വാൾപേപ്പർ
എഴുത്ത്: ആദർശ് മോഹനൻ
” അമ്മമ്മേ ദേ മാമന്റെ ഫോണില് ഒരു അടിപൊളി പീസിന്റെ ഫോട്ടോ “
ഇത്തിരിപ്പൊന്നയാ പീക്കിരിച്ചെക്കന്റെ കൂക്കിവിളി കേട്ടപ്പോൾ മോന്തക്കിട്ടൊരെണ്ണം കൊടുക്കാനാണെനിക്ക് തോന്നിയത്
വെറ്റിലേല് ചുണ്ണാമ്പ് തേക്കണപോലെ തോണ്ടിത്തോണ്ടിെക്കൊണ്ടിരുന്ന സ്മാർട്ട് ഫോണെന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു കൊണ്ടമ്മ പറഞ്ഞു
” നീയോ ചീത്തയായി ആ ചെറുക്കനേം കൂടെ ചീത്തയാക്കാനായിട്ട് തോണ്ടിക്കളിക്കണ്ട ഈ കുന്ത്രാണ്ടം ” എന്ന്
കടുപ്പിച്ചൊള്ളയെന്റെ നോട്ടം അമ്മക്ക് ദഹിച്ചില്ല, സ്ക്രീനിലുള്ള ഹിന്ദി നായിക ദീപിക ചേച്ചീടെ സ്ലിം സ്യൂട്ട് പിക് കണ്ടപ്പോൾ അമ്മേടെ കണ്ണുകൾ ഉരുണ്ടു കയറി
കയ്യിലുള്ള തവി കൊണ്ടെന്റെ തോളത്തേക്ക് വീശിയടിച്ചു കൊണ്ടമ്മ പറഞ്ഞു
“എന്ത് പടമാടാ ഇത് ഏതവൾടെ ഫോട്ടൊയാ ടാ ഫോണിലിട്ട് നടക്കണേ, ഈ പെണ്ണിന് മേല് മറക്കാൻ തുണി കിട്ടാഞ്ഞിട്ടാണോ, ഇത് കാണാൻ വേണ്ടിയാണോ നീയീ കുന്ത്രാണ്ടത്തിലിരുന്ന് തോണ്ടിയിരിക്കണേ” ?
പത്തടി നീങ്ങി നിന്ന് ഞാനമ്മയോടായ് പറഞ്ഞു അതൊരു ഹിന്ദി സിനിമാ നായികയാണ് കണ്ട പെണ്ണുങ്ങളൊന്നുമല്ല അത് എന്ന്,
ഒരു ലോഡ് പുച്ഛം മുഖത്ത് വാരി വിതറി നിന്ന കാലം മാറിയിട്ടും കോലം മാറാത്ത അമ്മയോട് തർക്കിക്കാനൊന്നും പോയില്ല. മനസ്സിലിപ്പോഴും കുറിയ ചിന്തകൾ കുത്തിനിറച്ച് ജീവിക്കണ അമ്മയോട് ഉത്തരേന്ത്യയിൽ ഇതൊക്കെ സഹജമാണെന്നും പറഞ്ഞു മനസ്സിലാക്കിക്കാൻ പോയാൽ വലിച്ചു കീറിയെന്നെ ഭിത്തിയിലൊട്ടിക്കും എന്നറിയാവുന്നതുകൊണ്ട് തന്നെ അവിടെ മൗനം തന്നെ വിദ്വാന ഭൂഷണമെന്നെനിക്ക് തോന്നി
അന്നൊരു ദിവസത്തേക്ക് അമ്മ ഫോണെടുത്ത് അലമാരിയിൽ വച്ച് പൂട്ടിയപ്പോൾ ഇളിച്ചു നിന്നെന്നെ നോക്കി നിന്ന ഉണ്ണിക്കുട്ടനെ പല്ലിരുമ്മിയൊന്നു നോക്കുക മാത്രേ ചെയ്തുള്ളു
നന്നാവാനായി എന്നും കാലത്ത് അമ്പലത്തിൽ പോയി തൊഴാം എന്ന കരാറിലൊപ്പിട്ടാണ് ഞാനാ ഫോൺ തിരികേ വാങ്ങിയതും
ദിവസവും കാലത്ത് കുളിച്ചൊരുങ്ങിയാ ശിവക്ഷേത്രത്തിൽ പോയി തൊഴുമ്പോളൽപ്പം മനശാന്തി കിട്ടാറുണ്ട്, അമ്മ പറഞ്ഞത് ശരിയാ, ഇവിടമാകെ പോസറ്റീവ് എനർജിയുടെ കൂമ്പാരമാണുള്ളത്
