നിനക്കായ് ~ ഭാഗം 15 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“കണ്ണേട്ടൻ..”

ചുണ്ടുകൾ ആ പേര് വീണ്ടും വീണ്ടും ഉരുവിട്ടു കൊണ്ടിരിക്കുന്നു. ഒരുപക്ഷേ പതറിപ്പോകുന്ന ചിന്തകളെ ബോധമണ്ഡലത്തിൽ തന്നെ പിടിച്ചു നിർത്താനുള്ള ശരീരത്തിൻറെ ശ്രമം ആയിരിക്കാം.

“നിനക്ക് സുഖമാണോ മാളു?” പതറിയ സ്വരം കേട്ടതും കണ്ണ് നിറഞ്ഞിട്ടുണ്ട് എന്ന് കാണാതെ തന്നെ അറിയാമായിരുന്നു.

” എൻറെ സുഖവിവരം അന്വേഷിക്കാൻ ആണോ എല്ലാം കഴിഞ്ഞ നേരത്ത് കണ്ണേട്ടൻ വീണ്ടും തേടി വന്നത്..”

അടക്കിപ്പിടിച്ചതൊക്കെ പുറത്തുവന്നത് സ്വല്പം കടുത്ത ഭാഷയിൽ തന്നെയായിരുന്നു.

“ഞാൻ അറിയാൻ വൈകിപ്പോയി.. ഇന്നലെയാണ് രണ്ടുദിവസം മുൻപുള്ള പത്രത്തിൻറെ ചരമക്കോളത്തിൽ മുത്തശ്ശിയുടെയും വാസു മാമയുടെയും ചിത്രങ്ങൾ കാണുന്നത്.. വല്ലാത്ത ഒരു ഞെട്ടലായിരുന്നു.. അതിലും വേദന തോന്നിയത് വേണ്ടപ്പെട്ടവരുടെ മരണം പത്രതാളുകളിൽ നിന്നും അറിയേണ്ടി വരുന്ന എൻറെ അവസ്ഥയോട് ആയിരുന്നു..അവസാനമായി ഒരു നോക്ക് കാണാൻ പോലും പറ്റാതെ.. അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനാവാതെ …വല്ലാതെ തളർന്നു പോവുന്നേടോ..”

പദം പറഞ്ഞ് കരയുന്ന കണ്ണേട്ടൻറെ കരച്ചിൽ എന്നിൽ നിർവികാരതയാണ് സൃഷ്ടിച്ചത്. അല്ലെങ്കിൽ ഒന്നുകൂടെ ആഴത്തിൽ വാക്കുകൾ കൊണ്ട് കുത്തി നോവിക്കാൻ ആണ് തോന്നിയത്..

“അപ്പോൾ കണ്ണേട്ടന് വേദനിക്കാൻ അറിയാം.. മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കാൻ വയ്യാത്തതെ ഉള്ളൂ അല്ലേ?..എന്തായാലും അവരെ കാണാൻ കണ്ണേട്ടൻ എത്താഞ്ഞത് നന്നായി.. ആത്മാക്കൾക്ക് എങ്കിലും മോക്ഷം കിട്ടട്ടെ…”

ഒരിക്കൽ പ്രാണനായിരുന്നവനോട് ഇത്ര ദയയില്ലാതെ സംസാരിച്ചിട്ടും എൻറെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീര് പോലും വന്നില്ല എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഞാൻ മറ്റാരോ ആയി മാറിയിരിക്കുന്നതു പോലെ.

“നീയെന്താ ഇങ്ങനെയൊക്കെ പറയണേ?.. അത്രമാത്രം വെറുക്കാൻ നീയെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നതാ മാളു..”

