എന്ന് സ്വന്തം പല്ലവി ~ ഭാഗം – 14 ~ എഴുത്ത്: ലില്ലി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“”പവിയേ പറ്റില്ലടീ നീയില്ലാതെ ജീവിക്കാൻ…എന്നെ നീ സ്നേഹിക്കണ്ട…പക്ഷേ ഇങ്ങനെ വെറുപ്പ് കാണിച്ചാൽ ഞാൻ ഭ്രാന്തനായി പോകും…എനിക്ക് നിന്നെ മാത്രേ ഈ ജന്മത്തിൽ സ്നേഹിക്കാൻ പറ്റത്തൊള്ളൂ പവിയേ…””

ആ നിമിഷവും ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ പിടയുകയായിരുന്നു…

ഒരിക്കൽ അവന്റെ വാക്കുകൾക്ക് മേൽ അപമാനിതയായി കണ്ണീരൊഴുക്കി വിങ്ങിക്കരയുന്ന അമ്മയുടെ മുഖം മിഴിവോടെ എന്നിൽ തെളിഞ്ഞു വരുന്നു…അവൻ മുറിവേൽപ്പിച്ച് നീരുവച്ച ആ മുഖം എന്റെ ഹൃദയം തകർക്കുന്നു…അവസാനം വെള്ളപുതപ്പിച്ച ആ ശരീരം വെന്തെരിഞ്ഞു ആളിപ്പടർന്നതും ഓർമ്മകളായി നോവോടെ എന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്നു….

ഓർമ്മകളും അനുഭവങ്ങളും എന്നെ അത്രമേൽ വീറോടെ നോവിക്കുന്നു എന്ന് ഞാനറിഞ്ഞപ്പോൾ ആർക്കും മുഖം കൊടുക്കാതെ കരഞ്ഞുകൊണ്ട് ഞാൻ മുറിയിലേക്കോടി… സൂരജും എനിക്ക് പിന്നാലെ വരുന്നുണ്ടെന്ന് മനസ്സിലായതും മുറിയിലേക്കവൻ കയറും മുൻപേ വാതിൽ ഞാൻ വലിച്ചടച്ചു…

കതകിലവൻ ആഞ്ഞു മുട്ടിക്കൊണ്ട് ഒച്ചയെടുക്കുകയും ബഹളം കൂട്ടുകയും ചെയ്യുന്നത് ഞാനറിഞ്ഞു…

“”പവീ…പുറത്ത് വാ….എനിക്ക് കാണണം നിന്നെ….പുറത്തേക്ക് വാ പവിയേ….””

സൂരജിന്റെ വാക്കുകളെ കേൾക്കാതിരിക്കാൻ ഞാൻ ഇരു കൈകളാലും ചെവി പൊത്തി അമർത്തിപ്പിടിച്ചു…

ഭിത്തിയിലൂടെ ചാരി നിലത്തേക്ക് ഊർന്നിരുന്നവൻ വീണ്ടും വാതിലിൽ ആഞ്ഞടിക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നുണ്ടായിരുന്നു…

വേണ്ട നിന്നെ എനിക്ക് കാണണ്ട…ഇനിയും എന്നെ പ്രതീക്ഷിച്ച് നീ അലയരുത് സൂരജേ…നിന്നിലേക്കൊരു തിരിച്ചുവരവില്ലാത്തവിധം നിനക്ക് തന്ന എന്റെ മനസ്സും പറിച്ചെടുത്ത് ഞാൻ ദൂരേക്ക് ഓടി മറയുകയാണ്…അവന്റെ വാക്കുകളും പ്രവർത്തികളുമേറ്റ് നോവുന്ന എന്നെ ഹൃദയത്തെ വീണ്ടും വീണ്ടും ഞാൻ പറഞ്ഞു പഠിച്ചുകൊണ്ടിരുന്നു…

സൂരജിന്റെ ഭ്രാന്തമായ പ്രവർത്തികളുടെ തീവ്രതയെ സിദ്ധുവേട്ടനടക്കം എല്ലാവരും വിശ്വാസമില്ലാതെ നിർവികാരതയോടെ നോക്കി നിൽക്കുകയാണെന്ന് ഞാനറിഞ്ഞു…

എന്താണ് അവരോടൊക്കെ ഞാൻ പറയേണ്ടത് അത്രമേൽ ഞാനവനെ സ്നേഹിച്ചിരുന്നു എന്നോ… അതോ പല്ലവിയെന്നാൽ സൂരജിന് ഭ്രാന്താണെന്നോ…

അല്ലെങ്കിലും എന്തിന് ഞാനതൊക്കെ പറയണം ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചുകൊണ്ടുള്ള അവന്റെ ഭ്രാന്തിൽ ഒരായിരം കഥകൾ കെട്ടുപിണഞ്ഞു കിടക്കുകയാണല്ലോ…എന്റെ മൗനവും അവന്റെ വാക്കുകളും അവരെയും ഉലച്ചുകാണും എന്ന് ഞാനറിഞ്ഞു…

സൂരജ് മെല്ലെ എഴുനേറ്റ് ഹാളിൽ നിന്നും മുറിയിലേക്കുള്ള ജനാലയിലൂടെ എന്നെ നിറകണ്ണുകളോടെ നോക്കിനിൽക്കുന്നത് ഞാനറിഞ്ഞു…ആ കൈകൾ ജനലഴികളിൽ മുറുകുന്നതും എന്നിലേക്ക് എത്താൻ അത് പിഴുതെറിയാനുള്ള ബലത്തോടെ പിടിച്ചു കുലുക്കുന്നതും കാണാനാകാതെ ഞാൻ തലയിണയിലേക്ക് മുഖം പൂഴ്ത്തിവച്ചു…

ഇടയ്ക്കെപ്പോഴോ എല്ലാം ഒന്ന് നിശ്ശബ്ദമായപ്പോൾ ഞാൻ മുഖമുയർത്തി ജനാലയിലൂടെ പുറത്തേക്ക് നോക്കിയതും സൂരജ് തലയിൽ കയ്യൂന്നി നിലത്തിരിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു…

“”ജെനീ….എന്റെ പവിയോട് നീയെങ്കിലും ഒന്ന് പറ…””

ജെനിയെ നോക്കി സൂരജത് പറഞ്ഞപ്പോൾ കരഞ്ഞുകൊണ്ടവൾ തലയാട്ടുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു…..ദേഷ്യത്തോടെ അവനെ നോക്കി പല്ല് ഞെരിക്കുന്ന അലോഷിച്ചായനെ കണ്ണുകൾ ചെറുതാക്കി പ്രശ്നമൊന്നും ഉണ്ടാക്കല്ലേ എന്നവൾ കെഞ്ചുന്നത് ഞാനറിഞ്ഞു…

ഇനിയെന്റെ ദുർബലത ചിലപ്പോൾ എന്നിലെ സർവ്വനിയന്ത്രണത്തെയും ബാധിക്കുമെന്ന് മനസ്സിലായപ്പോൾ ഞാനെഴുനേറ്റ് മുഖംതുടച്ചു വാതിൽ തുറന്ന് പുറത്തേക്ക് വന്നു…

എന്നെ കണ്ടതും വെപ്രാളത്തോടെ വീണ്ടും സൂരജ് പിടഞ്ഞെഴുനേൽക്കുന്നത് കാൺകെ സിദ്ധുഏട്ടൻ അവന്റെ അടുത്ത നീക്കത്തെ തടയാനായി മുന്നോട്ടു വരുന്നത് ഞാനറിഞ്ഞു… എന്നാൽ അതിന് മുൻപേ സൂരജിന്റെ കൈത്തണ്ടയിൽ ഞാൻ പിടിമുറുക്കിയിരുന്നു…അവന്റെ കണ്ണുകൾ ചെറുതാകുകയും ആ മുഖത്ത് സന്തോഷം നിറയുന്നതും കാൺകെ എന്റെ ഉള്ളം പിടഞ്ഞുപോകുന്നത് ഞാനറിഞ്ഞു…

