അന്ന് ഫോണ്‍ വിളിക്കായി കാത്തിരിക്കുമ്പോള്‍ പതിവില്ലാതെ മനസ്സ് പെരുമ്പറ കൊണ്ടി തുടങ്ങി. നെഞ്ചിടിക്കാനും ശരീരം വിറയ്ക്കാനും തുടങ്ങിയിരുന്നു….

അവിചാരിതം

Story Written by DEEPTHY PRAVEEN

അന്ന് ഫോണ്‍ വിളിക്കായി കാത്തിരിക്കുമ്പോള്‍ പതിവില്ലാതെ മനസ്സ് പെരുമ്പറ കൊണ്ടി തുടങ്ങി … നെഞ്ചിടിക്കാനും ശരീരം വിറയ്ക്കാനും തുടങ്ങിയിരുന്നു …. മനസ്സിന്റെ വേവലാതി ചിന്തകള്‍ നെയ്തു തുടങ്ങി….

വീട്ടില്‍ നിന്നും ഏറേദൂരെയുള്ള കോളേജില്‍ ബിരുദത്തിന് ചേരുമ്പോള്‍ മനസ്സിന് ചെറുതല്ലാത്ത ആശ്വാസം ആയിരുന്നു …. രണ്ടാനമ്മയുടെ കനത്ത മുഖം കാണാതെ രക്ഷപെട്ടെല്ലോന്ന ആശ്വാസം …

”അമ്മ വേലി ചാടിയാല്‍ മോള് മതില് ചാടുമെന്നാണ്… നിങ്ങള് കൊഞ്ചിച്ചു കൊണ്ടിരുന്നോ… ഒരു ദിവസം അമ്മയെ പോലെ മോളും പോകും.. അന്ന് പഠിച്ചാല്‍ മതി.. ”

വല്ലപ്പോഴും എന്നോടു സ്നേഹം കാണിക്കുന്ന അച്ഛനെ മടുപ്പിക്കാന്‍ ആ വാക്കുകള്‍ ധാരാളമായിരുന്നു… അച്ഛന്റെയുള്ളിലെ സ്നേഹം അറിയാമായിരുന്നെങ്കിലും കൂടെ പഠിക്കുന്ന കുട്ടികളോട് അവരുടെ അച്ഛന്‍ സ്നേഹം കാട്ടുമ്പോഴൊക്കെയും മനസ്സില്‍ വല്ലാത്ത വിങ്ങലായിരുന്നു…

ഇളയമ്മയുടെ മക്കളോടും ഒരു പരിധിയില്‍ കൂടുതല്‍ അച്ഛന്‍ അടുപ്പം കാട്ടിയിരുന്നില്ല….. അതൊരു പക്ഷേ ഇളയമ്മയ്ക്ക് എന്നോടുള്ള അകല്‍ച്ചയും അച്ഛനെ എന്നില്‍ നിന്നും അകറ്റി നിര്‍ത്തുന്നതു കൊണ്ടോ അവരോട് സ്നേഹം കാട്ടുന്നത് കാണുമ്പോള്‍ എനിക്ക് വിഷമം ഉണ്ടാകുമെന്നു കരുതിയോ എന്തോ ആവാം…. പലപ്പോഴും ഉത്തരം തിരഞ്ഞു പോയി ചിലപ്പോഴൊക്കെ എനിക്കു കിട്ടിയ ഉത്തരങ്ങളാണിവ….

കോളേജില്‍ വന്നതില്‍ പിന്നെ അവധി ദിനങ്ങളില്‍ മാത്രമാണ് അവിടേയ്ക്ക് പോയിട്ടുള്ളത്…

അമ്മ അച്ഛനെയും എന്നെയും ഉപേക്ഷിച്ചു പോയതില്‍ പിന്നെ അമ്മയുടെ വീട്ടിലേക്കും പോകാറില്ല.. അഞ്ചു വയസ്സുള്ള സമയത്താണ് അമ്മ പോകുന്നത്. ,അവ്യക്തമായ രൂപമേ അമ്മയുടേതായി ഓര്‍മ്മയില്‍ വരുന്നുള്ളു… അമ്മയുടേതായ എല്ലാ സാധനങ്ങളും അച്ഛന്‍ കത്തിച്ചു കളഞ്ഞിരുന്നതിനാല്‍ ഒരു ഫോട്ടോ പോലും പിന്നീട് കണ്ടിട്ടില്ല… അതിനുശേഷം മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അച്ഛന്റെ സഹോദരങ്ങള്‍ നിര്‍ബന്ധിച്ചു വേറേ കല്യാണം കഴിപ്പിച്ചത്….. ഇളയമ്മയ്ക്ക് ആദ്യം മുതല്‍ തന്നെ എന്നെ ഇഷ്ടമല്ലായിരുന്നു…അവരുടെ ജീവിതത്തിലെ അധികപറ്റാണെന്ന രീതിയില്‍ ആയിരുന്നു പെരുമാറ്റം..