“ഏതാനും നിമിഷങ്ങൾക്ക് മുൻപുവരെ നിങ്ങളെ കുറിച്ച് എനിക്ക് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതില്ല. ഒരു കടലാസ് തുണ്ടിൽ എന്തൊക്കെയോ അക്ഷരങ്ങൾ എഴുതിവച്ച് മാളുവിനെ ഉപേക്ഷിച്ചു പോയപ്പോൾ നിങ്ങൾക്ക് എന്തോ മാരകമായ അസുഖമോ ബുദ്ധിമുട്ടുകളോ വന്നിരിക്കും എന്ന് മാത്രമേ ചിന്തിക്കാൻ കഴിഞ്ഞുള്ളൂ.. നിങ്ങൾക്കായി കാത്തിരിക്കണം എന്നുണ്ടായിരുന്നു.. പക്ഷേ പ്രിയപ്പെട്ടവരുടെ സ്നേഹത്തിനു മുന്നിൽ തോൽവി സമ്മതിച്ചു കീഴടങ്ങി പോയി..

എങ്കിലും ദൈവങ്ങൾക്ക് മുന്നിൽ നിങ്ങളുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചിട്ടേ ഉള്ളൂ. ഒരു അനർത്ഥം ഉണ്ടായി എന്ന് മനസ്സിലായപ്പോൾ പോലും ഞാൻ എൻറെ ഭർത്താവിനോട് ചോദിച്ചത് നിങ്ങൾക്ക് എന്തായിരുന്നു അസുഖം എന്നാണ്..പക്ഷേ ഒരു പോറൽ പോലും ഇല്ലാതെ മിടുക്കനായി നിന്ന് സ്വയം ന്യായീകരിക്കാൻ നിങ്ങൾക്ക് എങ്ങനെ പറ്റുന്നു?.. ഒരിക്കലെങ്കിലും ഹൃദയംകൊണ്ട് നിങ്ങൾ എന്നെ സ്നേഹിച്ചിട്ടുണ്ടോ?..”

“നിർത്ത് മാളു. ..നിൻറെ ഭർത്താവിൻറെ അത്ര മഹാ മനസ്സ് ഒന്നും എനിക്കില്ല സമ്മതിക്കുന്നു.. കുറ്റങ്ങളും കുറവുകളും ഒക്കെ അറിഞ്ഞുകൊണ്ട് ജീവിതം വെച്ചു നീട്ടിയ അവനാണല്ലോ നിൻറെ നായകൻ.. ആയിക്കോട്ടെ.. പക്ഷേ എൻറെ സ്നേഹത്തിന് വിലയിടാൻ മാത്രം നിനക്ക് അവകാശമില്ല..

നീ വിചാരിക്കുന്നതുപോലെ ഞാൻ നിന്നെ വേണമെന്ന് വെച്ച് കൈവിട്ടതല്ല മാളു. സംഭവിച്ചു പോയതാണ്. നിൻറെ കുറവുകൾ ഒന്നും എനിക്ക് ഒരു പ്രശ്നമേയല്ലായിരുന്നു. ഒരു പൂച്ചക്കുഞ്ഞ് പോലും അതൊന്നും അറിയാതെ മുൻകൂട്ടി നിശ്ചയിച്ചപ്രകാരം നിന്നെ സ്വന്തമാക്കാൻ തന്നെയാണ് ശ്രമിച്ചത്. നിന്നെ പോലും അതൊന്നും പറഞ്ഞു ഞാൻ ഒരിക്കലും സങ്കടപ്പെടുത്തിയില്ലല്ലോ?..

പക്ഷേ എൻറെ അമ്മ എന്ന് അവകാശപ്പെടുന്ന ആ ദുഷ്ട സ്ത്രീയുടെ ധാർഷ്ട്യത്തിന് മുന്നിൽ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നുപോയി.. അല്ലാതെ നീ കരുതുന്നതു പോലെ കുറവുകളുണ്ടെന്നറിഞ്ഞ് നിന്നെ വേണ്ടാന്നുവച്ച് പാതയിൽ വിട്ടിട്ടുപോയതല്ല. നിന്നെ അറിഞ്ഞു കൊണ്ട് വേണ്ടെന്നുവയ്ക്കാൻ കണ്ണന് ഒരിക്കലും ആവില്ല..”

“എൻറെ കുറവുകളോ?.. കുറെ സമയമായല്ലോ ഇതുതന്നെ പറയുന്നു..
നിങ്ങളെ ഒരിക്കൽ സ്നേഹിച്ചു പോയതല്ലാതെ എൻറെ അറിവിൽ എനിക്ക് വേറെ കുഴപ്പങ്ങളൊന്നുമില്ല. എങ്കിലും കേൾക്കട്ടെ എന്താണ് നിങ്ങൾക്ക് മാത്രം അറിയാവുന്ന എൻറെ കുറവുകൾ..? പറയ് ഞാനും കൂടി അറിയട്ടെ ..”

