പറയാതെ – എഴുത്ത്: ആൻ. എസ്
രാവിലെ ഓഫീസിലേക്ക് കയറി ചെന്നതു തന്നെ സെക്യൂരിറ്റി ഗോപാലേട്ടൻറെ ആയിരം വാട്സ് ഉള്ള ചിരിയും കണ്ടു കൊണ്ടാണ്.
“എന്താ ഗോപാലേട്ടാ… രാവിലെ തന്നെ ഫോമിൽ ആണല്ലോ?.. ഇന്നെന്താ പതിവുപോലെ ഉറക്കം തൂങ്ങാതെ വടിപോലെ നിന്ന് സല്യൂട്ട് ഒക്കെ തരുന്നത്.. ഇനി എംഡി സാർ എങ്ങാനും ലീവും കഴിഞ്ഞ് വന്നോ?..”
“രവി സാർ ഇന്നലെ രാത്രി എത്തി അമ്മൂസേ…കാലത്തെ ഓഫീസിലും എത്തിയിട്ടുണ്ട്..നിൻറെ ആപ്പീസ് ഭരണം ഇന്നത്തോടെ കഴിഞ്ഞു ട്ടാ..”
“ഓ.. ഇവിടെ ശരിക്കും ഭരിക്കുന്നത് നമ്മൾ ഒന്നും അല്ലാന്ന് വേറെ ആർക്കും അറിയില്ല എങ്കിലും നിക്ക് നന്നായി അറിയാം.. പണ്ട് പള്ളിക്കൂടത്തിൽ വെച്ച് രവി സാറിൻറെ കൂടെ പഠിച്ച ആത്മമിത്രം ഗോപാലൻറെ കഥയൊക്കെ സാറ് തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സാർ പോയതിൽ പിന്നെ ഈ ഓഫീസിലേക്ക് ഓരോരുത്തരും വരണതും പോണതും എന്തിന് ഒരു ഇല അനങ്ങുന്നത് വരെ വള്ളിപുള്ളി വിടാതെ ന്യൂസ് അവിടെ എത്തി കാണുമെന്ന് എനിക്ക് നന്നായിട്ട് അറിയാം..അല്ല ഇനി കൂട്ടത്തിൽ നമുക്ക് എങ്ങാനും വല്ല പാരയും ഒപ്പിച്ച് വെച്ചിട്ടുണ്ടോ?..”
” നിനക്ക് ഇട്ട് പണിയാനോ ? നല്ല കഥയായി..സാറിനെ പോലെ തന്നെ മോളും ഈ ഓഫീസിനെ പ്രാണൻ ആയിട്ടാണ് കാണുന്നത് എന്നൊക്കെ ഈ കിളവനും അറിയാം മോളെ. എന്നും കാലത്ത് നീയും രവി സാറും എത്തി കഴിഞ്ഞിട്ടാ ഇവിടത്തെ തൂപ്പുകാരൻ പോലും ജോലിക്കായി എത്തുന്നത്. മനസ്സിൽ കണ്ട ജോലി തീരുന്ന സമയത്ത് അല്ലേ മോള് തിരിച്ചു വീട്ടിൽ പോകാറ് ? .. അതിൻറെയൊക്കെ ഗുണം നിനക്ക് വൈകാതെ കിട്ടും മോളെ..നിന്നെപ്പറ്റി സാർ എന്നോടും പലതും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പറയുവാ വലിയ ഒരു പണി തരാൻ നിന്നെ ഒന്ന് കാണാൻ ഇരിക്കുകയാണ് സാർ.. ഒരുങ്ങി നിന്നോ…”
ഗോപാലേട്ടൻ വാക്കുകൾ ഉള്ളിൽ ഒരു പൂത്തിരി തിളക്കം കോരിയിട്ടു. കമ്പനിയുടെ വിദേശത്തുള്ള പ്രൊജക്റ്റിനു വേണ്ടി ഒരു മാസത്തെ ടൂറിൽ ആയിരുന്നു രവി സാർ. അത് വിജയകരമായതിനുശേഷം സാറിന് അവിടുത്തെ കാര്യങ്ങൾ മാത്രം നോക്കാനായി അവിടെ സെറ്റിൽ ചെയ്യണം എന്നുണ്ട്. ഇവിടെ ഓഫീസിൽ സാറിന് ഏറ്റവും അടുപ്പമുള്ള വിശ്വസ്ത ഞാനാണെന്ന് ഒരു അങ്ങാടി പാട്ടുണ്ട്.
ആറു വർഷം മുൻപ് ക്യാമ്പസ് സെലക്ഷൻ വഴിയാണ് ഈ കമ്പനി എൻറെ ജീവിതത്തിൻറെ ഭാഗമാകുന്നത്. ഒത്തിരി ഭയത്തോടും ആശങ്കയോടും കൂടി ചെയ്തു തുടങ്ങിയ ജോലി. ജോയിൻ ചെയ്തു ഏകദേശം രണ്ട് വർഷം കഴിഞ്ഞാണ് എംഡി ആയ രവീന്ദ്രൻ സാറുമായി നേരിട്ട് പരിചയപ്പെടുന്നത്. പ്രായം അറുപതുകളിൽ എത്തിയിട്ടും ചുറുചുറുക്കോടെ ജോലിചെയ്യുന്ന കഠിനാധ്വാനിയായ ഒരു മനുഷ്യൻ. അത്ഭുതത്തോടെയും ബഹുമാനത്തോടെയും ആരാധനയോടെയും സാറിൻറെ ഓരോ പ്രവർത്തികളും സാകൂതം നിരീക്ഷിച്ചു കൊണ്ടിരുന്നു. നാലഞ്ച് കൂടിക്കാഴ്ച കഴിഞ്ഞതും സാറിന് എന്നോടും ഒരു പ്രത്യേക അടുപ്പം ഉണ്ടെന്നു തോന്നി. എവിടെ കണ്ടാലും ചിരിച്ചു എന്തെങ്കിലുമൊന്ന് സംസാരിക്കും.
അതുകൊണ്ടാണ് അപ്പുവിൻറെ കോളേജ് അഡ്മിഷനു വേണ്ടി പണത്തിന് ആവശ്യം വന്നപ്പോൾ കമ്പനി ലോണിനായി സാറിൻറെ അടുത്തേക്ക് ചെന്നത്. അധികം ഒന്നും ചോദിക്കാതെ ആവശ്യപ്പെട്ട തുക തന്നെ ഒപ്പിട്ടു തന്നു. പകരം എനിക്ക് ഞാൻ ഉൾപ്പെടാത്ത ഒരു പ്രോജക്റ്റിൻറെ അധിക ചുമതല കൂടി തന്നു. സന്തോഷത്തോടു കൂടി ചെയ്തുകൊടുത്തു. പിന്നീട് വീടുപണിക്ക് അത്യാവശ്യമായി പണം വേണ്ടി വന്നപ്പോൾ വീണ്ടും ആവശ്യം പറഞ്ഞു ചെന്നു. അതും ആവശ്യപ്പെട്ട തുക തന്നെ ലോൺ അപ്പ്രൂവ് ചെയ്തു തന്നു.പകരം പ്രോജക്ട് ഡിവിഷൻറെ ചുമതല മൊത്തത്തിൽ എനിക്ക് തന്നു. ഇത്രയും ഭാരിച്ച ചുമതല ഏറ്റെടുക്കാൻ ധൈര്യക്കുറവ് തോന്നിയതും ഞാൻ കമ്പനിയിൽ നാലു വർഷം ആയിട്ടേ ഉള്ളൂ.. ജോലി എത്രവേണമെങ്കിലും ചെയ്ത് തരാം പക്ഷേ ചുമതല വേണ്ട എന്ന് പറഞ്ഞ് ഒഴിയാൻ നോക്കി.
