ഈ കൊച്ചു കൊച്ചു വഴക്കുക്കെ കഴിഞ്ഞു രാത്രി ഈ നെഞ്ചിലെ ചൂടെറ്റു കഥ കേട്ടു ഉറങ്ങുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാ…

എഴുത്ത്: ശിവ

“ഡി…ചായ….”

“നിങ്ങളുടെ മറ്റവളുമ്മാരോട് പറ ചായ കൊണ്ടു തരാൻ….”

“എന്റെ കാന്താരി രാവിലെ തന്നെ നല്ല കലിപ്പിൽ ആണല്ലോ എന്തുപറ്റി…?” “ദേ ഇച്ചായ കൊഞ്ചാൻ നിക്കാതെ പോയെ…”

“നീ കാര്യം പറ എന്റെ ശ്രീക്കുട്ടി മോന്തയും വീർപ്പിച്ചു നിക്കാതെ….” “ദേ ഇച്ചായ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോയെ…നിങ്ങളുടെ ഒരു കഥ എഴുത്തും കമന്റ് ഇടലും എല്ലാം ഞാൻ കാണുന്നുണ്ട്. ശിവേട്ടൻ ചായ കുടിച്ചോ…? കഴിച്ചോ…? എവിടാരുന്നു ഇത്രയും നേരം…? എന്തൊക്കെ ഒലിപ്പീരു അതിനു അനുസരിച്ചു റിപ്ലൈ കൊടുക്കാൻ നിങ്ങളും…”

“ഡി അതൊക്കെ ഒരു തമാശ അല്ലേ…” “ഉവ്വ അങ്ങനെ തമാശ കാണിച്ച നിങ്ങൾ എന്റെ തലയിൽ ആയതു…”

“അയ്യടി നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ നിന്റെ പിന്നാലെ നടന്നു വളച്ചതു ആണെന്ന്. മര്യാദക്ക് കഥയും പോസ്റ്റ് ചെയ്യ്തു പഞ്ചാര അടിച്ചു നടന്ന എന്റെ പിന്നാലെ നടന്നു ഓരോ പോസ്റ്റിലും വന്നു അടികൂടി മനുഷ്യനെ പ്രാന്താക്കി എന്നെ കൊണ്ട് ഇഷ്ടം ആണെന്ന് പറയിപ്പിച്ചതു അല്ലേടി നീ…നിനക്കപ്പോൾ എന്നോട് ഒടുക്കത്തെ പ്രേമം അല്ലാരുന്നോ…?”

“അതിപ്പോൾ നിങ്ങളുടെ കഥ ഒക്കെ വായിച്ചു എനിക്കൊരു ആരാധന തോന്നിപ്പോയി. ശിവ എന്നത് കള്ള പേരാണ് എന്നറിഞ്ഞപ്പോളെ നിങ്ങൾ ഉടായിപ്പ് ആണെന്ന് എനിക്ക് തോന്നിയതാ പിന്നെ എപ്പോഴോ അങ്ങ് ഇഷ്ടപ്പെട്ടു പോയി. കെട്ടി കഴിഞ്ഞു നിങ്ങൾ നന്നാവും എന്നോർത്തു…”

“ഓഹോ എന്നിട്ട് ഞാൻ നന്നായില്ലേടി…” “ദേ ഇച്ചായ എന്റെ കൈയിൽ കത്തിയ ഇരിക്കുന്നത് മറക്കണ്ട ദേഷ്യം പിടിപ്പിക്കാതെ പോയേ…”

“എന്റെ പെണ്ണെ നിനക്കറിയില്ലേ എന്നെ. അതൊക്കെ വെറും തമാശ അല്ലേ…എന്റെ മനസ്സിൽ നീ മാത്രമേ ഒള്ളൂ…ഞാൻ ഈ ലോകത്തു ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നതു എന്റെ അച്ഛനെ ആയിരുന്നു. അച്ഛന്റെ പെട്ടന്ന് ഉള്ള മരണം എന്നെ വല്ലാതെ തളർത്തി കളഞ്ഞു. ആ സമയത്തു എനിക്ക് താങ്ങും തണലും ആയി നിന്നതു നീ ആയിരുന്നു. നിന്റെ വാക്കുകൾ ആയിരുന്നു എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് അപ്പോൾ മുതലാണ് നിന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയത്. എല്ലാ സുഖസൗഭാഗ്യങ്ങളും വിട്ടേറിഞ്ഞു വീട്ടുകാരുടെ എതിർപ്പുകൾ മറികടന്നു ഈ കൂലി പണിക്കാരന്റെ ഒപ്പം നീ ഇറങ്ങി വന്നു. എന്റെ കഷ്ടപ്പാടിനു ഇടയിൽ നീ എനിക്കു താങ്ങും തണലും ആയി മാറി. എന്റെ അമ്മക്കു ഒരു മകളായി നീ മാറി. അമ്മയുടെ മുഖത്ത് പോലും വീണ്ടും പുഞ്ചിരി വിടർതാൻ നിനക്കായി…ഇന്നു ഈ വീടിന്റെ സന്തോഷം നീ ആണ്. അങ്ങനെ ഉള്ള നിന്നെ വിട്ടു വേറൊരു പെണ്ണിന്റെ പുറകെ ഞാൻ പോകുമോടി…ഇന്നെന്റെ ജീവനും ജീവിതവും നീയാടി…നിന്റെ മനസ്സ് വേദനിപ്പിക്കാൻ എനിക്ക് ആവില്ല. നിനക്ക് ഇഷ്ടം അല്ലെങ്കിൽ ഞാൻ ഇനി എഴുതില്ല. നിന്നെക്കാൾ വലുതല്ല എനിക്കതൊന്നും…”

