എന്റെ ഊഴമെത്തിയപ്പോൾ അമ്മ കൊണ്ടുവന്നു നിരത്തിയ തരുണീമണികൾടെ ചിത്രങ്ങൾക്ക് മുൻപിൽ മുഖം തിരിക്കുകയായാരുന്നു…

സമ്പന്നൻ – എഴുത്ത്: ആദർശ് മോഹനൻ

ചോറ്റുപാത്രത്തിൽ നിന്നും തെറിച്ചുവീണ ചോറും വറ്റ് വിരലാലൊപ്പിയെടുത്ത് തിരിച്ചാ പാത്രത്തിലേക്കിടുന്ന അച്ഛനെ ഞാൻ ഇമവെട്ടാതെത്തന്നെ നോക്കിയിരിക്കാറുണ്ട് , അപ്പോഴും എന്റേയും ഏട്ടന്റെയും കൈയിട്ടിളക്കിയയാ വട്ടപ്പാത്രത്തിനു ചുറ്റും കരിമെഴുകിയ കളത്തിൽ അത്തക്കളമിട്ടോണം ചിതറിക്കിന്നയാ വെള്ളച്ചോറിന്റെ വറ്റുകളെ അച്ഛനെ അനുകരിച്ചെന്നോണം വാരിയെടുത്ത് തന്നെ തിരിച്ചാ പാത്രത്തിലേക്കെടുത്തിടാറുണ്ട് ഞാൻ

ഊണ് മുഴുവിച്ച് ഒന്നാമനായവിടെ നിന്നും എണീറ്റ് പോകാറുള്ള ഏട്ടനെ ചൂണ്ടിക്കാട്ടി അമ്മയെന്നോടായ് പറയാറുണ്ട് ,

” മിടുക്കമാരങ്ങനെയാ , അവരധികം സമയo കളയാറില്ല , ഏട്ടനെ കണ്ടു പഠിക്കെടാ കുരിപ്പേ” എന്ന്

മുഖം കുനിഞ്ഞ് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്ന അച്ഛന്റെ കണ്ണുകൾ വറ്റ് ചിതറിയ ഏട്ടന്റെ പാത്രത്തിലേക്കൊന്ന് പതിച്ചപ്പോൾ ആ മുഖത്തെ ഭാവവ്യത്യാസം ഞാനും ശ്രദ്ധിച്ചതാണ്

അച്ഛനാ കുത്തരിച്ചോറ് ഉണ്ടയാക്കി ഉരുളയുരുട്ടണത് കാണാൻ തന്നെ നല്ല രസമാണ്, ഞാനെന്റെ വിരലുകളാ പാത്രത്തിൽ പരതിയിരിക്കുമ്പോളോക്കെ ഉണ്ട ഉരുട്ടിയ ആ വലിയ ഉരുള എന്റെ വായിലേക്ക് വച്ച് തന്നിട്ട് അച്ഛൻ ചോദിക്കാറുണ്ട്

” എങ്ങനെയുണ്ട് ഉണ്ണീ” എന്ന്

ഉമിനീരു കൂട്ടി ഞാനത് ചവച്ചിറക്കുമ്പോൾ പലപ്പോഴും ഞാനെന്നോട് തന്നെ ചോദിക്കാറുണ്ട്

“എന്തുകൊണ്ട് ഇത്രയും സ്വാദ് ?, ഞാനുരുട്ടുമ്പോ മാത്രമെന്താ അതെനിക്ക് അനുഭവിക്കാൻ കഴിയാത്തത്? എന്നയാ ചോദ്യo ,

ഇന്നോളമെനിക്കൊരു ഉത്തരം കിട്ടാത്തയാ ചോദ്യം

അന്തിക്ക് ബാക്കി വന്ന അത്താഴം പൂവാലിപ്പശുവിന്റെ കഞ്ഞിവെള്ളത്തിൽ പകർത്തിക്കൊടുക്കാൻ പോകാറുള്ള അമ്മയെ തുറിപ്പിച്ചുള്ളൊരു നോട്ടം കൊണ്ടച്ഛൻ തടയാറുണ്ട്

വീർത്ത മോന്തയുമായി പച്ചവെള്ളത്തിൽ പരത്തിയിട്ടയ വെള്ളരിച്ചോറിൽ നോക്കി എന്തൊക്കെയോ പിറുപിറുക്കാറുണ്ടമ്മയപ്പോൾ

