മമ്മയുടെ മറുപടിയിൽ തൃപ്തിയാകാത്തത് കൊണ്ടാകാം അമ്മമ്മ എന്നെ മാറി നിർത്തി കാര്യങ്ങൾ ചോദിച്ചു. ഞാൻ ഉണ്ടായ കാര്യങ്ങളെല്ലാം അമ്മമ്മയോട് …

എഴുത്ത്: സമീർ ചെങ്ങമ്പള്ളി

ഇതൊരു കഥയല്ല എന്ന ആമുഖത്തോടെ….

പപ്പയും മമ്മയും തമ്മിൽ എന്നും രാത്രി വഴക്കാണ്. പപ്പ ഒരു സർക്കാർ ബാങ്കിലെ ബ്രാഞ്ച് മാനേജരാണ്. മമ്മയാകട്ടെ മെഡിക്കൽ കോളേജിലെ അറിയപ്പെടുന്ന ഗൈനോക്കോളജിസ്‌ട്. പോരാത്തതിന് വൈകുന്നേരങ്ങളിൽ വീട്ടിലും പ്രാക്റ്റീസുണ്ട്.

ആദ്യമൊക്കെ രണ്ടു പേരും തമ്മിൽ നല്ല സ്നേഹമായിരുന്നു. പിന്നീടെപ്പോഴോണെന്നറിയില്ല അവർ തമ്മിൽ പരസ്പരം മത്സരമായി. ആരാണ് ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത്, ആരോടാണ് ആളുകൾക്ക് കൂടുതൽ ബഹുമാനം. ഇത്തരം വിഷയങ്ങളായിരുന്നു പലപ്പോഴും അവരുടെ തർക്കത്തിനാധാരം.

ഞാനിന്നുമോർക്കുന്നു ഒരിക്കൽ തീന്മേശക്ക് ചുറ്റും ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ എല്ലാവരും. സംസാരത്തിനിടെ മമ്മ തമാശ രൂപേണ പപ്പയോട് പറഞ്ഞു നിങ്ങൾ വാങ്ങിക്കുന്ന ശമ്പളം ഞാൻ വീട്ടിലിരുന്ന് മാത്രം ഉണ്ടാക്കുന്നുണ്ടെന്ന്…ഇത് കേട്ടതും പപ്പയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. പിന്നെ കണ്മുന്നിലുള്ള പത്രങ്ങളെല്ലാം തറയിൽ വലിച്ചെറിഞ് വാതിൽ വലിച്ചടച്ച് മുറ്റത്തേക്കിറങ്ങി. പപ്പയുടെ അസാധാരണമായ പെരുമാറ്റം കണ്ടിട്ടാവണം സോനു പേടിച്ചു കരയാൻ തുടങ്ങി. ഇതോടെ മമ്മയുടെ ദേഷ്യം മുഴുവൻ അവനോടായി. മമ്മ അവനെ പൊതിരെ തല്ലാൻ തുടങ്ങി. തടയാൻ ചെന്ന എനിക്കും കിട്ടി രണ്ടെണ്ണം…

സമയം പത്ത് മണി കഴിഞ്ഞു. തൊട്ടടുത്ത വീടുകളിലെല്ലാം ലൈറ്റണച്ചു. ഞാനും സോനുവും നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് ഡൈനിങ്ങ് ഹാളിൽ നിന്ന് ഉച്ചത്തിലുള്ള സംസാരങ്ങളും ആക്രോശങ്ങളും കേട്ടത്. ഞെട്ടിയുണർന്ന ഞാൻ കട്ടിലിൽ നിന്ന് തറയിലേക്കിറങ്ങി. പിന്നെ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു. ഡൈനിങ്ങ് ഹാളിലെ അവരുടെ സംസാരത്തിലേക്ക് കാതു കൂർപ്പിച്ചു വെച്ചു.