എന്നെ നോക്കി നിൽക്കുന്ന കണ്ണേട്ടൻ ഒരു നിമിഷം ഞെട്ടുന്നത് അറിഞ്ഞു.

“അപ്പോൾ നിനക്ക് ഒന്നും അറിയില്ലേ ?സിദ്ധാർത്ഥ് നിന്നോട് ഇതുവരെ ഒന്നും പറഞ്ഞില്ലേ?..” പതർച്ചയോടെയാണ് ചോദ്യം.

ഒരു നിമിഷം ഞാൻ കണ്ണേട്ടന് മുന്നിൽ താഴ്ന്നു പോയതുപോലെ തോന്നി. എങ്കിലും തോറ്റു കൊടുത്തില്ല.

“എൻറെ സിദ്ദു എന്നോട് ഒന്നും ഒളിക്കാറില്ല. കാമുകൻ ഉപേക്ഷിച്ചിട്ടു പോയ ഒരു പെണ്ണിന് ജീവിതം തന്നിട്ടേ ഉള്ളൂ ആ പാവം മനുഷ്യൻ. കണ്ണേട്ടൻ ഇപ്പോൾ പറഞ്ഞതിൻറെ പൊരുൾ എനിക്ക് അറിഞ്ഞേ പറ്റൂ…എന്ത് കുറവാണ് എനിക്കുള്ളത്? അപ്പച്ചിക്ക് എന്തിനാണ് എന്നോട് വിരോധം?.. കണ്ണേട്ടൻറെ വായിൽ നിന്നു തന്നെ എനിക്ക് എല്ലാം അറിഞ്ഞേ പറ്റൂ.. എല്ലാം വ്യക്തമായി തന്നെ കേൾക്കണം. മാളുവിനെ കണ്ണേട്ടന് അറിയാത്തത് അല്ലല്ലോ?..”

“പറയാം.. എല്ലാം വിശദമായി തന്നെ പറയാം…

അന്നൊരു ദിവസം നിനക്ക് വയ്യാഞ്ഞിട്ട് നമ്മൾ ഹോസ്പിറ്റലിൽ പോയത് ഓർമ്മയില്ലേ നിനക്ക്. എന്തൊക്കെയോ ടെസ്റ്റുകൾ നടത്തി ഇൻഫെക്ഷൻ ആണ് എന്ന് പറഞ്ഞ് രാത്രിയിൽ ഡിസ്ചാർജ് ചെയ്തത്.

എൻറെ ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം ആ ഒരു രാത്രിയോടെ കെട്ടു പോയതാണ് മാളു. പിറ്റേദിവസം രാവിലെ സിദ്ധാർത്ഥ്ൻറെ ഫോൺ കോൾ എന്നെ തേടി വന്നു. കോഫി ഹൗസിൽ വെച്ച് കാണാമോ എന്ന് ചോദിച്ചു കൊണ്ട്. പറഞ്ഞ സമയത്ത് തന്നെ ഞാൻ കാണാൻ ചെന്നു .ഒരു ചുമന്ന ഫയലിൽ നിൻറെ കുറെ മെഡിക്കൽ റിപ്പോർട്ടുകളും ആയിട്ടാണ് അയാൾ വന്നത്. എന്തൊക്കെയോ എനിക്ക് വിശദമായി കാണിച്ചു തന്നു. അയാളുടെ സംസാരത്തിൽ നിന്നും ഗൗരവം ഉള്ളത് എന്തോ ആണെന്ന് കണ്ടതും വെപ്രാളത്തൽ ഒന്നും എൻറെ തലയിൽ കയറുന്നുണ്ടായിരുന്നില്ല. ഒടുവിൽ മനസ്സിലാകുന്ന ഭാഷയിൽ തെളിച്ച് പറയാൻ ആവശ്യപ്പെട്ടു.

