നിനക്കായ് ~ ഭാഗം 21 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഇരുട്ട് വീണിരിക്കുന്നതിനാൽ വീട്ടിലേക്കുള്ള വഴിയിൽ വേഗത്തിൽ നടക്കാൻ പറ്റുന്നില്ല. ബാഗിൽ നിന്നും മൊബൈൽ തപ്പിയെടുത്ത് ടോർച്ച് ഓൺ ആക്കുന്നതി നിടയിൽ സമയം ശ്രദ്ധിച്ചു.6.15 ആകുന്നതേയുള്ളൂ.. എന്നിട്ടും എത്ര പെട്ടെന്നാണ് പകലിനെ രാത്രി ഇരുട്ടു കൊണ്ട് കീഴടക്കുന്നത് എന്നോർത്തു.

ആദി ക്ലാസ്സ് കഴിഞ്ഞു മൂന്നു മണിക്ക് എത്തി കാണും. നാലുമണിക്ക് ക്ലാസ്സ് കഴിഞ്ഞു എത്താറുള്ള ഞാൻ വീടെത്താൻ ഒന്നോ രണ്ടോ മിനിറ്റ് വൈകി പോയാൽ തന്നെ അവന് പരിഭ്രമം ആണ്. സീതമ്മയെ കൊണ്ട് വൈകുന്നതിൻറെ കാരണം ചോദിക്കാൻ എന്നെ വിളിപ്പിച്ചിരിക്കും. നേരം എത്ര ഇരുട്ടിയിട്ടും ഇന്ന് വിളിയൊന്നും വന്നതുമില്ല സീതമ്മയെ താൻ അങ്ങോട്ട് വിളിച്ചപ്പോൾ ഫോൺ എടുത്തതുമില്ല. മനസ്സിൽ ഒരു വിങ്ങൽ വന്നു മൂടുന്നു. ടോർച്ചിൻറെ വെളിച്ചം വഴികാട്ടി തുടങ്ങിയതും വീട്ടിലേക്കുള്ള നടത്തം ഓട്ടത്തിലേക്ക് വഴിമാറി.

രഞ്ജിത്ത് സാറിൻറെ മോള് ദേവൂട്ടിയുടെ വാശിയിലാണ് ഇത്രയും നേരം വൈകിയത്.മനസ്സിൽ അവളോട് ഇത്തിരി ദേഷ്യം തോന്നിയെങ്കിലും അതിന് അല്പായുസ്സ് ആണെന്ന് തോന്നി. സ്വന്തം അമ്മയെ നേടിയെടുക്കാൻ പ്രിയപ്പെട്ട അച്ഛനോട് ഒളിയുദ്ധം നടത്തുന്ന ഒരു പാവം പെൺകുട്ടി..

രാവിലെ സാറിൻറെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ കേട്ടിരുന്നു ദേവൂട്ടി ജോലിക്കാരി സ്ത്രീയുമായി നടത്തുന്ന ബഹളം. മനസ്സ് മടുത്തു കൊണ്ടാണ് അകത്തേക്ക് കയറി ചെന്നത്. കയ്യിൽ ഒരു പ്ലേറ്റ് എടുത്തു പിടിച്ചുകൊണ്ട് ഭദ്രകാളിയെ പോലെ നിൽക്കുന്ന ഒരു പെൺകുട്ടി. പല്ലുതേച്ചിട്ടില്ല.കുളിച്ചിട്ടില്ല. മുടിചീകി കെട്ടിയിട്ടു ദിവസങ്ങളായി എന്ന് തോന്നി. അവൾ വലിച്ചെറിഞ്ഞത് ആയിരിക്കണം ഇഡ്ഡലിയും സാമ്പാറും ഒക്കെ നിലത്ത് ചിതറിത്തെറിച്ച് പോർക്കളം തീർത്തു കിടക്കുന്നു. അവളുടെ നോട്ടം എന്നിലേക്ക് എത്തിയതും മുഖത്ത് ശത്രുത നിറയുന്നത് കണ്ടു. സ്കൂൾ ക്യാമ്പസിൽ എവിടെവച്ചെങ്കിലും വെച്ച് അവളെന്നെ കണ്ടു കാണും. കയ്യിലിരുന്ന പ്ലേറ്റ് എൻറെ മുന്നിലേക്ക് എന്നോണം തറയിൽ എറിഞ്ഞു പൊട്ടിച്ചു. അപ്രതീക്ഷിതമായ് സംഭവിച്ചത് കൊണ്ടാവാം ഭയത്തോടെ പിന്നോട്ട് മാറി ചെവിപൊത്തിപോയി.

പൊട്ടി ചിതറി കിടക്കുന്ന പാത്ര കഷണങ്ങളും അവളുടെ പൊട്ടിച്ചിരിയും കണ്ടപ്പോൾ തകർന്നുപോയത് എൻറെ മുന്നോട്ടുള്ള പ്രതീക്ഷകളാ യിരുന്നു. ഈ കുട്ടിയെ സ്കൂളിൽ എത്തിച്ചാലെ എൻറെ കഴിഞ്ഞ മാസം ജോലി ചെയ്ത ശമ്പളം പോലും കയ്യിൽ കിട്ടു.. എൻറെ നിലനിൽപ്പും ആദിയുടെ ഭാവിയും ഓർത്ത് അവൾക്കു മുന്നിൽ ഭൂമിയോളം താഴാൻ തീരുമാനിച്ചു. അധ്യാപികയുടെ അധികാര വേഷം കളഞ്ഞു ഉള്ളിൽ ക്ഷമയും അലിവും സ്നേഹവും ഒക്കെ നിറച്ചു കൊണ്ട് ആ കുഞ്ഞിനെ വീണ്ടും നോക്കി.

