മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അന്ന് രാത്രി പതിവില്ലാതെ വീണ്ടും ഉറക്കം എന്നെ തേടി വന്നില്ല. രാവിലെ ഓഫീസിലെത്തി രവീന്ദ്രൻ സാറിൻറെ ക്യാബിനിലേക്ക് നടക്കുമ്പോഴും തീരുമാനങ്ങൾ ഒന്നും കണ്ടു പിടിക്കാൻ ആവാതെ മനസ്സ് ശൂന്യമായിരുന്നു.
സാറിനോട് ഗുഡ്മോണിംഗ് പറഞ്ഞു ആദ്യം തന്നെ കഴിഞ്ഞ മാസത്തെ മന്ത്ലി റിപ്പോർട്ട് കയ്യിലേക്ക് വെച്ച് കൊടുത്തു. സാർ അതൊന്ന് തുറന്നു പോലും നോക്കാതെ ഞാൻ നേരിടാൻ ഏറ്റവും ഭയക്കുന്ന ആ ചോദ്യത്തിലേക്ക് എത്തി.
” അമ്മു..എന്തായി ഇന്നലെ ഞാൻ പറഞ്ഞ കല്യാണ കാര്യം..”
“അത് സാർ…വിരോധം തോന്നില്ലെങ്കിൽ ഞാൻ ഈ കാര്യത്തിൽ എൻറെ അഭിപ്രായം സാറിനോട് തുറന്നു പറഞ്ഞോട്ടെ..
സാറിൻറെ മകന് കുറച്ചു കൂടി നല്ല ഒരാളെ നമുക്ക് നോക്കിക്കൂടെ.. സാറിൻറെ സ്റ്റാറ്റസിന് ചേരുന്ന തരത്തിലുള്ള കുടുംബത്തിൽ നിന്നും യോഗ്യതയുള്ള ഒരു കുട്ടിയെ ഞാൻ കണ്ടെത്തി തരാം..”
“നിനക്ക് എൻറെ മോനേ വിവാഹം കഴിക്കാൻ താൽപര്യമില്ല എന്ന് നേരിട്ട് പറഞ്ഞാൽ പോരെ മോളെ.. ഇങ്ങനെ വളഞ്ഞ് തിരിയണോ?..
ആട്ടെ എന്താ കാരണം.. നിനക്ക് ഇപ്പോഴത്തെ കുട്ടികളെ പോലെ അഫയറും ചുറ്റികളിയും ഒന്നുമില്ല എന്ന് എനിക്ക് നല്ലപോലെ അറിയാം.. അതുമല്ല പ്രണയത്തിൽ ഉള്ള ഒരാളുടെ ശരീരഭാഷ എനിക്ക് കണ്ടാൽ അറിയാം.. സത്യത്തിൽ എന്താ നിൻറെ പ്രശ്നം”
“പ്രണയം എന്നൊന്നും പേരിട്ട് വിളിക്കാനാവില്ല എങ്കിലും കോളേജിൽ വച്ച് എനിക്ക് ഇഷ്ടം തോന്നിയ ഒരാളുണ്ട്.
പ്രായത്തിൻറെ ചോരത്തിളപ്പും ആദർശങ്ങളും കൈമുതലായിട്ടുണ്ട് എന്നതല്ലാതെ യാതൊരു പ്രത്യേകതകളും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ ചെറുപ്പക്കാരൻ.അയാൾക്ക് പക്ഷേ എന്നോട് അങ്ങനെ മൃദുലമായ വികാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അന്നത്തെ എൻറെ പ്രാരാബ്ദങ്ങൾകിടയിൽ ഞാനും അയാളെ അവഗണിച്ചിട്ടെ ഉള്ളൂ.
എങ്കിലും ഇപ്പോൾ കാലം മുന്നോട്ടു പോയപ്പോൾ അയാളെ തേടിപ്പിടിച്ച് എനിക്ക് തോന്നിയിരുന്ന ഇഷ്ടം അറിയിക്കണം എന്ന് കരുതുന്നു.