”മീനാക്ഷിക്ക് ഫോണുണ്ട്…. ” തൊട്ടടുത്തിരുന്ന കുട്ടി തട്ടി വിളിച്ചു..

വിറയ്ക്കുന്ന കാല്‍പാദത്തോടെയാണ് അകത്തേക്ക് പോയത്.. ഫോണ്‍ വെയ്ക്കുന്നതിന് മാത്രമുള്ള മുറിയായിരുന്നു അത്… വേറേ ആരും ആ മുറിയില്‍ ഉണ്ടാകില്ല.. ആദ്യത്തെ ഒരു വര്‍ഷം ഈ മുറിയിലേക്ക് വരേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല .. അവധി ദിവസങ്ങള്‍ അടുക്കുമ്പോള്‍ അച്ഛന്റെ ഒരു കത്തു വരും ..അവധി വരുന്നു..വീട്ടിലേക്ക് വരണം…ഈ രണ്ടു വാചകങ്ങള്‍ മാത്രമായിരിക്കും അതില്‍ ഉണ്ടാകുക… എന്നെ ക്ഷണിക്കാന്‍ വേറേയാരും ഇല്ലെന്ന ചിന്ത കൊണ്ടാവാം ആ കത്തുകള്‍ അയച്ചിരുന്നതെന്ന് ഞാന്‍ സ്വയം കണ്ടെത്തിയിരുന്നു…

ഫോണിന്റെ അടുത്തേക്ക് എത്തിയതും അത് റിംഗ് ചെയ്യാന്‍ തുടങ്ങി…

” ഹലോ ” സ്വരം പതറിപ്പോയി..

” മീനാക്ഷി … ”

കുറച്ചു സമയം നിശബ്ദത ..

കട്ടായോ എന്നുറപ്പിക്കാനായി ഒന്നു മുരടനക്കി നോക്കി…

” ഞാനിവിടെയുണ്ട്… ” അപ്പുറത്തു നിന്നും പതറിയ ശബ്ദം… ആ നിശബ്ദതയുടെ അര്‍ത്ഥം അറിയാതെ നില്‍ക്കുമ്പോഴും അതൊരിക്കലും എന്റെ സ്വപ്നങ്ങള്‍ തല്ലികൊഴിക്കുന്നവ ആയിരിക്കരുതേയെന്ന് മൗനമായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു… ചെറുപ്പം മുതല്‍ എനിക്കുള്ളതെല്ലാം വിട്ടു കൊടുത്തേ ശീലിച്ചിട്ടുള്ളു… ജീവിതത്തില്‍ ആദ്യമായിട്ടാണ് സ്വന്തമാക്കണമെന്നു തോന്നി ആശിച്ചിട്ടുള്ളത്‌…

” ഞാന്‍ പറഞ്ഞതു ആലോചിച്ചോ… ”

നിശബ്ദത ഭയപെടുത്തി തുടങ്ങിയപ്പോള്‍ ഞാന്‍ തന്നെ തുടങ്ങി വെച്ചു…

അവിടുന്നു മറുപടി വൈകുംതോറും പറഞ്ഞറിയിക്കാനാവാത്ത തരത്തില്‍ മനസ്സ് പിടയാന്‍ തുടങ്ങി…

” അതൊന്നും ശരിയാകില്ല മീനാക്ഷി…നീയെന്താ വരുംവരായ്ക ചിന്തിക്കാത്തത്… നീ തിരികെ ചെന്നില്ലെങ്കില്‍ നിന്റെ വീട്ടുകാര്‍ അന്വേഷിക്കില്ലേ… നീ ചെറിയ കുട്ടികളെ പോലെ സംസാരിക്കരുത്…. എന്റെ കുടുംബം .. സ്റ്റാറ്റസ്… നീ പറയുന്നതു പോലെ ചെയ്താല്‍ എനിക്ക് ജോലിക്ക് പോകാന്‍ കഴിയുമോ…ആലോചിച്ചു നോക്കൂ…. ”

പതനം പൂര്‍ത്തിയായത് പോലെയാണ് ആ വാക്കുകള്‍ എന്നിലേക്ക് വീശിയടിച്ചത്…….

” അപ്പോള്‍ വിശ്വേട്ടന് കുടുംബവും സ്റ്റാറ്റസും ജോലിയും ആണല്ലേ വലുത്…അപ്പോള്‍ ഞാനോ…ഞാന്‍ എന്തു ചെയ്യണം… ” ചോദ്യം ശാന്തമായിട്ടായിരുന്നെങ്കിലും അതില്‍ ഒരായിരം നിലവിളികളേ ഒളിപ്പിച്ചിരുന്നു….

