എഴുത്ത്: Shenoj TP
അമ്മയുടെ മരണശേഷം അച്ഛന് രണ്ടാമത് കല്യാണം കഴിക്കുമ്പോള്‍ എനിക്കു അഞ്ചു വയസ്സായിരുന്നു. “ഇന്നുമുതല്‍ ഇതാണ് നിന്റെ അമ്മ” എന്നു അച്ഛന് പറഞ്ഞപ്പോള്‍ എന്നെ നോക്കി ചിരിച്ച പുതിയ അമ്മയുടെ ചിരി ഇന്നുമെനിക്കോര്‍മയുണ്ട്. കാരണം ഇന്നോളം അത്രയും നല്ലൊരു ചിരി പുതിയ അമ്മ എനിക്കു തന്നിട്ടേയില്ല…
അന്നാദ്യമായ് ഞാന്‍ ഒറ്റയ്ക്കൊരു മുറിയില്‍ ഉറങ്ങാന്‍ പഠിച്ചു. ഒറ്റയ്ക്കുള്ള ഉറക്കത്തില്‍ നിന്ന് ഒറ്റപ്പെടലിലേക്കുള്ള മാറ്റത്തിന്റെ തുടക്കമതായിരുന്നു. വിളമ്പിതരുന്ന ഭക്ഷണത്തിന്റെ മധുരം വിളമ്പുന്നവന്റെ മുഖത്താണെന്ന് എനിക്കു മനസ്സിലായിതുടങ്ങി. “അമ്മേ…” എന്ന എന്റെ വിളിയ്ക്കുള്ള മറുപടി നോട്ടങ്ങളെന്റെ നാക്കുകള്‍ക്കും വിലങ്ങുകള്‍ ഇട്ടു. പുതിയ അമ്മയുടെ വയറു വളരുന്നതനുസരിച്ച് ആ വീട്ടിലെ എന്റെ ഒറ്റപ്പെടലും അവഗണനയും വളര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ എനിക്കൊരു കുഞ്ഞനുജത്തി പിറന്നു.
എനിക്കു അന്നേവരെ ലഭിക്കാത്ത പല സൗഭാഗ്യങ്ങളും എന്റെ കുഞ്ഞനുജത്തിക്കു ലഭിച്ചിരുന്നു. ഭക്ഷണത്തിലെ അളവിലും വസ്ത്രങ്ങളുടെ വര്ണ്ണശബളതയിലും ഞങ്ങളില്‍ എന്നും വേര്‍തിരിവ് കാണാമായിരുന്നു. അതൊന്നും എന്നെ ഒരിക്കലും തളര്‍ത്തിയിരുന്നില്ല. എന്റെ ഒറ്റപ്പെടലുകള്‍ ഇല്ലായ്മ ചെയ്യാനായി ഭൂമിയിലേക്കു വന്ന കുഞ്ഞുമാലാഖയും ഞാനും കൊച്ചുകൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി ആ വീട്ടില്‍ വളര്‍ന്നു.
മാനസികമായി വളരുംതോറും അമ്മയെന്നില്‍ നിന്ന് അവളെ വേര്‍തിരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനവസാനമെന്നോണം ആ വാക്കവര്‍ തൊടുത്തു വിട്ടു. “അവന് നിന്റെ സ്വന്തം ചേട്ടനല്ല…” ആദ്യം ഒന്നു പിടഞ്ഞെങ്കിലും, കുഞ്ഞോള് ആ വാക്കുകളിലൊന്നും എന്നോടകന്നില്ല എന്ന് മനസ്സിലായ എനിക്കു വല്ലാത്ത ആനന്ദം തോന്നി. അവള്‍ക്ക് ഞാന്‍ ചേട്ടനും എനിക്കവള് അനിയത്തിയും തന്നെയായിരുന്നു.
അങ്ങനെ പഠനമൊക്കെ ഒരു വിധത്തില്‍ കഴിച്ചു കൂട്ടി. ഒരു പ്രൈവറ്റ് ജോലി കിട്ടി. ഞാന്‍ ജോലിക്കു പോയിരുന്നത് കുഞ്ഞോളുടെ കോളേജിനു തൊട്ടടുത്തായിരുന്നു. വീട്ടില്‍ നിന്ന് രണ്ടായി ഇറങ്ങുന്ന ഞങ്ങള്‍ യാത്ര പോലും അമ്മയറിയാതെ ഒരുമിച്ചുതന്നെയായിരുന്നു. അമ്മയെത്രയൊക്കെ കിണഞ്ഞു ശ്രമിച്ചിട്ടും ഞങ്ങളുടെ സ്നേഹത്തിന് ഒരു തടയിടാന്‍ കഴിഞ്ഞില്ല. എന്റെ ശമ്പളത്തിന്റെ പകുതി എല്ലാ മാസവും കുഞ്ഞോള്ക്കുവേണ്ടീയാണ് ഞാന്‍ ചിലവിട്ടത്. അവളെ രാജകുമാരിയെപ്പോലെ നടത്താനായിരുന്നു എനിക്കിഷ്ടം.
