൾ അടർത്തി മാറ്റി. എന്റെ ഹൃദയമിടിപ്പ് കൂടി, പെട്ടെന്ന് തന്നെ അവിടെ നിന്നും വീടിന്റെ പിറകിലേക്കാണ് ചെന്നത്. കണ്ണീരടക്കിപ്പിടിക്കാനാകാതെ ആ അമ്മിത്തറയോട് ചേർന്നു നിന്ന് കരഞ്ഞു തീർക്കുമ്പോഴും പുഞ്ചിരി തൂകി കൊണ്ട് ഉള്ളിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്റച്ഛൻ ആദിമോന്റെ സന്തോഷത്തിൽ പങ്കുചേരുന്നതെന്ന് എനിക്ക് നന്നേ അറിയാമായിരുന്നു.

കാരണം ആ ചുണ്ടുകൾ കബളിപ്പിച്ചാലും ആ കണ്ണുകൾക്കെന്നെ ഒരിക്കലും കബളിപ്പിക്കാൻ കഴിയില്ല. ആഘോഷം കഴിഞ്ഞു എല്ലാവരും മടങ്ങി. അവസാനം പോകാൻ നിന്ന അച്ഛനോട് പോകരുത് എന്ന് പറയാനായി ഉള്ളമൊന്നു തുടിച്ചതാണ്. അപ്പോഴും പടിയിറങ്ങിപ്പോയ അച്ഛനെ ഒരു പിൻവിളി കൊണ്ട് തടയാൻ പോലും എന്റെ മനസ്സ് തയ്യാറാവാത്തത് എന്തിനായിരുന്നു എന്നെനിക്കപ്പോഴും മനസ്സിലായില്ല.

ദിവസങ്ങൾ വീണ്ടും കടന്നു പോയി…അടുത്ത അവസരത്തിനായി ഞാൻ കാത്തിരുന്നു. ഒരു ദിവസം ഓഫിസ് മേറ്റ് ന്റെ കല്യാണം കൂടി തിരികെ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോഴാണ് അച്ഛൻ വീട്ടിൽ വന്നത് കണ്ടത്. കാര്യം തിരക്കാതെ ഞാൻ ഉള്ളിലേക്ക് കടന്നു ചെന്നു. അന്ന് ഞാൻ നല്ല രീതിയിൽ മദ്യപിച്ചിരുന്നു. റൂമിലേക്ക് കടന്നു ചെന്നതും ഒട്ടും ഗൗരവം കുറയാതെ തന്നെ നവമിയോട് ഞാനാ ചോദ്യം ചോദിച്ചു. “അച്ഛനെന്തിനാ വന്നേ, എന്താ പ്രത്യേകിച്ച്…” എന്ന്. അവൾ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ വീണ്ടും ഞാനവർത്തിച്ചു. “എന്താ ചോദിച്ചത് കേട്ടില്ലേ…?”

“അത്….ഏട്ടാ…അച്ഛൻ….അച്ഛൻ ഒരു യാത്രക്ക് പോകുന്നുണ്ട്. അമ്പലങ്ങളിലേക്ക് ആണ് പോകുന്നെ…” “അതിന്….?” “അല്ലാ, ആദിമോന് ഒരു ആഗ്രഹം. കന്യാകുമാരിക്ക്‌ പോകുന്നുണ്ടെന്ന് അച്ഛൻ പറഞ്ഞപ്പോ…അവനും കൂടെ ഒന്ന് പോകണം എന്ന്…”പേടിച്ചു പേടിച്ചാണതവൾ പറഞ്ഞു തീർത്തത്. എനിക്കെന്തോ എന്നേ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്റെ ശബ്ദം ആ നാൽച്ചുവരാകെ മുഴങ്ങി. “എന്റെ മോനെ കറങ്ങാൻ കൊണ്ടോകാൻ ഞാനുണ്ട്, എനിക്ക് വിശ്വാസം ഇല്ലാത്തോരുടെ കൂടെ അവനെ പറഞ്ഞു വിടാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട്…”

വാ വിട്ട് പോയ വാക്കായിരുന്നു അത് എന്ന് അപ്പോഴെനിക്ക് മനസ്സിലായില്ലായിരുന്നു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉടുമുണ്ട് കൊണ്ട് കണ്ണ് തുടച്ചു പടിയിറങ്ങുന്ന അച്ഛനെയാണ് ഞാൻ കണ്ടത്. അവനെ കൊണ്ട് പോകുന്നത് കൊണ്ട് വിരോധം ഒന്നും ഉണ്ടായിട്ടല്ല, അവനെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ ഉള്ള ശേഷിയെനിക്ക് ഇല്ലായിരുന്നു എനിക്ക് എന്നതാണ് സത്യം.