പിറ്റേന്ന് കാലത്ത് വെള്ളമൂറ്റിയ ആ വെള്ളച്ചോറിൽ ഉള്ളിയും ഇഞ്ചിയും ചതച്ചിട്ടിട്ട് കാന്താരി മുളകതിലരിഞ്ഞിട്ടിട്ട് അച്ഛനത് കൂട്ടിക്കുഴച്ച് മറിക്കണത് കാണാറുള്ളപ്പോഴൊക്കെ അമ്മയുടെ മുഖത്തൊരു പുച്ഛഭാവം വിരിയാറുണ്ട്

അന്നും അമ്മ ചുട്ട വട്ടം കൂടിയയാ പശ്മിയുള്ള ദോശയിൽ എന്റെ പങ്ക് ബാക്കിയാവാറാണ് പതിവ്

പലപ്പോഴും ആ പഴങ്കഞ്ഞി എനിക്കു വേണ്ടി മാത്രമായാണച്ഛൻ ബാക്കി വെക്കാറുള്ളതെന്നെനിക്ക് തോന്നിയിട്ടുണ്ട്

അച്ഛന്റെ ഉമിനീര് കലർന്നയാ പഴങ്കഞ്ഞിക്കാണ് ഈ ലോകത്തെനിക്ക് എറ്റവും സ്വാദുള്ളതായി തോന്നിയിട്ടുള്ളതും

അന്നൊക്കെ അപ്പുറത്തിരുന്ന് ദോശ കഴിക്കുന്നുണ്ടായിരുന്ന ഏട്ടനെയും എന്നെയും മാറി മാറി നോക്കീട്ടമ്മ പറയാറുണ്ട്

” നല്ലത് നായക്കൊക്കില്ലല്ലോ ” എന്ന്

എന്റെ മുഖമൊന്നു കറുക്കാറുണ്ടെങ്കിലും അച്ഛന്റെയാ നേർത്ത പുഞ്ചിരി കാണുമ്പോൾ മനസ്സിൽ ഞാനാ വാക്കുകളെ അലിയിച്ചു ഇല്ലാതാക്കാറാണ് പതിവ്

വക്ക് പൊട്ടിയ സ്ലേറ്റിൽ മതിലിനപ്പുറത്ത് നിക്കണ ആനയെ ഞാൻ വരച്ചപ്പോൾ, ചെവിയിൽ നുള്ളിക്കൊണ്ട് ഏട്ടന് പഠിപ്പിന് കിട്ടിയ പുരസ്കാരങ്ങൾ കുത്തി നിറച്ച ആ അലമാര ചൂണ്ടിക്കാണിച്ചു കൊണ്ടമ്മയെന്നോട് പറയാറുണ്ട്

“ഏട്ടനെ കണ്ട് പഠിക്കെട പൊട്ടാ, അവൻ ക്ലാസ്സിൽ ഫസ്റ്റാണ്, നാണമാവില്ലെ നഴ്സറിപ്പിള്ളേരെ പോലെ സ്ലേറ്റിലിപ്പോഴും പടം വരച്ചിങ്ങനെ നടക്കാൻ ” എന്ന്

മനസ്സിലൽപ്പം സങ്കടം തോന്നാറുണ്ടേങ്കിലുo ഞാനത് പുറത്ത് കാട്ടാറില്ല, അപ്പോഴൊക്കെ അമ്മയെ കാണിച്ചിട്ടില്ലാത്ത ഓട്ടമത്സരത്തിനുo, ഹൈ ജമ്പിനും, ലോംഗ് ജമ്പിനുo ഒന്നാo സ്ഥാനം കിട്ടിയ സർട്ടിഫിക്കറ്റ് അച്ഛന്റെയാ പഴയ പെട്ടിക്കുള്ളിൽ നിന്നും പൊടിതട്ടിയെടുത്ത് വിരലോടിച്ച് നോക്കാറുണ്ട് ഞാൻ

അത് കാണുമ്പോഴെല്ലാം അച്ഛൻ പറഞ്ഞു പഠിപ്പിച്ചയാ വാചകം മനസ്സിലൂടെ ഓടിയെത്തും

” ഓടിയാലും ചാടിയാലും വീഴാതെ നോക്കണം, വീണുപോയാലും വീണിടത്ത് കിടക്കാതെ ഇരുകാലുകളിലും നിവർന്നു നിക്കണം , മുട്ട് മുറിഞ്ഞാലും മനസ്സ് മുറിയരുത്, മുറിഞ്ഞാലും ആ വേദന പുറത്ത് കാണിക്കരുത് , അത് പുറത്ത് കാട്ടിയാൽ അവിടെ നമ്മൾ തോറ്റ് തുടങ്ങും ഉണ്ണീ” എന്ന്

മക്കളെല്ലാവരും അച്ഛന് ഒരുപോലാന്നൊക്കെ പറയണത് വെറുതെയാണ്, അച്ഛന് ഏട്ടക്കാൾ ഇഷ്ട്ടം എന്നെയാണ്

കാരണമെന്തെന്നോ?