ഒരു മറു ചിരിയോടു കൂടി ഒരു ചെറുപ്പക്കാരനെ പറ്റി കഥ പറഞ്ഞു തുടങ്ങി. സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി ആകെയുണ്ടായിരുന്ന കിടപ്പാടം വിറ്റ് ഭാര്യയുടെ കെട്ടുതാലി പണയപ്പെടുത്തി ഈ കമ്പനി തുടങ്ങിയ കഥ. പതിയെ ഓരോന്നായി വെട്ടിപ്പിടിച്ച് ഇന്നീ കാണുന്ന നിലയിൽ ഈ സ്ഥാപനം കെട്ടിപ്പടുത്തത്. അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ വിജയങ്ങൾ ആരുടെയും കൂടെയുണ്ടാകുമെന്ന് പറയാതെ പറയുന്നതുപോലെ തോന്നി. അദ്ദേഹം എന്നോട് കാണിച്ച വിശ്വാസത്തിൽ ചുമതല ഏറ്റെടുത്തു വിജയ പൂർവ്വം ആറു വർഷം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ഒരുമാസം സാർ ഇവിടെ ഇല്ലാതിരുന്നിട്ടുകൂടി ഞാൻ ഓരോ കാര്യങ്ങളും കണ്ടറിഞ്ഞ് ഭംഗിപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നു.. ഒരു തരത്തിൽ പറഞ്ഞാൽ ഈ ചുമതലകളും തല വേദനകളും ഇപ്പോൾ ഞാനും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.
ഗോപാലേട്ടൻ പറഞ്ഞതുപോലെ ഇതിനു പകരം തരാൻ സാർ എന്താണ് കരുതിയിരിക്കുന്നത് എന്നറിയില്ല.. എന്തായാലും ആദ്യം തന്നെ സാറിനെ പോയി കാണാൻ തീരുമാനിച്ചു.
“ഗുഡ്മോർണിംഗ് സാർ.. വെൽക്കം ബാക്ക്.. എങ്ങനെ ഉണ്ടായിരുന്നു ബിസിനസ് ട്രിപ്പ്..”
“നന്നായിരുന്നു അമ്മു.. ഞാൻ അതിൻറെ ആഘോഷത്തിലാണ് ഇപ്പോഴും. പിന്നെ എത്രയും പെട്ടെന്ന് അവിടുത്തെ നമ്മുടെ ഓഫീസ് സെറ്റപ്പ് ചെയ്യണം. ലൊക്കേഷൻ ഞാൻ കണ്ടുവെച്ചിട്ടുണ്ട്.. ഞാൻ ഈയാഴ്ച തന്നെ അവിടത്തെ കാര്യങ്ങളൊക്കെ നോക്കാൻ പോയാലോ എന്നാണ് ആലോചന..”
” ഇത്രപെട്ടെന്ന്.അപ്പോൾ ഇവിടുത്തെ കാര്യങ്ങളൊക്കെ.”
“അതല്ലേ ഏറ്റവും വലിയ സന്തോഷം… എൻറെ മോൻ.. ഒടുവിൽ അവൻ എൻറെ കൂടെ ബിസിനസ്സിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു. അവൻറെ ബിസിനസ് സ്റ്റഡീസ് റിസർച്ച് ഒക്കെ കഴിഞ്ഞു.
വിദേശത്തെതിനുപകരം ഇവിടത്തെ ബ്രാഞ്ചിൽ ജോയിൻ ചെയ്യാൻ ആണ് അവനു താല്പര്യം. ഞാനില്ലെങ്കിലും കാര്യങ്ങൾ നോക്കാൻ അവൻ ഉണ്ടാകും ഇവിടെ.. പിന്നെ അമ്മു ഉണ്ടല്ലോ അവന് കൂട്ടിന് എന്നതാണ് എൻറെ ആശ്വാസം…”
ഉള്ളിലെവിടെയോ നേർത്ത സങ്കടം വന്നു തുടങ്ങിയിരുന്നു. ഞാൻ അർഹതയിലും അധികം വല്ലതും പ്രതീക്ഷിച്ചിരുന്നോ?..അതോ സാറിൻറെ അടുത്ത് കാണിക്കുന്നത്ര സ്വാതന്ത്ര്യവും അദ്ദേഹം പലപ്പോഴായി ചെയ്ത തന്നിരുന്ന സഹായങ്ങളും ഒക്കെ ഇനി പുതിയ ഒരാളിൽ നിന്നും.. പ്രത്യേകിച്ച് ഒരു ചെറുപ്പക്കാരന്നിൽ നിന്നും പ്രതീക്ഷിക്കാമോ എന്നതാണോ എൻറെ പ്രശ്നം.. കാരണം അറിയില്ലെങ്കിലും വല്ലാതെ വീർപ്പുമുട്ടൽ തോന്നി..
“പുതിയ എം ടി യുമായി ഡീൽ ചെയ്യുന്നതിന് ടെൻഷൻ ഉണ്ടോ അമ്മുവിന്?”
“അതല്ല സാർ… പുതിയ ഒരു തുടക്കം ആകുമ്പോൾ… എല്ലാത്തിലും കാണുമല്ലോ ഒരു സ്റ്റാർട്ടിംഗ് ട്രബിൾ .. പതിയെ എല്ലാം ശരിയാകും.”
“അതിന് ഞാൻ ഒരു എളുപ്പമാർഗ്ഗം പറയട്ടെ..” അത് ചോദിക്കുമ്പോൾ സാറിൻറെ മുഖത്ത് ഒരു കുസൃതി ഉണ്ടായിരുന്നോ എന്ന് സംശയം തോന്നി.
“ഈ കമ്പനിയോടൊപ്പം തന്നെ ഞാൻ എൻറെ മകനെ കൂടെ അമ്മുവിനെ ഏൽപ്പിക്കട്ടെ..അമ്മയില്ലാതെ വളർന്നതിൻറെ ആവും ഇത്തിരി കോംപ്ലക്സും ദേഷ്യവും ഒക്കെയുള്ള ഒരു സ്പെഷ്യൽ ക്യാരക്ടർ ആണ് അവൻ. അതുകൊണ്ട് തന്നെ അവൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുക എന്നുള്ളത് എളുപ്പമായിരിക്കില്ല. എങ്കിലും ഇഷ്ടപ്പെട്ടാൽ അസ്ഥിക്ക് പിടിച്ച പോലെ കൂടെ നിന്നോളും.. അമ്മുവിനെ പോലെ ഒരു മിടുക്കിക്ക് അവനെ ചേർത്തു നിർത്താൻ എളുപ്പമായിരിക്കും എന്നാണ് എൻറെ വിശ്വാസം.
