ശാന്തി മുഹൂർത്തം ~ എഴുത്ത്: സമ്പത് ഉണ്ണികൃഷ്ണൻ
ആദ്യരാത്രിടെ അന്ന് മുതൽ ഇന്ന് മൂന്നാം നാൾ പുലരും വരെയും “എന്നെ അടുപ്പിക്കാതെ ഒരു കയ്യകലം മാറ്റിനിർത്തുന്നത് എന്തിനാണ്” എന്ന ഹർഷന്റെ ചോദ്യത്തിന് ദീപ്തി രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്ത് ബാത്റൂമിലേക്കു കയറിപ്പോയി ….
“ഇതെന്തപ്പാ ഇങ്ങനെ ഇനി ഈ പെണ്ണിന് വല്ല പ്രണയവും ….? അതിന് വേണ്ടിയാണോ എന്നെ അടുപ്പിക്കാതെ ഇങ്ങനെ …..? ഇവളെ കൊണ്ടുപോവാൻ ഇനി കാമുകൻ രാത്രി ഒളിച്ചു വരുമോ….?
അങ്ങനെ അങ്ങനെ അവൾ വരുവോളം കിടന്ന കിടപ്പിൽ ഹർഷന്റെ ഉള്ളിൽ ഒരു നൂറു ചോദ്യങ്ങൾ ഉരുത്തിരിഞ്ഞു……അതൊക്കെയും കയറു പൊട്ടിച്ച പശു കിടാവ് പോലെ അവന്റെ ഉള്ളിൽ പല ദിക്കിലേക്കും പാഞ്ഞു നടന്നു ……
“എടി നിന്നേ ….!!!
ബാത്റൂമിന്നിറങ്ങി മുറിവിട്ടു പോവാൻ നിന്നവളുടെ കയ്യിന് കയറി പിടിച്ചാണ് നിർത്തിയത്…….
“ഇത് ശരിയാവില്ല എത്ര ചോദിച്ചിട്ടും നീ ഒരുമാതിരി വായിൽ കൊഴക്കട്ട തിരുകിയപോലെ മുഖം വീർപ്പിച്ചു നടന്നിട്ടു കാര്യമില്ല നീ എന്താ എന്നോടിങ്ങനെ എന്ന് തുറന്നു പറ……ആദ്യരാത്രിടെ അന്ന് ക്ഷീണം കൊണ്ടാണ് ഉറങ്ങിയതെന്നു കരുതി ഇന്നലെ രാത്രിയെങ്കിലും എന്നോടെന്തെങ്കിലും ഒന്ന് മിണ്ടുമെന്നു കൊതിച്ചു….ബന്ധുക്കളൊക്കെ വീട് വളഞ്ഞതു കൊണ്ട് പകലൊന്നും മിണ്ടാൻ ഒരു അവസരം പോലും കിട്ടുന്നില്ല ….ഇപ്പോൾ പറ ….!!!! എന്താണിങ്ങനെ …?
ഇഷ്ടക്കുറവാണോ ….? എന്നെ പിടിച്ചില്ലേ നിനക്ക് …?”
“ഓഹ് ഇപ്പഴേലും ചോദിക്കാൻ തോന്നിയല്ലോ ….?”
അവളുടെ മുഖത്തെ പുച്ഛഭാവം വായിച്ചെടുത്തു ഹർഷൻ നിന്ന നിൽപ്പിലങ്ങില്ലാതായി…..!!!!
ശരിയാണ് അവൾക്ക് ഇഷ്ടക്കുറവുണ്ട് ….!!! അല്ലെങ്കിലും കുടവയറോടെ കഷണ്ടി തലയോടെ മുപ്പത്തി നാലാം വയസിൽ നാൽപ്പതു തോന്നിക്കുന്നവനെ ആർക്കാണ് പിടിക്കുക…. അവന്റെ ശബ്ദം ഇടറിയാണ് പിന്നീട് പുറത്തു വന്നത് …
“ശരിയാണ് ഒന്നും ചോദിച്ചറിയാൻ സാധിച്ചില്ല പ്രവാസിയായി പോയി…..!!!!! തേടി തേടി അലഞ്ഞു പലയിടത്തും നടന്നു നിന്റെ വീടെത്തിയപ്പോൾ വയസതിക്രമിച്ചു…..അതിന്റെ പേരിലാണ് തിരിച്ചുപോക്കിനു മുൻപ് ഇങ്ങനെ എടിപിടി എന്ന് കല്യാണം അതിനിടക്കൊന്നും….!!!! അതിനിടക്കൊന്നും നേരിട്ട് ചോദിക്കാൻ സാധിച്ചില്ല ….”
