എഴുത്ത്: വിപിൻദാസ് അയിരൂർ
രാവിലെ തന്നെ മരുമകളുടെ കരച്ചിൽ കേട്ടാണ് കാർത്യായനി അമ്മ ഓടിവന്നത്. നിറവയറുമായി അടുക്കളയുടെ വാതിൽ പടിയിൽ കിടക്കുന്നു മരുമകൾ. ഓടിച്ചെന്നു വാരിയെടുത്ത് മകനെ ഉറക്കെവിളിച്ചു. മുറ്റത്തു കാറ് വന്നു. മരുമകളെയും കൊണ്ട് കാർ ആശുപത്രി ലക്ഷ്യമാക്കി ഓടി.
കാലത്തു 9 മണിക്ക് ഉള്ളിലോട്ട് കൊണ്ടുപോയതാണ്. ഇപ്പോൾ ഉച്ച കഴിഞ്ഞു.
“എന്റെ ഈശ്വരന്മാരെ അവളുടെ ആദ്യത്തെ പ്രസവമാണ്. രണ്ടും രണ്ടാക്കി തരണമേ”
കാർത്യായനി നെഞ്ചിൽ കൈവെച്ചു മനമുരുകി പ്രാർത്ഥിച്ചു.
കുറച്ചു സമയത്തിന് ശേഷം ഓപ്പറേഷൻ തിയ്യറ്ററിന്റെ വാതിൽ തുറന്നു നേഴ്സ് വന്നു. കയ്യിലൊരു കുട്ടിയുമായി.
“പെൺകുഞ്ഞാണ്.. കുറെ നേരം അവൾ ബുദ്ധിമുട്ടിച്ചുട്ടാ കുറുമ്പി”
നഴ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു. കാർത്യായനിയമ്മ ഓടിച്ചെന്നു കുട്ടിയെ വാങ്ങി മുറുക്കാൻ തിന്നു ചുവന്ന ചുണ്ടുകൊണ്ട് അവളെ അമർത്തിയൊന്നു ചുംബിച്ചു.
“അയ്യേ ‘അമ്മ ഇതെന്താ കാണിക്കുന്നേ? അവളെ ഇപ്പോൾ ഇങ്ങു പുറത്തെടുത്തല്ലേയുള്ളൂ, അപ്പോഴേക്കും ഉമ്മ വെക്കുന്നോ?
രണ്ടാമത്തെ മകന്റെ ചോദ്യം.
“ഒന്ന് പോടാ ചെറുക്കാ.. നീയും നിന്റെ ചേട്ടനുമൊക്കെ ഈ വയറ്റിൽ നിന്നും പുറത്തുവന്നപ്പോൾ എനിക്കൊരു ബോധവും ഉണ്ടായിരുന്നില്ല, ഇപ്പോൾ എങ്കിലും ഞാൻ ഒന്നും ഉമ്മ വെക്കട്ടെ”,
കാർത്യായനി വീണ്ടും ഉമ്മ വെച്ചു, എന്നിട്ടു നീട്ടിയൊരു വിളിയും..
“പാറു കുട്ട്യേ.. അച്ചമ്മേടെ പാറുക്കുട്ട്യേ..”
മുലപ്പാൽ കൊടുക്കാൻ മാത്രം പാറുക്കുട്ടിയെ അവളുടെ അമ്മയുടെ കയ്യിൽ കൊടുക്കും. ബാക്കിയുള്ള സമയത്തൊക്കെ അവൾ കാർത്യായനി അമ്മയുടെ കൈകളിൽ ആയിരിക്കും. കുളിപ്പിക്കാനും കണ്മഷിയെഴുതാനും ചന്ദനം തൊടാനും എല്ലാം കാർത്യായനിയമ്മ ഉണ്ടാകും.
