കല്യാണവീട് ഒരു നിമിഷംക്കൊണ്ട് മരണവീട് പോലെയായി. സുഹൃത്തക്കളെല്ലാം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു…

ഒരു നാട് മുഴുവൻ നന്നാക്കിയ ഒരു കല്യാണക്കസർത്ത് കഥ.

എഴുത്ത്: സമീർ ചെങ്ങമ്പള്ളി

സമദിന്റെ കല്യാണമാണിന്ന്. നാട്ടിലെ അറിയപ്പെടുന്ന വീട്ടിൽ നിന്നാണ് വധു. നേരം ഉച്ചയായതും സമദും പരിവാരങ്ങളും പെണ്ണിനെ കൂട്ടിക്കൊണ്ടുവരാൻ പാട്ടും കൂത്തുമായി വധു ഗൃഹത്തിലേക്ക് പോയി….

കല്യാണപ്പന്തലിൽ പ്രത്യേകം അലങ്കരിച്ച ഇരിപ്പിടത്തിൽ സമദ് പെണ്ണിനേയും പ്രതീക്ഷിച്ചുക്കൊണ്ടിരുന്നു. സമദിന്റെ കൂട്ടുകാരാകട്ടെ അവന്റെ പിറകിൽ പെണ്ണും വരുന്നതും കാത്ത് അക്ഷമരായി കാത്തിരുന്നു.

പെട്ടെന്നാണ് പെണ്ണ് ഉമ്മയുടെയും ഉപ്പയുടെയും കൈപിടിച്ച് മുറ്റത്തേക്കിറങ്ങി വന്നത്. അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അപരിചതമായ ഒരു ഗ്രാമത്തിലേക്കും കുടുംബത്തിലേക്കും പോകുന്നതിന്റെ എല്ലാ ആശങ്കയും സങ്കടവും അവളുടെ മുഖത്ത് പ്രകടമായിരുന്നു. ഉപ്പയും ഉമ്മയും സമദിന് സമീപം അവളെക്കൊണ്ടിരുത്തി.

അതോടെ സമദിന്റെ സുഹൃത്തുക്കൾ ഇരുന്നിരുന്ന സീറ്റിൽ നിന്നും എണീറ്റു. പിന്നെ കയ്യിലുണ്ടായിരുന്ന മൊബൈലിൽ നവ ദമ്പതികളുടെ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു. അപരിചിതരായ ആൾക്കൂട്ടങ്ങൾക്ക് മുൻപിൽ ഇരിക്കേണ്ടി വന്ന പെൺകുട്ടിയാകട്ടെ തലയും കുമ്പിട്ടിരുന്നു.

അതിനിടയിൽ ഒരു വിദ്വാന്റെ കമന്റ് വന്നു, ” പിന്നെ, ഓളെ ഒരു നാണം… “

“സമദേ അന്റെ പെണ്ണ് ഭയങ്കര നാണക്കാരിയാണല്ലേ….”

“ഡീ ഓളെ തലപൊക്കി നോക്കെടീ… “

പെൺകുട്ടി നിസ്സഹായതയോടെ തന്റെ ഉപ്പയുടെയും ഉമ്മയുടെയും മുഖത്തേക്ക് നോക്കി. അവരാകട്ടെ ഒരു നറുപുഞ്ചിരിയിലൂടെ അവൾക്ക് ധൈര്യം നൽകിക്കൊണ്ടിരുന്നു.

അരമണിക്കൂറോളം നീണ്ടുനിന്ന ഫോട്ടോ സെഷന് ശേഷം സമദ് വധുവിനെയും കൊണ്ട് കാറിലേക്ക് നടക്കാൻ തുടങ്ങി. അതോടെ സുഹൃത്തുക്കൾ അവരുടെ കയ്യിൽ ഒളിപ്പിച്ചു വെച്ചിരുന്ന കളർ പൗഡർ എടുത്ത് നവദമ്പതിമാരുടെ മുഖത്തേക്ക് ഒറ്റയേറ്.

പിന്നെ ഒരുമിച്ചു പാടാൻ തുടങ്ങി….

