മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വീടിനകത്തെത്തിയതും സിദ്ദുവിനെ അഭിമുഖീകരിക്കാൻ വല്ലാത്ത ഒരു ബുദ്ധിമുട്ട് തോന്നി. കഴിഞ്ഞുപോയ നിമിഷങ്ങളെക്കുറിച്ച് ഓർത്തതും അതിശയം തോന്നി. ഞാൻ സിദ്ധുവിൽ നിന്നും കൈകൾ പിൻവലിക്കാതെ ഇരുന്നതിൻറെ പൊരുൾ എന്താണ്?
സിദ്ധുവിനെ എനിക്കിഷ്ടമാണ്..ബഹുമാനമാണ്. അതിൽ കവിഞ്ഞൊരു വികാരം.അറിയില്ല മനസ്സിലെന്താണെന്ന്..
സിദ്ധു പറഞ്ഞതു പോലെ കടമകൾ നിറവേറ്റുന്ന.. യാഥാർത്ഥ്യത്തെ അംഗീകരിക്കുന്ന ഭാര്യയായിരിക്കാൻ എത്രയും പെട്ടെന്ന് മനസ്സിനെ പാകപ്പെടുത്തിയേ മതിയാവൂ എനിക്ക്..
“നിങ്ങൾ എത്തിയോ മക്കളെ.. എല്ലാരും കൂടി ഒരുമിച്ചങ്ങ് പോയതും വീട് ഉറങ്ങിയത് പോലെ.. ഞാൻ കുറച്ചു നേരമായി നോക്കിയിരിക്കയായിരുന്നു..” അമ്മയുടെ സ്നേഹം പരിഭവം ആയി ഒഴുകി.
ചേച്ചിയും ചേട്ടനും കറക്കം കഴിഞ്ഞു തിരിച്ചെത്തിയിട്ടില്ല. വേഷം മാറാൻ മുറിയിലേക്ക് പോകാൻ ഒരു മടി തോന്നി. താഴെ അമ്മയോട് ഓരോന്നൊക്കെ സംസാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞു സിദ്ധു മാഗസിനും പിടിച്ചു ഹോളിൽ ഇരിക്കുന്നത് കണ്ടതും പതിയെ മുറിയിലേക്ക് പോയി. വേഷമൊക്കെ മാറി ഫ്രഷായി വന്ന് ഒരാഴ്ചത്തേക്ക് സ്കൂളിൽ പോകാൻ വേണ്ട വസ്ത്രങ്ങളൊക്കെ അയൺ ചെയ്തു വെച്ചു. പെട്ടെന്നെന്തോ സിദ്ധുവിൻറെ കാര്യം ഓർമ്മ വന്നു. എനിക്ക് വേണ്ടി എത്രയോ കാര്യങ്ങൾ പറയാതെ തന്നെ നോക്കിയും കണ്ടും ചെയ്തു തന്നിരിക്കുന്നു. സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷവും സമാധാനവും പോലും അത്തരം പ്രവൃത്തികൾ മൂലമാണ്. ഞാനാണെങ്കിൽ ഇന്നേവരെ ഒരു കാര്യവും തിരികെ ചെയ്തു കൊടുത്തിട്ടില്ല. കിച്ചു ഏട്ടൻറെ വസ്ത്രങ്ങൾ തൊട്ടു വണ്ടിയുടെ താക്കോൽ ഇരിക്കുന്ന സ്ഥലം വരെ ചേച്ചിയോട് വന്നു ചോദിക്കുന്നത് കാണാം. അവളാണെങ്കിൽ ഇത് മാത്രം ഓർത്തിരിക്കുന്നത് പോലെ നിമിഷനേരം കൊണ്ട് കയ്യിൽ എടുത്തു കൊടുക്കുന്നതും കാണാം. അവളെപ്പോലെ ആയില്ലെങ്കിലും എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നി.
അലമാരയിലെ സിദ്ധുവിൻറെ ഭാഗം ആദ്യമായി തുറന്നു നോക്കി. ഒരുവശത്ത് ഷർട്ടും പാൻറസും കോട്ടും ഒക്കെ അയൺ ചെയ്തു തൂക്കിയിട്ടിരിക്കുന്നു. ബാക്കി കുറച്ച് താഴെ മടക്കി വച്ചിരിക്കുന്നു. വാച്ച്, പെർഫ്യൂം, പഴ്സ്.. അങ്ങനെ ഓരോന്നും ചിട്ടയോടെ അടുക്കി വച്ചിരിക്കുന്നു. ടവ്വൽ പോലും വിരിച്ചിട്ടിരിക്കുന്നതിന് ഒരു പ്രത്യേകതയുണ്ട് എന്നുതോന്നി. വാർഡ്രോബ്ൻറെ ഒരു സെക്ഷൻ മാത്രം പൂട്ടിയിരിക്കുന്നത് കണ്ടു. താക്കോൽ പുറത്തൊന്നും കണ്ടില്ല. ഇത്ര ഭംഗിയോടെ സാധനങ്ങൾ ഒതുക്കി വെക്കാൻ എനിക്ക് പോലും പറ്റില്ല എന്ന് തോന്നി.
