എങ്കിലും ശത്രു എന്നും എനിക്ക് ശത്രുതന്നെയായിരിക്കണമെന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു….

ശത്രു

എഴുത്ത്: ആദർശ് മോഹനൻ

“ടാ വകുന്ദച്ചെക്കാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ വിളക്കിന്റെ മുൻപിലിങ്ങനെ മൂട് കാണിച്ചിരിക്കരുതെന്ന് “

മുഖ്യശത്രുവിന്റെ ശബ്ദം എന്റെ കാതിൽ മുഴങ്ങിയ പോലെയെനിക്ക് തോന്നി, ത്രിസന്ധ്യയിൽ കത്തിച്ച നിലവിളക്കിനു മുൻപിൽ നിന്നൽപ്പം മാറിയിരുന്നു. ശൂന്യമായ ഉമ്മത്തറയിലേക്കൊന്നു മിഴിച്ച് നോക്കി, ഇല്ല തോന്നിയതാണ്

എല്ലാവർക്കും ഉള്ള പോലെ എനിക്കുമുണ്ടായിരുന്നു ഒരു ശത്രു വേറെ ആരുമല്ല എന്റെ അച്ഛമ്മയായിരുന്നു അത്. എന്തിനും ഏതിനും എന്നെയെതിർക്കുന്ന ഞാനെതിർക്കാറുള്ള എന്റെ ശത്രു

എന്റെ ഏഴാം വയസ്സിൽ വടക്കേപ്പറമ്പിലെ പേരമരത്തിന്റെ ഉണക്കച്ചില്ലയിൽ വലിഞ്ഞു കേറിയപ്പോൾ വളളിക്കനത്തിലുള്ള പുളിവാറലുകൊണ്ട് ചന്തിയടിച്ചു നീറ്റിച്ച നാൾ മുതൽ തുടങ്ങിയതാണ് അച്ഛമ്മയോടുള്ള എന്റെ ശത്രുത

ഒന്നും മിണ്ടാതെ പിന്നാമ്പുറത്തെ അമ്മിക്കല്ലിന്റെ അപ്പുറത്തു നിന്നു കരഞ്ഞപ്പോഴും ശത്രുവിനെ എങ്ങനെ കീഴ്പ്പെടുത്താം എന്നു മാത്രമായിരുന്നു മനസ്സിൽ ചിന്ത

പരാതിപ്പെട്ടി പൊട്ടിക്കാനായ് അമ്മയുടെ അരികിലേക്ക് ചെന്നപ്പോഴും ആശ്വാസവാക്കുകളിൽ പ്രതികരണം ഒതുക്കിയ അമ്മയോടെനിക്ക് ദേഷ്യമാണ് തോന്നിയത്

വൈകിയാണ് ഞാനാ സത്യം മനസ്സിലാക്കിയത് എന്റെ ശത്രുവിനെ എനിക്ക് മാത്രമല്ല അമ്മയടക്കമുള്ള വീട്ടുകാർക്കും, പട്ടാളം പരമുവേട്ടനടക്കമുള്ള നാട്ടുകാർക്കും ഒന്നടങ്കം ഭയമായിരുന്നെന്ന്

ശത്രുവിനെ ചെറുക്കാനുള്ള എന്റെ അവസാനത്തെക്കച്ചിത്തുരുമ്പായിരുന്ന അച്ഛന്റെ പിടിയും ഞാൻ വിട്ടു കളഞ്ഞു, കാരണം മറ്റൊന്നുമല്ല കുട്ടിക്കാലത്ത് മുത്തപ്പനു വീതിച്ച പനങ്കള്ളക് കട്ടുകുടിച്ച അച്ഛന്റെ പുറത്ത് പച്ചിരുമ്പ് പഴുപ്പിച്ച് അച്ഛമ്മ പൊള്ളിച്ചതിന്റെ പാട് ഇന്നും നടുംപുറത്ത് കരിവാളിച്ചു കിടപ്പുണ്ടെന്നതു തന്നെ

