വൈകി വന്ന വസന്തം – ഭാഗം 12, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വീടും പൂട്ടി പുറത്തേക്കിറങ്ങിയതും അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. ഫോണെടുത്തു നോക്കിയ അലക്ക്സിന്റെ ചുണ്ടിൽ നല്ലൊരു ചിരി വിടർന്നു. ” ഹലോ ” ദാ വരുന്നെടാ…കൂടിയാൽ ഒരു മൂന്നു മണിക്കൂർ…അല്ലെങ്കിൽ അതിനുള്ളിൽ എത്താം. അതുംപറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തു. ബുള്ളറ്റ്  സ്റ്റാർട്ട്‌ ചെയ്തു നേരെ വിട്ടു….കൃഷ്ണപുരത്തേക്ക്…”

ശ്രീനാഥിന്റെയും  നന്ദനയുടെയും”  വിവാഹത്തിന്…അങ്ങനെ ആ ദിവസം വന്നെത്തി….ഇന്നാണ്  നന്ദനയുടെയും ശ്രീനാഥിന്റെയും വിവാഹം. പതിവുപോലെ രാവിലെ നേരത്തെ എണീറ്റു കുളിച്ചു വേഷം മാറിയ നന്ദയുടെ അടുത്തേക്ക് ദേവു വന്നു. അവളും സുന്ദരിയായിട്ടാണ് വന്നത്…..കീർത്തിയും, ദേവും കൂടി നന്ദനയെ അണിയിച്ചൊരുക്കി.  സെറ്റും  മുണ്ടുമായിരുന്നു നന്ദനയുടെ കല്യാണ വേഷം. നല്ല വീതിയുള്ള സ്വർണ്ണ കരയുള്ള സെറ്റും മുണ്ടും , അതിൽ കൃഷ്ണന്റെ ചിത്രങ്ങൾ പ്രിന്റ് ചെയ്തിരുന്നു. നന്ദനയുടെ ഇഷ്ടഭഗവാൻ കൃഷ്ണനാണ്  എന്നറിഞ്ഞു  തന്നെയാണ് ശ്രീനാഥ്‌  ആ ഡ്രസ്സ് അവൾക്  വേണ്ടി വാങ്ങിച്ചത്.  അധികം ആർഭാടങ്ങൾ ഇല്ലാതെ മിതമായ  രീതിയിൽ  ഒരുങ്ങി  സുന്ദരിയായി വന്ന നന്ദനയെ കണ്ട്  എല്ലാവരും അവളെ നോക്കി നിന്നു. അപ്പോഴേക്കും നളിനിയമമായി അവളുടെ അടുത്തേക്ക് വന്നു. “എന്റെ കുട്ടിയെ ആരും കണ്ണുവക്കരുത്” എന്ന് പറഞ്ഞുകൊണ്ട്  എന്തോ സാധനങ്ങൾ കയ്യിലെടുത്ത അമ്മായി അവളുടെ തലക്ക് മുകളിലൂടെ മൂന്നു പ്രാവശ്യം ഉഴിഞ്ഞു അത് പുറത്തേക്ക് കളഞ്ഞു.

അപ്പോഴേക്കും വാസുദേവൻ അങ്ങോട്ട്‌ വന്നു. “മോളെ…..അമ്മയുടെ അനുഗ്രഹം  വാങ്ങണ്ടേ” അതും ചോദിച്ചുകൊണ്ട്  അച്ഛൻ നന്ദനയെ  മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. ചുമരിൽ തൂക്കിയിട്ടിരിക്കുന്ന അമ്മയുടെ ഫോട്ടോക്ക് മുന്നിൽ  കണ്ണുകൾ അടച്ചു, കയ്യ് കൂപ്പി നിന്ന് നല്ലൊരു ജീവിതത്തിനായി അമ്മയുടെ അനുഗ്രഹം വേണമെന്ന് അവൾ മനസുകൊണ്ടാഗ്രഹിച്ചു. അവൾ അമ്മയുടെ ഫോട്ടോക്ക് മുന്നിൽ നിന്നുകൊണ്ട്  അതിനായി പ്രാർത്ഥിച്ചു. “ജാനകി ” നമ്മുടെ  മോൾ….നീ ആഗ്രഹിച്ചതുപോലെ…അവളെ ഞാൻ അവന്റ  കയ്യ്കളിൽ ഏല്പിക്കാൻ പോകുന്നു. സന്തോഷമായോ” അയാൾ  ഭാര്യയുടെ ഫോട്ടോയുടെ മുന്നിൽ നോക്കിനിന്നുകൊണ്ട് മനസ്സിൽ ഭാര്യയോട്  സംസാരിച്ചു.