“നിങ്ങൾക്ക് കോംപ്ലക്സാണ്…എനിക്ക് നിങ്ങളെക്കാൾ പദവിയും പണവും ഉള്ളതിന്റെ അസൂയ…” “പോടീ…നിന്നോട് അസൂയ കാണിക്കാൻ നിനക്ക് എന്താണ് എന്നേക്കാൾ കൂടുതലുള്ളത്…? ബാങ്ക് മാനേജർ ആദിത്യന്റെ ഭാര്യ ലക്ഷ്മി. ഇപ്പോഴും അത് മാത്രമാണ് നീ…”

“ആദി…നമ്മൾതമ്മിൽ ഇനിയും ഇങ്ങനെ മുന്നോട്ട് പോയാൽ ശരിയാകില്ല. നാളെ കുട്ടികളുടെ സ്‌കൂൾ അടയ്ക്കും. ഞാൻ അവരെയും കൂട്ടി എന്റെ വീട്ടിലേക്ക് പോകും. ബാക്കി എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ വന്നിട്ട് പറയാം…” “വലിയ ഉപകാരം…പത്ത് ദിവസമെങ്കിലും എനിക്ക് മനസ്സമാധാനം കിട്ടുമല്ലോ…?” “അങ്ങനെ സന്തോഷിക്കണ്ട. ഞാൻ മീനുവിനെ മാത്രേ കൊണ്ട് പോകുന്നൊള്ളു. സോനുവിനെ നിങ്ങൾ നോക്കണം. മക്കളെ നോക്കുന്നത് എങ്ങനെയാണെന്ന് പഠിക്ക്…” ഇതും പറഞ് മമ്മ ദേഷ്യത്തോടെ റൂമിലേക്ക് കയറി വാതിലടച്ചു.

എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങി. മമ്മ എന്നെ മാത്രം കൊണ്ട് നാളെ അമ്മമ്മയുടെ വീട്ടിലേക്ക് പോയാൽ സോനുവിന് സങ്കടാവൂല്ലേ…? അവൻ ഞങ്ങളെ കാണാതെ വിഷമിക്കൂല്ലേ…? എന്നെയും മമ്മയും പിരിഞ് ഒരു നിമിഷം പോലും നില്ക്കാൻ കഴിയാത്ത പിഞ്ചു കുഞ്ഞല്ലേ അവൻ. പപ്പയോട് ജയിക്കാൻ മമ്മയെന്തിനാ അവനെ വേദനിപ്പിക്കുന്നത്…? ഞാൻ സോനുവിന്റെ മുഖത്തേക്ക് നോക്കി. നിഷ്കളങ്കനായ അവൻ ഒന്നുമറിയാതെ ഉറങ്ങുകയാണ്. ഞാൻ അവന്റെ അരികത്തേക്ക് ചാരിക്കിടന്നു. പിന്നെ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് തേങ്ങി കരഞ്ഞു.

പിറ്റേ ദിവസം സ്‌കൂൾ വിടാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്യൂൺ ചേട്ടൻ ക്‌ളാസ് റൂമിലേക്ക് കയറി വന്നത്. ടീച്ചറുമായി എന്തോ സംസാരിച്ചതിന് ശേഷം എന്നോട് ബാഗെടുത്ത് കൂടെ ചെല്ലാൻ പറഞ്ഞു. ഞാൻ ബാഗെടുത്ത് ചേട്ടന്റെ കൂടെ നടന്നു. ഓഫീസിന് മുൻപിൽ എത്തിയപ്പോഴാണ് മമ്മ എന്നെയും കാത്ത് അവിടെ ഇരിക്കുന്നത് കണ്ടത്.

“നീ വരുന്നത് സോനു കണ്ടില്ലല്ലോ…?” “ഇല്ല…” “എന്ന വേഗം വാ….സ്‌കൂൾ വിടുന്നതിന് മുന്നേ നമുക്ക് ഇറങ്ങണം.” “അവൻ എന്നെ കണ്ടില്ലെങ്കിൽ കരയൂല്ലേ…?” “വിഷമിക്കേണ്ട….നിന്റെ പപ്പ ഇപ്പോൾ വരും അവനെ കൊണ്ട് പോകാൻ. അങ്ങേര് മനസ്സിലാക്കട്ടെ ഈ ലക്ഷ്മി ആരാണെന്ന്….”

