നീ…. ~ എഴുത്ത് : NIDHANA S DILEEP
അറിഞ്ഞോ…ചെമ്പോത്തെ പെണ്ണിന്റെ വയറ്റിലുണ്ടെന്ന്….
ചായ പുറത്തേക്ക് തെറിക്കും വിധം ഗ്ലാസ് ഡെസ്കിലേക്ക് വെച്ച് രാമേട്ടൻ പറഞ്ഞു.
ഏത്..നമ്മടെ ഗൗരി കുഞ്ഞിനോ….
ദൈവ ദോഷം പറയല്ലേ….രാമേട്ടാ…ആ കുട്ടി ഒരാൾടെ മുഖത്ത് നോക്കുന്നത് പോലും കണ്ടിട്ടില്ല…
ആ…അങ്ങനെത്തെ കുട്ട്യോളെ തന്ന്യാ സൂക്ഷിക്കേണ്ടത്…
പറയടീ…..പെഴച്ചവളേ….ആരുടേതാടീ…ഈ ഗർഭം…
ജയരാജാ……വയറ്റിലുള്ള കൊച്ചാ…ഇങ്ങനെ തല്ലല്ലേ…..
അമ്മയാ ഈ നശിച്ചവളെ ലാളിച്ച് വഷളാക്കിയേ…തറവാടിന് മാനക്കേട് ഉണ്ടാക്കാനായിട്ട്…അന്നേ ജയേട്ടനോട് പറഞ്ഞതാ തന്തേം തള്ളേം ചത്തതിനെ ഒന്നും ഏറ്റെടുക്കെണ്ടാന്നു…ചത്ത് തൊലഞ്ഞ ഒടപ്പെറന്നോളോട് സ്നേഹം കാണിച്ചിട്ടെന്തായി….
എന്റെ സത്യേ…നീ ഒന്നു പതുക്കെ പറ…അപ്പുറത്തും ഇപ്പുറത്തുള്ളോരെം കൊണ്ട് പറയിക്കല്ലേ….
അറിയാനായിട്ട് ഇനി ആരും ബാക്കിയില്ല….
ശ്ശ്….നോവുന്നു അമ്മമ്മേ…..
ബെൽറ്റിന്റെ പാടിൽ അമ്മമ്മ തൊട്ടപ്പോൾ കൈ വലിച്ചു.
ഗൗരീ….അമ്മമ്മയോട് പറയ്….ആരാ കുട്ടിയോടിത് ചെയ്തേ…ആരേലും ചതിച്ചതാണോ……
ഉലഞ്ഞ മുടി കോതി ഒതിക്കി കൊണ്ട് അമ്മ്മ ചോദിച്ചു.
കരയാതെ പറയ് കുട്ടീ…..
അമ്മയ്ക്ക് വേറെ പണിയൊന്നു മില്ലേ…ജയേട്ടൻ ബെൽറ്റോണ്ട് അടിച്ചിട്ട് ഇരുന്നു മോങ്ങിയതല്ലാതെ ഒരക്ഷരം മിണ്ടീട്ടില്ല നാശം പിടിച്ചവൾ…എന്റെ കുട്ടീ…എന്റെ കുട്ടീന്നു പറഞ്ഞ് ഇനിയും ഒക്കത്ത് വെച്ച് നടക്ക്….യദു വരട്ടേ..എന്നിട്ട് ഇവളെ ഇവ്ട്ന്ന് അടിച്ചിറക്കാൻ…
എവിടെ പോവാനാ ഇവള് സത്യേ…പാപം കിട്ടും….
വേണ്ടാ…വല്ലോന്റേം വിഴുപ്പ് ചൊമക്കുന്ന ഇവള് പ്രസവിച്ചാ ഈറ്റ് ഞാനെട്ക്കാ….
കട്ടിലിൽ കൂനിയിരുന്ന് തേങ്ങി കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല…
പച്ച വെള്ളം കൊടുത്ത് പോവര്ത് ഇവൾക്ക്…..
