ചുരുണ്ട മുടിയിഴകൾ അരക്കെട്ടും കവിഞ്ഞു വീണ് കിടക്കുന്നു. നീല മൂക്കുത്തികല്ലിന് വല്ലാത്ത തിളക്കം.

ശിവഗംഗ – എഴുത്ത്: മീനാക്ഷി മീനു

“നീ എന്ത് തീരുമാനിച്ചു കാശി…”

സരസ്വതിയമ്മയുടെ ചോദ്യത്തിനു ഉത്തരം പറയാനാവാതെ അവൻ തല കുനിച്ചു നിന്നു.

“മറുപടി പറയു കാശി.. ഇത് നിന്റെ ജീവിതത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല.. നീ നല്ല തീരുമാനം എടുക്കും എന്നതാണ് എന്റെ വിശ്വാസം….” അത് പറഞ്ഞവന്റെ മറുപടിക്ക് കാക്കാതെ സരസ്വതിയമ്മ അകത്തേക്ക് കയറി പോയി.

ഉമ്മറപ്പടിയിൽ തല കുനിച്ചിരുന്ന കാശിനാഥന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ഉതിർന്നു വീണു.

*…………………………*

കട്ടപിടിച്ച ഇരുട്ടിലും അസാധാരണമായ എന്തോ കണ്ടിട്ടെന്ന പോലെ കൂമനും കാലൻ കോഴിയും നീട്ടി കൂവി.ആ ഇരുട്ടിലേക്ക് പല്ല് പുളിപ്പിക്കുന്ന ശബ്ദത്തോടെ തറവാടിന്റെ വാതിൽ തുറന്ന് കാശിനാഥൻ ഇറങ്ങി. വലംകൈയാൽ അവൻ ഒരിക്കൽ കൂടി തോൾസഞ്ചിയുടെ വാറു മുറുക്കി.

നേരം പുലരാൻ ഇനിയും മണിക്കൂറുകളുണ്ട്. മരം കോച്ചുന്ന തണുപ്പിലും ഉറച്ച കാൽവെയ്പോടെ അവൻ നടന്നു.’അമ്മ’… പറയാൻ കഴിഞ്ഞില്ല അമ്മയോട് പോവുകയാണ് എന്നു.ഒരുപക്ഷേ പുലരുമ്പോൾ തിരിച്ചറിയും താൻ ഇവിടെയില്ല എന്നു. പണ്ടും ഊരുതെണ്ടിയായിരുന്നല്ലോ കാശിനാഥൻ. അതുകൊണ്ട് തന്നെ അമ്മയ്ക്കറിയാം മഹേശ്വര സന്നിധിയിൽ കുറച്ചു കാലം ചിലവഴിചൊടുവിൽ താൻ തിരിച്ചു വരുമെന്ന്.എന്നാൽ ഇതു വരെ പോയത്പോലെയല്ല ഈ യാത്ര,ഇത് മണികർണകത്തിൽ എരിഞ്ഞു തീരാനുള്ള യാത്രയാണ്.ഗതികിട്ടാത്ത ഈ ജന്മത്തിൽ നിന്നും മോക്ഷപ്രാപ്തിക്കായുള്ള യാത്ര.

×………………………….×

തീവണ്ടിയിൽ കാവിയണിഞ്ഞ സന്യാസിമാർക്കൊപ്പം അവനും ഇരുന്നു. തണുത്ത കാറ്റ് ജനാലയിൽ നിന്നും അവനിലേക്ക് അരിച്ചെത്തി. ആ തണുപ്പിൽ ഒന്ന് കിടുങ്ങി കണ്ണുകളടയ്ക്കവേ അവന്റെ മനസ്സിലേക്ക് ഒരു മുഖം ഓടിയെത്തി.‘ജാനവി’.ഒപ്പം അവളുടെ ‘മാഷേ’ എന്ന വിളി കർണപടങ്ങളിൽ വന്നലച്ചു,ശിരസ്സിലെങ്ങും മാറ്റൊലി കൊണ്ടു.ഒരു പരിഭ്രമത്തോടെ അവൻ കണ്ണ് തുറന്നു.‘ഇല്ല… ആ വിളി ഇനിയും കേൾക്കരുത്.. അതിന് വേണ്ടിയാണ് ഈ ഒളിച്ചോട്ടം..’