“എന്തെങ്കിലും വേണമായിരുന്നോ..” സിദ്ധുവിൻറെ ശബ്ദം വാതിൽക്കൽ നിന്നും കേട്ടതും വല്ലാതായി..ആളില്ലാത്ത നേരം ഇതൊക്കെ നോക്കിയത് തെറ്റിദ്ധരിച്ചു കാണുമോ എന്നായിരുന്നു ഉള്ളിൽ വന്ന സംശയം.
“ഞാൻ എൻറെ ഡ്രസ്സ് അയൺ ചെയ്തപ്പോൾ .. വല്ല ഹെൽപ്പും ചെയ്യണോ എന്നറിയാൻ…” പതർച്ചയോടെ യാണ് പറഞ്ഞത്.
“ആഹാ കൊള്ളാല്ലോ… നല്ല കാര്യം.. പണ്ട് മുതലേ എനിക്ക് ചെയ്യാവുന്ന ജോലികൾ ഒക്കെ സ്വയം ചെയ്യാനാണ് എനിക്കിഷ്ടം. ഹോസ്റ്റൽ ജീവിതം കഴിഞ്ഞത് തൊട്ട് അമ്മയെപോലും ഇക്കാര്യങ്ങളിലൊന്നും അടുപ്പിക്കാറില്ല. എന്നുവച്ച് നാളെ സഹായം വേണ്ട അത്യാവശ്യ സാഹചര്യം വല്ലതും വന്നാൽ ഞാൻ തീർച്ചയായും തന്നെ ബുദ്ധിമുട്ടിക്കും കെട്ടോ .. അതുപോലെ എന്നോട് എന്തു സഹായം വേണമെങ്കിലും താനും ചോദിക്കാൻ മടിക്കേണ്ട..”
സന്തോഷത്തോടെ യുള്ള സിദ്ധുവിൻറെ മറുപടി കേട്ടതും കിച്ചു ഏട്ടനും സിദ്ധുവും ഒരേ വീട്ടിലാണ് വളർന്നതെങ്കിലും സ്വഭാവത്തിൽ രണ്ടുപേരും ഇരു ധ്രുവങ്ങൾ ആണെന്ന് തോന്നി..
“ഏടത്തി എത്തിയിട്ടുണ്ട് ..അമ്മയോട് തന്നെക്കുറിച്ച് അന്വേഷിക്കുന്നത് കേട്ടു..”
“രാവിലെ തൊട്ടു ചേച്ചിയെ കണ്ടിട്ടില്ല.. പെട്ടെന്ന് ചെല്ലട്ടെ.”
ധൃതിയിൽ താഴെ ഇറങ്ങി വന്നു. അമ്മയോട് സംസാരിച്ചു നിൽക്കുന്ന ചേച്ചിയുടെ മുഖത്തെ പൂനിലാവ് ദൂരെ നിന്നും തന്നെ കാണാനാവുന്നുണ്ട് . എന്നെ കണ്ടതും അടുത്തായി പിടിച്ചിരുത്തി കൂടുതൽ ആവേശത്തോടെ ഇന്നവര് പോയതിൻറെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. മാളിലും ബീച്ചിലും സിനിമയ്ക്കും ഹോട്ടലിലും.. ഒരു ദിവസം മുഴുവൻ അലഞ്ഞു നടന്നിട്ടും ചേച്ചിക്ക് ക്ഷീണത്തിന് പകരം ഊർജ്ജം കൂടിയത് ആണെന്ന് തോന്നി..