എന്നിലെ അച്ഛൻറെ സ്വാർത്ഥതയായിരിക്കും… അമ്മുവിനെ പരിചയപ്പെട്ടു തുടങ്ങിയ നാൾ മുതൽ ഇങ്ങനെയൊരു ചിന്ത എൻറെ ഉള്ളിൽ ഉണ്ടായിരുന്നു.. താൻ തയ്യാറാണോ എൻറെ മകനും ആയുള്ള ഒരു മാര്യേജ് ന്…”
അവിശ്വസനീയതയോടെയാണ് സാറിൻറെ ചോദ്യം കേട്ടത്.. എൻറെ വിവാഹം.. പ്രായം 28 തികഞ്ഞിട്ടും മനപ്പൂർവ്വം മറവിയിലേക്ക് തള്ളിവിടുന്ന ഒരു കാര്യം..സാറിൻറെ ഈ ചോദ്യത്തോടെ ഉള്ളിലെവിടെയോ ശാന്തമായി ഉറങ്ങിക്കിടന്ന ഒരു അഗ്നിപർവതം നിശബ്ദമായി പൊട്ടി തുടങ്ങുകയായിരുന്നു. നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു വരുന്നു. സാറ് കാണാതിരിക്കാൻ വെപ്രാളത്തിൽ കൈകൊണ്ട് അവ തുടച്ചെടുത്തതും അതിൽ പ്രിയപ്പെട്ട ആരുടെയോ രക്തത്തുള്ളികൾ കൂടി എൻറെ കണ്ണുകൾക്ക് കാണാൻ കഴിയുന്നുണ്ടോ എന്ന് സംശയം തോന്നി.നെഞ്ചിൽ തണുപ്പുള്ള ഒരു നോവ് പടരുന്നു….എങ്കിലും എൻറെ മുന്നിലിരിക്കുന്ന കുശാഗ്ര ബുദ്ധിയുള്ള ഈ മനുഷ്യന് മനസ്സ് പതറാതെ ഉത്തരം കൊടുത്തേ പറ്റൂ.
“അത് പിന്നെ.. ഇങ്ങനത്തെ കാര്യങ്ങളൊക്കെ വീട്ടിൽ ആലോചിക്കാതെ… ഞാൻ എന്താ സാറിനോട് പറയുക..”
“അതൊക്കെയാണ് നാട്ടുനടപ്പ് എന്ന് എനിക്കും അറിയാം അമ്മൂ… നിന്നെക്കുറിച്ച് ഒന്നും അന്വേഷിക്കാതെ ഞാനും ഇറങ്ങി തിരക്കില്ലല്ലോ?.. ആ കുടുംബം നടത്തുന്നത് നീയാണെന്നും കുടുംബനാഥയായ നിൻറെ തീരുമാനങ്ങൾക്ക് മാത്രമേ വിലയുള്ളൂ എന്നും അറിയാം.
കാര്യങ്ങളെല്ലാം അന്വേഷിച്ച് അറിഞ്ഞതുകൊണ്ടൊക്കെ തന്നെയാണ് എൻറെ മകന് വേറൊരു പെൺകുട്ടി വേണ്ട എന്ന് ഞാൻ തീരുമാനിച്ചത്. ബുദ്ധിയുള്ള ഏതൊരു പെൺകുട്ടിയും തട്ടികളയാത്ത ഒരു പദവിയാണ് ഞാൻ അമ്മുവിന് നേരെ വച്ച് നീട്ടുന്നത്. പിന്നെ ഇക്കാര്യത്തിൽ ഞാൻ ഒരു പടി മുന്നോട്ടു പോയിട്ടുണ്ട്. മോളുടെ ഫോട്ടോയും ഡീറ്റെയിൽസ് ഒക്കെ ഞാൻ എൻറെ മോനും കാണിച്ചു കൊടുത്തിട്ടുണ്ട്. ഈശ്വരാനുഗ്രഹത്താൽ അവനത് സ്വീകാര്യവുമാണ്. ഇനി എല്ലാ തീരുമാനങ്ങളും അമ്മുവിൻറെ കൈയിലാണ്. ഞങ്ങളെ നിരാശപ്പെടുത്താത്ത ഒരു തീരുമാനം അമ്മുവിൻറെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു…എങ്കിലും എന്തും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അമ്മുവിന് ഉണ്ട്..നാളെ കാലത്ത് എനിക്ക് ഒരു മറുപടി കിട്ടണം”
സാറിനോട് എന്തൊക്കയോ പറഞ്ഞെന്നു വരുത്തി ക്യാബിനിലേക്ക് നടന്നു. ലാപ്ടോപ് ഓൺ ചെയ്ത് വെച്ചിട്ടും ജോലി കാര്യങ്ങളൊന്നും മനസ്സിലേക്ക് കടന്നു വന്നില്ല. എൻറെ ഉള്ളിൽ എന്നോ നഷ്ടപ്പെട്ടുപോയ ഹൃദയമെന്ന അവയവവും അതിനുള്ളിലെ വികാരങ്ങളും പതിയെ പുനർജനി തേടുന്നുണ്ട്.കൗമാര ചാപല്യങ്ങളിൽ കോറിയിട്ട ഒരു മുഖം പ്രണയവർണ്ണം വീണ്ടും ചാലിക്കുന്നു.. സ്വന്തം ആകുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. എങ്കിലും എൻറെ ഉള്ളിലെ ഇഷ്ടം അറിഞ്ഞു കാണും. എന്നെങ്കിലും ഒരുനാൾ എന്നെ തേടി വരും എന്നൊരു പ്രതീക്ഷയായിരുന്നു പലപ്പോഴും മുൻപോട്ടുള്ള ഊർജ്ജം.
“അമ്മു ..നീ എൻറെതാണെന്ന്.. ” ആ കണ്ണുകൾ ഓരോ കൂടിക്കാഴ്ചയിലും എന്നോട് പറയാതെ പറഞ്ഞിരുന്നു വോ?..അതോ എല്ലാം എൻറെ പൊട്ട ബുദ്ധിയിൽ വെറുതെ തോന്നിയതായിരുന്നോ .. ഉത്തരം ഇന്നും അറിയില്ല.. പക്ഷേ ആ ഓർമ്മകളിൽ ഈ നിമിഷം കൂടി ഞാൻ പുളകിതയാകുന്നുണ്ട്. അന്നത്തെപ്പോലെ പ്രിയപ്പെട്ടവൻറെ കടാക്ഷത്തിനു വേണ്ടി കൊതിക്കുന്ന.. കരയാനും സ്നേഹിക്കാനും മാത്രം അറിയാവുന്ന ദുർബലയായ വെറും പെണ്ണായി മാറാൻ എനിക്കിപ്പോഴും കഴിയുന്നുണ്ട്..
ആലോചിച്ച് നോക്കിയാൽ താനെന്നും എന്തുകൊണ്ടും ദുർബല തന്നെ.. അമൂല്യ… ഓട്ടോ ഡ്രൈവർ ദിവാകരേട്ടൻറെ മൂത്ത മോള് അമ്മുക്കുട്ടി. ഇളയ കുട്ടികളായ അപ്പുവിനെക്കാളും അല്ലുകുട്ടിയെക്കാളും അച്ഛന് പ്രിയമുള്ള അച്ഛൻറെ സ്വന്തം അമ്മൂട്ടി..
