ഓൺലൈൻ ക്ലാസ്സ് – എഴുത്ത്: നിയ ജോണി
ഓൺലൈൻ ക്ലാസ്സ് ഒള്ളോണ്ട് കഷ്ടപ്പെട്ട് രാവിലെ 11 മണിക്ക് എണീറ്റ് വന്നു പല്ലേച്ച് കുളിച്ചു ചായ കുടിച് ഗ്ലാസ് കഴുകാനായിട്ട് എണീറ്റപ്പോ ഗ്ലാസ് കയ്യീന്ന് തെന്നി താഴേക്ക്…
“സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ…… “
ഗ്ലാസ് പൊട്ടിയത് ആരേലും കണ്ടോന്ന് നോക്കിയപ്പോ ദോണ്ടേ മേരാ മാതാജി നെലം തൊടക്കണ കോലും കൊണ്ട് കണ്ണില്‍ തീക്കഷ്ണോം വരുത്തി ന്നെ ഇപ്പൊ ബക്കറ്റ് ചിക്കൻ ആക്കും ന്ന് പറഞ്ഞു നിക്കണ്…….
ന്റെ കോഴി തമ്പ്രാക്കൻമാരെ….. കാത്തോളണേ……..
മുതുമുത്തച്ഛൻമാര് ചെയ്ത പുണ്യം….. ആ കോലിന് തല്ലീല്ല…..ചൂലിനാണ് പൊറം വഴി കിട്ടിയത്…..അമ്മടെ ചൂലും ന്റെ പൊറോം മുടിഞ്ഞ ചേർച്ചേണ്….
ഈ ഗ്ലാസ് എങ്ങാൻ ഈ ചൂലിന്റ പ്രൊപ്രൈറ്റർ ന്റെ കയ്യിൽന്നാണ് വീണ് പൊട്ടിയതെങ്കി…..”ചില്ല് ഗ്ലാസ് ആവുമ്പം താഴെ വീണാ പൊട്ടും…. ആ ചില്ല് അങ്ട് പെറുക്കി കളഞ്ഞേരെ…. ” ശുഭം!!!!
അങ്ങന മാതാജിടെ കൂടെ ഒള്ള കുരുക്ഷേത്ര യുദ്ധം കയിഞ്ഞ് ക്ലാസ്സിന്റെ ലിങ്ക്ല് കേറി നോക്കിയപ്പോ ദോ…. എല്ലാ പെടക്കോഴികളും അഞ്ച് മിനിറ്റ് മുന്നേ പ്രെസെന്റ്.ഇപ്പൊ ആദ്യം കേറി അറ്റന്റൻസ് ഇടാന്ന് വെച്ച ഞാൻ ആരായി….. ശശി കാ മാതാശ്രീ കാ മാതാശ്രീ…… ശശീടെ അമ്മൂമ്മാന്ന്……അല്ലേലും അതങ്ങനല്ലേ വരുള്ളൂ……
അല്ലാ ഇതിപ്പോ എല്ലാം ഇങ്ങന വന്നു അറ്റന്റൻസ് ഇടാനും മാത്രം ടോവിനോ ചേട്ടൻ എങ്ങാൻ ആണ ക്ലാസ് എടുക്കാൻ വരണേ??? ആ കടുവ റോയ് തന്നേല്ലേ വരണത്…. ന്നൊക്കെ വിചാരിച്ചു ഞാൻ class ഓൺ ആക്കി വെച്ചട്ട് ഇൻസ്റ്റാഗ്രാമിൽ കേറി കൊറച്ചു കൈഞ്ഞപ്പോ ക്ലാസ്സില്‍ പുതിയൊരു ആണിന്റെ ശബ്ദം….
ആരാത്??? ന്ന് വിചാരിച്ചു കേറിയപ്പോ ദോണ്ടേ ടാ… കട്ട മീശ ഒക്കെ വെച്ച ഒരു കിടുക്കാച്ചി മൊതല്…..ഇതേതാ യുദ്ധഫൂമിയിൽ ഒരു പുതിയ ഭടൻ???
ഇങ്ങേര് പോലീസ് എങ്ങാൻ ആണാ??? ആകെ മൊത്തം അങ്ങന ഒരു ഫീൽ ആള കണ്ടട്ട്…
അപ്പോ ന്റെ കടുവ റോയ് ന്ത്യെ?????
ക്ലാസ്സ്നെ അവടെ നിർത്തിയിട്ട് വാട്സപ്പിൽ കേറി ക്ലാസ്സ് ലെ മെയിൻ പെടക്കോഴി നച്ചൂന് മെസ്സേജ് അയച്ചപ്പോണ്ട് കടുവ റോയ് ലീവിലാണ് ഇത് പുതിയതായിട്ട് വന്ന സാർ ആണ് ന്ന്… ഇന്നലെ ഗ്രൂപ്പില്‍ പറഞ്ഞാരുന്നു ന്ന്….