നല്ല ഓമനത്തമുള്ള മുഖം. മീനു ചേച്ചിക്ക് പിറന്നത് ഒരു മോൾ ആണെങ്കിൽ… അവളും ഇങ്ങനെയൊക്കെ കാട്ടി കൂട്ടിയിരുന്നുവെങ്കിൽ താൻ എങ്ങനെ പ്രതികരിക്കും എന്നാലോചിച്ചു. അങ്ങനെ ചിന്തിച്ചതും ഉള്ളിലെവിടെയോ ആ കുഞ്ഞിനോട് വാത്സല്യം നിറയുന്നത് പോലെ തോന്നി. അടുത്തേക്ക് ചെന്ന് അതിൻറെ മുഖത്തേക്ക് തൂങ്ങി കിടക്കുന്ന.. ഭംഗിയുള്ള കണ്ണുകൾ മറച്ച് നിൽക്കുന്ന മുടി ചെവിയുടെ പിന്നിലേക്ക് ഒതുക്കി വെച്ചു. കുഞ്ഞുമുഖം കൈകളിൽ എടുത്തു കണ്ണിലേക്ക് നോക്കി അലിവോടെ ചോദിച്ചു..

“മോളുടെ പേരെന്താ….ഇങ്ങനെ ഭക്ഷണം കഴിക്കാതിരുന്നാൽ വിശക്കില്ലേ മോൾക്ക്..”

ചോദ്യം കേട്ടതും അവളുടെ ശൗര്യം ഒന്ന് മാഞ്ഞു പോകുന്നത് കണ്ടു. പക്ഷേ തോറ്റു തന്നില്ല. മറുപടി പറയാതെ എൻറെ കൈതട്ടി മാറ്റി ചാടിത്തുള്ളി മുകളിലേക്ക് പോകുന്നത് കണ്ടു.

“എൻറെ കൊച്ചേ ഇതിനോടൊന്നും വേദമോതിയിട്ട് കാര്യമില്ല.. വെട്ട് പോത്ത് ആണത്. കയ്യും കാലും പിടിച്ചു കെട്ടി ചന്തിക്കിട്ട് നല്ല പിട കൊടുക്കാത്തതിൻറെ കേടാ.. ഒരുകാലത്തും അതൊന്നും ഗുണം പിടിക്കാൻ പോകുന്നില്ല.. അസത്ത്..” ഒരു കൊച്ചു കുഞ്ഞാണെന്ന പരിഗണന പോലും ഇല്ലാതെയുള്ള ആ ജോലിക്കാരുടെ സംസാരം ഒരു നിമിഷം പോലും കേട്ട് നിൽക്കാൻ എനിക്ക് പറ്റില്ല എന്ന് തോന്നി.

“നിങ്ങൾ ആദ്യം എന്നെ എൻറെ ജോലി ചെയ്യാൻ അനുവദിക്കു.. എന്നിട്ട് സ്വന്തം ജോലി വൃത്തിയായി ചെയ്യാൻ നോക്ക്..” തറയിൽ ചിതറിക്കിടക്കുന്നത് ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള എൻറെ രസകരം അല്ലാത്ത സംസാരം അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും മുകളിൽ നിന്നും ഞങ്ങളെ നോക്കാതെ നോക്കുന്ന കുഞ്ഞു മുഖത്ത് ഒരു വിജയ ചിരി വരുന്നുണ്ടായിരുന്നു. അതു കണ്ട് ഞാനും അവൾക്കു പിന്നാലെ മുകളിലേക്ക് കയറി.

നിഴല് പോലെ പിന്നാലെ കൂടിയതും ഉച്ചയായപ്പോഴേക്കും അവൾ പിടി തന്നു തുടങ്ങി. നിർബന്ധിച്ച് കുളിപ്പിച്ച് മുടി ചീകി കെട്ടി ഒരുക്കി കൊടുത്തതും അവൾ തോൽവി സമ്മതിച്ചു കരഞ്ഞു തുടങ്ങി. അവളുടെ അമ്മ പണ്ട് ഇതൊക്കെ ചെയ്തു കൊടുക്കുമായിരുന്നത്രേ… അമ്മയെ അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു.. അമ്മയുടെ സ്നേഹവും സാമീപ്യവും അവൾക്ക് തിരികെ വേണം. അവളുടെ സങ്കടം കണ്ട് കൂട്ടുകാരിൽ ആരോ പറഞ്ഞു കൊടുത്ത ബുദ്ധിയാണ്.. അനുസരണക്കേട് കാട്ടി തന്നിഷ്ടം ചെയ്യുന്നത് സഹിക്കാൻ വയ്യാതെ ആകുമ്പോൾ അച്ഛൻ അവളെ അമ്മയുടെ അടുത്ത് കൊണ്ടുചെന്നാക്കി കൊള്ളും എന്നത്..

നിർത്താതെ പെയ്യുന്ന ആ കുഞ്ഞു കണ്ണുകളിൽ എനിക്ക് കുട്ടിക്കാലത്തെ എന്നെ കാണാനായി. മരിച്ചു പോയി എന്നറിഞ്ഞിട്ടും അമ്മയുടെ ഓർമ്മകളെ തേടി നടന്ന ഞാൻ.. അമ്മയെ കുറിച്ച് പറയുന്നവരെല്ലാം എൻറെ പ്രിയപ്പെട്ടവരായി തോന്നിയ നാളുകൾ..