അതിനിടക്ക് അച്ഛന് സ്വത്തുക്കള്‍ അമ്മയുടെ പേര്‍ക്കെഴുതി. അതോടെ അമ്മയ്ക്ക് സമാധാനമായി എന്നു തോന്നണു. അങ്ങനെയിരിക്കെ കുഞ്ഞോളുടെ കല്യാണം ഉറപ്പിച്ചു. ഒരു ചേട്ടന് ചെയ്യേണ്ടതായ എല്ലാം കടമകളും ഞാന്‍ ചെയ്തു. കൂട്ടിവെച്ചിരുന്ന എന്റെ സമ്പാദ്യങ്ങള്‍ എടുത്ത് എന്റെ വക അവള്ക്കൊരൂ 13 പവന് സ്വര്‍ണ്ണവും ഞാന്‍ നല്കി. കല്യാണ ദിവസം അകന്നു നിന്ന് ദക്ഷിണ കാഴ്ച കാണുവായിരുന്ന എന്നെ വിളിച്ചടുത്ത് നിര്‍ത്തി. എനിക്കും ദക്ഷിണ നല്കി കാല്‍തൊട്ട് വന്ദിച്ചവള് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാനും…
അന്ന് ശരിക്കും രണ്ടാനമ്മ ഞെട്ടിക്കാണണം. അന്നാവണം ഞങ്ങളുടെ ബന്ധത്തിന്റെ ദൃഡത അവര്‍ക്ക് മനസ്സിലായി കാണുക. പൊടുന്നനെയായിരുന്നു അച്ഛന്റെ മരണം. അച്ഛന്റെ മരണശേഷം കുഞ്ഞോളും ഭര്‍ത്താവും വീട്ടില്‍ താമസമാക്കി. എന്നെ കാണുമ്പോള്‍ കുഞ്ഞോള് മുഖം തിരിഞ്ഞു പോകുന്നതായെനിക്കു തോന്നി.
ഒരു ദിവസം എന്റെ ഫോണിലേക്കൊരു കാള്‍ വന്നു. പോലീസ്സ്റ്റേഷനില്‍ നിന്നാണ്. നിങ്ങള്‍ക്കെതിരെ ഒരു പരാതിയുണ്ട്. നാളെ ഒന്നു സ്റ്റേഷന് വരെ വരണം. പിറ്റേദിവസം ഞാന്‍ സ്റ്റേഷനില്‍ ചെന്നു. പോലീസുകാരന് പറഞ്ഞു നിങ്ങള്‍ അന്യായമായി ഒരു വീട്ടില്‍ താമസിക്കുന്നുവെന്നാണ് പരാതി. ഞാന്‍ ചിരിച്ചു പോയി. ഞാന്‍ എന്റെ വീട്ടിലാണ് സാര്‍ താമസിക്കുന്നത്.
പോലിസുകാരന് പരാതിയെഴുതിയ വെള്ളക്കടലാസ് നിവര്‍ത്തി. എന്റെ കണ്ണില്‍ ഇരുട്ട് കയറി. പരാതിക്കാരിയവളാണ് കുഞ്ഞോള്. കുഞ്ഞോളും സ്റ്റേഷനില്‍ വന്നിട്ടുണ്ട്. സ്റ്റേഷനില്‍ നിന്ന് കൊണ്ടവള്‍ എന്റെ മുഖത്തു നോക്കി പറഞ്ഞു. ഇയാളെന്റെ സ്വന്തം ചേട്ടനല്ല. പണ്ടു രണ്ടാനമ്മയുടെ വായില്‍ നിന്നുവന്ന അതേ വാക്ക്. ഹൃദയം നുറുങ്ങിപ്പോയി. എന്നെ ഒറ്റപ്പെടലില്‍ നിന്ന് രക്ഷിച്ചവള്‍ സ്വത്തിനുവേണ്ടി ഇന്നെന്നെ ഒറ്റപ്പെടുത്തി തെരുവിലോട്ടെറിഞ്ഞിരിക്കുന്നു. ഒന്നും മിണ്ടാതെ ഞാന്‍ പോലീസ്സ്റ്റേഷനില്‍നിന്ന് തിരിഞ്ഞു നടന്നു…
എന്റെ മനസ്സവളോടു പറയുന്നുണ്ടായി എന്റെ എറ്റവും വലിയ സ്വത്ത് അത് നീയായിരുന്നു കുഞ്ഞോളെ…