വീണ്ടും കണ്ണുകളടയ്ക്കവേ ചില ശബ്ദങ്ങൾ അവനുള്ളിൽ മുഴങ്ങി കേട്ടു

“ഒരു രണ്ടാം കെട്ടുകാരനെ മരുമകനാക്കേണ്ട ഗതികേട് ചേളൂരെ കേളുക്കുറിപ്പിനില്ല…അതും കുലം നോക്കാണ്ട് ചെറുമനോപ്പം ഇറങ്ങിപ്പോയ തന്നിഷ്ടക്കാരി സരസ്വതിടീച്ചറിന്റെ മകൻ….എന്താ ഒരു മഹിമ…”

“അച്ഛാ… അച്ഛനീ പറയുന്നതൊന്നും എനിക്കറിയില്ല.. എനിക്ക് ഇഷ്ടമാണ് മാഷിനെ… അത് ആരുടെ മുന്നിലും ഞാൻ പറയും… എന്റെ കഴുത്തിൽ ഒരു താലി കയറുന്നുണ്ട് എങ്കിൽ അത് കാശിനാഥന്റെതായിരിക്കും…”

“ജാനി… എന്റെ ശവത്തിൽ ചവുട്ടി മാത്രേ നിനക്ക് അവന്റെ കൂടെ പോകാനൊക്കൂ…. കേളുകുറുപ്പാ പറയുന്നേ…”

“എങ്കിൽ ജീവിതകാലം മുഴുവൻ അദ്ദേഹത്തെ മനസ്സിൽ സൂക്ഷിച്ചു ഇന്ദുചൂഢന്റെ ജടയിൽ ഗംഗയെന്ന പോലെ ഞാൻ ജീവിക്കും…നിശബ്ദമായി എന്നേക്കും പ്രണയിച്ചു കൊണ്ട്…”

കാശിയുടെ കണ്ണിനോരത്ത്കൂടി കണ്ണുനീർ ഒഴുകി.സന്യാസിമാരുടെ കയ്യിലിരുന്നു ചില്ലം സുഗന്ധപുക പരത്തി ബോഗി മുഴുവൻ നിറഞ്ഞുകൊണ്ടിരുന്നു. കാശി കണ്ണ് തുറക്കാതെ തന്നെ കൈ കൊണ്ട് കണ്ണുനീർ അമർത്തി തുടച്ചു.

“എന്തിനാണ് ജാനി… എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും നീയെന്നെ സ്നേഹിക്കുന്നത്…”

“അറിയാം മാഷേ… ഉമയാവാൻ എനിക്കൊരിക്കലും കഴിയില്ല.. പക്ഷെ ഞാൻ ഗംഗയാവും… മഹേശ്വര ശിരസ്സിൽ പ്രണയപൂർവം കൂടിയിരിക്കുന്ന ഗംഗ.. ദേവിയ്ക്ക് അറിയാം ഒരിക്കലും മഹേശ്വരന്റെ പാതിയായി തനിക്ക് ജീവിക്കാൻ സാധിക്കില്ല എന്നു.. എങ്കിലും ദേവി മഹേശ്വരനിൽ മാത്രം അടങ്ങിജീവിക്കുന്നില്ലേ…”

“അതുപോലെയാണോ നമ്മൾ… ഒരിക്കലുമല്ല ജാനി.. ഉമ,എനിക്ക് പകരം വെയ്ക്കാനാവാത്ത ഒന്നാണ്… എനിക്കറിയാം.. പക്ഷെ ജാനി… നീ അവളെപ്പോലെ ആകില്ല എന്നതല്ല കാരണം… നിനെക്കെന്തിന് ഞാൻ?… എനിക്കൊരു യോഗ്യതയുമില്ല… പണമില്ല..തറവാട്ട് പാരമ്പര്യമില്ല… പറയാൻ ഒന്നുമില്ല… പിന്നെന്തിന് നീയെന്നെ?”

“ഒന്നുണ്ട്… മാഷ് കാശിനാഥനല്ലേ… കാശി വിട്ട് ജാനവി എവിടെ പോകാനാണ്… എന്റെ പ്രണയപ്രളയത്തെ അടക്കി നിറുത്താൻ.. ജടയിൽ ബന്ധിക്കാൻ ഈ കാശിനാഥനേ കഴിയൂ…അല്ലെങ്കിൽ പറയൂ ഒരിക്കലും മാഷിന് എന്നോട് പ്രണയം തോന്നിയിട്ടില്ലേ?”