“അച്ഛാ……. ഇറങ്ങാൻ  നേരമായി…അമ്മാവൻ അന്വേഷിക്കുന്നു” എന്നും പറഞ്ഞുകൊണ്ട് അപ്പോഴേക്കും ദേവു അവിടേക്ക് കയറിവന്നു.  അച്ഛന്റെ കണ്ണുനിറഞ്ഞിരിക്കുന്നത് അവിടേക്ക്  കയറിവന്ന ദേവു കണ്ടു. മുഖം വീർപ്പിച്ചുകൊണ്ടവൾ  അച്ഛനെ നോക്കി പറഞ്ഞു. “അച്ഛാ….വേണ്ടാട്ടോ…അമ്മ  കാണുനുണ്ട്”. നിറഞ്ഞു വന്ന കണ്ണുകൾ മക്കൾ കാണാതിരിക്കൻ വാസുദേവൻ നന്നേ പാടുപെട്ടു. കണ്ണുകൾ തുടച്ചുകൊണ്ടായാൾ  അവരെയും വിളിച്ചുകൊണ്ട് പുറത്തേക്ക് വന്നു. “അമ്പലത്തിലേക്ക് പോകാൻ  സമയമായി” അവിടേക്ക് കയറിവന്ന രാജൻ അമ്മാവൻ അച്ഛനോട് പറയുന്നത് നന്ദന കേട്ടു. പെട്ടന്നവളുടെ  ഉള്ളിൽ  ചെറിയൊരു പേടി വന്നു. “9നും 10 നും ഇടയിലുള്ള മുഹൂർത്തം , അമ്പലത്തിൽ വച്ചു താലികെട്ട്” എല്ലാവരുടെയും അനുഗ്രഹത്തോടെ നന്ദന  അമ്പലത്തിലേക്ക് പോയി .

ഏകദേശം  9 മണികഴിഞ്ഞപ്പോൾ ശ്രീനാഥും  കൂട്ടരും എത്തി . നന്ദനയുടെ ആങ്ങളയുടെ സ്ഥാനത്തുനിന്നും കിരൺ ശ്രീനാഥിനെ സ്വീകരിച് അമ്പലത്തിനകത്തേക്ക്  കൂട്ടികൊണ്ടുപോയി നടപന്തലിൽ ഇരുത്തി. അല്പസമയത്തിനു ശേഷം….ശ്രീനാഥിന്റെ ചെറിയച്ഛന്റെ മകൾ മീര പെങ്ങളുടെ സ്ഥാനത്തുനിന്നും  നന്ദനയെ കൂട്ടികൊണ്ടുവന്നു. കയ്യിൽ താലമേന്തി നടന്നുവരുന്ന അവളെ ശ്രീനാഥ്‌ കണ്ണുചിമ്മാതെ നോക്കിയിരിരുന്നു. താലം ഭഗവാന്റെ നടക്കൽ വച്ച്  നന്ദന ഭഗവാനെ തൊഴുതു. മീര നന്ദനയെ ശ്രീനാഥിന്റെ ഇടതുവശത്ത്  കൊണ്ടിരുത്തി. മുഹൂർത്തമായി….കണ്ണടച്ച് തൊഴുകയ്യ്കളോടെ ഇരുന്ന നന്ദയുടെ കഴുത്തിൽ പൂജിച്ചുവാങ്ങിയ മഞ്ഞച്ചരടിൽ കോർത്ത താലി ശ്രീനാഥ്‌ കെട്ടി. ശേഷം താലി ഇടാനുള്ള സ്വർണ്ണമാലയും ചാർത്തി.

