എഴുത്ത്: സമീർ ചെങ്ങമ്പള്ളി
ഞാൻ ഒരു പ്രവാസിയാണ്….
നാട്ടിലേക്ക് പോകാൻ വേണ്ടി പെട്ടിയൊരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നത്തേക്ക് രണ്ടു മാസമായി..
കഴിഞ്ഞ ശനിയാഴ്ച്ച മടങ്ങാമെന്ന് കരുതിയതായിരുന്നു. അപ്പോഴതാ ഇടിത്തീ പോലെ കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം….
കയ്യിൽ ഒരു ദിർഹം പോലും അവശേഷിക്കുന്നില്ല, സുഹൃത്തുക്കളുടെ കാരുണ്യം കൊണ്ട് മാത്രമാണ് ഇവിടെം വരെ എത്തിയത്….
അവർക്കെന്നെപ്പോലെ ജോലി നഷ്ടപ്പെട്ടിട്ടില്ലെങ്കിലും കിട്ടുന്ന ശമ്പളം പകുതി ആയി കുറഞ്ഞു….
ഇന്നലെ എന്റെ ഭാര്യ വിളിച്ചിരുന്നു, അവൾ ആകെ സങ്കടത്തിലാണ്…
അച്ഛൻ ഇന്നലെ വരുമെന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ എന്ന് എന്റെ പൊന്നു മോൾ കൂടെ കൂടെ ചോദിക്കുന്നുവത്രെ, അവൾ ഞാൻ വരുന്നതും കാത്ത് മുറ്റത്ത് നിൽക്കുകയാണത്രേ ….
റോഡിലൂടെ പാഞ്ഞു പോകുന്ന ഓരോ വണ്ടിയിലും അവൾ പ്രതീക്ഷകളോടെ കണ്ണുകളോടിക്കും….പിന്നെ നിരാശ നിറഞ്ഞ മുഖഭാവത്തോടെ പൂമുഖപടിയിൽ തലകുമ്പിട്ടിരിക്കും….
കോവിഡ് കാരണം മരിക്കുമെന്ന പേടി ഇപ്പോൾ തീരെയില്ല…രണ്ട് മാസങ്ങൾക്ക് മുൻപ് ഞാനുൾപ്പെടെ എന്റെ റൂമിലുള്ള എല്ലാവരും പനിയും ചുമയുമായി കിടപ്പിലായിരുന്നു….
ഒരാൾക്ക് മാത്രമേ ടെസ്റ്റ് നടത്തിയിരുന്നുള്ളൂ, അതാണെങ്കിൽ പോസറ്റീവ് റിസൾട്ടും, പിന്നെ ബാക്കിയുള്ളവരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ….
എന്റെ ഹൃദയത്തെ കുറിച്ചോർത്ത് മാത്രമാണ് എനിക്കിപ്പോൾ പേടി, മാനസിക സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമാകുമ്പോൾ ഹൃദയം പൊട്ടി മരിച്ച വിദേശ മലയാളികളുടെ എണ്ണം കേരളത്തിലെ മൊത്തം കോവിഡ് മരണത്തേക്കാൾ എത്രെയോ ഇരട്ടിയാണ്….
ഇനി കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കണക്കെടുത്താലും അതങ്ങനെ തന്നെ, ഇന്നലെ മാത്രം എട്ട് മലയാളികളാണ് ഇവിടെ മരിച്ചത്…
” ഡാ, നീ നാട്ടിൽ പോയാലും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ് ട്ടോ, ഇവിടെ നിനക്ക് കോവിഡിനെ മാത്രം പേടിച്ചാൽ മതി, അവിടെ നിനക്ക് നാട്ടുകാരെയും കുടുംബക്കാരെയും അയൽവാസികളെയുമൊക്കെ പേടിക്കണം, ഇപ്പോൾ നമ്മൾ അവർക്കെല്ലാം ശത്രുക്കളാണ് “
റൂം മേറ്റിന്റെ അഭിപ്രായമാണ്…ഒന്നാലോചിച്ചാൽ അവൻ പറഞ്ഞതും ശെരിയാണ്…ഇന്നലെ വരെ നമ്മുടെ മിത്രങ്ങളായിരുന്നവർ പെട്ടെന്നൊരിക്കൽ ശത്രുവിനെപ്പോലെ പെരുമാറുന്നത് ആർക്കാണ് സഹിക്കാനാകുക….
എന്നിട്ടും ഞാൻ നാട്ടിൽ പോകാൻ കൊതിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്….അത് ഒരു സർക്കാരിനോ കേരളത്തിലെ ജനങ്ങൾക്കോ മനസ്സിലാകില്ല….
ഞാൻ ഇവിടെ കിടന്ന് മരിച്ചുപോയാൽ എന്റെ മൃതദേഹം മാസങ്ങളോളം മോർച്ചറിയിൽ കിടന്നേക്കാം, കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടാണ് മരിച്ചെതെങ്കിൽ ആരും അനുഗമിക്കാനില്ലാതെ ഏതെങ്കിലും ശ്മശാനത്തിൽ ഖബറടക്കിയതിന് ശേഷം അവർ തിരിച്ചു മടങ്ങും…
പിൽക്കാലത്ത്, ഞാൻ വിശ്രമിക്കുന്ന ഇടം ഒരിക്കലെങ്കിലും സന്ദർശിക്കാൻ എന്റെ മക്കൾക്ക് പോലും സാധിക്കണമെന്നില്ല….
ഇവിടെ ഇങ്ങനൊയൊക്കെ ആണ്….
മനസ്സൊന്നു തണുപ്പിക്കാൻ വേണ്ടി ഫേസ്ബുക് ഓണാക്കിയപ്പോൾ കാണുന്നതാകട്ടെ, നാട്ടിലുള്ള സകല കേസിന്റെയും ഉത്തരവാദത്വം പ്രവാസികളുടെ തലയിൽ ഇട്ട് സായൂജ്യം അണയുന്ന ചില മനോരോഗികളെയും….
അതേ, ഈ ഘട്ടം മറികടക്കുന്നത് ഏറെ പ്രയാസകരമാണ്….
പക്ഷേ ഞങ്ങളിത് മറികടക്കും, നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രം….
(ഇത് എന്റെ അനുഭവക്കുറിപ്പ് അല്ല, പക്ഷേ ഗൾഫിലുള്ള മിക്ക പ്രവാസികളുടെയും മനസ്സിലൂടെ കടന്ന് പോകുന്ന കാര്യങ്ങളാണ് )