ഹോളിലേക്ക് നോക്കിയതും സോഫയിൽ ഇരുന്നു കിച്ചു ഏട്ടൻ ചേച്ചിയെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു. ഇത്രനേരവും കൂടെയുണ്ടായിരുന്ന ചേച്ചിയെ ജീവിതത്തിൽ ആദ്യമായി കാണുന്നതുപോലെ സൂക്ഷിച്ച് നോക്കാൻ മാത്രം എന്താണ് പ്രത്യേകത എന്ന് ഞാനും ചേച്ചിയെ വിസ്തരിച്ച് നോക്കി. വെയില് കൊണ്ട് നിറം ഇത്തിരി മങ്ങി പതിവിലും കോലം കെട്ടതല്ലാതെ വേറെ മാറ്റങ്ങൾ ഒന്നും ഇല്ല. ഞാൻ ചേട്ടനെയും ചേച്ചിയെയും മാറി മാറി ചാഞ്ഞും ചരിഞ്ഞും നോക്കുന്നതെന്നും ആള് അറിയുന്നേയില്ല. ചേട്ടൻറെ കിളിപോയ ഇരുപ്പ് കണ്ടതും നാളെ പ്രൊഫസറുടെ ക്ലാസ്സിൽ ഇരിക്കുന്ന പിള്ളേരുടെ കാര്യം ഗോവിന്ദ തന്നെ ആണെന്ന് ഏതാണ്ടനിക്ക് ഉറപ്പായി.
പുറത്തുനിന്നും അത്താഴം കഴിച്ചിട്ട് വന്നതിനാൽ ചേച്ചി കിടക്കാൻ പോകുമ്പോഴാണ് സിദ്ധു താഴേക്ക് ഇറങ്ങി വരുന്നത്.” ഏടത്തി വീണ്ടും ഉഷാറായല്ലോ.. ഇന്നലെ ഈ മുഖത്തെ സങ്കടം കണ്ടിട്ട് എനിക്കും വല്ലാതായി..ട്ടോ..” സിദ്ധുവിൻറെ സംസാരം കേട്ടതും അതിശയം തോന്നി. എന്നെപ്പോലെ തന്നെ അവളിലെ നേരിയ മാറ്റങ്ങൾ പോലും സ്നേഹത്തോടെ ശ്രദ്ധിക്കുന്നുണ്ടെന്നത്.
അന്നുരാത്രി സിദ്ധു വന്നു അടുത്ത് കിടന്നിട്ടും വീർപ്പുമുട്ടലുകൾ ഒന്നും ഉണ്ടായില്ല. എന്തൊക്കെയോ കാര്യങ്ങൾ തമ്മിൽ സംസാരിച്ചു കൊണ്ടാണ് രണ്ടാളും ഉറക്കത്തിലേക്ക് വഴുതി വീണത്. ഇടയ്ക്കെപ്പോഴോ വിചിത്രമായ ഒരു സ്വപ്നം എന്നെ തേടി വന്നു. ഒരു ആശുപത്രി വരാന്തയിലൂടെ ഭ്രാന്തിയെപ്പോലെ കരഞ്ഞു കൊണ്ടോടുന്ന ഞാൻ.ഭയപ്പെടുത്തുന്നതെന്തോ കേട്ടിട്ട് എന്ന പോലെ ചെവികൾ കൈകൾകൊണ്ട് മൂടി പിടിച്ചിട്ടുണ്ട്. ഒരു പുകമറ പോലെ ചുറ്റുമുള്ളതൊന്നും തന്നെ വ്യക്തമല്ല.. ഉറക്കത്തിലും അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഇടയ്ക്കെപ്പോഴോ എൻറെ ഇടംകയ്യിൽ വീണ്ടും നനുത്ത തണുപ്പ് വന്നു നിറയുന്നതറിഞ്ഞു. കൈകളിലെ മുറുക്കം കൂടി വന്നതും ആശ്വാസം നിറഞ്ഞ് ഉറക്കം ഗാഢമായി.
രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ട് ആദ്യം കണ്ണുകൾ തുറന്നത് ഞാനാണ്. സിദ്ധുവിനെ നോക്കിയതും എൻറെ കയ്യിൽ കൈകോർത്ത് വെച്ചാണ് ഉറങ്ങുന്നത്. സാധാരണ അലാറം ബെല്ലടിക്കാൻ ഉദ്ദേശിക്കുന്നത് മുൻപേ തന്നെ ചാടി ഉണരുന്ന ആൾ ശാന്തമായി ഉറങ്ങി കിടക്കുന്നത് ഇത്തിരി നേരം നോക്കി നിന്നു. മുറുകെ പിടിച്ചിരിക്കുന്ന എൻറെ കൈ മെല്ലെ വലിക്കാൻ നോക്കിയതും ഞെട്ടിയുണർന്നു. എഴുന്നേറ്റ് ഇരിക്കുന്ന എന്നെ കണ്ടതും ആളൊന്ന് ചമ്മി എന്ന് തോന്നി. പെട്ടെന്ന് മുഖത്ത് ഗൗരവം വരുത്തുന്നത് കണ്ടു.