ഈ കുഞ്ഞിൻറെ അമ്മ മരിച്ചിട്ടില്ല.. അച്ഛനാണ് അമ്മയെ അവളിൽ നിന്നും അകറ്റിയിരിക്കുന്നത്. ഒരു ദിവസം അമ്മയുടെ ചൂടേറ്റ് ഉറങ്ങിക്കിടന്ന അവളുടെ അരികെ നിന്നും മാഞ്ഞു പോയ അമ്മയെ തേടുന്നവൾ.. അമ്മയെ തിരിച്ചുപിടിക്കാൻ അവൾ കാട്ടിക്കൂട്ടുന്നതിനെ തെറ്റുപറയാൻ എന്നെക്കൊണ്ടാവില്ല .അവളെ സഹായിക്കാമെന്നേറ്റു. അവൾക്ക് വേണ്ടി അവളുടെ അച്ഛനോട് സംസാരിച്ചു നോക്കാം എന്ന്.
അവളുടെ ആവശ്യം അച്ഛൻ സ്വീകരിക്കണമെങ്കിൽ നല്ല കുട്ടിയായി അവളും അച്ഛൻ പറയുന്നത് അനുസരിക്കണം.. സ്കൂളിൽ വരണം.. നല്ലപോലെ പഠിക്കണം എന്നൊക്കെ പറഞ്ഞതും തലകുലുക്കി സമ്മതിക്കുന്നത് കണ്ടു. അവളുടെ മാറ്റങ്ങൾ ബോധിപ്പിച്ച് തുടങ്ങാൻ അച്ഛൻ വരുന്നത് വരെ കൂട്ടിരിക്കുമോ എന്ന് ചോദിച്ചതും നിഷേധിക്കാൻ തോന്നിയില്ല.

അയാൾ വൈകി തുടങ്ങിയതും വീട്ടിലേക്ക് പോന്നാലോ എന്ന് ആലോചിച്ചതാണ്. പിന്നെ നേരിട്ട് കണ്ട് ബോധിച്ചാൽ എൻറെ ശമ്പളം കയ്യിൽ തന്നാലോ എന്ന് ചിന്ത വന്നു.കാത്തിരുന്നു. അയാൾ വീട്ടിലെത്താൻ 6 മണി കഴിഞ്ഞു.

പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന ദേവൂട്ടിയെ കണ്ടു കൊണ്ടാണ് അയാൾ കയറി വന്നത്. രണ്ടുഭാഗവും മുടി പിന്നിയിട്ട്കണ്ണെഴുതി പൊട്ടുതൊട്ട് അടക്കത്തോടെ ഇരിക്കുന്ന അവളെ കണ്ടതും അയാളുടെ മുഖം വിടരുന്നത് കണ്ടു.അവളുടെ സമീപത്തിരിക്കുന്ന എന്നെ അയാൾ കാണുന്നില്ല എന്ന് തോന്നി. ഞാനൊന്നു മുരടനക്കിയതും എന്നെ നോക്കുന്ന കണ്ണുകളിൽ നന്ദി പ്രകടനം കാണാൻ കഴിഞ്ഞു.

“ദേവു ഇനി എല്ലാ ദിവസവും സ്കൂളിൽ വരും സർ.. അല്ലേ മോളെ…” എൻറെ ചോദ്യം കേട്ടതും ഉവ്വ് എന്ന മട്ടിൽ അവൾ സാറിനെ നോക്കി തലയാട്ടി.

“എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടാ യിരുന്നു.” ഞാൻ പറയാൻ തുടങ്ങിയതും അയാൾ കണ്ണു തുടയ്ക്കുന്നത് കണ്ടു. സ്വന്തം കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ എല്ലാവരും ദുർബലർ ആണെന്ന് തോന്നി.

“ടീച്ചർ പൊയ്ക്കോളൂ.. നാളെ കാലത്ത് എന്നെ കാണാൻ വന്നാൽ മതി..
അല്ലെങ്കിൽ വീട്ടിൽ കൊണ്ട് വിടാൻ ഡ്രൈവറോട് പറയട്ടെ..”

വേണ്ടെന്നു പറഞ്ഞു നടന്നു തുടങ്ങിയതും നാളെ അയാളോട് സംസാരിക്കാനുള്ള ധൈര്യം കിട്ടി. എന്ത് ധൈര്യത്തിലാണ് ഞാൻ ദേവൂട്ടിക്ക് അവളുടെ അമ്മയെയും അയാളെയും ഒരുമിപ്പിക്കാം എന്ന വാക്ക് കൊടുത്തത് എന്ന് അതിശയം തോന്നി. ഷോളി ടീച്ചർ ഇതെങ്ങാനും അറിഞ്ഞാൽ എൻറെ കാര്യം അതോടെ തീരും.