ഈ പാപമൊക്കെ നീ എവ്ടെയാ കൊണ്ട് വെക്കുവാ..സത്യേ…വയിററിലുള്ള കുഞ്ഞിനെയെങ്കിലും ഓർത്തൂടെ…
പാപം കിട്ടുവാണേൽ ഞാൻ സഹിച്ചോളാം…..
വാതിൽ വലിച്ചടച്ച് താക്കോലിട്ട് പൂട്ടുന്ന ശബ്ദം കേട്ടു.മുറിയിൽ ഇരുട്ട് പടർന്നു.തുറന്നിട്ട ജനലിൽ കൂടി നിലാവിന്റെ അരണ്ട വെളിച്ചം അരിച്ചിരങ്ങി.മുടിയെ ഒന്നുകൂടി ഉലച്ച് കൊണ്ട് കാറ്റ് വീശി.ജനലഴിയിൽ പിടിച്ച് വലത് കൈ വയറിൽ വെച്ച് പൂർണ ചന്ദ്രനെ നോക്കി നിന്നു
××××××××××××××××××××××××××××
കാവിലെ എണ്ണയിൽ കുതിർന്ന തിരി കത്തിച്ച് കൈയിലെ ബാക്കി എണ്ണ തലയിൽ ഉരച്ചു.പ്രാർത്ഥിക്കവേ പിറകിലാരോ പോലെ
ആരാ…ഇത് തറവാട്ട് വക കാവാ…എല്ലോർക്കൊന്നും വരാൻ പറ്റില്ല….
ഞാൻ….
പേരും നാളുമൊന്നും അറിയേണ്ട…വരുത്തനാണെന്ന് മനസിലായി.മ്ം…പൊക്കോ…ഇപ്രാവിശ്യത്തേക്ക് ക്ഷമിക്കുന്നു.മേലാൽ കാവിൽ കേറരുത്….
കൈ ഉയർത്തി തടഞ്ഞു കൊണ്ടു പറഞ്ഞു.
നോക്കി ചിരിക്കുന്നോ…ഇയാൾക്ക് ചെവി കേൾക്കില്ലേ….
കേൾക്കാം….
എന്നാ പോയ്ക്കോ…
ഇയാളോട് എത്ര ദിവസായി ഞാൻ പറയണു…ഇവിടെ വരരുത് ന്നു…
എന്ത് പറഞ്ഞാലും ചിരിച്ചോണ്ട് നിന്നോളും….
അതിന് ഞാൻ കാവിൽ കേറിയില്ലാലോ…പുറത്തല്ലേ നിന്നത്….
സംസാരം കാറ്റ് പോലെയെങ്കിലും ഹൃദയത്തിൽ തറിക്കുന്ന പോലെ…ചിരിയും നോട്ടവുമെല്ലാം ചങ്കിലെ പിടപ്പ് കൂട്ടുന്നു.അത് മനസിലാവാതിരിക്കാൻ പാടുപ്പെട്ടു.
ഗൗരീ……..
ആ പിൻവിളിയിൽ അറിയാതെ നിന്നു.
നിനിക്കായ് കൊണ്ട് വന്നതാ….
ഇലകുമ്പിളിൽ ഞാവൽപ്പഴങ്ങൾ.കണ്ണുകൾ തിളങ്ങിയെങ്കിലും മറച്ചുപിടിച്ചു.
എനിക്കെങ്ങും വേണ്ടാ…വല്ല കൂടോത്രോം ചെയ്തിട്ടുണ്ടേലോ…ഉദ്ദേശമെന്താന്നു ആർക്കറിയാം….
മുഖം വാടി.ഞാവൽപ്പഴങ്ങൾ താഴേക്കെറിഞ്ഞ് നടന്നുപ്പോയി.പോയീന്നു ഉറപ്പാക്കിയിട്ട് ഞാവൽപ്പഴങ്ങൾ പൊറുക്കിയെടുത്തു.കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി.കണ്ണുകളടച്ച് ആസ്വദിച്ച് കഴിച്ചു.