പേരിടൽ ചടങ്ങിന് അമ്മയുടെ വീട്ടുകാർ നിർദ്ദേശിച്ച പേര് പറയാൻ കാർത്യായനിഅമ്മക്ക് ബുദ്ധിമുട്ടായി. “അളകനന്ദ” ഈ പേര് കുട്ടിയുടെ ചെവിയിൽ മൂന്ന് വട്ടം പറയാൻ പറഞ്ഞപ്പോൾ ആരും കേൾക്കാതെ കാർത്യായനിയമ്മ
“പാറു.. പാറു.. പാറു” എന്ന് പറഞ്ഞു അവസാനിപ്പിച്ചു.
പിന്നീട് കാർത്യായനിയമ്മക്ക് അളകനന്ദ പാറു ആയിമാറി. കാവിലെ പാമ്പുകളം കാണാനും അയ്യപ്പൻ വിളക്ക് കാണാനും ഉത്സവം കാണാനും കാർത്യായനിയമ്മയുടെ കൂടെ പാറു ഉണ്ടാകും. ഒരു മുലപ്പാൽ ബന്ധം മാത്രമേ പാറുവിന്റെ അമ്മയോടുണ്ടായിരുന്നുള്ളു.
കാർത്യായനിയമ്മയാണ് അവൾക്കെല്ലാം. നാട്ടിൽ ഉള്ള സ്ത്രീകളും പറഞ്ഞു തുടങ്ങി. “ഇത് കാർത്തുവിന്റെ വയറ്റിൽ ഉണ്ടാവേണ്ടതാണ്” അത്രക്കും അടുപ്പമാണ് അച്ഛമ്മയും പേരക്കുട്ടിയും.
പാറു രാത്രി കിടന്നുറങ്ങുമ്പോൾ ഒന്ന് ചുമച്ചാലോ പനിച്ചാലോ അന്ന് പിന്നെ അച്ചമ്മ ഉറങ്ങില്ല. പിറ്റെന്നാൾ നേരം വെളുത്തു പാറു എഴുന്നേൽക്കുമ്പോഴേക്കും അച്ഛമ്മയുടെ വക കുറുകൗശലങ്ങൾ മുന്നിൽ വെച്ചിട്ടുണ്ടാകും. പറമ്പിലൊക്കെ നടന്നു നാട്ടുചികിത്സ സസ്യങ്ങൾ പറിച്ചെടുത്തൊരു കഷായം. അത് കുടിക്കാനും പാറു മടി കാണിക്കാറില്ല. പാറുവിന് ഡോക്ടറെക്കാൾ വിശ്വാസമാണ് അച്ഛമ്മയുടെ ചികിത്സ.
ഏഴിൽ പഠിക്കുമ്പോൾ സ്കൂളിൽ പോയ പാറു നിലവിളിച്ചു ഓടിവന്നപ്പോൾ ചിരിച്ചുകൊണ്ട് പാറുവിന്റെ നെറ്റിയിൽ മുത്തമിട്ടു പറഞ്ഞു “ന്റെ പാറുക്കുട്ടി വല്യേ കുട്ടിയായല്ലോ” പിന്നീട് കാർത്യായനി ഒരു സംരക്ഷക കൂടി ആയി. സ്കൂളിൽ പോകുമ്പോൾ പകുതി വഴി കൊണ്ടുചെന്നാക്കും. സ്കൂൾ വിട്ടു വന്നു കുളിയൊക്കെ കഴിഞ്ഞു വിളക്ക് വെച്ച് രണ്ടുപേരും പ്രാർത്ഥിച്ചു ഉമ്മറത്തെ തൂണും ചാരിയൊരു ഇരിപ്പുണ്ട്. മടിയിൽ പാറു കിടക്കുന്നുണ്ടാവും.
അച്ഛമ്മയുടെ ജനനം മുതൽ തുടങ്ങി മരണപ്പെട്ടുപോയ അച്ചാച്ചനോടുള്ള പ്രണയകാലം വരെ ആ സൊറ പറച്ചിലിൽ ഉണ്ടാകും. കൂടെ കുറെ കണ്ണുനീരും.