ആ ചോദ്യത്തിന് മൗനമായിരുന്നു എന്റെ മറുപടി.വീണ്ടും അതേ ചോദ്യം ചോദിക്കാതെ മറുപടിക്ക് കാക്കാതെ ഒരു ചെറു ചിരിയോടെ അവൾ നടന്നു നീങ്ങി.ഇലഞ്ഞിപൂക്കൾ പൊഴിഞ്ഞ വഴിയോരത്ത് കണ്ണിമയ്ക്കാതെ അത് നോക്കി ഞാൻ നിന്നു.

യൂണിവേഴ്‌സിറ്റി കോളേജിൽ ജോലി കിട്ടി ആദ്യമായി കയറി വന്ന ദിവസം. പടി കയറി വരവേ ആദ്യം നോക്കിയത് കരിമഷി വാരിതൂവിയ ആ വലിയ കണ്ണുകളിലേക്കാണ്.ഒരു നിമിഷം ഉള്ളൊന്നു പിടഞ്ഞു,

‘ഉമ’ മരണം തട്ടിയെടുത്ത നല്ല പാതി,അവളും ഇതുപോലെ കരിമഷി വാരിയണിയുമായിരുന്നു കണ്ണുകളിൽ. പലപ്പോഴും ആ കൺകോണിൽ നിന്നും മോതിരവിരൽ കൊണ്ട് ഒരു നുള്ള് കരി തൊട്ടവളുടെ കവിളിൽ ചാർത്തും താൻ “ന്റെ പെണ്ണിന് കണ്ണ് കിട്ടണ്ട”എന്നു പറഞ്ഞുകൊണ്ട്.

അവളെ തന്നെ തുറിച്ചു നോക്കിയതിനാലാവും അവൾ എന്തേ എന്നയർഥത്തിൽ ഒന്ന് പുഞ്ചിരിച്ചു.“ ഞാൻ ജാനവി.. മലയാളം ഡിപ്പാർട്ട്‌മെന്റ്…”

“കാശിനാഥൻ.. അതേ ഡിപ്പാർട്ട്‌മെന്റ്…”ചിരിയോടെ ഞാനും പറഞ്ഞു.

ജോലിയുടെ ഇടവേളകളിൽ എപ്പോഴും എതിർ ദിശയിൽ ഇരിക്കുന്ന അവളുടെ കണ്ണുകളും എന്റെ കണ്ണുകളും കൂട്ടിമുട്ടിക്കൊണ്ടിരുന്നു. അരുതെന്ന് മനസ്സ് വിലക്കിയിട്ടും വീണ്ടും വീണ്ടും വലിച്ചടുപ്പിക്കാൻ തക്കവണ്ണം അതിൽ കാന്തമൊളിപ്പിച് വെച്ചിട്ടുണ്ടെന്നു തോന്നി.ഇടയ്ക്ക് പലപ്പോഴും നെഞ്ചിലെ രോമക്കാടുകൾ ഒന്നമർത്തി തടവി ഞാൻ ആ ഇരുപ്പിൽ നിന്നും എഴുന്നേൽകും. കുറച്ചു വെള്ളം കുടിക്കും.

പിന്നെയും പലയിടത്തും വെച്ചു മനപൂർവം അല്ലാതെ തമ്മിൽ കാണും. സംസാരിക്കും. ചിലപ്പോൾ വഴിയമ്പലത്തിൽ,ചിലപ്പോൾ നാട്ടുവഴികളിൽ, ചിലപ്പോൾ പുസ്തകശാലയിൽ.പിന്നെയും വല്ലപ്പോഴും ആ ഇലഞ്ഞിമരചോട്ടിൽ.എല്ലായ്പ്പോഴും ഞാൻ പറയാതെ പറഞ്ഞു എനിക്കവളോട് അടങ്ങാത്ത പ്രണയമാണ് എന്നു.എന്റെ കണ്ണുകളിൽ നിന്നും അത് വായിച്ചറിഞ്ഞ അവൾക്കറിയാം എന്റെ മനസ്സിൽ എന്തെന്ന്. എല്ലാം മറന്നവളെ സ്‌നേഹിച്ചു അന്ന് കേളുക്കുറുപ്പ് തറവാട്ടിലേക്ക് കടന്ന് വരും വരെ.