തുടർന്ന്…ശ്രീനാഥിന്റെ  മോതിരവിരലിനാൽ അവളുടെ സീമന്തരേഖയിൽ സിന്തൂരവും അണിയിച്ചു. തുടർന്ന് ശ്രീനാഥ്‌ നന്ദക്കും നന്ദ ശ്രീനാഥിനും  പരസ്പരം തുളസിമാല ഇട്ടു. ഇരുവരും മുഖത്തോടു മുഖം നോക്കി പുഞ്ചിരിച്ചു” അടുത്തത് കന്യധാനമാണ്…..വാസുദേവൻ നന്ദയുടെ വലുതുകയ്‌  ശ്രീനാഥിന്റെ വലതുകയിലേക്ക് ചേർത്തുവച്ചു കൊടുത്തു   ഇടയിൽ ഒരു വെറ്റിലയും കൂട്ടി വച്ചുകൊണ്ട് ശേഷം  രണ്ടുപേരും കയ്യ്കൾ  ചേർത്തുപിടിച്ചുകൊണ്ട് അമ്പലത്തിനു ചുറ്റും വലം വച്ച്  നടക്കൽ വന്നു  ഭഗവാനെ തൊഴുതു…”എന്നും എന്റെ കൂടെ  തുണയായി  ശ്രീയേട്ടനെ ഇതുപോലെ ചേർത്തുനിർത്തണെ….കൃഷ്ണാ” കണ്ണുകൾ അടച്ചു കയ്യ്കൂപ്പി മനമുരുകി തൊഴുതുകൊണ്ട് നന്ദ പ്രാർത്ഥിച്ചു. ഇതേ പ്രാർത്ഥനയിൽ തന്നെയായിരുന്നു  ശ്രീനാഥും….”എന്റെ ജീവനാണ്  ഈ നില്കുന്നത് ,എന്റെ മരണം വരെയും എന്റെ  പ്രാണനായി ഇവൾ  എന്നിൽ കുടികൊള്ളണം, അത് എന്നിൽ നിന്നും നീ അടർത്തിമാറ്റരുത് ഭഗവാനെ”കണ്ണുകൾ അടച്ചു ശ്രീനാഥും…”

തൊഴുതുകഴിഞ്ഞെങ്കിൽ നമുക്ക്‌ ഹാളിലേക്ക് പോകാം മക്കളെ” ദേവകിയമ്മയുടെ വാക്കുകൾ ആണ് രണ്ടുപേരെയും  പ്രാർത്ഥനയിൽ നിന്നുണർത്തിയത്. അമ്പലത്തിന്റെ തന്നെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ബാക്കി പരിപാടികൾ എല്ലാം. അതുകൊണ്ട് എല്ലാവരും അവിടേക്ക് പോയി. ഹാളിലെത്തിയ നന്ദനയെ സാരി മാറ്റിക്കുവാൻ വേണ്ടി മീര റസ്റ്റ്‌ റൂമിലേക്ക് കൊണ്ടുപോയി.  കൂടെ ദേവും, കീർത്തിയും. ഈ സമയം ശ്രീനാഥിന്റെ  അടുത്തേക്ക് അവന്റെ കൂട്ടുകാർ വന്നു അവന് കമ്പനി  കൊടുത്തു. താലികെട്ടിന്റെ വേഷം മാറി…ഒരു  റെഡ് ചില്ലി  കളർ സാരിയുടുത്ത് സ്റ്റേജിലേക്ക് കയറിവന്ന നന്ദനയെ കണ്ട് കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരുന്ന ശ്രീനാഥിന്റെ കണ്ണുകൾ വിടർന്നു , അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി അവൻ അവളെ തന്നെ നോക്കിനിന്നു.

