അച്ഛന്റെ മകള്‍
എഴുത്ത്: ദീപ്തി പ്രവീൺ
അച്ഛാ എനിക്ക് അമ്മയെ ഒന്നു കാണണം…” മടിച്ചു ,മടിച്ചു ഞാനത് പറഞ്ഞപ്പോള്‍ വിശ്വസിക്കാനാവാത്തത് പോലെ അച്ഛന് എന്നെയൊന്നു നോക്കി…. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാത്ത ഞാന്‍ അതുപറഞ്ഞതിന്റെ അങ്കലാപ്പിലാണെന്നു തോന്നുന്നു … കുറച്ചു സമയം അച്ഛന് മൗനം പാലിച്ചു…
ക്ലാസിലെ മറ്റു കുട്ടികളുടെ അമ്മമാരെ പറ്റി വാതോരാതെ പറയുമ്പോഴൊക്കെ ഇതേ മൗനം കൊണ്ട് അച്ഛന് പ്രതിരോധം തീര്‍ത്തത് കൊണ്ട് ഒരിക്കലും അച്ഛനോട് എനിക്ക് എന്തേ അമ്മയില്ലാത്തത് എന്നു ചോദിക്കാന്‍ കഴിഞ്ഞിട്ടില്ല… അല്ലെങ്കിലും അമ്മയില്ലലോ എന്നോര്‍ത്ത് സങ്കടപെടാനുള്ള ഒരു അവസരവും അച്ഛന് ഉണ്ടാക്കി തന്നിട്ടില്ലെന്നതാണ് സത്യം…
അമ്മയുമായി ബന്ധപെട്ട എല്ലാ ചുറ്റുപാടില്‍ നിന്നും തന്നെ അകറ്റി നിര്‍ത്താന്‍ അച്ഛന് എപ്പോഴും ശ്രദ്ധിച്ചിരുന്നു…. ഏഴില്‍ പഠിക്കുമ്പോള്‍ ഒരു കല്യാണത്തിന് പോയപ്പോഴാണ് ആദ്യമായി അമ്മയെ പറ്റി അറിയാന്‍ അവസരം ഉണ്ടായത്…..
ഈ തങ്കകുടം പോലെയുള്ള കൊച്ചിനെയും പൊന്നു പോലത്തെ ഭര്‍ത്താവിനെയും വേണ്ടെന്നു വെച്ചിട്ടു പോയ ദേവിക എത്ര മണ്ടിയാണെന്നാ ഞാന്‍ ഓര്‍ക്കുന്നത്..
തന്നെ ഉറ്റു നോക്കി കൊണ്ട് അവര്‍ പറയുമ്പോള്‍ ഉന്നം താന്‍ തന്നെയാണെന്നു ഉറപ്പിച്ചു കൊണ്ട് നോട്ടം അകലേയ്ക്ക് മാറ്റി കാതുകള്‍ കൂര്‍പ്പിച്ചു…
” കല്യാണത്തിന് മുന്നെ ഉണ്ടായിരുന്ന ബന്ധമായിരുന്നൂത്രേ… അല്ലെങ്കില്‍ തന്നെ കല്യാണത്തിന് മുന്നെ മിക്ക പെണ്‍കുട്ടികളും ആരോടെങ്കിലും ചിരിച്ചൂന്നും മിണ്ടീന്നുമൊക്കെ ഇരിക്കും….. എന്നു കരുതി കല്യാണം കഴിഞ്ഞു ഒരു കൊച്ചും ഉണ്ടായ ശേഷം അവന്റെ കൂടെ പോകണോ… ”
” അതന്നെയാ ഞാനും പറയുന്നത്… ആ മോഹന്‍ എത്ര കഷ്ടപെട്ടാ കൊച്ചിനെ നോക്കുന്നത്… കഴിഞ്ഞ തവണ കണ്ടപ്പോഴും ഞാന്‍ അവനോട് മറ്റൊരു വിവാഹം കഴിക്കാന്‍ പറഞ്ഞതാണ്….. രണ്ടാനമ്മ വന്നാല്‍ എന്റെ കൊച്ചിനെ കഷ്ടപെടുത്തിയാലോ ഏട്ടത്തി… ഇത് ഇങ്ങനെയങ്ങ് പോകട്ടെന്നാ അവന് പറയുന്നത്… ഉള്ളത് ഒരു പെണ്‍കൊച്ചല്ലിയോ…. നാളെ അതിനെ ഒരുത്തന്റെ കൈ പിടിച്ചു കൊടുത്തു കഴിഞ്ഞാല്‍ അവന്റെ ഭാവി എന്താവും…. മുന്‍പ് അവനെ കാത്തിരുന്ന ഒരു പെണ്ണ് ഉണ്ടായിരുന്നൂ … അന്ന് പ്രാരാബ്ധങ്ങളുടെ പേര് പറഞ്ഞാ ഇവളെ കെട്ടിയത്… ഇത് ഇങ്ങനെയുമായി…”
അവരുടെ പരദൂഷണസദസ്സില്‍ ഞാന്‍ ഒരു ചൂടുളള ചര്‍ച്ചാ വിഷയമായെങ്കിലും അവരില്‍ നിന്നും ഞാനെന്റെ ജീവിതം മനസ്സിലാക്കുകയായിരുന്നു….