എന്നും വരുന്ന സമയമായിട്ടും ആ ആളെ കണ്ടില്ല.ചുറ്റും നോക്കി.മരങ്ങളും പാമ്പ് പോലെ തൂങ്ങി കിടക്കുന്ന വള്ളികളും കാറ്റിന്റെ മൂളക്കവുമല്ലാതെ വേറെ ഒന്നുമില്ല.
എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു.എന്തോ ഒന്നു കളഞ്ഞ് പോയത് പോലെ.കണ്ണുകൾ തിരഞ്ഞു കൊണ്ടിരുന്നു.
ഇയാള് തന്നെ തിന്നോ….എനിക്ക് വേണ്ടാ…..
നീട്ടിയ ഇലകുമ്പിളിലെ ഞാവൽപ്പഴം തട്ടി മാറ്റി.ചിരി മാത്രമായിരുന്നു ഉത്തരം. ഞാവൽപ്പഴം പിന്നേം നീട്ടി
വേണ്ടാന്നു പറഞ്ഞില്ലേ….
ആരും കാണാതെ രാമേട്ടന്റെ കടയുടെ അടുത്തുള്ള ഞാവൽ മരത്തിൽ നിന്നും കട്ട് പറിച്ച് കഷ്ടപ്പെടേണ്ടന്നു വെച്ചാ കൊണ്ടു തന്നത്…
ഇയാൾക്ക് എങ്ങനെ അറിയാം അത്…
ഞാൻ കാണാറുള്ളത് കൊണ്ട്….
എങ്ങനെ….
വാ…നമുക്ക് അവിടെ ഇരിക്കാം….
എന്റെ പേര് ഗൗതം.രാമേട്ടന്റെ കടയുടെ മുകളിൽ വാടകയ്ക്ക് താമസിക്കുകയാണ്.
എന്തിനാ അവിടെ താമസിക്കുന്നത്
കഥ എഴുതാൻ…ഒരു ദിവസം ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഒരു പെണ്ണ് ചുറ്റും നോക്കി ഞാവൽപ്പഴം കട്ടു പറിക്കുന്നു.എന്നിട്ട് ബാഗിലിട്ട് പാവത്തിനെ പോലെ നടന്നു പോവുന്നു.സ്ഥിരം കാഴ്ച ആയപ്പോൾ അവളെ പറ്റി അറിയാനൊരാഗ്രഹം. അങ്ങനെയാ ഈ കാവിൽ എത്തിയത്.
പാവം..വിരൽ വായിലിട്ടാ കടിക്കാത്ത കുട്ടീന്നൊക്കെയാ എല്ലാരും പറഞ്ഞത്…
വയലറ്റ് നിറമായ നാവ് പുറത്തിട്ട് കൊഞ്ഞനം കുത്തി.
ഗൗരീ……
മ്ം….
എന്നെത്തേയും പോലെ ഞാവൽപ്പഴം തിന്നുന്ന തിരക്കിലായിരുന്നു.
നിന്റെ ആരാണ് ഞാൻ…..
ആരാണ് ഗൗതം…അറിയില്ല….
ഗൗരീ… ഞാൻ ഇത്രയും നാൾ അന്വേഷിച്ച് നടന്ന പ്രണയമാണ് നീ….എന്റേതാവാൻ വിധിച്ചവൾ….
നിർത്ത് ഗൗതം….ഇങ്ങനെ ഒരു മനസോടെ ആണോ എന്നോട് മിണ്ടാൻ വന്നത്…ഇനി ഇവ്ടെ വരണ്ടാ…എന്നോട് സംസാരിക്കുകേം വേണ്ട…
ഞാവൽപ്പഴങ്ങൾ നിലത്തേക്ക് എറിഞ്ഞ് ഓടി.