“മോനെ”…..ശ്രീനാഥേ……. ഇതു നിന്റെയാ….ആരും കട്ടുകൊണ്ട് പോകില്ല……..ഇങ്ങനെ നോക്കി  വെള്ളമിറക്കണ്ട…..കൂട്ടത്തിൽ ഒരുത്തൻ വിളിച്ചുപറഞ്ഞു. അതുകേട്ടതും അവിടെ  കൂട്ടച്ചിരി ഉയർന്നു. ശ്രീനാഥ്‌ അവനെ നോക്കി   കണ്ണുരുട്ടി കാണിച്ചു. “ഇതൊക്ക എന്ത്……  ഞാൻ ഇതിൽ കൂടുതൽ കണ്ടതല്ലേ.” അതിനിടയിൽ അലക്സ്  അവനെയൊന്ന്  തറപ്പിച്ചു നോക്കി കളിയാക്കി  പറഞ്ഞു. “ടാ …. ടാ……  നീ വലിയ വർത്തമാനം പറയണ്ട….കല്യാണത്തിന് ഒരാഴ്ച മുന്നേ വരാം ഇന്ന് പറഞ്ഞു പോയ ആളാ”എന്നിട്ട്  ഇന്നലെ പാതിരാത്രി വന്നതും പോരാ…നിന്നെ….

“ദേ…..നന്ദന വന്നു” ശ്രീനാഥ്‌ പറയാൻ വന്നത് പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ അവിടെനിന്നും മാറി നന്ദനയുടെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും മീര  നന്ദനയെ  ശ്രീനാഥിന്റെ  അടുത്തേക്ക് കൊണ്ടുവന്ന് നിർത്തി . പിന്നെ അവിടെ പരിചയപെടുത്തലും,  പരിചയപ്പെടലും, ഫോട്ടോ എടുക്കലും ആയി. നന്ദന എല്ലാവരോടും ചിരിച്ചുകൊണ്ട് തന്നെ പെരുമാറി. നിശ്ചയം ആരെയും അറിയിക്കാതെ നടന്നതിനാൽ  കല്യാണം ഗംഭീരമായി തന്നെ രണ്ടുവീട്ടുകാരും  നടത്തി. രണ്ടുകൂട്ടരും ഒരേ സ്ഥലത്തുതന്നെ കല്യാണം നടത്തിയതിനാൽ അതെല്ലാവർക്കും  ഉപകാരമായി. വരന്റെയും   വധുവിന്റെയും  വീട്ടുകാരെ കൂടാതെ അവരുടെ കൂടെ മുൻപ്  വർക്ക്‌ ചെയ്യുന്നവരും  ഇപ്പോൾ വർക്ക്‌ ചെയ്യുന്നവരും  കൂട്ടുകാരും എന്നുവേണ്ട ആകെ ഒരു ജനസാഗരമായിരുന്നു…..ഓഡിറ്റോറിയത്തിൽ…..

പിന്നെ…..കുറേനേരത്തേക്ക്    ഫോട്ടോ എടുക്കലും മറ്റും പരുപാടികളുമൊക്കെയായി  സമയം പോയിക്കൊണ്ടിരുന്നു. അവസാനം സദ്യയും കഴിച്ചു അവർ രണ്ടാളും ഒന്നു വിശ്രമിച്ചിരിക്കുമ്പോളാണ് അവരുടെ അടുത്തേക്ക് ചെറിയച്ഛൻ  വന്ന്  ശ്രീനിലയത്തേക്ക് പോകാനുള്ള സമയം ആയി എന്ന്  പറഞ്ഞത്. അപ്പോഴേക്കും നന്ദയുടെ മുഖം മാറുന്നത് ശ്രീനാഥ്‌ ശ്രദ്ധിച്ചിരുന്നു…അവളുടെ കണ്ണിൽ സങ്കടം വന്നു. ” എന്തെ? …… ശ്രീനിലയത്തേക്ക് പോകണ്ടേ”….അവൻ അവളെ അരികിലേക്ക് ചേർത്തുപിടിച്ചുകൊണ്ട്  അവളോട് ചോദിച്ചു. മ്മ്……. സങ്കടത്തോടെ തലകുനിച്ചുനിന്ന അവളിൽ നിന്നും ഒരു  മൂളൽ  മറുപടിയായി  വന്നു.

