വിധവ ~ എഴുത്ത്: രമ്യ വിജീഷ്
“അമ്മേ”…..എന്ന വിളി കേട്ടപ്പോളാണ് കുറച്ചു മുൻപ് താൻ കണ്ട കാഴ്ചയുടെ നടുക്കത്തിൽ നിന്നും അവർ തിരിച്ചെത്തിയത്…
“അമ്മയ്ക്കെന്തു പറ്റി”? എന്ന മക്കളുടെ ചോദ്യത്തിന് ഒരു വരണ്ട ചിരി മാത്രം അവർ മറുപടിയായി നൽകി….
സുമംഗലികളായി നിൽക്കുന്ന തന്റെ മക്കളെ കാണവേ… തന്റെ കടമകൾ എല്ലാം ഭംഗിയായി നിറവേറ്റിയതിന്റെ ചാരിതാർഥ്യം ആയിരുന്നു അവരുടെ കണ്ണുകളിൽ….
വർഷങ്ങൾക്കു മുൻപ് ഒരു കോടതി വരാന്തയിൽ അഞ്ചും മൂന്നും വയസ്സുള്ള പിഞ്ചുമക്കളെയും തന്നെയും കാൺകെ വിവാഹമോചനം നേടി മറ്റൊരുത്തിയുടെ കയ്യും പിടിച്ചു വിജയശ്രീലാളിതനായി നടന്നു പോയ തന്റെ ഭർത്താവിനോടു തനിക്കൊരു ദേഷ്യവും തോന്നിയില്ല…
“അച്ഛാ”എന്നു വിളിച്ചു സന്തോഷത്താൽ ഓടിച്ചെന്ന മക്കളെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അയാൾ പോയപ്പോളും അവൾ അയാളെ വെറുത്തില്ല….
ഉന്നത ഉദ്യോഗവും സമ്പത്തും സൗന്ദര്യവും ഉള്ള അദ്ദേഹത്തിന് നാട്ടിൻപുറത്തുകാരിയായ ചായങ്ങളോ ചമയങ്ങളോ ഇഷ്ടപ്പെടാത്ത പ്രത്യേകിച്ച് എടുത്തു പറയത്തക്ക കഴിവോ വിദ്യാഭ്യാസമോ ഒന്നുമില്ലാത്ത താൻ ഒരിക്കലും ചേരില്ലന്നറിയാമായിരുന്നു.
അദ്ദേഹത്തിന്റെ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി തന്റെ കഴുത്തിൽ താലി കെട്ടുമ്പോളും താൻ ഒന്നും മോഹിച്ചിരുന്നില്ല… വേദന കടിച്ചമർത്തി അദ്ദേഹത്തിന്റെ മക്കളെ പ്രസവിച്ചപ്പോൾ പോലും സ്നേഹത്തോടെ ഉള്ളൊരു നോട്ടം പോലും തനിക്കു നീട്ടിയില്ല അയാൾ…
പൊരുത്തക്കേടുകൾക്കൊടുവിൽ കണ്ടെത്തിയ പരിഹാരം ഡിവോഴ്സ് ആയിരുന്നു…..
രണ്ടു പെൺമക്കളെയും കൊണ്ടു പ്രാരാബ്ധം നിറഞ്ഞ തന്റെ വീടിന്റെ പടികൾ കയറിചെന്നപ്പോളും നിസ്സഹായനായി നിൽക്കുന്ന ഏട്ടനോടും അമ്മയോടും ഒന്നും പറയുവാനാകാതെ പൊട്ടിക്കരഞ്ഞു….
“വിധവക്കും മക്കൾക്കും കൂടി ചിലവിനു കൊടുക്കാൻ പറ്റില്ലാ”ന്ന് ഏട്ടത്തി പിന്നാമ്പുറത്ത് നിന്നു പറയുന്നത് കേട്ടു. അവർക്കു നാവു പിഴച്ചതാണ്.
“നീയെന്ത് പറഞ്ഞെടി ധിക്കാരി “എന്ന് ഏട്ടൻ ആക്രോശിക്കുന്നത് കേട്ടു.ഏട്ടത്തിയുടെ ശമ്പളത്തിന്റെ ആനുകൂല്യത്തിൽ കഴിയുന്ന ഹൃദ്രോഗിക്കും അമ്മയ്ക്കും കൂടുതൽ എന്ത് ചെയ്യാൻ കഴിയും?.
അവർക്കു നാവു പിഴച്ചതാണെങ്കിലും അവർ തന്നെ “വിധവ” എന്നു വിളിച്ചതിൽ എനിക്കു വിഷമം ഒന്നും തോന്നിയില്ല. ഒന്നോർത്താൽ തന്റെ മനസ്സിൽ അയാളെന്നേ മരിച്ചിരിക്കുന്നു?
തന്റെ മക്കളെയും കൊണ്ടു അവിടെനിന്നിറങ്ങുമ്പോൾ അമ്മ തേങ്ങിക്കരയുന്നുണ്ടായിരുന്നു..
നല്ല ചില മനസ്സുകളുടെ കാരുണ്യത്താൽ ഒരു അനാഥമന്ദിരത്തിൽ അഭയം ലഭിക്കുമ്പോളും നിർവികാരത മാത്രം ആയിരുന്നു തനിക്കു….
സുമനസ്സുകളുടെ കാരുണ്യത്താൽ അറിയാവുന്ന തയ്യൽ ജോലിയും കൃഷിപ്പണിയും… പശുവിനെ വളർത്തലുംഒക്കെ ചെയ്തു തന്റെയും മക്കളുടെയും ജീവിതത്തിനു പുത്തനുണർവ്വു നൽകി…. പഠിക്കാൻ മിടുക്കരായിരുന്ന മക്കൾ നല്ല ഉദ്യോഗവും കൈക്കലാക്കി…. ഒരമ്മയുടെ സഹനത്തിന്റെ.. വിയർപ്പിന്റെ.. ത്യാഗത്തിന്റെ ഫലം….
ഇന്നു അവരുടെ കല്യാണം ആയിരുന്നു….
തങ്ങളുടെ ജീവിതം മനോഹരം ആക്കിയ ആ അഗതി മന്ദിരത്തിൽ വച്ചു തന്നെ തങ്ങളുടെ വിവാഹവും നടത്തിയാൽ മതിയെന്നതും മക്കളുടെ തന്നെ ആവശ്യം ആയിരുന്നു…
അനുഗ്രഹത്തിനായി കാലിൽ തൊട്ട മക്കളെ തടഞ്ഞു കൊണ്ടു അഗതികൾക്കിടയിൽ എല്ലാം കണ്ടുകൊണ്ട് നിന്ന അവശതകൾ ഏറെയുള്ള അയാളെ അവർ ചൂണ്ടിക്കാട്ടി… ശരീരം ആകെ ഷീണിച്ചു എല്ലും തോലും ആയിരിക്കുന്നു അയാൾ. കണ്ണീർ തോരാത്ത കണ്ണുകൾ…
“അച്ഛൻ “എന്നു മന്ത്രിച്ചുകൊണ്ട് മക്കൾ അയാളുടെ അടുത്തെത്തുമ്പോളും കൈകൾ കൂപ്പി അയാൾ മാപ്പിരക്കുന്നുണ്ടായിരുന്നു…
ഏറെ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അയാൾ ഒരുപിടി ചാരമായപ്പോളും… അവർ മന്ത്രിച്ചു.
“ഞാൻ വിധവ”.