വീടിന്റെ പഠിപ്പുര താണ്ടുമ്പോഴും നാലര വയസ്സുള്ള എന്റെ ഗീതുട്ടി അലമുറയിട്ട് ഏങ്ങിയേങ്ങി ഓരിയിട്ട് കരയുന്നുണ്ടായിരുന്നു

രാജ്ഞി – എഴുത്ത്: ആദർശ് മോഹനൻ

“വന്ന് കേറിയവൾക്ക് നേരും നെറിയും ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും, അതിനെന്റെ മോനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒരു കഴിവുകെട്ടവളുടെ കൂടെ പൊറുത്ത് പൊറുത്ത് വെറുത്തു കാണും എന്റെ കുഞ്ഞിന് “

അച്ഛമ്മയത് പറഞ്ഞപ്പോ ആ മുഖത്തേക്ക് നോക്കി അമ്മയൊന്ന് പുഞ്ചിരിച്ചതേയുള്ളു, വിവാഹം കഴിഞ്ഞ് പതിനാറ് വർഷം കഴിഞ്ഞു പതിനഞ്ചു വയസുള്ള ഒരു പെൺകൊച്ചും പത്തു വയസ്സുള്ള ഒരു മോനും നാലരവയസ്സു തികയാത്ത ഒരു കുരുന്ന് മോളും ആയതിന് ശേഷം ഇന്ന് താനൊരു കഴിവുകെട്ടവളാണെന്ന് ആ സ്ത്രീയുടെ വായിൽ നിന്നും കേട്ടപ്പോൾ ഒരിറ്റ് കണ്ണുനീർ പോലും പൊഴിച്ചിരുന്നില്ല എന്റെയമ്മ, മറിച്ച് ആ ചുണ്ടിൽ വിരിഞ്ഞത് നെറികെട്ടയാ മനുഷ്യന് നേരെയുള്ള പരിഹാസച്ചുവയിലുള്ളൊരു പുഞ്ചിരിയായിരുന്നു

നവവധുവിന്റെ കയ്യും പിടിച്ച് അച്ഛനാ പടി കയറി വരുമ്പോൾ നിലവിളക്കേന്തി മഖത്തൊരു മന്ദഹാസം വിടർത്തി അവരെ വരവേറ്റ അച്ഛമ്മയേ ക്രോധത്തോടെയൊന്ന് നോക്കിക്കൊണ്ട് പല്ലിറുമ്മിയ ചേച്ചിയെ ഞാനൊന്ന് ദയനീയമായി നോക്കി, കിട്ടിയ തുണിയെല്ലാം വാരിക്കൂട്ടി കെട്ടിപ്പെറുക്കി പടിയിറങ്ങിയ ചേച്ചിയുടെ കണ്ണൊന്നൊരൽപ്പം നനഞ്ഞിരുന്നു ,

വരി വരിയായ് അമ്മയ്ക്ക് പിന്നാലെ ആ പടിയിറങ്ങി നടക്കുമ്പോൾ ആ പത്തു വയസ്സുകാരന്റെ മനസ്സ് ആവർത്തിച്ചാവർത്തിച്ച് പറയുന്നുണ്ടായിരുന്നു ഇനിയൊരുമടക്കം ഉണ്ടാവില്ല തന്റെ വീട് തനിക്ക് തികച്ചും അന്യമായി എന്ന സത്യം

വീടിന്റെ പഠിപ്പുര താണ്ടുമ്പോഴും നാലര വയസ്സുള്ള എന്റെ ഗീതുട്ടി അലമുറയിട്ട് ഏങ്ങിയേങ്ങി ഓരിയിട്ട് കരയുന്നുണ്ടായിരുന്നു ,തിരിച്ചോടിച്ചെന്ന് അച്ഛന് പതിവ് മുത്തം നൽകാൻ ഓടാൻ തുനിഞ്ഞ അവളുടെ കൈത്തണ്ടയാ പത്തു വയസുകാരന്റെ കൈപ്പിടിയിൽ ചോരച്ചു നിന്നപ്പോൾ കണ്ണീരോടെ അവളെന്റെ മുഖത്തേക്ക് നോക്കി വിട് വിട് എന്ന് വീണ്ടും വീണ്ടും പറയുമ്പോഴും അരുത് അരുത് എന്ന് തലയാട്ടിക്കൊണ്ട് വാരിയെടുത്ത് ആ കവിളിൽ മുത്തിയപ്പോൾ ഹൃദയം നുറുങ്ങുന്ന പോലെയാണെനിക്ക് തോന്നിയത്