ഏട്ടൻ ചെയ്ത തെറ്റുകൾക്ക് മുൻപിൽ കണ്ണടച്ചു കൊടുക്കാമ്പോഴും ഞാൻ ചെയ്ത തെറ്റിന് ഉമ്മറത്തുള്ള നീരൊലി വടിയുടെ നീര് വറ്റണവരെയെന്നെത്തല്ലി നേരെയാക്കാറുണ്ടെന്നെയച്ഛൻ

എങ്കിലും പിറ്റേ ദിവസം ഉമ്മറത്തു ചിതറിക്കിടന്ന ബീഡിക്കുറ്റികളെന്നോട് വിളിച്ചു പറയാറുമുണ്ട്, എന്റെയച്ഛനിന്നലെ വിഷമം കാരണം ഒരു പോള പോലും കണ്ണടച്ചിട്ടില്ലയിന്നലെയെന്ന്, എന്നോടുള്ള സ്നേഹക്കൂടുതലാണതിനുള്ള കാരണം എന്ന്

മൂത്ത മകനെയമ്മ ബന്ധുക്കളുടെ മുൻപിൽ വെച്ച് പാടിപ്പുകഴ്ത്തിപ്പറയുമ്പോൾ കുരുത്തം കെട്ടവനെന്ന ലേബലിലെന്നെ മാറ്റി നിർത്താറുള്ളപ്പോഴൊക്കെ ഉള്ളിൽ സങ്കടപ്പെട്ടുകൊണ്ടായാലും എന്റെ മുഖത്തൊരു ഇളിഞ്ഞ ചിരി ഉടലെടുക്കാറുണ്ട്

എനിക്കറിയാം എന്നിൽ വാശി ഉണ്ടാവാൻ വേണ്ടി മാത്രമാണമ്മയത് പറയാറുള്ളത് എന്ന്

സ്കൂളിൽ പോകുമ്പോൾ ഏട്ടന്റെ യൂണിഫോമിന്റെ നെഞ്ചിന്റെ ഭാഗത്തുള്ള കുടുക്കു പൊട്ടിയപ്പോൾ നിന്ന നിൽപ്പിലാ സൂചിയും നൂലും കൊണ്ട് വന്ന് അത് തുന്നിക്കൊടുക്കണത് കണ്ടപ്പോൾ ആഴ്ച്ചകളോളമാ അയയിൽ തൂങ്ങിക്കിടക്കണ മൂട് കീറിയ എന്റെയാ വരയൻ പാന്റിലേക്കൊന്നു നോക്കുക മാത്രേ ഞാൻ ചെയ്തുള്ളോ

സ്കൂളുവിട്ടു വന്നാലുടൻ പുസ്തകം കാർന്നുതിന്നലാണ് ഏട്ടന്റെ ഹോബി, ഞാനപ്പോഴും അച്ഛന്റെ വണ്ടി വർഷോപ്പിൽ ഗ്രീസിൽക്കിടന്ന് മെഴുകിപ്പണിയെടുക്കാറുണ്ടാവും

അച്ഛനിടയ്ക്ക് പറയാറുണ്ട് ഒരുപാട് കാലത്തെ അച്ഛന്റെ വിയർപ്പിന്റെ ഫലമാണ് ഈ വർക്ക് ഷോപ്പെന്ന്, ചോര നീരാക്കി ഉണ്ടാക്കിയ അച്ഛന്റെ ആകെയുള്ള സമ്പത്ത്, അച്ഛനെപ്പോലെത്തന്നെ എനിക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു അവിടമാകെ നിറഞ്ഞു നിന്ന ഗ്രീസിന്റെയും ഓയലിന്റെയും മണം

