ചുംബനം – എഴുത്ത്: ദിയ കൃഷ്ണ
കിടക്കവിരിയെ നനച്ച രക്ത ചുവപ്പ് അവളിൽ ഏറെ ചാർത്താൻ കൊതിച്ച സിന്ദൂര ചുവപ്പിന്റെ ഓർമ്മ അവനിൽ നിറച്ചു…നീല നിറമാർന്ന കൈ തണ്ടയിലെ ഞരമ്പിൽ നിന്നും രക്തം കിടക്ക വിരിയാകെ പടർന്നു കയറുകയാണ്…ശബ്ദമുണ്ടാക്കി കറങ്ങുന്ന ഫാനിന്റെ തണുപ്പിലും വല്ലാത്ത ഉഷ്ണം…
സമയം പുലർച്ചെ 3.00 ആയിട്ടുണ്ട്. ഇനി ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണം തന്നെ പൂർണ്ണമായും കീഴടക്കും. എല്ലാവർക്കും ഇനി ഞാൻ ഒരു ഓർമ്മ മാത്രം…
“അവൾ…!! അവൾ ഓർക്കുവോ എന്നെ?? എവിടെ ഓർക്കാൻ…നാളെ നെഞ്ചോടു ചേർത്തു പിടിച്ച സ്വന്തം പെണ്ണിന്റെ കല്യാണം..!! മറ്റൊരുവൻ അവളെ സ്വന്തമാക്കാൻ പോകുന്നു..
.കഴിഞ്ഞ ഓരോ നിമിഷവും തന്നെ പരിഹസിച്ചു കൊണ്ട് കണ്മുന്നിലൂടെ മറഞ്ഞു പോകുന്നു. കഥകൾ പറഞ്ഞ രാത്രികൾക്ക് മറവിയുടെ ചവറ്റുകൊട്ടയിൽ സ്ഥാനം കൊടുക്കാൻ ആകുന്നില്ല. അവൾക്ക് എത്ര എളുപ്പം കഴിഞ്ഞു അതിന്…
അടുത്ത മുറിയിൽ അച്ഛനും അമ്മയും ഒന്നുമറിയാതെ ഉറങ്ങുന്നുണ്ടാകും. അവരെ കുറിച്ചോർത്തപ്പോൾ വർധിച്ച ഹൃദയ മിടിപ്പ് ഒന്നു കൂടിയൊന്നു പിടഞ്ഞു. അവരെങ്ങനെയാ ഞാനില്ലാതെ…?
ഒന്നു വീട്ടിൽ എത്താൻ വൈകുമ്പോഴേക്കും അമ്മയുടെ മനസ്സ് പിടയുന്നത് ഞാനറിയാറുണ്ട്. എന്ത് ആഗ്രഹിച്ചാലും അത് നേടി തരാൻ അച്ഛൻ ശ്രമിക്കുന്നത് കാണുമ്പോൾ ഞാൻ എത്രമാത്രം ഭാഗ്യവാൻ ആണെന്ന് ചിന്തിച്ചു പോയിട്ടുണ്ട്. ഏത് നേരവും വഴക്കാണെങ്കിലും അനിയത്തി പെണ്ണിന്റെ സ്നേഹവും അടുത്തറിഞ്ഞിട്ടുള്ളതാണ്. ഞാനില്ലാത്ത ലോകത്തെ ഇവർക്കൊന്നും ഉൾക്കൊള്ളാൻ കഴിയില്ല.
“വേണ്ട എനിക്ക് മരിക്കേണ്ട, എനിക്ക് ജീവിക്കണം, എന്റെ വീട്ടുകാർക്ക് വേണ്ടി, എന്റെ അമ്മക്ക് വേണ്ടി….”
മരണം അടുത്തെത്തിയിരിക്കുന്നു. തൊണ്ടയാകെ വരണ്ടു പൊട്ടുന്ന പോലെ….വെള്ളം…!! ഇല്ല എനിക്ക് ശ്വസിക്കാൻ പറ്റുന്നില്ല…കാഴ്ച്ച മറയുന്നു…അമ്മേ, എന്നോട് ക്ഷമിക്കൂ…
************
ആകെ ബഹളം കേട്ടിട്ടാണ് കണ്ണ് തുറന്നത്. ചുറ്റും വീക്ഷിച്ചപ്പോൾ ആശുപത്രി മുറിയിലാണ് താനെന്ന് അവന് മനസിലായി. മുറിവ് കവർ ചെയ്തിരിക്കുന്നു. സ്ട്രിപ്പ് ഇട്ടിട്ടുണ്ട്. നിറ കണ്ണുകളോടെ അമ്മ അടുത്തിരിപ്പുണ്ട്. ആശുപത്രി ചുവരിൽ ചാരി നിസ്സഹായതയോടെ അച്ഛൻ…!! അനിയത്തി ഫ്ലാസ്കിലെ വെള്ളം ഒരു ഗ്ലാസ്സിലേക്ക് പകരുകയാണ്.
അമ്മേ എന്നു വിളിക്കാൻ ശബ്ദം ഉയരുന്നില്ല. അനക്കം അറിഞ്ഞിട്ടാവണം ഉണർന്നത് അമ്മ അറിഞ്ഞു…ആ കണ്ണുകൾ ഒന്നു കൂടി നിറഞ്ഞു തുളുമ്പി. മോനേ എന്ന് വിളിക്കാൻ വെമ്പിയ ആ ചുണ്ടുകൾ നെറ്റിയിൽ പതിഞ്ഞു…
“ചുംബനം…”
പ്രണയിനിയുടെയല്ല, അമ്മയുടേത്…അമ്മയുടെ മുഴുവൻ സ്നേഹവും നിറഞ്ഞു തുളുമ്പിയ ചുംബനം…ചുടുചുംബനം…!! പ്രണയത്തേക്കാളേറെ മാധുര്യമേറിയ അമ്മയുടെ സ്നേഹം….”
ഇനി ഇങ്ങനെയൊന്നും ചെയ്യരുത് അമ്മയുടെ മോൻ, നിനക്ക് ഞങ്ങളൊക്കെയില്ലേ…അവളെക്കാൾ നല്ലൊരു കുട്ടിയെ അമ്മ തന്നെ എന്റെ മോന് കണ്ടെത്തി തരും…” അമ്മ അത് പറഞ്ഞപ്പോൾ ഞാനൊന്ന് പുഞ്ചിരിച്ചു. പുഞ്ചിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ…
ഞാനിപ്പോൾ പ്രണയത്തെ അറിഞ്ഞിരിക്കുന്നു…