ആാാ… അതാണ്…. ഞാൻ ഇന്നലെ ഗ്രൂപ്പില്‍ കേറീല്ല…. ലവള്മാർടെ കലപില കാരണം ഞാൻ അത് mute ചെയ്തേക്കേണ്……ന്നാലും ഈ സമയത്തൊക്കെ പുതിയ സാർനെ എടുക്കുവോ??…..
അപ്പോ ദോ…. അങ്ങേര് അവടെ അറ്റന്റൻസ് ന് ന്റെ പേര് വിളിച്ചു കൂവണ്….വേഗം വാട്സാപ്പ് കളഞ്ഞ് ക്ലാസ് ല്‍ കേറിയപ്പോ അങ്ങേര് ന്റെ പേര് ലേലം വിളിക്കണ്…..ഞാൻ ന്തോന്ന് ഇടപ്പള്ളി പള്ളിയിലെ നേർച്ച കോഴിയോ????PRESENT SIR……..ന്ന് പറഞ്ഞപ്പോ അങ്ങേര് കണ്ണും പൂട്ടി അഞ്ചാറു ചീത്ത…..അറ്റന്റൻസ് തനിക്ക് തോന്നുമ്പോ വന്നു പറയണ്ട കാര്യം ഒന്നുവല്ല……അതെങ്ങനാ…. ക്ലാസ്സ് ഓൺ ആക്കി വെച്ചട്ട് ഇൻസ്റ്റാഗ്രാമും വാട്സപ്പും ഫേസ്ബുക്കും ടിക്ടോക്കും എല്ലാം ഒരേ സമയം ഉപയോഗിച്ചോണ്ട് ഇരിക്കേരിക്കും……… ന്നൊക്കെ പറഞ്ഞു ചറപറാ……… കെടന്ന് അലാറാൻ തൊടങ്ങി……ടിക് ടോക് നിരോധിച്ചു സാർ… അതോണ്ട് അതില്‍ കേറാൻ പറ്റണില്ല സാർ…… ന്ന് ഞാനും പറഞ്ഞു.അപ്പൊ ദേ പിന്നേം അങ്ങേര് ന്തോ ഒക്കെ വിളിച്ചു പറഞ്ഞു…
എനിക്ക് എന്തിന്റെ കേടാരുന്നു…….. അറ്റന്റൻസ് പറഞ്ഞില്ലെങ്കി അബ്സെന്റ ഇട്ടേനെ…. ന്നാലും ഇങ്ങേരുടെ വായിലിരിക്കണത് കേക്കണ്ടാരുന്നു……. മാങ്ങാത്തൊലി….
അറ്റന്റൻസ് ഒക്കെ കയിഞ്ഞപ്പോ ദേ കാട്ടുമാക്കാൻ എല്ലാരും വീഡിയോ ഓൺ ആക്കാൻ……പറ്റൂല്ല……..ഇതെന്താ ഇത് വരെ ഇല്ലാത്ത കീഴ്വഴക്കങ്ങളൊക്കെ?????ഞാനാണേല് കുളിച്ച് കഴിഞ്ഞിട്ട് മുടി എടുത്തു ഉച്ചീല് കെട്ടി വെച്ച് ഇരിക്കേണ്….
എല്ലാരും വീഡിയോ ഓൺ ആക്കിയപ്പോ പുട്ടീല് തലേം കുത്തി വീണ പോലെ ഇരിക്കണ്….ലിപ്സ്റ്റിക്, ഐ ലൈനർ, മസ്കാര മുതല്‍ ചുണ്ടിന്റെ താഴെ ഇത് വരെ ഇല്ലാത്ത മറുകിന് വേണ്ടി ഐ ലൈനർ വെച്ച് ഒരു കുത്ത് വരെ കുത്തീട്ടാണ് ഓരോന്ന് വന്നിരിക്കണത്….
അപ്പോ ഞാൻ മാത്രാണ് പറക്കും തളികയില ബസന്തിനെ പോലെ വന്നേക്കണത്…..
യെടി യെടി യെടി……. ഇന്നലെ ഗ്രൂപ്പില്‍ പറഞ്ഞതല്ലേ വീഡിയോ ഓൺ ആക്കണം ന്ന്….. നിനക്ക് ഒന്ന് മര്യാദക്ക് ഒരുങ്ങി ഇരുന്നൂടെന്ന് ചോയ്ച്ചു അൽ വാഴ ദേവു വാട്സാപ്പ് ല്‍ മെസ്സേജ് അയച്ചേക്കണ്….