അയാൾ പറഞ്ഞുവന്നതിൻറെ ഉള്ളടക്കം നിനക്കൊരിക്കലും ഒരു അമ്മയാകാൻ സാധിക്കില്ല എന്നതായിരുന്നു. നിൻറെ ഗർഭപാത്രത്തിന് ഒരു കുഞ്ഞിനെ ഉൾക്കൊള്ളാനുള്ള ശേഷി ഇല്ല. ചിലപ്പോൾ വ്യക്തമായ ചികിത്സകളിലൂടെ ഗർഭം ധരിക്കാം. ഒരു വർഷം രണ്ടുവർഷം അഞ്ചുവർഷം 10 വർഷം അങ്ങനെ കാത്തിരിപ്പ് നീളും. ഗർഭം ധരിച്ചാലും ആരോഗ്യത്തോടെ കുഞ്ഞു ജനിക്കുന്നതിന് 15 ശതമാനത്തിൽ കൂടുതൽ സാധ്യത ഇല്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കലും പ്രാർത്ഥനയും പ്രതീക്ഷയും കൈവിടരുത് എന്നും ഇക്കാലത്ത് എന്തൊക്കെയോ ചികിത്സാരീതികൾ ഉണ്ടെന്നും ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിക്കാമെന്നും എത്രയും പെട്ടെന്ന് തന്നെ ചികിത്സിച്ച് തുടങ്ങണം എന്നൊക്കെ ആശ്വസിപ്പിക്കുന്ന തരത്തിൽ സംസാരം നീണ്ടു പോയി .

അയാൾ പറഞ്ഞു കേട്ടപ്പോൾ സങ്കടം വന്നു എന്നുള്ളത് സത്യമാണ്. നമ്മുടെ കുഞ്ഞുങ്ങൾ ഈ മുറ്റത്ത് ഓടിക്കളിക്കുന്നത് എത്രയോ രാത്രികളിൽ സ്വപ്നം കണ്ടതാണ്. പക്ഷേ അതേസമയം നിൻറെ ആയുസ്സിന് കുഴപ്പമൊന്നുമില്ല എന്ന് ആശ്വസിക്കുകയായിരുന്നു സത്യത്തിൽ ഞാൻ. ഇക്കാര്യം കല്യാണം കഴിയുന്നതുവരെ ആരോടും പറയേണ്ട എന്നും ആവുന്നത്ര പെട്ടെന്ന് ചികിത്സ തുടങ്ങാം എന്ന് സമ്മതിച്ചു കൊണ്ടാണ് ഞങ്ങൾ അന്ന് പിരിഞ്ഞത്.

അന്ന് രാത്രി സംസാരത്തിൽ എപ്പോഴോ നീയൊരു കുട്ടി മാളുവിനെ വേണമെന്ന് പറഞ്ഞപ്പോൾ നിൻറെ മുന്നിൽ സങ്കടപ്പെടാതെ ഉള്ളുകൊണ്ട് പൊട്ടിക്കരഞ്ഞു പിടിച്ച് നിന്നവനാണ് ഞാൻ. കല്യാണ ദിവസം രാവിലെ ദേവിയുടെ നടയിൽ നിന്നു സന്തോഷിച്ചുകൊണ്ട് പ്രാർത്ഥിക്കുന്ന നിനക്ക് എല്ലാം അറിയുമ്പോൾ താങ്ങാനുള്ള ശേഷി കൊടുക്കണേ ദേവി എന്ന് കരഞ്ഞു പ്രാർത്ഥിച്ചിട്ട് മാത്രമേ ഉള്ളൂ.നിന്നെ വിട്ടിട്ട് പോകണം എങ്കിൽ എനിക്ക് ഈ വിവരം കേട്ട നിമിഷം ആകാമായിരുന്നു. കല്യാണ ദിവസം വരെ കാത്തു നിന്നു കല്യാണ ചെക്കൻറെ വേഷം കെട്ടി വെറുതെ കോമാളി ആകേണ്ടായിരുന്നു.