ഭാവമാറ്റമൊന്നും ഇല്ലാതെ കല്ലിച്ച മുഖവുമായി ആ കയ്യും പിടിച്ചു ഞാൻ പുറത്തേക്ക് നടന്നപ്പോൾ കൊച്ചു കുട്ടിയെ പോലെ അനുസരണയോടെ എനിക്ക് പിന്നാലെ ഒരക്ഷരം മിണ്ടാതെയവൻ നടന്നു വരുന്നത് ഞാനറിഞ്ഞു…

എല്ലാ കണ്ണുകളും എന്റെ പ്രവർത്തിയെ ആശങ്കയോടെ നോക്കുമ്പോഴും എന്റെ മനസ്സ് കനൽ ചൂടിൽ വെന്തു നീറുകയായിരുന്നു…അപ്പോഴും മദ്യത്തിന്റെ ആലസ്യത്തിൽ “”പവി…പവി”” എന്നവൻ പിറുപിറുക്കുന്നത് ഞാൻ കേട്ടില്ലെന്ന് നടിച്ചു…

സൂരജിന്റെ കൈപിടിച്ചു ഞാൻ മുറ്റത്തേക്കിറക്കിയപ്പോൾ ജെനിയും കാവേരിച്ചേച്ചിയും എനിക്ക് പിന്നാലെ വെപ്രാളത്തോടെ ഓടിവരുന്നത് ഞാനറിഞ്ഞു…

എന്തോ എനിക്ക് പറ്റണില്ല ഒന്നിനും…ഇവനെന്താ ഇങ്ങനെ…എത്ര ആട്ടിപ്പായിച്ചാലും വെറുത്താലും ദേഷ്യപ്പെട്ടാലും പവിയേന്നും വിളിച്ചു പിന്നാലെ വരികയാണ്….

പരിഭവത്തോടെ എന്നെ നോക്കി നിൽക്കുന്ന സൂരജിനെ കാൺകെ എന്നിൽ അരിശമേറി…

“”നിന്നെ സ്നേഹിച്ച നീ സ്നേഹിച്ച പവി എന്നേ മരിച്ചു പോയി സൂരജേ…ഇപ്പോ വെറുമൊരു ശരീരം മാത്രമാ നിന്റെ മുന്നിൽ നിൽക്കുന്നെ….എന്റെ അമ്മ ഉറങ്ങുന്ന ഈ മണ്ണിൽ താനിനി കാല് കുത്തരുത്….എന്നെയിങ്ങനെ വീണ്ടും വീണ്ടും വിഷമിപ്പിക്കല്ലേ സൂരജേ…സർവ്വവും തകർന്ന് നിൽക്കുവാ ഞാൻ….എന്റെ കൺ മുന്നീന്ന് ഒന്ന് പോയി തരുവോ…””

ഉറച്ച ശബ്ദത്തോടെ ഞാനതും പറഞ്ഞ് അവന്റെ കൈ കുടഞ്ഞെറിഞ്ഞ് വേഗത്തിൽ അകത്തേക്ക് കയറിയതും എന്റെ വാക്കുകളുടെ തീവ്രതയിൽ ആ കണ്ണുകൾ നിറയുന്നതും ചലനമറ്റു നിൽക്കുന്നതും ഞാനറിഞ്ഞു….

എന്നിലെ ഹൃദയവും എന്തിനോ വേണ്ടി പിടഞ്ഞുലയുന്നത് ഞാനറിഞ്ഞപ്പോൾ എന്നെ ചേർത്തു പിടിച്ചു നിൽക്കുന്ന കാവേരിച്ചേച്ചിയുടെ മുഖത്തേക്ക് നോക്കി ഞാൻ ചിരിയോടെ കണ്ണ് തുടച്ചു…

ഇടയ്ക്കെപ്പോഴോ ജനാലയിലൂടെ പുറത്തേക്ക് നോക്കിയതും മഴയിൽ നനഞ്ഞ് ആടിയാടി പുറത്തേക്ക് നടന്നകലുന്ന സൂരജിനെ ഒരു വേദനയോടെ ഞാൻ നോക്കി നിന്നുപോയി..ആരും എന്നോടൊന്നും ചോദിച്ചില്ലെങ്കിലും എന്റെ വേദനകളെ അവരും അറിയുന്നുണ്ടാകുമെന്ന് ഞാനറിഞ്ഞു…..

അടുത്ത ദിവസം ഒരു ബാഗുമായി വീട്ടിലേക്ക് കയറിവന്ന ജെനിയുടെ അമ്മച്ചി ബാഗ് അവളുടെ കയ്യിൽ ഏൽപ്പിച്ച ശേഷം എനിക്കടുത്തേക്ക് വന്ന് വാത്സല്യത്തോടെ എന്നെ ചേർത്തു പിടിച്ചു…

ജെനിയെപോലെ തന്നെ അലങ്കാരങ്ങൾ ഒന്നുമില്ലാത്ത നിഷ്കളങ്കമായ മുഖമുള്ളൊരമ്മ…ഞാനിനി കരയില്ല എന്ന് ഉറപ്പിച്ചതാണ് പക്ഷേ അമ്മയുടെ ഓർമ്മകളെന്നെ വല്ലാതെ അലട്ടുന്നപോലെ…എന്റെ നിറഞ്ഞു വന്ന കണ്ണുകൾ ആ കൈകളാൽ അമ്മച്ചി തുടയ്ക്കുന്നത് ഞാനറിഞ്ഞു…

“”കുറച്ച് ദിവസം അമ്മച്ചിയും കൂടി നിൽക്കുവാകേട്ടോ മോൾടെ കൂടെ…
ചടങ്ങൊക്കെ തീരുന്നവരെ കൊച്ച് ഒറ്റയ്ക്ക് നിക്കണ്ട…””

അത് കഴിഞ്ഞാലോ… ഞാൻ ഒറ്റയ്ക്കല്ലേ അമ്മച്ചീ…എത്രനാൾ എനിക്ക് നിങ്ങളൊക്കെ കൂട്ടിരിക്കും…എന്റെ ചിന്തകൾ ചോദ്യങ്ങൾ ആകുന്നതിന് മുൻപേ ഞാൻ ചെറുചിരിയോടെ തലയാട്ടി…അപ്പോഴേക്കും ഞങ്ങൾക്കുള്ള ചായയുമായി കാവേരിചേച്ചി എത്തിയിരുന്നു…

മൂടിക്കെട്ടി ഇരിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അമ്മച്ചി എന്റെ കയ്യും പിടിച്ചു മുറിക്ക് പുറത്തേക്കിറക്കാനൊരുങ്ങി…

അടുക്കളയിൽ കാവേരിച്ചേച്ചിയും സിദ്ധുഏട്ടനും എന്തോ പാചകത്തിൽ ആണെന്ന് തോന്നുന്നു…ചായ കുടിച്ച ഗ്ലാസ്‌ ജെനിയുടെ കയ്യിൽ കൊടുത്ത് അലോഷിച്ചയാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ എന്നെ നോക്കി ഒന്നുമില്ല എന്ന് ഇരുകണ്ണുകളും അടച്ച് യാത്ര പറഞ്ഞത് കാൺകെ പാടുപെട്ട് ഞാനൊരു ചിരി വരുത്തി…

