താലികെട്ടാൻ ശാന്തി കൽപ്പിച്ചപ്പോൾ മുന്നിലിരിക്കുന്ന നെൽപ്പറയിലെ കുത്തിവെച്ച പൂക്കുലയിലേക്കെന്റെ ദൃഷ്ട്ടിയൊന്ന് പാളി…

എഴുത്ത്: ആദർശ് മോഹനൻ

കെട്ടിമേളത്തിന്റെ മദ്ദളനാദമെന്റെ കാതിൽ മുഴങ്ങിയപ്പോ ഉൾനെഞ്ചകം പടപടാമിടിച്ചു കൊണ്ടിരുന്നു താലികെട്ടാൻ ശാന്തി കൽപ്പിച്ചപ്പോൾ മുന്നിലിരിക്കുന്ന നെൽപ്പറയിലെ കുത്തിവെച്ച പൂക്കുലയിലേക്കെന്റെ ദൃഷ്ട്ടിയൊന്ന് പാളി

വിയർപ്പു പൂണ്ട ഉള്ളംകൈയ്യിലിരുന്നയാ താലി നനഞ്ഞു കുതിരുമ്പോൾ നെൽപ്പറയിലിരുന്നാ പൂക്കുല ആടിയാടിയെന്നെ പരിഹസിക്കുന്ന പോലെയെനിക്ക് തോന്നി

സർവ്വ ധൈര്യവും സംഭരിച്ച് ഞാനാ താലി മുറുക്കിപ്പിടിച്ച് അവളുടെ കഴുത്തിലണിയാനായി കൈ നീട്ടിയപ്പോൾ കൈക്കുഴ തളരും പോലെ തോന്നി, ഒപ്പം തൊട്ടു മുൻപ് അവൾ പറഞ്ഞയാ വാചകങ്ങൾ എന്റെ കാതിലങ്ങനെ അലകണക്കേ ഇരമ്പലടിച്ചു കൊണ്ടിരുന്നു

” എന്റെ കഴുത്തിലീ താലി വീഴും വരെയെ നമ്മൾ തമ്മിലുള്ളയീ ബന്ധത്തിന് ആയുസ്സുള്ളോ അത് കഴിഞ്ഞാൽ ഞാനെന്റെ കാമുകനൊപ്പം ഇറങ്ങിപ്പോകും ” എന്നായിരുന്നു അത്

എത്ര തുടച്ചു നീക്കിയിട്ടും നെറ്റിയിൽ നിന്നും പൊടിഞ്ഞയാ വിയർപ്പുതുള്ളികൾ എന്റെ ചുണ്ടുകളിൽ ഉപ്പുരസം പരത്തിക്കൊണ്ടേയിരുന്നു

പരവേശം പൂണ്ട് പരിഭ്രമത്തോടെ ചുറ്റും ഞാനൊന്ന് കണ്ണെറിഞ്ഞു നോക്കി, വലതു ഭാഗത്ത് ഒരു പറ്റം ചെറുപ്പക്കാർ കൈയ്യും കെട്ടി ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ കാലുകൾ കുഴയുവാൻ തുടങ്ങി, നിൽപ്പുറക്കാതായപ്പോൾ എന്റെ കണ്ണാകെ നനഞ്ഞു തുടങ്ങി

എന്റെ ഉള്ളംകൈയ്യിലിരുന്നു നനഞ്ഞു കുതിർന്നയാ താലിച്ചെയിനെ മാറോട് ചേർത്തു പിടിച്ചൊന്ന് പൊട്ടിക്കരയാൻ മാത്രേ എനിക്ക് സാധിച്ചുള്ളോ,