“സരസ്വതീ…” ഉച്ചത്തിലുള്ള ആ വിളി കേട്ട് അടുക്കളയിൽ നിന്നിരുന്ന സരസ്വതിയമ്മയുടെ കയ്യിൽ നിന്നും മണ്ചട്ടി താഴെ വീണ് ചിന്നി ചിതറി.പേടിയോടെ അവർ ഉമ്മറത്തേക്ക് വന്നു.

“എവിടെഡി നിന്റെ മകൻ… നല്ല തറവാട്ടിൽ പിറന്ന പെണ്കുട്ട്യോളെ മയക്കാൻ നടക്കുന്നവൻ… ഇറക്കി വിടവനെ…”

“അവനിവിടെ ഇല്ല”

“ഇണ്ടാവില്ല… വല്ല ചുടല പറമ്പിലും കാണും.. കയ്യിലിരിപ്പിന്…”

“വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.. എന്താണെങ്കിലും കാശി ഉള്ളപ്പോൾ വരൂ.. ആണുങ്ങൾ ഇല്ലാത്ത തക്കം നോക്കി വീട്ടിൽ കയറി വന്നിങ്ങനെ ഒച്ച വെക്കരുത്…”

“ഹും.. ഇവിടിരുന്നു സംസാരിക്കാനല്ല.. എന്റെ മോളെ മോഹിച്ചാൽ എന്താണുണ്ടാവുക എന്നു കാണിച്ചു തരാനാണ് ഈ വരവ്… വേലു.. ഇങ്ങോട്ട് കയറി വാടാ.. തല്ലി പൊട്ടിക്കെടാ എല്ലാം…” അയാൾ പറഞ്ഞു തീരവേ അധികായന്മാരായ വേലക്കാർ വേലുവും കൂട്ടരും അകത്തേക്ക് പാഞ്ഞു കയറി.കണ്ണിൽ കണ്ടതെല്ലാം അവർ തല്ലി പൊട്ടിച്ചു.എല്ലാം നശിപ്പിച്ചു.കരഞ്ഞു കൊണ്ട് ഇരു കൈകളാൽ ചെവി പൊത്തി സരസ്വതിയമ്മ നിന്നു.

എല്ലാം നശിപ്പിചൊടുവിൽ അവർ പോയി.ഒപ്പം ഒരു താക്കീതും. “ഇനിയെന്റെ മോളുടെ പിന്നാലെ അവനെ കണ്ടാൽ..പിന്നെ തള്ളയും മോനും ഈ ഭൂമിക്ക് മുകളിൽ ജീവനോടെ ഉണ്ടാകില്ല..”

×……………………………..×

‘വാരണാസി’ മഹേശ്വരന്റെ സന്നിധി.

മുന്നിൽ കാലഭൈരവന്റെ കോപം പോലും തണുപ്പിച്ചുകൊണ്ടു ഒഴുകുന്ന ഗംഗ.നദിയിൽ ആരതി ഉഴിയുന്നുവരുടെ തിരക്കാണ്. ‘ഏഴു ജന്മ പാപം കഴുകിക്കളയാനുള്ള ശക്തിയുണ്ടത്രേ ഗംഗയ്ക്ക്. ഒരു ജന്മത്തിലും ഗതി കിട്ടാത്ത എനിക്ക് ആ അനുഗ്രഹവും ലഭിക്കുമെന്ന് തോന്നുന്നില്ല’. എങ്കിലും അവനും ഇറങ്ങി ഗംഗയിലേക്ക്.അതിന്റെ ആഴങ്ങളിലേയ്ക്ക്. കർപ്പൂരത്തിന്റെയും എണ്ണയുടെയും സമ്മിശ്രഗന്ധമാണ് ഗംഗയ്ക്ക്. അകവും പുറവും കുളിർപ്പിക്കുന്ന തണുപ്പ്. ആ തണുപ്പിൽ മുങ്ങി കണ്ണുകളടയ്ക്കുമ്പോൾ വീണ്ടും കാതിൽ മുഴങ്ങി കേട്ടു ‘ഞാൻ ഗംഗയാവാം.. സ്വന്തമാവില്ല എങ്കിലും ഒരു ജന്മം മുഴുവൻ മഹേശ്വരനിൽ കുടികൊള്ളുന്ന ഗംഗ..’