” മീനാക്ഷി .. നീയൊന്നു സമാധാനപെടൂ… എന്തെങ്കിലും വഴിയുണ്ടാക്കാം…നിന്നെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ എനിക്ക് കഴിയുമോ…..? ”

തുടര്‍ന്നു ഫോണ്‍ ഡിസ്കണക്ട് ആകുന്ന ശബ്ദം കേട്ടെങ്കിലും ഫോണ്‍ ചെവിയില്‍ വെച്ചു കൊണ്ടു കുറച്ചു സമയം കൂടി അങ്ങനെ നിന്നു.

ഫോണ്‍ തിരികെ വെച്ചു റൂമിലേക്ക് പോകുമ്പോള്‍ കാലുകള്‍ വേച്ചു പോയിരുന്നു… ഇരുട്ടിലൂടെ തപ്പിതടഞ്ഞു പോകുന്നതു പോലെ റൂമിലേക്ക് നടന്നു

റൂം മേറ്റായിരുന്ന ആശയുടെ വിവാഹം കഴിഞ്ഞു പോയിരുന്നതിനാല്‍ റൂമില്‍ ഒറ്റയ്ക്കായിരുന്നു… എത്ര സമയം കിടന്നു എന്നറിയില്ല… ഇടയ്ക്ക് ആരോ റൂമിന്റെ വാതിലില്‍ വന്നു തട്ടി ആഹാരം കഴിക്കാന്‍ വിളിച്ചു…

അനക്കം കേള്‍ക്കാത്തത് കൊണ്ട് വീണ്ടും വീണ്ടും തട്ടി വിളിച്ചപ്പോള്‍ എഴുന്നേറ്റൂ പോയി ഭക്ഷണം വേണ്ടെന്നു പറഞ്ഞു വീണ്ടും കിടന്നു…

കണ്ണുനീര്‍ മുഖത്ത് ചാലുവിരിച്ചു പരന്നൊഴുകി കൊണ്ടിരുന്നു …

എന്തിന് ഇങ്ങനെയൊരു ജന്മം തന്നെന്ന് ദൈവത്തോട് പതിവു പരാതി നിരത്തുമ്പോഴും നഷ്ടങ്ങള്‍ മാത്രം കൈമുതലായിട്ടുള്ള ജീവിതത്തിലേക്ക് വിശ്വപ്രകാശ് എന്ന പേരു കൂടി എഴുതി ചേര്‍ക്കേണ്ടി വരുമോയെന്ന ഭയം ചുറ്റി വരിഞ്ഞൂ ശ്വാസം മുട്ടിച്ചു… നഷ്ടപെടുമോയെന്ന ഭയം ഇത്രത്തോളം ഭീകരമാണെങ്കില്‍ നഷ്ടപെട്ടാലുള്ള അവസ്ഥ എന്തായിരിക്കും…

ഓര്‍മ്മകള്‍ വേട്ടയാടി തുടങ്ങിയപ്പോള്‍ വെറുതെ ഉറക്കത്തിനായി ആശിച്ചു പോയി…

കോളേജില്‍ വന്ന സമയത്ത് കൂട്ടുകൂടാന്‍ ഭയമായിരുന്നു… അല്ലെങ്കിലും സ്കൂളില്‍ പഠിക്കുന്ന സമയത്തു തന്നെ അധികം കൂട്ടുകെട്ടുകളോ അമിതമായ അടുപ്പമോ ആരോടും ഇല്ലായിരുന്നു ..

റൂംമേറ്റായിരുന്ന ആശ പോലും ഇങ്ങോട്ടു ഇടിച്ചു കയറിയാണ് കൂട്ടായത്… അമിതമായി സ്നേഹിക്കുന്നതെല്ലാം കൈവിട്ടു പോകുമോയെന്ന ഭയത്തോടൊപ്പം എന്റെ കുടുംബപശ്ചാത്തലം അറിയുമ്പോള്‍ അവര്‍ എങ്ങനെ പ്രതികരിക്കും എന്ന വേവലാതിയും ഉണ്ടായിരുന്നു എന്നതാണ് സത്യം… രണ്ടാം വര്‍ഷമാണ് വിശ്വേട്ടന്‍ കോളേജില്‍ പഠിപ്പിക്കാന്‍ വരുന്നത്… നന്നായി പഠിപ്പിക്കുന്ന , നന്നായി സംസാരിക്കുന്ന സുന്ദരനായ ,കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം.. എപ്പോഴും ചിരിച്ച മുഖത്തോടെയാണ് കാണാറുള്ളതെങ്കിലും ആ കണ്ണുകളില്‍ ഒരു വിഷാദം തളം കെട്ടിയിരുന്നു…. അതാണ് വിശ്വേട്ടനിലേക്ക് എന്റെ ശ്രദ്ധ പതിയാന്‍ കാരണം..