അന്നേദിവസം എവിടെയാണ് പിഴച്ചത് എന്നറിയില്ല.. എടത്തിയമ്മ വഴി ആയിരിക്കാം അമ്മയറിഞ്ഞത് എന്നാണ് എൻറെ ബലമായ വിശ്വാസം. കല്യാണ ദിവസം രാവിലെ എൻറെ ഒരുക്കങ്ങൾ നോക്കിക്കണ്ടു സന്തോഷത്തോടെ നിന്നെ അനുഗ്രഹിക്കാൻ വേണ്ടി തറവാട്ടിലേക്ക് പോയ അമ്മയല്ല തിരിച്ചെത്തിയത്.

ഞാൻ എല്ലാം അറിഞ്ഞിട്ടും ഒളിച്ചു വെച്ച് അമ്മയെ വഞ്ചിച്ചു എന്നായിരുന്നു ആരോപണം.രണ്ടു മക്കളുടെ ഭാര്യമാർക്കും വീടിൻറെ സന്തതി പരമ്പര നിലനിർത്താൻ ആവില്ല എന്ന് അമ്മ വല്ലാതെ ഭയപ്പെട്ടു.അമ്മാവനോട് നിൻറെ കുറവുകൾ തുറന്നു പറഞ്ഞു വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആയിരുന്നു ആവശ്യം. പറ്റില്ലെന്ന് പറഞ്ഞതും പണ്ടെന്നോ സത്യമിട്ടു കൊടുത്തത് പറഞ്ഞായി കരച്ചിൽ. നിൻറെ ഭാഗത്തുനിന്ന് എന്തൊക്കെ ന്യായവാദങ്ങൾ ഞാൻ പറഞ്ഞിട്ടും അമ്മയ്ക്ക് അങ്ങോട്ട് പറയുന്നത് മനസ്സിലാക്കാൻ പറ്റുന്നില്ല. അച്ഛനും അപ്പുവേട്ടനും എൻറെ പക്ഷം പിടിച്ചു നോക്കി. അതിനനുസരിച്ച് അമ്മയുടെ കരച്ചിലും ബഹളവും കൂടി വന്നതേയുള്ളൂ.

ഒടുവിൽ അടുക്കളയിലേക്ക് ഓടി മണ്ണെണ്ണ ക്യാൻ കയ്യില്പിടിച്ച് ആത്മഹത്യ ഭീഷണിയുമായി വന്നപ്പോൾ വേറെ തരമില്ലെന്ന് മനസ്സിലായി. കൂട്ടുനിന്ന അച്ഛനും അപ്പു ഏട്ടനും എൻറെ പക്ഷത്തുനിന്നും പിന്മാറി. തൽക്കാലം വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു കുറച്ചു കാലം എങ്ങോട്ടെങ്കിലും മാറി നിൽക്കാൻ തീരുമാനിച്ചു. തണുത്ത ബുദ്ധിയോടെ ആലോചിക്കുമ്പോൾ ..നിൻറെ കണ്ണീര് കാണുമ്പോൾ.. പതിയെ അമ്മ എൻറെ ഭാഗം ചിന്തിക്കും .തെറ്റ് മനസ്സിലാക്കി എന്നെങ്കിലും നിന്നെ അംഗീകരിക്കും. അപ്പോൾ തിരിച്ചുവരാം എന്ന് കരുതി.. അതിനിടയിൽ പക്ഷേ സിദ്ധാർഥ് കയറി വരും എന്നോ നീ ഞാനല്ലാതെ വേറെ ഒരാളുമായി വിവാഹത്തിനു സമ്മതിക്കും എന്നൊന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല…”

കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി ഭൂമി രണ്ടായി പിളരുന്നത് പോലെ തോന്നി. രണ്ടു കൈകൊണ്ടും ഞാനെൻറെ വയറിനെ പൊതിഞ്ഞു പിടിച്ചു. അതിനുള്ളിലൊരു ജീവൻറെ തുടിപ്പ് ഒരു കാലത്തും ഉണ്ടാകില്ല എന്നറിഞ്ഞതും കണ്ണേട്ടൻ എന്നെ ജയിക്കാൻ വേണ്ടി എന്തോ പുലമ്പുകയാണ് എന്നാണ് തോന്നിയത്. കുഞ്ഞുനാൾ മുതൽ കളികൾക്കിടയിൽ എന്നെ പറ്റിക്കാൻ നട്ടാൽ കുരുക്കാത്ത നുണക്കഥകൾ പറയുന്നത് ഒരു ശീലമാണ്. ഇതും അങ്ങനെയൊന്ന് മാത്രം ആകട്ടെ എന്ന് തീവ്രമായി മനസ്സ് ആഗ്രഹിക്കുന്നു.