യാത്രയവസാനിച്ചത് കാടും മടലും നിറഞ്ഞ് നിന്ന തകർന്നു വീഴാറായ ആ പഴയ ഓലപ്പുരയിലേക്കായിരുന്നു, അമ്മയുടെ പേരിൽ ഉള്ള സ്ഥലം, അമ്മമ്മയും അച്ഛച്ഛനും ജീവിതകാലം മുഴുവനും ജീവിച്ചു തീർത്ത ആ കുട്ടിപ്പുരയിലേക്ക് കയറിച്ചെല്ലുമ്പോൾ നീണ്ട നിശ്വാസത്താൽ ഒരു നെടുവീർപ്പിട്ടു അമ്മ,

ആ കുഞ്ഞു വീട്ടിലെ മുക്കാലടുപ്പ് വേവാനും ഞങ്ങളുടെ മൂന്ന് പേരുടെ കുഞ്ഞി വയറ് കുത്തിനിറക്കാനും വേണ്ടി അമ്മ ചെയ്യാത്ത ജോലികളൊന്നും തന്നെയുണ്ടായിരുന്നില്ല

എങ്കിലും നിന്നു തിരിയാനിടമില്ലാത്ത ആ കുട്ടിപ്പുരയെ ഒരു സ്വർഗ്ഗമാക്കി മാറ്റാൻ വേണ്ടി മാത്രമാണ് എന്റെ അമ്മ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി പുറത്തു ചിരിച്ചു കാണിക്കാറുള്ളതും,

അന്ന് രാത്രി മഴ തിമർത്തുപെയ്യുമ്പോൾ ഓല മറഞ്ഞ വിടവിലൂടെ ഉള്ളിലേക്ക് വെള്ളം ചോർന്നൊലിക്കുമ്പോൾ, ആ മരപ്പലകയിൽ കയറി നിന്ന് വാളൻ പാള കൊണ്ട് ആ തുളയെ അടച്ചു വച്ചു കൊണ്ട് അമ്മയെന്റെ മുഖത്ത് നോക്കിയൊന്ന് പുഞ്ചിരിച്ചു ,അന്നാ വീടിന്റെ പടിയിറങ്ങിപ്പോരുമ്പോൾ ചിരിച്ച അതേ ചിരി,

മാറി മാറി വരുന്ന ഋതുക്കൾ പോലും തോറ്റു പോകുന്ന ആ പുഞ്ചിരിയിൽ എന്റെ ആത്മ വിശ്വാസം കൂടിയിട്ടേ ഉള്ളോ ഇന്നോളം വരെ

പ്ലസ് ടൂ പാസായ ചേച്ചിക്ക് ഡിഗ്രീക്ക് അഡ്മിഷൻ കിട്ടിയപ്പോൾ ഫീസടക്കാൻ അയ്യായിരം രൂപ ആവശ്യമായി വന്നു, എനിക്കറിയാം അമ്മേടെ കയ്യില് ഒരു ചില്ലിക്കാശ് പോലും കാണില്ല അതിന് എന്ന്

രണ്ടും കൽപ്പിച്ച് അമ്മയറിയാതെ ഞാനെന്റെ അമ്മാവൻമാരെ അതായത് അമ്മയുടെ നാട്ടിലെ പ്രമാണിമാരായ ആങ്ങളമാരെ സമീപിക്കാൻ തീരുമാനിച്ചു

കൈ നീട്ടിയപ്പോൾ ദാരിദ്ര്യം പറഞ്ഞ അവർ ഓരോരുത്തരും മൂന്നാള് വീതം ഓരോ നൂറിന്റെ നോട്ട് എനിക്ക് നേരെ വച്ചുനീട്ടിയതാണ്,

സങ്കടത്തോടെ ഞാനത് വാങ്ങിച്ച് അമ്മയ്ക്ക് കൊണ്ടു കൊടുത്തപ്പോഴും എന്റെ മുടിയിഴകളെ തഴുകിയിട്ട് ഒന്നേ അമ്മ പറഞ്ഞുള്ളോ

” അവസ്ഥ അറിഞ്ഞു കൊണ്ടും തിരിഞ്ഞു നോക്കാത്ത ആളുകൾക്ക് നേരെ ഒരിക്കലും ഇരക്കാൻ പോകരുത് ഉണ്ണീ, പ്രത്യേകിച്ച് രക്തബന്ധം ഉള്ളവരുടെ അടുത്ത്, നീയീ നീട്ടിയ മുന്നൂറ് രൂപ നിന്റെ അദ്ധ്വാനത്തിന്റെ ഫലമായിരുന്നെങ്കിൽ ഞാനത് രണ്ട് കയ്യും നീട്ടി സ്വീകരിച്ചേനെ, ഫീസിന്റെ കാര്യമൊക്കെ അമ്മ എങ്ങനെയെങ്കിലും ശരിയാക്കും മക്കള് നന്നായി പഠിച്ചാൽ മതി” എന്ന്