പുളിച്ചത് വായില്‍ വന്നെങ്കിലും ന്റെ കൊഴപ്പം ആയോണ്ട് അതെടുത്തു മുറ്റത്തെ തെങ്ങും ചോട്ടിലേക്ക് ഇട്ട്.
അപ്പ ദോണ്ടേ…. പുതിയ കാട്ടുമാക്കാൻ പറയേണ്………ഒന്ന് കുളിച്ചിട്ട് ഒക്കെ ക്ലാസ്സില്‍ വന്നിരുന്നൂടെ???ന്ന്….
ഇത് എന്ന ഉദ്ദേശിച്ചാണ്…. എന്ന തന്നെ ഉദ്ദേശിച്ചാണ്…. എന്ന മാത്രം ഉദ്ദേശിച്ചാണ്……
മിണ്ടണ്ട…… കുളിച്ചതാണ് ന്ന് പറഞ്ഞാ….. ഈ കാട്ടുമാക്കാൻ എന്ന ഉദ്ദേശിച്ചാണ് പറഞ്ഞേന്ന് എല്ലാത്തിനും മനസിലാവും…..അതോണ്ട് വായ്ക്ക് സിബ് ഇട്ട് ഞാൻ ഒരു മൂലേല് പോയി ഇരുന്ന്.
ഇന്ന് ക്ലാസ്സ് ഒന്നുവല്ല….. ജസ്റ്റ് നമ്മക്ക് പരിചയപെടാം ന്ന്…കാട്ടുമാക്കാൻ.
ഇത് നേരത്തെ പറഞ്ഞേച്ചേല് ഞാൻ വരൂല്ലാർന്നു….. ഇതിപ്പോ ന്റെ നെറ്റ് വെർതെ തീരും…. ന്നൊക്കെ മനസില്‍ വിചാരിച്ചു നിന്നപ്പോ ദോണ്ടേ അങ്ങേര് ന്നോട് അങ്ങേർക്ക് എന്ന പരിചയപെടുത്താൻ…….
ന്റെ പേര് പറഞ്ഞപ്പോ….. വീട്ടില്‍ ആരൊക്കെ ണ്ട് ന്ന്…. ഇങ്ങേര് ഇതെന്തോന്ന് സെൻസസ് എട്ക്കാൻ വന്നേണ……
അത് പറഞ്ഞു കൈഞ്ഞപ്പോ അടുത്ത ചോദ്യം…..വീട് എവിടെണ്?????സ്ഥലം പറഞ്ഞപ്പം അങ്ങേര്ടെ വീടും അവിടേണ് ന്ന്….അയിന്??????
അങ്ങന എല്ലാരോടും ചോയ്ച്ചു കഴിഞ്ഞപ്പ കോഴി നച്ചു വന്നട്ട് സാർ നെ കുറിച്ച് ഒന്നും പറഞ്ഞില്ലാ… ന്ന്….പിന്നെ…. അതറിഞ്ഞിട്ട് വേണം അവക്ക് അവക്കടെ അച്ഛനെ അങ്ങേര്ടെ വീട്ടിലേക്ക് കല്യാണം ആലോയിക്കാൻ വിടാൻ….. എണീറ്റ് പോടീ…….
അങ്ങേര് അങ്ങേര്ടെ ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു കൈഞ്ഞപ്പ വാഴ ദേവുന്റെ വക സാർ ന്റെ കല്യാണം കഴിഞ്ഞതാണോ ന്ന്……
ഇല്ലാടി….. നിനക്ക് വേണോങ്കി നീ പോയി കെട്ട് അല്ല പിന്നെ…….
അയിന് അങ്ങേര് ഇല്ലാന്ന് പറഞ്ഞിട്ട് ക്ലാസ്സ് ലെ “റെപ്പ് ” ആരാണ് ന്ന് ചോയ്ച്ചു…..
അങ്ങന ആരൂല്ലന്ന് പറഞ്ഞപ്പോ ആർക്കേലും ആവാൻ താല്പര്യം ഒണ്ടോന്ന്…..
അപ്പോ ദോണ്ടേ അഖില ന്റെ പേര് പറയണ്……ഞാനല്ലടി നിന്റ താരമ്പൻ അർണേട്ടൻ…….
എല്ലാർക്കും സമ്മതോണോന്ന് അങ്ങേര്……ഇങ്ങേരെന്തോന്നു മനസമ്മതം നടത്തണേണ…. സമ്മതം ചോയ്ച്ചു…….