“ഇനിയെങ്കിലും പറ.. ഞാൻ നിന്നോട് തെറ്റുകാരൻ ആണോ?.. നിന്നെ ഞാൻ വഞ്ചിച്ചു എന്ന് നിനക്ക് തോന്നുന്നുണ്ടോ?..”എന്നെ ശക്തിയായി പിടിച്ചുകുലുക്കി കൊണ്ടാണ് ചോദ്യം. ആ കണ്ണിലെ കനലുകൾ എനിക്ക് ഇരുട്ടിലും കാണാമായിരുന്നു.

“എൻറെ കുറവുകൾ തന്നെയാണ് പ്രശ്നം കണ്ണേട്ടാ. ‘അമ്മയല്ല.. അമ്മാവനല്ല ഈ ലോകം മുഴുവൻ എതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും മാളു’ എന്ന് ദേവിയുടെ നടയിൽ വച്ച് എനിക്ക് ധൈര്യപൂർവ്വം വാക്ക് തന്ന ഒരു കണ്ണേട്ടൻ ഉണ്ടായിരുന്നു. അന്ന് പക്ഷേ മാളുവിന് കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നത്തെ കണ്ണേട്ടൻറെ ധൈര്യക്കുറവിൻറെ കാരണം എന്നിലെ കുറവുകൾ തന്നെയാണ്.. കുഞ്ഞിനെ തരാൻ കഴിയാതിരിക്കുന്നത് വലിയ ഒരു കുറവ് തന്നെയാണ് കണ്ണേട്ടൻറെ മനസ്സിൽ.കണ്ണേട്ടൻ എന്നെ ഒരിക്കലും ആത്മാവുകൊണ്ട് സ്നേഹിച്ചിട്ടില്ല.. എന്നെ സ്നേഹിച്ചിരുന്നു എന്ന കപട വിശ്വാസം കളഞ്ഞു ഇനിയെങ്കിലും കുറ്റവും കുറവും ഇല്ലാത്ത നല്ലൊരു പങ്കാളിയെ കണ്ടെത്തി ജീവിക്കാൻ നോക്ക്..”

കണ്ണേട്ടനോട് ഒട്ടും സ്നേഹം കാണിക്കാതെ അത്രയും പറഞ്ഞു കഴിഞ്ഞതും പിടിച്ചു നിർത്തിയ കരുത്ത് ചോർന്ന് കണ്ണീർ ഭൂമിയിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. എൻറെ കണ്ണുനീരിന് പോലും ആ മനുഷ്യൻ അവകാശി അല്ല എന്ന് തോന്നിപ്പിക്കാൻ വേണ്ടിയാകും അയാളിൽ നിന്നും പുറം തിരിഞ്ഞു ഓടി തുടങ്ങിയിരുന്നു.

കണ്ണുനീർ കാഴ്ച്ചയെ മറച്ചിരുന്നു. ഉയർന്നുതാഴുന്ന ഇഴജന്തുക്കൾ ഉള്ള വഴിയും കൂരിരുട്ടും ഒന്നും ഞാൻ അറിയുന്നില്ല. ഓടിയോടി വേച്ച് വീണത് ഒരു ചുമലിലേക്ക് ആണ്. എന്നെ പൂണ്ടടക്കം പിടിച്ചു തലയിൽ തഴുകി തരുന്നു. അമ്മയുടെ ദ്ദേഹത്തിൻറെ ചൂട് തിരിച്ചറിയാൻ ആകുന്നുണ്ട്.

“കണ്ണനെ കണ്ടു അല്ലേ?.. കുറ്റങ്ങളും കുറവുകളും എല്ലാം മോള് അറിഞ്ഞു അല്ലേ?..” അമ്മയുടെ ചോദ്യങ്ങൾ കേട്ടതും അതിശയത്തോടെ മുഖത്തേക്ക് നോക്കി. എല്ലാം മുൻകൂട്ടി അറിയാമായിരുന്നു എന്ന നിസ്സംഗഭാവം.