അന്നൊരിക്കൽ അയലത്തുള്ള രമേട്ടനെന്നോട് പറഞ്ഞതാണ് ,വിദേശത്തേക്ക് പോകാനും പൈസ സമ്പാദിക്കാനും ഒരുപാട് അവസരം കിട്ടിയിട്ടും കളഞ്ഞിട്ട് പോകാതെ ഈ കരിയിലും ഗ്രീസിലും പങ്കപ്പാട് കഴിച്ചാണ് അച്ഛനിത്രത്തോളമെത്തിയത് എന്നത് , എന്നിട്ടും സമ്പാദിച്ചതൊക്കെ കൂടപ്പിറപ്പുകൾക്ക് വീതിച്ചു കൊടുത്ത് സ്വയം വിഡ്ഡിയാവുകയായിരുന്നു അച്ഛൻ എന്ന്

പണി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും അമ്മേടെയാ വീർത്ത മുഖം കാണാതിരിക്കാൻ തോർത്തുമുണ്ടെടുത്ത് അമ്പലക്കുളത്തിലേക്ക് ഓടി മറയാറുണ്ട് ഞാൻ

അന്നൊക്കെയമ്മ പറയാറുണ്ട് അച്ഛന്റെ പിറകെ പോയി നീയും നശിക്കരുത് ഉണ്ണീ, കൊടുത്ത് മുടിയേ ഉള്ളൂ എന്ന് , സ്വന്തമായി ജീവിക്കാൻ മറന്നു പോയ, ജീവിതത്തിൽ തോറ്റു പോയ ആളുകളുടെ കണക്കെടുത്താൽ നിന്റെ അച്ഛന്റെ പേര് മുൻപന്തിയിലായിരിക്കും ഉണ്ടാവുക എന്ന്

കാലം മാറിയിട്ടും കോലം മാറാത്ത എനിക്കൊപ്പം മാറാതെ പിന്തുടർന്നു കൊണ്ട് അമ്മയുടെ ശകാരവർഷവും കൂടെത്തന്നെയുണ്ടായിരുന്നു

അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയിൽ ചീഫ് എഞ്ചിനിയറായി ഏട്ടൻ നാടുവിട്ടു പുറത്ത് പോകുമ്പോഴും അമ്മ പറഞ്ഞു

” ആയ കാലത്ത് നന്നായി പഠിച്ചിരുന്നെങ്കിൽ ഏട്ടനെപ്പോലെ നിനക്കും നല്ല നിലയിലെത്തായിരുന്നില്ലേ ” എന്ന്

വലിയ നിലയിലൊന്നും അല്ലെങ്കിലും ക്യാമ്പസ് ഇന്റർവ്യൂയിൽ ജോലി തരപ്പെട്ടപ്പോൾ ആ അവസരം പുറംകാലിൽ തട്ടിയകറ്റിയതാണ് ഞാൻ.

എന്റെ മനസ്സിലപ്പോഴും അച്ഛന്റെ വിയർപ്പ് വീണയാ വർക്ക്ഷോപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നതും, എന്നേക്കാളധികം ഞാനതിനെ സ്നേഹിക്കുന്നുണ്ട് എന്നതാണ് സത്യവും

ഈ വാർദ്ധക്യത്തിലും അച്ഛന്റെ കരുത്തുറ്റ കൈകളിൽ ആ 10-12 ന്റെ സ്പാനർ ഇരിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ് , അതു കൊണ്ട് ഓരോ നെട്ടും മുറുക്കുമ്പോഴും തടിച്ചു വരുന്ന ആ ഞരമ്പുകളിലേക്ക് ഞാനൊന്നു പാളി നോക്കാറുണ്ട്

വിവാഹ പ്രായം എത്തിയപ്പോൾ നിലയ്ക്കും വിലയ്ക്കും ചേർന്ന ബന്ധം ഏട്ടന് ഒത്തു വന്നപ്പോൾ അച്ഛന്റെ വാക്കിനെ എതിർത്താണ് ഏട്ടന്റെ വാശി നിറവേറ്റിയതും.