ഒരു നിമിഷം പോലും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടല്ലാതെ അച്ഛൻ വെറുതെയിരുന്നു കണ്ടിട്ടില്ല അമ്മു. അവൾ പ്ലസ്ടു കഴിഞ്ഞ് എൻജിനീയറിങ് കോളേജിൽ അഡ്മിഷൻ കിട്ടിയതിനു ശേഷം അച്ഛൻ രാത്രി കൂടി ഉറക്കം കളഞ്ഞു ഏതെങ്കിലും ഓട്ടത്തിന് പോകും. പലപ്പോഴും അച്ഛൻറെ ആരോഗ്യം കണക്കിലെടുത്ത് അമ്മ തടസ്സമായി ചെല്ലുമ്പോൾ അച്ഛൻ പറയുന്ന മറുപടി എന്നും ഒന്ന് തന്നെ..
“എൻറെ അമ്മൂട്ടിയുടെ പഠിത്തം കഴിയുമ്പോഴേക്കും സ്വന്തമായി ഇത്തിരി മണ്ണ് വാങ്ങിച്ചു ഒരു കൂര വെക്കണം. അതിൻറെ മുറ്റത്ത് നിന്നിട്ട് വേണം എനിക്ക് അവളെ ആണൊരുത്തന് കൈപിടിച്ച് കൊടുക്കാൻ..”
അച്ഛൻറെ പറച്ചിൽ കേൾക്കുമ്പോൾ അറിയാതെ ഒരു പുഞ്ചിരി അമ്മുവിൻറെ ചുണ്ടിൽ വിടരും. ആ പുഞ്ചിരിയോട് കൂടി തന്നെയായിരുന്നു കോളേജ് ജീവിതം തുടങ്ങിയത്. ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും അച്ഛൻറെ സംരക്ഷണത്തിന് കീഴിൽ ജീവിതത്തിൻറെ അല്ലലും അലട്ടലും അറിഞ്ഞിരുന്നില്ല അന്നൊന്നും.
കോളേജിൻറെ ആദ്യവർഷത്തിലെ അവസാന പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് ലാബിൽ നിന്നും ആദ്യം ഇറങ്ങിയത് ഞാനായിരുന്നു. കോളേജ് കെട്ടിടത്തിൽ നിന്നും ഇത്തിരി ദൂരെ കാടുപിടിച്ചുകിടക്കുന്ന ആളൊഴിഞ്ഞ സ്ഥലത്താണ് ലാബുകളും വർക്ക് ഷോപ്പുകളും ഒക്കെ സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷ എളുപ്പമായിരുന്നതിൻറെ സന്തോഷത്തിലും നാളെ തൊട്ട് സ്റ്റഡിലീവ്നായി കോളേജ് അടക്കുകയാണല്ലോ എന്നോർത്ത് മൂളിപ്പാട്ടും പാടി നടന്നു വരുമ്പോഴാണ് ഒരുകൂട്ടം സീനിയർ ചേട്ടന്മാർ ഓടിക്കിതച്ച് കൊണ്ട് ആരെയോ തിരയാൻ എന്നപോലെ നീണ്ടുകിടക്കുന്ന ആളൊഴിഞ്ഞ കോറിഡോറിലേക്ക് കയറിവന്നത്. കയറിവന്നവന്മാർ വിയർത്തുകുളിച്ചു മുട്ടുകാലിൽ കൈകുത്തി നിന്ന് കിതപ്പ് അണച്ച് തീർക്കുന്നത് കണ്ടതും ഏതോ അടിപിടിയുടെ ഭാഗമായി കാണാതെ പോയ ആരെയോ തേടി വന്നതാണ് എന്ന് മനസ്സിലായി. രാഷ്ട്രീയവും അതിനേക്കാളേറെ അടിപിടികളും സജീവമായിട്ടുണ്ട് കോളേജിൽ. ഈ വർഷം തന്നെ ആറോ ഏഴോ ദിവസത്തെ പഠിപ്പ് ഇതിൻറെ പേരിൽ മുടങ്ങി പോയിരിക്കുന്നു.
ദൈവാനുഗ്രഹം കൊണ്ട് ഇന്നേവരെ ഒരു അടിപിടി പോലും നേരിട്ട് കാണാത്തതിനാൽ പേടികൊണ്ട് മുട്ടിടിച്ചു തുടങ്ങിയിരുന്നു. അവന്മാർക്ക് തടസ്സം ആവണ്ട എന്ന് കരുതി ഒരു സൈഡിലേക്ക് മാറി അനങ്ങാതെ നിൽക്കുന്നതിനിടയിലാണ് എൻറെ കണ്ണുകൾ തൊട്ടു മുന്നിലെ തൂണിൻറെ മറവിലേക്ക് നീണ്ടു പോയത്.
ഒരു മനുഷ്യരൂപം എന്നെത്തന്നെ നോക്കിക്കൊണ്ട് ശ്വാസം പോലും അടക്കിപ്പിടിച്ച് പ്രതിമ പോലെ തൂണിന് മറഞ്ഞ് നിൽക്കുന്നു. താടിയും മുടിയും ആവശ്യത്തിലേറെ നീണ്ടുകിടക്കുന്ന വിടർന്ന തിളക്കമുള്ള കണ്ണുകളും പരന്ന നെറ്റിയും ഉള്ള സുന്ദരനായ ഒരു പുരുഷ രൂപം. ഒരു നിമിഷം എല്ലാം മറന്ന് നോട്ടം അയാളുടെ മുഖത്ത് തന്നെ തറഞ്ഞു നിന്നു . അയാൾ പതിയെ വലതു കൈയിലെ നീണ്ടുമെലിഞ്ഞ ചൂണ്ടുവിരൽ ഉയർത്തി അയാളുടെ ചുണ്ടുകളോട് ചേർത്തുവച്ച് എന്നോട് എന്തോ പറയാനായി കണ്ണുകൾ കൊണ്ട് എന്തോ ചേഷ്ഠ കാണിക്കുന്നു. പെട്ടെന്നു തോന്നിയ എന്തോ ഒരു ആകർഷണത്തിൽ നിന്നും വിട്ടുണർന്ന് ഭയത്തോടെ ഉച്ചത്തിൽ അലറി കഴിഞ്ഞപ്പോഴാണ് ശബ്ദം ഉണ്ടാക്കരുത് എന്നാണ് അയാൾ എന്നോട് പറയാൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലായത്..
ശബ്ദം കേട്ടതും ഒരു സെക്കൻഡ്ൻറെ ആയിരത്തിലൊന്ന് നേരം വേണ്ടി വന്നില്ല അയാളെ തിരഞ്ഞു വന്നവന്മാർക്ക് ഓടികൂടാൻ.. ചെയ്തുപോയ അബദ്ധം ഓർത്ത് ക്ഷമാപണത്തോടെ അയാളെ നോക്കുമ്പോഴാണ് അയാളുടെ ഇടതു കൈ പ്ലാസ്റ്റർ ഇട്ടു കെട്ടി തൂക്കിയിട്ടിരിക്കുന്നത് കണ്ടത്.. ഈശ്വരാ ഇയാളുടെ കൈ ആദ്യമേ ഒടിഞ്ഞിരിക്കുന്നത് ആയിരുന്നോ..ഇയാളെ രക്ഷിക്കാൻ ഞാനായിട്ട് എന്തെങ്കിലും ചെയ്യണമല്ലോ എന്ന് ഓർത്തപ്പോഴേക്കും അവന്മാർ അയാളെ കൈവെച്ച് തുടങ്ങിയിരുന്നു. അടി വാങ്ങി കൂടുന്നതിനിടയിലും അയാളുടെ നോട്ടംപരുങ്ങി നിൽക്കുന്ന എൻറെ നേർക്കായി.