മറ്റുള്ള കുട്ടികളുടെ അമ്മയെ കാണുമ്പോള്‍ അമ്മയെന്ന രൂപം എനിക്ക് ശൂന്യമാണെല്ലോന്നു ഓര്‍ത്തിട്ടുണ്ട്….. അച്ഛന്റെ മൗനം അമ്മയുടെ മരണമാണ് എന്നായിരുന്നു അതുവരെ വിശ്വസിച്ചിരുന്നത്…തന്നെയും അച്ഛനെയും കളഞ്ഞിട്ടു പോയ സ്ത്രീയാണ് അവര്‍ എന്നത് എന്നില്‍ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. വേണ്ടാത്തതല്ലെ നമ്മള് വലിച്ചെറിയുന്നത്.. അപ്പോള്‍ അമ്മയ്ക്ക് ഞാന്‍ വേണ്ടാത്ത വസ്തു ആയിരുന്നോ. ? അമ്മയെന്നാല്‍ സ്നേഹം എന്നു മാത്രം കരുതിയിരുന്ന എനിക്ക് ആദ്യമായി ആ വാക്കിനോട് അറപ്പ് തോന്നി. സമൂഹത്തിന് മുന്നില്‍ സഹതാപബിന്ദുവായി തന്നെ വലിച്ചെറിഞ്ഞ ക്രൂരയായ സ്ത്രീ.
അതോടു കൂടി അമ്മയുമായി ബന്ധപെട്ട എല്ലാത്തില്‍ നിന്നും ഞാന്‍ സ്വയം മാറി നിന്നു… കാലങ്ങള്‍ എന്നിലും സ്നേഹത്തിന്റെ പല മുഖങ്ങള്‍ കാട്ടി തന്നപ്പോള്‍ പ്രായം പക്വതയിലൂടെ കൈ പിടിച്ചു നടത്തിയപ്പോള്‍ അമ്മയുടെ തെറ്റിനെ സ്വയം നിസാരവല്ക്കരിക്കാന് ശ്രമിച്ചു… അവരുടെ അവസ്ഥ അതായിരിക്കാം എന്നു ചിന്തിച്ചു…
അച്ഛന്റെ തണലില്‍ അമ്മയെന്ന കനല് ചൂട് മാഞ്ഞു പോയിരുന്നു….
അച്ഛന്റെ ആഗ്രഹം പോലെ പഠിച്ചു വക്കീലായി… അത്യാവശ്യം പേരും പണവുമായപ്പോള്‍ അമ്മയെ തേടി പോകുകയാണെന്നു അച്ഛന് കരുതുന്നുണ്ടാകും…
” നിനക്ക് കാണണമെങ്കില്‍ പോയി കാണാം. നീ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയാണ്. ഇഷ്ടമുള്ള തീരുമാനമെടുക്കാം. ഇഷ്ടമുള്ളതുപോലെ ജീവിക്കാം. അവര്‍ എവിടെയാണെന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ അന്വേഷിച്ചിട്ടില്ല. ”
അച്ഛന്റെ ശബ്ദത്തില്‍ വേദന നിറഞ്ഞിരുന്നു… തന്റെ ചിറകിന് കീഴില്‍ നിന്നും കുഞ്ഞിക്കിളി പറന്നു പോകുമ്പോള്‍ അമ്മകിളിക്കുണ്ടാകുന്ന വേദന.
” അതൊക്കെ ഞാന്‍ കണ്ടെത്തിക്കോളാം. അച്ഛന് അതിനെ പറ്റി വേവലാതിപെടേണ്ട.. ” അച്ഛന്റെ സങ്കടം ശ്രദ്ധിക്കാതെ ഞാന്‍ അത് പറയുമ്പോള്‍ അച്ഛന്റെ തല കുനിഞ്ഞു തന്നെയിരുന്നു.