ഉള്ളിൽ കിടന്ന മദ്യത്തിന്റെ കെട്ടിറങ്ങിയപ്പോൾ ആണ് സോഫയിൽ ഏങ്ങലടിച്ചു കരയുന്ന ആദിമോനെ കണ്ടത്. എന്നേ കണ്ടതും ദേഷ്യത്തോടെ എന്റെ അരികിലേക്കാവൻ ഓടിയടുത്തു. എന്റെ നെഞ്ചിൽ അവന്റെ കുഞ്ഞിക്കൈ കൊണ്ട് ആവർത്തിച്ചാവർത്തിച്ചു ആഞ്ഞു തല്ലി. ആദ്യമായവൻ എന്നേ ഇഷ്ട്ടമല്ല എന്ന് പറഞ്ഞു. അവനെന്റെ മുഖം കാണണ്ട എന്ന് പറഞ്ഞപ്പോൾ ആണ് എന്റെ വാക്കിനെത്ര മൂർച്ച ഉണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്. കരഞ്ഞു തളർന്നാണ് അവൻ കിടന്നുറങ്ങിയത്, ഉറങ്ങുമ്പോൾ അവന്റെ ഉള്ളംകൈയിൽ ഒട്ടിക്കിടന്ന ആ കുഞ്ഞ് ഡയറി ഞാനെടുത്തൊന്നു മറിച്ചു നോക്കി. ആദ്യത്തെ പേജിൽ അവൻ ഇങ്ങനെയാണ് എഴുതിയിരുന്നത്.

“എന്റെ അച്ഛൻ എന്റെ കൂടെ കളിക്കാറില്ല. ഞാൻ വരച്ച പടങ്ങൾ നോക്കാൻ കൂട്ടാക്കാറില്ല. എന്നേ കറങ്ങാൻ കൊണ്ടോകാറില്ല. കിടക്കാൻ നേരം എനിക്ക് ഉമ്മ നൽകാറില്ല. പക്ഷെ എനിക്കെന്റെ അച്ഛനെ ഇഷ്ട്ടമാണ് ഈ ലോകത്തിൽ ആരെക്കാളും ഇഷ്ട്ടമാണ്. കാരണം അമ്മ പറയാറുണ്ട് അച്ഛൻ ഒഴുക്കിയവിയർപ്പാണ് ഇന്നീ കാണുന്ന ഞാൻ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ…എന്ന്…”

ഡയറി മറിച്ചു നോക്കിയപ്പോൾ അവൻ ഒരുപാട് ചിത്രങ്ങൾ അതിൽ വരച്ചു വച്ചിരുന്നു. പലപ്പോഴും എന്നേ കാണിക്കാനായി അത് കൊണ്ടു വരാറുള്ളപ്പോഴൊക്കെ തിരക്ക് കാരണം ചീത്ത പറഞ്ഞവനെ ഓടിക്കാറാണ് പതിവ്. അവൻ പറഞ്ഞത് ശരിയാണ് പണമുണ്ടാക്കാനുള്ള ഓട്ടത്തിൽ അവനെയൊന്ന് ശ്രദ്ധിക്കാൻ പോലും സമയമുണ്ടായിരുന്നില്ല എനിക്ക്. എനിക്ക് ആ പഴയ എട്ടുവയസുകാരനോട് ഏറ്റവും അധികം വെറുപ്പ് തോന്നിയ നിമിഷമായിരുന്നു അത്. എന്റെ ആദിമോന് ആറു വയസ്സ് തികഞ്ഞേ ഉള്ളോ അവൻ എന്റെ മകനാണ് എന്നതിൽ എനിക്ക് അഭിമാനം തോന്നി അന്നേരം.