ഓരോന്നാലോചിച്ച് നടന്നു വീട് എത്തിയതും താഴത്തെ നിലയിൽ എല്ലാ മുറിയിലും ലൈറ്റ് തെളിഞ്ഞിരിക്കുന്നത് കണ്ടു. താൻ പേടിച്ചത് പോലെ പുതിയ ഉടമകൾ താമസത്തിന് വന്നിരിക്കുന്നു എന്ന് തോന്നുന്നു. മുകളിലാ ണെങ്കിൽ വെളിച്ചം ഒട്ടില്ലതാനും. അതിനർത്ഥം ആദി ഇപ്പോഴും താഴെ തന്നെയാണ്. സീതമ്മ ഒറ്റയ്ക്ക് ഉള്ളപ്പോൾ കാണിക്കുന്ന സ്വാതന്ത്ര്യം വീട്ടുടമ താമസിക്കാൻ വന്നിട്ടും അവൻ കാണിച്ചു കാണുമോ?.. ഏയ്…എൻറെ ആദി അങ്ങനെയൊന്നും ചെയ്യില്ല. അവന് വല്ല പനിയോ മറ്റോ ഉണ്ടോ എന്നെ സംശയമുള്ളൂ..

ഒച്ചയുണ്ടാക്കാതെ മുകളിലത്തെ കോണി കയറി വാതിൽ തുറന്ന് ലൈറ്റിട്ടു. ” ആദി കുട്ടാ… അമ്മ വന്നു… മതി കളിച്ചത്.. മോൻ മുകളിലേക്ക് ചെല്ല്..” സീതമ്മയുടെ ശബ്ദം കേട്ടതും ആശ്വാസമായി. അവർക്ക് കേൾവിക്ക് ഇത്തിരി പ്രശ്നം ഉള്ളതുകൊണ്ടാവാം എന്തും ഉച്ചത്തിൽ മാത്രമേ സംസാരിക്കൂ. അത് ഇപ്പോൾ ഒരു ഉപകാരമായി എന്ന് തോന്നുന്നു. വാടകയുടെ കാശുമായിട്ട് മാത്രമേ പുതിയ താമസക്കാരെ കാണാൻ പോകൂ എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.
സീതമ്മ പറഞ്ഞ് 10 മിനിറ്റ് എങ്കിലും കഴിഞ്ഞുകാണും ആദി മുകളിലേക്ക് കയറി വരാൻ. സത്യം പറഞ്ഞാൽ കാത്തിരുന്ന് ക്ഷമ കെട്ടിരുന്നു. നാളെ തൊട്ട് സ്കൂൾ വിട്ട് ഇവിടെ തന്നെ ഇരുന്നാൽ മതിയെന്ന് പറയണം അവനോട്..

മടിയോടെ കയറിവന്ന ആദിയേ കണ്ടതും എല്ലാം പൂർത്തിയായി. അവൻറെ വെള്ള യൂണിഫോമിൽ മഞ്ഞൾ പോലത്തെ എന്തോ കറ പറ്റി കിടക്കുന്നുണ്ട്. ഇൻസർട്ട് ചെയ്തു വച്ച ഷർട്ട് ഒക്കെ പുറത്തിട്ടു ചുക്കിച്ചുളിഞ്ഞ ഒരുമാതിരി ചട്ടമ്പി പിള്ളാരെ പോലെ… എൻറെ മിസ്റ്റർ പെർഫെക്റ്റ് ആദി കുട്ടൻ തന്നെയാണോ ഇതെന്ന് സംശയം തോന്നി..

“എന്ത് കോലമാ ആദി?.. ഒരു ദിവസം ഞാൻ സ്കൂളിൽ നിന്ന് വിട്ടു നിന്നപ്പോൾ ചട്ടമ്പി ആയോ നീ?. ഈ കോലത്തിൽ ആണോ നീ താഴത്തെ വീട്ടിൽ ഇത്രനേരവും ഇരുന്നത്.. അവർ എന്തു വിചാരിച്ചു കാണും നിന്നെ പറ്റി..

ഒറ്റക്കിരിക്കാൻ പേടിയില്ലെന്ന് പലപ്രാവശ്യം നീ പറയാറില്ലേ?.. അവര് വന്ന സ്ഥിതിക്ക് നിനക്ക് ഇവിടെ നിന്നാൽ പോരായിരുന്നോ..ഇവിടെ എന്തിൻറെ കുറവുണ്ടായി ട്ടാ…”

ചോദ്യശരങ്ങൾ കേട്ടതും അവൻറെ മുഖം ഒരു നിമിഷം കുനിഞ്ഞു പോകുന്നത് കണ്ടു. ആദ്യമായിട്ടാണ് ഞാൻ അവനോട് ഉച്ചത്തിൽ സംസാരിക്കുന്നത്.

കുറ്റബോധം മനസ്സിൽ ഉടലെടുക്കുന്നതിനു മുൻപേ അവൻ തലയുയർത്തി മുഖം വീർപ്പിച്ചു കൊണ്ട് കണ്ണിലേക്ക് നോക്കി കൂസലില്ലാതെ പറഞ്ഞു…

“എനിക്കും വേണം കുഞ്ഞാവ…”

ഒരു നിമിഷം പ്രതിമ പോലെ നിന്നു പോയി. മനസ്സ് കുതിര ശക്തിയിൽ പിന്നോട്ട് ഓടി . പണ്ട് സിദ്ധുവിൻറെ മുന്നിൽ ഇതേ ആവശ്യത്തോടെ ഞാൻ നിന്നത് ഓർമ്മ വന്നു. കുന്നോളം സങ്കടം ഉള്ളിൽ ഉണ്ടെങ്കിലും പുറത്തേക്ക് കാണിക്കാൻ വയ്യാത്ത അവസ്ഥ. കാലം എന്നോട് കണക്കു തീർക്കുകയാണ് എന്ന് തോന്നി.