അപ്പച്ചിയെ പോലെതന്നെ മകൻറെ ഭാവിയെക്കുറിച്ച് പ്രതീക്ഷകളുള്ള ഒരു അമ്മയാണെന്ന് അവരെന്ന് ഓർത്തതും എൻറെ കണ്ണുനീരിൻറെ ശക്തി കൂടി വന്നു.

“സങ്കടപ്പെടേണ്ട മാളു.. അമ്മയാകുക എന്നത് മാത്രമല്ല നിന്നിലെ സ്ത്രീയുടെ പൂർണത എന്നറിയുകയാണ് ആദ്യം വേണ്ടത്. നീ നല്ലൊരു മകളാണ്, മരുമകളാണ്, ഭാര്യയാണ്, സഹോദരിയാണ്., അധ്യാപികയാണ്… അങ്ങനെ പലതരത്തിൽ വിജയിച്ചവൾ ആണ്.. വിധി എന്നതിനെ തടുക്കാൻ നമ്മൾ അശക്തരാണ് മോളെ.

ഒരു തരത്തിൽ ഞങ്ങളെല്ലാം നിന്നോട് കുറ്റക്കാരാണ് .എൻറെ മകൻ കാരണമാണ് നീ ആഗ്രഹിച്ച ജീവിതം നിനക്ക് കിട്ടാതെ പോയത്. അവൻ അറിഞ്ഞ കാര്യം കണ്ണനോട് മറച്ചു വെച്ചിരുന്നെങ്കിൽ.. വിവാഹ ശേഷം മാത്രം തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ.. കണ്ണനെ നിനക്ക് നഷ്ടപ്പെടില്ലായിരുന്നു.

അന്ന് ഹോസ്പിറ്റലിൽ വെച്ച് നിന്നെ പരിശോധിച്ച രാത്രി തന്നെ എന്നോട് അവൻ എല്ലാം തുറന്നു പറഞ്ഞിരുന്നു. നാളെ കണ്ണനോട് ഇതെല്ലാം പറയാൻ പോവുകയാണെന്ന് കേട്ടതും ഞാൻ അവനെ തടഞ്ഞതും ആണ്. ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചുള്ള കളി അല്ലേ എന്ന എൻറെ ചോദ്യത്തിന് ഒരു ചിരിയായിരുന്നു അവൻറെ മറുപടി.
“അമ്മയ്ക്ക് എന്തറിയാം ഞങ്ങളുടെ ജനറേഷനെ കുറിച്ച്.. സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്നവരാണ് ഞങ്ങൾ. കണ്ണന് ആ കുട്ടിയോട് കുട്ടിക്കാലം തൊട്ടുള്ള സ്നേഹമാണ്. ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ ഒരു പുരുഷനും കൈവിടില്ല .ഇതൊന്നും കേട്ടാൽ അവന് ഒരു പ്രശ്നം ആയിട്ട് പോലും തോന്നാൻ പോകുന്നില്ല എന്ന് എനിക്ക് ഉറപ്പാണ്.. എത്രയും പെട്ടെന്ന് ട്രീറ്റ്മെൻറ് കൊടുത്താൽ ചിലപ്പോൾ രക്ഷപ്പെട്ട് പോകുന്ന കേസ് ആണെങ്കിലോ? ഒരു ഡോക്ടർ എന്ന നിലക്ക് എനിക്ക് ഇത് പറഞ്ഞേ പറ്റൂ..”

അവൻറെ ആത്മവിശ്വാസം കണ്ടതും ഞാൻ പിന്നെ മറിച്ച് ഒന്നും പറഞ്ഞില്ല. പിറ്റേദിവസം കണ്ണനെ കണ്ടു കഴിഞ്ഞശേഷം സന്തോഷത്തോടെ തന്നെ എൻറെ പഴഞ്ചൻ ചിന്തകൾക്ക് അവൻ എന്നെ കളിയാക്കി ചിരിക്കുകയും ചെയ്തതാണ്.
പക്ഷേ കല്യാണപന്തലിൽ കണ്ണൻ വരാതിരുന്നപ്പോൾ എൻറെ മോൻ കുറ്റബോധം കൊണ്ട് നിന്ന് ഉരുകുന്നത് കണ്ടതാണ് ഞാൻ. നിൻറെ കരച്ചിലിന് മുന്നിൽ അവൻറെ തല കുനിയുന്നത് കണ്ടിട്ടാണ് ഞാൻ ഈ വിവാഹത്തിനു സമ്മതിച്ചത്.