എന്നേ കൊണ്ട് കഴിയില്ല അത് , മൂന്ന് മാസത്തെ എന്റെ അദ്ധ്വാനത്തിന്റെ ഫലമാണ് ആ താലി ചെയിൻ. അതങ്ങനെ പച്ച വെള്ളത്തിൽ ഒഴുക്കി വിടുന്നതിന്റെയല്ല, മറിച്ച് ആ താലിച്ചെയിന്റെ പവിത്രതയ്ക്ക് ഒരൽപ്പം പോലും കളങ്കം വരരുത് എന്ന ഒരൊറ്റ നിർബദ്ധം കൊണ്ടാണ് ഞാനാ താലി കെട്ടാതിരുന്നതും

പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ തന്നെയായിരുന്നു, അവിടെ അണി നിരന്നിരുന്ന മുന്നൂറോളം പേരെയും അവളുടെ വീട്ടുകാരേയും എന്നേയുമൊക്കെ ഉപേക്ഷിച്ചിട്ടവളാ മണ്ഡപത്തിൽ നിന്നും കാമുകന്റെ കയ്യും പിടിച്ച് തലയുയർത്തി നടന്നു പോകുന്നത് ഒരു പാവയേ പോലെ നോക്കി നിൽക്കാനേ ഞങ്ങൾക്കായുള്ളോ

അപ്പോഴും അവളുടെ അച്ഛനും അമ്മയും ഓരിയിട്ടു നിലവിളിച്ചു കൊണ്ടവളോട് ഒരേ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു,

“മോളെ ഇറങ്ങിപ്പോകരുത്, അല്ലെങ്കിൽ ഞങ്ങളെയൊന്ന് കൊന്നിട്ട് പോ ” എന്ന്

അതൊന്നും അവരെ ബാധിച്ചില്ലെന്ന് മാത്രമല്ല ഒന്ന് തിരിഞ്ഞുകൂടെ നോക്കാതെയാണ് അവർ നടന്നകന്നതും

ഒപ്പം മാരകായുധങ്ങൾ കയ്യിലേന്തിക്കൊണ്ടുള്ള അവന്റെ സുഹൃത്തുക്കളുടെ ‘ ഭീഷണിയും

” ആരും തേടി വരണ്ട , വരാണെങ്കിൽ തന്നെ വീട്ടിൽ വാഴയില വെട്ടി കാത്തിരിക്കാൻ പറഞ്ഞിട്ടാകണം, കൊന്നുകളയും ആരായാലും “

പെണ്ണ് കണ്ട് മടുത്ത് ആറ്റു നോറ്റ് ഒത്തു വന്ന ഒരേയൊരു ആലോചനയായിരുന്നു അത്. എല്ലാം കൊണ്ടും യോജിച്ച ബന്ധം ഇങ്ങനെ ഒരു പര്യവസാനത്തിൽ ചെന്ന് അവസാനിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല

വിവാഹം ഉറപ്പിച്ചതിനു ശേഷം ഒരു പാട് തവണ അവളോട് സംസാരിച്ചിട്ടുണ്ട് രാവന്തിയോളമുള്ള കിന്നരിക്കലിനിടയിൽ ഒരിക്കൽ പോലും അവൾ സൂചിപ്പിച്ചിരുന്നില്ല ഇങ്ങനെയൊരു കാര്യം

പറഞ്ഞെങ്കിൽ ഞാനൊഴിഞ്ഞു കൊടുത്തേനെ ,അടുത്തിടപഴകി സംസാരിച്ചപ്പോളൊക്കെ സ്നേഹം കൊണ്ടവളെന്നെ മൂടിയതൊക്കെ ഇങ്ങനെ കഴുത്തറുക്കാൻ വേണ്ടിയായിരുന്നോ?

അതിനും മാത്രം എന്ത് തെറ്റാണ് ഞാനവളോട് ചെയ്തത്,?