ദിവസങ്ങൾ കടന്ന് പോകും തോറും ഒറ്റപ്പെടലിന്റെ വേദന എന്റെ ചങ്കിൽ ഭാരമായി നിറയുന്നത് ഞാനറിഞ്ഞു…

പെട്ടന്നൊരു ദിവസം നമുക്ക് ആരോരുമില്ലാതാകുന്ന അവസ്ഥ..ആ നോവ്..സഹിക്കാൻ പറ്റാതെ വരുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ ആരും കാണാതെ പൊട്ടിക്കരയും അങ്ങനെ എങ്കിലും സങ്കടം തീരുമെങ്കിലോ…അമ്മയുടെ പഴയ സാരിയും തുണികളുമൊക്കെ എടുത്ത് നെഞ്ചോടു ചേർത്ത് വച്ച് ഞാനുറങ്ങും…

നൂലുപോലെ നേർത്ത അമ്മയുടെ നീണ്ട സ്വർണ്ണമാല നെഞ്ചോട് ചേർന്നിങ്ങനെ കിടക്കുമ്പോൾ ഉള്ളിൽ ആളുന്ന അഗ്നിയിലേക്കൊരു തണുപ്പ് വന്നു മൂടുന്നതും ആ നിമിഷം അമ്മ എനിക്കൊപ്പം തന്നെയുണ്ടെന്നൊരു തോന്നൽ മനസ്സിനെ വല്ലാതെ ധൈര്യപ്പെടുത്തുന്നതും ഞാനറിഞ്ഞു…

കാവേരിച്ചേച്ചിയും സിദ്ധുഏട്ടനുമൊക്കെ ഇടയ്ക്കിടക്ക് എന്നെ കാണാൻ വരുമ്പോഴും സമാധാനിപ്പിക്കുമ്പോഴും ഞാൻ ചുണ്ടിൽ ചിരിയണിഞ്ഞു നിൽക്കും…

“”എന്റെ പെണ്ണേ നീയിങ്ങനെ സങ്കടപ്പെടല്ലേ…”” എന്ന് എന്റെ ഉള്ളറിഞ്ഞപോലെ പറഞ്ഞെന്നെ കാവേരിച്ചേച്ചി ചേർത്ത് പിടിക്കുമ്പോൾ അറിയാതെ ഞാൻ പൊട്ടിക്കരഞ്ഞു പോകും….

ഒരു ദിവസം രാത്രി എന്റെ മുറിയുടെ ജനലിനടുത്തായി നിൽക്കുന്ന നിഴൽരൂപം കാൺകെ പരവേശത്തോടെ ആരാണെന്നറിയാനായി ഞാനെഴുനേറ്റ് അടുത്തേക്ക് ചെന്നപ്പോഴേക്കും അരണ്ട വെളിച്ചത്തിൽ ആ രൂപത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നു…

സ്നേഹത്തോടെ എന്നിലേക്ക് തന്നെ നോക്കി നിൽക്കുന്ന സൂരജിന്റെ കണ്ണുകൾ വല്ലാതെ കലങ്ങിയിരിക്കുന്നതും എനിക്കായി മാത്രം നിറഞ്ഞു ചിരിച്ച ആ ചുണ്ടിൽ വിഷാദം നിഴലിച്ചൊരു ചിരി വിടരുന്നതും ഞാനറിഞ്ഞു…

അവനായി തിരികെ നൽകാൻ ഒരു ചിരിപോലും ഇന്നെന്നിൽ അവശേഷിക്കുന്നില്ലല്ലോ എന്നോർക്കേ മനസ്സിൽ വല്ലാത്തൊരു നോവ് നിറയുന്നത് ഞാനറിഞ്ഞതും വെറുപ്പോടെ ജനൽ പാളികൾ വലിച്ചടച്ചു കട്ടിലിലേക്ക് ഞാൻ തളർന്നു കിടന്നു…

പിന്നീടുള്ള പല രാത്രികളിലും എന്നെ തിരഞ്ഞെത്തുന്ന ആ നിഴലും നോട്ടവും ചിരിയുമെല്ലാം മൗനമായൊരു പ്രതിഷേധത്തോടെ ഞാൻ തള്ളിക്കളഞ്ഞു…

ഒന്ന് മാത്രം ഞാനറിഞ്ഞു അവന്റെ ലോകം ഞാൻ മാത്രമാണെന്ന്…അവിടെ മറ്റൊന്നിനും സ്ഥാനമില്ലെന്ന്…എന്റെ സങ്കടങ്ങൾ അവന്റെ സങ്കടങ്ങൾആണെന്ന്…എന്റെ ചിരികൾ അവന്റെ ചിരികൾ ആണെന്ന്…ഈ ലോകത്ത് സൂരജ് എന്ന വ്യക്തി കീഴ്പ്പെട്ടുപോയത് പല്ലവിയിൽ മാത്രമാണെന്ന്..പക്ഷേ ഓരോ നിമിഷവും നിയേൽപ്പിച്ച മുറിവിന്റെ വൃണപ്പാടുകളിൽ നിന്നും ചോരയിറ്റിറ്റ് വീണ് എന്നെ വല്ലാതെ നോവിക്കുന്നു സൂരജേ…മറക്കാനും പൊറുക്കാനും ആശ്വസിക്കാനും ഒന്നും പറ്റാതെ എന്നിലേക്ക് എന്റെ സങ്കടങ്ങളിലേക്ക് ഞാൻ ചുരുങ്ങിക്കൊണ്ടിരുന്നു…

ചില ദിവസങ്ങൾ പിന്നിട്ടപ്പോൾ സിദ്ധുഏട്ടൻ എന്നോടെന്തോ കാര്യമായി സംസാരിക്കണമെന്നും പറഞ്ഞു വീടിന് പുറത്തേക്ക് വിളിച്ചപ്പോൾ ഞാനിറങ്ങി പിന്നാലെ നടന്നു…

“”പല്ലവി എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു…””

“”എന്നോട് സംസാരിക്കാൻ എന്തിനാ സിദ്ധുഏട്ടാ ഈ മുഖപുരയൊക്കെ….””

മങ്ങിയ ചിരിയോടെ സിദ്ധുഏട്ടൻ അത് പറഞ്ഞതും ഞാനാ മുഖത്തേക്ക് നോക്കി ചിരിയോടെ തിരിച്ചു ചോദിച്ചു….

ഇതുവരെക്കാണാത്തൊരു ഭാവത്തോടെ സിദ്ധുവേട്ടൻ പിന്നീട് പറഞ്ഞ ഓരോ വാക്കുകളും കേൾക്കെ ഉള്ള് പിടഞ്ഞുരുകുന്ന വേദനയോടെ ഞാൻ നിശ്ചലമായി നിന്നുപോയി..

