എന്തായാലും ഫോൺ വിളിച്ചപ്പോൾ എല്ലാം ഞാനെന്റെ പെണ്ണിനോട് തുറന്നു പറഞ്ഞു. ഏട്ടൻ അവളെ കെട്ടിക്കോളു…

എഴുത്ത്: ശിവ

കാശില്ലാതെ വീടുപണി പാതിവഴിയിൽ നിന്നപ്പോൾ ആയിരുന്നു എനിക്കൊരു വിവാഹാലോചനയുമായി അമ്മാവൻ വന്നതു….

പെണ്ണ് റിയാദിൽ നേഴ്സ് ആണ്. നല്ല സാമ്പത്തികവുമുണ്ട്…. എന്നെപ്പറ്റി പെണ്ണിന്റെ വീട്ടുകാർ അന്വേഷിച്ചു അവർക്ക് ഇഷ്ടപ്പെട്ടു….എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്നും അവർക്കു വിഷയമല്ല എന്നും പറഞ്ഞു. അങ്ങനെ ആണ് അമ്മാവൻ ആലോചനയുമായി വന്നത്. അതുകേട്ടപ്പോൾ ഞാൻ ഒഴികെ എല്ലാവർക്കും സന്തോഷമായി.

കാരണം ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണെനിക്ക് ഉണ്ട്. എന്റെ കുറുമ്പിപെണ്ണ്….എന്റെ അമ്മയോളം എന്നെ മനസ്സിലാക്കിയവൾ…തെറ്റുകൾ കണ്ടാൽ ശകാരിക്കുന്നവൾ…ഒരു പുഞ്ചിരി കൊണ്ട് എന്റെ സങ്കടങ്ങൾ മായ്ക്കാൻ കഴിവുള്ളവൾ എന്റെ പെണ്ണ്….അങ്ങനെയുള്ള എന്റെ പെണ്ണിനെ ബന്ധുക്കളുടെ നിർബദ്ധത്തിനു വഴങ്ങി വഞ്ചിക്കാൻ എനിക്കാവില്ല.

എന്തായാലും ഫോൺ വിളിച്ചപ്പോൾ എല്ലാം ഞാനെന്റെ പെണ്ണിനോട് തുറന്നു പറഞ്ഞു. ഏട്ടൻ അവളെ കെട്ടിക്കോളു…ഏട്ടന്റെ ഏറ്റവും വലിയ സ്വപ്നമായ വീടുപണിയും നടക്കും സാമ്പത്തിക ബുദ്ധിമുട്ടും മാറും എന്നു മറുപടി നൽകി കൊണ്ട് എന്നെ അവൾ ഞെട്ടിച്ചു. അതുപറയുമ്പോൾ അവളുടെ നെഞ്ചുപിടയുന്നുണ്ടെന്നു എനിക്കു മനസ്സിലായി….എനിക്കു വേണ്ടിയിട്ട് എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി അവൾ ഒഴിഞ്ഞു മാറുന്നതാണ് എന്നെനിക്ക് മനസ്സിൽ ആയി…

“മ്മം ശെരി നിന്റെ ഇഷ്ടം അതാണെങ്കിൽ നിനക്കു എതിർപ്പ് ഇല്ലെങ്കിൽ ഞാൻ അവളെ കെട്ടിക്കോളം. എന്റെ തീരുമാനം അവരോട് ഞാൻ നാളെ പറഞ്ഞോളാം അതിനു മുൻപ് എനിക്കു നാളെ നിന്നെ ഒന്നു കാണണം. നാളെ രാവിലെ നീ അമ്പലത്തിൽ വരണം നമ്മൾ ആദ്യമായി കണ്ടത് അവിടെ വെച്ചല്ലേ അവിടെ വെച്ചു തന്നെ പിരിയാം.”

ഒരു വിങ്ങിപൊട്ടലോടെ ശെരി ഏട്ടാ എന്നും പറഞ്ഞവൾ ഫോൺ വെച്ചു. പിറ്റേന്ന് രാവിലെ തന്നെ ഞാൻ അമ്പലത്തിൽ എത്തി അവളെയും കാത്തു നിന്നു. അധികം വൈകാതെ കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ വന്നു. അകമേ കരയുന്ന മനസ്സുമായി പുറമെ പുഞ്ചിരിക്കാൻ അവൾ ആവും വിധം ശ്രമിച്ചു.