എന്റെ ഊഴമെത്തിയപ്പോൾ അമ്മ കൊണ്ടുവന്നു നിരത്തിയ തരുണീമണികൾടെ ചിത്രങ്ങൾക്ക് മുൻപിൽ മുഖം തിരിക്കുകയായാരുന്നു…

ആരോരുമില്ലാത്ത പാവപ്പെട്ടൊരു കുടുംബത്തിൽ അരപ്പട്ടിണിയിൽ കഴിഞ്ഞിരുന്നവൾടെ കയ്യും പിടിച്ച് ഞാനെന്റെ വീടിന്റെ പടി ചവിട്ടുമ്പോൾ പുഞ്ചിരിച്ചു കൊണ്ട് നിലവിളക്കെടുത്തു തന്നത് അച്ഛനായിരുന്നു. മുദ്ദേവിയെന്ന് മുദ്രകുത്തിയവളെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലയെന്റെ അമ്മ

ആ ഒരൊറ്റ കാരണം കൊണ്ട് കേറ്റിപ്പിടിച്ച മോന്തായവുമായി ഒരുപാട് നാളെന്നോട് സംസാരിച്ചിട്ടുണ്ടായിരുന്നില്ല എന്നോടമ്മ,

കുറ്റപ്പെടുത്തലും അവഗണനകളും ഒരുപാട് സഹിച്ചതാണ് എന്റെ ദേവു , അപ്പോഴൊന്നും ആ കണ്ണൊന്നൊരിക്കലും നിറഞ്ഞ് കണ്ടിട്ടില്ല ഞാൻ

ഏട്ടത്തിയെ കുറിച്ച് വാനോളം വാതോരാതെ സംസാരിക്കാറുള്ള എന്റെയമ്മ ഇടയ്ക്കൊക്കെ പറയാറുണ്ട് , എന്റെ സ്വകാര്യ അഹങ്കാരമാണ് ഈ വീട്ടിലെ മൂത്ത മരുമകൾ എന്ന്

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സമ്പന്നതയിലും ഒരിക്കലും ഏട്ടത്തിയോട് കിടപിടിക്കാൻ കഴിയില്ലായിരിക്കും എന്റെ ദേവൂന്

പക്ഷെ ഏട്ടത്തിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ അവൾക്കറിയാം

നന്നായി മുറ്റമടിക്കാനറിയാം

പാത്രം കഴുകാനറിയാം

ചോറും കറിയുമുണ്ടാക്കാനറിയാം

അവൾടെ ഇഷ്ട്ടങ്ങളേക്കാൾ പ്രാധാന്യം മറ്റുള്ളവർടെ ഇഷ്ട്ടങ്ങൾക്ക് കൊടുക്കാനറിയാം

അതിമെല്ലാം ഉപരി തിരിച്ച് ഒന്നും ആഗ്രഹിക്കാതെ മറ്റുള്ളവരെ സ്നേഹിക്കാനാറിയാം

ഏട്ടത്തി പുകഴ്ത്തിക്കൊണ്ട് അമ്മയതു പറഞ്ഞപ്പോൾ ആ മുഖത്ത് നോക്കി മനസ്സിൽ ആയിരം തവണ ഞാൻ പറഞ്ഞിട്ടുണ്ട്

ദേവുനെ കാണുമ്പോൾ അഹങ്കരിക്കാനല്ല തോന്നാറ് അഭിമാനിക്കാനാണെനിക്ക് തോന്നാറ് എന്ന്

ഏട്ടൻ നാട്ടിലെത്തുമ്പോൾ മാത്രമേ ഏട്ടത്തി വീട്ടിൽ വരാറുള്ളോ, അതു കൊണ്ട് തന്നെ വീട് നോക്കണത് എന്റെ ദേവുട്ടി തന്നെയായിരുന്നു, സ്നേഹത്തോടെ രണ്ട് വാക്ക് അന്നും അമ്മയവളോട് പറഞ്ഞിരുന്നില്ല എന്നതാണ് സത്യം

അന്നമ്മ കുളി മുറിയിൽ തെന്നി വീണപ്പോഴും താങ്ങിപ്പിടിച്ച് ആശുപത്രിയിലെത്തിച്ചത് അമ്മേടെ സ്വകാര്യ അഹങ്കാരന്മാരുന്നവളല്ല

വേദന കൊണ്ട് പുളയുമ്പോഴും കാലിൽ കുഴമ്പ് തേച്ചു പിടിപ്പിച്ചത് അമ്മേടെ സ്വകാര്യ അഹങ്കാരമായിരുന്നവളല്ല

ചൂടാറ്റിയ പൊടിയരിക്കഞ്ഞിയിൽ മരുന്നു ചാലിച്ച് ചുണ്ടിലിറ്റിറ്റായ് കോരിക്കൊടുത്തത് അമ്മയുടെ സ്വകാര്യ അഹങ്കാരമായിരുന്നവളല്ല