“നാളെ തൊട്ട് പ്രാർത്ഥിച്ചിട്ട് വേണം കിടക്കാൻ… രാത്രിയിൽ താൻ ഉറങ്ങാൻ പാടുപെടുന്നുണ്ടായിരുന്നു. ഒടുവിൽ കൈപിടിച്ച് വെച്ചപ്പോഴാണ് ഒന്നുറങ്ങിയത്.”
കൈ ചേർത്ത് വെച്ചതിന് വിശദീകരണങ്ങൾ തരാൻ പാടുപെടുന്ന സിദ്ധുവിനെ കണ്ടതും എൻറെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വിടർന്നു. സ്കൂളിൽ പോകുന്ന വഴിക്കും എന്നെ അഭിമുഖീകരിക്കാൻ സിദ്ധുവിന് ജാള്യത ഉണ്ടെന്ന് തോന്നി. എന്തൊക്കെയോ കാരണം ഉണ്ടാക്കി അങ്ങോട്ട് കയറി സംസാരിച്ചു. ഇത്തിരി കഴിഞ്ഞതും ആളും ചമ്മൽ വിട്ട് ട്രാക്കിൽ എത്തി.
അന്ന് വൈകീട്ട് സിദ്ധു സാധാരണ വരുന്ന നേരമായിട്ടും എത്തി കണ്ടില്ല.എൻറെ നോട്ടം ക്ലോക്കിലേക്കും വരാന്തയിലേക്കും പതിവില്ലാതെ എത്തിച്ചേരുന്നുണ്ടാ യിരുന്നു. സമയം തള്ളിനീക്കാൻ അമ്മയുടെ അടുത്ത് പോയി അത്താഴത്തിന് കറിയുണ്ടാക്കുന്നത് ചോദിച്ചു വാങ്ങിച്ച് ഏറ്റെടുത്തു. വൈകുന്നതിനെകുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന് അമ്മയോട് ചോദിക്കാൻ മടി തോന്നി. മനസ്സിലാകെ പറഞ്ഞറിയിക്കാനാകാത്ത ഒരു തരം വെപ്രാളം. ജോലികൾ തീർന്നു കഴിഞ്ഞു വെറുതെ ഓരോന്ന് ഓർത്ത് ഇരുന്നതും രാത്രിയിലെ സ്വപ്നം ഓർമ്മവന്നു. എന്തോ ഒരു ഭയം വന്നു നിറഞ്ഞതും കാലുകൾക്ക് ചിറക് വെച്ചതുപോലെ പോലെ മുകളിലേക്ക് ഓടിപോയി ഫോൺ എടുത്തു ‘ഹസ്ബൻഡ് ‘ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്തു.
“ഹലോ” അപ്പുറത്തെ ശബ്ദം കേട്ടതും പകുതി ജീവൻ വീണിരുന്നു.
“സിദ്ധു എവിടെയാ? എന്താ ഇത്ര വൈകിയത്..” പരവേശത്തോടെ തന്നെയാണ് ചോദിച്ചത്.
“അപ്പോൾ താൻ എൻറെ മെസ്സേജ് ശരിക്കും കാണാഞ്ഞിട്ടു തന്നെ ആണല്ലേ.. ഞാൻ കരുതി കണ്ടിട്ടും മറുപടി തരാതിരുന്നത് ആണെന്ന്..” ശാന്തമായിരുന്നു മറുപടി.
“മെസ്സേജോ… എന്ത് മെസ്സേജ്..”
“താനാ ഫോൺ എടുത്തു നോക്ക് .. ഞാൻ ഡ്രൈവിങ്ങിൽ ആണ്.. മാക്സിമം 15 മിനിറ്റ്. വീടെത്തും.” ഫോൺ കട്ട് ചെയ്യുന്ന ശബ്ദം കേട്ടു. ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ കിടക്കുന്നത് അപ്പോഴാണ് കണ്ടത് . ധൃതിയിൽ തുറന്നുനോക്കി…
“ഒരു അർജൻഡ് കേസ് ഉണ്ട്..എത്താൻ അല്പം വൈകും..” വായിച്ചതും വല്ലാത്ത സന്തോഷം തോന്നി. ഞാൻ കാത്തിരിക്കും എന്ന് സിദ്ധുവിന് എങ്ങനെ മനസ്സിലായി? വായിച്ചിട്ട് ഞാൻ തിരികെ മറുപടി കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് സംസാരത്തിൽ നിന്നും തോന്നി. ” കാത്തിരിക്കുന്നു..” അങ്ങനെ മറുപടി തിരിച്ചയച്ചു. ഫോൺ കയ്യിൽ എടുത്തു കൊണ്ട് തന്നെ താഴേക്കിറങ്ങി വന്നു.
