അവര്‍ കൂസലില്ലാതേ നടക്കുന്നു. പാറിപറന്ന മുടിയും വാരിവലിച്ചുടുത്ത സാരിയുമായി പോലീസ് വണ്ടിയുടെ നേര്‍ക്ക്…

കാത്തിരിപ്പ് – എഴുത്ത്: ദീപ്തി പ്രവീൺ

പതിവ് നടത്തം കഴിഞ്ഞു വരുമ്പോഴാണ് വീണേച്ചിയുടെ വീടിന് മുന്നില്‍ ഒരു ആള്‍ക്കൂട്ടം കണ്ടത്…

എന്നും നടത്തത്തിന് ഇടയിലെ സ്ഥിരം കാഴ്ചയാണ് വീണേച്ചിയുടെയും ഭര്‍ത്താവ് ജയേട്ടന്റെയും ചിരിക്കുന്ന മുഖങ്ങള്‍…ആളുകള്‍ കൂട്ടത്തോടെ അങ്ങോട്ടു നീങ്ങുന്നതു കണ്ടപ്പോള്‍ അങ്ങോട്ടു ചെന്നു…ആറേഴ് ദിവസമായി അവരെ കാണാനില്ലായിരുന്നു. ഇടയ്ക്കിടെ ഇങ്ങനെ കാണാതെ ഇരുന്ന ശേഷം വിശേഷങ്ങള്‍ പറയുമ്പോള്‍ വീട്ടിലേക്ക് പോയതോ എവിടെയെങ്കിലും യാത്രപോയ കാര്യങ്ങളൊക്കെ പറയാറുണ്ട്. അതുപോലെ എവിടെയോ പോയതാകുമെന്നു കരുതിയിരുന്നു. ഇപ്പോള്‍ എന്തായിരിക്കും സംഭവം..

”ഭര്‍ത്താവിനെ കൊന്ന ശേഷം ഇത്ര ദിവസം ആ ശവത്തിന് കാവലിരിക്കുകയായിരുന്നു മൂധേവി…”

”ഇവള്‍ മാത്രമായിരിക്കില്ല. ഏതെങ്കിലും കാമുകനും കാണുമായിരിക്കും. ഇനി അവനെ കണ്ടുപിടിക്കണം…”

“കുട്ടികള്‍ ഉണ്ടാകാത്തത് കൊണ്ട് കൊന്നതായിരിക്കും. എത്ര സുഖസൗകര്യത്തില്‍ ജീവിച്ചാലും ചില സ്ത്രീകള്‍ക്ക് കണ്ടവന്റെ തോളേല്‍ കയറി ഇല്ലെങ്കില്‍ പറ്റില്ല…”

അഭിപ്രായങ്ങള്‍ പലവിധത്തില്‍ ചുറ്റും അലയടിച്ചപ്പോള്‍ വിശ്വസിക്കാനാവാതെ കാലുകള്‍ക്ക് വേഗത കൂടി…കൂടി നില്‍ക്കുന്ന ആളുകളെ വകഞ്ഞു മാറ്റി, അവിടെയാകെ വല്ലാത്ത ദുര്‍ഗന്ധം തങ്ങി നിന്നിരുന്നു…ആളുകളൊക്കെ മൂക്ക് പൊത്തി പിടിച്ചു കൊണ്ട് മുറ്റത്തു നിന്നു. പോക്കറ്റില്‍ കരുതിയിരുന്ന കര്‍ച്ചീഫ് കൊണ്ട് മുഖം മറച്ചു കൊണ്ട് ഹാളിലൂടെ ബെഡ്റൂമിന്‍റെ വാതിലെത്തിയപ്പോള്‍ പുറത്തു ഒരു വാഹനം വന്നു നില്‍ക്കുന്ന ശബ്ദത്തോടൊപ്പം ബൂട്ടിന്റെ ശബ്ദവും കേട്ടു…പോലീസ് വന്നു ആരോ അടക്കം പറയുന്നു…

മുറിയിലേക്ക് നോക്കുമ്പോഴേക്ക് പോലീസ് അങ്ങോട്ടു ഇരച്ചു കയറി. അവിടെ ബെഡില്‍ ജയേട്ടന്‍…ഒന്നേ നോക്കിയുള്ളു…ഭിത്തിയില്‍ ചാരി ഇരിക്കുന്നുണ്ട് വീണേച്ചി.