അത് മൂദ്ദേവിയെന്നമ്മ മുദ്രകുത്തിയ എന്റെ പ്രിയതമയായിരുന്നു

അവളെന്റെ അരപ്പട്ടിണിക്കാരിയായിരുന്ന പ്രാണന്റെ പാതിയായിരുന്നു,

ഞാൻ ജീവനേക്കാളധികം സ്നേഹിക്കുന്ന എന്റെ മാത്രം ദേവുട്ടിയായിരുന്നു അത്

അമ്മ എപ്പോളും ചോദിക്കുമായിരുന്നു ഏട്ടനെ കുറിച്ച്, ഇടയ്ക്കൊക്കെ വിളിക്കാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ല ഏട്ടൻ, സംസാരത്തിലൊട്ടാകെ പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിനെ കുറിച്ച് മാത്രമായിരിക്കും

എങ്കിലും അമ്മ ചോദിക്കുമ്പോഴൊക്കെ അമ്മയെ അന്വേഷിച്ചു എന്നും, മരുന്നൊക്കെ കൃത്യമായി കഴിക്കണം എന്നൊക്കെ ഏട്ടൻ പറയാറുണ്ടന്ന കള്ളം ആ മുഖത്ത് നോക്കാതെ തന്നെ ഞാൻ പറായുള്ളപ്പോഴൊക്കെ അമ്മയുടെ യാ മുഖത്ത് പൂർണ്ണ ചന്ദ്രനേക്കാൾ തിളക്കമുളവായ പോലെ തോന്നാറുണ്ടെനിക്ക്

ഒന്നര മാസത്തോളം കിടന്ന കിടപ്പിൽ നിന്നുമെണീക്കാത്ത അമ്മയെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ല ഏട്ടത്തി

പലപ്പോഴുo എന്റെ ദേവുട്ടി കഞ്ഞി വാരി കൊടുക്കാറുള്ളപ്പോഴക്കെ ആ ചുളിഞ്ഞ കവിളിലൂടെ കണ്ണീരൊഴുകിയൊലിക്കുന്നത് ഞാൻ വേദനയോടെ നോക്കി നിന്നിട്ടുണ്ട് , അന്നൊക്കെ അമ്മ പാതി തളർന്നയാ കൈ കൊണ്ട് ന്റെ ദേവുട്ടീടെ മുടിയിഴകളിലൂടെയൊന്ന് വിരലോടിക്കാറുണ്ട്

സ്നേഹം കൊണ്ടവളുടെ കണ്ണു നനഞ്ഞു കുതിരാറുള്ളപ്പോഴൊക്കെയെന്റെ മനസ്സ് നിറഞ്ഞ് കവിയാറുണ്ട്

അന്ന് ഓണത്തിന് അമ്മയ്ക്ക് വേണ്ടി ദേവുട്ടി പുടവയെടുത്തപ്പോൾ അതിന്റെയൊപ്പം ഏട്ടൻ പറഞ്ഞിട്ട് എട്ടത്തി വാങ്ങിയേൽപ്പിച്ചതാണെന്നുo പറഞ്ഞ് ഞാനും ഒരു പുടവ അമ്മയ്ക്കെടുത്തു കൊടുത്തു

ഞാൻ കൊടുത്തയാ പുടവ നെഞ്ചോട് ചേർത്തു പിടിക്കുമ്പോഴും അമ്മ പൊട്ടിക്കരയുകയായിരുന്നു, എനിക്കറിയാം അമ്മയ്ക്ക് ഏട്ടെനെന്ന് വെച്ചാൽ ജീവനാണെന്ന്, ആ കൈ കൊണ്ട് വിഷം വാങ്ങിക്കൊടുത്താലും അമ്മ ഇരു കൈകൾ നീട്ടി സ്വീകരിക്കുo എന്ന്

എങ്കിലും അമ്മയന്ന് കുളിച്ച് അണിഞ്ഞൊരുങ്ങി വന്നപ്പോൾ സത്യത്തിലെന്റെ കണ്ണ് തള്ളിയതാണ്, കാരണം അന്നമ്മ ഉടുത്തത് ന്റെ ദേവുട്ടി വാങ്ങിക്കൊടുത്ത പുടവയാണ്