വല്ലപ്പോഴും എന്റെ നേര്‍ക്ക് പാളി വരാറുള്ള നോട്ടത്തെ അവഗണിക്കുമ്പോഴും ഒളിക്കണ്ണിട്ട് നോക്കാറുണ്ടായിരുന്നു…

അധ്യാപകനാണെന്നു പലതവണ മനസ്സ് ഒാര്‍മ്മിപ്പിക്കുമ്പോഴും കണ്ണുകള്‍ ചതിച്ചിരുന്നു എന്നതാണ് സത്യം… എങ്കിലും മനപൂര്‍വ്വം ഞാന്‍ ആ നോട്ടത്തെ അടക്കി നിര്‍ത്തി ശ്രദ്ധ മറ്റുപലയിടത്തേക്കും മാറ്റാന്‍ ശ്രമിച്ചിരുന്നു…

” ഡീ നമ്മുടെ വിശ്വപ്രകാശ് സാറില്ലേ… പുള്ളിയുടെ ഡിവോഴ്സ് ആണെന്നു കേട്ടു… ” ആശയാണ് ഒരിക്കല്‍ പറഞ്ഞത്… സാറ് കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുള്ളതാണെന്ന് അറിഞ്ഞിരുന്നു….വേറെയൊന്നും അറിയില്ലായിരുന്നു …

” ഇത്ര ചെറുപ്പത്തിലെയോ…. നീ എങ്ങനെയറിഞ്ഞു…”

” സ്റ്റാഫ് റൂമില്‍ സംസാരിക്കുന്നത് കേട്ടതാണ്‌…. നിര്‍മല ടീച്ചര്‍ സുരഭി ടീച്ചറിനോട് പറയുന്നു…

ഇരുപത്തേഴു വയസ്സേയുള്ളു സാറിന്.. ഭാര്യയ്ക്ക് സാറിനെ ഇഷ്ടമല്ലാതെ ആണത്രേ കെട്ടിയത്…. ഇത്രയും നാള്‍ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയായിരുന്നൂന്ന്… മോന് രണ്ടുവയസ്സായി….. മ്യൂച്ചല്‍ പെറ്റീഷന്‍ കൊടുത്തൂന്നാണ് പറയുന്നത്… ”

റെക്കോര്‍ഡ് കാണിക്കാന്‍ സ്റ്റാഫ് റൂമില്‍ പോയി നിന്ന അത്രയും സമയം കൊണ്ടു കിട്ടിയ വിവരങ്ങള്‍ ആശ പങ്കുവെച്ചു….

ഇത്രയും സുന്ദരനായ സാറിനെ അവര്‍ക്ക് എന്തായിരിക്കും ഇഷ്ടമല്ലാത്തത്‌… കണ്ടിടത്തോളം മോശം സ്വഭാവം ഉള്ളതായി തോന്നിയിട്ടുമില്ല…

പിന്നെ കുറച്ചു ദിവസം സാറ് കോളേജിലേക്ക് വന്നില്ല… ആ ദിവസങ്ങളില്‍ വല്ലാത്ത നഷ്ടബോധം ഫീല് ചെയ്തെങ്കിലും ആരോടും സാറിനെ പറ്റി ചോദിക്കാന്‍ നിവൃത്തി ഇല്ലായിരുന്നു …. കോളേജില്‍ പോകുന്നതിന് തന്നെ മടുപ്പ് തോന്നി തുടങ്ങി…..എങ്കിലും അധ്യാപകനാണെന്നു മനസ്സിനെ പലയാവര്‍ത്തി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു….

പതിയെ മനസ്സ് എല്ലാം മറന്നു പഴയതുപോലെ ആയി…അല്ലെങ്കിലും വിശ്വപ്രകാശ് എന്ന സാറിനോട് വേറേ അടുപ്പം ഒന്നും ഇല്ലായിരുന്നെല്ലോ… ദിവസങ്ങള്‍ സാധാരണപോലെ പോയി… വിശ്വന്‍ സാറിന് പകരം വേറേ അധ്യാപകന്‍ വന്നു…. ദിവസങ്ങള്‍ കൊഴിഞ്ഞു പോയികൊണ്ടിരുന്നു….