പോലീസ് നടപടി ക്രമങ്ങള്‍ തുടങ്ങി…പതിയെ ആ ഗേറ്റില്‍ ചാരി നില്‍ക്കുമ്പോഴും ജയേട്ടന്റെ മരണം എന്നെ വല്ലാതെ കുഴച്ചു. വീണേച്ചി എന്തിനായിരിക്കും അങ്ങനെ ചെയ്തത്. അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമോ…ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു വന്നു.

അവരെ ആദ്യമായി കണ്ടത് എന്നായിരിന്നു. ഏകദേശം നാല് വര്‍ഷത്തെ പരിചയമുണ്ട്. ദിവസേന നടക്കാന്‍ പോകുമ്പോഴുള്ള ഒരു പ്രഭാതത്തിലായിരുന്നു ആദ്യമായി കണ്ടത്. ആ പരിചയം പിന്നീട് എവിടെ കണ്ടാലും ഒരു പുഞ്ചിരി സമ്മാനിക്കുന്നിടത്തേക്ക് വളര്‍ന്നിരുന്നു. നല്ല അടുപ്പം തോന്നിയിരുന്നെങ്കിലും ചെറിയ അകലം ഇട്ടിരുന്നു എന്നതാണ് സത്യം.

ജയേട്ടന്‍ ബാങ്കിലും ചേച്ചീ ടീച്ചറായും ജോലി ചെയ്യുകയായിരുന്നു…രണ്ടുവര്‍ഷമായി അവര്‍ ജോലി മതിയാക്കി വീട്ടിലിരിക്കുകയാണ്. ഞാന്‍ കണ്ടതിലേക്കും ഏറ്റവും നല്ല ദമ്പതികള്‍ ആയിരുന്നു അവര്‍. പരസ്പരം അത്രത്തോളം ഇഷ്ടപെട്ടിരുന്ന അവര്‍ക്ക് എങ്ങനെ കൊല്ലാനും കൊല്ലപെടാനും സാധിക്കും.

ഒരിക്കല്‍ കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനെ പറ്റി സംസാരിക്കാന്‍ ഇടയായി. ഹോസ്പിറ്റലില്‍ പോയിരുന്നോ എന്ന ചോദിച്ചപ്പോള്‍, ഞങ്ങളില്‍ ആര്‍ക്കെങ്കിലും കുഴപ്പമുണ്ടോന്ന് അറിയില്ല. ഇനി അഥവാ ഉണ്ടായാലും മനസ്സില്‍ പോലും അതൊരു കുറവായി ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും തോന്നേണ്ടെന്നു കരുതി പരസ്പരം തീരുമാനിച്ചുറപ്പിച്ചതാണ് ഹോസ്പിറ്റലില്‍ പോകേണ്ടെന്ന്…ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞതെങ്കിലും അതിനു പിന്നില്‍ അവരുടെ കണ്ണീരിന്റെ നനവ് ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും പിണങ്ങി കണ്ടിട്ടില്ല…അങ്ങനെയുള്ള അവര്‍ക്ക് ഇടയില്‍ എന്തായിരിക്കും സംഭവിച്ചത്…ചിന്തകള്‍ പടര്‍ന്നു കയറികൊണ്ടിരുന്നു…

ബോഡി കൊണ്ടു പോകാന്‍ ആംബുലന്‍സ് വന്നു. വനിതാ പോലീസിന്റെ അകമ്പടിയോടെ വീണേച്ചിയെ കൊണ്ടുവന്നു. അവര്‍ ചുറ്റുപാടുകള്‍ ഒന്നും ശ്രദ്ധിക്കാതെ താഴേക്ക് നോക്കിയാണ് നടക്കുന്നത്. ചുറ്റും ഉള്ളവര്‍ മൂക്കു പൊത്തി പിടിക്കുമ്പോഴും അവര്‍ കൂസലില്ലാതേ നടക്കുന്നു. പാറിപറന്ന മുടിയും വാരിവലിച്ചുടുത്ത സാരിയുമായി പോലീസ് വണ്ടിയുടെ നേര്‍ക്ക് നടന്നു. ഞാന്‍ കണ്ടിരുന്ന വീണേച്ചി നല്ല സുന്ദരി ആയിരുന്നു. ഇത് അവരുടെ പ്രേതം പോലെ തോന്നിച്ചു.