ഒരു പങ്കാളിയെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം അയാളാണ് മനസ്സിലേക്ക് കടന്നു വരുന്നത്. മറ്റെന്തിനെക്കാളും നമ്മുടെ മനസ്സ് പറയുന്നതല്ലേ സാർ നമ്മൾ കേൾക്കേണ്ടത്.
അയാൾക്ക് എന്നെ ഭാര്യയായി കാണാൻ കഴിയുമെങ്കിൽ അയാളെ വിവാഹം ചെയ്യണം.ചിലപ്പോൾ ഒരുപക്ഷേ അയാൾക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ… നാളെ മറ്റൊരാളെ വിവാഹം കഴിക്കാൻ ഞാനും പതിയെ തയ്യാറാകും.. എങ്കിലും എൻറെ ഇഷ്ടം സ്വന്തമാക്കാൻ ഞാനായിട്ട് ശ്രമിച്ചില്ല എന്ന കുറ്റബോധം എന്നിൽ ബാക്കി ഉണ്ടാവില്ലല്ലോ…
എന്തായാലും മറ്റൊരാളെ മനസ്സിൽ വച്ചുകൊണ്ട് സാറിൻറെ മകനെ വിവാഹം കഴിച്ച് അദ്ദേഹത്തിൻറെ ജീവിതം കൂടി ബുദ്ധിമുട്ടിലാക്കാൻ മാത്രം നന്ദികേട് ഞാൻ സാറിനോട് കാണിക്കില്ല. സാറിൻറെ മകൻറെ കാര്യത്തിനായി നമുക്ക് ഏറ്റവും യോജിച്ച കുട്ടിയെ എത്രയും പെട്ടെന്ന് കണ്ടെത്താം.
എൻറെ അഭിപ്രായം തുറന്നു പറയുന്നതുകൊണ്ട് സാർ എന്നോടു കാണിച്ചിരുന്ന കരുതലും പരിഗണനയും ഒന്നും ഒരിക്കലും കുറച്ചു കളയരുത്. സാറും ഈ ഓഫീസും ഇവിടത്തെ ജോലിയും ഒക്കെ എനിക്കത്രയും പ്രിയപ്പെട്ടതാണ്.. അതിലും സത്യസന്ധമായി പറഞ്ഞാൽ ഈ ജോലി കൊണ്ടാണ് ഞാനും എൻറെ കുടുംബവും കരകയറി ഇന്നത്തെ നിലയിലായത്..”
” ഉം ..നിന്നെ കേട്ട് കഴിയുമ്പോൾ നിൻറെ ഭാഗത്തും ശരിയുണ്ട്. നമ്മുടെ മനസ്സ് പറയുന്നത് തന്നെയാണ് നമ്മൾ ചെയ്യേണ്ടത്…എല്ലാം നീ ആഗ്രഹിക്കുന്നത് പോലെ തന്നെ നന്നായി വരട്ടെ ..
പിന്നെ എൻറെ മോനെ നീ കല്യാണം കഴിച്ചാലും ഇല്ലെങ്കിലും എൻറെ മനസ്സിലെ നിൻറെ സ്ഥാനം എന്നും അങ്ങനെ തന്നെ കാണും.. നിന്നെ എനിക്കും ഈ ഓഫീസിനും ആവശ്യമുണ്ട് അമ്മു..