അതു പറഞ്ഞു തീരുമ്പോഴും അമ്മയുടെ മുഖത്ത് ആ പുഞ്ചിരിയുടെ സ്ഥായി ഭാവം നിലനിന്നിരുന്നു, അന്ന് മുതലാണ് സ്വന്തം അദ്ധ്വാനത്തിൽ നാല് കാശെങ്കിൽ അത് ഉണ്ടാക്കണം എന്നും, നന്നായി പഠിക്കണം എന്ന ചിന്തയും എന്റെ ഉള്ളിൽ മുള പൊട്ടി വന്നതും

രണ്ടു ദിവസത്തിനു ശേഷം പുലർച്ചെ പത്രം ഇടൻ പോകാൻ തുടങ്ങി , ശനിയും ഞായറും മറ്റ് ഒഴിവു സമയങ്ങളിലും അടുത്തുള്ള തുണിക്കടയിൽ ജോലിക്ക് പോകുകയും ചെയ്യും

ജോലിക്ക് പോയി കിട്ടിയ ആദ്യത്തെ ശമ്പളo കൊണ്ട് അഞ്ഞൂറ് രൂപ വിലയുള്ള സാരിയാണ് ഞാനമ്മയ്ക്ക് വാങ്ങിക്കൊടുത്തത് , അന്നത്തെ ആ പതിനാലുകാരന്റെ ആഗ്രഹങ്ങളുടെ പട്ടികയിലെ ആദ്യത്തെ കാര്യം നിറവേറ്റിയതിന്റെ ആഹ്ലാദം എത്രത്തോളമായിരുന്നെന്നതിന് കയ്യും കണക്കും ഇല്ലായിരുന്നു,

ആ ചുവന്ന പട്ട് ചേല അമ്മയ്ക്കു നേരെ നീട്ടുമ്പോളും കണക്കില്ലാതെ ഞാൻ ചിലവാക്കിയ അഞ്ഞൂറ് രൂപയ്ക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളും പറഞ്ഞു കുറ്റപ്പെടുത്തുകയായിരുന്നു അമ്മയും ചെയ്തത്

ജോലി കഴിഞ്ഞ് വന്ന് എന്നും ചിലവായ പൈസയൊക്കെ കണക്കു കൂട്ടി പൊടിതട്ടിയെടുത്തയാ പഴയ ഡയറിയിൽ കുത്തിക്കുറിച്ചിടാറുണ്ടമ്മ , അത് കണ്ടിട്ട് പലപ്പോഴും എന്റെ ഉള്ളിൽ നുരഞ്ഞു പൊന്താറുള്ള ആ ചോദ്യം ഞാനമ്മയോടായ് ചോദിച്ചു

” എന്തിനാ അമ്മേ ഇതിങ്ങനെ കുത്തിക്കുറിച്ചിടുന്നത്, അതു കൊണ്ടെന്താണ് പ്രയോജനം ” എന്നയാ ചോദ്യം

ചോദ്യം കേട്ടതും അമ്മയാ കണക്കു പുസ്തകം അടച്ചു വെച്ചിട്ട് എനിക്ക് നേരെ തിരിഞ്ഞു,

” ഉണ്ണീ, ജീവിതത്തിലൊരിക്കലെങ്കിലും നമുക്ക് തോന്നിപ്പോകും, ഇത്ര കാലവും ജീവിച്ചിരുന്നിട്ട് ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ, എന്റേത് വെറുമൊരു പാഴ്ജന്മമാണ് എന്നൊക്കെ, അന്നീ കണക്കു പുസ്തകമിങ്ങനെ തിരിച്ചും മറിച്ചും നോക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസമുണ്ടല്ലോ അതൊന്ന് വേറെ തന്നെയാണ്, ആദ്യം സ്വയം അഭിമാനം കൊള്ളണം എങ്കിലേ മറ്റുള്ളവരെ ഓർത്ത് അഭിമാനം കൊള്ളുന്നതിൽ അർത്ഥം ഉണ്ടാകൂ” എന്ന്

എന്നും പുലർച്ചെ നാല് മണിക്ക് പത്രം ഇടാൻ പോകുമ്പേഴേക്കും അമ്മ ഉണർന്ന് എനിക്ക് കട്ടൻചായ ഇട്ടു തരാറുണ്ട്. എല്ലാവരും ഉറങ്ങിയതിന് ശേഷം ഉറങ്ങിയിട്ട് എല്ലാവരും എണീക്കുന്നതിന് മുൻ എഴുന്നേൽക്കാൻ അറിയുന്ന മാന്ത്രിക വിദ്യയുടെ പൊരുളറിയാൻ ശ്രമിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത് എന്റെ അമ്മ നേരെ ചുവ്വേ ഉറങ്ങിയിട്ട് തന്നെ കാലങ്ങളായി എന്നത്