പിന്നെ കണ്ടപ്പോഴൊക്കെ കാണാത്ത പോലെ മാറി നടന്നു.ഗൗരീന്നു വിളിച്ചിട്ടും തിരിഞ്ഞ് നോക്കാതെ നടന്നു.ഞാവൽപ്പഴങ്ങൾ മരച്ചുവട്ടിൽ വെച്ചിട്ട് പോവും.അത് ഒന്നു നോക്കുക പോലും ചെയ്യാതെ നടന്നു.പിന്നീട് അതും കാണാതായി.
കണ്ണുകൾ ചുറ്റും പരതി.നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു.
പോട്ടെ എങ്ങോട്ടെങ്കിലും.ഗൗരിക്ക് ആരേം വേണ്ടാ….
എന്നിട്ടും കണ്ണുകൾ തേടിക്കൊണ്ടിരുന്നു.എവിടെയെങ്കിലും ഉണ്ടോ എന്ന് തിരിഞ്ഞ് നോക്കി തന്നെ നടന്നു.
കാവിലെത്തുമ്പോഴേക്കും മാനം ഇരുണ്ടു മൂടി.മിന്നൽ പിണരുകൾ മണ്ണിനെ തൊടും പോലെ…ഇടിയുടെ ശബ്ദം ദിക്കുകളിൽ മുഴങ്ങി.കാവിനെ മൂടിയ ഇലകളെയും ചില്ലകളേയും തുളച്ച് മഴ കാവിലേക്കിറങ്ങി.
കാവിലേക്ക് ഓടി കേറി.കണ്ടത് മഴയിൽ നനഞ്ഞ് നൂലിഴകൾ പിരിച്ച പോലെ ഇണ ചേരുന്ന നാഗങ്ങൾ.
കരിയിലകളുടെ ശബ്ദം വരാതിരിക്കാനായി പതിയെ പിറകോട്ടു നടന്നു.എവിടെയോ തട്ടി നിന്നു.
ഗൗതം…..
അങ്ങോട്ട് നോക്കല്ലേ….
എന്താ നോക്കിയാൽ…
അവ്ടെ….
പറയാനാവാതെ തല കുനിച്ചു….
അവിടെ എന്താ….
കാറ്റു പോലുള്ള ശബ്ദം ഹൃദയത്തെ തുളച്ചു കയറി..
അവ്ടെ നാഗങ്ങൾ ഇണ ചേരുന്നുണ്ട്.നോക്കിയാൽ ശാപം കിട്ടും.
കാവിലേക്ക് പോവാൻ നോക്കിയ ഗൗതമിന്റെ കൈയിൽ പിടിച്ച് വെച്ച് തല കുനിച്ച് കൊണ്ട് പറഞ്ഞു…
എന്ത് ശാപം……
തല കുനിച്ച് മുഖത്തേക്ക് നോക്കി ചോദിച്ചു.
അറിയില്ലെന്ന് തലയാട്ടി.
ഈ ജന്മം ഇണ ചേരാനാവില്ലാന്ന ശാപം…
മഴയിൽ നനഞ്ഞ് ഒട്ടിപ്പിടിച്ച ദാവണിയിൽ മുറുകെ പിടിച്ചു.
എപ്പോഴോ കിട്ടിയ ധൈര്യത്തിൽ മുന്നോട്ടു നടന്നു.അപ്പോഴേക്കും കൈയിൽ പിടിച്ച് വലിച്ച് അടുത്തായി നിർത്തി….
വിട്…ഇത്രയും നാള് എവ്ടെ ആയിരുന്നു…എന്നെ വേണ്ടായിരുന്നല്ല.ഇപ്പോ എന്തിനാ വന്നേ….
ആരു പറഞ്ഞു വന്നില്ലാന്നു.എന്നും ഞാൻ ഇവിടെ ഉണ്ടായിരുന്നു.നിന്റെ ഈ കണ്ണിനുള്ളിലെ ഞാവൽപ്പഴങ്ങൾ എന്നെ തിരഞ്ഞ് തെന്നിക്കളിക്കുന്നത് കാണാൻ വേണ്ടി മാത്രം മുന്നിൽ വന്നില്ലെന്നു മാത്രം.