ഇവിടെ പ്രശ്നം അതല്ല ..നിൻറെ പുതിയ ബോസ് അതായത് നീ വേണ്ടെന്നു വെച്ച എൻറെ മോൻ നിന്നെ കാത്ത് മീറ്റിംഗ് റൂമിൽ ഇരിപ്പുണ്ട്.ഭാവി വധുവിനെ നേരിട്ട് കാണാനുള്ള ആവേശത്തിൽ രാവിലെ തൊട്ട് ഒരുങ്ങി ഇറങ്ങിയതാണ് അവൻ .അവനെ കല്യാണം കഴിക്കാൻ നിനക്ക് താല്പര്യമില്ല എന്ന് ഞാൻ തന്നെ അവനെ അറിയിച്ചു കൊള്ളാം.. പക്ഷേ അവനും ആയിട്ടുള്ള വിവാഹത്തിൽ നിന്നും നീ പിന്മാറാനുള്ള കാരണം നേരിട്ട് പറഞ്ഞു നീ തന്നെ അവനെ കൺവിൻസ് ചെയ്തേക്ക്. ഇതൊക്കെ കേൾക്കുമ്പോൾ അവൻറെ പ്രതികരണം എന്താവുമെന്ന് എനിക്ക് വലിയ ഊഹം ഒന്നുമില്ല..എല്ലാം നീ തന്നെ നേരിട്ട് അനുഭവിച്ചറിഞ്ഞോളൂ…”
സാറിൻറെ സംസാരം കേട്ടതും ആദ്യം തോന്നിയ ആശ്വാസം പോയി കിട്ടി. അടുത്ത ആഴ്ച മുതൽ സാറിന് പകരം അയാളുടെ മോനും ആയിട്ടാണ് ഞാൻ ഇടപെടേണ്ടത്. അയാളെ ചൊടിപ്പിക്കാതിരിക്കാൻ എന്താണ് ഒരു വഴി..
മീറ്റിംഗ് ഹാളിലേക്ക് നടക്കുന്ന വഴിക്ക് റിസപ്ഷനിലെ കണ്ണാടിയിൽ നോക്കി നല്ലപോലെ കഷ്ടപ്പെട്ട് മുഖത്ത് ആവുന്നത്ര കൂതറ ലുക്ക് വരുത്തി. എന്നെ കണ്ടിട്ട് കല്യാണം കഴിക്കാൻ പോയിട്ട് ഒരു ഷേക്ക് ഹാൻഡ് തരാൻ പോലും അയാൾക്ക് തോന്നരുത്..
അതുകഴിഞ്ഞ് റിസപ്ഷനിൽ വച്ചിരുന്ന ഫ്ലവർബൊക്കെ കയ്യിലെടുത്തു മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു അയാളെ പരിചയപ്പെടാനായി ചെന്നു. എന്തൊക്കെ സംഭവിച്ചാലും എനിക്ക് പറയാനുള്ളത് കേൾക്കുമ്പോൾ അയാൾക്ക് എന്നോട് വിരോധമൊന്നും തോന്നല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് കയറിച്ചെന്നത്..
മീറ്റിംഗ് ഹാൾൻറെ ഏറ്റവും അറ്റത്തെ കറങ്ങുന്ന കസേരയിൽ ഇരുന്ന് ഫോണിൽ സംസാരിക്കുന്ന ആളെ കണ്ടതും ശ്വാസം നിലച്ചു പോയിരുന്നു.. ചിരി മായ്ച്ചു കളഞ്ഞു കണ്ണുകൾ തിരുമ്മി നോക്കി അർജുൻ ചേട്ടൻ തന്നെയല്ലേ അതെന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തി…
പതിവ് വേഷമായ മുണ്ടിനും ഷർട്ടിനും പകരം വിലയേറിയ കോട്ടും സ്യൂട്ടും ബ്രാൻഡഡ് വാച്ചും ധരിച്ച് നിൽക്കുന്ന ഒരു പക്കാ ബിസിനസ്മാൻ..
ഇയാൾ രവീന്ദ്രൻ സാറിൻറെ മകൻ ആയിരുന്നോ?
“എന്താടോ… ഓർക്കുന്നുണ്ടോ താൻ എന്നെ?.”
ഉണ്ട് എന്ന അർത്ഥത്തിൽ തലയാട്ടുമ്പോൾ നിരാശയോടെ ഞാൻ എൻറെ കയ്യിൽ കരുതിയിരുന്ന ബൊക്കെ അയാൾ കാണാത്തവിധം പിറകോട്ടു പിടിച്ചു.
“ഗുഡ്..അപ്പോൾ നമ്മൾ ഒരുമിച്ചാണ് ഇനിയങ്ങോട്ട് അല്ലേ. അച്ഛൻ അടുത്തയാഴ്ച മുതൽ ഇവിടെ കാണില്ല. എൻറെ കൂടെ കട്ടക്ക് നിന്നോളണം എല്ലാത്തിനും..”