അവന്റെ ക്ഷമാഭാവം അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങിയിട്ടും അവളുടെ മുഖത്താ ഭാവത്തിനൊരു മാറ്റവും വന്നില്ല ….”പക്ഷെ നിനക്കും അവസരങ്ങൾ ഉണ്ടായിരുന്നല്ലോ കല്യാണത്തിന് മുൻപ് ഒരു വാക്കെങ്കിലും ….”
“കൈ വിട്ടെ എന്നെ അടുക്കളയിൽ തിരക്കും ….”
അവൻ പറഞ്ഞു മുഴുവിക്കും മുൻപ് പിടിച്ച പിടിയിൽ നിന്നും പിടഞ്ഞു മാറിയ വരാലിനെ പോലെ അവൾ കൈ വിടിവിച്ചു മുറിവിട്ടു പോയി …..
എന്തിനെന്നോടു മാത്രം ഇങ്ങനെ എന്ന് ഈശ്വരനുള്ള പരാതിയുമായാണ് അവൻ മുറി വിട്ടു പുറത്തിറങ്ങിയത് …..
ബന്ധുമിത്രങ്ങളുണ്ട് അതിൽ ഓടിക്കളിക്കുന്ന കിടാക്കൾ ഉണ്ട് അവരൊക്കെയും കളിയുടെ തിരക്കിലാണ് ….. അതിനിടയ്ക്കാണ് ഒരു കുരുന്ന് വന്ന് ഹർഷന്റെ കാലിനു വട്ടം വച്ചത് …..
മാറ്റി നിർത്താൻ നോക്കിയപാടെ സോഫായിൽ നിന്നുമൊരു അടക്കി ചിരി കേട്ടു ..
“മാറികൊടുക്കു മക്കളെ മാമന് നല്ല ക്ഷീണം കാണും ….”
സോഫയിൽ ഇരുന്ന അമ്മായി കൈ പൊത്തി അടക്കി ചിരിച്ചു ടീവിയിൽ നോക്കി ഇരിക്കുന്നതു കണ്ടു ……
അമ്മായിയാണ് ദീപ്തിയുടെ ആലോചന കൊണ്ട് വന്നത് …..ഇതൊരുമാതിരി ചെയ്ത്തായി പോയി എന്നോട് ചെയ്തത് എന്ന് പറയാൻ വന്നതാണ് പിന്നീട് കാടൻ പ്രതികരണം ഭയന്ന് വെള്ളം തൊടാതെ അതങ്ങു വിഴുങ്ങി….
അമ്മായി അങ്ങനെയാണ് എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം …..
പിന്നീട് അമ്മയുമൊത്തുള്ള പ്രാതലിനും ഓർത്തത് അവൾ എന്തെ എന്നോടൊപ്പം കഴിക്കാൻ വിളിച്ചിട്ടു വന്നില്ല എന്നതാണ്
അതിനൊരു മുടന്തു ഞായമെന്നോണം അവൾ പറഞ്ഞത് വിശപ്പില്ലെന്നും പിന്നീട് കഴിച്ചോളാം എന്നുമാണ് …..
ആ വീട്ടിലെല്ലാവരും ആനന്ദത്തിൽ ആറാടുമ്പോഴും ഹർഷന്റെ ഉള്ളിൽ ഒരു തീക്കൂന നിന്നു കത്തുകയായിരുന്നു ….
പുറത്തിറങ്ങി കവലയിൽ പോയിരുന്നിട്ടും കൂടെ കൂടിയ കൂട്ടുകാർക്കു പോലും ഉള്ളിലെ തീ ഒരു തരി പോലും അണയ്ക്കാനായില്ല….
“കല്യാണം കഴിഞ്ഞും നിന്റെ മുഖമെന്താ ഹർഷാ തെളിയാത്തത്” എന്ന കൂട്ടുകാരൻ പ്രണവിന്റെ ചോദ്യത്തിന് വിങ്ങി പൊട്ടിയാണ്
“അവൾക്കെന്നെ അത്രക്കങ്ങോട്ടു പിടിച്ചിട്ടില്ലടാ” എന്ന് ഉത്തരമേകിയത് …
വൈകുവോളം കൂട്ടുകാർക്കിടയിൽ ഇരുന്നു….സന്ധ്യ മയങ്ങുമ്പോഴാണ് മനസ്സില്ല മനസ്സോടെ വീട് കയറിയത് ….. അപ്പോഴും ചുറ്റിലും ചിരിയും കളിയും…
പക്ഷെ അവളെ മാത്രം കണ്ടില്ല എങ്ങു പോയി എന്ന് കണ്ണുകൊണ്ടു പരതും നേരം തന്നെ…
“ദീപ്തി വയറുവേദനയെന്നു പറഞ്ഞു കിടക്കുന്നു നീയൊന്നു നോക്കിയേ ഹർഷാ”
എന്ന അമ്മയുടെ ഉത്തരവുയർന്നു
“വയറുവേദനയോ അതെന്തേ പെട്ടന്ന് ….”