ഈറനോടെ നദിയിൽ നിന്നും കയറിയ അവൻ അതിന്റെ തീരത്ത് ഒരു ഓരം പറ്റിയിരുന്നു.നന്നായി വിറയ്ക്കുന്നുമുണ്ടായിരുന്നു.സൂര്യൻ മാഞ്ഞു.ഇരുട്ട് വീണ് തുടങ്ങി. കാവിയണിഞ്ഞവരും അല്ലാത്തവരുമായ പലരും നദിക്കരയിൽ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നുണ്ട്. നദിയിൽ ഒഴുക്കാനുള്ള ആരതി വിൽക്കുന്നവരുമുണ്ട്.

“തണുക്കുന്നോ കാശി” -ആ ശബ്ദം കേട്ടവൻ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കി.കാവിയും സ്വർണ്ണവും നിറമുള്ള ദാവണി അണിഞ്ഞൊരു പെണ്കുട്ടി. ചുരുണ്ട മുടിയിഴകൾ അരക്കെട്ടും കവിഞ്ഞു വീണ് കിടക്കുന്നു. നീല മൂക്കുത്തികല്ലിന് വല്ലാത്ത തിളക്കം.

“ആരാ…”വിറയലോടെ അവൻ ചോദിച്ചു.

“ഞാനോ…ഞാൻ ഞാൻ തന്നെ…കാശിയ്ക്ക് വല്ലാതെ തണുക്കുന്നു അല്ലെ..എന്റെ കൂടെ വരൂ…” അവൾ കൈ നീട്ടി,അവൻ യാന്ത്രീകമായി അവളുടെ കൈകളിൽ പിടിച്ച് എഴുന്നേറ്റു.എന്നിട്ടവളുടെ പിന്നാലെ നടന്നു.

“എന്റെ പേരെങ്ങനെ അറിയാം…”

“കാശിനാഥനെ അറിയാത്തവർ ആരുണ്ട്…”

“അതല്ല.. എനിക്ക് തന്നെ എവിടെയും കണ്ടതായി ഓർമ്മയില്ല.. തന്റെ പേരെങ്കിലും പറയു..”

“ഒരു പേരിലെന്തിരിക്കുന്നു കാശി”

“പേരിലല്ലേ സകലവും.. ഒരാളുടെ വ്യക്തിത്വം.. അയാളുടെ ജീവിതം അങ്ങിനെ എല്ലാം”

“അങ്ങിനെ എങ്കിൽ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്ന ഒരാൾക്ക് ചേരുന്ന പേരാണോ കാശിനാഥൻ…യഥാർത്ഥ കാശിനാഥൻ സർവവും ധൈര്യപൂർവം ക്രമമാക്കുന്നവനാണ്… വിശ്വം കാക്കുന്ന നാഥൻ…”

“എന്റെ കാര്യങ്ങളൊക്കെ എങ്ങിനെ..”പറഞ്ഞു വന്നത് മുഴുമിക്കാനാകാതെ അവൻ മുന്നിലെ കാഴ്ചയിലേക്ക് അമ്പരന്ന് നോക്കി.അനേകം തീക്കൂനകൾ ആളികത്തുന്നു മുന്നിൽ.

“മനസ്സിലായില്ലേ.. കാശി തേടി വന്ന മണികർണകം… അത് ഇതാണ്.. വാരണാസിയിലെ പുണ്യശ്മശാനം.. ഇവിടെ എരിഞ്ഞടങ്ങാനല്ലേ ജാനവിയെ വിട്ട് കാശി വന്നത്…”

അവനിലെ തണുപ്പ് എവിടേക്കോ പോയി മറഞ്ഞു.അന്തരീക്ഷത്തിൽ പച്ചമാംസം കത്തിയെരിയുന്ന ഗന്ധം നിറഞ്ഞു.അവന്റെ ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ നിലത്തേക്ക് പതിച്ചു.ഒരു നിമിഷം സമനില വീണ്ടെടുത്ത് അവൻ അവളുടെ നേരെ നോക്കി.