അച്ഛന്റെ കാലിൽതൊട്ട്  അനുഗ്രഹം വാങ്ങിയ  നന്ദനയെ  വാസുദേവൻ ശ്രീനാഥിന്റെ കയ്യ്കളിൽ ഏല്പിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞുവന്നു. അതുകണ്ട  നന്ദന അച്ഛനെ കെട്ടിപിടിച്ചുകൊണ്ട്  ചോദിച്ചു….അച്ഛാ….. അമ്മ പറഞ്ഞത് ഓർമ്മയിലെ….ഉവ്വ്…..  മോളെ….. ഇതു സന്തോഷത്തിന്റെ കണ്ണുനീരാ…..എന്റെ മോളുടെ കാത്തിരിപ്പിന്റെ ഫലം ലഭിച്ച ദിനമാണ് ഇന്ന് അപ്പോൾ അച്ഛൻ കരയില്ല. പറഞ്ഞുതീരുമ്പോഴേക്കും ദേവും അവരുടെ ഇടയിലേക്ക് വന്നു…..എല്ലാവരുടെയും അനുഗ്രഹത്തോടെ നന്ദന ശ്രീനാഥിന്റെ കൂടെ ശ്രീനിലയത്തിലേക്ക് പുറപ്പെട്ടു.

******************

ശ്രീനിലയത്തിനു മുന്നിൽ കാർ വന്നു നിന്നു.  ശ്രീനാഥും , നന്ദനയും  കാറിൽ നിന്നിറങ്ങി. രാധ ചെറിയമ്മ  നന്ദനയുടെ  കയ്യിൽ   നിലവിളക്ക് കൊടുത്തു  രണ്ടുപേരെയും  അകത്തേക്ക് സ്വീകരിച്ചു.  നന്ദന നിലവിളക്കു വാങ്ങി വലതുകാൽ വച്ചു അകത്തേക്ക് കയറി , നിലവിളക്കുമായി  നേരെ രണ്ടാളും പൂജാമുറിയിലേക്ക് ചെന്നു. പൂജാമുറിയിലെത്തി വിളക്കുവച്ചു  രണ്ടാളും  പ്രാർത്ഥിച്ചു  തിരിച്ചിറങ്ങി. ശേഷം രണ്ടുപേർക്കും  അമ്മയും , ചെറിയമ്മയും , മറ്റുചില  ബന്ധുക്കളും  മധുരം നൽകി .  ശേഷം  എല്ലാവരും  നന്ദനയെ പരിചയപെട്ടു.  കുറച്ചുനേരത്തിനു ശേഷം….ആളുകൾ ഒക്കെ ഒഴിഞ്ഞു. പിന്നെ …… ദേവകിയമ്മ,  ശ്രീനാഥ്‌, ചെറിയച്ചൻ  ചെറിയമ്മ, മീര, നന്ദന എന്നിവർ മാത്രമായി….പിന്നെ അലക്സും…

കുറച്ചുകഴിഞ്ഞു….ചേച്ചി  ഇതെലാം മാറ്റി  കുളിച്ചു ഫ്രഷ് ആയി താഴേക്ക് വാ….ആ ചേച്ചി….ഡ്രസ്സ് എല്ലാം അലമാരയിൽ ഉണ്ട് . ചേച്ചിക്ക് ഇഷ്ടമുള്ളത് ഉടുത്തോ…മീര   നന്ദനയെ  മുറിയിലേക്ക് കൂട്ടികൊണ്ടുപോയി അവളോട് പറഞ്ഞിട്ട് താഴേക്ക് പോയി. നന്ദന മുറിയിലേക്ക് കടന്നു…..  ശ്രീയേട്ടന്റെ മുറി…… ഇനി മുതൽ എന്റെയും….അവളുടെ കണ്ണുകൾ വിടർന്നു. സന്തോഷത്തോടെ അവൾ അവിടെയാകെ  ചുറ്റും കണ്ണോടിച്ചു. ആഭരണങ്ങൾ ഊരിമാറ്റി  അതെല്ലാം  മേശമേൽ വച്ചു നന്ദന മാറ്റിയുടുക്കാനുള്ള ഡ്രെസ്സുമെടുത്തു കുളിക്കാൻ പോയി.