എല്ലാരും കൂടി കോറസായിട്ട് ആാാ….. ന്ന് പറഞ്ഞപ്പോ ന്നാ താൻ തന്നെ ലീഡർ ന്ന് അങ്ങേരും……
എനിക്ക് പറ്റൂല്ല സാർ ന്ന് പറഞ്ഞപ്പോ തന്നോട് ലീഡർ ആവാൻ പറ്റുവോന്നല്ല ആവണം ന്നാണ് ഞാൻ പറഞ്ഞത് ന്ന് അങ്ങേര്……ഇനി താനാണ് ക്ലാസ്സ് ന്റെ റെപ്പ്…. ന്ന്….ഇത് വല്ലാത്തൊരു വെപ്പായി പോയി……
അല്ലേല്‍ തന്നെ നിക്ക് ഇതൊന്നും ഇഷ്ടല്ലാത്തേണ്……. മുട്ടൻ പണി ആരിക്കും കിട്ടാൻ പോണത്.പോരെങ്കി അങ്ങേര് ആയിട്ട് ആദ്യം തന്നെ ഒടക്കേം ചെയ്തേണ്…… പുല്ല്…..
പിന്നെ അങ്ട് പണികൾടെ വരവാരുന്ന്……
ഐഡിയക്കാര് ന്റെ നെഞ്ചത്ത് ആണി അടിക്കാൻ തന്നെ തുനിഞ്ഞ് എറങ്ങിയേക്കെണ്…. അവര്‍ കാരണം എല്ലാ ദിവസോം കാട്ടുമാക്കാന്റെ വായിലിരിക്കണതു ക്ലാസ്സ് കഴിയണ വരെ ഞാൻ കേക്കണം….പോരെങ്കി ഈ ഭൂലോകത്തൊള്ള എല്ലാ കൊനഷ്ട്ട് ചോദ്യം മുഴുവൻ അങ്ങേര് എന്നോട് ചോയ്ക്കും. ഞാൻ പിന്നെ പഠിക്കാൻ ബഹു മിടുക്കി ആയോണ്ട് ബ്ബ ബ്ബ ബ്ബ ബ്ബ റിപീറ്റ് മോഡിൽ ഇടും.
അങ്ങേര് ചോദ്യശരങ്ങൾ ന്റെ നേരെ തൊടുത്ത് വിടും. ഞാൻ അതൊക്ക കൂട്ടി വെച്ച് ആ ശരശയ്യയില്‍ കേറി കെടക്കും…മാക്കാന് ക്ലാസ്സ് എടുക്കണേനേലും interest നിക്ക് പണി തരാനാണ്….. കള്ള ബഡുവ…
അങ്ങന ഒരു മാസം കൊണ്ട് കാട്ടുമാക്കാൻ പിള്ളേര്ടെ കണ്ണിലുണ്ണിയും പ്രതേകിച്ചു പെൺപിള്ളേർടെ കണ്ണിലെ ഉണ്ടംപൊരിയും ഒക്കെ ആയി…ന്റെ കണ്ണിലെ കുരൂo……
ദേവുനും നച്ചുനും അഖിലക്കും ഒക്കെ അങ്ങേര കുറിച്ച് പറയാൻ നൂറു നാക്കാണ്…. ഒരൂസം ഞാൻ അതൊക്ക അരിഞ്ഞു ഉപ്പിലിടും….
ഒരൂസം മുറ്റത്ത് ഇരുന്ന്, “ഉനക്കാഗ വാഴ നെനക്കിറേൻ………ഉസിരോട് വാസം പുടിക്കിറേൻ……. ” പാട്ട് പാടിയപ്പോ നീ ജനിച്ചപ്പോ മുതല്‍ ഞാനാ വാഴക്ക് വെള്ളം ഒഴിക്കാൻ തൊടങ്ങിയത് ന്ന് പറഞ്ഞ് അപ്പൻ മുറ്റത്ത് ന്ന് കേറി പോയി. ഹായ് നല്ല ശകുനം…. ഇനി ന്തായാലും പണി വരുംന്ന് ഒള്ള കാര്യം ഒറപ്പാണ്…
അപ്പോ ദോണ്ടേ ഓൺലൈൻ ക്ലാസ്സ് ന്റെ ലിങ്ക് വന്ന് കെടക്കണ്. കേറി നോക്കിയപ്പ മാക്കാന്റെ വക സർപ്രൈസ് ടെസ്റ്റ്…
സിവനേ…… ഈ ജന്തുന് ഞാൻ വെല്ല സൈനേഡും കലക്കി കൊടുക്കും.
ടെസ്റ്റ് ന്റെ question paper നോക്കി ഇരിക്കണ കൊറേ നേരായി…..
