നിനക്കായ് ~ ഭാഗം 16 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

സിദ്ധുവിൻറെ കാർ മുറ്റത്ത് എത്തിയതും കണ്ണുകൾ തുടച്ച് സ്വാഭാവികത വരുത്തി. എന്നെ നോക്കി നിൽക്കുന്ന അമ്മയുടെ മുഖത്ത് നേരിയ ഭയം നിഴലിച്ചു കിടക്കുന്നത് കണ്ടു. മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ചുവെങ്കിലും അത് പാളിപോയെന്ന് തോന്നുന്നു.

കാറിൽ നിന്നും ആദ്യം ഞങ്ങളുടെ അടുത്തേക്ക് എത്തിയത് അച്ഛനാണ്. എൻറെ നോട്ടം സിദ്ധുവിലേക്ക് മാത്രമായിരുന്നു. “ഞാൻ പറഞ്ഞതുപോലെ തന്നെ നമ്മളെ കാത്തു മുറ്റത്ത് എത്തിയിട്ടുണ്ട് നമ്മുടെ ഭാര്യമാർ.. കണ്ടോടാ…”

അച്ഛൻറെ പറച്ചിൽ കേട്ടിട്ടും സിദ്ധുവിൻറെ മുഖത്ത് ഒരു പ്രതികരണവും കണ്ടില്ല. വല്ലാത്ത ഒരു കലുഷിത ഭാവം.

ഗൗരവക്കാരനായ സിദ്ധുവിനേ കണ്ടതും എൻറെ മെഡിക്കൽ റിപ്പോർട്ടുകളുമായി കണ്ണേട്ടൻറെ മുൻപിൽ നിൽക്കുന്ന ഡോക്ടർ സിദ്ധാർത്ഥ് ആണതെന്ന് തോന്നി. അയാൾക്ക് മുന്നിൽ ഞാൻ വെറും ഒരു രോഗിയായി പോകുന്നത് പോലെ. അറിയാതെ കൈകൾ എൻറെ ഉദരത്തിന് മുറുകെ പിടിച്ചു. ഗർഭപാത്രത്തിന് മാത്രമല്ല എൻറെ ഹൃദയത്തിനും ബലക്കുറവ് ഉണ്ടെന്നു തോന്നി.

“മാളു അകത്തേക്ക് വരുന്നില്ലേ? അതോ ഇരുട്ടിനോട് ആണോ ഇപ്പോൾ പ്രിയം?..” വരാന്തയിൽ നിന്ന് സിദ്ധുവിൻറെ ചോദ്യം കേട്ടപ്പോഴാണ് അവരൊക്കെ അകത്തുകയറി നിമിഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ മാത്രമാണ് മുറ്റത്ത് നിൽക്കുന്നത് എന്ന് മനസ്സിലായത്. ഇരുട്ടിൽ ഒറ്റപ്പെട്ട് പോയിട്ടു പോലും ഭയം തോന്നാത്ത തരത്തിൽ ഒരു തീപ്പൊരി ഉള്ളിൽ നാമ്പിട്ടു തുടങ്ങിയിരിക്കുന്നു..അതിനെ ആളിക്കത്തിക്കാൻ വിടാതെ വെള്ളം തളിച്ച് എത്രയും വേഗം കെടുത്തേണ്ടി യിരിക്കുന്നു.

ഒരഭയത്തിനായി സിദ്ധുവിൻറെ അടുത്തായി വരാന്തയിലെ തിണ്ണയിൽ ചെന്നിരുന്നു. എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ഇരുട്ടിലേക്ക് നോക്കിയിരിക്കുന്നു. എന്തോ ഗഹനമായ ചിന്തയിലാണ്. യാത്രകഴിഞ്ഞ് വന്നിട്ടും എന്നെയൊന്ന് നോക്കാൻ പോലും പറ്റാത്തത്ര എന്താണ് ഇത്ര വലിയ ചിന്ത എന്ന് ചോദിച്ചു കുലുക്കി വിളിക്കാൻ കൈകൾ പൊങ്ങി വന്നതാണ്… എന്തെന്നറിയില്ല പതിയെ പിൻവലിച്ചു..പ്രായശ്ചിത്തമെന്നോണം ദയയായി വെച്ചുനീട്ടിയ ഭാര്യാ പദവിയിൽ അധികാരം കാണിക്കാൻ പാടില്ല എന്ന് തോന്നി.. സങ്കടം എന്നെ വിഴുങ്ങി തുടങ്ങി.