രണ്ടാംവര്‍ഷത്തെ ക്രിസ്മസ് വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ ഒരൂ ആഴ്ച അധികം അവിടെ താമസിക്കേണ്ടി വന്നു…. അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതുകൊണ്ട് വീട്ടില്‍ നില്‍ക്കേണ്ടി വന്നു…

തിരികെ കോളേജില്‍ എത്തിയപ്പോഴാണ് ശ്വാസം നേരേ വീണത്… വീടെന്നത് എപ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്ന തടവറയായിരുന്നു…. കുറച്ചു സ്വാതന്ത്ര്യം കിട്ടിയത് ഈ കോളേജില്‍ വന്നതിന് ശേഷമാണ്…

ആശ ക്ലാസിലേക്ക് പോയതിനാല്‍ ഓടിക്കിതച്ചാണ് കോളേജിലേക്ക് എത്തിയത്… സമയം പോയിരുന്നു…

ക്ലാസിന് വാതില്‍ക്കല്‍ എത്തിയപ്പോള്‍ ഒരു നിമിഷം സ്തംഭിച്ചു പോയി…വിശ്വന്‍ സാറായിരുന്നു ക്ലാസ് എടുത്തുകൊണ്ടിരുന്നത്… അകത്തേക്ക് കയറാന്‍ സാര്‍ അനുമതി തന്നപ്പോള്‍ ആശയുടെ അടുത്തു പോയി ഇരുന്നു…

തൂവാല വെച്ചു മുഖം അമര്‍ത്തി തുടയ്ക്കുമ്പോളും പതറരുതെന്ന് മനസ്സിനോട് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു….

സാധാരണ പോലെ ക്ലാസ് കഴിഞ്ഞു…. ഇനി പഴയതുപോലെയൊന്നും സാറിന്റെ ചിന്തകള്‍ എന്നിലേക്ക് വരില്ലെന്ന് എനിക്ക് ഉറപ്പായി..

, ” സാറ് മൂന്നൂ മാസത്തേക്ക് ലീവില്‍ പോയിരുന്നതാണ്….. കഴിഞ്ഞ ദിവസം എന്നോട് നിന്നെ തിരക്കിയിരുന്നു…. നീ ക്ലാസില്‍ വന്നില്ലല്ലോന്നു പറഞ്ഞു… ഞാന്‍ പറഞ്ഞൂ നീ വീട്ടില്‍ പോയതാണെന്ന്…

നീ എന്താ താമസിച്ചത്…കോണ്ടാക്ട് ചെയ്യാന്‍ നമ്പര്‍ പോലും ഇല്ലാതെ ഞാന്‍ വിഷമിച്ചു…”

” അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലില്‍ ആയിരുന്നു .. അതാ അവിടെ നില്‍ക്കേണ്ടി വന്നത്. .. ”

ആശയോട് മറുപടി പറയുമ്പോഴും വിശ്വന്‍ സാറ് തന്നെ തിരക്കിയതില്‍ പ്രത്യേകിച്ചു ഒന്നും തോന്നിയില്ലെല്ലോന്നു ഓര്‍ത്തു…

” അതാണ് കാര്യം അല്ലേ…. നീ അങ്ങനെ വീട്ടില്‍ നില്‍ക്കേണ്ടത് അല്ലല്ലോന്നു ഞാനും ഓര്‍ത്തിരുന്നു… അച്ഛന് എങ്ങനെയുണ്ട് ..”

ആശയ്ക്ക് വീട്ടിലെ കാര്യങ്ങള്‍ എല്ലാം അറിയാം… അച്ഛന് കുഴപ്പമില്ലെന്നു പറഞ്ഞു അവളോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി..

ദിവസങ്ങള്‍ കടന്നു പോയിക്കോണ്ടിരുന്നു… വിശ്വന്‍ സാറിനെ മറ്റു ള്ള അധ്യാപകരെ പോലെ മാത്രമാണ് കണ്ടിരുന്നത്…

പരീക്ഷ ചൂടും പഠിത്തവുമായി സമയം പോയികൊണ്ടിരുന്നു…

അന്ന് വിശ്വന്‍ സാര്‍ എന്റെ ടെക്സ്റ്റ് ബുക്ക് വാങ്ങിയാണ് പഠിപ്പിച്ചത്…. കുറച്ചു നോട്ട്സ് എഴുതാനുണ്ടെന്നും പോകുന്നതിന് മുന്‍പ് ബുക്ക് സ്റ്റാഫ് റൂമില്‍ വന്നു വാങ്ങിക്കോന്നും പറഞ്ഞു വിശ്വന്‍ സാര്‍ ക്ലാസില്‍ നിന്നും പോയി……

വൈകുന്നേരം സ്റ്റാഫ് റൂമിന്റെ വാതിലെത്തുമ്പോള്‍ ,അകത്തു നിന്നും വിശ്വന്‍ സാറിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു….. വാതിലില്‍ നിന്നു മുരടനക്കിയപ്പോഴേക്കും ടെക്സ്റ്റുമായി സാറ് പുറത്തേക്ക് വന്നു…