“എന്തെ ഇന്നും വന്നീല്ല…എന്നോടൊന്നും ചൊല്ലീല്ല…. “
വന്നട…. വന്ന്…..കേറി നോക്കിയപ്പ കഞ്ചാവടിച്ച ഫീൽ…….തലേടെ ചുറ്റും പൂമ്പാറ്റ, തുമ്പി, വണ്ട്, ചെല്ലി….. അങ്ങന എല്ലാം ണ്ട്…
പിന്നെ എന്തിനാ മോളൂസേ ഗൂഗിളേച്ചി…….ഗൂഗിൾ ല്‍ കേറി ഫുൾ അറ്റൻഡ് ചെയ്ത്. മാർക്ക് പറഞ്ഞപ്പം ന്റെ ഒഴിച്ച് എല്ലാർടേം പറഞ്ഞു. ചോയ്ച്ചപ്പ പറയാ…. ഗൂഗിൾല്‍ നോക്കി എഴുതണതു പരീക്ഷ അല്ലാന്ന്…..ഐയണിഫൈഡ്………..
അയിന് ഞാൻ മാത്രല്ലല്ലോ…. എല്ലാരും ണ്ടല്ലോ…. ന്ന് പറഞ്ഞപ്പോ അതൊന്നും എനിക്കറിയണ്ടന്ന്……… കാലമാടൻ…. കാട്ടുമാക്കാൻ…… തെണ്ടി……
അത് കയിഞ്ഞു കൊറേ നാള് കൈഞ്ഞപ്പോണ്ട് മാക്കാൻ ന്റെ ഫോണിലേക്ക് വിളിക്കണ്….ന്റെ പട്ടി എടുക്കും…… താൻ പോടോ മാക്കാനേ…….കട്ട് ആയി കൈഞ്ഞപ്പോ ദോ പിന്നേം വിളിക്കണ്. അഞ്ച് പ്രാവശ്യം വിളിച്ചു കൈഞ്ഞപ്പോ ആറാമത്തെ വിളിക്ക് ഞാൻ എടുത്ത്… പാവല്ലേ ന്ന് വിചാരിച്ചു….
അപ്പോ ദോ അങ്ങേര് മുട്ടൻ ചീത്ത……ഇങ്ങേര് പാവം ന്ന് വിചാരിച്ച ഞാനാണ് പൊട്ടി.
ഹലോ… ഹലോ….. ന്നേ വിളിച്ചു ഇങ്ങന ചീത്ത പറയാൻ താൻ ആരുവാടോ??? ന്ന് ഞാനും ചോയ്ച്ചു.
ഞാനാണ് നിന്റ സാർ……
ന്റെ സാറോ????? യേത് സാറ്???? അയ്യോ…. സാറാരുന്നോ???? ഞാൻ സേവ് ചെയ്തിട്ട് ഇല്ലാരുന്നു സാറെ….
അല്ല പിന്നെ.. എന്നോടാ കളി…
ന്നിട്ടു അങ്ങേര് പറയാ…. ഞാൻ സെമിനാർ എടുക്കണം ന്ന് അതിന്റ portion പറയാനാണ് കാലൻ കയറും കൊണ്ട് പോത്തിന്റെ പൊറത് ഇരുന്ന് ഇപ്പൊ എന്നെ ഫോൺ വിളിച്ചത്.
പറ്റൂല്ലാ….ന്ന് പറഞ്ഞപ്പോ നീ ചെയ്യണം ചെയ്തേ പറ്റൂ…. ന്ന് പറഞ്ഞു കാലൻ ഫോൺ വെച്ച്.
അതൊരു വല്യ ചാപ്റ്റർ ആന്നേ….. രണ്ടാഴ്ച കൊണ്ട് എടുക്കണ്ടതാണ് അത് ഞാൻ 2 ക്ലാസ്സ് കൊണ്ട് തീർക്കണം ന്ന്…ഞാൻ ന്തോന്ന് എന്തിരനാ???
ഈ കാര്യം പറയാൻ അവള്മാരെ വിളിച്ചപ്പോ അവള്മാരെ അവരടെ സെമിനാർ എന്നോട് ചെയ്യാൻ പറയാൻ ഇരിക്കേണ് ന്ന്.
ഇതിപ്പം പട പേടിച്ചു പന്തളത്ത് ചെന്നപ്പം പന്തം കൊളുത്തി പട ന്ന് പറഞ്ഞപോലെ ആയല്ലാ ………
പിന്നേടി…. ന്റെ പട്ടി ചെയ്യും.
സെമിനാർ എടുക്കണം ന്ന് ഒള്ളോണ്ട് ഒരാഴ്ച ക്ലാസ്സില്‍ കേറീല്ല. ഫോണില്‍ മാക്കാന്റെ നമ്പർ അങ്ട് ബ്ലോക്കും ചെയ്തിട്ട്…..ഹാവൂ…. മനസമാധാൻ……..
ഞാൻ ക്ലാസ്സില്‍ കേറാത്ത കാര്യം അറിയാൻ മൂന്ന് കുരുപ്പുകളും കൂടെ വിളിച്ചപ്പോ പണിയാണ് ന്ന് പറഞ്ഞാ മതി ന്ന് പറഞ്ഞപ്പോ ആ ജന്തുക്കൾ പറയാ നിന്റ internal മാർക്ക് പോവൂല്ലേ ന്ന്….