അവളുടെ അഭിനയം നോക്കു…ഭര്‍ത്താവിനെ കൊന്നു സുഖമായി ജീവിക്കാന്‍ കുറേയെണ്ണം നടക്കുന്നുണ്ട്…കൊല്ലണം ഇവളെയൊക്കെ…ഇതൊന്നും കേട്ടഭാവം കൂടി നടിക്കാതെ അവര്‍ വണ്ടിയില്‍ കയറി ഇരുന്നു.

പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല. തിരിഞ്ഞു നടക്കുമ്പോഴും എല്ലാം വീണേച്ചിയുടെ അഭിനയമായിരുന്നോ എന്ന സംശയം എന്നില്‍ അവശേഷിച്ചിരുന്നു. ജയേട്ടന്റെ ബോഡി അവരുടെ വീട്ടുകാര്‍ കൊണ്ടുപോയെന്ന് പിന്നീട് അറിഞ്ഞു. ആ വീടും വീട്ടുകാരെയും മറവിയിലേക്ക് തള്ളിയിടാന്‍ രാവിലത്തെ നടത്തം വേറേ വഴിയിലേക്ക് മാറ്റി. പക്ഷേ ഇടയ്ക്കിടെ ഓര്‍മ്മകളില്‍ അവരുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നിരുന്നു.

ഒരുപാട് നാള്‍ക്കു ശേഷം കോഴ്സിന്റെ ഭാഗമായി മെന്‍റല്‍ ഹോസ്പിറ്റലിലും ജയിലിലും മറ്റും പോകേണ്ടി വന്നു. മാറുന്ന മനുഷ്യന്റെ ചിന്തകളെ പറ്റി ഫീച്ചര്‍ തയാറാക്കണം. മെന്‍റല്‍ ഹോസ്പിറ്റലിലെ വിശാലമായ മുറ്റത്തു കൂടി വരാന്തയിലേക്ക് കയറുമ്പോഴാണ് മറവിയിലേക്ക് തട്ടിയെറിഞ്ഞ ആ മുഖത്തിന്റെ പകര്‍പ്പ് അവിടെ കാണാനിടയായത്‌. വീണേച്ചീ…അറിയാതെ ശബ്ദം പുറത്തേക്ക് വന്നു.

“അവരെ അറിയോ…?” കൂടെ വന്ന അറ്റന്‍ററാണ്…

“ഇവരെന്താ ഇവിടെ…?”

പാല്‍ പോലെവെളുത്ത നിറമുണ്ടായിരുന്ന വീണേച്ചി ആകെ ഇരുണ്ടു പോയിരുന്നു. നീളമുള്ള മുടി ആരോ തോളൊപ്പം വെച്ചു വെട്ടി കളഞ്ഞിരിക്കുന്നു.

“ഇവിടെ വന്നിട്ടു കുറച്ചു നാളായി. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ ഇവര് ഇങ്ങനെയാണ്. വേറേ എവിടൊക്കെയോ ചികിത്സ നടത്തി ഒടുവില്‍ ഇവിടെ കൊണ്ടുവന്നതാണ്‌…അറ്റാക്ക് വന്നു ഭര്‍ത്താവ് മരിച്ചു പോയി. അവര്‍ ആ ശവത്തോടൊപ്പം ആറേഴ് ദിവസം ആ വീട്ടില്‍ ഇരുന്നു. ഒടുവില്‍ ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെ നാട്ടുകാര്‍ വീടു തല്ലിപൊളിച്ചു തുറന്നു നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഇവര്‍ കൊന്നതാണെന്നും പറഞ്ഞു അന്നു കുറേ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരും ഇവരെ ഒഴിവാക്കി. ഇപ്പോഴും ഭര്‍ത്താവ് വീട്ടില്‍ ഉറങ്ങുകയാണ്‌. കൂട്ടി കൊണ്ടു പോകാന്‍ വരുമെന്നും പറഞ്ഞു കാത്തിരിക്കുകയാണ്…” സഹതാപത്തോടെ അയാള്‍ പറഞ്ഞു.