കിടക്കുമ്പോൾ തലക്കാംപാകത്ത് വെട്ടുകത്തി വച്ച് കിടന്നുറങ്ങാറുണ്ട് അമ്മ, ഉപദ്രവിക്കാൻ ആരെങ്കിലും മുതിർന്നാൽ തന്നെ ഈ പതിനാലുകാരന്റെ കൈകൾക്ക് തടഞ്ഞു നിൽക്കാനുള്ള കായികശേഷി ഇല്ല എന്ന ബോധ്യം അമ്മയിൽ നന്നേ ഉണ്ടായിരുന്നത് കൊണ്ടാണതെന്ന് ഞാൻ സ്വയം മനസ്സിലാക്കുകയായിരുന്നു,

പോകപ്പോകെ എനിക്കും ഉറക്കമില്ലാതായപ്പോൾ അന്ന് രാത്രി അമ്മ എന്റെടുക്കൽ വന്ന് പറഞ്ഞത് ഇന്നും എനിക്കോർമ്മ ഉണ്ട്

” ഈ വീട്ടിൽ ഒരാൾ ഉറങ്ങാതിരുന്നാൽ മതി, അത് ഞാനായിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട് “എന്ന്

പക്ഷെ ഒന്ന് ഞാനന്ന് തീരുമാനിച്ചതാണ് എന്റെ അമ്മയ്ക്ക് മനസ്സമാധാനത്തോടു കൂടി ഉറങ്ങാൻ പറ്റണ ദിവസം വരെ ഞാനെന്റെ ഉറക്കം അതിനു വേണ്ടി മാത്രമായി ത്യജിക്കും എന്ന്

പഠനം പൂർത്തിയാക്കിയപ്പോൾ സാമാന്യം ഭേതപ്പെട്ട ഒരു ജോലി തന്നെയാണ് ചേച്ചിക്ക് കിട്ടിയത് ആ ഓലമേഞ്ഞ വീടിന്റെ കൂരയെ ഓടു കൊണ്ട് മൂടാൻ അധികം താമസിക്കേണ്ടി വന്നില്ല, പഠനം ഒരു ഹരമാക്കിയ എനിക്ക് അടുത്തുള്ള സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടി

ചേച്ചിക്ക് വിവാഹ പ്രായമായപ്പോൾ കല്യാണമേ വേണ്ട എന്ന് തീരുമാനിച്ച ചേച്ചിയുടെ ഉള്ളിൽ ഒന്നുമല്ലാതിരുന്ന കാലത്ത് നഷ്ട്ടപ്പെടുത്തേണ്ടി വന്ന തന്റെ പ്രണയം മാത്രമായിരുന്നു, അയാളുടെ വീട്ടുകാർ ഈ ബന്ധത്തിന് സമ്മതിക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു പോയ അന്ന് ചേച്ചി തീരുമാനിച്ചതാണ് ഇനിയൊരു വിവാഹ ജീവിതം തനിക്ക് വേണ്ട എന്ന് , ജോലിയോടൊപ്പം ആവുന്നത്രയും പഠിക്കണം ആ ഒരൊറ്റ ചിന്ത മാത്രമേ ചേച്ചിയുടെ ഉള്ളിൽ ഉണ്ടായിരുന്നുള്ളോ,

അന്നും അർഹിക്കാത്തത് ആഗ്രഹിക്കരുതെന്ന് പറഞ്ഞു ചേച്ചിയെ സമാധാനിപ്പിച്ചിരുന്നു അമ്മ, അതു കൊണ്ടു ‘തന്നെയാണ് പരസ്പരം ഇഷ്ട്ടമായിരുന്നിട്ട് കൂടി അമ്മുവിനെ കുറിച്ച് ഒരക്ഷരം ഞാനമ്മയോട് പറയാതിരുന്നതും,

ഞാൻ കാരണം അമ്മയുടെ മനസ്സ് വേദനിക്കരുത് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു, ജീവിതം ഇത്രത്തോളം മെച്ചപെട്ടിട്ടും അമ്മ മാത്രം മാറിയിരുന്നില്ല

അന്നത്തേ പോലെ പൊട്ടിയ ചെരുപ്പിനെ കമ്പി നൂലിനാൽ കോർത്ത് കാലിലണിയും, ഫ്രേയിമൊടിഞ്ഞ കണ്ണടയിൽ സെല്ലോ ടേപ്പ് അടിച്ച് നേരെയാക്കും, കീറിയ ഉടുപ്പുകൾ തുന്നിക്കൂട്ടി വീണ്ടുo ഉപയോഗിക്കും, ഇത്തിരി നനഞ്ഞാലും മഴയത്ത് ശീലയൊടിഞ്ഞ അമ്മയുടെ സ്വന്തം കുട ഇടതുകയ്യാൽ നിവർത്തിപ്പിടിച്ച് നടക്കുo