ജോലിസംബന്ധമായ എന്തോ ഗൗരവമായ കാര്യം ചിന്തിക്കുന്നത് ആവാം. സിദ്ധുവിൻറെ സ്വാഭാവിക പെരുമാറ്റം തന്നെയാവും.. പക്ഷേ ഈ നേരിയ അവഗണന പോലും എൻറെ മനസ്സെന്നെ ഭാര്യയിൽ നിന്നും വെറുമൊരു രോഗി മാത്രമാക്കി ചിത്രീകരിക്കുന്നു. എൻറെ ചിന്തകൾക്ക് വീണ്ടും തീ പിടിക്കുന്നു. തീനാളങ്ങൾ എൻറെ ബുദ്ധിയെ ചാരമാക്കുന്നു.

ഒരു ഒളിച്ചോട്ടത്തിന് ആയി വരാന്തയിൽ നിന്നും മുകളിലെ എൻറെ മുറിയിലേക്ക് ചെന്നു. ഇരുട്ടിനെ അകറ്റാൻ സ്വിച്ച് ഇട്ട് വെളിച്ചം പരന്നതും കട്ടിലിൽ അപ്പച്ചി ഇരിക്കുന്നു. അവിചാരിതമായി പ്രതീക്ഷിക്കാത്ത ആളെ കണ്ടതും ഞെട്ടി പിന്നോട്ട് മാറി. എന്നെ കണ്ടു അപ്പച്ചിയും ഒരു നിമിഷം പതറുന്നത് കണ്ടു.

“മാളു എന്തെങ്കിലും നോക്കിയേടുക്കാൻ വന്നതാണോ?..” ചോദ്യത്തിൽ അളവില്ലാത്ത വാത്സല്യം തുളുമ്പി നിൽക്കുന്നു.

ഞാൻ നോക്കി നടക്കുന്നത് നിങ്ങളായിട്ട് ഇല്ലാതാക്കിയ മനസ്സമാധാനം ആണെന്ന് പറയണമെന്നുണ്ടായിരുന്നു. പ്രായത്തിൽ മുതിർന്നവരെ ബഹുമാനിക്കണം എന്ന് പണ്ട് അപ്പച്ചി തന്നെ ചൊല്ലി തന്നത് ഓർമ്മ വന്നതിനാൽ ” അല്ല” എന്നു മാത്രം ഉത്തരം പറഞ്ഞു മുറിയിൽ നിന്നും പുറത്തിറങ്ങി ബാൽക്കണിയിലേക്ക് ഓടി.

കണ്ണേട്ടൻറെ കരയുന്ന മുഖം മനസ്സിലേക്ക് തികട്ടി വന്നു. അച്ഛൻറെയും മുത്തശ്ശിയുടെയും മനസ്സിൽ ആ പാവത്തിനെ തെറ്റുകാരൻ ആക്കിയത് അപ്പച്ചിയാണ്.. ആശിച്ച ജീവിതം ജീവിക്കാൻ ആവാതെ.. ആരും ഇല്ലാത്തവനെ പോലെ നാടും വീടും വിട്ട് മാറിയുള്ള കണ്ണേട്ടൻറെ ഇന്നത്തെ ജീവിതത്തിന് ഉത്തരവാദി അവരാണ്. എനിക്ക് കണ്ണേട്ടനേ ഒരിക്കലും തെറ്റുകാരൻ ആയി കണക്കാക്കാൻ പറ്റില്ല. കണ്ണേട്ടൻറെ സ്നേഹത്തിൽ വിശ്വസിക്കാതെ മറ്റൊരുത്തനെ വിവാഹം ചെയ്ത ഞാനാണ് സത്യത്തിൽ തെറ്റുകാരി .എങ്കിലും അത് സമ്മതിച്ചു കൊടുക്കാഞ്ഞത് മനപ്പൂർവമാണ്. എന്നെ സ്നേഹിക്കുന്നു എന്ന വിശ്വാസം പതിയെ ആ മനസ്സിൽ നിന്നും നഷ്ടപ്പെട്ടു പോകട്ടെ. ഞാനിന്നു മറ്റൊരാളുടെ ഭാര്യയാണ്. കണ്ണേട്ടനോടുള്ള സ്നേഹം ബലിയർപ്പിച്ച് മറ്റൊരാൾക്ക് എല്ലാം സമർപ്പിച്ചവളാണ്. കണ്ണേട്ടൻറെ മനസ്സിൽ നിന്നും എന്നോടുള്ള സ്നേഹത്തിൻറെ കുടിയിറക്കും കാലത്തിൻറെ ആവശ്യമാണ്..