“”നിന്റെ സമ്മതം എനിക്ക് വേണം പല്ലവി…അല്ലാതെ നിന്നെയിവിടെ ഒറ്റയ്ക്ക് വിട്ട് പോകാൻ കഴിയില്ലടോ ഞങ്ങൾക്ക്…””

എന്റെ തോളിലേക്ക് കൈകൾ അമർത്തി സിദ്ധുഏട്ടൻ അത് പറയുമ്പോൾ ആ സ്വരം വിഷാദത്തിൽ മുങ്ങിയിരുന്നു എന്ന് ഞാനറിഞ്ഞു…

“”എന്റെ അമ്മയും അച്ഛനും ഏട്ടനും ഉറങ്ങുന്ന ഈ മണ്ണ് വിട്ട്, ഈ വീട് വിട്ട് ഞാൻ എങ്ങനെ വരും സിദ്ധുഏട്ടാ…അവരുടെ ഓർമ്മളൊന്നും ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റുവോ…ഇല്ല ഒരിക്കലും കഴിയില്ലെനിക്ക്…””

തൊണ്ടയിൽ നിന്നുയർന്നുവന്നൊരു തേങ്ങൽ പുറത്തേക്ക് വരാതിരിക്കാൻ ഞാൻ വേഗം അകത്തേക്ക് നടന്നപ്പോൾ ആ മുഖത്തും സങ്കടം നിറയുന്നത് ഞാനറിഞ്ഞു…

അന്ന് രാത്രി പതിവുപോലെ ജനലരികിൽ എന്നെ കാണാൻ സൂരജ് വരും മുൻപേ ഞാൻ ജനൽ പാളികൾ അടച്ച് കുറ്റിയിട്ടു…എനിക്കൊപ്പം ഉറങ്ങുന്ന ജെനിയെ നോക്കി ഞാൻ കിടന്നപ്പോഴും പതിവ് തെറ്റിക്കാതെ എന്നെ കാണാൻ എത്തുന്ന ആ മുഖം ഇന്ന് കണ്ടില്ലല്ലോ എന്ന് ഞാനറിയാതെ ഓർത്തുപോയി…ഏറെ വൈകിയിട്ടും കണ്ണുകൾ അടയ്ക്കാൻ കഴിയാത്ത പോലെ..

കുറച്ച് കഴിഞ്ഞ് മെല്ലെ ജനല്പാളികൾ തട്ടുന്ന ശബ്ദം കേൾക്കെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് കിടന്നെങ്കിലും എന്നെ കാണാതെ അവൻ പോകില്ല എന്ന് എനിക്കറിയാമായിരുന്നു…ജെനിയെ ഉണർത്താതെ ഞാനെഴുനേറ്റ് ജനൽ പാളി പുറത്തേക്ക് തള്ളിത്തുറന്നപ്പോൾ ചിരിയോടെ എന്നെ നോക്കി നിൽക്കുകയാണവൻ…ആ നോക്കിൽ ഈ ലോകം പിടിച്ചടക്കിയ സന്തോഷമാണവന്…

“”ഞാനിന്ന് ജീവിക്കുന്നത് പോലും രാത്രിയാകാനായിട്ടാ പവിയേ…എനിക്കപ്പൊ നിന്നെ കാണാല്ലോ…””

ആ വാക്കുകളിൽ അലിഞ്ഞ നിഷ്കളങ്കമായ ചിരിയിൽ പരിഭവും നിരാശയുമാണെന്ന് ഞാനറിഞ്ഞു…അവനെ നോക്കാതെ ഇരുട്ടിലകപ്പെട്ട നിലാവിലേക്ക് ഞാൻ നോക്കി നിന്നു…

ഇടയ്ക്കെപ്പോഴോ ജനലഴികളിൽ അമർത്തിപ്പിടിച്ചിരുന്ന എന്റെ കൈവിരലുകളിലേക്കവന്റെ ചുണ്ടുകൾ പതിച്ചപ്പോൾ പിടച്ചിലോടെ ഞാൻ കൈവലിച്ചു അവനെ അരിശത്തോടെ നോക്കി നിന്നുപോയി…

കുസൃതി ചിരിയോടെ എന്നെ നോക്കി നിൽക്കുകയാ…എത്ര പറഞ്ഞാലും വകവയ്ക്കില്ലവൻ വാശിയോടെ എനിക്ക് ചുറ്റും വലയം ചെയ്തുകൊണ്ടേയിരിക്കും…

ഒരുപക്ഷെ കാലമിങ്ങനെ ഞങ്ങൾക്കിടയിൽ പരീക്ഷണങ്ങളുമായി വന്നില്ലായിരുന്നെങ്കിൽ ആ നെഞ്ചിലെ ചൂടേറ്റ് ആ കരവലയത്തിനുള്ളിൽ ഞാൻ അഭയം തേടിയേനെ…അത്രമേൽ നീയെന്നെ കരുതുന്നുണ്ടെന്ന് എനിക്കറിയാം…അവൻ വിചാരിക്കുന്നുണ്ടാകും പരിഭവങ്ങൾ ഒഴിയുമ്പോൾ അവന്റെ പവിയെ തിരികെ കിട്ടുമെന്ന്…നഷ്ടങ്ങളെ ഞാൻ മറക്കുമെന്ന്…വേദനകൾ ഞാൻ പൊറുക്കുമെന്ന്….ഈ ജന്മം കഴിയോ എനിക്കതിന്….

ദേഷ്യത്തോടെ ഞാനാ ജനല്പാളികൾ വളിച്ചടയ്ക്കും മുന്നേ കണ്ണുകൾകൊണ്ട് യാത്രപറഞ്ഞവൻ ഇരുട്ടിലേക്ക് മറഞ്ഞത് ഞാനറിഞ്ഞു…

പക്ഷേ ഒരിക്കലും അറിഞ്ഞുകൊണ്ടെന്നെ വേദനിപ്പിക്കില്ലവൻ…ഇതുപോലുള്ള വട്ടുകൾ കാട്ടിയാലും ബലമായി പിടിച്ചുപറിച്ച് വാങ്ങില്ലവൻ ഒന്നും…

ഒരു ഞായറാഴ്ച ദിവസം അവരെല്ലാം വീട്ടിലേക്ക് വന്നിട്ടുണ്ടായിരുന്നു….
എല്ലാവർക്കും നടുവിലായി നിൽക്കുമ്പോൾ എനിക്കടുത്തായി എന്നെ ചേർന്ന് ജെനിയും നിൽക്കുന്നത് ഞാനറിഞ്ഞു…ഇതുപോലൊരു പെണ്ണ്…

സ്വന്തം മക്കളെക്കാൾ അമ്മച്ചി എന്നെ സ്‌നേഹിക്കുമ്പോഴും സ്വന്തം വീട് വിട്ട് എനിക്ക് കൂട്ടിരിക്കുമ്പോഴുമൊക്കെ വല്ലാതെ വിഷമം തോന്നുമെനിക്ക്…അലോഷിച്ചായനാണ് ഇതിനെല്ലാം പിന്നിലെന്ന് എനിക്കറിയാം…ആള് അധികം സംസാരിക്കില്ലെങ്കിലും ശുദ്ധഗതിക്കാരനാണ്…നന്മയുല്ലൊരു മനസ്സിന്റെ ഉടമ…പിന്നെ സിദ്ധുഏട്ടൻ, കാവേരിചേച്ചി….ഇപ്പോഴും എനിക്കറിയില്ല ഈ പല്ലവിയെ അവർ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നതെന്ന്…ഇത്രമേൽ കരുതുന്നതെന്ന്…

എനിക്ക് പറയണം ചിലതൊക്കെ…നന്ദിയോടെ ഇനിയുള്ളതൊക്കെ നിഷേധിക്കണം…എത്രനാൾ ഇവർക്കൊക്കെ ഞാനൊരു ഭാരമാകും… വല്ലാതെ മനസ്സ് നീറുന്നനോവിലും ഞാൻ ചില തീരുമാനങ്ങളെടുത്തു…