എന്നും ചാക്കിക്കുഴിയിൽ മുങ്ങി നിവർന്ന് വെള്ളത്തോർത്തുകൊണ്ട് ശരീരം തോർത്തിയെടുക്കുമ്പോൾ ആ പാടിലൂടെയച്ഛൻ തോർത്തൊന്ന് ഓടിക്കും, അതു കാണുമ്പോൾ തന്നെ നെഞ്ചിൽ ഒരുതരുതരുപ്പ് അനുഭവപ്പെടാറുണ്ടെനിക്ക്, ഒപ്പം ശത്രുവിനോടുള്ള ഭയവും ഇരട്ടിക്കും

പല കാര്യത്തിലും ശത്രു എനിക്ക് വഴിമാറിത്തന്നിരുന്നു, എണ്ണിച്ചുട്ട അമ്മയുടെ ആദ്യത്തെ അപ്പവും , വറ്റിച്ചു വെച്ച നാടൻ കോഴിക്കറിയും, ജാനകിയമ്മാമ കൊണ്ടുവരാറുള്ള പലഹാരപ്പൊതിയുമെല്ലാം ഏറ്റുവാങ്ങുന്നത് ശത്രുവിന്റെ കരങ്ങളാണെങ്കിലും രുചിച്ചു നോക്കുന്നതിൽ ഒന്നാമൻ ഞാൻ തന്നെയായിരുന്നു

ശത്രുവിനോടുള്ള ദയ എന്നത് എന്റെ നിഘണ്ടുവിലെ അവസാനത്തെ പദം മാത്രമായിരുന്നു, എന്നും സ്കൂളിൽ കൊണ്ടുവിടാറുള്ള ശത്രുവിനോട് കാരണമില്ലാത്ത ദേഷ്യമായിരുന്നെനിക്ക് . മലവെള്ളം നിറഞ്ഞു കവിഞ്ഞൊഴുകിയ അരക്കൊപ്പം പാകത്തിന് വെള്ളമുള്ള ആറ് മീറ്റർ വീതിയുള്ള കാനത്തോടു മുറിഞ്ഞ് എന്നേയും തോളിലേറ്റി നടക്കാറുള്ള ശത്രുവിനോട് ഒരിറ്റ് സ്നേഹം പോലും തോന്നിയിരുന്നില്ല, അന്നും മനസ്സിലെ ചിന്ത, ശത്രുവിനെ എങ്ങനെ വകവരുത്താം എന്നു മാത്രമായിരുന്നു

ഉറക്കത്തിൽപ്പോലും ശത്രുവായിരുന്നു എനിക്ക് കൂട്ട്, എന്റെ പ്രതികാര ദാഹം ശമിപ്പിക്കുവാനുള്ള ഒരു അവസരം കൂടിയായിരുന്നു അത്, കാരണം നടപ്പുരയിലെ ചുമരരികിനോട് ചേർന്നുള്ള ഓവു തുള ചേർന്നാണ് കട്ടിൽ, ഞാനാ തുളയിൽ നിന്നും മണ്ണു തോണ്ടിയെടുത്ത് ഉറങ്ങിക്കിടക്കുന്ന ശത്രുവിന്റെ ചെവിടിന്റെ തുളയിലേക്ക് ഇട്ടു കൊണ്ട് നിർവൃതി കണ്ടെത്താറുണ്ട്, ഒപ്പം ചുമരാണിയിൽ ചേർത്തു കെട്ടിയ അയയിൽ തൂക്കിയിട്ട ശത്രുവിന്റെ വെള്ളമുണ്ടിൽ അടുപ്പിലെ ചിരട്ടക്കരി കൊണ്ട് കോറിയിട്ട് പൊട്ടിച്ചിരിക്കുകയും ചെയ്യും