“അവൻ വൈകുമെന്ന് വല്ലതും പറഞ്ഞിരുന്നോ മോളെ.. ഭക്ഷണം എടുത്ത് വെക്കാമായിരുന്നു..” എന്നോട് അങ്ങനെയൊരു ചോദ്യം ..അമ്മയിൽ നിന്നും ഞാനും ആഗ്രഹിച്ചിരുന്നു എന്ന് വേണം പറയാൻ.
“എന്തോ തിരക്കുണ്ട് അമ്മേ.. കുറച്ചു വൈകും. നിങ്ങൾ കഴിച്ചോളൂ..കിച്ചു ഏട്ടന് നല്ല വിശപ്പ് കാണും..”
അവര് ഭക്ഷണം കഴിച്ചു തുടങ്ങിയതും മുറ്റത്തു വണ്ടി നിർത്തുന്ന ശബ്ദം കേട്ടു. വരാന്തയിലേക്ക് നടന്നു. വണ്ടിയിലിരുന്ന് ഫോൺ നോക്കിയിട്ട് കയറിവന്ന സിദ്ധു വിൻറെ മുഖത്ത് ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു. “കാത്തിരുന്നു തളർന്നോ ടോ..” 10 മിനിറ്റ് മുന്നേ മറുപടി അയച്ചതിന് കളിയാക്കിയതാണെന്ന് മനസ്സിലായെങ്കിലും ബാഗ് വാങ്ങിക്കാൻ കൈനീട്ടി.
“വേണ്ടടോ.. ഹോസ്പിറ്റലിൽ നിന്ന് വരുന്നതല്ലേ.. ഞാൻ തന്നെ കൊണ്ടു വെച്ചോളാം..” വാതിലടച്ച് കഴിഞ്ഞു സിദ്ധുവിൻറെ കൂടെ മുകളിലേക്ക് പോകാൻ ഒരുങ്ങിയതും പിന്നെ വേണ്ടെന്നു വച്ചു. എല്ലാവരും കഴിച്ച് കഴിഞ്ഞ് പാത്രം കഴുകി കഴിഞ്ഞപ്പോഴേക്കും സിദ്ധുവും താഴേക്കിറങ്ങി വന്നു.
“ഞാൻ പോയി കിടക്കട്ടെ മോളെ.. നിങ്ങൾ രണ്ടാളും എടുത്തു കഴിക്കില്ലേ..” അമ്മ ചോദിച്ചതും സമ്മതം മൂളി. ചേച്ചിയെ പിന്നെ ആ പരിസരത്തൊന്നും കണ്ടില്ല. കിച്ചു ഏട്ടൻ നേരത്തെ തന്നെ പൊക്കി കൊണ്ടുപോയി എന്നു മനസ്സിലായി.
കഴിച്ച് തുടങ്ങിയതും സിദ്ധു ഒരു ചപ്പാത്തി പോലും കഴിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു. ഇന്നാണെങ്കിൽ കഷ്ടകാലത്തിന് ഞാനാണ് കറി ഉണ്ടാക്കിയത്. പുതിയ രുചി ഇഷ്ടപ്പെട്ട കാണില്ല എന്ന ആശങ്ക തോന്നി.
“കറി ഇഷ്ടപെടാഞ്ഞിട്ടാണോ കഴിക്കാത്തത്?”
“അതുപിന്നെ .. ഞാൻ ഒരുവട്ടം ഡിന്നർ കഴിച്ചതാണ്.. ഭക്ഷണം വേണ്ടെന്ന് പറയാൻ താഴേക്ക് വന്നപ്പോഴാണ് അമ്മ തന്നോട് പറയുന്നത് കേട്ടത്.. പിന്നെ ഒറ്റയ്ക്ക് ആക്കണ്ട എന്ന് കരുതി കമ്പനിക്ക് ഇരുന്നന്നേയുള്ളൂ..പക്ഷേ വിചാരിച്ചതുപോലെ അങ്ങ് പോകുന്നില്ല..”
കുട്ടികളെപ്പോലെ വയറ് തടവിക്കൊണ്ട് പറയുന്നത് കേട്ടതും എനിക്ക് ചിരി വന്നു.
“ഞാൻ കരുതി എൻറെ കറി ഇഷ്ടപ്പെടാഞ്ഞിട്ട് ആവുമെന്ന്.. വേണ്ടാതെ ബുദ്ധിമുട്ടി കഴിക്കേണ്ട.. ” ഞാൻ പ്ലേറ്റ് എടുത്തു മുൻപിൽ നിന്നും മാറ്റി കൊടുത്തു.