“നീയാദ്യം കണ്ണാടിയിൽ പോയി നിൻറെ കോലം നോക്ക് ആദി.. സ്വന്തം കാര്യങ്ങൾ ഒക്കെ വൃത്തിയിൽ ചെയ്തു പഠിക്കാൻ നോക്ക്. എന്നിട്ടാവാം കുഞ്ഞാവ..” അവനോട് അതു പറഞ്ഞു നിരുത്സാഹപ്പെടുത്തി കൊണ്ട് വിഷയം മാറ്റാൻ നോക്കിയതും താഴെ നിന്നും ഒരു കുഞ്ഞിൻറെ കരച്ചിൽ കേട്ടു.

“അയ്യോ …വൈഗ മോള് കരയുന്നു..എന്നെ തിരഞ്ഞ് ഓടി വീണു കാണും..” അത് പറയുമ്പോൾ ആദിയുടെ കണ്ണിൽ എന്തെന്നില്ലാത്ത തിളക്കം കണ്ടു. അവൻറെ നേരത്തെ ചോദിച്ച ചോദ്യത്തിൻറെ ഉറവിടം മനസ്സിലായി. ” അവരുടെ കൂടെ കുഞ്ഞും ഉണ്ടോ”

“ഉണ്ട് അമ്മേ… വൈഗ മോള്.. എന്തൊരു ക്യൂട്ട് ആണെന്ന് അറിയോ…ഇത്രനേരവും എൻറെ കൂടെ കളിച്ചതാ..ഒരു ഡോള് പോലെയുണ്ട്..എന്നെ “ഏറ്റ ” എന്നാ വിളിക്കണേ.ഞാൻ എവിടെ പോയാലും പിന്നാലെ വരും.. ഞാനാ അവൾക്ക് മാമു വാരി കൊടുത്തത്.. ദേ എൻറെ ഷർട്ടിൽ ഒക്കെ വാരി തേച്ചിരിക്കുന്നത് കണ്ടോ… ആൻറി എനിക്കും ഫുഡ് വാരി തന്നു. എന്തു രസന്നറിയോ ഒരുമിച്ചിരുന്ന് കഴിക്കാൻ…”

“നീ അവിടുന്ന് ഭക്ഷണം കഴിച്ചോ ആദി?.. ഒരു വീട്ടിൽ പോയാൽ കാണിക്കേണ്ട മര്യാദ ഒക്കെ പറഞ്ഞു തന്നത് മറന്നോ.” .എന്നിൽ നിന്നും അങ്ങനെയൊരു ചോദ്യം അവൻ പ്രതീക്ഷിച്ചില്ല എന്ന് തോന്നി.

“ആൻറി ഒത്തിരി നിർബന്ധിച്ചത് കൊണ്ടാ അമ്മേ.. ആൻറി ഒരു പാവമാ.. അമ്മയ്ക്കും ഒത്തിരി ഇഷ്ടമാവും വൈഗ മോളേയും ആൻറിയെയുമൊക്കെ..” അവൻറെ മുഖത്തെ സന്തോഷം കണ്ടതും ഇനിയും വഴക്ക് പറയാൻ തോന്നിയില്ല. എങ്കിലും ഉള്ളിൽ അറിയാതെ ഒരു നീറ്റൽ വന്നുതുടങ്ങിയിരുന്നു. ആദിക്ക് വേണ്ടാത്തതു കൊണ്ട് രാത്രി ഭക്ഷണം ഉണ്ടാക്കാൻ തോന്നിയില്ല.

“അമ്മ എന്താ ഭക്ഷണം ഉണ്ടാക്കാത്തത്… എനിക്ക് നല്ല വിശപ്പുണ്ട്..”

അവൻ ഭക്ഷണം ചോദിച്ചു വന്നതും എന്തെന്നില്ലാത്ത ഉത്സാഹം തോന്നി. പെട്ടെന്നുതന്നെ ചപ്പാത്തി ഉണ്ടാക്കിയെടുത്തു. എനിക്ക് കൂട്ടായിരുന്നു പ്ലേറ്റിലെ ചപ്പാത്തിയിൽ നുള്ളി കളിക്കുന്നത് കണ്ടതും അവന് ഒട്ടും വിശപ്പില്ല എന്ന് മനസ്സിലായി. മുന്നിലെ പ്ലേറ്റ് എടുത്തു മാറ്റി വച്ചു കൊടുത്തു. അവൻ സ്കൂളിലെ കാര്യങ്ങളും കൂട്ടുകാരൻറെ പുത്തൻ സൈക്കിൾ ചവിട്ടി നോക്കിയ കഥയും ഒക്കെ പറയുന്നത് കേട്ടു കഴിച്ചു തീർന്നതറിഞ്ഞില്ല.

രാത്രി ഇരുട്ടിൽ അവനെ നെഞ്ചിൽ കിടത്തി പതിയെ തട്ടി കൊടുക്കുമ്പോൾ അവൻറെ ചോദ്യം വന്നു..

“വൈഗ മോൾ ഉറങ്ങിക്കാണും അല്ലേ അമ്മേ..”

ആ കുഞ്ഞ് ഇത്തിരി സമയം കൊണ്ട് തന്നെ അവൻറെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന് തോന്നി. സാധാരണ ക്ലാസ്സിൽ പഠിപ്പിച്ച വല്ല സംശയങ്ങളോ നാളെ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ ആവും അവൻറെ നാവിൽ നിന്നും വരിക. അവനെ അധികം ആ കുടുംബവുമായി അടുക്കാൻ വിടണ്ട എന്ന് തോന്നി..