“നന്ദു…നന്ദു ജയേട്ടന്‍ എവിടെ…?” എന്നെ കണ്ടതും ഓടി വന്നു കൈയ്യേല്‍ ചേര്‍ത്തു പിടിച്ചു. എന്നെ തിരിച്ചറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി…

“വീണേച്ചി…ജയേട്ടന്‍…”

“സാറ് പേടിക്കേണ്ട…അവര്‍ എല്ലാവരെയും അങ്ങനെയാ വിളിക്കുന്നത്. ഏതോ നന്ദു ജയേട്ടനൊപ്പം വരുമെന്നും പറഞ്ഞു ദിവസവും രാവിലെ ഈ പടിക്കല്‍ വന്നിരിക്കും. സന്ധ്യയാകുമ്പോള്‍ കരഞ്ഞു കൊണ്ടു പോകും…പിറ്റേന്നും വരും…സാറ് ഇങ്ങു പോര…”

ആകാംക്ഷയോടെ എന്നെ നോക്കി കൊണ്ടു നിന്ന വീണേച്ചിയുടെ കൈകള്‍ വിടുവിച്ച ശേഷം അയാളോടൊപ്പം നടക്കുമ്പോള്‍ കുറ്റബോധത്താല്‍ കണ്ണുകള്‍ നിറഞ്ഞു. ഇതുവരെ അവരെ പറ്റി അന്വേഷിക്കാന്‍ തോന്നാതെ ഇരുന്നത് ഓര്‍ത്ത് നെഞ്ചു വിങ്ങി. ഡോക്ടറെ കണ്ടു വീണേച്ചിയെ പറ്റി സംസാരിക്കണമെന്ന് ഉറപ്പിച്ചു കൊണ്ട് അറ്റന്‍ററിനോട് യാത്ര പറഞ്ഞു ഡോക്ടറെ തിരഞ്ഞു നടന്നു…

മനസ്സില്‍ കഴിഞ്ഞ ഓരോ സംഭവങ്ങളും തെളിഞ്ഞു…വീണേച്ചിയും ജയേട്ടനും അവരുടെ വീടും…വീണേച്ചി സുബോധത്തിലോട്ട് വന്നാല്‍ എന്തായിരിക്കും അവസ്ഥ…യാഥാര്‍ത്ഥ്യം മനസ്സിലാക്കി ജീവിക്കാന്‍ അവര്‍ക്ക് കഴിയുമോ…എന്റെ മനസ്സ് രണ്ടായി തിരിഞ്ഞു…ഒരുപക്ഷേ ജയേട്ടന്‍റെ മരണം താങ്ങാനാവാതെ അവര്‍ എന്തെങ്കിലും കടുംകൈ ചെയ്താലോ…അടുത്തൂ കണ്ട മരത്തിന്റെ ചുവട്ടിലെ സിമന്‍റ് ബഞ്ചിലേക്ക് ഇരുന്നു…ഇല്ലാ എന്ന യാഥാര്‍ത്ഥ്യത്തെക്കാളും നല്ലതല്ലെ, എന്നെങ്കിലും വരുമെന്ന കാത്തിരിപ്പ്….അവരുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ എനിക്ക് തോന്നിയില്ല.

ധൃതിയില്‍ അവിടുത്ത ജോലികള്‍ പൂര്‍ത്തിയാക്കി തിരിഞ്ഞു നോക്കാതെ നടക്കുമ്പോള്‍ ആ വിളി തേടിയെത്തി….

“നന്ദൂ….”

തിരിഞ്ഞു നോക്കും മുന്നേ വീണേച്ചി ഓടി മുന്നിലെത്തി.

“നീ പോയിട്ട് ജയേട്ടനെയും കൂട്ടി വരില്ലേ…?” പ്രതീക്ഷയോടെയാണ് ചോദ്യം.

വരാം വീണേച്ചി…ജയേട്ടനെയും കൂട്ടി വേഗം വരാം…”

സന്തോഷത്തോടെ തലയാട്ടി കൊണ്ട് അവര്‍ പോകുന്നതും നോക്കി കുറച്ചു സമയം നിന്നു. ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ചിലബന്ധങ്ങള്‍…അവ മനസ്സിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍, നഷ്ടങ്ങള്‍ പലപ്പോഴും കണ്ണീരില്‍ മാത്രം ഒതുങ്ങില്ല…അത് മനസ്സിന്റെ താളം തെറ്റിച്ചു സങ്കല്‍പലോകത്ത് വിരാജിക്കും….