അന്നും ഞങ്ങൾക്കമ്മ ചെരുപ്പ് വാങ്ങിത്തരാറുണ്ട് ,പുത്തനുടുപ്പ് വാങ്ങി തരാറുണ്ട്, ക്ലാസ്സിൽ പോകുമ്പോൾ മഴ നനയാതിരിക്കാൻ കുടയ്ക്കു പകരം റെയിൻ കോട്ടും വാങ്ങിത്തരാറുണ്ട്,

അമ്മയ്ക്ക് അമ്മയുടെ ഇഷ്ട്ടങ്ങളായിരുന്നില്ല ഞങ്ങളുടെ ഇഷ്ട്ടങ്ങളായിരുന്നു വലുത്, അത് ഒന്നു കൂടെ ഞാൻ ഊട്ടിയുറപ്പിച്ചത് ഞാനറിയാതെ തന്നെ ഞാൻ സ്നേഹിക്കുന്നവളുമായി അമ്മയെന്റെ വിവാഹം ഉറപ്പിച്ചു എന്നറിഞ്ഞപ്പോഴാണ്,

‘അമ്മ ഞങ്ങൾക്കൊരു തുറന്ന പുസ്കമായിരുന്നു ഇനിയും വായിച്ചു തീർന്നിട്ടില്ലാത്ത ഒരു തുറന്ന പുസ്തകം’

സന്തോഷം കൊണ്ട് ഞാൻ ഉമ്മറത്തേക്ക് ഓടിച്ചെന്നപ്പോൾ തുളസിത്തറയിൽ ഉണ്ടായിരുന്ന തുളസിയിലെ കരിഞ്ഞ കതിരിനെ പുഞ്ചിരിച്ചു കൊണ്ട് അറുത്തു കളയുകയായിരുന്നു അമ്മ, അത് കണ്ടപ്പോൾ എനിക്ക് തോന്നിയത് അച്ഛനെ പതിയെ പതിയെ മനസ്സിൽ നിന്നും നുള്ളി നുള്ളി എറിയുകയാണ് എന്നാണ്

ഓടിച്ചെന്ന് അമ്മയെ എടുത്തു കറക്കിക്കൊണ്ട് ഞാനാ ചോദ്യം ചോദിച്ചു

ഞങ്ങൾ ഇഷ്ട്ടത്തിലായിരുന്നു അമ്മയ്ക്ക് എങ്ങനെ അറിയാം എന്ന ചോദ്യം

അതിനമ്മ മറുപടി പറഞ്ഞത് ഇങ്ങനെയാണ്

കണ്ണടച്ച് പാലുകുടിച്ചാൽ ചുറ്റുമുള്ളവരാരും കാണില്ലെന്നത് പൂച്ചയുടെ മിഥ്യയായ ധാരണയാണ് ഉണ്ണി എന്ന്

വിവാഹത്തിന്റെ ഒരുക്കങ്ങൾ നല്ല തകൃതിയായി തന്നെ നടന്നു അമ്മയ്ക്ക് കല്യാണത്തിന് ഉടുക്കാൻ വേണ്ടി ഞാൻ വാങ്ങിച്ചത് എന്റെ വിവാഹ വസ്ത്രത്തേക്കാൾ വിലപിടിപ്പുള്ള സാരി തന്നെയായിരുന്നു

ആദ്യത്തെ കല്യാണക്കുറി അച്ഛന് തന്നെ കൊണ്ടു കൊടുക്കണം എന്ന വാശി അമ്മയ്ക്കുണ്ടായിരുന്നത് കൊണ്ടു തന്നെ ഞങ്ങൾ ആദ്യം പുറപ്പെട്ടത് രണ്ടാമതൊരിക്കലും ചവിട്ടില്ലെന്ന് കരുതിയ ആ വീട്ടു പടിക്കൽ തന്നെയായാരുന്നു

അവിടെ എത്തിയപ്പോഴാണ് അറിയുന്നത് അച്ഛനെ ചെറിയമ്മ ഉപേക്ഷിച്ചു എന്നുo പാതി സ്വത്തുക്കൾ തന്റെ പേരിലേക്കാക്കി എന്നതും

ഇതിനെല്ലാം മൂകസാക്ഷിയായി തലയും ചൊറിഞ്ഞു ഒരു ഭ്രാന്തിയുടെ രൂപത്തിൽ അച്ഛമ്മയും അവിടെത്തന്നെ ഉണ്ടായിരുന്നു

അർഹിച്ച ശിക്ഷ തന്നെയാണ് അവർക്ക് ലഭിച്ചത്, അതിലെനിക്ക് തെല്ല് പോലും ദു:ഖം തോന്നിയിരുന്നില്ല ക്ഷണക്കത്ത് അച്ഛനെ ഏൽപ്പിച്ച് തിരികെയാ പടിപ്പുര താണ്ടുമ്പോഴും ഞാൻ കണ്ടു അമ്മയുടെ മുഖത്ത് പഴയയാ പുഞ്ചിരി വിടർന്നു തന്നെ നിൽക്കുന്നത് ഈ ലോകത്താർക്കും ഇന്നേ വരെ അടിയറ വെച്ചിട്ടില്ലാത്തയ വശ്യമാർന്നയാ പുഞ്ചിരി,