പക്ഷേ അപ്പച്ചി.. ഞങ്ങളുടെ അടക്കം പല ജീവിതങ്ങളിൽ അവരുണ്ടാക്കിയ മുറിപ്പാടിന് ഒരു കാലത്തും ഉണക്കം ഉണ്ടാവില്ല. അമ്മയെ നഷ്ടപ്പെട്ട നാള് മുതൽ എന്തിനും ഏതിനും അപ്പച്ചി എന്നുവിളിച്ചു നിഴല് പോലെ പുറകെ നടന്നതല്ലേ ഞാൻ… മകളുടെ സ്ഥാനം അല്ലേ എനിക്ക്.. എന്നിട്ടും എന്തേ ഇത്തിരി കരുണ എന്നോട് കാണിക്കാൻ അവർക്ക് തോന്നാതിരുന്നത്?.

യാതൊരു ബന്ധവുമില്ലാത്ത സിദ്ധുവിൻറെ അമ്മയ്ക്ക് എന്നോട് ദയവ് തോന്നുന്നുണ്ടല്ലോ? ഞാൻ കരയുമ്പോൾ കൂടെ കരയാനും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാനും അവർക്ക് ആകുന്നുണ്ടല്ലോ?.. സ്വന്തക്കാർക്ക് ഇല്ലാത്ത സ്നേഹവും ദയയും എന്തിനാണ് ആ അമ്മയും മകനും എന്നോട് കാണിക്കുന്നത്?..

അപ്പച്ചി എന്നോട് കാണിച്ചത് പോട്ടെ എന്ന് വെക്കാം. അതിലും ക്രൂരതയല്ലേ അവർ സിദ്ധുവിനോട് കാണിച്ചത്. സിദ്ധുവിനെ വിവാഹം കഴിക്കാൻ ഞാൻ എതിർത്ത സമയത്ത് അപ്പച്ചി പറഞ്ഞത് ഓർമ്മ വന്നു.

” എൻറെ മോൻ ആണെങ്കിലും നിന്നോട് അവൻ കാണിച്ചത് നെറികേടാണ്. ഇനി മോളെ അവൻ അർഹിക്കുന്നില്ല. ഏട്ടൻ പറയുന്നതാണ് ശരി. അമ്മയുടെ സ്ഥാനത്തു നിന്നാണ് അപ്പച്ചി പറയുന്നത്. മോൾ അച്ഛൻ പറയുന്നത് കേൾക്കണം . സിദ്ധാർത്ഥ് മായുള്ള വിവാഹത്തിന് സമ്മതിക്കണം..”