വർഷത്തിൽ നാലോ അഞ്ചോ ദിവസം ഞാനെന്റെ ശത്രുവിനെ അഗാധമായി സ്നേഹിക്കാറുണ്ട്, അതിലൊന്ന് പുത്തൻകാവിലെ ഉത്സവാഘോഷ ദിനമാണ്, ശത്രുവിന്റെ വിരൽത്തുമ്പിൽ പിടിച്ച് പോകാറുള്ളത് പൂരം കാണാൻ വേണ്ടിയായിരുന്നില്ല മറിച്ച് ഉത്സവപ്പറമ്പിലെ കളിപ്പാട്ടക്കടയിൽ നിന്നും മനസ്സിനിണങ്ങിയതെല്ലാം വാങ്ങിക്കുവാനായിരുന്നു

അന്നും ശത്രുവിന്റെ മടിക്കുത്തിലെ മുണ്ടിൻ തലപ്പിലെ മുഴപ്പിലുണ്ടായിരുന്ന സമ്പാദ്യം ഒക്കെയും ഞാൻ ചൂണ്ടിക്കാണിക്കുന്ന എന്റെ ആഗ്രഹങ്ങളെ നിറവേറ്റാനുള്ളത് മാത്രമായിരുന്നു. അത്തം പത്തിലെ തിരുവോണ നാളിൽ ശത്രുവിന്റെ വക വെള്ള ജുബ്ബയും സ്വർണ്ണക്കര മുണ്ടും പതിവായിരുന്നു അന്നും അനിയത്തിക്കുട്ടിക്കുള്ളത് കരിവളയിലും കരിമഷിയിലും ഒതുക്കാറുണ്ട് ശത്രു, അന്നൊക്കെ ഞാനെന്റെ ശത്രുവിനെ മനസ്സിലോർത്ത് പുളകം കൊള്ളാറുണ്ട്

വിഷു നാളിൽ മക്കളുടെയും മരുമക്കളുടെയും മറ്റുള്ളവരുടേയും കൈ നീട്ടം കൊണ്ട് ശത്രുവിന്റെ കൈ നിറയാറുണ്ടായിരുന്നു. എങ്കിലും അതിലെ മുക്കാൽ ഭാഗം നോട്ടുകളും ചുളുങ്ങും മുൻപ് തന്നെ ശത്രു എന്നെ ഏൽപ്പിക്കാറുണ്ട്. അന്നു ഞാൻ ശത്രുവിനോടു കാണിച്ചിരുന്ന കപട സ്നേഹത്തിന് അധികം ആയുസ്സുണ്ടാകാറില്ല, എനിക്കപ്പോഴും ശത്രു ശത്രുതന്നെയായിരുന്നു

ഞാൻ വളർന്നപ്പോൾ ശത്രുവിനോടുള്ള എന്റെ പകയുടെ കനലും എരിഞ്ഞു തീരാറായിരുന്നു, മറിച്ച് എപ്പൊഴോ അതിരില്ലാത്ത ആദരവ് തോന്നിത്തുടങ്ങിയിരുന്നു ബഹുമാനം തോന്നിയിരുന്നു

കൊയ്ത്തുത്സവ കാലത്ത് അച്ഛനൊപ്പം നെല്ലുംചാക്ക് ചുമക്കുമ്പോഴാണ് അത് സംഭവിച്ചത്, ചാക്കിന്റെ കനം കുറഞ്ഞ ഭാഗത്തു പിടിച്ചു പൊക്കാൻ വേണ്ടി മുക്രിയിടുന്ന എന്നെ പുച്ഛിച്ചു തള്ളി മാറ്റിക്കൊണ്ട് എൺപതാം വയസ്സിലും ശത്രുവെന്നെ അൽഭുതപ്പെടുത്തി . എന്റെ ഭാരമുള്ള ആ നൂൽച്ചാക്കിനെ അച്ഛന്റെ സഹായം കൂടാതെത്തന്നെ തട്ടിത്തോളിലേറ്റി എന്നിട്ടെന്റെ മുഖത്തു നോക്കി ഒറ്റപ്പല്ലുള്ള ശത്രുവിന്റെ മോണകാട്ടിയൊന്നു പുച്ഛിച്ചു