പടിപ്പുര താണ്ടി ആ പഞ്ചായത്ത് പൈപ്പിലമ്മ കാല് കഴുകുന്നത് കണ്ടപ്പോൾ ഇന്നേ വരെ ആ വീട്ടിലെ ഒരു തരി മണ്ണിന് പോലും അവകാശം ചോദിച്ച് ആ പടിക്കൽ കാലു കുത്താത്ത അമ്മയുടെ കാലിൽ അതേ മണ്ണ് പറ്റിയത് അരോചകമായി തോന്നിയത് കൊണ്ടായിരിക്കും അതങ്ങനെ കഴുകിക്കളയുന്നത് എന്നാണ്

വിവാഹ ദിവസം വന്നെത്തി അണിഞ്ഞൊരുങ്ങി പന്തലിലേക്ക് ഇറങ്ങാൻ നിൽക്കുന്നേരം അമ്മയെ ഞാനൊന്ന് നീട്ടി വിളിച്ചു വാതിൽ തുറന്ന് പുറത്തേക്ക് വന്ന അമ്മയെ കണ്ടപ്പോൾ എന്റെ കണ്ണൊന്ന് പുറത്തേക്ക് തള്ളിയതാണ്

കാരണം ഞാൻ വാങ്ങിക്കൊടുത്ത ഇരുപതിനായിരം രൂപ വിലമതിക്കുന്ന സാരിക്ക് പകരം അമ്മയുടുത്തിട്ടുണ്ടായിരുന്നത് ആ പഴയ പതിനാലുകാരൻ വാങ്ങിക്കൊടുത്ത വെറും അഞ്ഞൂറു രൂപ വിലയുള്ളയാ ചുവന്ന പട്ടുസാരിയായിരുന്നു ഇന്നേ വരെ അമ്മയുടുത്തു കണ്ടിട്ടില്ലാത്തയാ പട്ടുസാരി

അതുടുത്തു കൊണ്ട് അമ്മ അഭിമാനത്തോടു കൂടി ബന്ധുക്കളോടായി പറയുന്നുണ്ടായിരുന്നു

” എന്റെ മോൻ, എന്റെ മോനെനിക്ക് ആദ്യമായിട്ട് വാങ്ങിത്തന്ന സാരിയാണ് ഇത് ” എന്ന്

എന്തിനാ അമ്മേ പുതിയത് ഇടാർന്നില്ലേ എന്ന ചോദ്യത്തിനവിടെ പ്രസക്തിയില്ലെന്നെനിക്കറിയാമായിരുന്നു

കാരണം ഇന്ന് ഞാൻ മുടക്കിയ ഇരുപതിനായിരത്തിന്റെ മൂല്യത്തേക്കാൾ കൂടുതലായിരുന്നു അമ്മക്ക് അന്ന് ഞാൻ മുടക്കിയയാ അഞ്ഞൂറ് രൂപയുടെ വില എന്നത് അമ്മയെന്നോട് പറയാതെ തന്നെ പറയുകയായിരുന്നു

വിവാഹ ശേഷം അമ്മുവിന്റെ കൈ പിടിച്ചു തന്ന അവളുടെ അച്ഛന്റെ മുഖത്ത് നോക്കിയമ്മ പറയുന്നുണ്ടായിരുന്നു ഇവൾ എനിക്ക് മരുമോളല്ല സ്വന്തം മകൾ തന്നെയായിരിക്കും എന്ന്

പക്ഷെ സംഭവിച്ചത് പ്രതീക്ഷിച്ചതിന് വിപരീതമായിട്ടായിരുന്നു. വീട്ടിലുള്ളവരുടെ കുറ്റവും കുറവും കണ്ടു പിടിക്കാനേ അവൾക്ക് നേരം ഉണ്ടായിരുന്നുള്ളോ

ജോലി കഴിഞ്ഞെത്തിയാൽ പരാധിയുടെ കെട്ടെടുത്തവൾ പുറത്തേക്കെടുക്കും, ചേച്ചിയോടും ഗീതുട്ടിയോടും ഞാൻ കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്നതൊന്നും അവൾക്ക് ഇഷ്ട്ടമായിരുന്നില്ല

അവളെ സംബന്ധിച്ച് ഞാനും അവളും ഞങ്ങളുടെ ഒതുങ്ങുന്ന ഒരു ചെറിയ ലോകം അതായിരുന്നു അവളുടെ മനസ്സിൽ

നാത്തൂൻ പോരെടുക്കാൻ ചെല്ലുമ്പോഴൊക്കെ ഗീതുട്ടിയും ചേച്ചിയും അവളിൽ നിന്നും ഒഴിഞ്ഞുമാറി തുടങ്ങിയപ്പോൾ ചാട്ടം അമ്മയ്ക്ക് നേരെയായി തുടങ്ങി