“ആദി… നാളെ മോൻ ക്ലാസ്സ് കഴിഞ്ഞ് ഇവിടെ തന്നെ ഇരുന്നാൽ മതി. വൈകിട്ടത്തെ ചായ ഇവിടെ കൊണ്ട് തരാൻ പറയാം സീതമ്മയോട്… മോൻ അവിടെ ചുറ്റിപ്പറ്റി നടക്കുന്നത് ചിലപ്പോൾ വൈഗ മോളുടെ അച്ഛന് ഇഷ്ടപ്പെടില്ല. മോന് അമ്മ പറയുന്നത് മനസ്സിലാകുന്നുണ്ടോ..”

“വൈഗ മോളുടെ അച്ഛൻ എത്തിയിട്ടില്ല അമ്മ.. കുറച്ചു കഴിഞ്ഞേ വരൂ .അതുവരെ ഞാൻ അവിടെ പൊക്കോട്ടെ. എനിക്ക് മോളെ കാണാതിരിക്കാൻ വയ്യന്ന് തോന്നുവാ..”

” നാളെ അമ്മ വന്നിട്ട് നമുക്ക് ഒരുമിച്ച് പോയി കാണാം. അല്ലാതെ ആദി ഒറ്റയ്ക്ക് അവിടെ പോയി നിൽക്കുന്നത് അവരുടെ പ്രൈവസിയിലേക്ക് നമ്മൾ ഇടിച്ചുകയറുന്നതു പോലെയാണ്… പോരാത്തതിന് അടുത്തു വരുമ്പോൾ അവർക്ക് നമ്മളെ പറ്റിയും പലതും അറിയേണ്ടി വരും.. നമ്മളുടെ കാര്യങ്ങളൊക്കെ അമ്മ മോന് പറഞ്ഞു തന്നിട്ടില്ലേ..അതുകൊണ്ട് ആദി ആരോടും അധികം കൂട്ടിനു പോണ്ട..അമ്മയ്ക്ക് ആദിയും ആദിക്ക് അമ്മയും അങ്ങനെ മതി……”

അത് കേട്ടതും അവൻ എന്നോട് ഒന്നു കൂടി ചേർന്നു കിടന്നു. അവൻറെ നെറ്റിയിൽ ചുംബിച്ചു കണ്ണുകളടച്ചു കിടന്നു. കുറച്ചുകഴിഞ്ഞതും താഴെനിന്നും ആ കുഞ്ഞിൻറെ കരച്ചിൽ വീണ്ടും കേട്ടു തുടങ്ങി. കണ്ണുകൾ തുറന്ന് ആദിയെ നോക്കിയതും അവൻ നല്ല ഉറക്കത്തിൽ
ആണെന്ന് കണ്ടതും ആശ്വാസം തോന്നി.

” ച്ഛാ..”. … “ച്ഛാ..” കുഞ്ഞിൻറെ തുടക്കത്തിലെ ചിണുങ്ങിയുള്ള കരച്ചിൽ വാശിപിടിച്ച് ശക്തിയിൽ ആയി മാറിയിട്ടുണ്ട്.. അതിൻറെ അമ്മയുടെ ശബ്ദം കേൾക്കുന്നില്ല എങ്കിലും സീതമ്മയുടെ ശബ്ദം കേട്ട് തുടങ്ങിയിരിക്കുന്നു.

“ചാച്ച് വാവേ.. ചാച്ച്…അച്ഛ വേഗം വരുവേ…”

ആ കുഞ്ഞിൻറെ കരച്ചിൽ കൂടി വരുന്നതും തൻറെ ഉറക്കം നഷ്ടപ്പെടുന്നതറിഞ്ഞു. ഉറങ്ങിക്കിടക്കുന്ന ആദിയെ നോക്കി. ജീവിതത്തിലൊരിക്കലെങ്കിലും അച്ഛാ എന്ന് വിളിക്കാൻ കഴിയാതെ പോയവൻ…

അയാളുടെ ഓർമ്മകൾ തിരയടിച്ചു ഓളം തീർത്തു മനസ്സിലേക്ക് കയറി വരുന്നു. ഈ നശിച്ച ഓർമ്മകളിൽ നിന്നും ശാപമോക്ഷം കിട്ടുന്ന ഒരു ദിവസം വന്നിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു.. അങ്ങനെയൊന്ന് ഉണ്ടാവില്ല എന്ന് സ്ഥാപിച്ചെടുക്കാനാവും പേമാരി പെയ്തു തോരാത്തത്.

*********************

റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ആദ്യം കണ്ട ടാക്സിയിൽ കയറി ഡ്രൈവർക്ക് ഗായത്രി അയച്ചുതന്ന അഡ്രസ്സ് കാണിച്ചു കൊടുത്തു. വണ്ടി ഓടി തുടങ്ങിയിട്ട് മണിക്കൂർ ഏതാണ്ട് ഒന്ന് കഴിഞ്ഞു കാണും.
” ടൗൺൻറെ ഹൃദയഭാഗത്തുള്ള മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ വിത്ത് അഡ്വാൻസ്ഡ് ഫാക്കൽറ്റി… പോരാത്തതിന് പ്രകൃതി സുന്ദരമായ ഭൂമി. ഇവിടെ എത്തുകയേ വേണ്ടൂ ഏട്ടൻറെ ജീവിതം തന്നെ മാറി മറിയും…” അവളുടെ തള്ളല് കേട്ടപ്പോഴേ മനസ്സിലായതാണ് ജീവിതം കോഞ്ഞാട്ട ആവുമെന്ന്..