അന്നാണ് എനിക്കാദ്യമായ് ശത്രുവിനോട് ആദരവും അഭിമാനവും തോന്നിയത് . എന്റെ കൗമാരത്തിലെ പുത്തരിച്ചോറിന്റെ കൊഴുപ്പിനെ ഒരു നിമിഷം കൊണ്ട് നിഷ്പ്രഭമാക്കിയ ആയ കാലത്ത് ചാമക്കഞ്ഞി കുടിച്ചുണ്ടാക്കിയ ശത്രുവിന്റെ കരബലത്തെ ശിരസ്സു കുനിച്ചു ഞാൻ അഭിവാദ്യം ചെയ്തു, അന്നു മുതലങ്ങോട്ട് ശത്രുവിനോടെനിക്ക് ഉള്ളഴിഞ്ഞ ബഹുമാനം മാത്രമായിരുന്നു

വെള്ളിമലയുടെ തുഞ്ചത്തുനിന്നും തന്നേക്കാൾ ഭാരമുള്ള തടിക്കഷ്ണം ചുമന്നുകൊണ്ടുവരികയും കയറു പൊട്ടിയോടിയ കൂറ്റനെരുമയെ കുറുമാലിപ്പുഴയുടെ നടുവിലേക്ക് നീന്തിച്ചെന്ന് മൂക്കുകയറിൽ പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യാറുള്ള ശത്രുവിന്റെ വീരഗാഥകൾ പട്ടാളം പരമുവേട്ടൻ പറയാറുള്ളത് കേൾക്കുമ്പോൾ എന്റെ രോമങ്ങൾ എഴുന്നേറ്റ് നിന്ന് കൈകൾ കൂപ്പാറുണ്ട്

എങ്കിലും ശത്രു എന്നും എനിക്ക് ശത്രുതന്നെയായിരിക്കണമെന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെ മനസ്സാക്ഷിയാ വാചകങ്ങളെ പുറംകാലുകൊണ്ട് തട്ടിയകറ്റുകയായിരുന്നു. ബലക്ഷയവും ഓർമ്മക്കുറവും ശത്രുവിനെ പതിയെപ്പതിയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു

അന്നു തറവാട്ടിലെ നടപ്പുരയിൽ ശത്രുവിന്റെ പന്ത്രണ്ടുമക്കളും മരുമക്കളും ഒത്തുകൂടിയപ്പോൾ എന്തോ ആഘോഷമായിരിക്കുമെന്നാണ് ഞാനും കരുതിയത്, ഏവരുടെയും മുഖത്ത് ആനന്ദത്തിന്റെ ആഹ്ലാദത്തുടിപ്പ് ഭാഗംവെപ്പിന്റെയാണെന്ന് പിന്നീടാണ് മനസ്സിലായത്

പന്ത്രണ്ടു ഭാഗത്തിനു പുറമേ ഒരു ഭാഗം കേറ്റിയെഴുതിയത് എനിക്കു വേണ്ടിയായിരുന്നെന്ന് അറിഞ്ഞപ്പോൾ എന്റെ നെഞ്ചൊന്നു പിടച്ചിരുന്നു. അന്നത്തെ ആ ഒരു ദിവസമാണ് എന്റെ ശത്രുവിന്റെ കണ്ണുനീർ ആദ്യമായ് നടപ്പുരയുടെ കരിത്തറയിൽ പതിച്ചത് ഞാൻ കാണുന്നത്, ആ കാഴ്ചയിൽ എന്റെ ഹൃദയം നീറി നീറി വിങ്ങിയത് എന്തിനാണെന്ന് എനിക്കപ്പോഴും മനസ്സിലായിരുന്നില്ല