ദിവസത്തിൽ മൂന്ന് തവണയെങ്കിലും അമ്മയെയവൾ കുറ്റപ്പെടുത്തുന്നത് പരമാവധി ഞാൻ സഹിച്ചതാണ്

അവളും അമ്മയും പിന്നെ കൂടപ്പിറപ്പുകളും ഒരിക്കലും ഒത്തു പോകില്ലെന്ന് മനസ്സിലാക്കിയപ്പോളാണ് മറ്റൊരു വീടെടുത്ത് താമസം മാറ്റാം അമ്മയ്ക്ക് കൂട്ടിന് ചേച്ചിയും ഗീതുവും ഉണ്ടല്ലോ എന്ന അവളുടെ ആവശ്യത്തിന് ഞാൻ സമ്മതം മൂളിയത്

അന്ന് അമ്മയും ചേച്ചിയും ഗീതുട്ടിയും മൂകാംബികയ്ക്ക് തൊഴാൻ പോയ ദിവസമാണ് ഞാനവളോട് പറഞ്ഞത് എടുക്കാനുള്ളതൊക്കെ കെട്ടിപ്പെറുക്കി എടുത്തോ നമ്മൾ താമസം മാറ്റുകയാണ് എന്ന്,

ആഹ്ലാദത്തോടെയവൾ എല്ലാം ഉത്സാഹത്തോടെ കെട്ടിപ്പൂട്ടിക്കൂട്ടുന്നതു കണ്ടപ്പോൾ മനസ്സൊന്ന് വിങ്ങിയതാണ്

ഉമ്മറത്തേക്ക് പോയപ്പോൾ ആ തുളസിത്തറയിൽ വെയിലത്തും വാടാതെ നിൽക്കുന്നുണ്ടായിരുന്നയാ തുളസിച്ചെടി ഉണക്കക്കതിരു പൊഴിച്ചു നിൽക്കുന്നത് കണ്ടപ്പോൾ പല്ലുകടിച്ചു കൊണ്ട് ഞാനാ കതിരടർത്തി മാറ്റി

നമുക്ക് പോകാം എന്നു പറഞ്ഞപ്പോൾ മെല്ലെ ഞാനൊന്നു തലയാട്ടുകമാത്രമായിരുന്നു ചെയ്തത്

“അമ്മയെ അറിയിക്കണ്ടേ ഉണ്ണിയേട്ടാ “?

ചോദ്യം കേട്ടപ്പോഴേക്കും ഒരിറ്റ് കണ്ണുനീരെന്റെ കവിളിനെ തഴുകി ഇറങ്ങിയതാണ്

” അമ്മ അറിഞ്ഞോളും അമ്മൂ”

അതും പറഞ്ഞ് ഞാൻ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, വണ്ടി നേരെ ചെന്നു നിന്നത് അവളുടെ വീടിന്റെ ഉമ്മറത്താണ്

ഇറങ്ങ് എന്ന് ഞാൻ പറഞ്ഞപ്പോൾ ചെറിയൊരു ഭാവമാറ്റത്തോടു കൂടി അവളെന്റെ മുഖത്തേക്ക് നോക്കി

” ഇറങ്ങാൻ “

അതിത്തിരി ഉച്ചത്തിലായിരുന്നു പറഞ്ഞത്, നേർത്ത ഞെട്ടലോടെ വണ്ടിയിൽ നിന്നിറങ്ങിയ അവൾക്ക് നേരെ ഞാനാ പഴയ ഡയറി വച്ച് നീട്ടി

” ഇത് മൊത്തം നീ വായിക്കണം , നീ മനസ്സിലാക്കണം അമ്മ ഞങ്ങൾക്കൊക്കെ ആരായിരുന്നു എന്ന്,ഇതിലെന്റെ അമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ട്, ഞങ്ങൾ ഞങ്ങളായി മാറിയത് എങ്ങനാണ് എന്നതിന്റെ തെറ്റാത്ത കണക്കുകൂട്ടലിന്റെ പിഴക്കാത്ത അക്ഷരങ്ങളുണ്ട് ഇതിൽ, എന്നിട്ടും നിനക്ക് മനസ്സിലായില്ല എന്നുണ്ടെങ്കിൽ നിനക്ക് താമസിക്കാൻ ഇതിലും പറ്റിയ ഒരിടം വേറെ ഇല്ല എന്ന് ഞാനങ്ങ് കരുതും “

അത് കേട്ടതും പൊട്ടിക്കരഞ്ഞുകൊണ്ടവൾ ഉള്ളിലേക്ക് പോയി, ഒന്ന് ഇറങ്ങാൻ കൂടെ കൂട്ടാക്കാതെ നേരെ ഞാൻ ചെന്നത് ബാറിലേക്കാണ്