തിരികെ വരുമ്പോളാ ഭണ്ടാരത്തിനരികിലുള്ള ചന്ദനക്കുറി തൊട്ട് വീട്ടിലെ പടി കയറിച്ചെല്ലുമ്പോളമ്മ പറയാറുണ്ട്,
”മനുഷ്യക്കോലമായി, ഇപ്പൊക്കാണാൻ ഒരു ചന്തമൊക്കെയുണ്ട് അച്ചു ” എന്ന്
പതിവായെന്നുമാ ശിവസന്നിധിയിൽ തൊഴാൻ പോകാറുള്ളപ്പോളെല്ലാം ഞാനാ പെൺകുട്ടിയെ കണ്ടു മുട്ടാറുണ്ട്
എന്നേക്കാണുമ്പോഴെല്ലാം ഒരു മുൻപരിചയം ഉണ്ടെന്ന പോലെയവളെന്നേ നോക്കിയൊന്നു പുഞ്ചിരിക്കും, അതിന്റെ പൊരുളെന്താണെന്നെനിക്ക് അപ്പോഴും അറിയുന്നുണ്ടായിരുന്നില്ല
ഒരു പെണ്ണ് മുഖത്ത് നോക്കിയൊന്ന് പുഞ്ചിരിച്ചാലിപ്പൊ എന്താ എന്നായിരുന്നു മനസ്സിലപ്പോഴും ചിന്ത
പക്ഷെ ആ ചിന്തയെ പാടെ തകിടം മറിക്കുകയായിരുന്നു പിന്നീടുണ്ടായ കാര്യങ്ങൾ
കാരണം ആ വരവ് സ്ഥിരമായപ്പോൾ അവളുടെ മുഖത്തിന്റെ പ്രസന്നത കൂടിക്കൂടി വരികയാണുണ്ടായത്, പിന്നീടൊക്കെ ഞാൻ പ്രസാദo തൊടാറുള്ള ഭണ്ഡാരത്തിനരികിൽ നിന്നും എന്നുമാ വഴിപാടിന്റെ സ്ലിപ്പ് കിട്ടാറുണ്ട്
” ഭാഗ്യസൂക്തം, അച്ചു, ചിത്തിര നക്ഷത്രം “
ഇന്നേ വരെ സ്വന്തം പേരിലൊരു പുഷ്പാഞ്ജലി പോലും കഴിപ്പിക്കാത്ത എനിക്ക് അത് കണ്ടപ്പോൾ ചിരിക്കാനാണ് തോന്നിയത്
ഒരു ദിവസം ഞാനവളെയാ തിരുനടയിൽ വച്ചു തന്നെ തടഞ്ഞു
തെല്ലു ഭയംപോലും കാണിക്കാതെയെന്റെ മുൻപിൽ നാണം പൂണ്ടു നിന്നയവളുടെ മുഖമെന്നിൽ അതിശയമുണർത്തിയിരുന്നു
എന്താ ഉദ്ദേശ്യം പെങ്ങളെയെന്നുള്ളയെന്റെ ചോദ്യത്തിന് ഏട്ടന്റെ പെങ്ങൾ വിളി കേൾക്കാനാല്ല, ഏട്ടന്റെ പെങ്ങൾടെ നാത്തൂനേന്നുള്ള വിളി കേൾക്കാനാണെനിക്കിഷ്ട്ടമെന്നവൾ പറഞ്ഞപ്പോൾ നിമിഷ നേരത്തേക്ക് വായും പൊളിച്ച് നിൽക്കുകയാണ് ഞാനും ചെയ്തത്
എപ്പോഴൊക്കെയോ ആ ദാവണി ചുറ്റിയയാ നത്തോലിപ്പെണ്ണ് മനസ്സു മൊത്തം കവർന്നെടുത്തിരുന്നു.
വീണ്ടുമൊരു പെണ്ണു കൂടി ഈ നെഞ്ചത്തേക്ക് അരിച്ചു കയറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, പിന്നീടൊക്കെ എന്റെ വാൾപേപ്പർ കാണുമ്പോഴൊക്കെ അൽപ്പം മ്ലേച്ചത തോന്നാറുണ്ട്. ആ വാൾ പേപ്പറിന്റെ ആയുസ്സ് അവളുടെ ചിത്രം ചങ്കിന്റെ ഡി എസ് എൽ ആർ ക്യാമറയിൽ പകർത്തിയെടുക്കുന്നവരെയെ ഉണ്ടായിരുന്നുള്ളോ.
