നിറം – എഴുത്ത്: രമ്യ വിജീഷ്
അല്ലേലും ഈ കറുമ്പന് എവിടുന്നു പെണ്ണ് കിട്ടാനാ…കറുപ്പ് മാത്രമോ…സൗന്ദര്യവും തീരെ ഇല്ല… ഉയരവും തീരെ കുറവ്. ആകെ ഉള്ളത് ഒരു ഗവണ്മെന്റ് ജോലി മാത്രം.
ഏട്ടത്തി അടക്കം പറയുന്നത് കേട്ടപ്പോളെ വിനോദിന് പെണ്ണ് കാണാൻ പോകാൻ ഉള്ള മൂഡ് തന്നെ പോയി. “നീ ഒന്നു മിണ്ടാതിരി ഭവാനിയെ എന്റെ കുഞ്ഞിനെ പൊന്നു പോലെ സ്നേഹിക്കുന്ന പെണ്ണിനെ ദൈവം അവനു വേണ്ടി എവിടെയോ കാത്തു വച്ചിട്ടുണ്ട്…” എന്ന അമ്മയുടെ മറുപടിയും വന്നു.
“ഓഹോ ഇപ്പോൾ കിട്ടിയത് തന്നെ…” “എടി നിന്നെ ഞാൻ…” ഒന്നു നിർത്തുമോ രണ്ടാളും…മനുഷ്യന് ഇത്തിരിയെങ്കിലും സമാധാനം തരുമോ…? അമ്മേ അമ്മക്കെങ്കിലും….അവൻ മുഴുമിപ്പിച്ചില്ല. അവന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു.
ഏട്ടത്തിയെ കുറ്റം പറഞ്ഞത് കൊണ്ട് എന്ത് കാര്യം? ഓർമ്മ വച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതല്ലേ…സൗന്ദര്യം ഇല്ലാത്തവനെന്നും കറുമ്പൻ എന്നും ഉള്ള പരിഹാസങ്ങൾ. പഠിത്തത്തിൽ മിടുക്കൻ ആയിരുന്നത് കൊണ്ട് അധ്യാപകർക്കൊക്കെ തന്നെ വലിയ ഇഷ്ടം ആയിരുന്നു. അതുകൊണ്ട് അത്തരം കളിയാക്കലുകൾ ഒന്നും താൻ ശ്രദ്ധിച്ചിട്ടേയില്ല. പഠിച്ചു…നല്ല ജോലിയും കിട്ടി.
പക്ഷേ കല്യാണപ്രായം ആയപ്പോൾ ആണ് എല്ലാം തകിടം മറിഞ്ഞത്. കാണുന്ന പെണ്കുട്ടികൾക്കൊന്നും തന്നെ ഇഷ്ടം ആകുന്നില്ല. അവരുടെ ഒന്നും സൗന്ദര്യസങ്കല്പം ഇതല്ലല്ലോ…അവൻ ഓരോന്നോർത്തു നെടുവീർപ്പെട്ടു.
“കുട്ടാ…” എന്ന വിളി കേട്ട് വിനോദ് തിരിഞ്ഞു നോക്കി. അമ്മയാ…കുട്ടാ ഞാൻ പറയുന്നത് എന്റെ കുട്ടി അനുസരിക്കണം. നാളെ നീ ആ പെൺകുട്ടിയെ പോയി കാണണം. പറ്റില്ലാന്നു പറയരുത്. ചിലപ്പോൾ അവൾക്കു നിന്നെ ഇഷ്ടം ആയെങ്കിലോ…? നീ ഒന്നു കല്യാണം കഴിച്ചു കാണാൻ ഈ അമ്മക്കു അത്രയും ആഗ്രഹമുണ്ടെടാ…ഇതും കൂടി നടന്നില്ലെങ്കിൽ ഇനി നിന്നെ ഈ അമ്മ നിര്ബന്ധിക്കുകയേയില്ല.”
അത്രയും പറയുമ്പോൾ അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എന്തായാലും അവസാനം ആയി പെണ്ണ് കാണാൻ പോകാൻ മനസ്സില്ലാ മനസ്സോടെ അവൻ സമ്മതിച്ചു. നേരം പുലർന്നു വിനോദും ബ്രോക്കറും മാത്രം ആയി പോകാൻ തീരുമാനിച്ചു.
അവർ പെണ്ണിന്റെ വീട്ടിൽ എത്തി. അച്ഛനും അമ്മയും അനിയനും ഒക്കെ അടങ്ങുന്ന സാധാരണ കുടുംബം. പെണ്ണിന്റെ അച്ഛൻ അവരെ ക്ഷണിച്ചിരുത്തി. അദ്ദേഹത്തെ കാണുമ്പോൾ തന്നെ അറിയാം മാന്യൻ ആണ്.