ഇടയ്ക്കൊരു ദിവസം എന്റെ മുറിയുടെ മേശമുകളിൽ വലിച്ചു വാരിക്കിടന്ന ബുക്കുകളെല്ലാം അടുക്കി വച്ചുകൊണ്ടിരുന്ന ജെനിയെ ഞാൻ നോക്കിയിരുന്നു…ഒരു പ്രത്യേക ഭംഗിയാണ് അവളുടെ ഓരോ പ്രവർത്തികളും കണ്ടിരിക്കാൻ എന്നോർത്തുകൊണ്ട് ചിരിയോടെ ഞാനിരുന്നതും ഇടയ്ക്കെപ്പോഴോ മേശയ്ക്ക് മുകളിൽ വച്ചിരുന്നൊരു കവർ നിലത്തേക്ക് പറന്നു വീണത് ഞാനറിഞ്ഞു…

ഞാനതെടുക്കാനായി കുനിഞ്ഞതും ഒരു കവറിൽ വേസ്റ്റ് കളയാനായി ജെനി പുറത്തേക്കു പോകുന്നുണ്ടായിരുന്നു…

ബാങ്കിന്റെ പേര് അച്ചടിച്ച ആ കവറിന്റെ ഇരുവശത്തേക്കും തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഞാൻ അതിനുള്ളിലിരുന്ന പേപ്പർ തുറന്നെടുത്തു….അത് വായിച്ചറിഞ്ഞതും ഒരിറ്റ് കണ്ണീർ അക്ഷരങ്ങൾക്ക് മേൽ വീണ് പടർന്നു…മാസങ്ങളായി മുടങ്ങിക്കിടക്കുന്ന തവണകൾക്ക് മേൽ വന്ന ജപ്തി നോട്ടീസ് എന്റെ കൈകളിലിരുന്നു വിറയ്ക്കുന്നത് ഞാനറിഞ്ഞു…

നഷ്ടങ്ങൾ നിരനിരയായി എനിക്ക് മുന്നിൽ വീണ്ടും വന്നു നിൽക്കുന്നു….അച്ഛനും അമ്മയും ഏട്ടനും ഉറങ്ങുന്ന ഈ മണ്ണും എനിക്കന്ന്യമാകാൻ പോകുന്നു…

ഞാനെന്ന ഭാരം താങ്ങുന്ന സൗഹൃദങ്ങൾക്ക് മേൽ ഇനിയും യാചിക്കാൻ വയ്യെനിക്ക്…ഞാനാ നോട്ടീസ് വേഗം മടക്കി കവറിലേക്കിട്ട് ആരും കാണാതെ മറച്ചു വയ്ക്കാനൊരുങ്ങി…

തിരികെ വന്ന ജെനി ശിലപോലെ നിൽക്കുന്ന എന്നെ ഉഴിഞ്ഞു നോക്കുകയും നിറഞ്ഞ എന്റെ കണ്ണുകൾ കാൺകെ ആംഗ്യങ്ങൾ കാട്ടി എന്റെ സങ്കടങ്ങൾക്ക് കാരണങ്ങൾ തിരയുന്നതും ചെയ്യുന്നത് ഞാനറിഞ്ഞപ്പോൾ ചിരിയോടെ ഒന്നുമില്ലെന്ന് ഞാൻ കണ്ണുകൾ അടച്ചു കാട്ടി….

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം എന്റെ മനസ്സ് മരവിച്ചു പോയിരുന്നു….വിശാലമായ ഈ ലോകത്ത് എനിക്കൊരിടം ആരെങ്കിലും കരുതിയിട്ടുണ്ടാകുമെന്ന് ഞാനോർക്കെ സിദ്ധുഏട്ടന്റെ വാക്കുകൾ ഓർമ്മകളിൽ വന്നടിയുന്നത് ഞാനറിഞ്ഞു…ഒരു നിമിത്തം പോലെയാകാം അന്ന് ഞാൻ നിഷേധിച്ചു എങ്കിലും ഇനിക്കൊരിടമൊരുക്കിക്കൊണ്ടു സിദ്ധുഏട്ടൻ അന്നെന്നെ സമീപിച്ചത് എന്ന് ഞാനോർത്തു…

കഴിയുമെന്ന് തോന്നീട്ടല്ല… ഈ വീടും മണ്ണും വിട്ട് എനിക്കിറങ്ങാൻ പറ്റുവോ…ചിലപ്പോൾ ഇനിയൊരു നഷ്ട്ടവും എനിക്ക് ഇല്ലായിരിക്കും… കാരണം നഷ്ടപ്പെടാൻ ഇനിയെന്റെ ഉയിര് മാത്രമേ ഉള്ളൂ…സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശക്തിതരാൻ ഇനിയും തളരാതെയിരിക്കാൻ ഉള്ളുരുകി ഞാൻ ഭഗവാനെ വിളിച്ചു പോയി…

അമ്മയുടെ ചടങ്ങുകളെല്ലാം കഴിഞ്ഞ ദിവസം എല്ലാവരും ഉണ്ടായിരുന്നു വീട്ടിൽ….

“”സിദ്ധുഏട്ടൻ അന്നെന്നോട് ഒരു കാര്യം ആവശ്യപ്പെട്ടില്ലേ….എനിക്ക് പോകാൻ സമ്മതമാണ് കേട്ടോ…ഒരുപാട് വൈകാതെ എന്നെ അവിടേക്ക് അയച്ചേക്കാമോ….””

മനസ്സിൽ കലശലായ ദുഃഖം വന്നടിഞ്ഞു വാക്കുകൾ ഗദ്ഗദങ്ങളായി മുറിഞ്ഞു പോകുമെന്ന് ഞാനറിഞ്ഞു…എന്തോ സിദ്ധുഏട്ടൻ മനസ്സ് നിറഞ്ഞു ചിരിക്കുന്നു…ഒരുപക്ഷേ ഞാൻ എത്താവുന്നതിൽ ഏറ്റവും സുരക്ഷിതമായ സ്ഥലമാകും അവിടമെന്നുള്ള ബോധ്യം സിദ്ധുവേട്ടനുണ്ടാകാം എന്ന് ഞാനോർത്തു….

പെട്ടന്ന് എന്നിലേക്ക് സൂരജിന്റെ മുഖം തെളിഞ്ഞു വന്നപ്പോൾ ചിലപ്പോൾ ഈ വാർത്തയിൽ എന്നേക്കാൾ അധികം തകർന്നു പോകുന്നത് അവനാണെന്ന് ഞാനോർത്തതും കണ്ണുകളടച്ചു ഞാനാ ഓർമ്മകളിൽ നിന്നും വഴുതിമാറി…

സിദ്ധുവേട്ടന്റെ തീരുമാനത്തിൽ മറ്റെല്ലാവർക്കും പങ്കുണ്ടെന്ന് ഞാനറിഞ്ഞു…

നാളെ ഞാനിവിടം വിട്ടു അങ്ങ് ദൂരേക്ക് പോകുകയാണെന്ന ചിന്തകൾ എന്നെ മുഴുവനായി തളർത്തിത്തുടങ്ങി…ജപ്തിയുടെ കാര്യം എന്നിൽ മാത്രം ഒതുങ്ങിയാൽ മതിയെന്നും ആ സത്യം ഇപ്പോൾ ആരും അറിയേണ്ട എന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു…

ഈ വീട്ടിലെ അവസാനത്തെ ദിവസം…ആ കുഴിമാടത്തിനടുത്തേക്ക് കണ്ണുകൾ നീണ്ടപ്പോൾ അടുത്തേക്കൊന്ന് പോകാൻ പോലും കഴിയാതെ ഞാനിരുന്നു…പോയാൽ ചിലപ്പോൾ ഇവിടമുപേക്ഷിക്കാൻ എനിക്ക് കഴിയില്ല എന്നോർക്കേ മനസ്സിനെ കടിഞ്ഞാണിട്ട് ഞാൻ തളച്ചിട്ടു…