എനിക്കൊരു അമ്മയാകാൻ കഴിയില്ല എന്ന് അറിഞ്ഞു വെച്ചിട്ടാണ് അപ്പച്ചിയുടെ ഈ പ്രവർത്തി. കണ്ണേട്ടൻറെ മനസ്സിലിരുപ്പ് അപ്പച്ചി മുൻകൂട്ടി വായിച്ചിരിക്കുന്നു. കുറച്ചു കാലം മാറി നിന്നാലും കണ്ണേട്ടൻ എന്നെ തേടി വരും എന്ന് അവർക്ക് ഉറപ്പായിരുന്നു. സിദ്ധാർത്ഥ്ൻറെ തലയിൽ എന്നെ കെട്ടി വയ്ക്കുന്നതിലൂടെ സ്വന്തം മകൻറെ ഭാവി ജീവിതം കൂടുതൽ ഭദ്രമാക്കുകയായിരുന്നു അന്നവർ. കല്യാണമണ്ഡപത്തിൽ കിടന്നു അവർ ആടിതീർത്ത കണ്ണീർ നാടകം ചലച്ചിത്രം പോലെ കൺമുന്നിൽ തെളിഞ്ഞു വരുന്നു. അഭിനയത്തിൻറെ കാര്യത്തിൽ ഉർവശി പട്ടത്തിൽ കുറഞ്ഞ അംഗീകാരങ്ങൾ ഒന്നും അവരിലെ മികച്ച നടി അർഹിക്കുന്നില്ലെന്ന് തോന്നി. സ്വന്തം ആവശ്യങ്ങൾ നടത്തി കഴിഞ്ഞതിനുശേഷം അവർ പിന്നെ തറവാട്ടിലേക്ക് അച്ഛനെയോ മുത്തശ്ശിയെയോ കാണാൻ പോലും വരാതിരുന്നത് ഓർമ്മ വന്നു…ഇത്രയും ചെയ്തു കൂട്ടിയിട്ടും എന്തൊരു വാത്സല്യത്തോടെ ആണ് അല്പം മുന്നേ പോലും അവർ എന്നെ നോക്കി പെരുമാറിയത്…

അവരുടെ സാനിദ്ധ്യത്തിൽ എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. അച്ഛൻറെയും മുത്തശ്ശിയുടെയും ആത്മാക്കൾ പോലും അവരോട് ക്ഷമിക്കില്ല.അവരീ തറവാട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും മരിച്ച് മണ്ണടിഞ്ഞുപോയ വർക്ക് പോലും സഹിക്കുന്നുണ്ടാവില്ല. സ്വന്തത്തിനും ബന്ധത്തിനും വിലകൽപ്പിക്കാത്ത അവരെ ആട്ടി ഇറക്കുകയാണ് വേണ്ടത്. അതിന് കഴിയാത്ത സ്ഥിതിക്ക് അവരുടെ കൺ വെട്ടത്തുനിന്നും എങ്ങോട്ടെങ്കിലും ഇറങ്ങി പോകണം എന്ന് തോന്നി.. എരിഞ്ഞ് ചാരമായ എൻറെ ചിന്തകളിലേക്ക് എണ്ണയായി ഭ്രാന്ത് കൂടി ഒഴിച്ച് തരുന്നു അവരുടെ സാന്നിദ്ധ്യം. ആത്മ നിയന്ത്രണത്തിനാ യി ദീർഘ ശ്വാസം എടുത്തു കണ്ണുകൾ അടച്ചിരുന്നു.

അല്പം കഴിഞ്ഞതും ചുമലിൽ ഒരു സ്നേഹ സ്പർശം അറിഞ്ഞു. ആളെ തിരിച്ചറിയാൻ കണ്ണുകൾ തുറക്കേണ്ട ആവശ്യമില്ല.

“ധ്യാനമോ അതോ സന്യാസമോ?.. ഏതാണെങ്കിലും പെട്ടുപോകുന്നത് ഞാനായിരിക്കുമല്ലോ ഈശ്വരാ..” സിദ്ധുവിൻറെ സംസാരത്തിലെ ചിരി എന്തോ എന്നിലേക്ക് പടർന്നില്ല. ഇത്തിരി നേരം നിസ്സഹായനായി എന്നെ നോക്കി ഇരിക്കുന്നത് കണ്ടു.

“നമുക്ക് സരോവരത്തിലേക്ക് പോയാലോ? താൻ എൻറെ കൂടെ വരുമോ?..”

ഒളിച്ചോട്ടം എന്ന എൻറെ മനസ്സിലെ ആഗ്രഹമാണ് സിദ്ധുവിൻറെ നാവിൻതുമ്പിൽ നിന്നും കേട്ടത്. അതിശയത്തോടെ നോക്കി കണ്ണുകൾകൊണ്ട് സമ്മതം അറിയിച്ചു .