ഇത് ഭൂമിയുടെ അവസാനത്തിലുള്ള ഏതോ പട്ടിക്കാട് ആണ് എന്ന് തോന്നി സിദ്ധുവിന്. ടൗണിൽ എത്തിയ വിവരം പറയാനും കൂട്ടത്തിൽ നല്ല വഴക്ക് രണ്ടെണ്ണം പറയാനും ഫോണെടുത്തു ഗായത്രിയെ വിളിച്ചുനോക്കി. രണ്ടുമൂന്നു തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഇത്തിരി കഴിഞ്ഞതും മെസ്സേജ് ടോൺ കേട്ടു.

“ഞാൻ സർജറി സെക്ഷനിലാണ്. അതാ ഫോൺ എടുക്കാഞ്ഞത് പോരാത്തതിന് വരാൻ ലേറ്റ് ആകും. ഏട്ടന് എന്താവശ്യമുണ്ടെങ്കിലും ആദിയോട് പറഞ്ഞാൽ മതി.അവൻ എല്ലാം സെറ്റ് ആക്കി തരും…മസില് പിടുത്തം വിട്ട് കൂൾ ആകു ഏട്ടാ…”

ഈ പെണ്ണ്.. അവൾക്ക് സത്യത്തിൽ ഡ്യൂട്ടി പോലുമുണ്ടാകില്ല. വഴക്ക് കേൾക്കാതിരിക്കാൻ കാണിച്ചുകൂട്ടുന്ന ഓരോ കള്ളങ്ങൾ. ഇനിയിപ്പം ഈ ആദി എന്ന് പറഞ്ഞവൻ ആരാണാവോ?.. വല്ല സെക്യൂരിറ്റിയും ആവും എന്നോർത്തു.

കുറച്ചുദൂരം കഴിഞ്ഞതും മോശമില്ലാത്ത ഒരു കുഞ്ഞു ടൗണിലേക്ക് എത്തിച്ചേർന്നു. 10 മിനിറ്റ് കഴിഞ്ഞതും ഒരു ഇരുനില കെട്ടിടത്തിന് മുന്നിൽ വണ്ടി നിന്നു.വണ്ടിയുടെ ശബ്ദം കേട്ടതും പ്രായമായ ഒരു സ്ത്രീയും വൈഗമോളും ഒരു കുഞ്ഞു പയ്യനുംവരാന്തയിലേക്ക് ഇറങ്ങിവന്നത് കണ്ടു.സിന്ധുവിനെ കണ്ടതും വൈഗ മോൾ മുറ്റത്തേക്ക് ഇറങ്ങി ഓടാൻ നോക്കിയതും അവളുടെ കാൽവഴുതിയതും ഒരുമിച്ചായിരുന്നു.കുഞ്ഞ് തലയടിച്ചു തറയിലേക്ക് വീണു എന്ന് തോന്നിയ നിമിഷം തൻറെ ഹൃദയം രണ്ടായി മുറിയുന്നത് പോലെ തോന്നി സിദ്ധുവിന് . കണ്ണുകളടഞ്ഞു പോയി.

അവളുടെ കരച്ചിൽ കേൾക്കാതിരുന്നപ്പോഴാണ് ആ പയ്യൻ അവളെ താങ്ങി നിർത്തിയിരിക്കുന്നത് കാണുന്നത്. ടാക്സിക്കാരന് പൈസ കൊടുക്കുമ്പോഴും സിദ്ധുവിൻറെ ശ്രദ്ധ ആ പയ്യൻറെ പ്രവൃത്തികളിൽ ആയിരുന്നു.വീഴ്ചയിൽ ഭയന്നുപോയ വൈഗ മോള് അവനെ ചേർന്ന് പറ്റി കിടക്കുന്നുണ്ട് .ബേബി ചെയറിൽ അവളെ സൂക്ഷ്മതയോടെ ഇരുത്തി താഴെ വീഴാതിരിക്കാൻ ബെൽറ്റ് ഇട്ട് മുറുക്കി കൊടുത്തു. അവൻ അത് കഴിഞ്ഞു മുറ്റത്തേക്ക് ഇറങ്ങി വന്നതും ആ കുഞ്ഞിനെ നോക്കി സിദ്ധു നന്ദിപൂർവം ചിരിച്ചു.

ടാക്സിക്കാരൻ പോയി കഴിഞ്ഞതിനുശേഷമാണ് തൻറെ ലഗേജ് നെ പറ്റി ചിന്തിക്കുന്നത്.വലിയ ഏതോ ഹോസ്പിറ്റലിലേക്ക് ആണെന്ന് കരുതി റഫറൻസിന് വേണ്ടി ഒത്തിരി പുസ്തകങ്ങളൊക്കെ ചുമന്നു കൊണ്ടു വന്നിട്ടുണ്ട് . യാത്രയിൽ അങ്ങോളം അതും പിടിച്ച് വലിച്ച് നടന്നതുകൊണ്ട് കൈയ്ക്കും നടുവിനും ഒക്കെ നല്ല വേദനയുണ്ട്.ഈ പെട്ടികൾ അകത്തു കൊണ്ട് വെക്കുന്നതോടെ തൻറെ കട്ടയും പടവുംപൂട്ടും.ഗായു പറഞ്ഞ ആദിയുടെ കാര്യം അന്നേരമാണ് ഓർത്തത്.
അതിനിടെ ആ പ്രായമായ സ്ത്രീ വന്ന് തൻറെ ലഗേജ് എടുക്കാൻ നോക്കുന്നത് കണ്ടതും സിദ്ധുവിന് ചിരിവന്നു.