” സാറേ ഞാനും ഇറങ്ങുകയാണ് കേട്ടോ…” അകത്തേക്ക് നോക്കി പറഞ്ഞു കൊണ്ട് സാറും എന്റെയൊപ്പം പുറത്തേക്ക് ഇറങ്ങി… കോളേജിന്റെ വരാന്തയിലൂടെ നടക്കുമ്പോള്‍ സാറിന്റെയൊപ്പം നടക്കണോ , പിന്നാലെ നടക്കണോ അതോ മറികടന്നു പോകണോന്ന ആശയക്കുഴപ്പത്തിലായിരുന്നു മനസ്സ്… ടെക്സ്റ്റ് അപ്പോഴും സാറിന്റെ കൈയ്യിലായിരുന്നു…

” സാറേ… ടെക്സ്റ്റ്… ”

സാറിനൊപ്പം നടക്കുമ്പോള്‍ ടെക്സ്റ്റിലേക്ക് നോക്കി പറഞ്ഞു….

സാറ് കേട്ട മട്ടില്ല…വേറേതോ ചിന്തയില്‍ മുഴുകി പതിയെ ചുവടുകള്‍ വെച്ചു നീങ്ങി…

”സാര്‍.. ” ഒന്നു കൂടി ശബ്ദം ഉയര്‍ത്തി…

” ഹാ… മീനാക്ഷി ..

ദേ ടെക്സ്റ്റ് ..

എവിടെ ആശ… ‘,

” അവള്‍ ഹോസ്റ്റലിലേക്ക് പോയി…. അവളുടെ അച്ഛന്‍ ഇന്നു കാണാന്‍ വരും.. എല്ലാ വീക്കേന്‍ഡിലും അവളുടെ അച്ഛന്‍ വരും….. ” അതു പറയുമ്പോള്‍ സ്വരം ഇടറിയിരുന്നോ….

” തന്റെ അച്ഛന്‍ വരില്ലേ….”

ആ ചോദ്യം നെഞ്ചില്‍ തറച്ചു… അറിയാതെ കണ്ണുകള്‍ നിറഞ്ഞു…

” അത്… അത് .. അച്ഛന് തിരക്കായതു കൊണ്ട് ഇടയ്ക്കിടെ വരൂ.. ”

” കള്ളം… തന്‍റെ നാവ് കള്ളം പറഞ്ഞാലും കണ്ണ് തന്നെ ചതിക്കും.. അതുകൊണ്ട് ,വേണ്ടാത്ത പണി ചെയ്യേണ്ട…

ഞാന്‍ ക്ലാസില്‍ വരുമ്പോഴൊക്കെ തന്നിലേക്ക് ശ്രദ്ധ വരാറുണ്ട്….. എന്നെ ആകര്‍ഷിച്ചത് ചിരിക്കുന്ന മുഖത്തേ കരയുന്ന കണ്ണുകളെയാണ്….. എത്രയൊക്കെ അഭിനയിച്ചിട്ടും മറയ്ക്കാന്‍ കഴിയാത്ത ശോകഭാവമാണ്…

ഒരിക്കല്‍ പോലും ആര്‍ത്തുല്ലസിക്കുന്നവരുടെ കൂട്ട ത്തില്‍ തന്നെ കണ്ടിട്ടില്ല…. പൊട്ടിച്ചിരിക്കുന്നതു പോയിട്ട് മനസ്സു തുറന്നു ചിരിക്കുന്നതും കണ്ടിട്ടില്ല.. ”

വിശ്വന്‍സാറിന്റെ വാക്കുകള്‍ കേട്ടു നടക്കുമ്പോള്‍ ഞാനും എന്നെ പറ്റി ചിന്തിക്കുകയായിരുന്നു… ശരിയാണ്…എന്നാണ് ഞാന്‍ മനസ്സു തുറന്നു ചിരിച്ചിട്ടുള്ളത്…. തന്റെ ഒച്ച ഉയരുന്നതു പോലും ഇളയമ്മ അനുവദിച്ചിരുന്നില്ല…

നീ ഇവിടെയുണ്ടെന്ന് നാട്ടുകാര്‍ക്ക് എല്ലാം അറിയാം.. ഇനി ഒച്ചയുയര്‍ത്തി ആളെ കൂട്ടാന്‍ നില്‍ക്കേണ്ട..

പലപ്പോഴും തന്റെ കണ്ണീരിനെ അടര്‍ത്തി വിടുന്ന വാക്കുകള്‍…

ഭയമായിരുന്നു… ചിരിക്കാന്‍ പോലും..

