മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
പതിവ് പോലെ അടുത്ത ദിവസവും ഓടിക്കിതച്ചായിരുന്നു പല്ലവി കോളേജിലേക്കെത്തിയത്… കാർ പാർക്ക് ചെയ്തു വരാന്തയിലേക്ക് നടന്നു കയറുന്ന സൂരജിനെ മിന്നായം പോലെ കണ്ടപ്പോൾ, ലേറ്റായി ക്ലാസ്സിൽ കയറാൻ തടിമിടുക്കുള്ള ഒരുത്തനും കൂടെ ഉണ്ടല്ലോ എന്ന് ആശ്വാസത്തോടെ ചിരിച്ചുകൊണ്ടവൾ അവനൊപ്പം എത്താനായി വേഗത്തിൽ നടന്നു…
നടക്കുന്നതിനിടയിലും ചുരിദാറിന്റെ ഷാൾ മുന്നിലേക്ക് ഒന്നുകൂടി വിരിച്ചിട്ട് മുടി ഒതുക്കി വച്ച് എല്ലാം കൃത്യമാണെന്നവൾ ഉറപ്പുവരുത്തി…ഇന്നലെകളെ ആവർത്തിക്കാതെ ശ്രദ്ധിക്കണമല്ലോ…
കിതച്ചുകൊണ്ട് ക്ലാസ്സിന്റെ അടുത്തെത്തിയതും സൂരജിനെ കാണാനില്ല…ഹേ ഇതെന്തു അപ്രത്യക്ഷമായോ…ഇനി ഒറ്റക്ക് പോകുക തന്നെ…അവൾ നിശ്വാസിച്ചു…
ക്ലാസ്സിലേക്ക് കയറാൻ അനുവാദം ചോദിക്കും മുന്നേ അവളെ കണ്ട അനുരാധടീച്ചറുടെ മുഖം ചുളിയുന്നതും വാച്ചിലേക്ക് നോക്കുന്നതും കണ്ടപ്പോൾ പണി പാളിഎന്നവൾക്ക് തോന്നി…തലയുയർത്തി വീണ്ടും നോക്കിയപ്പോൾ ആ പഴയ ഭാവം മാറിയതും “”ഗെറ്റ് ഇൻ”” എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു…
ഇതെന്ത് സംഭവിച്ചു എന്ന് ഓർത്തുകൊണ്ടവൾ ക്ലാസ്സിലേക്ക് കയറവെ പിറകെ വരുന്ന ആരിലേക്കോ എല്ലാവരുടെയും ശ്രദ്ധ പോകുന്നതവൾ അറിഞ്ഞു…തിരിഞ്ഞു നോക്കവേ തന്നെ മറികടന്നു സീറ്റിലേക്ക് ഇരിക്കാൻ പോകുന്ന സൂരജിനെ കണ്ടവൾ അന്തിച്ചു നിന്നു..
ആശാൻ എന്റെ പിറകിൽ ഉണ്ടായിരുന്നോ…എന്തായാലും രക്ഷപെട്ടു എന്ന് ചിന്തിച്ചു ബഞ്ചിന്റെ അറ്റത്തേക്ക് ഇരുന്നപ്പോൾ സൂരജ് അവളെ ശ്രദ്ധിക്കുന്നത് കണ്ടവൾ ഊറി ചിരിച്ചു…
അടുത്തടുത്ത പീരിഡുകളിൽ എല്ലാം നല്ല രീതിയിൽ ക്ലാസ്സ് നടക്കുന്നുണ്ടായിരുന്നു…അധ്യാപകർ പലരും ആൺകുട്ടികളുടെ സൈഡിലെ അവസാനത്തെ ബഞ്ചിൽ രണ്ടറ്റത്തായി ഇരിക്കുന്ന പല്ലവിയെയും സൂരജിനെയും അതിശയത്തോടെ നോക്കിയപ്പോൾ, ചില പെൺകുട്ടികളിൽ ഹാൻഡ്സം ഹോട്ട് സൂരജിനടുത്ത് ഇരിക്കുന്ന പല്ലവിയെ കണ്ട് അസൂയ പൊടിയുന്നുണ്ടായിരുന്നു…എന്നാൽ സൂരജിലെ കൂസലില്ലാഴ്മ പല്ലവിയിൽ കൂടുതൽ ധൈര്യം പകർന്നു …ആ അവസ്ഥയെ ആരും ചോദ്യം ചെയ്യുകയോ പല്ലവിക്ക് വേണ്ടി മറ്റൊരു ഇരിപ്പിടം നിർദ്ദേശിക്കുവാനോ ആരും മുതിർന്നില്ല…
ഉച്ചക്ക് ലഞ്ച് ബ്രേക്ക് ടൈമിൽ സൂരജ് പതിവുപോലെ പുറത്തേക്ക് പോയി പല്ലവി തന്റെ പാത്രം തുറന്ന് ഒറ്റക്കയ്ക്കിരുന്നു ഭക്ഷണം കഴിച്ചു….
ക്ലാസ്സിലുള്ള മറ്റ് ആൺകുട്ടികളുമായൊന്നും യാതൊരു സൗഹൃദവും സൂരജിനില്ലല്ലോ എന്നതിൽ പല്ലവിക്ക് അതിശയം തോന്നി…
കഴിച്ചു കഴിഞ്ഞ് അങ്ങോട്ട് ചെന്നു ഒരുവിധം എല്ലാവരെയും പല്ലവി പരിചയപ്പെട്ടു…കൂടുതൽ സംസാരത്തിനോ സൗഹൃദത്തിനോ മുതിരാതെ തന്നിലേക്ക് തന്നെ ഉൾവലിഞ്ഞു പോകുന്ന പ്രകൃതക്കാരി ആയിരുന്നു പല്ലവി…തന്നിൽ അടിഞ്ഞുകൂടിയിരിക്കുന്ന അപകർഷതാബോധം പാടെ ഉന്മൂലനം ചെയ്യാൻ അവൾ തയ്യാറായില്ല…
ഏതോ നിശ്ശബ്ദതയുടെ തുരുത്തിൽ ഏകയായിപ്പോയ അവസ്ഥയായിരുന്നു പല്ലവിക്ക്… ചമയങ്ങളും മോഡേൺ വസ്ത്രങ്ങളും ഇട്ട് അണിഞ്ഞൊരുങ്ങി വരുന്ന പെൺകുട്ടികൾക്കിടയിൽ പല്ലവി തീർത്തും വെത്യസ്ഥയായിരുന്നു..
ശാലീന സൗന്ദര്യം ആവാഹിച്ചെടുത്ത നിഷ്കളങ്കമായ മുഖമുമായി കൊലുന്നനെയുള്ളൊരു പെൺകുട്ടി…കൂട്ടുപിരിക്കങ്ങൾക്കു താഴെയുള കട്ടിയാർന്ന കൺപീലികൾക്കുള്ളിൽ പരൽമീനുകളെപോലെപിടയുന്ന ഉണ്ടകണ്ണുകളും, മുതുക് മറച്ചു വിടർത്തിയിട്ട നീളൻ മുടിയിഴകളും…
ഏതൊരാളും ഒറ്റ നോട്ടത്തിൽ ആകർഷിക്കപ്പെടുന്നതായിരുന്നു അവളുടെ നോട്ടവും ചേഷ്ടകളുമൊക്കെ…
ക്ലാസ്സിലേക്ക് ഇരച്ചുകയറിവന്ന ഒരു കൂട്ടം ആണും പെണ്ണുമായുള്ള സീനിയർ വിദ്യർഥികളെ കണ്ട് പല്ലവി തെല്ലൊന്നു പകച്ചു…റാഗിംഗ് എന്ന വിപത്തിൽ പെട്ട് ഇനിയും മറ്റുള്ളവർക്ക് മുന്നിൽ താൻ പ്രതിരോധിക്കാൻ കഴിയാത്തൊരു പരിഹാസപാത്രമായി മാറുമോ എന്നവൾ ഭയന്നു…
ചിലരോടൊക്കെ പേര് ചോദിക്കുകയും കളിയാക്കുകയും, പാട്ട് പാടിക്കുകയും, ദോശ ചുടീക്കുകയും, ബൈക്കും സൈക്കിളും ഓടിപ്പിക്കുകയും ഒക്കെ ചെയ്യിപ്പിക്കുന്നു…പുരാതന ക്ലീഷേ റാഗിംഗ് പാരമ്പര്യം കൈവിടാതെ ഇന്നും മുറുക്കി പിടിച്ചിരിക്കുന്ന പുത്തൻ തലമുറയെയും ആ കൂത്തിനൊത്തു കോപ്രായം കാട്ടി രക്ഷപെടാൻ ശ്രമിക്കുന്ന ക്ലാസ്സിലെ ജാഡ കൂട്ടങ്ങളെയും കണ്ട് പല്ലവിയിൽ ചിരി…
നിശ്ശബ്ദത നിറഞ്ഞ ആ അന്തരീക്ഷത്തിൽ അവളിൽ പൊട്ടിപ്പുറപ്പെട്ട പുഞ്ചിരി പൊട്ടിച്ചിരി പോലെ അല്പം ഉച്ചത്തിൽ കേട്ടതും എല്ലാവരും ഏർപ്പെട്ടിരുന്ന പ്രവർത്തികളിൽ നിന്നും മുക്തരായി പല്ലവിയിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി…
ആഹ ഇങ്ങനെ ഒരാൾ ഈ മൂലയ്ക്ക് ഇരിപ്പുണ്ടായിരുന്നുവോ എന്ന ഭാവേനെ ഒരു സീനിയർ ചേച്ചി പല്ലവിക്കരികിലേക്ക് വന്നതും,
എന്താടീ നിനക്കിത്ര ചിരി പൊട്ടുന്നത് എന്ന ഭാവത്തോടെ ദേഷ്യത്തിൽ അവളെ നോക്കി…
പല്ലവി ആകെ ചൂളിപ്പോയി….മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങ വീണ പോലെയായി പിന്നെ നടന്നതൊക്കെ….
“”എന്താടീ ഇത്ര ചിരിക്കാൻ ഇവിടെ ആരേലും തുണി ഇല്ലാതെ ആടുന്നുണ്ടോ…””
ഒരു മയവും ഇല്ലാത്ത ചോദ്യത്തിന് മുന്നിൽ പതറി അവൾ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു…
പുതിയ ഇരയെ കിട്ടിയ ഭാവേനെ ബാക്കിയുള്ളവർ എല്ലാം അവൾക്ക് നേരെ തിരിഞ്ഞു…
“”ഇറങ്ങി വാടീ ഇങ്ങോട്ട്…””
ഒച്ചയോടെ അത് പറഞ്ഞ ശേഷം അവളെ ക്ലാസ്സിന്റെ മുന്നിൽ എല്ലാവരും കാണുന്ന രീതിയിൽ കൊണ്ട് നിർത്തി…
“”എന്താ മോളെ നിനക്ക് ഞങ്ങൾ സീനിയർ ചേട്ടന്മാരേം ചേച്ചിമാരേം ഒന്നും ഒരു ബഹുമാനം ഇല്ലാത്ത പോലെ…ഏഹ്…””
വഷളൻ നോട്ടത്തോടെ ഒരുത്തൻ അവളുടെ അഴകളവുകൾ തിട്ടപ്പെടുത്തും പോലെ ആകെയൊന്നു ഉഴിഞ്ഞു നോക്കി…പരിഭ്രമത്തോടെ ചുറ്റിനും നോക്കിക്കൊണ്ടു ചിരിക്കാൻ തോന്നിയ സന്ദർഭത്തെ അവൾ സ്വയം ശപിച്ചു…
“വിട്ടേക്കടാ പ്രദീപേ…ഒരു മയത്തിലൊക്കെ മതി”
വാതിലിന്റെ വശത്തു നിന്നുമുള്ള പരുഷമായൊരു ശബ്ദം എല്ലാവരുടെയും ശ്രദ്ധയെ തിരിപ്പിച്ചു…
“അല്ലടാ സിദ്ധു ഇവൾക്കൊരെല്ല് കൂടുതലാ…ഒന്നൂരി എടുക്കണം…ചേച്ചിക്ക് ചിരി പൊട്ടലിന്റെ അസ്കിതയാണെന്ന്…”
സീനിയറായ ശാലിനി എന്ന പെൺകുട്ടി ചിരിയോടെ സിദ്ധുവിനെ നോക്കി…
കോളേജ് ചെയർമാനായ സിദ്ധാർഥ് ആയിരുന്നു അത്…സരസനും സുമുഖനും വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയുമായ “സിദ്ധാർഥ് ശങ്കർ”തീപ്പൊരി പ്രാസംഗികനായ നേതാവുകൂടിയാണ്…മുഖവും പാർട്ടിയും നോക്കാതെ വിദ്യാർത്ഥികൾക്ക് വേണ്ടി നെഞ്ച് വിരിച്ചു നിൽക്കുന്ന ചോരത്തിളപ്പുള്ള യുവാവ്…എല്ലാവർക്കും അവനോട് ഒരുതരം ആരാധനയണ്…
റാഗിംഗിനെ പ്രോത്സാഹിപ്പിക്കാൻ അവന് താല്പര്യം ഇല്ലെങ്കിലും ഒരു തമാശക്ക് ഇതൊക്ക ഇല്ലാതെ എന്ത് കോളേജ് എന്ന മനോഭാവം ആണ് സിദ്ധുവിന്റേത്….പഠിച്ചിറങ്ങുമ്പോൾ ഓർമ്മകളിൽ സൂക്ഷിക്കാൻ എന്തെങ്കിലമൊക്കെ വേണമല്ലോ..
തലകുനിച്ചു പേടിയോടെ നിൽക്കുന്ന പല്ലവിയെ കണ്ടിട്ട് സിദ്ധാർഥ് അവൾക്കരികിലേക്ക് വന്നു…പല്ലവി തയുയർത്തി അവനെ നോക്കി…ഇത്രയും ആളുകൾക്ക് മുന്നിൽ ഇങ്ങനെ നിൽക്കുന്നതിന്റെ ചമ്മലും പേടിയും ജാള്യതയും അവളുടെ മുഖത്തുണ്ട് എന്നവന് മനസ്സിലായി..
എന്തോ അവളുടെ നിൽപ്പും രൂപവും നിഷ്കളങ്കമാർന്ന കൊച്ചു കുട്ടികളെ പോലെയുള്ള മുഖവും കണ്ട് അവന്റെ മനസ്സിൽ അലിവ് നിറഞ്ഞു…
“പേടിക്കേണ്ടടോ ഇതൊക്കെ കോളേജ് ലൈഫിൽ രസമല്ലേ…എന്തായാലും ഇവരിത്രേം പറഞ്ഞതല്ലേ, തനിക്ക് പറ്റുന്ന ഏതേലും ഒരു ഐറ്റം ചെയ്തിട്ട് പോയിരുന്നോ…ദേ ബ്രേക്ക് കഴിയാറായി കേട്ടോ…പെട്ടന്ന് വേണം…”
കയ്യിൽ കെട്ടിയ വാച്ചിലേക്ക് സമയം നോക്കിക്കൊണ്ട് സിദ്ധു ചുറ്റുമുള്ളവരെ നോക്കി…അവർക്കൊന്നും എതിർ അഭിപ്രായം ഇല്ലായിരുന്നു…
അവന്റെ സംസാരത്തിന്റെ തുടക്കത്തിൽ പല്ലവി ഒന്നാശ്വസിച്ചു എങ്കിലും പിന്നീട് പറഞ്ഞത് കേട്ടവൾ ഞെട്ടി…മറ്റു സീനിയർസിന്റെ ഭാവം പഴയപോലെ തന്നെ, പുച്ഛം വാരി വിതറുന്നു…
എന്തായാലും ഒന്നും ചെയ്യാതെ ഇവർ വെറുതെ വിടില്ല…
“ചേട്ടാ ഞാൻ…..ഞാൻ രണ്ട് സ്റ്റെപ് ഡാൻസ് ചെയ്യട്ടെ…”
പെട്ടന്ന് ചെറു ചിരിയോടെ അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടതും പലരിലും ഒരു ഞെട്ടൽ പടർന്നു…
ചുവടുറച്ച കാലം മുതൽ നൃത്തം അഭ്യസിച്ച പല്ലവിക്ക് ഇവിടെ നിലനിൽപ്പിനു വേണ്ടി രണ്ട് സ്റ്റെപ് കാണിക്കാൻ വൈഷമ്യം എന്തിന്…
അവളുടെ ആത്മവിശ്വാസത്തോടെയുള്ള ആ ചോദ്യം കേൾക്കെ അവളൊരു ചെറിയ നർത്തകിയാണെന്ന് തോന്നി സിദ്ധാർത്ഥിന്… ഉടനെ അവൻ തന്റെ ഫോൺ എടുത്ത് യു ട്യൂബ് തുറന്ന് അവൾക്ക് നേരെ നീട്ടി…
അവൾ എന്തെന്നർത്ഥത്തിൽ അവനെ നോക്കിയപ്പോളേക്കും…
“പാട്ടില്ലാതെ എന്ത് ഡാൻസാടോ…” എന്ന അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ ചമ്മലോടെ മൊബൈൽ വാങ്ങി ഒരു ക്ലാസിക്കൽ ഡാൻസിന് പറ്റിയ ഒരു പാട്ട് സെർച്ച് ചെയ്തു…
കുറേ നാളുകൾക്ക് ശേഷം നൃത്തം ചെയ്യാൻ പോകുന്നതിന്റെ ഒരു ചാഞ്ചാട്ടം മനസ്സിലുണ്ടെങ്കിലും അവൾ സ്വയം ധൈര്യം ആർജിച്ചെടുത്തു…
ചെരുപ്പ് ഊരിയിട്ട്, ഷാൾ വിടർത്തി ഒരു വശത്തേക്ക് കെട്ടി, ഒരു പ്രൊഫഷണൽ ഡാൻസറെ പോലെ അവൾ തയ്യാറെടുക്കുന്നത് സിദ്ധു നോക്കി നിന്നു…അവളുടെ ക്ലാസ്സിലെ കുട്ടികളൊക്കെ പെട്ടന്ന് പല്ലവിക്ക് കിട്ടിയ അറ്റൻഷനിൽ അസൂയയോടെ നോക്കുന്നുണ്ട്, എന്നാൽ ആൺകുട്ടികൾ പലരും ഇവൾ കുളമാക്കി ചളമാക്കുമോ എന്ന ആലോചനയിലാണ്…സീനിയർസ് ഇത് റാഗിംങ്ങ് ആണോ നൃത്തസംഗമവേദി ആണോ എന്ന കൺഫ്യൂഷനിൽ പല്ലവിയുടെ പ്രവർത്തികളിൽ അലിഞ്ഞു നിൽക്കുന്ന സിദ്ധുവിനെ നോക്കി പല്ലിറുമ്മുന്നുണ്ട്…
——ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം—-
എന്ന ഗാനത്തിനൊപ്പം പല്ലവി ചുവടുകൾ ചലിപ്പിച്ചു തുടങ്ങി…അസാധ്യ മെയ്വഴക്കത്തോടെ ചുവടുകൾ വയ്ക്കുന്ന പല്ലവിയിലേക്ക് ചുറ്റുമുള്ളവരെല്ലാം അലിഞ്ഞു നിന്നു….
അവളുടെ നിരതെറ്റിയ പല്ലുകൾ കാട്ടിയുള്ള ചിരിയും നൃത്തത്തിനൊപ്പം മാറിമറിയുന്ന മുഖഭാവങ്ങളും കൺചിമ്മാതെ എല്ലാവരും നോക്കിനിന്നു…
ആ പാവം നാട്ടിൻപുറത്തുകാരി പെണ്ണിൽ നിന്നും ആരും ഇത് പ്രതീക്ഷിച്ചിരുന്നില്ല…
പാട്ടിന്റെ പല്ലവിയും അനുപല്ലവിയും തീർന്നപ്പോൾ നൃത്തം ആവസാനിപ്പിച്ഛ് കിതപ്പോടെ അവൾ മാറി നിന്നു…
നിശ്ശബ്ദതയിൽ ആദ്യം ഉയർന്നത് സിദ്ധാർത്ഥിന്റെ കയ്യടിയായിരുന്നു…അതിനെ അനുഗമിക്കാനെന്നോണം എല്ലാവരും കരഘോഷം മുഴക്കി…
കണ്ണുകൾ അറിയാതെ വാതിലിലേക്ക് തെന്നി മാറിയതും കട്ടളപ്പടിയിൽ ചാരി കൈകൾ മാറിൽ പിണച്ചുകെട്ടി തന്നിലേക്ക് തന്നെ ഇമചിമ്മാതെ നോക്കി നിൽക്കുന്ന സൂരജിനെയാണ് അവൾ കണ്ടത്…അവൾ നോക്കുന്നതറിഞ്ഞു അവൻ മുഖം വെട്ടിച്ചു ക്ലാസ്സിനകത്തേക്ക് കയറി…
അഭിനന്ദനപ്രവാഹങ്ങൾക്കൊടുവിൽ ക്ലാസ്സ്റൂം ആളൊഴിഞ്ഞ അമ്പലപ്പറമ്പ് പോലെയായി…എവിടെ നിന്നോ ഒരു ആത്മവിശ്വാസം തന്നെ പൊതിയുന്നതായി പല്ലവി അറിഞ്ഞു…
ദിവസങ്ങൾ ഓടി മറഞ്ഞു…ആദ്യത്തെ ഒരാഴ്ച മാറ്റങ്ങൾ ഒന്നുമില്ലാതെ പല്ലവിയുടെ ജീവിതം ഓടിമറഞ്ഞുകൊണ്ടിരുന്നു…കോളേജും പാർടൈം ജോലിയും വീടും പഠനവുമെല്ലാം ഒരുപോലെ കൊണ്ടുപോകാൻ പെടാപാടുപെടുന്ന പല്ലവിയെ പുറത്തുകാട്ടാതെ അവൾ ദിവസങ്ങൾ തള്ളി നീക്കി…എല്ലാം സഹിക്കുക എന്നല്ലാതെ മറ്റു നിവൃത്തിയില്ല എന്ന ബോധ്യം അവളിൽ ഉണ്ടായിരുന്നു…
സൂരജിനോടൊപ്പം അതേ ബഞ്ചിൽ തുടരുന്ന പല്ലവിയോട് അവന്റെ സമീപനത്തിന് യാതൊരു മാറ്റവും വന്നില്ല…ഒന്ന് നോക്കുകയോ സംസാരിക്കുകയോ ചെയ്യാതെ അവഗണിക്കുമ്പോൾ എന്തോ അവളുടെ മനസ്സിൽ നോവുണരുന്നത് അവൾ സ്വയം ഒളിപ്പിച്ചു…
ഒരാഴ്ച കഴിഞ്ഞിട്ടും, അവളുടെ വേഷത്തിലും ഒരുക്കത്തിലും സ്വഭാവത്തിലുമുള്ള വെത്യസതത കൊണ്ടാണോ അതോ അവൾ ഒരാൺകുട്ടിക്കൊപ്പം ഇരിക്കുന്നതുകൊണ്ടാണോ ക്ലാസ്സിലെ മറ്റ് പെൺകുട്ടികളിൽ ഒരാൾ പോലും പല്ലവിയെ കൂടുതൽ പരിഗണിക്കാതെ മുന്നോട്ടുപോയി…
എന്തോ താൻ ഒറ്റപ്പെട്ടു പോകുന്നു എന്ന തോന്നലിൽ അവൾ നീറി…അതുമായി പതിയെ അവളുടെ മനസ്സ് പൊരുത്തപ്പെട്ടു എങ്കിലും….
ഒരേ ബഞ്ചിലെ മറ്റൊരറ്റം പങ്കിടുന്ന പല്ലവിയെ സൂരജ് ഒന്ന് നോക്കുകപോലും ചെയ്യാത്തതിൽ അവൾക്ക് നല്ല സങ്കടമുണ്ടായിരുന്നു…അവൻ പല്ലവിയോട് മാത്രമല്ല ക്ലാസ്സിലെ മറ്റെല്ലാവരോടും അതുപോലെ തന്നെയായിരുന്നു…ബ്രേക്ക് ടൈമിൽ പുറത്തേക്ക് പോയാൽ ക്ലാസ്സ് തുടങ്ങുമ്പോൾ മാത്രമേ അവൻ തിരികെ വരുമായിരുന്നുള്ളു…
ആൺകുട്ടികൾ അടക്കം മറ്റുള്ളവർ അവനോടു സംസാരിക്കാൻ ചെന്നാൽകൂടി അവരെ മൈൻഡ് ചെയ്യാതെ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയുന്ന സൂരജിനെ കാണുമ്പോൾ പല്ലവി ഇടക്കൊക്കെ അന്തിച്ചു നിൽക്കുമായിരുന്നു…
ഒരു ദിവസം പല്ലവി കോളേജ് കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് വരികയായിരുന്നു…
നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള വീതികൂടിത്ത മൺപാതയിലൂടെ വേഗത്തിൽ തന്റെ ബുള്ളറ്റിൽ ഇരുന്നുപോകുന്ന സൂരജിനെ കണ്ട് പല്ലവി ആശ്ചര്യത്തോടെ ഓരം ചേർന്നു നിന്നു…ഹെൽമെറ്റ് ധരിക്കാഞ്ഞതിനാൽ അത് അവൻ തന്നെയാണെന്ന് അവൾക്ക് ഉറപ്പായിരുന്നു…
കുറച്ച് ദൂരം മുന്നോട്ട് പോയെങ്കിലും പെട്ടന്ന് വേഗത കുറച്ച് തല തിരിച്ചു തന്നെ നോക്കുന്ന സൂരജിനെ കണ്ട് പല്ലവിയുടെ മനസ്സൊന്നു കുളിർത്തു…അവൾ പുഞ്ചിരിയോടെ കൈ ഉയർത്തി കാട്ടിയതും തിരിച്ചൊരു ചിരി പോലും നൽകാതെയവൻ ദേവർമഠത്തിലേക്കുള്ള വഴിയിലേക്ക് ഓടിച്ചു കയറി…
വെറുതെ ഒരു ചിരി പാഴായി എന്നോർത്തു ദീർഘനിശ്വാസത്തോടെ അവൾ മുന്നോട്ട് നടന്നു…അവൻ എന്തിന് ദേവർമഠത്തിൽ വന്നു എന്നതും അവിടവുമായി അവനെന്താ ബന്ധമെന്നുള്ളതും അവളുടെ മനസ്സിൽ സംശയത്തിന്റെ മാറാല നെയ്തു തുടങ്ങി….
*****************
പ്രായത്തിന്റെ ചുളുവുകൾ വീണ ആ കൈവിരലുകൾ സൂരജിന്റെ മുടിയിഴകളെ തലോടുന്നുണ്ടായിരുന്നു…ദേവർമഠത്തിൽ തന്റെ മുത്തശ്ശിയെ കാണാൻ എത്തിയാതാണവൻ…മരിച്ചുപോയ തന്റെ ഇളയ മകൾ ഊർമ്മിളയുടെ തനിപ്പകർപ്പാണ് സൂരജ് എങ്കിലും അവന്റെ അച്ഛന്റെ വാശിയും ദേഷ്യവും ആണ് അവനെന്ന് എല്ലാവർക്കും അറിയാം… ഇടക്കിടയ്ക്ക് അവൻ തന്റെ മുത്തശ്ശിയെ കാണാൻ ദേവർമഠത്തിലേക്ക് എത്താറുമുണ്ട്…
ഒരമ്മയുടെ സ്നേഹവും തലോടലും ആഗ്രഹിക്കുമ്പോൾ അവൻ തന്റെ മുത്തശ്ശി കല്യാണിക്കുട്ടിയുടെ മടിയിൽ ഇതുപോലെ തലചായ്ക്കും…അമ്മാവന്മാർക്കും അമ്മായിമാർക്കുമൊക്കെ തന്റെ അരുമയായ കുഞ്ഞിപ്പെങ്ങൾ ഊർമ്മിളയുടെ മകനോട് അമിതവാത്സല്യവുമാണ്…
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾ, എൻജിനീറിങ് പഠനവുമായി ബന്ധപ്പെട്ട് അവൻ ഹോസ്റ്റലിൽ ആയിരുന്നു നിന്നിരുന്നത്…അതിനാൽ ദേവർമഠത്തിലേക്കുള്ള വരവും ചുരുങ്ങി…
“”ഇവിടുന്ന് കോളേജിൽ പോകാനല്ലേ മോനെ നിനക്ക് എളുപ്പം…ഒഴിഞ്ഞു കിടക്കുന്ന നിന്റെ മുറി വൃത്തിയാക്കിയിടാൻ അമ്മാളൂനോട് പറയട്ടെ ഞാൻ…””
നെറുകയിൽ തലോടിക്കൊണ്ട് മുത്തശ്ശി ചോദിച്ചത് കേട്ട് സൂരജ് കണ്ണ് തുറന്നു…
“”ഇപ്പോളേ വേണ്ട മുത്തശ്ശി…അച്ഛൻ ഒറ്റക്ക് അവിടെ…””
ഇതേ ചോദ്യം പലതവണ ആവർത്തിച്ചിട്ടുണ്ടെന്നും അവന്റെ മറുപടിക്ക് ഒരു മാറ്റവുമില്ലെന്ന് മുത്തശ്ശി ചിന്തിച്ചു…
“”സാരമില്ല…എന്റെ ഉണ്ണിമോള് പോയ വിഷമം മാറുന്നത് നിന്നെ കാണുമ്പോളാ മോനെ..”
നിറഞ്ഞ കണ്ണുകളോടെ മുത്തശ്ശി അത് പറഞ്ഞതും സൂരജ് എഴുന്നേറ്റിരുന്നു…അമ്മ എന്ന വികാരം അണപൊട്ടിയപ്പോൾ അവന്റെ കൺകോണിൽ ഒരിറ്റ് നീർ പൊടിഞ്ഞു…
പറയേണ്ടിയിരുന്നില്ല എന്ന് മുത്തശ്ശി ഓർത്തതും വാതിൽ തുറന്നു ആദിത്യൻ അകത്തേക്ക് വന്നു..
“ആഹാ നീയിതെപ്പോ വന്നു സൂരജെ…”
ആദിയെ കണ്ട് സൂരജ് എഴുനേറ്റു വന്നു ചിരിയോടെ അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു…
“”ഞെക്കി കൊല്ലല്ലേടാ എന്നെ…അതെങ്ങനെ ഉരുട്ടി കേറ്റി വച്ചേക്കുവല്ലെ…””
അതും പറഞ്ഞ് ആദി സൂരജിന്റെ വയറ്റിലേക്ക് മെല്ലെ ഇടിച്ചു…
അവരുടെ സ്നേഹപ്രകടനം കണ്ട് ചിരിയോടെ നിൽക്കുന്ന മുത്തശ്ശിയുടെ അടുത്തേക്ക് വന്ന് ആദി തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു…
“”എന്താ കല്യാണിക്കുട്ട്യേ സൂരജ്മോനെ കണ്ടപ്പോൾ നമ്മളെ ഒന്നും വേണ്ടാതായോ..ഏഹ്..'”
കണ്ണിറുക്കി കുസൃതിയോടെയുള്ള അവന്റെ സംസാരം കേട്ട് “”ഒന്ന് പോടാ ചെക്കാ നിങ്ങൾ രണ്ടും ഈ മുത്തശ്ശിടെ പൊന്നല്ലേ”” എന്ന് പറഞ്ഞ് വാത്സല്യത്തോടെ ഇരുവരെയും നോക്കി…
“”നിങ്ങൾ സംസാരിക്ക് ഞാൻ ഊണ് കാലമായൊന്ന് നോക്കട്ടെ…”” മുത്തശ്ശി മെല്ലെ അടുക്കളയിലേക്ക് നടന്നു…
ആദി സൂരജിനോടൊപ്പം ഏറെ നേരം സംസാരിച്ചിരുന്നു….
ആദിയെക്കാൾ 3 വയസ്സിനു ഇളപ്പമാണ് സൂരജ്…എന്നാലും അവർ തമ്മിൽ സുഹൃത്തുക്കളെ പോലെ എടാ പോടാ ബന്ധമാണുള്ളത്…ഇടയ്ക്കും മുറയ്കും ആദി സ്വല്പം സ്മാൾ അടിക്കൻ കമ്പനി കൂടുന്നതൊക്കെ സൂരജുമായിട്ടായിരുന്നു….
°°°°°°°°°°°°°°°°°
കോളേജ് മ്യൂസിക് ക്ലബ് ഇനാഗുറേഷൻ നടക്കുന്ന ദിവസമായിരുന്നു അന്ന്…ആദ്യത്തെ രണ്ട് പിരീടിനു ശേഷമേ അന്നത്തെ ക്ലാസ്സ് ആരംഭിക്കുമായിരുന്നുള്ളു…ക്ലാസ്സിലേക്ക് എത്തിച്ചേർന്ന സൂരജിന് ഒഴിഞ്ഞ ക്ലാസ്മുറി കണ്ടപ്പോളാണ് ഇന്നത്തെ കാര്യങ്ങളെ പറ്റി ഓർമ്മ വന്നത്…ഓഡിറ്റോറിയത്തിലേക്ക് പോകാതെ ക്ലാസ്സിൽ തന്നെ അവൻ മൊബൈലും കുത്തി ഇരുന്നു….
അതേ സമയം പ്രോഗ്രാമിൽ പങ്കെടുക്കാതെ കോളേജ് വരാന്തയിലൂടെ പോകുകയായിരിന്നു സീനിയർ പെൺകുട്ടികളുടെ ഒരു ഗാങ്ങ്…
അതിൽ പ്രധാനിയാണ് “ഗംഗ സത്യനാഥ്” എന്ന സ്ഥലം എം എൽ എയുടെ മകൾ …അതീവ സുന്ദരിയും, അച്ഛന്റെ പദവിയിൽ അഹങ്കരിക്കുന്നവളും, എല്ലാം തന്റെ കാൽക്കീഴിൽ ആണെന്ന വൃത്തികെട്ട ചിന്താഗതിയും കൂടെപ്പിറപ്പായവൾ…കോളേജിലെ ആൺകുട്ടികളുടെ സ്വപ്നസുന്ദരിയായ അവൾക്ക് മുന്നിൽ വാലാട്ടുന്നവരാണ് അവിടെയുള്ള വിദ്യാർത്ഥികളിൽ പലരും…
തുറന്നു കിടക്കുന്ന ജനാലക്കരികിലൂടെ പോയപ്പോൾ ക്ലാസ്സ് മുറിക്കുള്ളിൽ ഒറ്റക്കിരിക്കുന്ന സൂരജിനെ അവളുടെ ശ്രദ്ധയിൽ പെട്ടു…
ഏതായാലും ജൂനിയർ അല്ലേ ഒന്ന് ചൊറിഞ്ഞിട്ട് പോകാം എന്ന ഗൂഡമായ ചിന്തയോടെ ഗംഗയും സംഘവും ക്ലാസ്സിലേക്ക് കയറി…സിമന്റ് തറയിൽ ഹീലുള്ള ചെരുപ്പ് പതിഞ്ഞുയരുന്ന ശബ്ദം കേട്ട് സൂരജ് ക്ലാസ്സിന്റെ മുൻവശത്തേക്ക് നോക്കിയപ്പോൾ ഗംഗയും കൂട്ടരും അകത്തേക്ക് കയറി വരുന്നതവൻ കണ്ടു…
അലസമായി നോക്കിക്കൊണ്ട് അവരെ തീരെ വകവയ്ക്കാതെ വീണ്ടും അവൻ മൊബൈലിലേക്ക് മുഖം പൂഴ്ത്തി…
തങ്ങളെ കണ്ടിട്ടും വയ്ക്കാതെ ഇരിക്കുന്ന സൂരജിനെ നോക്കി ഗംഗ ദേഷ്യത്തോടെ അവന് നേരെ വിരൽ ഞൊടിച്ചുകൊണ്ടു ടേബിളിനു മുകളിലേക്ക് കയറി അഹങ്കാരത്തോടെ ഇരുന്നു….
വിരൽ ഞൊടിച്ച ശബ്ദം കേട്ട് ദേഷ്യത്തോടെ തലയുയർത്തിയ സൂരജിനോട്….””ചേട്ടായി ഇങ്ങോട്ടൊന്ന് എഴുനേറ്റ് വന്നാട്ടെ…എന്താ ഇത് സീനിയർസിനോട് തീരെ ബഹുമാനമില്ലെന്ന് തോന്നുന്നു…””
പരിഹാസത്തിന്റെ ചുവ കലർത്തി ദേഷ്യത്തോടെ അവൾ ചോദിച്ചു…അത് പറഞ്ഞതും ഗംഗയുടെ വാലുകളുടെ എല്ലാം ചുണ്ടിൽ പുച്ഛം കലർന്ന ചിരി പൊട്ടിവിടർന്നു…
മുഴങ്ങുന്ന ശബ്ദത്തോടെ ഡസ്ക് മുന്നിലേക്ക് നിരക്കി മാറ്റി അവൻ ചാടി എഴുനേറ്റു…
ആറടി പൊക്കത്തിൽ നെഞ്ചും വിരിച്ചു ശൗര്യത്തോടെ നിൽക്കുന്ന സൂരജിനെ കണ്ട് ഗംഗയുടെ കണ്ണുകൾ വിടർന്നു…ഉടനെ അവൻ നടന്നു വന്ന് അവർക്കരികിലേക്ക് നിന്നു..
പക്വതയും ഗൗരവും നിറഞ്ഞ അവന്റെ മുഖവും രൂപവും അപ്പോളാണ് ഗംഗയും ഗാങ്ങും വ്യക്തമായി കണ്ടത്…
“പഠിക്കുന്നത് ഫസ്റ്റ് ഇയർ ആണെങ്കിലും, കണ്ടിട്ട് പ്രിൻസിപ്പലിനേക്കാൾ മൂപ്പുണ്ടല്ലോ ചേട്ടായി…എന്ത് പറ്റി ആകെ മൊത്തം ലേറ്റ് ആണല്ലോ…”
മിണ്ടാതെ നിന്ന് അവളുടെ ചോദ്യങ്ങളൊക്കെ പരിഹാസത്തോടെ നേരിടുന്ന അവന്റെ മുഖഭാവം അവളെ വീണ്ടും ചൊടിപ്പിച്ചുകൊണ്ടിരുന്നു…
“”എന്താടോ തനിക്ക് നാക്കില്ലേ…””
അവളുടെ ശബ്ദം ഉയർന്നപ്പോൾ അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി…അരിശം മൂത്തവൾ ഡെസ്കിൽ നിന്നും ചാടിയിറങ്ങി….
എന്നാലും ഇവളുടെ ധൈര്യം സമ്മതിക്കണം എന്ന ഭാവത്തോടെ ഗംഗയുടെ ഗാങ്ങിലൊരുത്തി സൂരജിന്റെ നിൽപ്പും എടുപ്പും കണ്ട് വെള്ളമിറക്കുന്നുണ്ടായിരുന്നു…
അടുത്ത നിമിഷം അവൻ നിന്നിടത്തു നിന്നും ഗംഗയ്ക്ക് അഭിമുഖമായി അടുത്തേക്ക് ചേർന്നു നടന്നുവന്നു…ഇവൻ എന്ത് ചെയ്യാൻ പോകുന്നു എന്നുള്ള തെല്ലൊരു ഭയം അവളിൽ ഉണർന്നു…അവളുടെ കൂട്ടുകാരികൾ ഇനി എന്ത് ചെയ്യണമെന്നറിയാതെ തറഞ്ഞു നിൽക്കുകയാണ്…അടുത്തെങ്ങും വേറാരുമില്ല, മൂന്നാളിന്റെ കരുത്തുള്ള ഇവനെ ചൊറിയാൻ വന്നത് അബദ്ധം ആയെന്നവർക്ക് തോന്നി…
അവൻ അടുത്തേക്ക് വരും തോറും ഗംഗ പേടിയോടെ പിറകിലേക്ക് ചുവടുവച്ചു…പിന്നിലെ ഭിത്തിയിൽ ഇടിച്ചു നിന്നതും അവളുടെ മുഖത്തിനരികിലേക്ക് അവൻ മുഖം അടുപ്പിച്ചു…
അവളുടെ ശരീരം വിറച്ചു…
“ദേ ഇത്രേ ഉള്ളൂ നീ…ആണുങ്ങളോട് കളിക്കുന്നത് സൂക്ഷിച്ചു വേണം….കേട്ടോടീ.. “
അതും പറഞ്ഞു മീശപിരിച്ചുകൊണ്ടവൻ പിന്നിലേക്ക് മാറിയപ്പോൾ അവൾ ദേഷ്യം കൊണ്ടും അപമാനം കൊണ്ടും വിറയ്ക്കുകയായിരുന്നു…
“ഞാൻ വാ തുറന്നാൽ തീരുവോടീ നിന്റെയൊക്കെ ഇളക്കം…”
വീണ്ടുമുയർന്ന അവന്റെ ചോദ്യത്തിനൊപ്പം എല്ലാവരിലേക്കും കണ്ണുകൾ പായിച്ചു…
തിളച്ചു മറിഞ്ഞ ദേഷ്യവും അപമാനഭാരവും മൂലം ഗംഗയുടെ മനസ്സിന്റെ നിയന്ത്രണം കൈവിട്ടിരുന്നു…പെൺപുലിയെ പോലവൾ ചീറി…
കോപത്തോടെ താക്കീതെന്നോണം വീണ്ടും അവരെ നോക്കിക്കൊണ്ടവൻ ക്ലാസ്സിൽ നിന്നും അവൻ പുറത്തേക്കിറങ്ങാൻ തുടങ്ങും മുൻപേ , മേശമേലിരുന്ന ഫ്ലവർവെയ്സ് എടുത്ത് ഗംഗ അവന്റെ കൈത്തണ്ടയിലേക്ക് ആഞ്ഞടിച്ചു…
അപ്രതീക്ഷിതമായി ഏറ്റ പ്രഹരത്തെ പ്രതിരോധിക്കാൻ എന്നോണം അവൻ തന്റെ ഇടതു കൈ ഉയർത്തി ഊക്കോടെ അവളെ ദൂരേക്ക് തള്ളി എറിഞ്ഞു….
ശക്തിയോടെ ദൂരേക്ക് തെറിച്ചുവീണ അവൾ അടുത്തുള്ള ഭിത്തിയിലേക്ക് ശക്തിയോടെ തലയിടിച്ചു നിലത്തേക്ക് വീണു…
ഒരു നിമിഷം എല്ലാവരും സ്തംഭിച്ചു നിന്നു…
പൊട്ടിച്ചിതറിയ ചില്ലുകൾ മാംസത്തിൽ ആഴ്ന്നിറിയ വേദനയിൽ അവൻ മുഖം ചുളിച്ചുകൊണ്ട് തീ പാറുന്ന കണ്ണുകളോടെ ഗംഗയെ ശ്രദ്ധിക്കാതെ വേഗത്തിൽ പുറത്തേക്ക് നടന്നു…
എല്ലാം കണ്ട് പേടിച്ച് വിറച്ചു ക്ലാസ്സ് റൂമിന് മുന്നിൽ ഭീതിനിറച്ച മുഖവുമായി നിൽക്കുയായിരുന്നു പല്ലവി…
അവൻ തലയുറത്തി അവളുടെ മുഖത്തേക്ക് നോക്കി അൽപനേരം നിന്നശേഷം വേഗത്തിൽ ദൂരേക്ക് നടന്നകന്നു…
ആദ്യമായിട്ടാണ് എത്രയും അടുത്ത് അവർ മുഖാമുഖം… കൈകളിലൂടെ ഒലിച്ചിറങ്ങുന്ന രക്തം കണക്കെ അവന്റെ കണ്ണുകളും ചുവന്നു തുടുത്തിരുന്നു…കരളിൽ കടാരമുനകൊണ്ട വേദനപോലെ പല്ലവിയിൽ പിടച്ചിൽ ഉണർന്നു…അവന്റെ വേദനകൾ ആദ്യമായി തന്റെ വേദനകൾ ആകുന്നതവൾ അറിഞ്ഞു…
അടുത്ത നിമിഷം,ക്ലാസ്സ് മുറിയിൽ നിന്നും ഉച്ചത്തിലുള്ള കരച്ചിൽ കേട്ടുകൊണ്ട് ഞെട്ടിത്തിരിഞ്ഞവൾ അകത്തേക്ക് പാഞ്ഞു കയറി…
തുടരും…