എൻറെ മകൻ ആയിട്ട് തകർത്ത നിൻറെ ജീവിതവും സ്വപ്നങ്ങളും തിരിച്ചു തരാനുള്ള ശ്രമത്തിലാണ് അവൻ. നിൻറെ കുറവുകൾ അറിയിക്കാതെ തന്നെ നിനക്ക് ഒരു കുഞ്ഞിനെ തരാനുള്ള ഓട്ടത്തിലായിരുന്നു അവൻ. രോഗിയുടെ അനുവാദമില്ലാതെ ചികിത്സിക്കുന്നത് കുറ്റകരമാണെന്ന് അറിയാം. എങ്കിലും അവൻറെ മനസ്സിലെ നന്മ മാത്രമേ മോള് കാണാവൂ.. അന്ന് ഡൽഹിയിൽ പോയത് പോലും മോളുടെ കാര്യം അന്വേഷിക്കാൻ ആണ്. ആവുന്നത്ര പെട്ടെന്ന് നിനക്ക് ഒരു കുഞ്ഞിനെ തന്നു നീ ആഗ്രഹിക്കുന്ന പോലത്തെ ജീവിതം നൽകാൻ അവനാകും..

ആശിച്ച ജീവിതം നിനക്ക് നഷ്ടപ്പെടുത്തിയതിന് അവനെ ശപിക്കരുത് എന്ന അപേക്ഷയെ ഉള്ളു മോളോട്. ആവശ്യത്തിലേറെ കുറ്റബോധം അവനിൽ ഇപ്പോൾ തന്നെയുണ്ട്. കണ്ണനെ കണ്ടതായും ..ഇതൊന്നും അറിഞ്ഞതായി പോലും അവൻറെ മുന്നിൽ ഭാവിക്കരുത്….”

അമ്മയുടെ സംസാരം എന്നിൽ അഗാധമായ ദുഃഖം തീർത്തിരുന്നു. സിദ്ധുവിൻറെ എന്നോടുള്ള ആത്മാർത്ഥ സ്നേഹമായിരുന്നു കണ്ണേട്ടന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ആർജ്ജവം തന്നത്.. ദൈവം തന്ന എൻറെ കുറവുകൾ കേട്ടിട്ടും അവയോട്ട് പോരാടാനുള്ള എൻറെ ശക്തിയായി തോന്നിയത്.

പക്ഷേ താൻ കാരണം ജീവിതം നഷ്ടപ്പെട്ടുപോയ.. ഒരിക്കലും അമ്മയാകാൻ കഴിയാത്ത.. അവിചാരിതമായി തൻറെ മുന്നിലെത്തിയ ഒരു രോഗിയോടുള്ള സഹതാപം മാത്രമായി സിദ്ധുവിൻറെ സ്നേഹം ചുരുങ്ങി പോയത് എന്നെ വല്ലാതെ തളർത്തുന്നു.

ഞങ്ങളുടെ സംസാരത്തിന് തടസ്സം സൃഷ്ടിച്ചു കൊണ്ട് അകലെ നിന്നും സിദ്ധുവിൻറെ കാർ വരുന്നത് കണ്ടു.

കാറിൻറെ മുൻവശത്തെ ഹെഡ് ലാമ്പുകളുടെ വെളിച്ചം ഇരുട്ടിനെ ഭേദിച്ച് കൊണ്ട് കണ്ണുകളിൽ തുളച്ചു കയറുന്നു. തീക്ഷ്ണ വെളിച്ചം താങ്ങാനാവാതെ എൻറെ കണ്ണുകളിൽ ഇരുട്ട് നിറയുന്നു.

തുടരും…