എഴുത്ത്: SHENOJ TP
അച്ഛാ ഒരുത്തന് എന്റെ പുറകെ നടക്കുവാണ് ഇഷ്ടമാണെന്നു പറഞ്ഞ്. എനിക്കു കോളേജില്‍ പോകാന്‍ പേടിയാവുന്നു…ശ്രീക്കുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പറഞ്ഞു.
എന്തിനാ മോള് പേടിക്കുന്നേ ? ഞാന്‍ ചോദിച്ചു.
അച്ഛന് പേപ്പറിലൊന്നും വായിക്കുന്നില്ലേ…? എനിക്കു ശരിക്കും പേടീയുണ്ട്. എന്നെ അച്ഛന് കൊണ്ടുപോയി കോളേജിലാക്കണം. അവള് സങ്കടത്തോടെയാണ് അത് പറഞ്ഞത്. മോളേ അച്ഛന് ജോലിക്കു പോവണ്ടേ മോളുട്ടി ധൈര്യമായിട്ട് ചെല്ല് എന്തിനാ പേടിക്കണെ ഞാന്‍ പറഞ്ഞു. അച്ഛനില്ലേ ഞാന്‍ പോവുല്ല എനിക്കു പേടിയാണ്. അവള് തറപ്പിച്ചു പറഞ്ഞു. ശരി ഞാനും വരാം…
ഓഫിസില്‍ വിളിച്ച് ലീവ് പറഞ്ഞു. അന്നവളുടെ ഒപ്പം കോളേജിലേക്കു ഞാനും പോയി. ബസ്സിറങ്ങി കോളേജിലേക്കു നടക്കുമ്പോള്‍ ഒരു നോട്ടത്തിലൂടെ ശ്രീക്കുട്ടി എനിക്കവനെ കാണിച്ചു തന്നു. മകളോട് നടന്നോളാന്‍ പറഞ്ഞു ഞാന്‍ അവനടുത്തേക്ക് ചെന്നു. കുട്ടാ ഒന്നൂ ഇങ്ങോട്ട് വരാവോ…ചെറിയ പരിഭ്രമത്തോടെയാണേലും അവന് വന്നു. മോന്റെ പേരെന്താണ്….?
അഥീഷ്…അവന് പേരു പറഞ്ഞു.
മോന് കാരണം അവള്‍ക്ക് കോളേജില്‍ വരാന്‍ പേടിയാണെന്നു പറഞ്ഞിട്ടു കൂട്ടു വന്നതാണ് ഞാന്‍. നമ്മുടെ പ്രണയാഭ്യര്‍ത്ഥന അവര്‍ക്കൊരു ശല്യമായാല്‍ പിന്മാറിയേക്കണം അതാണ് അവരോടുള്ള ഇഷ്ടത്തിന് നമ്മള് കൊടുക്കുന്ന മര്യാദ. അഥീഷിന് ഞാന്‍ പറഞ്ഞത് മനസ്സിലായോ….ഉത്തരം ചെറിയൊരു മൂളലായിരുന്നു. മോനെന്തിനാ പഠിക്കുന്നേ….
Btech IT…
ആഹാ നാളത്തെ എഞ്ചിനീയര്‍ ആണ്. പിന്നെ ഞങ്ങള്‍ പഠനത്തെപറ്റിയും മറ്റും കുറച്ചു നേരം സംസാരിച്ചു. മോനു എന്റെ മോളേക്കാള്‍ നല്ല കുട്ടിയെ കിട്ടും. ഒരാളെയും അവര്‍ക്കിഷ്ടമില്ലാതെ സ്നേഹിച്ച് ശല്യപ്പെടുത്തരുത്.
ഇല്ലച്ഛാ…അഥീഷിന്റെ മറുപടിയില്‍ ഞാന്‍ ശരിക്കും സന്തോഷവാനായി. ഞങ്ങള്‍ ഒരു കൈകൊടുത്ത് ചിരിച്ചു പിരിഞ്ഞു. വൈകിട്ട് കോളേജ് കഴിഞ്ഞ് വിളിച്ചു കൊണ്ടു വരാനൂം ഞാന്‍ പോയി. മോള്‍ക്ക് ഇനി ആ പയ്യന്റെ ശല്യമുണ്ടൊവില്ല. കൂടെ നടന്നു ഞാന്‍ പറഞ്ഞു. അച്ഛന് അവനെ ഇടിച്ചോ…? ഞാന്‍ ചിരിച്ചു ഉത്തരം പറഞ്ഞില്ല.