ഉള്ളിൽ നിന്നും സങ്കടം തേട്ടി വന്നപ്പോൾ, ആദ്യമായി ഞാനവന്റെ മൂർദ്ധാവിൽ മെല്ലെയൊന്നു ചുംബിച്ചപ്പോൾ ഒരു തുള്ളി കണ്ണുനീരവന്റെ നെറ്റിയിലേക്ക് ഇറ്റ് വീണു. ഉറക്കം നടിച്ചു കിടന്നിരുന്ന അവന്റെ കുഞ്ഞിക്കൈകൾ എന്റെ കവിളിനെ തുടച്ചു നീക്കിക്കൊണ്ടവൻ എന്നോടായി പറഞ്ഞു…”അച്ഛച്ഛൻ പാവമല്ലേ അച്ഛ, എന്നേ പറഞ്ഞു വിട്ടില്ലേലും അച്ഛച്ഛന് മുൻപിൽ വച്ചെന്തിനാ ദേഷ്യപ്പെട്ടെ, അതാ ആദിമോന് സങ്കടായെ….” എന്ന്. പറഞ്ഞു തീർന്നതും അവനെ കോരിയെടുത്തു തലങ്ങും വിലങ്ങും ഞാൻ ചുംബിച്ചു.

ഒട്ടും സമയം കളയാതെ തന്നെ വണ്ടിയെടുത്തു തറവാട്ടിലേക്ക് കുതിച്ചു. അവിടെ ചെന്നപ്പോൾ വീട് തുറന്നാണ് കിടക്കുന്നുണ്ടായിരുന്നത്, ഉള്ളിൽ നിന്ന് പൊട്ടലും ചീറ്റലും കേട്ടു ഒപ്പം ഏങ്ങലൊച്ചയും…അതെന്റെ അച്ഛന്റെ ശബ്ദമായിരുന്നു. റൂമിലേക്ക് കടന്നു ചെന്നപ്പോൾ മദ്യപിച്ചു അവശനായി ഗ്ലാസ്സുകൾ എറിഞൊടച്ചു കൊണ്ട് കരയുകയായിരുന്നു എന്റെ അച്ഛൻ. പകുതിയാക്കിയ കുപ്പിയെ ചൂണ്ടി അച്ഛൻ ഉറക്കെ പറയുന്നുണ്ടായിരുന്നു…

“ഇനി ഞാൻ ആർക്ക് വേണ്ടിയാ ജീവിക്കുന്നെ ആർക്കും വേണ്ടാത്ത ജീവിതം, നീ തല്ലി തകർത്ത ജീവിതം, നീ തന്നെ എടുത്തോ….” അതും പറഞ്ഞു അച്ഛൻ ഗ്ലാസ്സിലുള്ള മദ്യം വായിലേക്ക് ഒഴിച്ച് വീഴാൻ പോയി. ഓടി ചെന്നു ഞാനച്ഛനെ വട്ടം പിടിച്ചു ടേബിളിനു മുൻപിൽ കൊണ്ടിരുത്തിയപ്പോളും ആ കണ്ണുകൾ അനുസരണയില്ലാതെ പെയ്യുന്നുണ്ടായിരുന്നു. കരച്ചിലിനിടയിൽ അച്ഛൻ പറയുന്നുണ്ടായിരുന്നു. “കണ്ണാ, നീ വന്നല്ലോ, ഈ അച്ഛന് അത് മതി, ഈ അച്ഛന് അത് മതി…” എന്ന്.

ഒരുപാട് നേരം ഞാനെന്റെ അച്ഛനെ തന്നെയിങ്ങനെ നോക്കിയിരുന്നു. ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു. മാപ്പിരക്കണം ആ കാലിൽ വീഴണം അനുഗ്രഹം വാങ്ങണം. പക്ഷെ അത് ഈ ഒരു അബോധാവസ്ഥയിൽ ആയിരിക്കരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു. രംഗം ഒന്ന് ശാന്തമായപ്പോൾ സ്ട്രെസ് തീർക്കാൻ വേണ്ടി ആ കുപ്പിയിൽ ഉണ്ടായിരുന്ന ബാക്കി മദ്യം ഞാൻ ഗ്ലാസ്സിലേക്ക് പകർത്തി ഒഴിച്ചു. അച്ഛന്റെ ഗ്ലാസ്സിലേക്ക് ഒഴിക്കാൻ പോയപ്പോൾ വേണ്ട എന്ന അർത്ഥത്തിൽ കൈ മുകളിൽ വച്ചു. ഗ്ലാസ്സ് എടുത്തു കൈയിൽ പിടിച്ചപ്പോൾ അച്ഛനെന്നെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു.