ഉവ്വ് എന്ന അർത്ഥത്തിൽ മൂളി. അത് കണ്ടതും ആള് എഴുന്നേറ്റ് അടുത്തേക്ക് നടന്നു വന്നു. എൻറെ രൂപത്തിലും ഭാവത്തിലും ഒക്കെ അസ്വസ്ഥത തോന്നിയതും ഞാൻ രണ്ടടി കൂടി പിന്നിലേക്ക് നിന്നു.
“ഞാനും ആയിട്ടുള്ള വിവാഹത്തിന് നിനക്ക് താല്പര്യമില്ല എന്ന് അച്ഛൻ ഇപ്പോൾ എന്നെ വിളിച്ചു പറഞ്ഞു..സാരമില്ല.. ഞാൻ അതൊരു സ്പിരിറ്റിൽ തന്നെ എടുക്കുന്നു .എങ്കിലും നമ്മുടെ കോളേജിൽ വെച്ച് നിൻറെ മനസ്സിൽ ഇഷ്ടം തോന്നിയ ആൾ ആരായിരുന്നു എന്നറിയാൻ വല്ലാത്ത ഒരു ആകാംക്ഷ..ആരാണെന്ന് പറ?.. എനിക്ക് അറിയാവുന്ന വല്ലവരും ആണോ എന്ന് നോക്കാലോ…”
ചോദ്യം കേട്ടതും തൊണ്ടയിലെ വെള്ളം വറ്റി നാവു വരണ്ടു. ധൈര്യമെല്ലാം ചോർന്നു പോകുന്നതു പോലെ തോന്നി. അത്രയും അരികിലായി നിന്ന് ഗൗരവത്തിൻറെ മൂടുപടത്തോടെ എൻറെ മുഖത്തേക്ക് വന്ന് പതിയുന്ന നോട്ടത്തിൽ ഞാൻ അലിഞ്ഞു ചേർന്ന് ഇല്ലാതാകുന്നത് പോലെ തോന്നി. മറുപടി പറയാനാവാതെ താഴേക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ..
“പറയുന്നില്ലേ?..അതോ ഞാൻ അറിയാൻ പറ്റാത്ത വല്ല രഹസ്യവും ആണോ?..”
നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് തന്നെ അറിയില്ല എന്ന് പറയാനാണ് തോന്നിയത്. ഞാൻ ഇഷ്ടപ്പെട്ടിരുന്നത് എന്നെപ്പോലെ സാധാരണക്കാരനായി രുന്ന ആ പഴയ മനുഷ്യനെ ആയിരുന്നു. എന്നേക്കാൾ ഒരുപാട് ഉയരത്തിലുള്ള എല്ലാ സൗഭാഗ്യങ്ങളും കൂട്ടിനുള്ള രവീന്ദ്രൻ സാറിൻറെ മകനോട് ഒരിക്കലും ധൈര്യത്തോടെ എനിക്ക് എൻറെ പ്രണയം തുറന്നു പറയാനാവില്ല. ഞാൻ ഇഷ്ടപ്പെട്ടത് ഇങ്ങനെ ഒരാളെ ആയിരുന്നില്ല. ഇയാളുടെ മുന്നിൽ ഞാൻ വല്ലാതെ ചെറുതായി തോറ്റു പോയിരിക്കുന്നു. പ്രിയപ്പെട്ടത് എന്തോ കൈവിട്ടു പോയത് പോലെ ഉള്ളിലെ സങ്കടം ഏറിവന്നതും എൻറെ കണ്ണുകൾ കരകവിഞ്ഞൊഴുകി തുടങ്ങി.
നിയന്ത്രണം വിട്ടു പോകുമെന്ന് തോന്നിയതും അയാളുടെ സാമീപ്യത്തിൽ നിന്നും പിന്തിരിഞ്ഞ് നടക്കാൻ ഒരുങ്ങി..