“നോക്കി നിൽക്കാതെ ഓടി പോ.. …” എന്നോടായി അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഞാൻ പോകുന്നില്ലെന്ന് കണ്ടതും “പോടീ….” ഒരു ആക്രോശത്തോടെ കൂടി കൈകൾ എൻറെ നേരെ വീശി.. ആഞ്ഞുള്ള വീശലിൽ അയാളുടെ കൈകളിലെ രക്തതുള്ളികൾ തെറിച്ച് വീണ് എൻറെ നെറ്റിയിലും അവിടവിടെ ചുമപ്പ്നിറം പരത്തി..ആർത്തു വിളിച്ചു കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി.. എന്തോ ഭാഗ്യത്തിന് ആരൊക്കെയോ എൻറെ കാറികൂവൽ ശ്രദ്ധിച്ചു.. ലാബിലെ ടെക്നീഷ്യന്മാരും കുട്ടികളും സാറന്മാരും അങ്ങനെ ആരൊക്കെയോ ഓടിക്കൂടി.. ആളുകളെ കണ്ടതും അവന്മാര് ഏതൊക്കെയോ വഴി ഓടി പോയി..ഓടിക്കൂടിയ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി അയാളുടെ അവസ്ഥ ഒന്ന് കാണണം എന്നുണ്ടായിരുന്നു എങ്കിലും സാധിച്ചില്ല.
” നമ്മുടെ അമൂല്യയാണ് അർജുൻ ചേട്ടനെ അവൻമാരിട്ട് ഇടിക്കുന്നത് കണ്ടത്.. അവൾ അതെങ്ങാനും കണ്ടിട്ട്ല്ലേൽ കാണായിരുന്നു ചേട്ടൻറെ ഇപ്പോഴത്തെ അവസ്ഥ..കഴിഞ്ഞ അടിയിൽ ചേട്ടൻറെ കൈയൊടിഞ്ഞു പോയതുകൊണ്ടാണ്..അല്ലേൽ ചേട്ടൻ പൊളിച്ചേനെ”
ക്ലാസിലെ കുട്ടികളുടെ ഈ സംസാരം നെഞ്ചിൽ ഒരു ഇടിത്തീ വീണത് പോലെയാണ് കേട്ടുകൊണ്ടിരുന്നത്..ആ നിമിഷത്തിൽ ഞാൻ ഒരിത്തിരി വകതിരിവോടെ പെരുമാറിയിരുന്നെങ്കിൽ ആ ചേട്ടൻ ഒളിച്ചിരിക്കുന്നത് ചിലപ്പോൾ അവന്മാർ കാണുകയില്ലയിരുന്നു. മിണ്ടാതിരിക്കാൻ അയാൾ പറഞ്ഞതാണ്. കൈ ഒടിഞ്ഞിരിക്കുന്നത് പോലും ശ്രദ്ധിച്ചില്ല. എന്നെങ്കിലും അയാളെ നേരിട്ട് കാണുമ്പോൾ ആദ്യം തന്നെ മാപ്പ് ചോദിക്കണം. അതോ തല്ല് ഒക്കെ ഉണ്ടാക്കുന്ന കൂട്ടത്തിൽപെട്ടത് ആയതുകൊണ്ട് എന്നോട് ദേഷ്യം കാണുമോ..അങ്ങേര് എനിക്കിട്ടു രണ്ടെണ്ണം പൊട്ടിക്കുമോ?
ചിന്തകൾ കാട് കയറിയതും ഭയമോ സഹതാപമോ കുറ്റബോധമോ അറിയില്ല അന്നത്തെ രാത്രി ഉറക്കം എന്നെ തൊട്ട്തീണ്ടിയില്ല. വല്ലാത്തൊരു അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ട് മനസ്സ് നിറയെ അയാളുടെ മുഖത്തെ വിവിധ ഭാവങ്ങൾ നിറഞ്ഞാടി കൊണ്ടിരുന്നു.
അന്ന് രാത്രിയിലെ എൻറെ ഉറക്കം കെടുത്തിയ വിങ്ങൽ യഥാർത്ഥത്തിൽ എന്തായിരുന്നു എന്ന് പിറ്റേ ദിവസം രാവിലെ ആണ് അറിയുന്നത് .ഞങ്ങളെ പോറ്റാനുള്ള തത്രപ്പാടിനിടയിൽ പാതിരാത്രിയിലെ ഓട്ടം കഴിഞ്ഞു മടങ്ങി വരുന്ന വഴിയിൽ അച്ഛന് അപകടം സംഭവിച്ചിരിക്കുന്നു. ചോരവാർന്ന് നടുറോട്ടിൽസഹായം കിട്ടാതെ ഒത്തിരി കിടന്നു കാണണം. അതിരാവിലെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു. ചികിത്സകൾക്കായി ആറുമാസത്തെ ആശുപത്രി വാസത്തിനു ശേഷം അരയ്ക്ക് കീഴ്പോട്ട് തളർന്ന്ട്ടാണ് അച്ഛനെ ഞങ്ങൾക്ക് തിരികെ കിട്ടിയത്.
അതിൽ പിന്നെ ജീവിതത്തിൻറെ വ്യത്യസ്തമായ രൂപവും ഭാവവും ഒക്കെ ഞങ്ങൾ അറിഞ്ഞു തുടങ്ങി. അമ്മ അടുത്ത വീടുകളിൽ അടുക്കള പണിക്ക് പോയിട്ടും, എൻറെ വക രാവിലെ വായനശാലയിലും വൈകീട്ട് അടുത്ത വീടുകളിലും ഒക്കെ ട്യൂഷൻ ക്ലാസ്സുകൾ നടത്തിയും, അപ്പു മോൻ രാവിലെ പത്ര വിതരണവും വൈകീട്ട് കടയിൽ പൊതിഞ്ഞു കൊടുക്കാനും പോകും. വീട്ടുപണികൾ മുഴുവൻ അല്ലു കുട്ടിക്ക്… ഞങ്ങളെയെല്ലാം ഇക്കണ്ട കാലം മുഴുവൻ സുഖിക്കാൻ വിട്ടു ഞങ്ങൾക്കായി കഷ്ടപ്പെട്ട് ഓടി നടന്നിരുന്ന അച്ഛൻ മാത്രം ഇതെല്ലാം കണ്ടും കേട്ടും തളർന്ന ശരീരവും വേദനിക്കുന്ന മനസ്സുമായി മച്ചിലേക്ക് നോക്കി കണ്ണുനിറച്ച് കിടക്കും..
രണ്ടാം വർഷം കോളേജിൽ പോയി തുടങ്ങിയപ്പോഴേക്കും പഠിപ്പ് കഴിയുമ്പോഴേക്കും എന്തെങ്കിലും സ്ഥിരവരുമാനം ഉള്ള ജോലി ഒപ്പിച്ചു എടുക്കണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലാസ് മോണിറ്റർ ആയിരുന്ന ടീച്ചറിൽ നിന്നും ക്യാമ്പസ് സെലക്ഷനേ കുറിച്ചുള്ള വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞതും പകുതി സമാധാനമായി. മനസ്സിരുത്തി പഠിച്ചാൽജോലി കിട്ടാൻ ഉള്ള സാഹചര്യം ഇവിടെ തന്നെയുണ്ട്. സീനിയേഴ്സിന് വേണ്ടി ഓരോ കമ്പനികൾ ക്യാമ്പസിൽ വന്നു പോയി കൊണ്ടിരുന്നതും ടീച്ചറുടെ അനുവാദത്തോടെ ഞാനും പ്ലേസ്മെൻറ് സെല്ലിൽ വെറുതെ കറങ്ങി നടക്കും.. ഇൻറർവ്യൂ കഴിഞ്ഞ് ഇറങ്ങുന്നവരോട് വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കും.