ചോദിച്ചപ്പോളമ്മ പറഞ്ഞത് ഏട്ടത്തി വാങ്ങിക്കൊടുത്ത പുടവയുടെ കര വലുതാണത്രേ, ഏറ്റവും ഇഷ്ട്ടപ്പെട്ടത് ന്റെ ദേവുട്ടി വാങ്ങിക്കൊടുത്ത പുടവയാണത്രേ

ഒരുപാട് സന്തോഷവതിയായിരുന്നു എന്റെ ദേവുട്ടി, അല്ല സത്യമെന്തെന്നുവെച്ചാൽ അമ്മയുടെ ഇഷ്ട്ടങ്ങൾ എന്നേക്കാൾ നന്നായി അല്ല മറ്റാരേക്കാൾ നന്നായി അവൾക്കറിയാം എന്നുള്ളതാണ്

അന്ന് പുറം തിരിഞ്ഞു നിന്ന എന്നെയവൾ ഓടി വന്ന് വട്ടം പിടിച്ച് കൊണ്ടെന്നോടായ് പറയുന്നുണ്ടായിരുന്നു

“ഏട്ടാ, അമ്മ…….. അമ്മയുടുത്തത് ഞാൻ വാങ്ങിക്കൊടുത്ത പുടവയാണ്, ഏട്ടത്തിയുടെ പുടവയേക്കാൾ ഇഷ്ട്ടപ്പെട്ടത് ഞാൻ വാങ്ങിക്കൊടുത്ത പുടവയാണ് “എന്ന്

നടുംപുറം നനഞ്ഞപ്പോൾ ഞാനൊന്നു തിരിഞ്ഞു നോക്കി, ന്റെ ദേവൂട്ടിടെ കണ്ണാകെ ആനന്ദത്താൽ കലങ്ങിക്കുതിർന്നിരുന്നു, ആ കവിണകളെ ചുണ്ടുകളാൽ തോർത്തിയെടുത്തു കൊണ്ട് ഞാനവളോടായ് പറഞ്ഞു

” എന്റെ അമ്മ, ആ മനസ്സ് നിറയെ കുത്തിനിറച്ച സ്നേഹമാണെന്ന്, പ്രകടിപ്പിക്കാൻ കഴിയാതെ വിങ്ങി തിങ്ങി നിക്കണ സ്നേഹം “

മൂന്ന് വർഷത്തിനിടയിൽ ഒന്നോ രണ്ടോ തവണയേ ഏട്ടത്തി വീട്ടിലേക്ക് വന്നിട്ടുള്ളോ, അതിലൊന്നും അമ്മയ്ക്ക് പരിഭവമുണ്ടായിരുന്നില്ല എന്നതാണ് സത്യവും

പക്ഷെ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏട്ടനെ തിരക്കാത്ത ഒറ്റ ദിവസം പോലുമുണ്ടായിരുന്നില്ല അമ്മയ്ക്ക്

ഏട്ടൻ എന്നും വിളിക്കാറുണ്ടെന്നും അമ്മയെക്കുറിച്ചെന്നും ആരായാറുണ്ടെന്നും കള്ളം പറഞ്ഞ് ആ മനസ്സിനെ തൃപ്തിപ്പെടുത്താറുള്ളപ്പോഴൊക്കെ ആ കണ്ണിലെ തിളക്കം കാണുമ്പോഴൊക്കെ എന്റെ മനസ്സൊന്നു നോവാറുണ്ട്

അമ്മയ്ക്ക് തീരെ വയ്യാതായി ഹോസ്പിറ്റലിൽ കിടക്കുമ്പോഴുo ആഗ്രഹമെന്നോണം അറിയിച്ചത് ഏട്ടനെയൊന്ന് കാണണം എന്ന് മാത്രമായിരുന്നു,

ആ കട്ടിലിന് കാവലായ് മൂകനായ് അച്ഛനപ്പോഴും കൂടെയുണ്ടായിരുന്നു. അച്ഛനൊന്ന് എണീറ്റാൽ അപ്പോഴേക്കും ആ ഞരമ്പു തടിച്ചയാ ചുളിഞ്ഞ കൈത്തണ്ടയിലേക്ക് അമ്മയുടെയാ തളർന്ന കൈപ്പിടി വീഴാറുണ്ട്

അസുഖം മൂർദ്ധനാവസ്ഥയിലെത്തിയപ്പോൾ അമ്മയെന്നെ അരികിൽ വിളിച്ചു നിർത്തിയിട്ടെന്നോടായാ ചോദ്യം ചോദിച്ചു

” ഉണ്ണീ, ഈ അമ്മയ്ക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ട്ടം തോന്നിയിട്ടുള്ളത് എന്തിനോടാണെന്ന് ഉണ്ണിക്കറിയോ “?