“തൻറെ വകയായിരുന്നോ ഇന്നത്തെ പ്രിപ്പറേഷൻ.. ഞാനറിഞ്ഞില്ല.. ഡിപ്പാർട്ട്മെൻറ്ലെ എല്ലാവരും കൂടി ഡിന്നറിന് നിർബന്ധിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല.. സാരമില്ല താൻ ഉണ്ടാക്കിയത് ഞാൻ മുന്നേയും കഴിച്ചിട്ടുണ്ടല്ലോ..അന്ന് ചേച്ചിയെ കാണാൻ വന്നപ്പോൾ പായസം ഉണ്ടാക്കിയത് താനല്ലേ. അന്നേ പറയണമെന്ന് ഓർത്തതാണ് .അതിന് ഒരു ക്ലാസിക്ടേസ്റ്റ് ഉണ്ടായിരുന്നു.. ശർക്കരയും ഏലക്കയും ഒക്കെ ആയതുകൊണ്ട് ആരോഗ്യത്തിനും പ്രശ്നമില്ല.. ഇനിയിപ്പം തന്നോട് മറയില്ലാതെ പറയാമല്ലോ… എനിക്കന്ന് ഒരു ഗ്ലാസ് കൂടി വേണമെന്ന് ഉണ്ടായിരുന്നു. കിച്ചു ഏട്ടൻറെ വില കളയണ്ടെന്നു കരുതി ചോദിക്കാതെ ഇരുന്നതാണ്..”
സിദ്ധുവിൻറെ സംസാരം കേട്ടിരുന്നു സത്യം പറഞ്ഞാൽ ഞാൻ കഴിച്ചു തീർന്നതറിഞ്ഞില്ല. പാത്രം എടുത്തു വച്ച് വെള്ളവും കൊണ്ട് ചെന്നപ്പോഴേക്കും കിടക്ക വിരിച്ചു വച്ചിരിക്കുന്നത് കണ്ടു. ലൈറ്റണച്ച് കിടന്നു കഴിഞ്ഞിട്ടും ഉറക്കം തേടി വന്നില്ല. സിദ്ധു ഉറങ്ങി എന്ന് ഉറപ്പായതും കൈകളിൽ എൻറെ കൈ ചേർത്ത് പിടിച്ചു. അടഞ്ഞു കിടക്കുന്ന സിദ്ധുവിൻറെകണ്ണുകൾ തുറന്ന് വരുന്നത് കണ്ടു. ഒരു നിമിഷം തലവഴി ഷീറ്റ് എടുത്ത് മൂടിയാലോ എന്ന് വരെ തോന്നി.
“ഞാൻ ..ഉറക്കം വരാതെ.. ഇന്നലെ…” എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ പറഞ്ഞൊപ്പിച്ചു.
” അതിനെനിക്ക് പരാതിയൊന്നുമില്ല.. താൻ ഉറങ്ങാൻ നോക്ക്..” കണ്ണടച്ച് ഉറക്കം നടിച്ച് കിടന്ന സിദ്ധുവിൻറെ മുഖത്ത് തെളിഞ്ഞ ചിരി നിലാവെളിച്ചത്തിലും എനിക്ക് വ്യക്തമായി കാണാമായിരുന്നു.
ആഴ്ചകൾ കൊഴിഞ്ഞു പോയതും ഞാനും സിദ്ധുവും തമ്മിൽ പരസ്പര ധാരണ ഏറിവന്നു. ആ മനസ്സിലെ ചിന്തകൾ പറയാതെ തന്നെ കണ്ണുകളിൽ നിന്നും എനിക്ക് വായിക്കാൻ കഴിഞ്ഞു. വേണ്ടെന്നു പറയും എങ്കിലും സിദ്ധുവിൻറെ പല കാര്യങ്ങളും ഞാൻ സ്വയം ഏറ്റെടുത്തു ചെയ്തു തുടങ്ങി. അതിനനുസരിച്ച് എൻറെ ആരോഗ്യ കാര്യങ്ങളിൽ സിദ്ധു പൂർവ്വാധികം കൈ കടത്തി തുടങ്ങി. സ്റ്റാഫ് ഡിസ്കൗണ്ടിൽ നിന്നും കിട്ടുന്ന മസാജ് തെറാപ്പിയും ഫിറ്റ്നസ് ട്രീറ്റ്മെൻറ് ഒക്കെ ഭാര്യ എന്ന പദവിയിൽ സിദ്ധുവിൻറെ ഒപ്പം ഞാനും കൂടി അനുഭവിക്കേണ്ടി വന്നു. ഇതൊക്കെ ചെയ്യേണ്ടി വരുമ്പോൾ ചിലനേരം കൊല്ലാനുള്ള ദേഷ്യം വരും എങ്കിലും എന്തെങ്കിലും അത്ഭുതങ്ങൾ ഒരുക്കി സിദ്ധുവത് ഇഷ്ടത്തിലേക്ക് തന്നെ എത്തിക്കും.