“പിന്നെ എന്ത് ചെയ്യണമായിരുന്നു ഞാൻ.. അവിടെ ഇപ്പോൾ ജാനിയുടെ വിവാഹം കഴിഞ്ഞു കാണും..വിവാഹ തലേന്ന് പോലും എന്റെ കൂടെ ഇറങ്ങി വരാൻ തയ്യാറായിരുന്നു അവൾ ശരിയാണ്.. പക്ഷെ ഒരു നാട് മുഴുവൻ പ്രശ്നങ്ങൾ സൃഷ്ടിച്ചു… പെറ്റമ്മയുടെ പോലും ജീവൻ അപകടത്തിലാക്കി ഒറ്റയ്ക്ക് സന്തോഷിക്കാൻ ഞാൻ തയ്യാറായില്ല… അത് തെറ്റാണോ… ഒരു രണ്ടാംകെട്ടുകാരന് വേണ്ടി ലഭിക്കാനിരിക്കുന്ന സൗഭാഗ്യങ്ങൾ അവൾക്ക് നഷ്ടപ്പെടേണ്ട…”

“എത്ര നല്ല ആഖ്യാനം…ജീവനെപ്പോലെ പ്രണയിച്ചത് കൊണ്ടല്ലേ ജീവിതം ത്യജിച്ച് കാശി ഇവിടേക്ക് വന്നത്..പക്ഷെ ഒരിക്കൽ എങ്കിലും ജാനവിയായി ചിന്തിച്ചിട്ടുണ്ടോ കാശി.. അവൾക്ക് തന്നോടുള്ള പ്രണയം എത്ര ആഴമേറിയതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ടോ…”

“അവൾ എന്നോട് എപ്പോഴും പറയുമായിരുന്നു.. ശിവനും ഗംഗയും തമ്മിലുള്ള പ്രണയം പോലെയാണ് ഞങ്ങളുടെ പ്രണയം എന്നു.. ഒരിക്കലും ഒന്നു ചേരാതെ..”

“ശിവഗംഗ പ്രണയം ഒരിക്കലും ഒന്ന് ചേരാത്ത ഒന്നാണെന്ന് ആരാണ് കാശിയോട് പറഞ്ഞത്…കാശിനാഥ സന്നിധിയിൽ കണ്ടില്ലേ… ശിവഭഗവാനോട് ചേർന്നിരിക്കുന്നത് ഗംഗ മാത്രമാണ്…”

“അപ്പോൾ പാർവതി ദേവിയോ.. ദേവിയല്ലേ ദേവനിൽ കുടികൊള്ളുന്ന അർദ്ധനാരി….”

“ജടയിൽ കുടികൊള്ളുന്ന ഗംഗ പാർവതിയേക്കാൾ ഒട്ടും പിന്നിലല്ല.. ശിരസ്സല്ലേ എല്ലാത്തിന്റേം ജീവ കേന്ദ്രം…അപ്പോൾ ദേവനോട് ഏറ്റവും അടുത്ത് നിൽക്കുന്നത് ഗംഗദേവിയല്ലേ…ഭാര്യസ്ഥാനം അലങ്കരിക്കാൻ കഴിയില്ല എങ്കിലും നിശബ്ദമായി ശിവനിൽ പ്രണയപൂർവ്വം ഒഴുകുന്നു ഗംഗ.. തിരിച്ചൊന്നും ആഗ്രഹിക്കാതെ.. അതല്ലേ ശ്രേഷ്ഠപ്രണയം..”

അവൻ ഒരു നിമിഷം കണ്ണിമയ്ക്കാതെ അവളെതന്നെ നോക്കി നിന്നു..

“കാശി.. മഹേശ്വര ഭക്തനാണോ…” അവൻ അതെയെന്ന് തലയാട്ടി… “ഒരു മഹേശ്വര ഭക്തൻ ഒരിക്കലുമൊരു ഭീരുവല്ല കാശി..തൃക്കണ്ണാൽ എന്തിനെയും ഭസ്മമാക്കുന്ന ശക്തിവാർന്ന ഭൈരവമൂർത്തിയുടെ ഉപാസകർക്ക് ഈ ഭൂമിയിൽ എന്തിനെയും ജയിക്കാൻ സാധിക്കും… പിന്നെയാണോ കേള്ക്കുറുപ്പിന്റെ ഒന്നിനും കൊള്ളാത്ത കയ്യാളുകൾ… കഴമ്പില്ലാത്ത ഭീഷണികൾ…”

“പക്ഷെ… എനിക്കതിനുള്ള യോഗ്യതയുണ്ടോ… ഉമ പോയതിനു ശേഷം ഞാൻ ആരെയും ഇതുപോലെ സ്നേഹിച്ചിട്ടില്ല.. പക്ഷെ.. ഇത് ശരിയാണോ..നല്ലയൊരു ജീവിതം അവൾക്ക് ലഭിക്കുമെന്നിരിക്കെ ഒരു രണ്ടാം ഭാര്യയായി ജാനിയെ എന്റെ കൂടെ കൂട്ടുന്നത് അവളോട് ചെയ്യുന്ന നീതിയാണോ..”