അതിനിടയിൽ വീണ്ടും ഒരു അടിപിടി കൂടി കണ്മുന്നിൽ വെച്ച് കാണേണ്ടി വന്നു. ആദ്യം നോക്കിയത് അന്ന് കണ്ട അർജുൻ ചേട്ടൻ കൂട്ടത്തിൽ എങ്ങാനും ഉണ്ടോ എന്നാണ്.. സത്യം പറഞ്ഞാൽ അച്ഛൻറെ അപകടം ജീവിതം മാറ്റിമറിച്ചതും അയാളെക്കുറിച്ച് ഞാൻ മറന്നു പോയിരുന്നു. അടിപിടി ഒതുങ്ങി കഴിഞ്ഞതും രണ്ട് മൂന്ന് എണ്ണത്തിനെ കൂട്ടുകാർ ചേർന്ന് വലിച്ച് തൂക്കി കൊണ്ടു പോകുന്നത് കണ്ടു. അവന്മാർക്ക് പിറകിലായി നടന്നുവരുന്ന ആളെ കണ്ടതും ഞാൻ ഉഴിഞ്ഞു നോക്കി.. ഇല്ല.. ഇത്തവണ ദേഹത്തിൽ എവിടെയും വെട്ടും കുത്തും പ്ലാസ്റ്ററും ഒന്നുമില്ല. ആളും എന്നെ ഒന്ന് സൂക്ഷിച്ചു നോക്കുന്നത് കണ്ടു.. എൻറെ അടുത്തേക്ക് നടന്നു വന്നു.
“അവന്മാരെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ നല്ല ചിലവ് ആവും.കയ്യിൽ ഇരിപ്പുണ്ടെൽ കുറച്ച് കാശ് താ..”
ചോദ്യം കേട്ടതും ഒരു നിമിഷം അമ്പരന്നു പോയി. പിന്നെ ഒന്ന് പൊട്ടി ചിരിക്കാനാണ് തോന്നിയത്.. എന്നോട് ഒക്കെ വന്ന് കാശ് കടം ചോദിക്കാൻ മാത്രം ഗതികെട്ടവനും ഈ ലോകത്ത് ഉണ്ടല്ലോ എന്നോർത്ത്..
“എൻറെ കയ്യിൽ കാശ് ഒന്നും ഇല്ല.. ഞാൻ പാവപ്പെട്ട വീട്ടിലെതാണ്..”
“അത്യാവശ്യം ഉണ്ടായിട്ട.. കാശില്ലെങ്കിൽ വേണ്ട. തൻറെ കഴുത്തിൽ കിടക്കുന്ന മാല ആയാലും മതി.. ഞാൻ പണയം വെച്ചോളാം.. ഒരാഴ്ചകൊണ്ട് തിരിച്ചു തരാം..”
അരപ്പവൻ പോലുമില്ലാത്ത ഏതു നേരവും പൊട്ടി പോകാവുന്ന നൂല് പോലത്തെ ഈ മലയാണ് ഞങ്ങളുടെ വീട്ടിലെ അവശേഷിക്കുന്ന ഏക സ്വർണാഭരണം. കോളേജിൽ വരേണ്ടത് കൊണ്ട് മാത്രമാണ് നിധിപോലെ സൂക്ഷിക്കുന്നതാണെങ്കിലും അമ്മയത് അണിയാൻ സമ്മതിക്കുന്നത്. ഇത് ഇയാൾക്ക് എന്ത് വിശ്വാസത്തിലാണ് കൊടുക്കുന്നത്.. പറ്റില്ല എന്ന് പറയാനാണ് ഉദ്ദേശിച്ചത്..
“പെട്ടെന്ന് താ. എനിക്ക് അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോണം..”
ഒരു ആജ്ഞ പോലെ ആ ശബ്ദം കേട്ടതും യാന്ത്രികമായി ഞാൻ എൻറെ മാല ഊരി കൊടുത്തു. മാല കയ്യിൽ കിട്ടിയതും എൻറെ മുഖത്ത് പോലും നോക്കാതെ ആള് അവന്മാരെ കൂട്ടി സ്ഥലം വിട്ടു. വൈകിട്ട് വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അമ്മയോട് എന്ത് മറുപടി പറയും എന്നോർത്തതും പേടികൊണ്ട് ഞാൻ ചത്തുപോകും എന്നു തോന്നി. മാല കഴുത്തിൽ ഇല്ലാതെ ഒരാഴ്ച എങ്ങനെ തള്ളിനീക്കും എന്നറിയില്ല.
ഒഴിഞ്ഞുകിടക്കുന്ന കഴുത്ത് അമ്മയെക്കാൾ മുന്നേ അല്ലു കുട്ടി കണ്ടു പിടിച്ചിരുന്നു..
മാല എവിടെ എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാതെ താഴോട്ട് നോക്കി നിൽക്കുന്നത് കണ്ടതും അത് എവിടെയോ കളഞ്ഞു പോയി എന്നാണ് എല്ലാവർക്കും മനസ്സിലായത്. തൽക്കാലം തിരുത്താൻ പോയില്ല.. ആഴ്ചകൾ കഴിഞ്ഞ് മാസങ്ങൾ ആയിട്ടും എൻറെ മാലയോ മാല കടം വാങ്ങിച്ച ആളിനെയോ എനിക്ക് കണ്ടു കിട്ടിയില്ല.
അർജ്ജുൻ ചേട്ടനെ അന്വേഷിച്ചു അയാളുടെ ക്ലാസിലും യൂണിയൻ റൂമിലും ഹോസ്റ്റലിലും ഒക്കെ അന്വേഷിച്ചു നടന്നു. അയാൾ എന്നിൽ നിന്നും മനപ്പൂർവ്വം മുങ്ങി നടക്കുന്നതാണോ എന്ന് വരെ തോന്നിപ്പോയി. “അർജ്ജുനെ കണ്ടില്ല ട്ടോ… അമൂല്യ..” എന്നെ കാണുന്നതും അയാളുടെ കൂട്ടുകാർ ഇങ്ങോട്ട് പറഞ്ഞു തുടങ്ങി. ഒടുവിൽ ഏകദേശം രണ്ടു മാസം ആയതും പെട്ടെന്നൊരു ദിവസം ആള് എൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. കണ്ടപാടെ ഒരു പണപൊതി കയ്യിലേക്ക് വെച്ച് തന്നു.
“തൻറെ മാല തിരിച്ചെടുക്കേണ്ട ദിവസം ഒക്കെ കഴിഞ്ഞു പോയി..അതിനി കിട്ടാൻ പ്രയാസമാണ്. ഇത് അതിലേറെ തുകയുണ്ട്. പരിഹാരമായി കയ്യിൽ വച്ചോ..”