അതേ നിമിഷം തന്നെ കൈകളിൽ മൃദുവായ ഒരു പിടുത്തം വന്നു വീണു. എന്നെ മുഖാമുഖം തിരിച്ചു നിർത്തി. കവിളിലെ ഒലിച്ചിറങ്ങിയ നീർത്തുള്ളികൾ വിരലുകളാൽ തുടച്ചു നീക്കി. പതിയെ മുഖം പിടിച്ചുയർത്തിയതും കണ്ണുകൾ തമ്മിൽ പിണഞ്ഞു. പതിഞ്ഞ ശബ്ദത്തിൽ ആർദ്രമായി സംസാരിച്ചുതുടങ്ങി.
“പറയാതെ തന്നെ എനിക്കറിയാം അച്ഛനോട് നീ പറഞ്ഞത് ആരെക്കുറിച്ചാണ് എന്ന്.
ഈ കണ്ണുകളെ ഞാൻ വായിക്കാൻ തുടങ്ങിയത് എന്ന് മുതലാണെന്ന് നിനക്കറിയാമോ?..
പണ്ട് കോളേജ് വരാന്തയിൽ വെച്ച് മരണത്തെ മുന്നിൽ കണ്ടതും ഒടിഞ്ഞ കൈകളും വെച്ച് നിസ്സഹായനായി ഭീരുവിനെപ്പോലെ തൂണിന് പിറകിൽ ഒളിച്ചു നിന്ന നേരം തോന്നിയത് എൻറെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷമാണ് അതെന്നാണ്. പേര് പോലും അറിയാത്ത ഒരു പെൺകുട്ടിയുടെ പേടിച്ചരണ്ട ഈ കണ്ണുകൾ ആദ്യമായി കൂട്ടിന് എത്തിയ ആ നിമിഷത്തോട് ഇന്നെനിക്ക് പ്രണയമാണ്….എനിക്കു വേണ്ടി അലറിക്കരയുന്ന നിൻറെ മുഖം ഞാൻ ഓർക്കാത്ത ദിവസങ്ങളില്ല ..പലപ്പോഴും നിഴല് പോലെ നിൻറെ പിന്നിൽ ഉണ്ടായിരുന്നു ഞാൻ. പലരോടും നിന്നെ കുറിച്ച് അന്വേഷിച്ചതും നിൻറെ അച്ഛന് പറ്റിയ അപകടത്തെക്കുറിച്ച് അറിഞ്ഞു. അതോടെ നിൻറെ പ്രാരാബ്ദങ്ങളും പെരുമാറ്റവും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. സത്യം പറഞ്ഞാൽ ജീവിതത്തിൽ പണത്തിൻറെ ആവശ്യത്തെക്കുറിച്ചും ബുദ്ധിമുട്ടുകളെകുറിച്ചും ഒക്കെ ഞാൻ മനസ്സിലാക്കി തുടങ്ങിയത് നിന്നിൽ നിന്നും ആണ്….
നിന്നെ പണം തന്നു സഹായിക്കാൻ വേണ്ടി തന്നെയാണ് നിൻറെ മാല ചോദിച്ച് വാങ്ങിച്ചത്..എങ്കിലും മാല തിരികെ വാങ്ങിക്കാനാണെങ്കിലും നീ കൂട്ടുകാരോടൊക്കെ എന്നെ അന്വേഷിച്ചു നടക്കുന്നത് സത്യം പറഞ്ഞാൽ ഞാൻ ആസ്വദിച്ചിട്ടുണ്ട്..
ഇഷ്ടം തുറന്ന് പറഞ്ഞ് നിൻറെ പ്രാരാബ്ദങ്ങൾ തുടച്ചുനീക്കാൻ അറിയാഞ്ഞിട്ടല്ല.. അതെല്ലാം നീ തന്നെ നിൻറെതായ രീതിയിൽ പരിഹരിക്കണം എന്ന് കരുതിയിട്ടാണ് ദൂരെ മാറി നിന്നത്..നിനക്ക് ബുദ്ധിമുട്ട് ആവണ്ട എന്ന് കരുതിയാണ് ഇവിടെ ജോയിൻ ചെയ്യാതെ ഹയർ സ്റ്റഡീസ് എന്നും പറഞ്ഞു ഞാൻ മുങ്ങിയത് ..