വർഷങ്ങൾ കടന്നുപോയി. പാറു വലിയൊരു പെണ്ണായി. എങ്കിലും അവരുടെ പതിവുകൾ തെറ്റിച്ചില്ല. എന്നും അമ്പലത്തിൽ പോയി. പണ്ടൊക്കെ പാറുവിന്റെ കൈപിടിച്ച് പോയിരുന്ന അച്ചാമ്മ ഇന്ന് പാറുവിന്റെ കൈത്താങ്ങില്ലാതെ നടക്കാൻ പറ്റാത്ത അവസ്ഥയുമായി. വയസ്സായിരിക്കുന്നു. എങ്കിലും ആ തൂൺ ചാരിയിരുന്നുള്ള കഥ പറച്ചിൽ നിന്നില്ല.
മുറുക്കൽ കാർത്യായനി അമ്മയുടെ കൂടെപ്പിറപ്പു കാരണം അതൊഴിവാക്കിയില്ല. തൂൺ ചാരിയുള്ള ഇരിപ്പിലും വായിൽ ബാക്കിയുള്ള പല്ലുകൊണ്ട് ചവച്ചു കൊണ്ടിരിക്കും.
“പാറുട്ട്യേ ഞാൻ മരിച്ചുപോയാൽ നമ്മുടെ പടിഞ്ഞാപുറത്തു നിൽക്കുന്ന ആ മാവ് മുറിച്ചു വേണം എന്നെ ദഹിപ്പിക്കാൻ. ഇനി അധിക കാലമൊന്നും അച്ചാമ്മ ഉണ്ടാവില്ല പാറുട്ട്യേ..”
“മിണ്ടാതിരുന്നോണം.. എന്റെ കല്യാണം കഴിഞ്ഞു എന്റെ കുട്ടികളുടെ കല്യാണത്തിനും എന്റെ അച്ചാമ്മ ഉണ്ടായിരിക്കും. വേണ്ടാത്തത് പറഞ്ഞാൽ അടക്ക വെച്ച് തരുന്നതിനു പകരം നല്ല പച്ചമുളക് വെച്ച് തരും. ആ മോണ നീറി പുകയും പറഞ്ഞേക്കാം. കിടന്നിടത്തു നിന്ന് പാറു ചാടിയെഴുന്നേറ്റു പറഞ്ഞു.
പിറ്റെന്നാൾ മുറ്റത്തു വന്നുനിന്ന കാറിന്റെ ശബ്ദം കേട്ടാണ് പാറു എഴുന്നേൽക്കുന്നത്. സമയം പുലർച്ചെ 5.15. അമ്മയും അച്ഛനും കൂടി അച്ഛമ്മയുടെ രണ്ടു കയ്യും പിടിച്ചു ഉമ്മറത്തെ ചവിട്ടുപടി ഇറങ്ങുന്നു. അച്ഛമ്മയുടെ മുഖം വിളറി വെളുത്തിരുന്നു. എന്നെകൊണ്ട് വയ്യ എന്നുള്ള ആ നിസ്സഹായാവസ്ഥ ആ മുഖത്ത് കാണാം. പാറു ഓടിച്ചെന്നു അടുത്തെത്തിയെങ്കിലും അച്ഛനും അമ്മയും അവളെ തടഞ്ഞു.
“അച്ചമ്മക്കൊന്നുമില്ല. ഞങ്ങൾ ഇപ്പോൾ തന്നെ തിരിച്ചു വരും. അനിയൻ എഴുന്നേൽക്കുമ്പോൾ ഇവിടെ ആരെയും കണ്ടിട്ടില്ലേൽ അവൻ പേടിക്കും. അതികൊണ്ട് നീയിവിടെ ഇരുന്നുകൊള്ളു”
അച്ഛമ്മയെയും കൊണ്ട് കാർ ഗേറ്റ് കടന്നുപോയി.
കുറച്ചു സമയത്തിന് ശേഷം പാറു അച്ഛന്റെ ഫോണിലേക്കു വിളിച്ചു. അച്ഛന്റെ റൂമിൽ നിന്ന് ബെല്ലടിക്കുന്നതു കേട്ടു. അച്ഛൻ ഫോൺ കൊണ്ടുപോയിട്ടില്ല. പാറു ആ വീട്ടിനുള്ളിൽ ഗത്യന്തരമില്ലാതെ നടന്നു. തന്റെ അച്ഛമ്മയെക്കാൾ ഉപരി ഒരു കൂട്ടുകാരിയും കൂടിയാണ് കാർത്യായനിയമ്മ. നടക്കുന്നതിനിടയിൽ പൂജാമുറിയിലേക്കൊന്നു നോക്കി പ്രാർത്ഥിക്കാനും പാറു മറന്നില്ല.