ചില രാത്രികളിൽ ഞാൻ ഉറങ്ങിയത് സിദ്ധുവിൻറെ കൈപിടിച്ച് ആണെങ്കിൽ ചില രാത്രികളിൽ അഭയം തേടിയത് കൈകൾക്കുള്ളിലെ സംരക്ഷണവലയത്തിൽ ആയിരുന്നു. ഉറക്കമുണരുമ്പോൾ ആദ്യമൊക്കെ ജാള്യത തോന്നിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് അവകാശമെന്ന മട്ടിൽ ആ നെഞ്ചിലെ ഹൃദയതാളമേറ്റ് ചേർന്നുറങ്ങാൻ എനിക്ക് പ്രത്യേകിച്ച് ആകുലതകൾ ഒന്നും തോന്നാറില്ല .
“എനിക്ക് ഒരാഴ്ച ദൽഹിയിൽ കോൺഫറൻസ് ഉണ്ട്..നാളെ തന്നെ പോകണം..” ഒരു ദിവസം രാത്രി സിദ്ധുവിൻറെ പെട്ടെന്നുള്ള പറച്ചിൽ കേട്ടതും “പോകണ്ട” എന്ന് ഒറ്റയടിക്ക് പറയാനേ സാധിച്ചുള്ളൂ.
“പോയേ പറ്റൂ…വേണ്ടപ്പെട്ട ഒരു കേസിൻറെ ആവശ്യത്തിനാണ്. എൻറെ ഒരു പ്രൊഫസറും വരുന്നുണ്ട്. അദ്ദേഹത്തിൻറെ അഭിപ്രായം കൂടി വേണം എനിക്ക്…”
“ഇതുവരെയില്ലാത്ത ഒരു അർജൻറ് കേസ് ഇപ്പോൾ എവിടുന്നാ…ഞാനും കൂടി അറിയട്ടെ..” ഒരാഴ്ചത്തേക്ക് പോകുന്ന കാര്യം കേട്ടതും വെറുതെ വാശി പിടിച്ച് വഴക്കുണ്ടാക്കാൻ ആണ് തോന്നിയത്.
“വന്നുവന്ന് എന്തൊക്കെ അറിയണം ദൈവമേ.. ഭാരിച്ച കാര്യങ്ങളൊന്നും എൻറെ കുട്ടി അന്വേഷിക്കേണ്ട ട്ടാ..” അതും പറഞ്ഞു നിസ്സാര മട്ടിൽ ഒഴിഞ്ഞു മാറി സിദ്ധു പാക്കിംഗ് ചെയ്യാൻ തുടങ്ങിയതും വല്ലാതെ ദേഷ്യം തോന്നി . ഒന്നു പോയി സഹായിക്കാൻ പോലും തോന്നിയില്ല. ഒരാഴ്ച എന്നെ തനിയെ വിട്ടിട്ട് പോകുന്നതല്ലേ.. എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നതല്ലേ പണ്ടുമുതലേ ഇഷ്ടം.. ചെയ്യട്ടെ..വേണ്ടിടത്ത് ഒക്കെ പോയിട്ട് വരട്ടെ..തടയാൻ ഞാനാരാ..പിണങ്ങി താഴേക്ക് ഇറങ്ങി പോരുന്ന വഴിക്ക് കൊണ്ടു പോകാൻ വേണ്ടി ബെഡിൽ എടുത്തു വച്ചിരുന്ന ഒന്ന് രണ്ട് മെഡിക്കൽ റിപ്പോർട്ട് മനപ്പൂർവം തട്ടി താഴെയിട്ടു .
“എന്തൊരു കുറുമ്പാ പെണ്ണിന്..തന്നെയൊക്കെ പിള്ളേരെ പഠിപ്പിക്കാൻ കൊണ്ടാക്കിയ എന്നെ വേണം തല്ലാൻ..” സിദ്ധു ഉച്ചത്തിൽ വിളിച്ച് പറയുന്നത് കേട്ടു.