അമ്മ അച്ഛനെ പറ്റി വല്ലതും മോശമായി പറയുമെന്ന ആശങ്കയാണോ അച്ഛന്. അതോ അച്ഛനെ താന്‍ വെറുക്കുമോ എന്ന ഭയമോ.
വെറുതെ അച്ഛന്റെ മനസ് വായിക്കാന്‍ ശ്രമിച്ചു. കൂടുതല്‍ ഒന്നും പറയാതെ കുനിഞ്ഞ ,ശിരസ്സോടെ അച്ഛന് അകത്തേക്ക് പോയി.
തുടര്‍ന്നുള്ള ദിവസങ്ങള്‍ തിരക്കിന്റേതായിരുന്നു. എന്റെ കല്യാണകാര്യത്തെ പറ്റി നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞിരുന്ന അച്ഛന് അതൊക്കെ മറന്ന മട്ടാണ്… എന്നോടുള്ള സംസാരം കുറച്ചു.. രാവിലെ ജോലിക്ക് പോകും.. വൈകുന്നേരം വന്നാല്‍ അടുക്കളയില്‍ അത്യാവശ്യം പണികള്‍ കഴിഞ്ഞാല്‍ നടക്കാന്‍ പോകും.. തിരികെ വരുന്നത് രാത്രിയാണ്. ഒരുമിച്ചാണ് ഭക്ഷണം. അപ്പോഴും അധികം സംസാരമില്ല. അച്ഛന് മനപൂര്‍വ്വം എന്നില്‍ നിന്നും അകലുന്നതു പോലെ.
” തനിക്ക് എന്തു പറ്റിയെടോ.. വല്ലാത്ത മാറ്റം.”
അച്ഛന്റെ അടുത്ത സുഹൃത്താണ്. സുരേഷങ്കിള് . ഞാന്‍ വന്നത് അറിഞ്ഞിട്ടില്ല. ഇരുവരും തെക്കുവശത്തെ മുറ്റത്ത് കസേരയിട്ട് ഇരിക്കുകയാണ്.. അവധിദിവസം ഇതു പതിവ് കാഴ്ചയാണ്.
”മക്കള്‍ തന്നോളം വളര്‍ന്നാല്‍ താനെന്നു വിളിക്കണം എന്നല്ലേടോ..
ജാനി കഴിഞ്ഞ ദിവസം ദേവികയെ കാണണം എന്ന് എന്നോട് ആവശ്യപെട്ടു.. ”
” എന്നിട്ട് താനെന്തു പറഞ്ഞു..”
” ഞാനെന്തു പറയാന്‍. പോയി കാണാന്‍ പറഞ്ഞു. അവള്‍ക്ക. സ്വയം ചിന്തിക്കാനും പ്രവൃത്തിക്കാനുമുള്ള പ്രായമായില്ലേടോ. എനിക്ക് പഴയതുപോലെ അടക്കിപിടിച്ചു വളര്‍ത്താന്‍ പറ്റുമോ. ?
അവള് ഒരു പെണ്കുട്ടിയല്ലേ…എപ്പോഴായാലും അമ്മയെന്ന ചിന്ത വരാതെയിരിക്കുമോ .? ”
അച്ഛനില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു..
” ഇതൊക്കെ മുന്‍കൂട്ടി കണ്ടിട്ടാണ് പലരും പലപ്പോഴും തന്നോട് മറ്റൊരു വിവാഹം കഴിക്കാന്‍ ആവശ്യപെട്ടത്. മക്കള്‍ സ്വന്തം കാലില്‍ നില്ക്കാറായാല് അവരുടേ ലോകം തേടി പോകും. ഇത് ലോകത്തില്‍ ആദ്യ സംഭവമല്ല. മനുഷ്യന് കുറെയൊക്കെ സ്വാര്‍ത്ഥരാവണമെടോ. ഇല്ലെങ്കില്‍ ഇതുപോലെ നിരാശപെടും. ”
സുരേങ്കിളിന്റെ വാക്കുകളില്‍ കുറ്റപെടുത്തല്‍..