“ഡി നമ്മൾ ആദ്യമായി കണ്ടത് ഈ അമ്പലത്തിൽ വെച്ചാണ്. ഈ മഹാദേവനോട് അന്ന് ഒന്നേ ഞാൻ പ്രാത്ഥിച്ചുള്ളു നിന്നെ എനിക്കു തരണമെന്ന്. പിന്നീട് നീ ഇഷ്ടമാണെന്നു തിരിച്ചും പറഞ്ഞതിന് ശേഷം നമ്മുടെ പ്രണയത്തിനു സാക്ഷിയായതു ഈ അമ്പലവും മഹാദേവനും ആണ്. നീ ഇല്ലാതെ ഞാനില്ല എന്നു പറഞ്ഞു തന്റെ പാതിയെ മാറോടു ചേർത്തു പിടിച്ച ഈ മഹാദേവനെ പോലെയാണ് എനിക്കു നിന്നോടുള്ള സ്നേഹവും…അവളെ കെട്ടിയാൽ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറും എന്റെ ഏറ്റവും വലിയ സ്വപ്നമായ വീട് പണിയും നടക്കും പക്ഷേ ഒരിക്കലും സന്തോഷത്തോടെ എനിക്കു ആ വീട്ടിൽ കഴിയാൻ ആവില്ല. ജീവിതത്തിൽ ഒരിക്കലും എനിക്കു സന്തോഷിക്കാനും ആവില്ല കാരണം എനിക്കു മറ്റെന്തിനേക്കാളും വലുതാണ് നീ എന്നും പറഞ്ഞു പോക്കറ്റിൽ ഇരുന്ന താലി ഞാൻ എടുത്തു.

ഇതു നിനക്ക് വേണ്ടി…നിന്റെ കഴുത്തിൽ അണിയിക്കാൻ വേണ്ടി ഞാൻ കരുതിവെച്ചിരുന്നതാണ്…കൊട്ടും കുരവയും ആളുകളും ഒന്നുമില്ലാതെ ഈ മഹാദേവനെ സാക്ഷിയാക്കി ഇതിപ്പോൾ നിന്റെ കഴുത്തിൽ ഞാൻ അണിയിക്കുകയാണ് എന്നും പറഞ്ഞു ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി.

ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ അവൾ നിന്നു. ആ കണ്ണീർ തുടച്ചു മെല്ലെ അവളെ ഞാൻ മാറോടു ചേർത്തു. അപ്പോഴേക്കും തുളസിമാലയുമായി കൂട്ടുകാരെത്തി. അതു ഞങ്ങൾ പരസ്പരം കഴുത്തിൽ അണിയിച്ചു. “അതെ അളിയാ നാളെ രാവിലെ പോയി രജിസ്റ്റർ ചെയ്യണം. ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ കാണും രാവിലെ..നിങ്ങൾ അങ്ങോട്ട് വന്നാൽ മതി.”

“ഓക്കേ ഡാ….” “എന്നാൽ പിന്നെ രണ്ടും വീട്ടിലേക്ക് വിട്ടോളൂ….”

ഞാൻ നേരെ അവളുമായി വീട്ടിലേക്കു പോയി. വീടുപണി നടക്കുന്നത് കാരണം വാടകയ്ക്കു ആയിരുന്നു താമസം. വീട്ടു മുറ്റത്തു എത്തിയതും…”നീ ഇതെന്താടാ കാണിച്ചതെന്നും ചോദിച്ചു അമ്മാവൻ എവിടെ നിന്നോ പാഞ്ഞെത്തി. എല്ലാവരും ഒരു അമ്പരപ്പോടെ ഞങ്ങളെ നോക്കി നിന്നു. പേടിയോടെ അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു.

“ഇതു ഞാൻ സ്നേഹിക്കുന്ന പെണ്ണാണ്. ഇവളെ അല്ലാതെ മറ്റൊരു പെണ്ണിനേയും എന്റെ ജീവിതത്തിലേക്ക് കൊണ്ടു വരാൻ ഞാൻ ഒരുക്കമല്ല. അതുകൊണ്ടാണ് ഇവളെയും കെട്ടിക്കൊണ്ടു ഞാൻ വന്നത്….”