ജെനിയും എനിക്കൊപ്പം കൊണ്ടുപോകാനുള്ള എന്റെ തുണികളൊക്കെ അടുക്കുന്ന തിരക്കിലാണ്…എന്നെയവളൊന്ന് നോക്കുകപോലും ചെയ്യുന്നില്ല എന്ന് ഞാനറിഞ്ഞു…നോക്കില്ലവൾ എന്നെ ചിലപ്പോൾ നിയന്ത്രണം വിട്ടവൾ പൊട്ടിക്കരഞ്ഞു പോകും…എനിക്കാകെയുള്ള സ്വത്തുക്കളിൽ ഒന്നാണവൾ…എന്റെ ജെനി…എന്റെ കൂട്ടുകാരി എന്റെ കൂടെപ്പിറപ്പ്.. എന്റെ ഹൃദയം കണ്ടവൾ…എന്റെ കയ്യിൽ തൂങ്ങി എന്നോട് ഒട്ടിയല്ലാതെ നടക്കാത്തവൾ…
ഒന്നും ഓർക്കാൻ എനിക്ക് കരുത്തില്ലല്ലോ ഈശ്വരാ…

അന്ന് രാത്രി ഏറെ വൈകിയിട്ടും സൂരജ് എന്നെ കാണാൻ വന്നിരുന്നില്ല..യാത്രചോദിക്കണമെന്നുണ്ട് അവനോട്…കാത്തിരിക്കരുതെന്നും നിന്റെ പവി ഇനി തിരികെയില്ല എന്നും പറയണമെന്നുമുണ്ട്…ജനലിലൂടെ അമ്മയുടെ കുഴിമാടത്തിലേക്ക് ഞാൻ നോക്കി നിന്നു അല്പനേരം…രാത്രി ഏറെ ആയിട്ടും ഞാൻ കണ്ണുകൾ അടച്ചില്ല…ഉറങ്ങിയാൽ ഇന്നത്തെ ദിവസം തീർന്നു പോയാലോ…ഇനിയൊരു രാത്രി എനിക്കിതുപോലെ തിരികെ ലഭിക്കില്ലല്ലോ…

അടുത്ത ദിവസം രാവിലെ പോകാനായി തയ്യാറായി ഞാനിറങ്ങി…സിദ്ധുഏട്ടനും, കാവേരി ചേച്ചിയും, അലോഷിച്ചായനും,ജെനിയും അമ്മച്ചിയും എല്ലാവരുമുണ്ട്…

കോളേജിൽ നിന്നും പോകും വഴി ടിസി വാങ്ങാനുള്ള ഏർപ്പാടുകൾ ഒക്കെ സിദ്ധുവേട്ടൻ ചെയ്തിരുന്നു എന്നെന്നോട് പറഞ്ഞിരുന്നു…

ഓരോരുത്തരോടും യാത്ര പറയാൻ എനിക്ക് സാധിക്കില്ല എന്ന് ഞാനറിഞ്ഞു…ചിലപ്പോൾ ഈ നിമിഷം ഞാനും മനസ്സ് പൊട്ടിപിടഞ്ഞു മരിച്ചു പോയാലോ….അമ്മച്ചിയെന്നെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു..””എന്റെ കൊച്ച് കരയരുത്… പഠിച്ചു മിടുക്കിയായി സ്വന്തം കാലിൽ നിൽക്കണം കേട്ടോ..”” നെഞ്ചിലേക്ക് ചേർത്തുപിടിച്ചപ്പോൾ അൽപ നേരം ഞാനും ചേർന്നു നിന്നു….

“”പെണ്ണേ വെറുതെ സെന്റി ആവല്ലേടീ…പോയിട്ട് വാ..ചിലപ്പോൾ ഞാൻ വല്ലാതെ കരഞ്ഞുപോകും..”” കാവേരിച്ചേച്ചി കെട്ടിപ്പിടിച് എന്റെ ഇരു കവിളിലും ചിരിയോടെ ഉമ്മ വച്ചപ്പോൾ ആ കണ്ണുകൾക്കൊപ്പം എന്റെ കണ്ണുകളും നിറഞ്ഞു പോയി…

അ…. ആക്….ജെനിയും എന്തൊക്കെയോ ആംഗ്യങ്ങൾ കാട്ടുന്നുണ്ട്…സങ്കടം കൊണ്ട് പാവം എന്തൊക്കെയോ ശബ്ദം പുപ്പെടുവിക്കുന്നു…

“”ഒരിക്കലും മറക്കില്ല മോളെ നിന്നെ ഞാൻ…വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടല്ലേടാ…അല്ലേൽ ഞാൻ പോകുവോ നിങ്ങളെ ഒക്കെ കളഞ്ഞിട്ട്…”””

പിടിച്ചു നിർത്താനാകാതെ ഞാനും പൊട്ടിക്കരഞ്ഞു പോയി…സങ്കടം താങ്ങാനാകാതെ എന്നെ അടർത്തി മാറ്റി മുറിയിലേക്കവൾ ഓടിപ്പോകുന്നത് ഹൃദയം പിടയുന്ന നോവോടെ ഞാൻ നോക്കി നിന്നുപോയി….

ഞാനടുത്തേക്ക് ചെല്ലും മുൻപേ അലോഷിച്ചായാൻ എനിക്കടുത്തേക്ക് വന്നു…

“”മോള് നന്നായിട്ട് പഠിക്ക്…ഞങ്ങളൊക്കെ ഇല്ലേ…പിന്നെ എന്നാത്തിനാ സങ്കടപ്പെടുന്നെ…””

മെല്ലെ എന്റെ മുടിയിൽ തലോടി ചേർത്ത് പിടിച്ചു….അപ്പോഴേക്കും പെട്ടിയൊക്കെ സിദ്ധുവേട്ടന്റെ കാറിലേക്ക് വച്ചിരുന്നു എന്ന് ഞാനറിഞ്ഞു..

“”സിദ്ധുഏട്ടാ”” ഞാൻ മെല്ലെ വിളിച്ചതും എനിക്കടുത്തേക്ക് വന്നു ഒന്നും മിണ്ടാതെ ചേർത്ത് പിടിച്ചു…പറയാനുള്ളതെല്ലാം അതിലുണ്ടായിരുന്നു…ചെയ്തു തന്നതിനൊന്നും തിരികെ നൽകാൻ ഈ ജന്മത്തിൽ എന്റെ കയ്യിൽ ഒന്നുമില്ല എന്ന് ഞാനോർത്തു…

ഞാൻ മെല്ലെ കുഴിമാടത്തിനരികിലേക്ക് നടന്നു…ഉമ്മറപ്പടിയിൽ എന്നിലേക്ക് തന്നെ നീളുന്ന ആ കണ്ണുകളിലെ വേദനകളെ ഞാനറിയുന്നുണ്ടായിരുന്നു…

അച്ഛനും അമ്മയും ഏട്ടനുമുറങ്ങുന്ന മണ്ണിലേക്ക് ഞാൻ മുട്ടുകുത്തിയിരുന്നു…

“”പോകുവാ ഞാൻ….ഈ വീടും നാടും ഒക്കെ വിട്ട്…യാത്ര ചോദിക്കാൻ വന്നതാ…നമ്മൾ ഒരുമിച്ചു കഴിഞ്ഞ ഈ വീട് പോലും ഇനിയെനിക്കില്ലമ്മേ…ഇറക്കി വിടും മുന്നേ ഞാൻ ഇറങ്ങുവാ…ശരീരമേ ഉള്ളൂ മനസ്സ് ദേ മണ്ണിൽ നിങ്ങൾക്കൊപ്പം തന്നെയാ…എത്ര പറിച്ചെടുത്തിട്ടും കൂടെ വരുന്നില്ല…ഭാഗ്യം കെട്ടവളാ ഞാൻ…അടുത്ത ജന്മത്തിലെങ്കിലും ഈ അച്ഛന്റേം അമ്മേടേം മോളായിട്ട് ഈ ഏട്ടന്റെ അനിയത്തിയായിട്ട് ഒരു നൂറു വർഷം ജീവിക്കണം എനിക്ക്….പോട്ടെ ഇനിയിരുന്നാൽ ഈ മണ്ണിലേക്ക് ഞാൻ മരിച്ചു വീഴും…അനുഗ്രഹിക്കണം എന്നെ….””