പിറ്റേന്ന് മോളോടു ധൈര്യമായി പോയ് വരാന്‍ പറഞ്ഞു. പോയി മടങ്ങീ വന്ന മകള്‍ പറഞ്ഞു അച്ഛാ അയാള്‍ ഇന്നില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് മോള് അയാളെ കാണാനേയില്ലെന്നു പറഞ്ഞപ്പോള്‍ തമാശരൂപേണ ഞാന്‍ ചോദിച്ചു. എന്താണ് അവനെ കാണാഞ്ഞിട്ട് സങ്കടൊണോ…? ഒന്നു പോയേ അച്ഛാ ശ്രീക്കുട്ടി പറഞ്ഞു.
അങ്ങനെ വര്‍ഷങ്ങള്‍ പോയി മറഞ്ഞു. ശ്രീക്കുട്ടിയ്ക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങി. അങ്ങനെ ഒരു ഞായറാഴ്ച കാണാന്‍ വന്ന ചെക്കനെ എല്ലാര്ക്കും നന്നേ ബോധിച്ചു. ഞങ്ങള്‍ ചെക്കനെ പറ്റി അന്വോഷിച്ചു, എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. അങ്ങനെ അടുത്ത ഞായര്‍ ചെക്കന്റ വീട്ടിലോട്ട് ഞങ്ങള്‍ മൂന്നുനാലൂപേര് പോയി.
അച്ഛനില്ലാത്തകൊണ്ട് അമ്മയാണ് അവനെല്ലാം…ചായകുടിയും മറ്റും കഴിഞ്ഞപ്പോള്‍ ചെക്കനെന്നോടെന്തോ ഒറ്റക്ക് സംസാരിക്കണമെന്ന്…സ്ത്രീധനത്തെ പറ്റി വല്ലതും പറഞ്ഞാല്‍ എന്നെ അച്ഛന് വില പറയരുതെന്ന് ശ്രീക്കുട്ടി പറഞ്ഞതോര്‍ത്തു ഞാന്‍ അവന് എന്താണ് പറയാന്‍ പോകുന്നതെന്നറിയാതെ ചെറു പരിഭ്രമത്തോടെ ചെന്നു. അവന്റെ ചോദ്യം വന്നു…
“അച്ഛന് എന്നെ മറന്നല്ലേ….”
“അച്ഛന് ഇല്ലാതെയാണ് ഞാന്‍ വളര്‍ന്നത്. അച്ഛന് അന്നെന്നെ വിളിച്ച് മാറ്റി നിര്‍ത്തി പറഞ്ഞത് എനിക്കു ഇന്നും നല്ല ഓര്‍മ്മയുണ്ട്. അതുകൊണ്ട് ഇത്രയും നല്ലൊരു അച്ഛനെയും ആ മകളെയും ഒരിക്കലൂം നഷ്ടപ്പെടുത്തരുതെന്നെനീക്കുണ്ടായിരുന്നു. ഈശ്വരന് അതെനിക്ക് സാധിച്ചു തന്നു. അവള്‍ക്കായുള്ള കാത്തിരിപ്പ് വെറുതെ ആയില്ല. സ്നേഹത്തിന്റെ കരുതല്‍ കാത്തിരിപ്പാണ്, അല്ലാതെ കത്തിയോ പെട്രോളോ അല്ലല്ലെ അച്ഛാ….ചിരിച്ചു കൊണ്ടവന് പറഞ്ഞു. ശ്രീക്കുട്ടിക്കെന്നെ ഇഷ്ടമായെന്നു കരുതുന്നു. ഒരുമീച്ച് ജീവിച്ച് അവളെ ഞാന്‍ സ്നേഹിച്ചു ഉപദ്രവിച്ചോട്ടെ…?”