“ഞാൻ താഴെ പോയി എന്തെങ്കിലും പറഞ്ഞു എല്ലാവരുടെയും സമ്മതം വാങ്ങിക്കട്ടെ. എന്തൊക്കെയോ ആചാരങ്ങളും ചട്ടങ്ങളും ഒക്കെ ഇല്ലേ.. തൽക്കാലം പ്രതി ആയിട്ട് ഞാൻ മാത്രം മതി.. അതുവരെ താൻ ഇവിടെ ഇരിക്ക്…” താഴേക്ക് നടന്നുപോകുന്ന സിദ്ധുവിനെ നന്ദിയോടെ നോക്കി. എൻറെ മനസ്സിലെ ചിന്തകളെ പോലും വായിച്ചെടുക്കാൻ ഇയാൾക്ക് എങ്ങനെ കഴിയുന്നു..

സിദ്ധു എന്തു പറഞ്ഞാണ് സമ്മതിപ്പിച്ചത് എന്നറിയില്ല. ഞാൻ പോകുന്നു എന്ന് അറിഞ്ഞിട്ടും ചേച്ചി കിച്ചു ഏട്ടൻറെ കൂടെ സമാധാനത്തോടെ ഇരിക്കുന്നത് കണ്ടു. എല്ലാവരോടും യാത്ര പറഞ്ഞു വണ്ടിയിൽ കയറിയതും അപ്പച്ചി മുകളിൽ നിന്ന് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അവരുടെ നോട്ടം കണ്ടതും തോറ്റു പോകാതെ സന്തോഷത്തോടെ ജീവിച്ചു കാണിക്കണം എന്ന് വാശി തോന്നി. അതേ നിമിഷം തന്നെ കണ്ണേട്ടൻറെ ഒറ്റപ്പെട്ടുള്ള ജീവിതവും ഒരച്ഛൻ ആവാനുള്ള സിദ്ധുവിൻറെ അവകാശവും നോവായി വിങ്ങലായി കണ്മുന്നിൽ തെളിയുന്നു. എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്കീ പാഴ്ജന്മം കിട്ടിയത് എന്ന് തോന്നി.

ഇടയ്ക്കെപ്പോഴോ കണ്ണുകൾ തുറന്നപ്പോഴാണ് വണ്ടി ഏതോ ഊട് വഴികളിലൂടെയാണ് പോകുന്നത്. അന്ന് കിച്ചു ഏട്ടൻറെ കൂടെ വന്നതും ഈ വഴി തന്നെയാണ്. “ഈ വഴി ഏതാ? നമ്മൾ എന്തിനാണ് ഇതുവഴി വളഞ്ഞ് പോകുന്നത്?”

സിദ്ധുവിൻറെ മുഖത്തൊരു വെപ്രാളം കണ്ടു. പതിയെ ഉത്തരം വന്നു.” അതുപിന്നെ… മെയിൻ റോഡിൽ എന്തോ പണി നടക്കുന്നുണ്ട്.. ആകെ ബ്ലോക്ക് ആവും…”

പുതുതായി ടാറിങ് നടന്ന റോഡാണ്. ആ മറുപടി അത്ര തൃപ്തികരമായി തോന്നിയില്ല. മെയിൻ റോഡിലെ വഴിയേ കുറിച്ച് ആലോചിച്ചതും സിദ്ധുവിൻറെ പരുങ്ങലിൻറെ കാരണവും മനസ്സിലായി. അപകടത്തിൽപെട്ട അച്ഛൻറെ വണ്ടി ഇപ്പോഴും റോഡരികത്ത് തന്നെ കിടക്കുന്നുണ്ട്..അബദ്ധത്തിൽ എങ്ങാനും അതും കൂടെ കണ്ടിട്ട് ഞാൻ സങ്കടപ്പെടാതെ ഇരിക്കാൻ വേണ്ടിയാണ്..എന്തെല്ലാം ദുഃഖങ്ങളിൽ നിന്നാണ് ഈ മനുഷ്യൻ എന്നെ പൊതിഞ്ഞു പിടിക്കുന്നത്..ഇയാളെ നേടി തന്നതാണ് അച്ഛൻ എനിക്ക് വേണ്ടി ചെയ്ത ഏറ്റവും നല്ല കാര്യം എന്ന് തോന്നി. സിദ്ധു വിനോട് എനിക്ക് എന്തെന്നില്ലാത്ത അലിവും സ്നേഹവും തോന്നി. എൻറെ ചിന്തകൾക്ക് തണുപ്പ് വന്നു തുടങ്ങുന്നു.