” തന്നോട് ആരു പറഞ്ഞു എനിക്ക് നിരാശയുണ്ടെന്ന്. ഞാനെന്റെ കടമ വൃത്തിയായി ചെയ്തു. നമ്മള് കേട്ടു തഴമ്പിച്ച കഥകളില്‍ രണ്ടാനമ്മ ഒരു ക്രൂര കഥാപാത്രമാണ്. ഒരു പരിക്ഷണത്തിന് മുതിരാതെ ഞാനെന്റെ മോളെ നന്നായി വളര്‍ത്തി.. ഇനി അവള് അവളുടെ ലോകത്ത് പറന്നു നടക്കട്ടെടോ.
എനിക്ക് എന്താ കുഴപ്പം. പെന്‍ഷനായാല്‍ ഞാന്‍ ദേശാടനത്തിന് പോകും. നാടു ചുറ്റി നടക്കുന്നതിനും ഉണ്ടെടോ സുഖം. ഒടുവില്‍ എവിടെയെങ്കിലും വീണുപോയാല്‍ ആരെങ്കിലും താങ്ങുമെടോ. ”
ഒടുവിലെ വാക്കുകള്‍ ഇടറിയിരുന്നു.
ഞാന്‍ എന്റെ ,ശ്രമങ്ങള്‍ അവസാനിപ്പിച്ചില്ല. ഒടുവില്‍ ഞാന്‍ അമ്മയെ കണ്ടെത്തി. ഞങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ നിന്നും കുറേയകലെ ഒരു നാട്ടില്‍ അമ്മയുണ്ട്.
തുണികളും സാധനങ്ങളും പായ്ക്ക് ചെയ്ത് ഇറങ്ങുമ്പോള്‍ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
” ഞാന്‍ ഇറങ്ങുകയാണ് അച്ഛാ ..” എന്നു പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് തലയാട്ടി.. കൈകള്‍ ചേര്‍ത്തു പിടിച്ചു കുറച്ചു നേരം മുഖത്തേക്ക് നോക്കി നിന്നു.
കണ്ണില്‍ നിന്നും മറയുന്നതു വരെ നോക്കി നില്ക്കുന്ന അച്ഛനെ സൈഡിലെ കണ്ണാടിയിലൂടെ കണ്ടു..
പുതിയ നാട് കാണുന്ന ത്രില്ലിലായിരുന്നു. അമ്മയുടെ ഒരു ബന്ധുവാണ് അഡ്രസ് തന്നത്. താന്‍ ചെല്ലുന്നുണ്ടെന്ന് അറിയിക്കരുതെന്ന് അവരോട് ശട്ടം കെട്ടി. അപ്രതീക്ഷിതമായി തന്നെ കാണുമ്പോള്‍ ഉള്ള അമ്മയുടെ ഭാവം തനിക്ക് നേരിട്ട് കാണണമായിരുന്നു.
തനി നാട്ടിന്‍പുറം അല്ലാത്ത എന്നാല്‍ നഗരത്തിന്റെ ആഡംബരം ആത്രയേറേ ബാധിച്ചിട്ടില്ലാത്ത കുറച്ചൊക്കെ മോഡേണ്‍ ഗ്രാമം എന്നു പറയാവുന്ന ഒരു സ്ഥമായിരുന്നു അത്..
അടുത്ത കാലത്തായി പണിതുയര്‍ത്തിയ ചെറിയ ചെറിയ ഷോപ്പിംഗ് മാളുകളും വലിയ വലിയ കട്ടൗട്ടുകളും വാഹനങ്ങളുടെ തിരക്കുകളും നഗരത്തിലേക്കുള്ള ആ നാടിന്റെ പ്രയാണത്തിന്റെ അടയാളപെടുത്തലുകളായിരുന്നു.
കുറേയേറേ അന്വേഷിച്ചപ്പോഴാണ് തടിമില്ലില്‍ പണി ചെയ്യുന്ന രാധാകൃഷ്ണന്റെ വീട് തേടി പിടിക്കാനായത്
നല്ല വാര്‍ത്തയൊരു വീടും ചുറ്റുപാടുകളും അമ്മ ഭേദപെട്ട ഒരു നിലയിലാണ് ജീവിക്കുന്നത് വിളിച്ചു പറയുന്നുണ്ടായിരുന്നു. വിശാലമായ പറമ്പിനു ഒത്ത നടുവിലുളള വീടിന് അധികം കാലപ്പഴക്കമില്ലായിരുന്നു. പറമ്പിന്റെ വടക്കേ അതിരിന് ഒരു മൂവാണ്ടന്‍മാവും ആലിഞ്ഞിയും കൂടിചേര്‍ന്നു നിന്നിരുന്നു. വണ്ടി മുറ്റത്തെ കണിക്കൊന്നയുടെ കീഴില്‍ നിര്‍ത്തിയിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ കൊതിയൂറുന്ന മാങ്ങയുടെ മണം മൂക്കിലേക്ക് ഇരച്ചുകയറി. വണ്ടിയുടെ ശബ്ദം കേട്ടാണെന്നു തോന്നുന്നു പതിനഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു കുട്ടി വാതില്‍ തുറന്നു എത്തി നോക്കിയിട്ട് അകത്തേക്ക് ഓടി. പതിയെ നടന്നു ചെന്നു വരാന്തയിലേക്ക് കയറി.. ചുമരില്‍ കട്ടിമീശയുള്ള പട്ടാളവേഷത്തിലിരിക്കുന്ന ഒരാളൂടെ ഫോട്ടോയും രണ്ടു പെണ്‍കുട്ടികളുടെ പല പ്രായത്തിലുള്ള ഫോട്ടോകളും തൂക്കിയിരുന്നു.