ഹൃദയം അടർന്നു വീഴുന്ന നോവോടെ ഞാൻ ആർത്തുകരഞ്ഞു പോയി…ആ നിലത്ത് നിന്നും ഒരു പിടി മണ്ണ് മാത്രം വാരിയെടുത്ത് കൈപ്പിടിയിൽ ഞാൻഒതുക്കി വച്ചു..

അനുഗ്രഹിക്കാനെന്നോണം ഒരു തണുത്ത കാറ്റ് ആ നിമിഷം ആഞ്ഞു വീശിയടിച്ചപ്പോൾ ആ കാറ്റിന് പോലും എന്റെ അമ്മയുടെ സുഗന്ധമാണെന്ന് ഞാനറിഞ്ഞു…നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ നിന്നും കണ്ണീരിനെ തുടച്ചു മാറ്റ് ഞാൻ വാടിയൊരു ചിരിയണിഞ്ഞു തിരികെ നടന്നു…

കണ്ണുകളാൽ ജെനിയോടും കാവേരിചേച്ചിയോടും യാത്രപറഞ്ഞു ഞാൻ ഇറങ്ങിയപ്പോൾ കരച്ചിലടക്കാനാകാതെ ജെനി ഓടി വന്നു വീണ്ടും എന്നെ വട്ടം ചുറ്റിപ്പിടിച്ചു…ഇത്രമേൽ സങ്കടം അവൾക്കുണ്ടാകുന്നതെങ്ങനെ എന്ന് ഞാൻ അറിയാതെ ഓർത്തു നിന്ന് പോയി… അലോഷിച്ചായൻ അവളെ അടർത്തി മാറ്റിയപ്പോൾ എന്റെ കൈ കവർന്നവൾ ചുംബിച്ചുകൊണ്ട് തിരികെ നടന്നു….
ഉമ്മറത്തെ തൂണിൽ ചാരി നിന്ന് കൈ വീശി കാവേരി ചേച്ചിയും യാത്രപറഞ്ഞപ്പോൾ അമ്മച്ചി സാരിത്തലപ്പാൽ കണ്ണുകൾ തുടയ്ക്കുന്നത് ഞാനറിഞ്ഞു…

വീണ്ടും ഹൃദയത്തിനുള്ളിൽ വെറുപ്പിട്ട് മൂടിയ സൂരജിന്റെ ഓർമ്മകൾ ഉയർന്നു വരുന്നത് ഞാനറിഞ്ഞു…അത്രമേൽ സ്നേഹിച്ചിരുന്നതുകൊണ്ടാകാം എല്ലാ സങ്കടങ്ങൾക്കൊപ്പവും വേദനകൾക്കൊപ്പവും ആ ഗൗരവം നിറച്ച മുഖവും കുസൃതിചിരിയും കള്ള നോട്ടവുമെല്ലാം എന്റെ കൺകോണിൽ മിഴിവോടെ തെളിയുന്നതെന്ന് ഞാനോർത്തു…എനിക്ക് മാത്രംതരുന്ന കരുതലും സ്നേഹവും പവിയേന്നുള്ള ആ വിളിയും ഓരോ നിമിഷവും വല്ലാതെ എന്നെ ശ്വാസം മുട്ടിക്കുന്നതായിഞാനറിഞ്ഞു…

ഒരിക്കൽ കൂടി വീട്ടിലേക്കും കുഴിമാടത്തിലേക്കും നോക്കിക്കൊണ്ട് ഞാൻ വണ്ടിയിൽ കയറിയപ്പോൾ ഡ്രൈവിംഗ് സീറ്റിനടുത്തായി സിദ്ധുവേട്ടനൊപ്പം അലോഷിച്ചായനും കയറി…. എല്ലാം ഉപേക്ഷിച്ചു ഞാനെന്റെ വീടിന്റെ പടികളിറങ്ങുമ്പോൾ ഹൃദയം തലതല്ലി കരയുകാണെന്ന് ഞാനറിഞ്ഞു..

കോളേജിന്റെ വലിയ കവാടം കടന്ന് അകത്തേക്ക് കയറിയപ്പോൾ ജീവിതത്തിനു ചില നിറക്കാഴ്ചകൾ തന്ന ഓർമ്മകളിലേക്ക് ഞാൻ നടന്നടുത്തു…വരാന്തകളും അത്തിമരത്തിന്റെ തണലും മണവും ലൈബ്രറിയും കാന്റീനും എന്തോ ഓർമ്മകൾ വല്ലാതെ എന്റെ മനസ്സിനെ കുത്തി കുത്തി നോവിക്കുന്നു എന്ന് ഞാനറിഞ്ഞു….

ടിസി വാങ്ങി ഓഫീസിനു വെളിയിലേക്കിറങ്ങിയപ്പോൾ സിദ്ധുവേട്ടനോട് അനുവാദം ചോദിച്ചു അവസാനമായി ഞാനെന്റെ ക്ലാസ്സിലേക്ക് നടന്നു…ഡിപ്പാർട്മെന്റിൽ കയറി ടീച്ചർസിനോടൊക്കെ യാത്ര ഞാൻ പറഞ്ഞു…അനുരാധ മാം എന്നെ ചേർത്തുപിടിച്ചു…””എല്ലാം നല്ലതിനാ പല്ലവി…ദൈവം നിന്റെ കൂടെ ഉണ്ടാകും “” എന്ന് പറഞ്ഞുകൊണ്ടെന്റെ കവിളിൽ തലോടി…

വരാന്തയിലൂടെ നടന്നപ്പോൾ ആ തടിതൂണുകളിൽ വിരൽ ചേർത്ത് അൽപനേരം ഞാൻ ചേർന്നു നിന്നു…ക്ലാസ്സിലേക്ക് ചെന്നപ്പോൾ ഡെന്നിസാർ പഠിപ്പിക്കുന്നത് ഞാനറിഞ്ഞു…വാതിലിൽ എന്നെ കണ്ടതും സാർ ഇറങ്ങി വന്നു…

“”ഞാൻ കോളേജ് വിട്ട് പോകുവാ സാർ…എല്ലാരോടും ഞാനൊന്ന് പറഞ്ഞോട്ടെ.. “”

പെട്ടന്നാ ഗൗരവമാർന്ന എന്നെ വെറുപ്പോടെയും ദേഷ്യത്തോടെയും മാത്രം നോക്കിയിരുന്ന മുഖം വാടുകയും പതിയെ സമ്മതം പോലെ സാർ വരാന്തയിലേക്ക് ഇറങ്ങി നിൽക്കുകയും ചെയ്തു…