നിന്റെ തോന്നിവാസം ഇവിടെ നടക്കില്ല ഇപ്പോൾ ഇറങ്ങിക്കോണം ഇവളെയും കൊണ്ടു ഇവിടുന്നു…നല്ല ഒന്നാതരം ആലോചന ആയിട്ടല്ലേ ഞാൻ വന്നത്. ആ പെണ്ണിനെ കെട്ടിയിരുന്നേൽ നിന്റെ വീടുപണിയും നടന്നേനെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറിയേനെ…നീ രെക്ഷപെട്ടേനെ….

“അതെ അമ്മാവാ, ഇറങ്ങി പോവാൻ പറയാൻ ഇതു അമ്മാവന്റെ വീടല്ല…ഞാൻ വാടക കൊടുക്കുന്ന വീടാണ്. പിന്നെ സ്നേഹിച്ചു ചതിച്ചു ഇവളുടെ കണ്ണീരിൽ എനിക്കു വീടു പണിയേണ്ട. എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും മാറേണ്ട. വീട്‌ ഞാൻ എന്നെങ്കിലും പണിതോളാം. പക്ഷേ അതിന്റെ പേരിൽ ഇവളെ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമല്ല. എന്നെപ്പോലെ കൂലിപ്പണിക്കാരായ ഒരുപാട് ആൺകുട്ടികൾ കാണും. അവർക്കൊക്കെ കടബാധ്യതകളും കാണും. പക്ഷേ അവരാരും സ്നേഹിക്കുന്ന പെണ്ണിനെ ചതിക്കില്ല. കാശിലും വിദ്യാഭ്യാസത്തിലും ജോലിയിലും ഒക്കെ ഞങ്ങൾ മറ്റുള്ളവരെക്കാൾ പുറകിൽ ആണെന്ന് വരും. പക്ഷേ ചങ്കു പറിച്ചു സ്നേഹിക്കുന്ന കാര്യത്തിൽ മറ്റാരേക്കാളും മുന്നിൽ ഞങ്ങൾ തന്നെ ആയിരിക്കും. അതിപ്പോൾ പ്രണയത്തിൽ ആയാലും ഫ്രണ്ട്ഷിപ്പിൽ ആയാലും….

കാശിലും ജോലിയിലും സൗന്ദര്യത്തിലും ഒന്നുമല്ല അമ്മാവാ കാര്യം….നമ്മളെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരാളെ കിട്ടുക എന്നതിലാണ് കാര്യം….ഇന്നത് അധികം ആർക്കും കിട്ടാറുമില്ല…..പിന്നെ ഇവളെ കെട്ടിക്കൊണ്ടു വരാൻ എനിക്കാരുടെയും അനുവാദം വേണ്ട…..എന്റെ അമ്മക്കെന്നെ മനസ്സിലാവും എനിക്കു അതുമതി…..

അപ്പോഴേക്കും അമ്മ നിലവിളക്കും കത്തിച്ചു കൊണ്ടു പുഞ്ചിരിയോടെ വന്നു അവളുടെ കൈയിൽ വിളക്ക് കൊടുത്തു….പേടിയോടെ നിന്നിരുന്ന അവളുടെ മുഖത്തും പുഞ്ചിരി വിടർന്നു. നിലവിളക്കുമായി അവൾ വലതുകാൽ വെച്ചു അകത്തേക്ക് കയറുമ്പോൾ ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ട് അച്ഛന്റെ ആത്മാവും അവിടുള്ളതായി എനിക്കു തോന്നി. പ്രണയത്തിൽ ചാലിച്ച ഒരുമിച്ചുള്ള ഞങ്ങളുടെ ജീവിതം ഇവിടെ തുടങ്ങുകയാണ് മഹാദേവന്റെ അനുഗ്രഹത്തോടെ…

“പ്രണയത്തിന്റെ അടിസ്ഥാനം തന്നെ വിശ്വാസമാണ്. ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കാൻ ആവുമെന്ന വിശ്വാസം….ചതിക്കില്ല എന്ന വിശ്വാസം….എന്നും എപ്പോഴും കൂടെ ഉണ്ടാകുമെന്ന വിശ്വാസം….ആ വിശ്വാസം നിലനിർത്തി നിഷ്കളങ്കമായ മനസ്സോടെ പ്രണയിക്കുക…”

സ്നേഹപൂർവ്വം…ശിവ…