ശത്രുവിന്റെ ബലഹീനത മക്കളും മരുമക്കളും ഒരേ രീതിയിൽ മുതലെടുക്കുവാൻ തുടങ്ങിയപ്പോഴാണെനിക്ക് മനസ്സിലായത് എന്നേക്കാൾ വലിയ ശത്രുക്കൾ എന്റെ ശത്രുവിനുണ്ടായിരുന്നെന്നത്. സാമ്രാജ്യം കൈവിട്ട ചക്രവർത്തിയായ ശത്രുവിനെ പട്ടിയുടെ വില പോലും നൽകാതെ തളളിപ്പറഞ്ഞു. അച്ഛനടക്കമുള്ള പന്ത്രണ്ടു പേരും കാൽപ്പന്തെന്നോണം മാസാമാസം തട്ടിക്കളിച്ചു

പണ്ടു കിട്ടിയ ശകാരത്തിന്റെ കടങ്ങൾ അമ്മയും വീട്ടിത്തുടങ്ങിയോ എന്നു കൂടെയെനിക്ക് തോന്നി. എങ്കിലും ശത്രുകൂടെയില്ലാത്ത ദിനങ്ങൾ അസ്വസ്ഥനായാണ് ഞാൻ തള്ളി നീക്കിയത് . എന്റെ വാശിക്കു അച്ഛനെയും അമ്മയേയും എതിർത്ത് ഞാനെന്റെ ശത്രുവിനു വീട്ടിൽ സ്ഥിരമായ് ഒരു സ്ഥാനം കൊടുത്തു.

പണ്ടും അത്താഴത്തിന് ആദ്യ പാത്രം കഴിക്കാറുള്ള ശത്രുവിന് അന്നു ഭക്ഷണം വിളമ്പിയിരുന്നത് വീട്ടിലെ പട്ടിക്ക് ചോറു ഇട്ടു കൊടുത്തതിന് ശേഷമായിരുന്നു . അന്നും ശത്രുവിനെ ഞാൻ ഒറ്റപ്പെടുത്തിയില്ല

കുഴിഞ്ഞ പൊടിയരിക്കഞ്ഞിപ്പാത്രത്തിൽ രണ്ടു പ്ലാവിലക്കോരിയിടാൻ പറയുമ്പോൾ അമ്മയെന്നെ കണ്ണുരുട്ടി നോക്കാറുണ്ട്, ശത്രുവിനാപ്പമിരുന്നു ആ പൊടിയരിക്കഞ്ഞി ആർത്തിയോടെ ഞാൻ വാരിക്കുടിക്കുമ്പോഴും ഒറ്റപ്പല്ലുള്ള മോണകാട്ടി ശത്രുവെന്നെ കളിയാക്കിച്ചിരിക്കും എന്നിട്ട് പറയും

” വകുന്ദച്ചെക്കൻ വേറെ പാത്രത്തീന്ന് കുടിക്കെടാ ” ന്ന്

“വകുന്ദ ” ശത്രുവിന്റെ ആ വിളിയോട് എനിക്കിന്നും പ്രിയമേറെയാണ്, അന്നു കേട്ട ആ വിളിക്ക് എന്തോ ഒരു പുതുമയുള്ളതുപോലെയെനിക്ക് തോന്നി. ചുക്കിച്ചുളിഞ്ഞ കവിൾത്തടത്തിൽ ആദ്യമായ് ഞാനെന്റെ സ്നേഹത്തിൽ കുതിർന്ന ചുംബനം പതിപ്പിച്ചപ്പോഴും ആ പരുക്കൻ കവിളിൽ നനുത്ത ഒരു ഉപ്പുരസം ചുണ്ടിൽ നുണഞ്ഞ പോലെയെനിക്ക് തോന്നിയിരുന്നു

മരണത്തോട് മല്ലടിച്ച് ശത്രു ശയ്യയിൽ നിവർന്നു കിടക്കുമ്പോഴും , മരണം എത്രയും പെട്ടെന്നുണ്ടാകണേ എന്നു പ്രാർത്ഥിച്ചവരായിരുന്നു എനിക്കു ചുറ്റും ഉണ്ടായിരുന്നത്, മുലയൂട്ടിവളർത്തിയ പന്ത്രണ്ടു മക്കളും അറിയാതെയാണെങ്കിൽപ്പോലും പലപ്പോഴും പ്രാകിയിട്ടുണ്ട് ശത്രുവിനെ അന്നൊക്കെ അവരോടെനിക്ക് ഉള്ളിൽ ദേഷ്യം അരിച്ചു കയറിയത് എന്തിനായിരുന്നെന്ന് എനിക്കപ്പോഴും മനസ്സിലായിരുന്നില്ല