“എഴുത്ത് നിർത്തിയാൽ നിങ്ങളെ ഞാൻ കൊല്ലും…ഡാ പൊട്ടൻ ഇച്ചായ നിങ്ങൾക്ക് എന്നെ അറിഞ്ഞുടെ…എനിക്കു ഇച്ചായനോട് എന്തെങ്കിലും പറഞ്ഞു എന്നും വഴക്ക് ഇട്ടില്ലേ ഒരു സമാധാനം കിട്ടില്ല…ഈ കൊച്ചു കൊച്ചു വഴക്കുക്കെ കഴിഞ്ഞു രാത്രി ഈ നെഞ്ചിലെ ചൂടെറ്റു കഥ കേട്ടു ഉറങ്ങുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാ…ഞാൻ ശരിക്കും ഹാപ്പി ആണ് ഇച്ചായ…ഈ മനസ്സിലെ സ്നേഹം എനിക്കറിയാം. എനിക്കെന്റെ ഇച്ചായനെ വിശ്വാസം ആണ് അതു കൊണ്ടു എന്റെ പൊന്നുമോൻ സെന്റി അടിക്കാൻ നിക്കാതെ പോയി കുളിച്ചു ജോലിക്ക് പോവാൻ നോക്ക്, ഞാൻ ഇപ്പോൾ ചായ കൊണ്ടു തരാം.”

” എന്നോട് സെന്റി ആകല്ലെന്ന് പറഞ്ഞിട്ട് നിന്റെ കണ്ണ് എന്താ നിറഞ്ഞത്…?”

“ഒന്നുമില്ല എന്റെ തെമ്മാടി നിന്ന് കിന്നരിക്കാതെ പോയേ…എനിക്കു അമ്മ വരും മുൻപ് അടുക്കളയിലെ പണി തീർക്കണം. അടങ്ങി ഇരിക്കാൻ പറഞ്ഞാൽ അമ്മ കേൾക്കില്ല എന്തെങ്കിലും പണി ചെയ്തോണ്ട് ഇരിക്കും.”

” ഓ ശെരി ശെരി ഞാൻ പോയേക്കാം…”

“ദേ പിന്നെ ഇച്ചായ ഇനി എങ്ങാനും ആരോടെങ്കിലും പഞ്ചാര അടിക്കുന്നത് ഞാൻ കണ്ടാൽ നിങ്ങളുടെ ആ കൈ ഞാൻ തല്ലി ഒടിക്കും” ( അതു പറയുമ്പോൾ അവളുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടാരുന്നു.) “ഇതാണ് എന്റെ പെണ്ണ് എന്തൊക്കെ പറഞ്ഞു വഴക്ക് ഇട്ടാലും എന്റെ മനസ്സൊന്നു പിടഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞാൽ അവൾക്ക് സഹിക്കില്ല. സത്യത്തിൽ അവളുടെ ഈ കൊച്ചു കൊച്ചു വഴക്കും ഇണക്കവും പിണക്കോമാണ് ഇന്ന് എന്റെ സന്തോഷവും ജീവിതവും…”

“ചങ്ക് പറിച്ചു സ്നേഹിക്കുന്ന നമ്മുടെ സുഖദുഃഖങ്ങളിൽ കൂടെ നിൽക്കുന്ന ഇണക്കവും പിണക്കവും കൊച്ചു കൊച്ചു വഴക്കുകളും ആയി നമ്മുടെ ജീവിതത്തേ സന്തോഷിപ്പിക്കുന്ന ഒരു ജീവിതപങ്കാളി ഉണ്ടായാൽ ദാമ്പത്യം എന്നത് ഏഴു വർണങ്ങൾ ഉള്ള മഴവില്ലിനേക്കാൾ മനോഹരം ആയിരിക്കും…”