ഒരു തുള്ളി പോലും കുടിക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങി. കിഴക്കേപ്പുറത്തെ തെങ്ങിൻ കടക്കിലേക്ക് ആ ഗ്ലാസ്സടക്കം നീട്ടി വലിച്ചെറിഞ്ഞിട്ട് ഞാനച്ഛന്റെ അരികിലേക്കായി വന്നിരുന്നു. കുടി നിർത്തുമ്പോൾ ഇങ്ങനെ തന്നെ നിർത്തണം. എന്റെ അച്ഛനെപ്പോലെ തന്നെ എന്ന് ഞാൻ പറഞ്ഞപ്പോൾ ആ മുഖത്തൊരു പുഞ്ചിരി വിടർന്നു. ലോകത്ത് ഒരു ലഹരിക്കും തരാനാകാത്ത ഫീൽ ഉണ്ടായിരുന്നു ആ പുഞ്ചിരിക്ക്…

“അല്ലച്ഛാ….ഈ വാതിലെന്താ ഇങ്ങനെ തുറന്ന് ഇട്ടിരിക്കുന്നെ എന്ന എന്റെ ചോദ്യത്തിന്….” “നീ വീട് വിട്ടറങ്ങിയതിനു ശേഷം ആ വാതിൽ കഴിഞ്ഞ പത്തു വർഷമായിട്ട് തുറന്ന് തന്നെയാണ് കിടന്നിരുന്നേ കണ്ണാ, എന്റെ മകന് വേണ്ടി മാത്രം ഞാൻ തുറന്നിട്ട് കാത്തിരിക്കുകയായിരുന്നു ഇത്ര നാളും ഇന്നല്ലെങ്കിൽ നാളെ നീ വരും എന്ന പ്രതീക്ഷയിൽ ഞാനാ ഉമ്മറത്തെ ചരിക്കസേരയിൽ നിന്നെയും കാത്തിങ്ങനെ കിടക്കാറുണ്ട് കണ്ണാ, നീ അത് കാണാത്തതല്ലേ, അതോ കണ്ടില്ലെന്ന് സ്വയം നടിച്ചതോ…? സ്വന്തമെന്ന് തോന്നിയവർ ഒക്കെ തള്ളി പറഞ്ഞപ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു ഒരു ദിവസം നീ വരും. അന്ന് ഈ വാതിൽ അടഞ്ഞു കിടന്നാൽ അതിന്റെ കുറച്ചിൽ എനിക്കല്ലേ കണ്ണാ….” എന്നാണ് അച്ഛൻ ഉത്തരം തന്നത്.

പറഞ്ഞു തീർന്നതും ആ പഴയ എട്ടു വയസ്സുകാരന്റെ ലാഘവത്തിൽ നനഞ്ഞ കണ്ണുകളോടെ ഞാനെന്റെ അച്ഛനെ ഉറക്കെ വാരി പുണർന്നു. സ്നേഹം തിങ്ങി നിറഞ്ഞ ആ നെഞ്ചിലെ ഇളം ചൂട് ഏകിയ സുഖത്തേ കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷവും സ്വയം നിഷേധിച്ച എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി, ഇന്നേ വരേയ്ക്കും ഞാൻ അനുഭവിച്ച വേദനകളൊക്കെയും ആലിംഗനത്തിൽ അലിഞ്ഞു പോയ പോലെ തോന്നി, ഒരു കുഞ്ഞ് കൊച്ചിനെ പോലെ ആ നെഞ്ചിൽ കിടന്നു ഞാൻ വിതുമ്പി.

ഇനിയുള്ള കാലം മുഴുവൻ എനിക്കച്ഛനെ വേണം, ഈ പാപിക്ക് ഇനിയുള്ള കാലം മുഴുവൻ ആ പാദസേവ ചെയ്യാൻ അച്ഛനനുവദിക്കണം എന്ന് ഞാൻ പറഞ്ഞപ്പോൾ, മേശപ്പുറത്തിരുന്ന മദ്യക്കുപ്പിയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അച്ഛൻ പറയുന്നുണ്ടായിരുന്നു എങ്കിൽ ഇനിയുള്ള കാലം മുഴവൻ നമുക്കിവനെ വേണ്ട എന്ന്…

“നിന്റെ അമ്മ പറഞ്ഞത് ശരിയാ കണ്ണാ, മദ്യം വിഷമാണ്, ഒരാൾ കുടിച്ചാൽ മതി അവന്റെ കുടുംബത്തേ മൊത്തം ആ വിഷം തീണ്ടിക്കൊണ്ടിരിക്കും….” എന്ന്…