കുളികഴിഞ്ഞു വന്ന  നന്ദന, മേശപുറത്തൂരിവച്ച തന്റെ ആഭരണങ്ങൾ എല്ലാം  അലമാരയിൽ  എടുത്ത്  വച്ചു കൊണ്ട് നിൽകുമ്പോൾ രണ്ടു കരങ്ങൾ അവളുടെ പുറകിലൂടെ അവളെ പുണർന്നു. പെട്ടന്നുള്ള  പിടുത്തത്തിൽ നന്ദനയൊന്നു ഞെട്ടി. പിന്നെ പതിയെ അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. അവളുടെ ചുണ്ടിലെ ചിരി മനസിലാക്കിയ ശ്രീ അങ്ങനെ തന്നെ പിടിച്ചുകൊണ്ടവൻ  അവളെ തന്റെ നേരെ നിർത്തി. “പേടിച്ചോ”……… എന്റെ നന്ദുട്ടി  ?”ഇല്ല ” അവന്റെ പ്രണയാർദ്രമായ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞു. അവളുടെ നോട്ടം കണ്ടപ്പോൾ അവൻ അവളെ ഒന്നുകൂടി അവന്റരികിലേക്ക് ചേർത്തുനിർത്തി. അവളുടെ കണ്ണുകളിലേക്ക് കണ്ണിമ ചിമ്മാതെ  നോക്കിനിന്നു.

പ്രണയം നിറഞ്ഞ  അവന്റെ കണ്ണുകളിൽ നോക്കിയ നന്ദയുടെ  കണ്ണുകളിൽ ഒരു പിടച്ചിൽ അനുഭവപെട്ടു….. അവന്റെ ആ നോട്ടത്തിൽ അവന്റെ മുന്നിൽ നന്ദയുടെ മുഖം നാണം കൊണ്ട് കുനിഞ്ഞു. നാണത്താൽ മുഖം കുനിച്ചു നിൽക്കുന്ന അവളുടെ മുഖം അവന്റെ കയ്യ്കുമ്പിളിൽ   കോരിയെടുത്തു. അവളുടെ കണ്ണുകളിൽ കണ്ണിമ ചിമ്മാതെ  നോക്കിനിന്നു. അവന്റെ കണ്ണുകൾ അവളുടെ മുഖത്തിനു ചുറ്റും ഓടിനടന്നു. നാണം കൊണ്ട് ചുവന്നു തുടുത്ത  മനോഹരമായ അവളുടെ  “അധരങ്ങൾ ” കണ്ടതും ശ്രീനാഥിന്റെ മനം അവളിലേക്ക് അടുക്കുവാൻ തുടിച്ചു……  “അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി അവന്റെ അധരങ്ങൾ അവളുടെ അധങ്ങളിലേക്ക്  അടുത്തതും….

“ഹലോ”……  ഞാനൊന്നും കണ്ടില്ലാട്ടോ. രണ്ടാളും ഒരു പിടച്ചലോടെ അകന്നുമാറി. ശബ്ദം  കേട്ട ഭാഗത്തേക്ക്‌  തിരിഞ്ഞുനോക്കി.  വാതിൽക്കൽ  കയ്യ്യും  കെട്ടി അവരെ നോക്കിനിൽക്കുന്ന  അലക്ക്സിനെ കണ്ടതും രണ്ടുപേരും ചമ്മലോടെ പരസ്പരം നോക്കി. “ഈ….വാതിലടച്ചിട്ട് ആയികൂടെടാ  നിന്റെ  റൊമാൻസ്”…… അവരെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ടവൻ പറഞ്ഞു. “എന്താടാ ….തന്റെ പ്രണയ നിമിഷത്തെ തട്ടിക്കളഞ്ഞ  അവനെ നോക്കി തെല്ലൊരു  ഗൗരവത്തിൽ  ശ്രീ അലക്ക്സിനെ നോക്കി. ചോദിക്കാതെ സ്വർഗത്തിലെ കട്ടുറുമ്പാകാൻ  കേറി വന്നതും പോരാ..ഞങ്ങളെ കളിയാകുന്നോടാ….കള്ള പോലീസെ” പറഞ്ഞുകൊണ്ട്  ശ്രീനാഥ്‌ അവന്റെ അടുത്തേക്ക് ചെന്നു.