“ആൻറി എടുക്കണ്ട.. അതിന് മുടിഞ്ഞ വെയിറ്റ്ആണ്. എല്ലാത്തിനും ആദിയെ വിളിച്ചോളാന ഗായത്രി പറഞ്ഞത് “…

അയാളുടെ സംസാരം കേട്ടതുംതാൻ പെട്ടല്ലോ എന്ന് തോന്നി ആദിക്ക്.ഗായത്രി ആൻറി ഇന്നലെ രാത്രി തന്നെ പറഞ്ഞിരുന്നു അങ്കിൾ വൈകീട്ട് വരുന്ന കാര്യം. ആൻറിക്ക് ഡ്യൂട്ടി ഉണ്ടെന്നും അങ്കിളിന് ബോറടിക്കാതിരിക്കാൻ കമ്പനി കൊടുക്കണമെന്നും. ആൻറിയോട് വാക്ക് പറഞ്ഞ് പോയതുകൊണ്ടാണ് അമ്മയോട് ഇക്കാര്യം പറയാതിരുന്നത്.അമ്മ അറിഞ്ഞാൽ സമ്മതിക്കില്ല എന്ന് ഉറപ്പാണ്.അമ്മയോട് പറയാതെ ഇനി മേലിൽ ഇങ്ങോട്ട് വരില്ലെന്നും ഇന്നലെ രാത്രി തീരുമാനിച്ചതാണ്.അമ്മയോട് ഒളിച്ചു വെച്ചതിന് ദൈവം തന്ന ശിക്ഷയാവും ഈ പെട്ടി പിടുത്തം എന്നോർത്ത് രണ്ടും കൽപ്പിച്ച് മുറ്റത്തേക്കിറങ്ങി. രണ്ടു കൈകൊണ്ടും ആവുന്നത്ര ശക്തിയിൽ ഉയർത്താൻ ശ്രമിച്ചിട്ടുംആ പെട്ടി ഒന്ന് അനങ്ങിയത് പോലുമില്ല.തോറ്റു കൊടുക്കാൻ മനസ്സില്ലാതെ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി..

ആ കൊച്ചു പയ്യനെ തന്നെ നോക്കി നിൽക്കുകയാ യിരുന്നു സിദ്ധു. അവൻറെ പരിശ്രമം കണ്ട് ചിരി വരുന്നുണ്ടെങ്കിലും തോൽവികളോട് പോരാടാനുള്ള അവൻറെ മനോഭാവത്തോടു ബഹുമാനം തോന്നി.ഇത്തിരി കഴിഞ്ഞ് അവൻ തളർന്നു എന്ന് കണ്ടതും അടുത്തേക്ക് ചെന്ന് തോളിൽ പിടിച്ചു .

“മോൻ അതവിടെ വെച്ചേക്ക്..അങ്കിൾ എടുത്തോളാം..

ആട്ടെ മോൻറെ പേരെന്താ…”

“ആദി…” പെട്ടിയിൽ നിന്നും കൈവിടാതെ അതിലേക്ക് തന്നെ നോക്കിക്കൊണ്ട് ഉത്തരം വന്നു .

അത് കേട്ടതും സിദ്ധാർത്ഥ് തലയിൽ കൈ വെച്ചു പോയി. ഈ കൊച്ചു കുഞ്ഞിനെ ആണോ എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളാൻ ഗായത്രിത്രി ചട്ടം കെട്ടിയത്.അവൻ പെട്ടി എടുക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. അവനെ ഒറ്റനോട്ടത്തിൽ തന്നെ നന്നായി ബോധിച്ചു സിദ്ധുവിന്.

അവനോളം കുനിഞ്ഞിരുന്ന് ഒരു കാൽ മുട്ട് തറയിൽ കുത്തി വെച്ച് ഇരുകൈകൾ അവൻറെ നേരെ ഷെയ്ഖ് ഹാൻഡ്ന് എന്നോണം നീട്ടി.

“ഞാൻ സിദ്ധാർത്ഥ്… മോൻ സിദ്ധു അങ്കിൾ എന്ന് വിളിച്ചോളൂ…”

അവനും തന്നെപ്പോലെ മുട്ടുമടക്കി ഇരിക്കുന്നത് കണ്ടു. നിറഞ്ഞ ചിരിയോടെ കൈകൾ തൻറെ നേരെ നീട്ടി.

“ഞാൻ അഥർവ്വ്..അങ്കിൾ ആദി മോൻ എന്ന് വിളിച്ചോളൂ…”

ആ കുഞ്ഞിക്കൈകളിൽ തൻറെ കൈ ചേർത്ത് കുലുക്കി കൊണ്ട് അവർ സൗഹൃദം തുടങ്ങുമ്പോൾ വൈഗ മോൾ നിറഞ്ഞ സന്തോഷത്തോടെ രണ്ടുപേരുടെയും കൂടെ എത്താൻ കസേരയിലിരുന്ന് തുള്ളി ചാടുന്നുണ്ടായിരുന്നു..

തുടരും…