“എനിക്ക് നിങ്ങളുടെ പണം ഒന്നും വേണ്ട.. എനിക്ക് എൻറെ മാല തിരിച്ചു തന്നാൽ മതി…”
“കാര്യം പറഞ്ഞാൽ തനിക്ക് മനസ്സിലാവില്ലേ.. ചുമ്മാ ഷോ കാണിക്കാതെ പണം കൊണ്ട് പോകാൻ നോക്ക്.. ഈ പണം എങ്ങാനും യൂണിയൻ ഓഫീസിൽ ഉള്ള ഏതെങ്കിലും ഒരുത്തൻ കണ്ടാൽ ആ നിമിഷം കയ്യോടെ കൊണ്ടുപോകും .ഇതൊപ്പിക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയാവൂ.” അതും പറഞ്ഞ് അയാൾ ദൂരേക്ക് ഓടിപ്പോയി.
വീട്ടിലെത്തി എണ്ണി നോക്കിയതും മാലയുടെ വിലയേക്കാൾ മൂന്നോ നാലോ ഇരട്ടി തുക കാണും. ഇത് എനിക്ക് വേണ്ട എന്ന് മനസ്സിൽ കരുതി എങ്കിലും ഓർക്കാപ്പുറത്ത് വന്ന പല പ്രാരാബ്ദങ്ങൾക്കും ഉത്തരമായി ആ പണം ചെലവഴിച്ചു പോയി. ആ സംഭവത്തിൽ പിന്നെ പല ഇടങ്ങളിലും അയാളെ കണ്ടെങ്കിലും പരസ്പരം ഒന്നും സംസാരിച്ചില്ല. എങ്കിലും ഏത് ആൾക്കൂട്ടത്തിലും ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൊരുത്തിരുന്നു..
ഒരു ദിവസം ആള് പ്ലേസ്മെൻറ് സെല്ലിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു. വേഷവിധാനത്തിലും പതിവിലും കൂടുതൽ മാന്യത ഉണ്ടെന്നു തോന്നി. എന്നെ കണ്ടു ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നതും അടുത്തേക്ക് ചെന്നു.
“ചേട്ടന് ഇൻറർവ്യൂ ഉണ്ടായിരുന്നോ?” ഞാൻ ചാടി കയറി ചോദിച്ചു. അത് ചോദിക്കുമ്പോൾ അയാൾക്ക് ഒരു ജോലി കിട്ടി കാണണമെന്ന് എൻറെ ഉള്ള് വല്ലാതെ ആഗ്രഹിച്ചിരുന്നു എന്ന് തോന്നി..
“ഓ.. ഇൻറർവ്യൂ.. പുല്ല്.. ഒരുത്തൻറെ കീഴിലിരുന്ന് പണിയെടുക്കുന്നതൊന്നും നമുക്ക് ശരിയാവില്ല..
നാളത്തെ തെരുവ് നാടകത്തിൻറെ റിഹേഴ്സൽ പൂർത്തിയായിട്ടില്ല. ഇത്തിരി തിരക്കുണ്ട്.. പോട്ടെ..നാടകം കാണാൻ വരണേ…”
അതും പറഞ്ഞു കൊണ്ട് അലസമായി നടന്ന് പോകുന്ന ആളെ നോക്കിയതും ഉള്ളിലെപ്പോളോ മൊട്ടിട്ട എൻറെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു. അന്ന് കാശ് കടം ചോദിച്ചപ്പോഴും സാധാരണക്കാരനായി നടക്കുന്നത് കണ്ടപ്പോഴും എവിടെയോ അയാൾ എനിക്ക് സമാനനാണെന്ന് തോന്നിയിരുന്നു..പക്ഷേ ലക്ഷ്യബോധമില്ലാത്ത ഇയാൾ ഒരു തെറ്റാണെന്നും വീട്ടുകാരെ കുറിച്ച് ഓർക്കുമ്പോൾ ഇയാളിൽ നിന്നും അകലം പാലിക്കണമെന്നും മനസ്സ് എന്നെ തിരുത്തി കൊണ്ടിരുന്നു.. പിറ്റേദിവസം ക്ലാസ് കഴിഞ്ഞ് എല്ലാവരും അയാളുടെ തെരുവ് നാടകം കാണാൻ പോയതും ഞാൻ പതിവുപോലെ ട്യൂഷൻ എടുക്കുന്ന വീടുകളിലേക്ക് ഓടി.
ചേട്ടൻറെ ബാച്ച് പാസ്സ് ഔട്ട് ആയി പോകുമ്പോഴും ജോലി കിട്ടിയവരുടെ കൂട്ടത്തിൽ അർജുൻ എന്ന പേരുണ്ടോ എന്ന് വെറുതെ തിരഞ്ഞു നോക്കിയിരുന്നു. അവരുടെ കൂട്ടത്തിൽ ഉള്ളവർ പോയി കഴിഞ്ഞിട്ടും ഒരു ദിവസം ആള് കോളേജിൽ ചുറ്റിക്കറങ്ങുന്നത് കണ്ടിരുന്നു.
“സപ്ലികൾ കുറേ എഴുതിയെടുക്കാൻ കാണും”. ദൂരെ നിന്നും ആളെന്നെ നോക്കി ചിരിക്കുമ്പോൾ കൂട്ടുകാരിൽ ആരോ പറയുന്നത് കേട്ടു. ഒന്നു പോയി സംസാരിക്കാൻ മനസ്സ് വെമ്പിയിട്ടും പിടികൊടുത്തില്ല. അയാളിൽ നിന്നും തിരിഞ്ഞ് നടക്കുമ്പോൾ ഉള്ളിലൊരു കല്ലെടുത്തു വച്ചത് പോലെ കനം തോന്നിയിരുന്നു .
പിന്നീട് പലപ്പോഴും സപ്ലി എക്സാം നടക്കുമ്പോൾ പരീക്ഷ ഹോളിൻറെ വരാന്തയിലൂടെ ജനൽ പാളികളിലൂടെ ഒരു മുഖം തേടിക്കൊണ്ട് നഷ്ടബോധത്തോടെ ഞാൻ നടക്കുമായിരുന്നു. എങ്കിലും ആ മുഖം എവിടെയും കണ്ടു കിട്ടിയില്ല. അതിനിടയിൽ എനിക്ക് ഞാൻ ആഗ്രഹിച്ച പോലെ ഏറ്റവും നല്ല ശമ്പളമുള്ള കമ്പനിയിൽ തന്നെ ജോലിയായി. ആ വാർത്ത വീട്ടിൽ ഉണ്ടാക്കിയ ചലനം ചില്ലറ ആയിരുന്നില്ല. അച്ഛൻറെ മുഖത്ത് വീണ്ടും ചിരി പടർന്നു തുടങ്ങി.
എന്നെ ഒറ്റയ്ക്ക് ബാംഗ്ലൂരിലേക്ക് വിടുന്നതിനോ ഞാൻ വീട് വിട്ടു നിൽക്കുന്നതിനോ ഒന്നും ആരും ആശങ്ക പോലും കാണിച്ചു കണ്ടില്ല.. ഈ ജോലി അവർക്കെല്ലാം അത്രയ്ക്കും പ്രതീക്ഷകൾ നൽകുന്നുണ്ട് എന്ന് തോന്നി..