” ഞാന്‍ ചോദിച്ചൂന്നേയുള്ളൂ…തനിക്ക് ഇഷ്ടമില്ലെങ്കില്‍ പറയേണ്ട കേട്ടോ..”

ഞങ്ങള്‍ കോളേജ് കവാടം കഴിഞ്ഞു റോഡിലേക്ക് എത്തിയിരുന്നു…. ചെമ്മണ്‍ പാതയായിരുന്നു.. അവിടുന്നു പത്തിരുപത് മിനിറ്റ് നടക്കണം ബസ്റ്റോപ്പിലേക്ക്.. കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും റോഡിന്റെ ഇരുപുറങ്ങളും കൈയ്യേറിയിട്ടുണ്ട്….,ആ വഴി കോളേജിലേക്ക് മാത്രമായതുകൊണ്ട് മറ്റു വാഹനങ്ങള്‍ വരാന്‍ വഴിയില്ല… കോളേജ് പിള്ളേരുടെ വ്യവഹാരകേന്ദ്രമാണ്…

ബസില്‍ കയറിയാല്‍ അടുത്ത സ്റ്റോപ്പാണ് ഹോസ്റ്റല്‍… ആഞ്ഞൊന്നു നടന്നാല്‍ പത്തു മിനിറ്റു മതി… ചില ദിവസങ്ങളില്‍ ഒറ്റയ്ക്ക് നടക്കാന്‍ തോന്നുന്ന ദിവസങ്ങളില്‍ നടന്നാണ് പോകാറുള്ളത്…

” എന്നെ കാണാന്‍ ആരും വരാറില്ല.. കാണാന്‍ വരാന്‍ മാത്രം അടുപ്പമുള്ള ആരുമില്ലെന്നു കൂട്ടിക്കോളു…”

എന്നില്‍ നിന്നും മറുപടി കിട്ടില്ലെന്നു കരുതി ചുറ്റുപാടും നോക്കി നടക്കുകയായിരുന്നു അദ്ദേഹം…

” അപ്പോള്‍ മീനാക്ഷിയുടെ അച്ഛനും അമ്മയും…”

ചോദ്യം പാതി വഴിക്കു നിന്നു… ആകാംക്ഷ നിറഞ്ഞിരുന്നു.

” എന്റെ അമ്മ ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയതാണ്‌…..അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു… സ്വാഭാവികമായും ഞാന്‍ അധികപ്പറ്റായി..എങ്ങനെങ്കിലും പഠിച്ചു സ്വന്തം കാലില്‍ നില്‍ക്കണം.. അതാണ് ലക്ഷ്യം… ഉപേക്ഷിച്ചു പോയ അമ്മയ്ക്കോ ഉപേക്ഷിക്കാനാവാത്തതിനാല്‍ സഹിക്കുന്ന അച്ഛനോ ഒരു ബാധ്യതയാവരുത്…

ഞാനിത് പറയുമ്പോള്‍ സാറ് കരുതും ഞാന്‍ നല്ല ബോള്‍ഡാണെന്ന്… ഒരിക്കലും അല്ല.. എന്നോടു അധികം അടുപ്പമില്ലാത്ത ഒരാള്‍ ആദ്യമായാണ് എന്നെ പറ്റി തിരക്കുന്നത്…അങ്ങനെയുള്ളവരോട് ഞാനിത്രയെങ്കിലും ബോള്‍ഡായി പറയേണ്ടേ… അല്ലെങ്കില്‍ അവര്‍ കരുതില്ലേ ഞാന്‍ അവരുടേ സഹതാപം പ്രതീക്ഷിക്കുന്നൂന്ന്… ”

” ഈ പറഞ്ഞത് എന്നോടു കൂടിയാണോ… സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നൊരു മുന്നറിയിപ്പ്.. എങ്കില്‍ വേണ്ടാ… കേട്ടോ…തന്റെ അതേ അവസ്ഥയിലാണ് ഞാനും നില്‍ക്കുന്നത്… കുറച്ചൊക്കെ തനിക്ക് അറിയാമായിരിക്കുമെല്ലോ.”

ചിരിയോടെയാണ് സാര്‍ അതു പറഞ്ഞത്…. അപ്പോഴേക്കും ബസ്റ്റോപ്പില്‍ എത്തിയിരുന്നു..