“അവൾക്കു മേലഴികയാണ് നീ ഒന്ന് നോക്കെന്നേ, എല്ലാം പറഞ്ഞു തരണോ ….പറയാതെയും ചിലതൊക്കെ അറിയണം ഇത്രയും വയസായില്ലേ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ ….”
അമ്മ ആക്രോശിച്ചത് കേട്ട് ഒന്നുമറിയാതെ അന്താളിച്ചു നിന്ന ഹർഷന് കലി കയറാതിയാണ് ….
“പറയാതെ എങ്ങനെ അറിയും ..?” എന്ന് മറിച്ചു പറയാൻ മുതിർന്നപ്പോഴാണ് …
അമ്മായി അത് പറഞ്ഞത് …..
“ആർത്തവം…….!!! അതാണ് അവൾക്ക്…നീ ചെല്ല് …. അവളോട് എന്തേലും വേണോ എന്ന് ചോദിക്ക്.. ….”
ആർത്തവം…..!!!! ആ വീട്ടിൽ ആദ്യമായി കേട്ടതു കൊണ്ടാവണം ഹർഷൻ ഒന്ന് ഞെട്ടി…. പ്രതീക്ഷിക്കാത്ത എന്തോ ഒരു ആഘാതം പറ്റിയത് പോലെ തോന്നി …. ടീവി ചർച്ചയിലും പരസ്യത്തിലും പത്രം വായനയിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാടു തവണ കണ്ണുടക്കിയ വാക്കാണെങ്കിലും … ഇങ്ങനെ ആദ്യമായാണ് വീട്ടിൽ നിന്ന് തന്നെ കേൾക്കുന്നത് ഒരുപക്ഷെ ഒരു പെങ്ങളുണ്ടായിരുന്നേൽ ഇതെല്ലം കേട്ടു വളർന്നു കാണണം…..
മുറിയിൽ കയറിയപ്പോൾ തന്നെ ദീപ്തി കൈ വയറിൽ വച്ച് കൂന കൂടി കിടക്കുന്നതു കണ്ടു …
കയറിയ പാടെ “ആ വാതിൽ ഒന്ന് അടയ്ക്കാവോ” എന്ന് വേദന സഹിച്ചു ശബ്ദം പുറത്തു വരാതെ പറഞ്ഞു കേട്ടു ..
ഹർഷന്റെ ഉള്ളു നല്ലതു പോലെ പിടഞ്ഞു ഇതൊരു പുതിയ അനുഭവമാണെന്നവൻ അറിഞ്ഞു …. സൂക്ഷിച്ചു കൈകാര്യം ചെയ്യണം എന്ന് സ്വയം താക്കീതും നൽകി …..
പക്ഷെ എവിടെയോ പരിചയമില്ലായിമ അവനെ ഒരു കൊടുമുടിയുടെ അറിവില്ലായിമയിലേക്കു ഉന്തി തള്ളി കയറ്റുന്നോ എന്ന തോന്നൽ … അവനിൽ ഉയർന്നു …..?എന്ത് ചെയ്യണമെന്നറിയാതെ കൊച്ചു കുഞ്ഞിനെ പോലെ അവൻ ചിന്തിച്ചു അന്താളിച്ചു നിൽക്കുമ്പോഴാണ് ദീപ്തിടെ ചുണ്ടുകൾ വീണ്ടും മന്ത്രിച്ചത്
“എന്റെ അടുത്ത് വന്നു ഇരിക്കാവോ …”
കേട്ടപാതി കേൾക്കാത്ത പാതി ഹർഷൻ അവൾക്കരുകിലിരുന്നു ….. ഡോക്ടറെ കാണിക്കണോ എന്ന ചോദ്യത്തിന്, “ഇത് പതിവുള്ളതാ” എന്നും “ഇന്നലെയാ തുടങ്ങിയതെന്നും “ഇനി കുറച്ചു ദിവസം കഴിഞ്ഞേ ഇത് തീരുകയുള്ളു” എന്നും അവൾ ഞെങ്ങി ഞെരുങ്ങി പറഞ്ഞവസാനിപ്പിച്ചു ….