ന്റെ internal മാർക്ക് അങ്ങേര് കൊണ്ടോയി പുഴുങ്ങി തിന്നട്ടെ അല്ല പിന്നെ….. പുല്ല്.
കൊറച്ചു നാള് കയിഞ്ഞു ഒരൂസം വൈകുന്നേരം തലേല് താളീം തേച്ചു മുറ്റത്തൂടെ നടക്കുമ്പ ദോ ഒരു ബൈക്ക് വന്നു മുറ്റത്തു നിർത്തി. മാസ്ക് ഒക്കെ വെച്ച് ഒരു അന്യഗ്രഹജീവി വീട്ടില്‍ ക്ക് വന്നിട്ട് ന്റെ അമ്മനോട് ന്റെ പേര് പറഞ്ഞു.
അന്നേരം മാതാജി എന്ന ഒരു നോട്ടം. ഇനി ഇത് ന്റെ ക്യാമുകൻ വല്ലോം ആണോന്ന് ഒള്ള രീതിയില്‍….
ന്റെ പൊന്നമ്മച്ചി… ഞാൻ മനസാ… വാചാ… കർണാടകാ…. അറിയാത്ത കാര്യാണ്.
മാതാജി ദേ നിക്കണ് ന്ന് പറഞ്ഞു ന്നേ ചൂണ്ടി കാണിച്ചിട്ട് താനാരാ… ന്ന് ചോയ്ച്ചപ്പ അയാള്‍ ഞാൻ ഇവള്ടെ പുതിയ സാർ ആണ് ന്ന് പറഞ്ഞു അങ്ങേര് മാസ്ക് ഊരി.
ദേവ്യെ………. കാലൻ വിത്ത് പോത്ത്. കയറിന് പകരം മാസ്ക് ആണല്ലോ???? ഇങ്ങേരെ കൊറോണക്ക് പോലും വേണ്ടേ????
സാറാണ് ന്ന് കേട്ടപ്പോ മാതാശ്രീ പറയേണ് അകത്തേക്ക് കേറി ഇരിക്ക് ന്ന്…. ന്നാ ആ ബെഡ്റൂം കൂടെ കാണിച്ചു കൊടുക്ക് അങ്ങേര് കൊറച്ചു നേരം കെടന്ന് റെസ്റ്റ് എടുക്കട്ടെ അല്ല പിന്നെ… ഹും…..
കേട്ട പാതി കേൾക്കാത്ത പാതി അങ്ങേര് അകത്തേക്ക് കേറി ഇരുന്ന്.
മാതാജി ചായ എടുക്കാൻ പോയി. വിമ്മ് കലക്കി കൊടുത്താലോ…ഇല്ലേ വേണ്ട.. കാലൻ ഇനി പുതിയ assignment തരും.
അങ്ങേരെന്ന അടിമുടി നോക്കി. അതിപ്പ ആരായാലും നോക്കി പോവും. തലേല് ചെമ്പരത്തി താളി, അപ്പന്റെ പഴയ t shirt, കഴിഞ്ഞ പ്രളയത്തിന് ദുരിതാശ്വാസം കിട്ടിയ പാന്റ് പകുതി മടക്കി വെച്ചേക്കണ്. ആകെ മൊത്തം ഒരു പറക്കും തളിക ബസന്തി കട്ട്.
നിന്റ തലേല് ന്താ???? ചെമ്പരത്തി താളി… ഞാൻ പറഞ്ഞു. നിന്റ തലേല് താളി അല്ല നെല്ലിക്ക തളം ആണ് വെക്കണ്ടത് ന്ന്.
പരട്ട കെളവൻ. അത് നിങ്ങടെ തലേലാടോ കാലമാടാ വെക്കണ്ടത്.
അല്ലാ…. ആരാ… വീട് പറഞ്ഞ് തന്നത് ന്ന് ചോയ്ച്ചപ്പോ പറയാ…. ന്റെ പരട്ട കൂട്ടുകാരികളാണ് ന്ന്…..കുട്ടി തേവാങ്കുകളെല്ലാം കൂടെ ചതിച്ചു……
“കുഞ്ഞുകൺപീലികൾ ചിമ്മിടും സന്ധ്യയിൽ കാതിലെന്തോതുവാൻ വന്നു നീ….കുഞ്ഞിളം കാറ്റുപോൽ തെന്നിടും മൊഴികളിൽ ചഞ്ചലം മാനസം ഗോപികേ……ചഞ്ചലം മാനസം ഗോപികേ….. “
ഇതെന്റെ ഫോണല്ലേ അടിക്കണ????? എടുത്തു നോക്കിയപ്പ വാഴ ദേവു, കോഴി നച്ചു, പിന്ന അഖില…ആഹാ എല്ലാം ണ്ടല്ലോ……എടികളെ… പിന്നെ വിളിക്കാ കാലൻ സാറ് വന്നേക്കണ് ന്ന് പറഞ്ഞപ്പോ അഖില മോള് സാറെന്തിനാടി നിന്ന പെണ്ണ് കാണാൻ വന്നേക്കേണ????? അല്ലടി….ന്റെ കൊച്ചിന്റെ ഇരുപതെട്ട് കെട്ടിന്. വെക്കടി യൂദാസെ ഫോൺ…. ന്ന് പറഞ്ഞു ഞാൻ കട്ട് ചെയ്ത്. ഒറ്റു കൊടുത്തട്ട് വിശേഷം അറിയാൻ വിളിച്ചേക്കേണ് കള്ള കുരുപ്പുകള്‍.
അപ്പഴേക്കും അമ്മ ചായ കൊണ്ടു കൊടുത്തു. ഞാൻ ഒരാഴ്ച ക്ലാസ്സില്‍ കേറാത്ത കാര്യം അങ്ങേര് അമ്മനോട് പറഞ്ഞു കൊടുത്തു. ദുഷ്ടൻ. അതന്നെഷിക്കാൻ വന്നേണ് പോലും….
അത് കേട്ടതും പോരാളി ന്നെ നോക്കി കണ്ണുരുട്ടൻ തൊടങ്ങി…. ആ രണ്ട് കണ്ണും ഇപ്പൊ പൊറത് ചാടും അമ്മാതിരി ആണ് ഉരുട്ടണത്. പിന്നെ ഒരൂസം ചെറിയ പനി ഒണ്ടാർന്ന കൊണ്ട് അമ്മ പനിയാർന്നു ന്ന് പറഞ്ഞു.
Notes ഒക്കെ അങ്ങേര് അയച്ചു തരാ….. ന്തേലും doubt ഒണ്ടേൽ വിളിച്ചാ മതി ന്ന് പറഞ്ഞു അങ്ങേര് ഇറങ്ങി. ഹാവൂ…. ഇനി പോരാളിടെ വക വെടിവഴിപാട് ണ്ടാവും.
അതൊക്ക കിട്ടി അന്ന് രാത്രി ആയപ്പോ അങ്ങേര് വാട്സാപ്പ് ല്‍ notes അയച്ചും തന്ന്. ന്നിട്ട് ഒരു വോയിസ് മെസ്സേജും. അടുത്ത പരീക്ഷക്ക് ഗൂഗിൾല്‍ തപ്പി പോകാതെ മര്യാദക്ക് പഠിച്ചു പരീക്ഷ എഴുതാൻ….
പിന്നെ…. ഞാൻ പഠിക്കാനേ…..ന്റെ പട്ടി പഠിക്കും. ഹും…
അങ്ങന ലോക്ക് ഡൗണും നീണ്ടു പോയി ഓൺലൈൻ ക്ലാസും നീണ്ടു പോയി. ഞാൻ ആണേൽ അങ്ങേരോട് ഇടി ഇടാത്ത ഒരു ദിവസം പോലും ഇല്ല. ഓൺലൈൻ ക്ലാസ്സ് ന്ന് കേക്കണ തന്നെ പണ്ടാരക്കലിയായി.
അങ്ങന ന്റെ ഇരുപതാമത്തെ പൊറന്തനാൾ ന് കേക്ക് മുറിച്ചു കൈഞ്ഞപ്പോ മാതാശ്രീ ഒരു ബോംബ് കൂടെ ന്റെ തലേലേക്ക് എടുത്തിട്ട്.
20 വയസായി പെണ്ണിന്. 21 വയസില്‍ മംഗല്യഭാഗ്യം ഒള്ളതാണ് പെണ്ണിന്. പിന്നെ 30 വയസിലാണ് ഒള്ളത്. അതോണ്ട് ചെക്കന നോക്കണം ന്ന്.
എന്നാ 30 വയസില്‍ കെട്ടാം ന്ന് ഞാനും പറഞ്ഞു. അതാവുമ്പം നിക്ക് ഡിഗ്രി കഴിഞ്ഞു PG ചെയ്യാം…. കൊറച്ചു നാള് ജോലിക്കും പൂവാം.
PG ഒക്കെ കല്യാണം കഴിഞ്ഞിട്ടും പഠിക്കാ… ഈ വർഷം ഡിഗ്രി കഴിയുവല്ലോ….അത് കഴിഞ്ഞു കല്യാണം നടത്താം… ന്ന് പോരാളി…
പിന്നെ… കല്യാണം കൈഞ്ഞ് പഠിത്തം. മാങ്ങാത്തൊലിയാണ്…അന്നേരം ന്റെ കൂടെ പഠിച്ചവരൊക്കെ PG കഴിഞ്ഞ് ജോലിക്ക് പോകുമ്പം, ഞാൻ ആ വീട്ടില്‍ അടുക്കളേൽ ഇരുന്ന് ഞാനും ഒരു വർണ്ണ പട്ടമായിരുന്നു ന്ന് പറയണ്ട വരും.
പക്ഷെ ന്റെ കല്യാണ കാര്യത്തില്‍ നിക്ക് ജോയ്സ് ഇല്ലാത്തോണ്ട് നല്ല തകൃതി ആയിട്ട് ആലോചന ഒക്കെ നടന്ന്.
അയിന്റെ എടേൽ വന്ന രണ്ട് ചെക്കന്മാരെ ഞാൻ കണ്ടം വഴി ഓടിച്ചോണ്ട് മൂന്നാമത്തെ പെണ്ണുകാണൽ നിക്ക് നോട്ടീസ് ഒന്നും തരാതെ ആണ് വന്നത്. വന്നത് ന്റെ കാലൻ സാറും. ന്റെ വേലത്തരം ഒന്നും അവടെ നടക്കാത്തോണ്ട് വീട്ടുകാര്‍ അങ്ങേരെ കൊണ്ട് തന്ന എന്ന കെട്ടിച്ചു.
ജാങ്കോ… നീയറിഞ്ഞ….ഞാൻ പെട്ടു…..
പഠിക്കാൻ വല്യ താല്പര്യം ഒള്ളോണ്ട് അന്ന് മാതാശ്രീനോട് പറഞ്ഞ പോലെ വർണ്ണ പട്ടം ഡയലോഗും പറഞ്ഞു ഞാൻ അങ്ങേര്ടെ അടുക്കളേല് ഇരിപ്പായി.
പിന്നെ ദേവുനേം നച്ചുനേം അഖിലനേം ഒക്കെ എന്നക്കാളും നേരത്തെ പിടിച്ചു കെട്ടിച്ചോണ്ട് ഒരു relaxation ണ്ട്……
പക്ഷെ അങ്ങേര്‍ക്ക് പണി വേറെ കിട്ടി. ഇരട്ടകളായിട്ട് ജനിച്ച ഞങ്ങടെ രണ്ട് സന്തതികളും അങ്ങേർക്ക് ഇട്ട് മുട്ടൻ പണിയാണ് കൊടുക്കാറ്. ചെക്ക് ചെയ്യാൻ കൊണ്ടു വരണ പേപ്പർ ആണ് അവരടെ മെയിൻ. എനിക്കിട്ട് തന്ന പണി മുഴുവൻ ന്റെ മക്കൾ ന്റെ കേട്യോൻ സാറിന് തിരിച്ചു കൊടുത്തോണ്ടിരിക്കേണ്.
അല്ലാ….. സാർ എപ്പോ വന്നാവോ???? ന്താണാവോ അടുക്കളേല്???
ചുമ്മാ….. പിള്ളേര് ന്ത്യെ????
അവര്‍ അമ്മടെ അടുത്ത് ണ്ടല്ലോ……. ന്ത്യെ???
അതേ…… അതൊണ്ടല്ലോ…… അച്ചൂനും അമ്മൂനും ഒരു അനിയൻ കൂടെ വേണ്ടേ????
ന്തോന്ന്???
അല്ലാ…… ഒരു അപ്പൂസ് കൂടെ വേണ്ടേ???? ന്ന് പറഞ്ഞു ന്റെ കേട്യോൻ അടുത്തേക്ക് വന്നതും അച്ഛേ….. ന്നും വിളിച്ചു പിള്ളേര് രണ്ടൂടെ രംഗ പ്രവേശനം ചെയ്ത്.
പിള്ളേര് സമ്മതിക്കൂല്ല……. ന്നും പറഞ്ഞു കേട്യോൻ രണ്ടിനേം എടുത്തോണ്ട് ഹാളിലേക്ക് പോയി.
കൊറച്ചു കൈഞ്ഞപ്പോ അമ്മേ…. ന്നൊള്ള ഒരു അലർച്ച. ചെന്ന് നോക്കിയപ്പോ രണ്ടൂടെ അച്ഛനെ പഞ്ഞിക്ക് ഇടണ് ണ്ട്…..
ആഹാ… ഞാൻ പണ്ട് കൊടുക്കണം ന്ന് വിചാരിച്ച ചവിട്ടും കുത്തും ഒക്കെ ന്റെ പിള്ളേര് കൊടുത്ത്.
അങ്ങേർക്ക് അങ്ങന തന്നെ വേണം…… എന്നോട് കളിച്ചാ അടുത്ത തലമുറ ചോയ്ക്കാൻ വരും മോനെ………