മമ്മ എന്റെ കയ്യും പിടിച്ച് വേഗത്തിൽ കാറിന്റെ അടുത്തേക്ക് നടന്നു. നടത്തത്തിനിടയിൽ ഞാൻ സോനുവിന്റെ ക്ളാസിലേക്ക് എത്തിനോക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൻ എന്നെ ഒരു നോട്ടം കണ്ടിരുന്നെങ്കിൽ മമ്മയുടെ പദ്ധതിയെല്ലാം തകരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ മമ്മയുടെ വേഗത എന്റെ കണക്കു കൂട്ടലെല്ലാം തെറ്റിച്ചു. ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ ആ സ്‌കൂൾ മുറ്റത്ത് നിന്ന് പുറത്തേക്കെത്തി.

മമ്മയുടെ കൂടെ ഞാൻ അമ്മമ്മയുടെ വീട്ടിലെത്തി. അമ്മമ്മ ഞങ്ങളെ കണ്ട ഉടനെ തന്നെ സോനുവിനെ അന്വേഷിച്ചു. അവന് അവന്റെ പപ്പയുടെ കൂടെ നിൽക്കുന്നതാണ് ഇഷ്ടമെന്ന് പറഞ് മമ്മ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. മമ്മയുടെ മറുപടിയിൽ തൃപ്തിയാകാത്തത് കൊണ്ടാകാം അമ്മമ്മ എന്നെ മാറി നിർത്തി കാര്യങ്ങൾ ചോദിച്ചു. ഞാൻ ഉണ്ടായ കാര്യങ്ങളെല്ലാം അമ്മമ്മയോട് തുറന്നു പറഞ്ഞു. ഇതോടെ അമ്മമ്മയുടെ മുഖം ദേഷ്യം കൊണ്ട് കറുത്തു.

“നിനക്ക് വട്ടാണോ ലക്ഷ്മി…? നിങ്ങൾ തമ്മിലുള്ള വഴക്കിന് ആ കുട്ടി എന്ത് പിഴച്ചു. ആ പാവം ഇപ്പോൾ നിന്നെയും ഇവളെയും കാണാതെ എത്ര സങ്കടിപ്പെടുന്നുണ്ടാകും…?” “അതൊന്നുമുണ്ടാവൂല്ല…വെറും പത്ത് ദിവസല്ലേ ഒള്ളൂ…അത്രെയും ദിവസം അവന് അവന്റെ പപ്പയുടെ കൂടെ ഇരുന്നോളും….ഇനി ഞാൻ ഇവിടുന്ന് പോകണന്നാണ് അമ്മയുടെ ആഗ്രഹമെങ്കിൽ പറഞ്ഞാൽ മതി. ഞാൻ പൊയ്ക്കൊള്ളാം. പക്ഷെ അങ്ങോട്ടാകില്ലെന്ന് മാത്രം…” ഇതോടെ അമ്മമ്മയുടെ രോഷമെല്ലാം കെട്ടടങ്ങി. ഒന്നും മിണ്ടാതെ അമ്മമ്മ അവിടെ നിന്ന് മാറി നടന്നു.

പക്ഷെ, എന്റെ മനസ്സ് മുഴുവൻ സോനു ആയിരുന്നു. അവന് പപ്പയോട് വളരെ ഇഷ്ടമാണെങ്കിലും ഞാനോ മമ്മയോ ഇല്ലാതെ ജലപാനം പോലും കഴിക്കില്ല. ഒടുവിൽ സഹികെട്ട് പപ്പ മമ്മയുടെ അടുത്തേക്ക് കോംപ്രമൈസിന് വരും. അതോടെ ഈ മത്സരത്തിൽ മമ്മ വിജയിക്കും. അത് തന്നെയാണ് മമ്മയുടെ ലക്‌ഷ്യം. ഞാൻ മനസ്സിൽ ഊഹിച്ചു. അന്ന് രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല. കണ്ണടച്ചാൽ സോനുവിന്റെ കരയുന്ന മുഖം മാത്രമായിരുന്നു എന്റെ മനസ്സിൽ…