സിദ്ധു പോകുന്നതിൻറെ ആണോ കൂടെ വരുന്നോ എന്ന് ഒരിക്കൽ പോലും ചോദിക്കാത്തതിൻറെ ആണോ എന്നെ പിരിഞ്ഞു നിൽക്കുന്നതിൽ സിദ്ധുവിന് ഒരു തരി പോലും വിഷമമൊന്നുമില്ല എന്ന ചിന്തയാണോ…എൻറെ സങ്കടത്തിൻറെ കാരണം എനിക്ക് തന്നെ അറിയില്ലായിരുന്നു.
ഫ്ലൈറ്റ് ഉച്ചയ്ക്ക് ആയതിനാൽ രാവിലെ എന്നെ കൊണ്ടുവിടാൻ സിദ്ധു തന്നെ വന്നു. മൗനം കൂട്ടുപിടിച്ച യാത്ര ഇടവേള തീർത്തത് ഞങ്ങൾക്കിടയിൽ വീണ്ടും വിരുന്നിനെത്തി എന്ന് തോന്നി.
സ്കൂളിലെത്തി ഇറങ്ങാൻ നേരം കണ്ണുകൾ നിറഞ്ഞു നിന്നു. മുഖത്ത് നോക്കാതെ ഇറങ്ങാനായി ഡോറിൽ കൈവച്ചതും കൈകളിൽ പിടുത്തം വീഴുന്നതറിഞ്ഞു. തിരിഞ്ഞ് നോക്കിയതും ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു നനുത്ത ചുംബനം തന്നു. മൂടിക്കെട്ടിയ സങ്കടങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതെയായതു പോലെ.
“ഒരാഴ്ച്ച പെട്ടെന്ന് പോകും.. പോയേ പറ്റൂ എനിക്ക്..മനസ്സ് വിഷമിപ്പിക്കാതെ തൻറെ കാര്യങ്ങളെല്ലാം മുടക്കാതെ ചെയ്തോളണം.. രാവിലെ കൂട്ടാൻ മനുവിനെ ഏൽപ്പിച്ചിട്ടുണ്ട്..ബാക്കിയെല്ലാം ഞാൻ വേണ്ട നേരത്ത് മുടങ്ങാതെ വിളിച്ച് ഓർമ്മിപ്പിച്ചോളാം…” ചിരിയോടെ സിദ്ധുവിനെ നോക്കി തൊഴുത് പോയി ഞാൻ..ഞാൻ പഠിപ്പിക്കുന്ന കുട്ടികളുടെ അതെ പ്രായമാണ് സിദ്ധുവിൻറെ മനസ്സിൽ എനിക്കെന്ന് തോന്നി. കാർ പോകുന്ന വഴി തന്നെ നോക്കി നിന്നു പോയി ഇത്തിരി നേരം. പതിയെ നെറ്റിയിൽ തൊട്ടു നോക്കിയതും ദൂരെ എങ്ങും പോകാതെ എൻറെ കൂടെ തന്നെ ഉണ്ട് എന്ന് തോന്നി.
ഒരാഴ്ച വലിയൊരു കാലഘട്ടം തന്നെ ആണെന്ന് മനസ്സിലായി. രാവിലത്തെ യാത്രകളിൽ മനുവേട്ടൻറെ വളിഞ്ഞ തമാശകൾ കേൾക്കുമ്പോൾ പണ്ട് പൊട്ടിച്ചിരി ച്ചിരുന്ന എനിക്ക് ഇപ്പോൾ കരയാൻ ആണ് തോന്നാറ്.കുട്ടികൾ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് പോലും ആവശ്യമില്ലാതെ ഞാൻ ദേഷ്യപ്പെടും. വീട്ടിലെത്തിയാൽ കിടക്കാൻ നേരം അല്ലാതെ മുറിയിലേക്ക് പോകാറില്ല.ഉറങ്ങാൻ നേരം ചിലപ്പോൾ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നും.അമ്മയോ ചേച്ചിയോ സ്കൂളോ കുട്ടികളോ ആരും എനിക്ക് പ്രിയപ്പെട്ടവർ അല്ലെന്ന് തോന്നി..എൻറെ ലോകം ഒരാളിലേക്ക് മാത്രമായി ചുരുങ്ങി പോയിരിക്കുന്നു എന്നതായിരുന്നു ഒരാഴ്ചക്കാലം എന്നെ പഠിപ്പിച്ച വലിയ പാഠം.
സിദ്ധുവിൻറെ ഇല്ലായ്മയിൽ വേദനിച്ച ഒരാഴ്ചക്കാലം ഇന്നോടെ അവസാനിക്കും. എന്നെ തേടിയെത്തുന്ന എൻറെ ഭർത്താവിന് പൂർണ്ണമായും സ്വയം സമർപ്പിക്കാൻ ഞാനും കൊതിച്ചു തുടങ്ങിയിരുന്നു.
തുടരും…