ജോലി കിട്ടി ഒരു വർഷം കഴിഞ്ഞതും അച്ഛൻ പോയി. ഞാൻ ഇവിടെയും അവർ നാട്ടിലും രണ്ടിടത്തും വീട്ടു വാടക കൊടുക്കുന്നത് നഷ്ടമാണെന്ന് തോന്നിയതും അവരെ മൂന്നുപേരെയും ബാംഗ്ലൂരിലേക്ക് കൂട്ടി. സഹോദരങ്ങളുടെ പഠനം.. ഓഫീസിലെ ജോലിത്തിരക്ക് ഇതിനിടയിൽ തളർന്നുവെന്ന് തോന്നുമ്പോൾ ഒരു പുഞ്ചിരിയോടെ അർജുൻ ചേട്ടൻറെ മുഖം മനസ്സിലേക്ക് കടന്നു വരും. ആൾ എവിടെയായിരിക്കും എന്തു ചെയ്യുകയായിരിക്കും എന്നൊക്കെ അറിയാനുള്ള ആകാംക്ഷ തോന്നും. സോഷ്യൽമീഡിയയിലും എനിക്ക് പരിചയമുള്ള അയാളുടെ കൂട്ടുകാരുടെ ഇടയിലും ഒക്കെ അന്വേഷിച്ചു എങ്കിലും ഒരറിവും എവിടെ നിന്നും കിട്ടിയില്ല.
സാമ്പത്തികമായി പിടിച്ചുനിൽക്കാനായി എന്ന് തോന്നി തുടങ്ങിയതും ഇത്തിരി സ്ഥലം വാങ്ങി വീടു പണി തുടങ്ങി. കഴിഞ്ഞ വർഷം സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു എങ്കിലും ഫിനിഷിങ് വർക്കുകൾ ഒക്കെ ബാക്കിയുണ്ട് . അപ്പു ഡിഗ്രി കഴിഞ്ഞു പാർടൈം ജോബും ഐഎഎസ് കോച്ചിങ്ങും ആയി ഡൽഹിയിലാണ്. അവൻറെ കാര്യങ്ങൾക്ക് വേണ്ട പണം അവനിപ്പോൾ സ്വരൂപിക്കുന്നുണ്ട്. അല്ലു ഗവൺമെൻറ് കോളേജിൽ എംബിബിഎസിന് പഠിക്കുന്നു. അമ്മ വീട് നോക്കി സ്വസ്ഥമായി ജീവിക്കുന്നു. അച്ഛനില്ല എന്നതൊഴിച്ചാൽ ജീവിതം സുഭദ്രം.
ഒരു വിവാഹത്തെക്കുറിച്ച് അമ്മ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കും. ഒരു പങ്കാളിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒക്കെ അർജുൻ ചേട്ടൻറെ മുഖം മനസ്സിൽ തെളിഞ്ഞു വരും. ഒരു വാക്കുകൊണ്ടോ നോക്കു കൊണ്ടോ അയാൾ പ്രതീക്ഷ തന്നിട്ടില്ല. എങ്കിലും അയാൾ എൻറെ ആരോ
ആയിരുന്നുവെന്ന് മനസ്സിപ്പോഴും വിശ്വസിക്കുന്നു. ചിലപ്പോൾ തോന്നും എനിക്ക് ഒരുതരം ഉന്മാദം ബാധിച്ച താണെന്ന് . ഇന്നിപ്പോൾ ജീവിതം കൈ കുമ്പിളിൽ ഒതുങ്ങി തുടങ്ങിയതും അയാളോട് മനസ്സു തുറന്നു സംസാരിക്കാതിരുന്നതിൽ വല്ലാത്ത കുറ്റബോധം തോന്നി തുടങ്ങിയിരിക്കുന്നു..
രവീന്ദ്രൻ സാറിൽ നിന്നും ഇങ്ങനെയൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചതല്ല. അദ്ദേഹം കാണിച്ചത് വലിയ മനസ്സാണ്. സ്വപ്നത്തിൽ പോലും ഇങ്ങനെയൊന്ന് എനിക്കോ എൻറെ കുടുംബത്തിനോ ആഗ്രഹിക്കാൻ അർഹതയില്ല. ഇക്കാര്യം കേട്ടാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മ ആയിരിക്കും. പക്ഷേ ഞാൻ ഒരിക്കലും ഇത് ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ പറയാൻ ഉത്തരവും കൈവശമില്ല. ഓരോ പടികളായി എന്നെ വളർത്തി എടുക്കുമ്പോഴും ഇങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നു എന്ന് രവീന്ദ്രൻ സാർ തുറന്നു പറഞ്ഞിട്ടുണ്ട്. അതിനർത്ഥം സാർ പ്രതീക്ഷിച്ച ഉത്തരം അല്ല ഞാൻ നൽകുന്നത് എങ്കിൽ വളർത്തിയതു പോലെ തളർത്താനും സാറിന് പറ്റും എന്നല്ലേ…
എന്തിൻറെ പേരിലായാലും സാറിൻറെ മകനെ വിവാഹം ചെയ്യാൻ ഒരുക്കമല്ല എന്ന് അദ്ദേഹത്തിൻറെ മുഖത്ത് നോക്കി പറയുന്നത് നന്ദികേട് അല്ലേ… കയ്യെത്തി പിടിച്ചു എന്ന് കരുതുന്ന ജീവിതം കൈവിട്ടു പോവുകയാണോ?..എന്തിനെന്നറിയാതെ പൊട്ടിക്കരയാൻ തോന്നി..രവീന്ദ്രൻ സാറിൻറെ മുഖത്തുനോക്കി നിഷേധപൂർവ്വമായ ഒരുത്തരം നൽകാൻ എന്നെക്കൊണ്ട് പറ്റില്ല എന്ന് തോന്നി…
ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു. എന്നെ കണ്ട നിമിഷം മുതൽ സങ്കടത്തിൻറെ കാരണം ചോദിച്ചു കൊണ്ടിരുന്നു അമ്മ. രവീന്ദ്രൻ സാർ പറഞ്ഞ കാര്യം അവതരിപ്പിച്ചു. അമ്മയുടെ മുഖത്ത് അത്ര സന്തോഷം ഒന്നും കണ്ടില്ല .
“നിൻറെ ജീവിതമാണ്.. തീരുമാനങ്ങളും നിൻറെതാണ്. കുടുംബത്തിനുവേണ്ടി ആവശ്യത്തിലധികം നീ ഇപ്പോൾ തന്നെ ചെയ്തുകഴിഞ്ഞു. അതുകൊണ്ട് മൂത്ത കുട്ടി ആണെന്ന് കരുതി നിൻറെ തീരുമാനങ്ങളിൽ ഒന്നും ഞങ്ങൾ ആരും ഒരു ബാധ്യതയായി വരാൻ പാടില്ല.. മനസ്സിലെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിച്ചാലെ ജീവിതത്തിന് നിറവും ഗന്ധവും ഉന്മേഷവും ഒക്കെ കാണു.നിൻറെ ഇഷ്ടങ്ങൾക്കോപ്പം ഞങ്ങളുണ്ട്…”
അന്ന് രാത്രി വീണ്ടും ഉറക്കം തേടി വന്നില്ല. രാവിലെ രവീന്ദ്രൻ സാറിൻറെ ക്യാബിനിലേക്ക് നടക്കുമ്പോഴും മനസ്സ് ശൂന്യമായിരുന്നു.
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….