ആ പുരുഷന് ആയിരിക്കുമോ അമ്മയുടെ ഭര്‍ത്താവ് . അച്ഛനേക്കാള്‍ സുന്ദരനൊന്നും അല്ല. നിമിഷനേരം കൊണ്ട് അയാളെയും അച്ഛനെയും മനസ്സില്‍ താരതമ്യം ചെയ്തു . ഒടുവില്‍ അച്ഛന് തന്നെയാ കൂടുതല്‍ നല്ലതെന്ന് ഉറപ്പിച്ചു കണ്ണുകള്‍ പെണ്‍കുട്ടികളുടെ ഫോട്ടോയിലേക്ക് നീങ്ങീ. അതിലൊരു കുട്ടിക്ക് വീട്ടിലിരിക്കുന്ന തന്റെ ചെറുപ്പത്തിലെ ഫോട്ടോയുമായി നല്ല സാമ്യം തോന്നി. അത് അമ്മയെ പോലെയാകുമോ. അമ്മയുടെ ഒരു ഫോട്ടോ പോലും അവിടെ ഉണ്ടായിരുന്നില്ല.
” ആരാ.. എന്തുവേണം. ”
ചോദ്യം കേട്ടാണ് നോട്ടം താഴേയ്ക്ക് വീണത്.
സുന്ദരിയായ ഒരു സ്ത്രീ .. സംശയത്തോടെ എന്നെ നോക്കി നില്ക്കുന്നു. പത്തുവയസ് പ്രായം വരുന്ന ഒരു പെണ്‍കുട്ടിയെ ശരീരത്തോട് ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. മറ്റേ പെണ്‍കുട്ടി പിന്നില്‍ നിന്നും എത്തി നോക്കുന്നുണ്ട്.
” ദേവിക.. ‘
സംശയത്തോടെ അവരെ നോക്കി.
” അതേ. ഞാന്‍ തന്നെയാണ് എന്തുവേണം.?”
” ഞാന്‍ ജാനി . ”
ആ മുഖത്തു മിന്നി മാറുന്ന ഭാവങ്ങളിലേക്ക് ഞാന്‍ തുറിച്ചു നോക്കി.
സ്വന്തം അമ്മയോട് മകളെ സ്വയം പരിചയപെടുത്തേണ്ടി വരുന്ന ഗതികേടിനെ പറ്റിയോര്‍ത്തപ്പോള്‍ ചിരി വന്നു.
ഒരു ഞെട്ടല്‍ പോലെ..
” ഞാന്‍ മോഹന്റെ മകളാണ് ജാനി . ദേവികയെ ഒന്നു കാണാന്‍ വന്നതാണ്. ”
ഇത്തവണ എന്റെ ശബ്ദം വല്ലാതെ കനത്തിരുന്നു .
അവരുടെ മുഖത്ത് ഒരു നിസംഗത നിഴലിച്ചു. കുട്ടികളെ രണ്ടുപേരേയും അകത്തേക്ക് പറഞ്ഞു വിട്ടു. ഇളയകുട്ടി പോകാന്‍ മടിച്ചു അവരുടെ തുണിയില്‍ തൂങ്ങി നിന്നു.. അവളേ ചേര്‍ത്തു പിടിച്ചു കവിളില്‍ ഉമ്മ കൊടുത്തു ”അമ്മ ഇപ്പോ വരാട്ടോ ” എന്നു സമാധാനിപ്പിച്ചു അകത്തേക്ക് പറഞ്ഞു വിട്ടു..
ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….