9 മണി ആയപ്പോൾ ഗേറ്റ് കടന്നു കാർ വന്നു. പാറു ഓടിച്ചെന്നു ചവിട്ടുപടിയിലൊന്നു സ്ഥാനം ഉറപ്പിച്ചു കാറിലേക്ക് നോക്കി. അച്ചമ്മ ഉണ്ടെന്നു ഉറപ്പായപ്പോൾ അവൾ മുറ്റത്തോട്ടിറങ്ങിയോടി. അച്ഛൻ ഡോർ തുറന്നു അച്ഛമ്മയെ ഇറക്കി.
“എനിക്കൊന്നുമില്ല പാറുട്ടിയേ.. നിന്റെ അച്ഛനും അമ്മയും ഒരു കാര്യവുമില്ലാതെ കൊണ്ടുപോയതാ.. ചുമ്മാ ആ വണ്ടിപൈസയും പോയി ഡോക്ടറിന് കൊടുത്ത പൈസയും പോയിക്കിട്ടി”
അച്ഛന്റെയും അമ്മയുടെയും കൈകൾ മാറ്റി അച്ഛമ്മയുടെ തോളോട് ചേർന്ന് പാറു നടന്നു. അകത്തെ റൂമിൽ എത്തിയപ്പോഴേക്കും അച്ചമ്മ കരഞ്ഞിരുന്നു.
“നിന്റെ കല്യാണം കഴിഞ്ഞു ഈ പടിയിറങ്ങി പോയതിനു ശേഷം എന്നെ ദൈവം വിളിച്ചാൽ മതി. അതുവരെയെങ്കിലും എനിക്ക് ജീവൻ കിട്ടുമോ പാറുട്ട്യേ”
കൂടെ നടന്ന പാറു അച്ഛമ്മയെക്കാൾ കൂടുതൽ കണ്ണുനീർ വാർത്തിരുന്നു. വാക്കുകൾ പുറത്തേക് വന്നാൽ ആ വാക്കുകളിൽ അറിയാം പാറുവിന്റെ തേങ്ങൽ. അതുകൊണ്ട് പാറു ഒന്നും മിണ്ടാതെ അച്ഛമ്മയെ കിടത്തി മുറി വിട്ടുപോയി.
അച്ചമ്മ സുഖം പ്രാപിച്ചു. പഴയ കളിയും ചിരിയും വീട്ടിൽ ഒഴുകിനടന്നു. ഒരുനാൾ അച്ഛമ്മ പാറുവിനോട് പറഞ്ഞു.
“നമുക്കൊരു ദിവസം നാലമ്പലം തൊഴാൻ പോവണം. ഇനി പറ്റില്ല എനിക്ക്. ഉള്ള ആരോഗ്യം കൊണ്ട് എനിക്ക് പോവണം. അതിനു പറ്റിയ ഒരു ദിവസം പാറു കണ്ടുപിടിച്ചു പറയണം. അച്ഛനും അമ്മയും കൂടെ ഉണ്ടായിക്കോട്ടെ. അവിടെ വെച്ച് ഈ കിളവി മരണപ്പെട്ടാൽ ഇങ്ങു കൊണ്ടുവരാൻ ആരെങ്കിലും വേണ്ടേ”
അച്ഛമ്മ ചിരിച്ചിട്ടാണ് പറഞ്ഞതെങ്കിലും പാറുവിന് അത് കേട്ടപ്പോൾ ദേഷ്യമാണ് വന്നത്. അവൾ മുഖം കനപ്പിച്ചു എഴുന്നേറ്റുപോയി.
പിറ്റെന്നാൾ പാറു കോളേജിൽ പോയി. ഉച്ച ആകുമ്പോഴേക്കും ഓഫീസിൽനിന്നും പാറുവിനെ തേടി പ്യൂൺ എത്തി. “അളകനന്ദയോട് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു ഫോൺ വന്നിരുന്നു.”