രണ്ടെണ്ണം വീശി വീട്ടിലേക്ക് തിരിച്ച് കയറിച്ചെല്ലുമ്പോൾ അവിടെ പ്രതീക്ഷിച്ചതു പോലെ അമ്മുവും അവളുടെ അമ്മയും, തൊട്ടപ്പുറത്ത് ക്രോധം കൊണ്ട് ഉറഞ്ഞു തുള്ളി നിൽക്കുന്ന എന്റെ അമ്മയും ഉണ്ടായിരുന്നു

പടി ചവിട്ടിയതും അമ്മയുടെ പറക്കൈ എന്റെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു

രണ്ടാമത് കയ്യോങ്ങുമ്പോഴേക്കും അമ്മു അമ്മയുടെ കാലിലേക്ക് വീണ് പറയുന്നുണ്ടായിരുന്നു,

” തെറ്റ് എന്റെ ഭാഗത്താണ് ഏട്ടനെ ഒന്നും ചെയ്യരുത് ,എന്നെ ശിക്ഷിച്ചോളു അമ്മേ ” എന്ന്

” മതി സുഭദ്രാമ്മേ അവൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല, ഒരു നല്ല മകൻ എങ്ങനെയായിരിക്കണം അങ്ങനെയൊക്കെയേ അവനും പെരുമാറിയിട്ടുള്ളോ. നാലെണ്ണം കിട്ടാത്തേന്റെ കേട് എന്റെ മകൾക്കായിരുന്നു “

അതും പറഞ്ഞ് അമ്മുവിന്റെ അമ്മ നിലം പതിച്ചു കിടന്നയെന്നെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു നിറുത്തി എന്റെ കവിളിൽ മെല്ലെയൊന്നു തലോടിക്കൊണ്ടിരുന്നു,

” ഞാൻ തല്ലിയത് അവനവന്റെ ഭാര്യയെ വീട്ടിൽ കൊണ്ടാക്കിയതുകൊണ്ടല്ല , എന്റെ മോളെ എന്റെ അറിവില്ലാതെ ഇവിടെ നിന്ന് പുറത്താക്കിയതിനാണ്, അതിന് അവനു അധികാരം ഇല്ല, ഇഷ്ടമല്ലെങ്കിൽ വേണേൽ അവൻ ഇറങ്ങിപ്പോക്കോട്ടെ എന്റെ മോളെ പിടിച്ചു പുറത്താക്കാൻ നോക്കിയാൽ നോക്കി നിക്കില്ല ഞാൻ “

അമ്മയത് പറയുമ്പോഴും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അവളെന്റെ അമ്മയെ വട്ടംകൂട്ടി മുറുകെ വാരിപ്പുണർന്നു കൊണ്ട് ആവർത്തിച്ചാവർത്തിച്ച് ക്ഷമയാചിക്കുമ്പോൾ എന്റെ കണ്ണുകൾ അനുസരണ തെറ്റിച്ചു പെയ്തു തുടങ്ങിയിരുന്നു, ഉള്ളിൽ ഞാൻ ഉറക്കെയുറക്കെ കരയുകയായിരുന്നു

ഞാൻ കരഞ്ഞത് അടി കിട്ടിയതിന്റെ ആഘാതത്തിൽ നോന്തുകൊണ്ടായിരുന്നില്ല,മറിച്ചു സന്തോഷം കൊണ്ടായിരുന്നു അത്

എന്തെന്നോ?

എനിക്ക് തെളിയിക്കണമായിരുന്നു അത്

അവളീ വീട്ടിൽ വന്നു കയറിയത് മരുമോളായിട്ടല്ല എന്റെ അമ്മയുടെ സ്വന്തം മകൾ ആയിട്ടു തന്നെയാണ് എന്ന്

അന്നമ്മ അവളുടെ അച്ഛന് കൊടുത്ത വാക്ക് വെറും പാഴ്വാക്കായിരുന്നില്ല എന്ന്

നടന്ന സംഭങ്ങളിൽ തെല്ലു പോലും ദു:ഖം തോന്നിയിരുന്നില്ലെനിക്ക് കാരണം ഇന്നരങ്ങേറിയ നാടകത്തിൽ കഥയും തിരക്കഥയും സംഭാഷണവും സംവിധായകയനും ഒക്കെ ഞാനായിരുന്നു, ഒപ്പം അഭിനയിച്ചതും ഞാൻ മാത്രമായിരുന്നു

കാരണം എന്റെ അമ്മയെനിക്ക് രാജ്ഞിയായിരുന്നു എന്റെ വീടിന്റെ കിരീടം വെക്കാത്ത രാജ്ഞി,ആ സത്യം ഇന്ന് ഏറ്റവും നന്നായി അറിയുന്നത് അവൾക്കാണ്, എന്റെ ഭാര്യക്ക്,