ഇപ്പോൾ എൻറെ കൂട്ടുകാരിൽ പലരോടും നീ എന്നെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയപ്പോൾ നിൻറെ മനസ്സിൽ ഇപ്പോഴും ഞാൻ ഉണ്ട് എന്ന് മനസ്സിലായി. നിൻറെ മുന്നിലുണ്ടായിരുന്ന തടസ്സങ്ങളെല്ലാം ഒരു വിധം കഴിഞ്ഞ സ്ഥിതിക്ക് .. ഇനി നമുക്ക് ഒന്നിച്ചു കൂടെ..”
“അതിപ്പം.. സാറിനോട് എങ്ങനെയാ മാറ്റി പറയുന്നത് എന്നോർക്കുമ്പോൾ….” മറുപടി പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
“അച്ഛന് അറിയാം.. ഒരു വർഷം മുൻപ് ഞാൻ അച്ഛനോട് തുറന്നു പറഞ്ഞിരുന്നു അച്ഛൻറെ പ്രോജക്ട് ഡിവിഷൻ ഹെഡ് എനിക്കും കൂടി വേണ്ടപ്പെട്ട ആളാണെന്ന് .
അച്ഛൻ ഞാൻ വിചാരിച്ചതിലും കേമനാണ്. ആൾക്ക് സംശയം നിനക്ക് ഇവിടെ ജോലി കിട്ടിയത് പോലും എൻറെ ഇടപെടൽ കൊണ്ടാണ് എന്നാണ്.. അവസാനം തലയിൽ തൊട്ട് സത്യം ചെയ്തിട്ടാണ് അല്ലെന്ന് വിശ്വസിച്ചത്..
അച്ഛൻ വഴി നിന്നെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാം എന്ന് മാത്രമേ ഞങ്ങൾ കരുതിയുള്ളൂ.. വിവാഹത്തിനു നിൽക്കാതെ നിനക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് അച്ഛനോട് തുറന്നു പറയും എന്നത് അച്ഛൻ പോയിട്ട് ഞാൻ പോലും പ്രതീക്ഷിച്ചില്ല..
വല്ലാതെ സന്തോഷം തോന്നുന്നു എനിക്കിപ്പോൾ…
ഇത്രയും ഇഷ്ടം ഉള്ളിൽ കാത്തു വച്ചിട്ടും കാലങ്ങൾക്കു ശേഷം എന്നെ നേരിൽ കാണുമ്പോൾ നിനക്ക് എന്നോട് മാത്രമായി പറയാനില്ലേ ഒന്നും..”
കുസൃതി നിറഞ്ഞ ചിരിയുമായി എൻറെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന കുറുമ്പുള്ള കണ്ണുകളെ നേരിടാൻ കഴിയില്ല എന്ന് തോന്നിയതും ” ഇല്ല “എന്ന് തലയാട്ടി കൊണ്ട് ആ നെഞ്ചിനോട് ഒട്ടിക്കിടക്കുന്ന കറുത്ത കോട്ടിനുള്ളിൽ എൻറെ മുഖം ഒളിപ്പിച്ചു വെച്ചു കൊണ്ട് ഹൃദയത്തോട് ചേർന്നു നിന്നു..
കള്ളച്ചിരിയോടെ ഒന്നു കൂടി എന്നെ ഇറുകെ ചേർത്തുപിടിച്ച് നെഞ്ചോട് അടക്കി വയ്ക്കുന്ന കൈകളിൽ ഞാനെൻറെ പ്രണയത്തിൻറെ നൈർമല്യവും ഊഷ്മളതയും അറിയുകയായിരുന്നു.
പറയാതെ എന്നെ അറിയാൻ കഴിവുള്ള.. എൻറെ കണ്ണുകളെ വായിക്കാനറിയാവുന്ന എൻറെ പ്രണയം എന്നും എപ്പോഴും എന്നോടിങ്ങനെ ചേർന്നു തന്നെ നിൽക്കട്ടെ….