നിന്റെ ഓരോ മുഖഭാവവും ചലനവും ആസ്വദിച്ച് ഞാൻ ഇവിടെ ഉണ്ടായിരുന്നു.
മുഖം കൈകുമ്പിളിലെടുത്ത് മഴയിലും കണ്ണീരിലും ഒലിച്ചിറങ്ങിയ കൺമഷി രണ്ടു തള്ള വിരലാൽ തുടച്ചു കൊണ്ടു പറഞ്ഞു.
നേർത്ത ശബ്ദം എന്നിലെ കള്ളത്തരം കണ്ടുപിടിക്കുമെന്നു തോന്നിയതും ആ നെഞ്ചിൽ മുഖം മറച്ചു.രണ്ടു പേരേയും നനച്ചു കൊണ്ട് മഴ പെയ്തിറങ്ങി.ഉടലുകളും ചുണ്ടും തണുത്തു വിറച്ചപ്പോൾ ഗാഢമായ ആശ്ലേഷണത്താൽ പ്രതിരോധിക്കാൻ ശ്രമിച്ചു.വിരലുകൾ എന്തിനെന്നില്ലാതെ പരതി നടന്നു.
പെട്ടെന്നുള്ള ചിന്തയിൽ രണ്ടു പേരും വേർപ്പെട്ടു.കണ്ണുകൾ ഇടഞ്ഞു.മുഖങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു.ചുണ്ടിലെ ചുവപ്പിനെ സ്വന്തമാക്കി.ധാവണിയുടെ സ്ഥാനം തെറ്റിച്ചു.ഗൗതമിന്റെ പുറത്ത് പ്രണയം കൊണ്ട് പോറി.തളർന്ന് ഗൗതമിന്റെ നെഞ്ചിലേക്ക് കിടന്നു.
മരചുവട്ടിലിരുന്ന ഗൗതമിന്റെ നെഞ്ചിൽ ചാരി കിടന്നു.കണ്ണുകൾ അടച്ചു.ധാവണി തുമ്പ് വിട്ടകലുന്നതറിഞ്ഞു.ഗൗതമിന്റെ താടി തുമ്പിൽ നിന്നും മഴ വെള്ളം കഴുത്തിലേക്ക് ഉറ്റി വീണു.മഴത്തുള്ളി മണ്ണിൽ ലയിക്കും പോലെ ഗൗതമം എന്നിലേക്ക് ചേർന്നു.
×××××××××××××××××××××××××××
ഇന്നാ ഭക്ഷണം….
വിശപ്പില്ലാ….വയറ്റിൽ കൈ വച്ചു.ഗൗതമിന്റെ അംശം…ഞങ്ങളുടെ പ്രണയം…ഞങ്ങളുടെ കുഞ്ഞ്…
പാത്രത്തിൽ നിന്നും ഭക്ഷണത്തിന്റെ മണമടിച്ചതും എന്തോ തികട്ടി വന്നു.
നാശം…അവ്ടെ ശർദിച്ചുന്നാ തോന്നണേ….
കുട്ടിക്ക് വേണ്ടായിത്താവും…
ഇഷ്ടം ഉള്ളതൊക്കെ ഉണ്ടാക്കി കൊടുക്കാൻ നാലാളറിയേ കെട്ടിച്ചയച്ചതല്ലല്ലോ…
ഒന്നാണോ…ഒന്നിൽ കൂടുതൽ ആളുകളുണ്ടോന്ന് ആർക്കറിയാം..
കണ്ണുകൾ അടച്ച് ചെവി പൊത്തിപ്പിടിച്ചു.
ആരോ വാതിൽ തുറന്നു.അമ്മമ്മ..
ഗൗരീ..അവര് യദൂനെ കൂട്ടാൻ പോയിരിക്കാണ്.നീ വേഗം എവിടേക്കെങ്കിലും പോ..അവൻ വന്ന നിന്നെ കൊല്ലും…സത്യേടെ സ്വഭാവാ അവന്..അതും കൂടി കാണാൻ ഈ കിഴവിക്ക് വയ്യ..ഇത് കുറച്ച് പൈസയാ..തൽക്കാലം അച്ഛന്റെ തറവാട്ടിലേക്ക് പോയിക്കോ….