പിറ്റേന്ന് രാവിലെ അമ്മമ്മയുടെ കൂടെ പ്രാതൽ കഴിക്കുന്നതിനിടയിലാണ് മമ്മയുടെ ഫോൺ ശബ്ദിച്ചത്. മമ്മ ഫോൺ എടുത്തതും സോനു എന്ന് ഉറക്കെ നിലവിളിക്കാൻ തുടങ്ങി. കാര്യം മനസ്സിലാകാതെ ഞാനും അമ്മമ്മയും മമ്മയുടെ അടുത്തേക്ക് ഓടി. കരച്ചിലടക്കാൻ പാടുപെട്ട മമ്മ വിക്കി വിക്കി കാര്യം പറഞ്ഞു. ഇന്നലെ രാത്രി മുഴുവൻ സോനു മമ്മയെ കാണാൻ വാശിപിടിച്ചു കരയുകയായിരുന്നു. ഇന്ന് രാവിലെ പപ്പയുടെ കണ്ണൊന്ന് തെറ്റിയപ്പോൾ അവൻ മുറ്റത്ത് നിന്ന് റോഡിലേക്ക് ഓടി. പെട്ടെന്നാണ് വളരെ വേഗതയിൽ വന്ന ഒരു കാർ അവനെ തട്ടിത്തെറിപ്പിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ഉടനെ തന്നെ അവനെ തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്.

അമ്മമ്മ ഉടനെ തന്നെ തളർന്നിരുന്ന അമ്മയെയും എന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് നടന്നു. ഐ സി യു വിന്റെ വാതിലിന് മുന്നിൽ പൊട്ടി കരയുകയായിരുന്നു പപ്പയെ കണ്ടതും മമ്മ നിലവിളിച്ചുകൊണ്ട് അടുത്തേക്ക് ഓടി. പപ്പ മമ്മയുടെ കണ്ണ് നീര് തുടച്ചുകൊണ്ട് തന്റെ മാറിലേക്കടുപ്പിച്ചു. ഇത്രയും കാലം മനസ്സിൽ കൊണ്ട് നടന്ന പകയും മത്സര ബുദ്ധിയുമെല്ലാം ഒരു നിമിഷംകൊണ്ട് അലിഞ്ഞു ഇല്ലാതാകുന്നത് ഞാൻ കണ്ടു. ഈ മനോഹരമായ കാഴ്ചയിലേക്ക് സോനു കൺ തുറന്നിരുന്നെങ്കിലെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

അര മണിക്കൂറിന് ശേഷം ഐ സി യു വിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കിറങ്ങി. ഞങ്ങളെല്ലാവരും ആകാംഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. “Iam sorry…i tried my best…”

അതെ, എനിക്ക് എന്റെ സോനുവിനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

പരസ്പരം പോരടിക്കുന്ന രക്ഷിതാക്കൾ പലപ്പോഴും വിജയിക്കാൻ ആയുധമാക്കുന്നത് നിഷ്കളങ്കരായ കുട്ടികളെയാണ്. ഇത് ഒരു ഒറ്റപ്പെട്ട കഥയല്ല. സോനുവിനെപ്പോലെ, മീനുവിനെപ്പോലെ ലക്ഷക്കണക്കിന് കുട്ടികൾ നമുക്ക് ചുറ്റും ഉണ്ട്. ഒരുപക്ഷെ, അവർ നമ്മുടെ കുട്ടികൾ തന്നെ ആയിരിക്കാം. ഇതൊരു പാഠമാകട്ടെ എന്ന പ്രാർത്ഥനയോടെ സമർപ്പിക്കുന്നു

(മീനു ഇന്ന് ബാംഗ്ലൂരിൽ ഭർത്താവിന്റെ കൂടെ താമസിക്കുന്നു. അവൾക്കും കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ)