മുറപ്പെണ്ണ് – എഴുത്ത്: സനൽ SBT
പതിനാറാം വയസ്സിൽ എന്റെ ഇഷ്ട്ടം ഞാൻ അവളോട് തുറന്ന് പറഞ്ഞപ്പോൾ അന്നാദ്യമായ് അവളുടെ പീലികൺകോണിൽ ഒരു കുഞ്ഞു നക്ഷത്രം തിളങ്ങുന്നത് ഞാൻ കണ്ടു. പുള്ളിപ്പട്ടുപാവാടയുടുത്ത ആ ഒൻപതാം ക്ലാസുകാരിയുടെ ചുവന്ന കവിൾത്തടം നാണത്താൽ പൂത്തുലഞ്ഞിരുന്നു.
കരിനീല കണ്ണുള്ളോള് കടലോളം സ്നേഹം ഉള്ളിൽ ഒളിപ്പിച്ച് എന്നോട് കുസൃതി കാണിക്കുന്നവൾ ഇണങ്ങിയും പിണങ്ങിയും ഓരോ വർഷവും വേനലും എന്നോടൊപ്പം കളിച്ച് വളർന്ന എന്റെ കളിക്കൂട്ടുകാരി അല്ല എന്റെ മുറപ്പെണ്ണ്. കുഞ്ഞുനാളിൽ ഞാൻ കണ്ടുതുടങ്ങിയ അവളുടെ മുഖം എന്ന് മുതലാണ് എന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്ത് പാകിയത് എന്ന് എനിക്ക് ഓർമ്മയില്ല. ഒന്നു മാത്രം അറിയാം എനിക്ക് പൊടിമീശ മുളയ്ക്കുന്ന കാലത്താണ് അവൾ വലിയ കുട്ടിയായത്. ചിലപ്പോൾ അവളിലെ ആ മാറ്റമാവാം എന്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത ഉടലെടുക്കാൻ കാരണമായത്.
ഓരോ തവണ അവൾ എന്റെ അടുത്തു വരുമ്പോഴും എന്റെ നെഞ്ചിടിപ്പ് പതിൻമടങ്ങ് വേഗത്തിൽ ആയിരുന്നു പെരുമ്പറ കൊട്ടിയത്. ആ നിമിഷം മുതൽ ഞാൻ തിരിച്ചറിഞ്ഞു ഇത് എന്റെ അമ്മൂവിനോടുള്ള അടങ്ങാത്ത പ്രണയമാണെന്ന്. പഴകുന്തോറും വീഞ്ഞിന് മധുരം കൂടും എന്ന പൊലെ ഓരോ വർഷം കഴിയുന്തോറും ഞങ്ങളുടെ പ്രണയത്തിന് മധുരം കൂടി വന്നു.
സ്വന്തം മുറപ്പെണ്ണിനെ വിവാഹം കഴിച്ചാൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് ദോഷമാണെന്ന പഴഞ്ഞൻ ന്യായം ഞങ്ങൾ കാറ്റിൽ പറത്തി. കാരണം രണ്ടു പേർക്കും മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യായിരുന്നു. ഇരുവരുടേയും വീട്ടുകാരുടെ എതിർപ്പ് അവളുടെ വാശിക്ക് മുൻപിൽ അലിഞ്ഞ് ഇല്ലാതായി.
പത്ത് വർഷം അങ്ങിനെ പത്ത് വർഷത്തെ നീണ്ട പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിൽ ഞങ്ങൾ ഒരുമിക്കുകയാണ്. കൊട്ടും കുരവയും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി അവൾ കതിർമണ്ഡപത്തിലേക്ക് വലതുകാൽ എടുത്തു വെച്ചു. തല കുമ്പിട്ടിരുന്ന് പൂജാരിയുടെ കൂടെ മന്ത്രോച്ചാരണം ഉരുവിടുന്ന എന്റെ മുഖത്തേക്ക് നോക്കി അവൾ ഒരു കള്ളച്ചിരി ചിരിച്ചു. എന്നിട്ട് പതിയെ ആ ഇടതു കണ്ണോന്ന് ഇറുക്കിയടച്ചു.
ഇതിന് മുൻപോന്നും ഞാൻ എന്റെ അമ്മുവിനെ ഇങ്ങനെ കണ്ടിട്ടില്ല എത്ര സന്തോഷവതിയാണ് ഇന്നവൾ. ഇരു കൈ കൂപ്പി തൊഴുതു എന്റെ അടുത്തുവന്നിരുന്ന അമ്മുവിനേയും ഞാനൊന്ന് നോക്കി ആയിരം പൂർണചന്ദ്രന്മാർ ഒരുമിച്ചുദിച്ച പ്രഭയായിരുന്നു അപ്പോൾ അവളുടെ മുഖത്ത്. മുപ്പത്തിമുക്കോടി ദേവതകളെ സാക്ഷിയാക്കി ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി അമ്മുവിന്റെ ഇടം കൺകോണിലൂടെ ഊർന്നിറങ്ങിയ കണ്ണുനീർ ഞാനല്ലാതെ മറ്റാരും കണ്ടില്ല.
മോതിരവിരലിനാൽ ഞാനാ സീമന്തരേഖയിൽ സിന്ദൂരമണിയുമ്പോൾ അളുടെ മനസ്സ് പതിയെ മന്ത്രിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു ഇനി നീയാണ് എന്നെ പ്രാണന്റെ പാതിയെന്ന്…വർഷങ്ങളോളം ഞാൻ കണ്ട സ്വപ്നസാക്ഷാൽക്കാരത്തിന്റെ ആനന്ത നിർവൃതിയിലായിരുന്നു എന്റെ മനസ്സും ശരീരവുമപ്പോൾ…
ആളും ആരവങ്ങളും പോയ്ക്കഴിഞ്ഞാസായം സന്ധ്യയിൽ ഞാൻ അവളുടെ മാറോട് തല ചായ്ച്ച് ചേർന്നിരുന്നു മുറ്റത്തെ പുൽക്കതിടിയിൽ. എന്റെ ചുരുണ്ട താടിയിലൂടെ അവൾ വിരലോടിക്കുമ്പോഴും അവളുടെ കണ്ണുകളിലെ ആ തിളക്കത്തിന് ഒരു മങ്ങലും ഏറ്റിട്ടില്ലായിരുന്നു. ആകാശനീലിമയിലെ പാതി മാഞ്ഞ സൂര്യന്റെ പൊൻകിരണങ്ങൾ അവളുടെ നുണക്കുഴിക്കവിളിൽ ഇന്ദ്രധനുസ് തീർത്തു. ചെറിയൊരു മന്ദസ്മിതം തൂലി അമ്മു എന്റെ തിരുനെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു.
ഒരു ദീർഘ നിശ്വാസത്തിന് ശേഷം ഞാൻ വിറയാർന്ന അവളുടെ ചെഞ്ചുണ്ടിലേക്ക് നോക്കി. അവളുടെ ആ ചുണ്ടുകൾക്ക് മതിവരാത്ത ദാഹം ഉണ്ടെന്ന് എനിക്കപ്പോൾ തോന്നി. പൂവറിയാതെ പൂമ്പാറ്റ പൂവിലെ തേൻ നുകരും പോലെ അതിലൊരു റോസാപൂദളം എന്റെ ചുണ്ടുകൾ അടർത്തിയെടുത്തു. നീല വാനത്തിലെ താരകങ്ങളും അവളും അല്പനേരത്തേക്കൊന്ന് കണ്ണു ചിമ്മി. വസന്തകാലത്തിലെ ആദ്യത്തെ കനിക്ക് അല്പം മധുരം കൂടുതലാണെന്ന് അന്നാദ്യമായ് ഞാൻ തിരിച്ചറിഞ്ഞു.
വീശിയടിക്കുന്ന ശീതക്കാറ്റിൽ അരളിപ്പൂവിന്റെ സുഗന്ധം അവിടെമാകെ പരന്നു. ആ സുഗന്ധം എന്നെ ഉന്മാദലഹരിയിൽ ആറാടിച്ചു. വീണ്ടും എന്റെ കൈകൾ അവളുടെ സിരകളിൽ അഗ്നി പടർത്തി . മഴത്തുള്ളിക്കായ് കേഴുന്ന വേഴാമ്പലിന്റെ ദാഹം അവളിൽ ഞാൻ തിരിച്ചറിഞ്ഞു.
പടിഞ്ഞാറെ ചക്രവാളത്തിലെ സൂര്യൻ ആഴക്കടലിലേക്ക് പോയ് മറഞ്ഞിരിക്കുന്നു അല്പസമയത്തിന് ശേഷം ഇരുട്ടിന്റെ ആത്മാവ് ആ സന്ധ്യയെ തേടിയെത്തും അതിന് മുൻപേ കൂടണയാനുള്ള കുഞ്ഞു പക്ഷികളെപ്പൊലെ ഞങ്ങളുടെ മനസ്സും മന്ത്രിച്ചു സമയമില്ല പോകാനുണ്ട് ഇനിയും ഒത്തിരി ദൂരെ. ക്ഷണനേരംകൊണ്ടവളിലെ മാറ്റം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല കാരണം കാത്തു വെച്ച കനി എനിക്കായ് പകുത്തു നൽകാൻ അവളുടെ മനസ്സും വെമ്പുന്നുണ്ടെന്ന് എനിക്കറിയാം.
ഇനി ആഘോഷ രാവുകളാണ് നെയ്ത്തു കൂട്ടിയ സ്വപ്നങ്ങളുടെ ആത്മസാക്ഷാൽക്കാരത്തിന്റെ ആഘോഷരാവുകൾ. ഒരിക്കൽക്കൂടി ഞാൻ സർവ്വേശ്വരനോട് നന്ദി പറഞ്ഞു അമ്മുവിനെ മറ്റൊരു ശക്തിക്കും വിട്ടുകൊടുക്കാതെ എന്റെ കൈകളിൽ ഭദ്രമായി ഏൽപ്പിച്ചതിന്…