പാറു ബാഗെടുത്ത് പുറത്തിറങ്ങി. ബസിൽ ഇരിക്കുമ്പോൾ പാറു ചിന്തിച്ചു. “എന്തിനാപ്പൊ ഈ നേരത്തെന്നോട് വീട്ടിൽ ചെല്ലാൻ പറഞ്ഞെ,… ആ നാലമ്പലം പോവാൻ ആകും. അച്ഛനിന്നു പണി കഴിഞ്ഞു നേരത്തെ വന്നുകാണും. അതുകൊണ്ടാകും” ബസിൽ ഇരുന്നു പാറു ധരിക്കേണ്ട ഡ്രെസ്സും മോഡലും വരെ ആലോചിച്ചുവെച്ചു.
രണ്ടു ഭാഗവും മുള്ളുകൾ പിടിപ്പിച്ച വേലിയുടെ ഇടയിലൂടെ പാറു നടന്നു നീങ്ങുമ്പോൾ അവളോട് എന്തൊക്കെയോ പറയാനായി വെമ്പൽ കൊള്ളുന്ന ചെടികളും പൂക്കളും വാടിനിന്നു. ചിരിച്ച മുഖവുമായി പാറു വീട്ടു പടിക്കെ എത്തിയപ്പോൾ എന്തോ മുറിഞ്ഞു വീഴുന്ന ശബ്ദം കേട്ടു. പടിഞ്ഞാപ്പുറത്തു നിൽക്കുന്ന മാവ് ആരൊക്കെയോ ചേർന്ന് മുറിക്കുന്നു. വീട്ടുമുറ്റത്തു ഒരുപാട് പേർ കൂടി നിൽക്കുന്നു. ചിരിച്ചുവന്ന പാറുവിന്റെ കണ്ണിൽ ഇരുട്ട് മൂടി. കാലുകൾ മെല്ലെ അനക്കിനോക്കി. ഭാരം കൂടിയിരിക്കുന്നു കാലിനും മനസ്സിനും. പാറുവിനെ കണ്ടവർ വഴിമാറി കൊടുത്തു. കെ
വീടിന്റെ നടുമുറിയിൽ കത്തിച്ചു വെച്ച നിലവിളക്കു ദൂരത്തു നിന്നും പാറു കണ്ടു. കരഞ്ഞു തളർന്നു കിടക്കുന്ന ‘അമ്മ. കോണിപ്പടിയിൽ തല ചാരിവെചച്ച് ഇരിക്കുന്ന അച്ഛൻ. നഷ്ടപ്പെട്ടിരിക്കുന്നു തന്റെ അച്ഛമ്മയെ.. അല്ല കൂട്ടുകാരിയെ.. പാറുവിന്റെ കണ്ണുകൾ മറഞ്ഞു ആ ശരീരം അച്ഛമ്മയുടെ കിടക്കുന്നതിന്റെ അടുത്തേക്ക് വീഴാൻ അധികം സമയം വേണ്ടിവന്നില്ല.
എല്ലാം കഴിഞ്ഞു. ബലിക്കാക്കകൾ പറന്നകന്നു. പന്തൽ അഴിച്ചു. അച്ഛൻ അവരെ പറഞ്ഞുവിടുന്ന തിരക്കിലാണ്. പാറു ഉമ്മറത്തെ ചവിട്ടുപടിയിൽ ഇരുന്നു. ഉമ്മറത്തെ തൂണിൽ അച്ചമ്മ ചാരിയിരുന്നു തലയിലെ എണ്ണമയം പിടിച്ച ഭാഗത്തോട്ടു നോക്കി. തൂണിനടുത്ത് ഇരിക്കുന്ന അടക്ക പൊടിക്കുന്ന കല്ലിനും മുറുക്കാൻ ഇട്ടുവെക്കുന്ന പാത്രത്തിനും ഉണ്ടാവാം കാർത്യായനി അമ്മയുടെ വേർപാടിന്റെ വേദന.