ഗൗതം………എവ്ടേയാ……..
ഗൗതം………
ശബ്ദം കാവിൽ മുഴങ്ങി…
കരഞ്ഞു തളർന്നു മര ചുവട്ടിൽ ഇരുന്നു.
എന്നെ ചതിക്കുവാണോ…ഗൗതം…
ആരുടെയോ കാൽപാദം….
ഗൗതം……
എവ്ടേ പോയതാ..എന്നെ ഒറ്റക്കിക്കീട്ട്….എവ്ടെയൊക്കെ അന്വേഷിച്ചു….
സങ്കടം തീരും വരെ ഗൗതമിന്റെ നെഞ്ചിലും കൈയിലുമെല്ലാം അടിച്ചു.
മുഖത്ത് ചുംബനം കൊണ്ട് മൂടി…
എവ്ടേയാ ഗൗതം പോയേ…ഞാൻ പേടിച്ച് പോയി…
നാട്ടിൽ പോയതാഅമ്മയ്ക്ക് സുഖമില്ലാന്നു ഫോൺ വന്നിട്ട്.ആ ടെൻഷനിൽ പറയാൻ പറ്റിയില്ല…
ഇത് കണ്ടോ ഗൗതം….
തല്ലിയ പാട് കാണിച്ച് കൊച്ചു കുഞ്ഞിനെപ്പോലെ പരിഭവിച്ചു.
ആരാ …തല്ലിയേ…..
തൊടല്ലേ…നീറുന്നു….അമ്മാവൻ തല്ലിയതാ..ബെൽറ്റോണ്ട്…
എന്തി വലിഞ്ഞ് ഗൗതമിന്റെ കഴുത്തിലുടെ കൈയിട്ട് നെഞ്ചിൽ മുഖം അമർത്തി.
എന്തിന്…….
വേദനയും ദേഷ്യവും എല്ലാമുണ്ടായിരുന്നു.
ഇവ്ടെ ഒരാളുണ്ട്…
ഗൗതമിന്റെ കൈ വയറ്റിൽ ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു.
ഞാനറിഞ്ഞു ചായക്കടയിൽ നിന്ന്.ഒരു പാട് നൊന്തോ…..
സാരല്ലാ….ഗൗതം വന്നല്ലോ….
നിനിക്ക് എന്റെ പേര് പറഞ്ഞൂടായിരുന്നോ….എന്തിനാ തല്ല് വാങ്ങിച്ചേ….
എല്ലായിടത്തും അന്വേഷിച്ചു.എവ്ടേയും കണ്ടില്ല.എന്നെ പറ്റിച്ചോന്നു പോലും ചിന്തിച്ചു പോയി.അതാ….
ഗൗതം നെറ്റിയിലും കവിളിലും മാറി മാറി ഉമ്മ വച്ചു.നിലത്ത് മുട്ടു കുത്തിയിരുന്നു. വയറിലെ ധാവണി മാറ്റി അമർത്തി ഉമ്മ വച്ചു.മുഖം അങ്ങനെ തന്നെ വച്ച് കുറേ സമയം ഇരുന്നു.കണ്ണുകളടച്ച് ആ ചുംബനങ്ങളെല്ലാം സ്വീകരിച്ചു.
മരചുവട്ടിൽ ഗൗതമിന്റെ മടിയിൽ ചുരുണ്ടു കൂടി യിരുന്നു.നെഞ്ചിൽ മുഖം വെച്ചു.
അമ്മയോട് പറഞ്ഞിട്ടുണ്ട് നിന്നെയും കൂട്ടി വരുമെന്ന്.
ആ കാവും കടന്ന് ഗൗതമിന്റെ കൈ പിടിച്ച് നടന്നു.