അവൾക്കുള്ള പരിഭവം ഇന്നലെ ഇതിനെപറ്റി ഒരു വാക്കുപോലും ചോദിച്ചില്ലല്ലോ എന്നതിലാണ് എന്നറിഞ്ഞപ്പോഴാണ് ഹർഷൻ ഒന്ന് നേരെ ശ്വാസം വലിച്ചു വിട്ടത് ……
ഇതായിരുന്നോ കാര്യം എന്ന് മനസ്സിൽ പറഞ്ഞു
പതിയെ ഹർഷൻ അവളുടെ നെറുകയിൽ തലോടി അവൾ തല ഉയർത്തി നേരെ ഹർഷന്റെ മടിയിൽ കിടന്നു ….. എല്ലാം ഒരു സ്വപനമെന്ന പോലെ അവനു തോന്നി ….
ഏറെ നേരത്തെ കിടത്തത്തിനു ശേഷം ഹർഷൻ ഒരു ഇളം ചൂട് കട്ടൻ അവൾക്കു വച്ചു നീട്ടി …. അവൾ പതിയെ എഴുന്നേറ്റ് അത് ഊതി കുടിക്കവേ അവന്റെ വാത്സല്യത്തോടെ ഉള്ള നോട്ടം രണ്ടു കണ്ണും ഇറുക്കി ചുണ്ടിലൊരു ചെറു ചിരിയോടവൾ ഏറ്റുവാങ്ങി…..
പിന്നെയും ദിവസങ്ങൾ അവൻ അവൾക്കു സാന്ത്വനമേകി അപ്പോഴാണ് അവൾ പറഞ്ഞത്
“കല്യാണത്തിന്റെ രണ്ടു ദിവസം കഴിഞ്ഞതുമാണ് ഡേറ്റ് എന്നറിഞ്ഞും കല്യാണ തീയതി മാറ്റാൻ ആരും ഒരുക്കമായിരുന്നില്ല….ടെൻഷൻ കാരണം വരേണ്ടത് നേരത്തെ തന്നെ വന്നു …. അതിന്റെ ഫ്രസ്ട്രേഷൻ ഒന്നു കൊണ്ടാണ് ഇന്നലെ മിണ്ടാതെ ദേഷ്യം കാണിച്ചു നടന്നത് .. എന്നോട് ക്ഷമിക്കു ഏട്ടാ ….”
“ക്ഷമയോ ….? എന്നോടോ…? ഇതൊക്കെ ഞാൻ ആയിരുന്നില്ലേ മനസിലാക്കേണ്ടി ഇരുന്നത് …..”
എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സ് ഒന്ന് ശാന്തമായത് എന്ന് പറഞ്ഞു അവൾ അവന്റെ നെഞ്ചോടു ചേർന്നപ്പോൾ ഹർഷന്റെ ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉദിച്ചുയർന്നു …
അങ്ങനെ ജീവിതം സന്തോഷമായി മുന്നോട്ടു പോവുന്ന വേളയിലാണ് കുടംബത്തിലൊരു രസകരമായ വിശ്വാസം നിലനിൽക്കുന്നതായി പുറത്തു വന്നത്….
അശുദ്ധിയുടെ ആർത്തവ രക്തം ശാന്തിമുഹൂർത്തം കഴിഞ്ഞു വന്നതുകൊണ്ടു മാത്രമാണ് ഇത്രയും മനോഹരമായ ദാമ്പത്യം ഹർഷനും ദീപ്തിക്കും വന്നു ചേർന്നത് എന്ന് …..
എന്നാൽ അങ്ങനല്ല ശാന്തി മുഹൂർത്തം കൊണ്ട് വന്നത് തന്നെ ആ ആർത്തവമാണെന്ന സത്യം അവർ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
(ഒരു അവിവാഹിതന്റെ അറിവില്ലായിമയിൽ ഉരുത്തിരിഞ്ഞ കെട്ടിച്ചമച്ച കഥ, പോരായിമകൾ നിലനിൽക്കെ , നല്ലതോ അല്ലയോ ഒരു വരി എനിക്കായി കുറിക്കണം) സ്നേഹത്തോടെ, സമ്പത് ഉണ്ണികൃഷ്ണൻ.