ലക്ഷ്മിയെ….അയാൾ നീട്ടി വിളിച്ചു. മോളെ ഇങ്ങു കൊണ്ടു വാ…എന്നിട്ടവരെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. നിമിഷങ്ങൾക്കകം അവൾ എത്തി. വിനോദ് അവളെ കണ്ടു അമ്പരന്നു പോയി. തന്റെ സഹപാഠി ആയിരുന്ന ദേവിക ആയിരുന്നു അത്.
സൗന്ദര്യവും ആകാരവടിവും കൊണ്ട് സമ്പന്ന…ദേവികയും പഠിക്കാൻ മിടുക്കി ആയിരുന്നു. അതു കൊണ്ട് തന്നെ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളും ആയിരുന്നു. അവളുടെ പുറകെ നടക്കാൻ ഒരു പാട് പേരുണ്ടായിരുന്നു. എന്നാൽ എന്നോട് മാത്രം ഉള്ള സൗഹൃദം പലർക്കും ഇഷ്ടം ആയിരുന്നില്ല. എല്ലാവരും എന്നെ കളിയാക്കുമ്പോൾ അവൾ എന്നെ ആശ്വസിപ്പിക്കുമായിരുന്നു.
അവളുടെ അച്ഛൻ ട്രാൻസ്ഫർ ആയി പോയപ്പോൾ അവൾക്കും പോകേണ്ടി വന്നതും തന്നെ കണ്ടു യാത്ര പറഞ്ഞപ്പോൾ കരഞ്ഞതും ഒക്കെ ഇന്നലെ എന്ന പോലെ വിനോദ് ഓർത്തു. കുറെ നാളുകൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ കൂടി അവളെ കണ്ടെത്തിയപ്പോൾ എന്തൊരു സന്തോഷം ആയിരുന്നു. ദേവിക അദ്ധ്യാപിക ആണ്…സ്ഥലം മാറ്റം ആണെന്ന് ഒക്കെ പറഞ്ഞിരുന്നു.
ദേവിക ചായയും ആയി മുന്നിൽ വന്നിട്ടും അവൻ ചിന്തയിൽ ആയിരുന്നു. “എന്താ വിനോദ് ഇയാൾ ഇവിടെ എങ്ങും അല്ലെ…” എന്ന അവളുടെ അച്ഛന്റെ ചോദ്യം കേട്ടപ്പോൾ ആണ് ബോധം വീണത്. നേരിയ ചമ്മലോടെ അവൻ അവരെ നോക്കി ചിരിച്ചു. നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ആവാം എന്നു പറഞ്ഞു അവരെല്ലാം മാറി കൊടുത്തു.
ദേവു നീ എന്നോട് എന്താ പറയാതിരുന്നത്. അവൻ ചോദിച്ചു.
വിനു നിന്നെ എനിക്കു പണ്ടേ ഇഷ്ടം ആയിരുന്നു. നിന്നോടുള്ള സഹതാപം കൊണ്ട് ഒന്നും അല്ല കേട്ടോ. ഞാൻ സ്നേഹിക്കുന്നത് നിന്റെ മനസിനെ ആണ്. എന്റെ ഇഷ്ടങ്ങൾ എന്റെ മാതാപിതാക്കളുടെയും ഇഷ്ടം ആണ്. എനിക്കു ഒരിക്കലും തെറ്റ് പറ്റില്ല എന്നവർക്കറിയാം. ഞാൻ നിന്നെ കുറിച്ച് എല്ലാം തിരക്കി കൊണ്ടാണിരുന്നത്. പണ്ടേ മനസ്സിൽ കുറിച്ചതാണ് നീയാണെന്റെ ജീവിതപങ്കാളി എന്നു…എന്നെ നിനക്കിഷ്ടം അല്ലെ വിനു…അവൾ അവനെ നോക്കി ചോദിച്ചു.
ഇഷ്ടം അല്ലേന്നോ…നൂറു വട്ടം ഇഷ്ടം ആണ്. എനിക്കതിനുള്ള അർഹത ഉണ്ടോ ദേവു….
വിനു നിനക്കു മാത്രം ആണ് അതിനുള്ള അർഹത. സൗന്ദര്യം അല്ലല്ലോ പ്രണയത്തിനു ആധാരം. എന്റെ കണ്ണിൽ നീ സുന്ദരൻ ആണ്. മറ്റാരേക്കാളും….വിനോദിന്റെ മനസ്സ് നിറഞ്ഞു. തന്നെ പരിഹസിക്കുന്നവരുടെ മുൻപിലൂടെ ഇനിയെങ്കിലും അഭിമാനത്തോടെ നടക്കണം.
ആദ്യം അവൻ ഓർത്തത് അവന്റെ അമ്മയെ ആയിരുന്നു. അമ്മക്ക് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞു. അല്ലെങ്കിലും മക്കളുടെ മനസ്സ് കാണാൻ അമ്മമാർക്കല്ലാതെ ആർക്കാ കഴിയുക….