“സോറി    നന്ദന ……. നിങ്ങളുടെ ഈ നല്ല നിമിഷത്തിന്റെ ഇടയിലേക്ക് വന്നതിന്  സോറി……..  ടാ…. എനിക്ക് അത്യാവശ്യമായി  നാട്ടിലേക്ക് പോകണം. ഒരു അർജന്റ്  കാൾ ഉണ്ട് ,  ഒരു കേസുമായി ബന്ധപ്പെട്ട കുറച്ചുപേരെ കൂടി കിട്ടാനുണ്ട്. നാളെ തന്നെ അവിടെ എത്തേണ്ടതുണ്ട്    അതുകൊണ്ട്…ശ്രീ.. ഞാൻ..നിന്നോട് യാത്ര പറയാൻ വന്നതാ….അലക്സ് ചേട്ടാ…ഇന്ന്….ഈ രാത്രിയിൽ തന്നെ പോകണോ ?  അതുകേട്ടതും നന്ദന അവനോട് ചോദിച്ചു. “അലക്സ്”…… ശ്രീനാഥ്‌ അവനെ നോക്കി വിളിച്ചു. ഒന്നുമില്ലെന്നവൻ നന്ദന കാണാതെ കണ്ണടച്ചുകാണിച്ചു. പിന്നെ തിരിഞ്ഞ് വേഗത്തിൽ താഴേക്ക്  പോയി. നന്ദനയും , ശ്രീനാഥും താഴേക്ക് വന്നപ്പോൾ പോകാൻ റെഡിയായി നിൽക്കുകയാണ് അലക്സ്.

അമ്മയുടെ മുഖത് എന്തോ ടെൻഷൻ ഉള്ളതുപോലെ ശ്രീനാഥിന് തോന്നി. അതവൻ കാണാതിരിക്കാൻ അമ്മ ശ്രമിച്ചു. അമ്മയുടെ മുഖത്തേക്ക് നോക്കിയ നന്ദനക്ക് അലക്സ് ചേട്ടൻ പോകുന്നതിൽ  അമ്മക്ക് നല്ല  വിഷമം ഉള്ളതുപോലെ തോന്നി. ” എന്താ അമ്മേ…….? അമ്മ കരഞ്ഞോ?” ദേവകിയുടെ അടുത്തേക്ക് ചെന്നുകൊണ്ട് നന്ദ ചോദിച്ചു.   ഏയ്യ്…അത് അലക്സ്…. പോകുന്നതുകൊണ്ട് ഒരു വിഷമം അതാ….. ഒന്നു  പുഞ്ചിരിച്ചുകൊണ്ട് അവർ അവളെ നോക്കി പറഞ്ഞു. അമ്മേ…..നന്ദന….. ഉണ്ണി….. എന്നാൽ ഞാൻ ഇറങ്ങട്ടെ….  എല്ലാവരോടും യാത്രപറഞ്ഞ അലക്സ് ഇറങ്ങി. ഒരു നെടുവീർപ്പോടെ അവൻ പോകുന്നതും നോക്കി ദേവകിയമ്മ അവിടെ നിന്നു. “”ഈശ്വര….. എന്റെ കുട്ടികളെ  ഒരാപത്തും വരാതെ  കാത്തോളണമേ”!!!!!…… അവർ  മനസിൽ ഭഗവാനെ വിളിച്ചു പ്രാർത്ഥിച്ചു.