സഭ പിരിഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി, അച്ഛനും അമ്മാവനും പെണ്ണു വീട്ടുകാരോട് തർക്കിക്കുന്ന തിരക്കിൽ ആയിരുന്നു

അമ്മ റിസപ്ഷന് ഓർഡർ ചെയ്ത ഭക്ഷണം ഏതോ ഓർഫനേജിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യണം എന്ന് കണ്ണേട്ടനോട് പറയുന്നുണ്ടായിരുന്നു

മൂകനായി ഇരുന്ന ഇരുപ്പിൽ ആ മണ്ഡപത്തിൽ ചമ്രം പടിഞ്ഞിരുന്ന എന്റെ അരികിലേക്ക് അമ്മ മെല്ലെ നടന്നടുത്തു , എന്റെ തോളിൽ കൈവെച്ചെന്നെ സമാധാനപ്പെടുത്തുമെന്നോണം എന്റെ കാതിലമ്മ പതിയേ പറഞ്ഞു

” പോട്ടെ ഉണ്ണി , എല്ലാം നല്ലതിന് വേണ്ടിയാണ്, വിവാഹത്തിന് ശേഷമാണ് ഇത് സംഭവിച്ചതെങ്കിലോ ” ?

പറഞ്ഞു തീരും മുന്നേ ഞാനാ തോളിടം കണ്ണീരിനാൽ നനച്ചുകൊണ്ട് വിതുമ്പിയിരുന്നു, നടുംപുറത്താ പരുത്ത കൈകൾ കൊണ്ട് മെല്ലെ തടവിയപ്പോൾ വല്ലാത്തൊരാശ്വാസമാണ് തോന്നിയതും

മനസ്സിൽ നിന്നും അവളെ പടിയിറക്കി വിടാനായി എത്ര ശ്രമിച്ചിട്ടും എനിക്കതിന് സാധിച്ചില്ല , സന്ധ്യക്ക് എല്ലാരും സഭ കൂടി മാനനഷ്ട്ടത്തിനുള്ള പ്രതിഫലം തീരുമാനിക്കുന്ന തിരക്കിലായിരുന്നു. അഭിപ്രായം ചോദിച്ച് അമ്മാവനെന്നെ നീട്ടി വിളിച്ചപ്പോൾ അത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഞാനെന്റെ റൂമിലേക്ക് കടന്നു ചെന്നു, തലയിണ വിരിപ്പിനു മീതെയാ താലിച്ചെയിൽ നിവർത്തിയിട്ട് അതിലേക്ക് തന്നെ നോക്കിയിരുന്നു

അൽപ്പ നേരത്തിന് ശേഷം അമ്മയെന്റെ മുറിയിലേക്ക് പാലുമായി കടന്നു വന്നു , അലസമായി ഞാനാ ചില്ല് ഗ്ലാസ് വാങ്ങി മേശയിലേക്ക് വച്ചപ്പോൾ എന്റെ മൂർദ്ധാവിൽ തലോടിക്കൊണ്ട് അമ്മ പറയുന്നുണ്ടായിരുന്നു

” എന്റെ ഉണ്ണിക്ക്, നല്ല അടക്കവും ഒതുക്കവും ഉള്ളൊരു സുന്ദരിക്കൊച്ചിനെ തന്നെ കിട്ടും നോക്കിക്കോ”

കേട്ടപ്പോ തന്നെ എന്റെ ചുണ്ടിൽ നനുത്ത ഒരു പുഞ്ചിരി വിടർന്നു വന്നു, അകത്ത് ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കാതെ മനസ്സൊന്ന് ശാന്തമാക്കാൻ പുറത്ത് പോയി വരാനമ്മ പറഞ്ഞപ്പോൾ, ആളുകളുടെ മുഖത്തേക്ക് ഇനിയെങ്ങനെ ഞാൻ നോക്കും എന്നായിരുന്നു ചിന്ത

” ഒന്നും ആലോചിച്ച് തലപ്പെരുപ്പം കൂട്ടണ്ട ഉണ്ണീ, നീയൊരു തെറ്റും ചെയ്തിട്ടില്ല, തെറ്റ് ചെയ്യാത്തിടത്തോളം കാലം നീ ആരെയാണ് ഭയക്കേണ്ടത് “