അന്ത്യയാമത്തിൽ മരണക്കിടക്കയ്ക്കു ചുറ്റും അച്ഛനക്കമുള്ള പന്ത്രണ്ടു പേരും നിരന്നു നിന്നു, അപ്പോഴും ശത്രുവിന്റെ മുഖത്ത് ഒറ്റപ്പല്ലുള്ള മോണകാട്ടിയുള്ള ആ പുഞ്ചിരി നിലനിന്നിരുന്നു, അവസാന തുള്ളി ദാഹജലം കൊടുക്കുവാൻ വല്യച്ഛൻ മുതിർന്നപ്പോൾ ആ കൈകളെ തട്ടിമാറ്റിക്കൊണ്ട് ശത്രുവിന്റെ വിരൽ എനിക്കു നേരെ ചൂണ്ടി നിന്നു

കുരുക്ഷേത്രയുദ്ധത്തിൽ അവസാന നാളുകളിൽ ശരശയ്യയിൽ നെഞ്ചു വിരിച്ചു കിടന്നു കൊണ്ട് ധർമ്മയുദ്ധത്തെ ജയിക്കുവാനായ് ധർമ്മപുത്രർക്ക് അനുഗ്രഹം നൽകിയ ഭീഷ്മ പിതാമഹനെയാണെനിക്കപ്പോൾ ഓർമ്മ വന്നത്

ശത്രുവില്ലാത്ത രണഭൂമി ആളൊഴിഞ്ഞ പൂരപ്പറമ്പായിരുന്നു, വെറും ശൂന്യമായത്. തെക്കേപ്പറമ്പിലെ പറങ്കിമാവിവിൻ ചുവട്ടിൽ ചിതക്കൊള്ളിയിൽ എരിഞ്ഞമരുന്ന ശത്രുവിന്റെ ശരീരത്തിലേക്ക് ഞാൻ നോക്കി നിന്നു.

ചുറ്റും നിരന്നു നിന്ന പന്ത്രണ്ടു മക്കളുടെയും മുഖത്തേക്ക് ഞാൻ മാറി മാറി നോക്കി , മുഖത്തുമെനെഞ്ഞെടുത്ത അവരുടെ ഗൗരവഭാവമുള്ള കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിഞ്ഞിരുന്നില്ല,

ഉമ്മറത്തിണ്ണയിലിരുന്ന് ഒത്തു വന്ന അവസരത്തിൽ കൂട്ടുകൂടിയ മരുമക്കളുടെ കുശലാന്വേഷണത്തിന്റെ വീചികളെ മനസ്സിൽ ചിതയേക്കാൾ വേഗതയിൽ ഞാൻ ദഹിപ്പിച്ചടക്കി. പ്രതികരിക്കാൻ ഞാനും അർഹനല്ല ഒരു കണക്കിന് അവർക്കു സമൻ തന്നെയായിരുന്നു ഞാൻ

ജീവിച്ചിരുന്നപ്പോൾ തരിമ്പ് സ്നേഹം പോലും കൊടുക്കാത്ത ശത്രുവിനു വേണ്ടി , എരിഞ്ഞമർന്ന ചിത കണക്കേച്ചൂടിൽ ശത്രുനോടുള്ള എന്റെ സ്നേഹം കവിളിലൂടെ ഒലിച്ചിറങ്ങി മണ്ണിൽപ്പതിഞ്ഞ് പുകയുന്നുണ്ടായിരുന്നു

എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ആ കണ്ണുനീരിൽ നിന്നും എനിക്ക് കിട്ടി കാരണം,

“ഞാനെന്റെ ശത്രുവിനെ അത്രമാത്രം സ്നേഹിച്ചിരുന്നു”