“എനിക്ക് വിശന്നിട്ടു വയ്യ… വല്ലതും കഴിച്ചാലോ?..”

എൻറെ വിശപ്പ് എന്ന വികാരം കെട്ടുപോയിരുന്നു എങ്കിലും സിദ്ധുവിനെ ആലോചിച്ച് സമ്മതം അറിയിച്ചു. വണ്ടി ഒരു തട്ടുകടയുടെ മുന്നിൽ നിർത്തുന്നത് കണ്ടു. ഈ നാട്ടു വഴിയിൽ വേറെ നല്ല ഹോട്ടലോ കാര്യങ്ങളും ഒന്നും ഉണ്ടാവില്ല. ഭക്ഷണ കാര്യത്തിൽ സിദ്ധുവിൻറെ ചിട്ടയും വൃത്തിയും ഒക്കെ ആലോചിച്ചപ്പോൾ വല്ലായ്മ തോന്നി. ആദ്യമായിട്ടാവും ഇങ്ങനെ തുറന്ന സ്ഥലത്തിരുന്ന് കഴിക്കുന്നത്. പക്ഷേ യാതൊരു അസ്വസ്ഥതകളും മുഖത്ത് കാണിക്കാതെ ആൾ ഇരുന്നു കഴിക്കുന്നുണ്ട്. അത് കണ്ടതും ഞാനും സിദ്ധുവിനെ ബോധിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ വാരികഴിച്ചു.

“ഇപ്പോൾ നേരിയ ഒരു റിലാക്സേഷൻ തോന്നുന്നില്ലേടോ” വണ്ടിയിൽ കയറിയതും ചോദ്യം വന്നു.

“സത്യമായിട്ടും ഉണ്ട്.. എന്നാലും സിദ്ധുവിന് എങ്ങനെ സാധിക്കുന്നു ഇതൊക്കെ.. എല്ലാം ഒരു മായ പോലെ…എങ്ങനെ കഴിയുന്നു എന്നെ ഇങ്ങനെ സ്നേഹിക്കാൻ. മനസ്സ് വായിച്ച് എൻറെ മൂഡ് മാറ്റിയെടുക്കാൻ…”

“അത് മായവും മന്ത്രവും ഒന്നും അല്ല.. വെറും സ്വാർത്ഥത ആണെന്ന് കൂട്ടിക്കോ.. ആ സാഹചര്യത്തിൽ താൻ ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ എനിക്ക് എൻറെ ഭാര്യയെ നഷ്ടപ്പെടും എന്ന് തോന്നി. ഞാൻ എൻറെ വഴി നോക്കി.. അത്രയേ ഉള്ളൂ..”

നീണ്ടു പോയ സംസാരങ്ങൾക്ക് ഒടുവിൽ വീടെത്തി കഴിഞ്ഞതും ഞാൻ സിദ്ധാർത്ഥനെ സ്നേഹിക്കുന്ന മാളു ആയി ചുരുങ്ങി പോയിരുന്നു. സിദ്ധു ഒഴികെ മറ്റൊന്നും എൻറെ ലോകത്ത് ഉണ്ടായിരുന്നില്ല.

കിടക്കാൻനേരം പതിവിനു വിപരീതമായി ടാബ്ലെറ്റിന് വേണ്ടി സിദ്ധുവിൻറെ നേരെ കൈ നീട്ടി നിന്നതും ആളുടെ മുഖത്ത് നേരിയ അത്ഭുതം കണ്ടു.

“ഇതിനൊക്കെ ഫലം ഉണ്ടാവുമെന്ന് സിദ്ധുവിന് വിശ്വാസമുണ്ടോ?” ചോദിക്കാതിരിക്കാൻ എന്തു കൊണ്ടോ കഴിഞ്ഞില്ല .