“എന്താണ് നീതിയും അനീതിയും കാശി.. പ്രണയത്തിൽ ഇത് രണ്ടുമില്ല.. ഒരു പെണ്ണ് എതാണിന് മുന്നിലാണോ പ്രണയപൂർവം കീഴടങ്ങുന്നത് അവനാണ് അവളെ സംബന്ധിച്ചിടത്തോളം അവളുടെ നാഥൻ…അവന് മുന്നിലാണ് അവൾ തല കുനിക്കുക… അവന്റെ വിരലുകളാലാണ് അവൾ സുമംഗലിയാവുക.. ജാനവിയ്ക്ക് അത് കാശിനാഥനാണ്..അവളില്ലാതെ നിങ്ങൾക്കും നിലനിൽപ്പില്ല കാശി… ശിവനില്ലാതെ ഗംഗയില്ല… കാശിയില്ലാതെ ജാനവിയുമില്ല…”

“പക്ഷെ ഇപ്പോൾ അവളുടെ വിവാഹം കഴിഞ്ഞു കാണും…”അവന്റെ വാക്കുകളിൽ നിരാശ നിറഞ്ഞിരുന്നു.

അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു… “ഇല്ല കാശി… അത് മുടങ്ങി.. അവൾ തന്നെ അത് മുടക്കി… കാശിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് അവിടെ ജാനവി..കൂടെ കാശിയുടെ അമ്മയും…ഇനി പറയൂ… ഇവിടെ എരിഞ്ഞു തീരുന്നോ അതോ മഹേശ്വരനെപ്പോലെ ജാനവിയോടൊത്ത് ജീവിക്കുന്നോ…”

വിസ്മയത്തോടെയും അത്യന്തം സന്തോഷത്തോടെയും അവൻ മറുപടി പറഞ്ഞു… “മഹേശ്വരനെപ്പോലെ ജീവിക്കണം എനിക്ക്.. ജാനവിയോടൊപ്പം… എന്റെ അമ്മയോടൊപ്പം”

“എങ്കിൽ കാശിനാഥന്റെ അനുഗ്രഹത്തോടെ മടങ്ങി പോകൂ… എനിക്ക് പോകാൻ സമയമായി…”

“എങ്ങോട്ട്…” പിന്തിരിഞ്ഞു നടക്കുന്ന അവളോടായി അവൻ ചോദിച്ചു…

“എന്നിലേക്ക്…”

അവളുടെ പിന്നാലെ അമ്പരപ്പോടെ അവനും നടന്നു..അവൾ നനുത്ത ചുവടുകളോടെ ഗംഗാനദിയിലേക്കിറങ്ങി.അവൻ തൊണ്ട വരണ്ടു നിന്നു… “ഹേയ്… ഇതെന്താ…”അവൻ ഭയത്തോടെ ചോദിച്ചു.

അവൾ അവനെ തിരിഞ്ഞു നോക്കി കണ്ണ് ചിമ്മി ചിരിച്ചു. അവിടമാകെ അവളുടെ മൂക്കുത്തിയിൽ നിന്നുള്ള പ്രകാശം പരന്നു.എങ്ങു നിന്നോ മണിനാദങ്ങൾ അവിടെ മുഴങ്ങിക്കേട്ടു. ദൂരെ നിന്നും പ്രഭാതഭേരി മുഴക്കി ശംഖൊലിയും അതിനകമ്പടിയായി കേട്ടു.

“ശരിക്കും ആരാണ് നീ…”

“ഞാൻ ശിവഗംഗ…”

അറിയതെയവൻ കൈകൾ കൂപ്പി.നിറ പുഞ്ചിരിയോടെ ഗംഗയുടെ ആഴങ്ങളിൽ അവൾ അപ്രത്യക്ഷയായി.

ഗംഗ പകർന്നു തന്ന വെളിച്ചവുമായി കാശി ജീവിതത്തിലേക്ക് തിരിച്ചു. ജാനവിയുടെ കൈ പിടിക്കാൻ.യഥാർത്ഥ കാശിനാഥനായി ജീവിക്കാൻ.