” തന്റെ ബസ് എപ്പോഴാ വരുക.. ‘,

” സമയം ഉണ്ട്.. ഞാന്‍ നടന്നു പോകുകയാണ്…ചില ദിവസങ്ങളില്‍ ഒറ്റയ്ക്ക് നടക്കണമെന്നു തോന്നുമ്പോള്‍ ഞാന്‍ നടന്നാണ് പോകുക.. ”

” എങ്കില്‍ ഇന്ന് ഒറ്റയ്ക്ക് നടക്കേണ്ട..ഞാനും ഉണ്ട്.. ” ഭംഗിയായി കെട്ടിത്തിരിച്ചിരുന്ന ഫുഡ് പാത്തിലൂടെ ഞങ്ങള്‍ നടന്നു…. ഫുഡ് പാത്തിന്റെ അതിരിന് അപ്പുറത്തു ഓരോ വണ്ടികളും ലക്ഷ്യത്തിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരുന്നു .. ഫുഡ് പാത്തിലൂടെ തിരക്ക് കുറവായിരുന്നു… എതിരെ വരുന്നവരെ തട്ടാതെ പതിയെ ഞങ്ങള്‍ നടന്നു നീങ്ങുമ്പോള്‍ സൂര്യന്‍ സായംസന്ധ്യയ്ക്കുള്ള സിന്ദൂരവര്‍ണ്ണം അണിയാന്‍ തുടങ്ങിയിരുന്നു …

” മീനാക്ഷി … താന്‍ പറഞ്ഞ അതേ സഹതാപം എനിക്ക് വെറുപ്പാണ്… വിദ്യയും ഞാനുമായിട്ടുള്ള കല്യാണം മൂന്നര വര്‍ഷം മുന്നേ ആയിരുന്നു … കല്യാണത്തിന് മുന്നേ അവള്‍ക്കൊരു അഫയര്‍ ഉണ്ടായിരുന്നു .. അതെല്ലാം മറന്നിട്ടാണ് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് എന്നാണ് അവള്‍ പറഞ്ഞത്..

ഞാന്‍ അത് വിശ്വസിച്ചു… പഴയതൊക്കെ മറന്നു പുതിയ ജീവിതം തുടങ്ങി… അല്ലെങ്കിലും പഠിക്കാന്‍ പോകുന്ന സമയത്തൊക്കെ ആരാ പ്രണയിക്കാത്തത്…… ആ പയ്യന്‍ അവളുടെ കൂടെ പഠിച്ചതാണ്… അതുകൊണ്ട് തന്നെ അവന് അവളെ കല്യാണം കഴിക്കാന്‍ കഴിയില്ലായിരുന്നു… സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാതെ ജീവിതം തുടങ്ങാന്‍ പറ്റുമോ….. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് അവര്‍ പിരിഞ്ഞത്.. രണ്ടുവര്‍ഷം കുഴപ്പമില്ലായിരുന്നു… പക്ഷേ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അവന് ജോലി കിട്ടി…. അന്നു മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങി… ഞാന്‍ കുറേ സഹിച്ചു… കുഞ്ഞിനെ ഓര്‍ക്കണമെല്ലോ…

ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കൊക്കെ വഴക്കുണ്ടാക്കി വീട്ടില്‍ പോകുന്നതു പതിവാക്കി…. ആദ്യമൊക്കെ എന്റെയൊപ്പം നിന്ന അവളുടെ വീട്ടുകാരും ഒടുവില്‍ തിരിഞ്ഞു… മ്യൂച്ചല്‍ പെറ്റീഷന്‍ കൊടുക്കാനായിരുന്നു തീരുമാനം .. മോനെ വിട്ടു കിട്ടണമെന്നു ഞാന്‍ വാശി പിടിച്ചപ്പോള്‍ മോന് വേണ്ടിയുള്ള കേസായി…അല്ലെങ്കിലും അവള്‍ അവളുടെ ഇഷ്ടക്കാരന്റെയൊപ്പം പോകുമ്പോള്‍ എന്റെ മോനൊരു അധിക ബാധ്യതയല്ലേ…

ഇപ്പോള്‍ കോടതിയില്‍ കേസ് നടക്കുകയാണ്..കുഞ്ഞിനെ വിട്ടുതരില്ലെന്നാണ് അവള്‍ പറയുന്നത്…

കോളേജില്‍ എല്ലാവരും ഇതറിഞ്ഞപ്പോള്‍ എന്തോ നാണക്കേട് തോന്നി അതാണ് കുറേ നാള്‍ ലീവെടുത്തത്‌…”

പരസ്പരം സങ്കടങ്ങള്‍ പങ്കുവെച്ചു അന്ന് പിരിയുമ്പോഴേക്കും ഞങ്ങള്‍ക്കിടയില്‍ ഒരു അടുപ്പം രൂപപെട്ടിരുന്നു….. ഒരേ തോണിയിലെ യാത്രക്കാരായതു കൊണ്ടായിരിക്കാം മറ്റുള്ളവര്‍ക്ക് നിസാരമെന്നു തോന്നുന്ന ഞങ്ങളുടെ പ്രശ്നങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്….

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….