അന്ന് വൈന്നേരം ചാർജ് ചെയ്യാൻ വെച്ച ഫോണെടുത്ത് നോക്കിയിട്ട് അമ്മയിങ്ങനെ പറഞ്ഞു
“ഹോ ആശ്വാസമായി, ഇതേതാ ഈ സിനിമാ നടി, എന്തൊരൈശ്വര്യാ ഈ കൊച്ചിന്റെ മുഖം കാണാൻ” എന്നമ്മ പറഞ്ഞപ്പോൾ മനസ്സിലുറപ്പിച്ചിരുന്നു, ജീവിതത്തിലിനി കെട്ടുന്നെങ്കിൽ ആ നത്തോലിപ്പെണ്ണിനെത്തന്നെയേ ഞാൻ കെട്ടുന്നുള്ളോ എന്ന്
തിരിച്ചവളോട് ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ അവളുടെ വെളുത്ത മുഖത്ത് നിഴലിച്ചയാ കാർമ്മേഘത്തുടിപ്പിന്റെ കാരണം ഞാൻ തിരക്കി
അവൾക്ക് ജാതകദോഷമുണ്ടെന്നും അതുകൊണ്ടുതന്നെയാണ് ഇത്ര കാലമായിട്ടും ഒരു കല്യാണാലോചനയ്ക്ക് താൻ മുതിരാതിരുന്നതും എന്ന അവളുടെ മറുപടി കേട്ടപ്പോൾ ഉള്ളoകൈയാകെ വിയർത്തു തുടങ്ങി
ജാതകദോഷമൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല, പക്ഷെ എന്റെ അമ്മ. അമ്മയെ വേദനിപ്പിച്ച് ഞാനൊന്നും ചെയ്യില്ല, അതു കൊണ്ട് തന്നെയാണ് ഞാനെന്റെ വാൾപ്പേപ്പറിന്റെ കെട്ട് അന്നു രാത്രി തന്നെ അമ്മയുടെ മുൻപിൽ അഴിച്ചിട്ടത്
സശ്രദ്ധം എല്ലാം കേട്ടു നിന്ന അമ്മേടെ മുഖം ആദ്യമൊന്നു കറുത്തതാണ്,
പിന്നീട് പതിയെ പതിയെ ആമുഖം പുഞ്ചിരിയാൽ വിടരുന്നുണ്ടായിരുന്നു
” എന്റെ അച്ചു, നീയെന്താ വിചാരിച്ചേ, ഈ അമ്മയത്രക്ക് മണ്ടിയാണെന്നോ
നിന്നോടെന്നും അമ്പലത്തിൽ പോകാൻ പറഞ്ഞതാരാ ? ഈ ഞാനല്ലെ,
വൈകിയാലും ഇല്ലെങ്കിലും എന്നും നീ അമ്പലത്തിൽ എത്താറുള്ള സമയത്തല്ലെ അവളുo എത്താറുള്ളത്
അതെങ്ങനെയാണ് നീ ചിന്തിച്ചിട്ടുണ്ടോ അച്ചു ?
നിന്നെക്കൊണ്ട് ഒരു പെണ്ണുകെട്ടിക്കാൻ വേണ്ടിത്തന്നെയാണ് ഈ പ്രഹസനമെല്ലാം, നീ പറഞ്ഞ പെണ്ണ് , അവളെന്റെ കൂട്ടുകാരിയുടെ മകളാണ്
ജാതകദോഷം ഉണ്ടെന്നറിഞ്ഞു കൊണ്ടു തന്നെയാണ് നിനക്കിഷ്ട്ടമാണെങ്കിൽ അതങ്ങ് ഉറപ്പിക്കാമെന്ന് ഞാനവരോട് പറഞ്ഞത്, കാരണം നിനക്ക് ജാതകമേ ഇല്ലല്ലോ അതുകൊണ്ടു തന്നെ “
മനുഷ്യന്റെ ജാതകമെഴുതാനുള്ള കഴിവ് വേറൊരു മനുഷ്യനൊരിക്കലും കിട്ടില്ല, അതിനു കഴിവുള്ളയാളെ നീയെന്നും കൈതൊഴാൻ പോകാറുമുണ്ട്, ആളാണ് എല്ലാം തീരുമാനിക്കുന്നതും
” പിന്നെ നീയെന്താ പറഞ്ഞെ നിനക്കാ പെൺകൊച്ചിനെ ഇഷ്ട്ടമായെന്നോ, നിന്നേക്കൊണ്ട് ഇഷ്ട്ടപ്പെടുത്തിയതാടാ ഈ അമ്മ”
” നീ കള്ളനാണേൽ ഈ കള്ളന് കഞ്ഞി വെച്ചവളാടാ ഈ അമ്മ” എന്നമ്മ പറഞ്ഞപ്പോഴേക്കും നിറകണ്ണോടെ വാരിപ്പുണരുകയായിരുന്നു ഞാനെന്റെയമ്മയെ, മനസ്സിലപ്പോഴുമാ നത്തോലിപ്പെണ്ണിന്റെ ദോഷ ജാതകത്തെ കനലു കണക്കെ എരിച്ച് വെണ്ണീറാക്കുന്നുണ്ടായിരുന്നു ഞാൻ