*****************

അത്താഴം കഴിച്ചു  ശേഖരൻ ചെറിയച്ഛനും, ചെറിയമ്മയും  അവരുടെ വീട്ടിലേക്ക് പോയി. മീര ശ്രീനിലയത്തിൽ നിന്നു.  കല്യാണത്തിന് ഒരാഴ്ച മുന്നേ വന്നതിനാൽ അവിടെ ഷോപ്പിലെ കാര്യങ്ങൾ എല്ലാം താറുമാറായി. അതുകൊണ്ട് നാളെ തന്നെ തിരിച്ചുപോകാൻ തയ്യാറായിരിക്കുകയാണ് ചെറിയച്ഛനും , ചെറിയമ്മയും. പിന്നെ….മീര പ്രത്യേകിച്ച് പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ   അവൾ കുറച്ചു ദിവസം കൂടി ശ്രീനിലയത്തിൽ നിൽക്കാൻ തീരുമാനിച്ചു. അത്താഴത്തിനു ശേഷം ഒരു ഗ്ലാസ്സ് പാലുമായി  നന്ദനയെ  ദേവകിയമ്മ മുറിയിലേക്ക് പറഞ്ഞുവിട്ടു. പാലുമായി മുറിയിലേക്ക് വന്ന നന്ദന അവിടെ ശ്രീനാഥിനെ കണ്ടില്ല. നോക്കിയപ്പോൾ ബാത്‌റൂമിൽ ആണെന്ന് മനസിലായ നന്ദ പാൽ ഗ്ലാസ്സ് മേശപ്പുറത് വച്ചു , അവൾ ജനലരികിലേക്ക് ചെന്നു, പുറത്തേക്ക് നോക്കി. “പൂർണ്ണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന നല്ല തെളിഞ്ഞ മാനം…. അതിന്റെ നിലാവെട്ടം ചുറ്റും പറന്നു കിടക്കുന്നു. മാനത്തിന് ഒന്നുകൂടി ഭംഗിയേകാൻ മിന്നിത്തിളങ്ങി നിൽക്കുന്ന താരങ്ങൾ..ആ നിലാവെട്ടത്തിൽ ചുറ്റുമുള്ള കാഴ്ചകൾക്ക് എന്തെന്നില്ലാത്ത ഒരു ഭംഗിയുള്ളതുപോലെ അവൾക്കു തോന്നി….

പെട്ടന്ന് ഒരു ഇളം കാറ്റ് ജനാല വഴി അവളുടെ മുഖത്തേക്ക് ഒഴുകി വന്നു. ആ തെന്നലിന് എന്തോ ഒരു പ്രത്യേക സുഗ്ന്ധം ഉള്ളതുപോലെ അവൾക്ക് തോന്നി. പെട്ടന്ന് എന്തോ ഓർത്തതുപോലെ അവൾ വേഗം ബാല്കണിയിലേക്ക് ഓടി. അവിടെക്ക് ചെന്ന നന്ദ പുറത്തെ ഗാർഡനിലേക്ക് കണ്ണോടിച്ചു. അന്നേരം കണ്ട കാഴ്ച അവളുടെ കണ്ണുകളിൽ അത്ഭുതമായി മാറി…….

ഈ സമയം ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വന്ന ശ്രീനാഥ് നന്ദ ധൃതിയിൽ പുറത്തേക്ക് പോകുന്നത് കണ്ടതും കയ്യിൽ ഉണ്ടായിരുന്ന ടവൽ കസേരയിലേക്ക് ഇട്ട് അവനും അവളുടെ പുറകെ പോയി. നന്ദയുടെ അടുത്തേക്ക് ചെന്ന ശ്രീനാഥ്‌ അവൾ നോക്കുന്നിടത്തേക്ക് നോക്കിയ അവന്റെ കണ്ണുകളിൽ ആ കാഴ്ച കണ്ടതും അവനും അത്ഭുതത്തോടെ നോക്കി നിന്നു…

തുടരും…