അമ്മയത് പറഞ്ഞപ്പോഴാണ് എന്റെ മുഖമൊന്ന് തെളിഞ്ഞതും,

നഷ്പരിഹാരത്തുക വാങ്ങാനായി അവളുടെ വീട്ടിലേക്ക് ഇറങ്ങി തിരിച്ച അച്ഛനോടും അമ്മാവനോടും ഞാൻ പറഞ്ഞു നിങ്ങളിവിടെയിരുന്നോ ഞാൻ തന്നെ അവരെ കണ്ട്‌ സംസാരിച്ചോളാം എന്ന്

അങ്ങനെ ബൈക്കെടുത്ത് കണ്ണേട്ടനൊപ്പം ഞാനാ വീടിന്റെ പടി കയറിച്ചെന്നപ്പോൾ മരണവീട്ടിലേക്ക് കയറിച്ചെല്ലണ പ്രതീതിയാണ് തോന്നിയത്

കരഞ്ഞു തളർന്നിരുന്ന അവളുടെയമ്മ ഞങ്ങൾ വന്നത് പോലും അറിഞ്ഞിട്ടില്ലായിരുന്നു, കണ്ണുകൾ തുടച്ച് കൃത്രിമമായി പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്ന അവളുടെ അച്ഛനെ കണ്ടപ്പോൾ അറിയാതെയെന്റെ നെഞ്ചൊന്നു വിങ്ങിയിരുന്നു

അടുത്തേക്ക് ചെന്നതും ആ വൃദ്ധനോടി വന്നെന്നെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരയുകയായിരുന്നു

“ഞങ്ങൾ…….ഞങ്ങളറിഞ്ഞിരുന്നില്ല ഉണ്ണീ…..ഒരിക്കൽപ്പോലും അവളൊന്ന് സൂചിപ്പിച്ചു കൂടെയില്ല”

അദ്ദേഹത്തെ ചേർത്തു നിർത്തി ആ തെറ്റിയ നെഞ്ചിടിപ്പിനെ ക്രമീകരിക്കുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു

ഇത്രത്തോളം സ്നേഹിക്കുന്ന തന്റെ മാതാപിതാക്കളെ വഞ്ചിച്ച് പടിയിരങ്ങിപ്പോയ അവളെ ള്ളിൽ ഞാനായിരം തവണ പ്രാകിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും

അവർക്കൊപ്പo അൽപ്പനേരം ചിലവഴിച്ചിട്ടാണ് ഞങ്ങളവിടെ നിന്നും ഇറങ്ങാൻ തുനിഞ്ഞതും

പടിയിറങ്ങിയപ്പോൾ ഇടറിയ പിൻവിളി കൊണ്ടദ്ദേഹം ഞങ്ങളെ തടഞ്ഞു

കൈയ്യിലൊതുങ്ങാത്ത ഒരു കെട്ട് പണം എനിക്ക് നേരെ നീട്ടിയിട്ടയാൾ പറയുന്നുണ്ടായിരുന്നു,

“നുള്ളിപ്പറുക്കിയും, കടം വാങ്ങിയുo ഒപ്പിച്ചതാണ്, ഇത് വാങ്ങണം, ബാക്കി ഞാൻ ഒരാഴ്ച്ചക്കുള്ളിൽ തരാം

അവളെ……. എന്റെ മോളെ………… ശപിക്കരുതെന്ന് പറയണം എല്ലാരോടും, അവൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണെന്ന് അറിയാം ആരുടെ കാലിൽ വേണേലും വീഴാൻ തയ്യാറാണ് എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ 2പാഴ്ജന്മങ്ങൾ ഈ വീട്ടിൽ തന്നെ ഉണ്ടാകും “

അതും പറഞ്ഞദ്ദേഹം എനിക്കു നേരെയാ കൈകൾ കൂപ്പിയപ്പോൾ, ആ കൈകളെ കൂട്ടിപ്പിടിച്ച് ആ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു

” ഇതിനു വേണ്ടിയല്ല വന്നത്, ഇത് ഞാൻ വാങ്ങിയാൽ എന്നോട് ദൈവം പോലുo പൊറുക്കില്ല, കാരണം എനിക്കും ഒരു പെങ്ങൾ ഉണ്ടായിരുന്നു അവളുടെ വിവാഹം നടത്താൻ കഴിച്ച പങ്കപ്പാട് എനിക്കും അറിയാം, അച്ഛന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം ആരുമില്ലെന്ന തോന്നൽ വേണ്ട”

പറഞ്ഞു തീർന്നതും ആ ചുളിഞ്ഞ കരങ്ങളാൽ അദ്ദേഹമെന്നെ വാരിപ്പുണർന്നു, ഇങ്ങനെയൊരു മകൻ ഞങ്ങൾക്കില്ലാതെ പോയല്ലോ എന്നദ്ദേഹം പറഞ്ഞപ്പോൾ ,ഇനി മുതലങ്ങോട്ട് ഒരു മകന്റെ സ്ഥാനത്ത് ഞാനുണ്ടാകും എന്നാണ് ഞാനും പറഞ്ഞത്, ശപിക്ക പോയിട്ട് ഒരു നുള്ള് ദേഷ്യം പോലും അവരോട് തോന്നിയിട്ടില്ല ഇതുവരെ

ഒരു കാര്യം എനിക്ക് ഉറപ്പാണ് മകളെ ജീവനേക്കാൾ അധികം സ്നേഹിക്കുന്ന ആ രണ്ട് ഹൃദയങ്ങളെ ഇത്രയധികം വേദനിപ്പിച്ച അവൾ ഈ ജന്മത്തിൽ തന്നെ അതിന്റെ പാപഫലം അനുഭവിക്കാതെ ഈ ഭൂമി വിട്ട് പോകില്ല എന്ന കാര്യo

ഒന്നും വാങ്ങാതെ കൈയ്യും വീശി വീട്ടിൽ ചെന്ന എന്നെ അച്ഛനും അമ്മാവനും കണക്കിന് ശകാരിരിച്ചു, വിഡ്ഢിയെന്നമ്മാവൻ മുദ്രകുത്തിയപ്പോൾ, എന്റെ മകനിത്രക്ക് പോഴനായിപ്പോയല്ലോ എന്നാണ് അച്ഛനും പറഞ്ഞത്,

” ഞാൻ കരുതിയത് നീയാ പൈസയും വാങ്ങി വരുന്ന വഴിക്ക് കേക്കും, ഓലപ്പടക്കവുമായി വന്ന് ആഘോഷിക്കും എന്നാണ്, കാലം മാറി ഉണ്ണി, അതോടൊപ്പം നമ്മളും മാറണം “

അമ്മാവനത് പറഞ്ഞപ്പോൾ ചിരിക്കാനാണ് തോന്നിയത്, ആ മുഖത്ത് നോക്കിത്തന്നെയാണ് ഞാനതിന് മറുപടി കൊടുത്തതും

” കേക്ക് മുറിക്കാൻ ഇന്നെന്റെ പിറന്നാളോ പടക്കം പൊട്ടിക്കാൻ ഇന്ന് വിഷുവോ അല്ലല്ലോ അമ്മാവാ, ഞാനോർക്കാൻ ആഗ്രഹിക്കാത്ത ദിവസം അതിങ്ങനെയങ്ങ് കടന്നു പോകട്ടെ “

“നിങ്ങളെന്നെ കുറ്റപ്പെടുത്തിക്കോളൂ സാരമില്ല, പക്ഷെ ഒന്നോർക്കുന്നത് നല്ലതാണ്, ഇറങ്ങിപ്പോയവളുടെ സ്ഥാനത്ത് നമ്മുടെ കുടുംബത്തിലെ കുട്ടിയാണെങ്കിലോ, നഷ്ട്ടപരിഹാരം കൊടുക്കാനുള്ള ശുഷ്ക്കാന്തി അപ്പോഴും ഉണ്ടാകുമോ,അവൾ ചെയ്ത തെറ്റിന് അവളുടെ വീട്ടുകാർ എന്ത് പിഴച്ചു, അവൾക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും “

രംഗം ശാന്തമായി അമ്മാവന്റെ മുഖമൊന്നു കറുത്തു ഒപ്പം ഒരു തീരുമാനം ഞാനവിടെ കനപ്പിച്ച് പറഞ്ഞിരുന്നു. ഈ പേരും പറഞ്ഞ് ആരും അവരെ ബുദ്ധിമുട്ടിക്കരുതെന്ന്, എനിക്കുണ്ടായ മാനക്കേടും നഷ്ട്ടവും ഞാൻ തന്നെ സഹിച്ചോളാം എന്ന്

മനസ്സൊന്ന് തണുത്തപ്പോൾ ഹാളിലേക്ക് കയറി ഞാനാ സീലിംഗ് ഫാൻ ഓണാക്കി അതിന്റെ കീഴിൽ വന്നിരുന്നു എന്റെ തലയും തണുപ്പിച്ചു

എന്റെ ദൃഷ്ട്ടി കലണ്ടറിനു മീതെ തൂക്കിയിട്ട കവറിലേക്കൊന്നു പതിഞ്ഞു , അപ്പോഴും അതിനുള്ളിലിരുന്ന് അനിയത്തിയുടെ കല്യാണം നടത്താൻ വേണ്ടി എടുത്ത അടച്ചു തീരാത്ത ലോണിന്റെ റിമൈൻഡിങ് നോട്ടീസ് എന്നേ നോക്കിത്തന്നെ കണ്ണുരുട്ടുന്നുണ്ടായിരുന്നു

“എന്റെ കൊക്കിനു ജീവൻ ഉണ്ടെങ്കിൽ അടച്ചു തീർത്തിരിക്കും ഞാനത് ” ആ ചുമരിൽ നോക്കി ഞാൻ പറഞ്ഞു

എന്റെ ചെയ്തികളെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന ഒരാൾ മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളു….എന്റെ അമ്മ…

കാരണം ആ മുഖo പുഞ്ചിരിപ്രസന്നമായ് വെട്ടിത്തിളങ്ങിയിരുന്നു അന്ന്, ഒപ്പം മേലാകെ കുളിര് കോരുന്നയാ വാചകങ്ങളും

” ഉണ്ണീ എനിക്കിപ്പോൾ സംശയമാണ് നിനക്ക് പെണ്ണ് കിട്ടുമോ എന്ന് “

“അതെന്താ അമ്മേ…?” “നിന്നെ കിട്ടാനും മാത്രം അർഹതയുള്ളവൾ ഈ ഭൂമിയിൽ ഉണ്ടാവാൻ സാധ്യതയില്ല”

ഈ അമ്മ അല്ലെങ്കിലും ഇങ്ങനാ, ആത്മ വിശ്വാസം തന്ന് ആളെ കൊല്ലും, അട്ടഹസിച്ചു കൊണ്ട് ഞാനാ മടിയിലേക്ക് ചാഞ്ഞു കൊണ്ട് മറുപടിയെന്നോണമാ കാതിൽ മെല്ലെയോതി

” അതെന്താ അങ്ങനേന്ന് അറിയോ അമ്മക്ക് ” ?

ചോദ്യ ഭാവത്തിൽ അമ്മയെന്നെയൊന്ന് പുഞ്ചിരിച്ചു കൊണ്ട് നോക്കിയപ്പോൾ ആ കൈയ്യിൽ കൈ കോർത്ത് ഞാൻ പറഞ്ഞു

” പേറിയ വയറും പോറ്റിയ കൈകളും ഈ അമ്മയുടേതായത് കൊണ്ടാ ഇങ്ങനെ” എന്ന്