“പിന്നേ.. ഇപ്പോൾ തന്നെ ആരോഗ്യത്തിന് നല്ല വ്യത്യാസം തോന്നുന്നില്ലേ.. പ്രതിരോധശക്തിക്കും കാഴ്ചയ്ക്കും എന്തിന് പ്രായം തോന്നിക്കുന്നതിനു വരെ ഇത് ഗുണകരമാണ്.. ഈ ശരീര സൗന്ദര്യത്തിൽ ഒക്കെ നിങ്ങൾ പെണ്ണുങ്ങൾക്ക് ഭയങ്കര വിശ്വാസമല്ലേ.. ഇത് എല്ലാത്തിനും ഗുണം ചെയ്യും..”

പ്രഭാഷണം കേട്ടതും ദേഷ്യമാണ് തോന്നിയത്. ഉള്ളിലെ സങ്കടം എന്നെ അറിയിക്കാതിരിക്കാൻ എത്ര നന്നായി അഭിനയിക്കുന്നു. സന്തോഷം മാത്രമല്ല സങ്കടങ്ങൾ കൂടി പങ്കു വയ്ക്കാനുള്ള ജീവൻറെ പാതിയാണ് ഞാൻ എന്ന് പറഞ്ഞു കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ തോന്നി. ഒന്നും അറിഞ്ഞതായി ഭാവിക്കരുത് എന്ന് അമ്മ പറഞ്ഞത് ഓർമ്മ വന്നു. എങ്കിലും എൻറെ രോഗാവസ്ഥയുടെ വ്യാപ്തിയും.. ഒരു കുഞ്ഞിനായി ഞാൻ എത്ര കാലം കാത്തിരിക്കണം? അല്ലെങ്കിൽ അങ്ങനെയൊന്ന് ഒരിക്കലും ഉണ്ടാകില്ലേ എന്നതൊക്കെ സിദ്ധുവിൽ നിന്നും അറിയാൻ ആകാംക്ഷ തോന്നി…ഇരുട്ട് വീണതും ചിന്തകൾ വീണ്ടും എന്നെ മൂടി തുടങ്ങി.

അതറിഞ്ഞിട്ട് എന്നോണം സിദ്ധുവിൻറെ കൈകൾ എന്നെ പൊതിഞ്ഞു പിടിക്കുന്നത് അറിഞ്ഞു.

“ഒരു കുഞ്ഞിനായി ഞാൻ എത്ര കാലം കാത്തിരിക്കേണ്ടി വരും..” ഉള്ളിലെ ചോദ്യം മറയില്ലാതെ പുറത്തുവന്നു.

” സ്നേഹത്തോടെ അടുത്ത് വരുമ്പോഴേക്കും നിനക്ക് ഇത് മാത്രമേ ചോദിക്കാനുള്ളൂ? എൻറെ ഉത്തരം ഞാൻ മുൻപേ തന്നിട്ടുള്ളതാണ്. സമയമാകുമ്പോൾ നിനക്ക് നീ ആഗ്രഹിക്കുന്നത് ഞാൻ നേടി തന്നിരിക്കും. എപ്പോഴുമുള്ള ഈ ചോദ്യം എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വല്ലപ്പോഴും എൻറെ ഭാഗത്തുനിന്ന് കൂടി ആലോചിക്കാൻ ശ്രമിക്കൂ…”

സിദ്ധുവിൽ ആദ്യമായി ഒരു പൊട്ടിത്തെറി കണ്ടു. എന്നോടുള്ള ദേഷ്യത്തിന് പിൻതിരിഞ്ഞു കിടന്നതും സിദ്ധുവിനെ വേദനിപ്പിച്ചതിലുള്ള കുറ്റബോധത്തോ ടൊപ്പം നേരിയ ആശ്വാസവും കടന്നു വന്നു. അടക്കി പിടിച്ചിരിക്കുന്നതൊക്കെ ഏതെങ്കിലും വികാരത്തിൽ ആ മനുഷ്യൻറെ ഉള്ളിൽ നിന്നും പുറത്തേക്ക് വരട്ടെ…

ഇത്തിരി കഴിഞ്ഞതും തിരിഞ്ഞു കിടക്കുന്ന സിദ്ധുവിൻറെ അരികിലേക്ക് നീങ്ങി ചേർന്ന് കിടന്നു.