വിദ്യാർഥികളെല്ലാം എന്നിലേക്ക് തന്നെ നോക്കിയിരിക്കുന്നു….അവസാനമായി ഞാനെന്റെ ബഞ്ചിന് ഒരറ്റതായി അല്പനേരത്തേക്ക് ചെന്നിരുന്നു…ശൂന്യമായ മറ്റെ അറ്റം കാൺകെ എനിക്ക് സങ്കടം സഹിക്കൻ കഴിഞ്ഞില്ല… അവിടെ ഇരുന്നല്ലേ സൂരജേ നീയെന്നെ സ്നേഹത്തോടെ നോക്കിരിക്കുന്നത്…വേണ്ട ഒന്നും ഓർക്കാൻ വയ്യെനിക്ക്…

യാത്ര പറഞ്ഞു ഞാൻ ക്ലാസ്സിൽ നിന്നിറങ്ങിയപ്പോൾ എല്ലാവരും സ്നേഹത്തോടെ എന്നെ യാത്രയയച്ചു…പിടിച്ചു വച്ച കണ്ണീർ ക്ലാസിനു വെളിയിലേക്ക് ഇറങ്ങിയപ്പോളേക്കും അടർന്നു വീണുപ്പോയി വരാന്തയുടെ ഒരൊഴിഞ്ഞ മൂലയിൽ നിന്ന് മൗനമായി ഞാൻ കരഞ്ഞു… തോളിലമർന്ന കൈകളുടെ ഉടമയെ അറിയാൻ ഞാൻ തിരിഞ്ഞതും എന്നെ നോക്കി നിൽക്കുന്ന ഡെന്നിസാറിനെ ഞാൻ കണ്ടു…ചിരിയോടെ എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചപ്പോൾ എന്റെ ചുണ്ടുകളും ആ ചിരി പകുത്തെടുത്തു…

ആ നിമിഷം എന്നെ തേടി വീട്ടിലേക്കെത്തിയ സൂരജ് എന്നെക്കാണാതെ പൂട്ടിയിട്ട വീടിന് മുന്നിൽ പരിഭ്രാന്തിയോടെ നിൽക്കുകയാണെന്ന് ഞാനറിഞ്ഞില്ല…എന്നാൽ അവനെയൊന്ന് കാണാൻ ഞാനും വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു..

കോളേജിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ ഗേറ്റ് കടന്ന് അകത്തേക്ക് പാഞ്ഞു വന്ന സൂരജിന്റെ ബുള്ളറ്റ് പാർക്കിങ്ങിലേക്ക് നിർത്തുന്നത് ഞാൻ കണ്ടപ്പോൾ എന്നെ തിരഞ്ഞാണവൻ വന്നതെന്ന് ഞാനറിഞ്ഞു….

എന്തോ അവനോടൊന്ന് സംസാരിക്കണമെന്നും യാത്ര പറയണമെന്നും തോന്നിയെനിക്ക്…

കുറച്ചകലെയായി എന്നെ കാത്തെന്നോണം സിദ്ധുഏട്ടനും അലോഷിച്ചായനും നിൽക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു..

അവനടുത്തേക്ക് നടന്നടക്കുമ്പോളും ഉയിര് പിടയുന്ന നോവിൽ ഞാൻ വിറയ്ക്കുകയായിരുന്നു… എന്നെ കണ്ടതും അവനെനിക്കരികിലേക്ക് വെപ്രാളത്തോടെ ഓടി വരുന്നുണ്ടായിരുന്നു…

“”പോകുവാല്ലേ പവിയേ…””

ആ ശബ്ദം നേർത്തിരുന്നു…ഞാൻ കണ്ണെടുക്കാതെ ആ മുഖത്തേക്ക് മാത്രം നോക്കി നിന്നുപോയി…കുറച്ച് ദിവസം കൊണ്ട് ആളാകെ മാറി താടിയും മുടിയും ഒക്കെ വല്ലാതെ വളർന്നിരിക്കുന്നു…

“”പോകുവാ സൂരജേ…ഈ നാടും വീടും ഒക്കെ ഉപേക്ഷിച്ച്‌ പോകുവാ ഞാൻ…””

“”എന്നേയും നീ ഉപേക്ഷിച്ചോ പവിയേ…””

എന്റെ ഹൃദയം വേദനയാൽ വീർത്തു പൊട്ടുന്നപോലെ…ആ നെഞ്ചും പിടയുകയാണെന്ന് ഞാനറിഞ്ഞു…

“”നിന്നെ അത്രക്ക് സ്നേഹിക്കുന്നു സൂരജേ ഞാൻ…ചിലപ്പോൾ നീയെന്നെ സ്നേഹിക്കുന്നതിനേക്കാൾ നൂറിരട്ടി…പക്ഷേ നിന്നെക്കാണുമ്പോഴൊക്കെ എന്റെ അമ്മേടെ കണ്ണീരും ആ മുഖവും ഒക്കെ ഓർമ്മ വരുവാ….ക്ഷമിക്കാൻ പറ്റണില്ലടോ എനിക്ക്….ഇങ്ങനെ പിന്നാലെ തടസ്സമായിട്ട് ഒരു ശല്യമായിട്ട് ഇനി താൻ വരല്ലേ…എന്നെ മറക്കണം ആ പഴയ സൂരജ് ആവണം താൻ..എന്റെ അപേക്ഷയാടോ ഇത്…””

ആ വാക്കുകൾ കൊടുത്ത നോവിനാൽ ചലനമില്ലാതെ ജീവനറ്റ ഹൃദയവുമായി നിൽക്കുന്ന അവനെ നോക്കാനാകാതെ തലകുനിച്ചു ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് നിന്നു…

“”പൊക്കോ…നിന്റെ സന്തോഷമാ പവിയേ എനിക്ക് വലുത്…നിന്നേ മറക്കാനൊന്നും എന്നെക്കൊണ്ട് പറ്റത്തില്ലടീ..നിന്നോട് മാത്രം എനിക്ക് വല്ലാത്ത ഇഷ്ടമാ…ഇനി ഞാൻ തെറ്റൊന്നും ചെയ്യത്തില്ല പവീ എന്നെ വിട്ട് നീ പോകല്ലേ….””

വയ്യ സഹിക്കാൻ പറ്റാത്ത സങ്കമാണെനിക്ക്…അവനും ചിലപ്പോൾ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു പോകും…

അടുത്ത നിമിഷം അവനിലേക്ക് ചേർന്ന് നിന്ന് അവന്റെ മുഖം കൈക്കുമ്പിളിലെടുത്ത് ആ നെറുകയിൽ ഞാൻ അമർത്തി ചുംബിച്ചു…

എന്റെ ചുംബനവും ഏറ്റുവാങ്ങി കണ്ണുകളടച്ച് തലകുമ്പിട്ടവൻ നിൽക്കുകയാണ്…ഒരു വേള ആ കൈകൾ എന്നെ അവസാനമായി ഒന്ന് പൊതിഞ്ഞു പിടിക്കാനും ചേർത്ത് നിർത്താനും ഞാൻ കൊതിച്ചു പോയി…എന്നാൽ ആ കൈകൾ ഉയർന്നില്ല ചലനമില്ലാതെയവൻ നിൽക്കുകയാണെന്ന് ഞാനറിഞ്ഞു…

“”സൂരജേ…””

ഞാൻ വിളിച്ചപ്പോൾ പെട്ടന്നവൻ തല ഉയർത്തി…ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നു…

“”അവസാനമായി ആ നെഞ്ചിലേക്ക് എന്നെയൊന്ന് ചേർത്ത് പിടിക്കാമോ…അല്ലേൽ ചങ്ക് പൊട്ടി മരിച്ചുപോകും സൂരജേ ഞാൻ….””

കാത്തിരിക്കണേ…