ചോദ്യം കേട്ടപ്പോഴേക്കുമെന്റെ കണ്ണാകെ നിറഞ്ഞു ,ആ മരവിച്ച കൈകളിലെ തണുപ്പ് എന്റെ ഉള്ളംകൈയ്യിലേക്ക് പടർന്നു കയറി, ഇല്ലാ എന്നയർത്ഥത്തിൽ ഞാനൊന്നു മൂളിയപ്പോൾ എന്റെ കണ്ണുകളിൽ നോക്കിയമ്മ പറയുന്നുണ്ടായിരുന്നു

” ന്റെ ഉണ്ണി പറഞ്ഞ കള്ളങ്ങളാണ് ഈയമ്മക്കീ ലോകത്ത് ഏറ്റവും ഇഷ്ട്ടം , കാരണം ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് മാത്രമേ നീയിന്നോളം പറഞ്ഞിട്ടുള്ളോ ” എന്ന്

ആ മരവിച്ച കൈകളെ നെഞ്ചോടൊന്നു ചേർത്തു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു ,

” അമ്മയെപ്പോഴും പറയാറില്ലെ ഏട്ടനെ കണ്ട് പഠിക്കാൻ, ഇത്രയും കാലം അമ്മയെ ധിക്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ, ഒരിക്കൽ പോലും അമ്മയെന്നോട് പറഞ്ഞിട്ടില്ലല്ലോ അച്ഛനെ കണ്ടു പഠിക്കാൻ, ഈ ധിക്കാരിയായ മകൻ ശീലിച്ചതും അതു മാത്രമായിരുന്നു “

” രാമേട്ടൻ പറഞ്ഞ പോലെ എന്റെയച്ഛനൊരു വിഡ്ഡിയാണെങ്കിൽ, ആ വിഡ്ഢിയാവാനാണെനിക്കിഷ്ട്ടം, അമ്മ പറഞ്ഞതുപോലെ തോറ്റുപോയവനാണച്ഛനെങ്കിൽ ,തോൽക്കാൻ തന്നെയാണെനിക്കിഷ്ട്ടം, കാരണം തോറ്റത് സ്നേഹിക്കുന്നവർക്ക് മുൻപിൽ തന്നെയായതുകൊണ്ട് തന്നെ അതിലെനിക്ക് സന്തോഷമേ ഉള്ളൂ “

പറഞ്ഞു തീരുമ്പോഴേക്കും ആ കണ്ണുകൾ മുകളിലേക്ക് മറഞ്ഞിരുന്നു, മരവിച്ചയാ കൈകളുടെ ചലന ശേഷിയറ്റു പോയിരുന്നു

ഞാനാ മുഖത്തേക്ക് മൗനിയായ് നോക്കി നിന്നു , അപ്പുറത്തു നിന്ന അച്ഛന്റെ പൊട്ടിക്കരച്ചിലുകൾ എന്റെ കാതിലേക്ക് പതിച്ചുകൂടിയില്ല കാരണം എന്റെ ദൃഷ്ട്ടി അമ്മയുടെ ചുണ്ടുകളിലേക്ക് മാത്രമായിയുന്നു

കണ്ണടയുമ്പോഴും ആ ചുണ്ടുകൾ പുഞ്ചിരിയാൽ വിടർന്നു നിന്നിരുന്നു, എനിക്കറിയാം അതെന്റെ അച്ഛനെ ഓർത്തുകൊണ്ട് അഭിമാനം കൊണ്ടതിന്റെ പ്രതീകമാണാ പുഞ്ചിരിയെന്ന്, കാരണം കൊടുക്കുന്ന കാര്യത്തിൽ ഇന്നോളമൊരിത്തിരി പിശുക്കു പോലും കാണിച്ചിട്ടില്ലയെന്റെ അച്ഛൻ, സ്നേഹത്തിന്റെ കാര്യത്തിൽ ഏറ്റവും സമ്പന്നനായിരുന്നു എന്റെയച്ഛൻ, എന്തെന്നാൽ വാരിക്കോരിത്തന്നിട്ടുണ്ടത് ഞങ്ങൾക്കൊരുപാട്