“നിനക്ക് സങ്കടം ആയോ?..” സൗമ്യതയോടെ ആണ് ചോദ്യം.

“ഇല്ല..”

“പിന്നെ വഴക്ക് കേട്ടാൽ സന്തോഷം ആണോ വരുന്നത്?.. പെട്ടെന്ന് പറഞ്ഞു പോയതാണ്.. ഇനി ആവർത്തിക്കില്ല.”

“സത്യമായിട്ടും എനിക്ക് സന്തോഷം ആണ് വന്നത്..സിദ്ധുവിൻറെ സ്നേഹത്തിനു മാത്രമല്ല.. സങ്കടത്തിനും ദേഷ്യത്തിനും ഒക്കെ ഞാൻ കൂടി അവകാശിയാണ്.. സ്നേഹം മാത്രമല്ല സിദ്ധുവിൽ നിന്ന് വരുന്ന ദുഃഖവും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും..എന്നോട് ദുഃഖങ്ങൾ ഒളിച്ചു വെച്ച് ഒറ്റയ്ക്ക് വേദനിക്കുമ്പോൾ ആണ് എന്നിലെ പങ്കാളി തോറ്റു പോകുന്നത്. സിദ്ധുവിൻറെ സാമീപ്യത്തിൽ.. പങ്കാളിത്തത്തിൽ.. സ്നേഹത്തിൽ കൂടുതൽ ഒന്നും എനിക്ക് ജീവിതത്തിൽ നിന്നും ആവശ്യമില്ല..അതിൽ ഒരു കുഞ്ഞ് എന്ന എൻറെ ആവശ്യം കൂടെ ഉൾപ്പെടും..”

“ആഹാ.. ഒന്ന് ദേഷ്യപ്പെട്ടപ്പോഴേക്കും ഇത്രയും നല്ല കാഴ്ചപ്പാടും എന്നോടുള്ള ഇഷ്ടവും ഒക്കെ പുറത്തു വന്നോ ?… എന്നാലിനി നിന്നോട് ദേഷ്യം മാത്രമേ കാണിക്കുന്നുള്ളൂ..”

ഒരു ചിരിയോടു കൂടി എൻറെ ഉള്ളിൽ അലയടിക്കുന്ന പ്രണയം പതിയെ സിദ്ധുവിലേക്ക് പകർന്നു കൊടുത്തു. രണ്ടിൽ നിന്നും ഞങ്ങൾ ഒരാത്മാവും ശരീരവുമായി രൂപാന്തരപ്പെട്ടതും സിദ്ധുവിൻറെ മനസ്സിലെ കാറും കോളും ഒഴിഞ്ഞ് ശാന്തമായി പുഞ്ചിരി വിടരുന്നത് കണ്ടു.

പതിവ് തെറ്റിക്കാതെ കണ്ണുനീർ ചാലുകീറി ഒഴുകി വീണ്ടും തലയിണയെ ചുംബിച്ചു തുടങ്ങിയിരിക്കുന്നു.. നീരുറവയുടെ ഉറവിടം ഇത്തവണ എൻറെ കണ്ണുകൾ ആണെന്ന് മാത്രം.ഒരു അവകാശിയേയോ സന്തതി പരമ്പരകളെയോ കൊടുക്കാൻ കഴിവില്ലാത്തവൾക്ക് കണ്ണീരിൽ കുതിർന്ന പ്രണയം മാത്രമേ നൽകാൻ ഉള്ളൂ.. ഉറവ വറ്റാത്തത്ര ആഴമുള്ള പ്രണയം.. മാളുവിൻറെ നെഞ്ചിൽ പ്രാണൻറെ തുടിപ്പുകൾ നിലനിൽക്കുന്നിട ത്തോളം കാലം അത് സിദ്ധുവിലേക്ക് തടസ്സമില്ലാതെ പ്രവഹിച്ചു കൊണ്ടിരിക്കും..

തുടരും…