“നാട്ടുകാരെ നാട്ടുകാരെ നിങ്ങളറിഞ്ഞോ, ആ പൊട്ടൻ സമദിന് പെണ്ണുകിട്ടി… “

അവർ കാറിലേക്ക് കയറിയതും വധുവിന്റ ഉമ്മയും ഉപ്പയും അവരെ അനുഗമിക്കാൻ മറ്റൊരു കാറിൽ കയറി…

സമദിന്റെ കാർ അവന്റെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള അങ്ങാടിയിലെത്തിയതും ഒരു കൂട്ടം ചെറുപ്പക്കാർ നവദമ്പതിമാരുടെ അലങ്കരിച്ച കാറിന് മുൻപിലേക്ക് ചാടി. എന്നിട്ടവർ കാറിന്റെ ഡോർ തുറന്ന് സമദിനെയും വധുവിനെയും നിർബന്ധിച്ചു പുറത്തേക്കിറങ്ങി. വധു റോഡിലേക്ക് കാലെടുത്ത് വെച്ചതും കൂട്ടത്തിലൊരാൾ കയ്യിലുണ്ടായിരുന്ന മലപ്പടക്കത്തിന് തിരികൊളുത്തി റോഡിലേക്കെറിഞ്ഞു.

“ഇത്രയും സമയം രണ്ടുപേരും കാറിൽ സുഖിച്ചിരുന്നില്ലേ, ഇനി നടന്നു പോയാൽ മതി….”

അപ്പോഴേക്കും കാറിന് മുൻപിൽ സുഹൃത്തുക്കൾ ഒരു വലിയ ലൗഡ് സ്പീക്കർ കൊണ്ടുവന്നു കെട്ടിവെച്ചു. പിന്നെ പാട്ട് തുടങ്ങി…

“ചെക്കനും പെണ്ണും ടെന്ഷനടിച്ചു ചങ്കു പറിച്ചു ചേർന്നൊരു കല്യാണം.. “

നവദമ്പതിമാരുടെ ചുറ്റിലും പാട്ടിന് ചുവടുവെച്ചും ആർത്തുല്ലസിച്ചും സുഹൃത്തുക്കളെല്ലാം കൂടെ കൂടി. ഉച്ചയുറക്കത്തിലായിരുന്ന നാട്ടുകാരെല്ലാം ഉറക്കം മതിയാക്കി കാഴ്ച കാണാൻ റോഡിലേക്ക് പാഞ്ഞു.

നവവരന്റെ അപരിചിതരായ സുഹൃത്തുക്കളുടെ കസർത്തുകൾക്ക് മുൻപിൽ ശ്വാസം മുട്ടിക്കൊണ്ടാണ് ആ പാവം പെൺകുട്ടി ഓരോ ചുവടും മുൻപിലേക്ക് വെച്ചത്.സമദാകട്ടെ കൂട്ടുകാരുടെ സ്വീകരണം സന്തോഷത്തോടെ ഏറ്റുവാങ്ങുന്ന ഭാവത്തിലായിരുന്നു.

ഒടുവിൽ നാടും നഗരവും വിറപ്പിച്ചുകൊണ്ട് ആ ബഹളക്കൂട്ടം സമദിന്റെ വീട്ടിലേക്കെത്തി. വധുവിനെ ഒരു നോക്ക് കാണാൻ കാത്തിരുന്ന പ്രായമായവരെല്ലാം ചെവിയും പൊത്തി കല്യാണപ്പന്തലിൽ നിന്നിറങ്ങിപ്പോയി.

പെട്ടെന്നാണ് വരന്റെ ചേട്ടൻ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് ഓടി വന്നത്. വധുവിനെ കാണാൻ തടിച്ചുകൂടിയ ആളുകളെയെല്ലാം വകഞ്ഞു മാറ്റിക്കൊണ്ട് അയാൾ സമദിന്റെ അടുത്തേക്ക് വന്നു.

പെട്ടെന്ന് അയാൾ സമദിന്റെ കവിളിലേക്ക് ആഞ്ഞൊരു അടി…..

വധുവും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഒരു നിമിഷം തരിച്ചു നിന്നു..

” നാണമില്ലാത്ത നായയെ, ഉളുപ്പുണ്ടോടാ ഈ നാട്ടുകാരേം മുഴുവൻ പറയിപ്പിച്ച് ഈ കുട്ടീനേം കൂട്ടി പെരീക്ക് വരാൻ, ഈ പെണ്ണിന്റെ ഉപ്പ ഇപ്പോൾ വിളിച്ചിരുന്നു, ഇങ്ങളെ ഗാനമേള മുഴുവൻ കഴിഞ്ഞതിന് ശേഷം ഓളെ പെരീക്ക് കൊണ്ടാക്കിക്കൊടുക്കാൻ., അന്നെപ്പോലെ ഒരു ആഭാസന് ഈ പെണ്ണിനെ കൊടുക്കാൻ പാടില്ലായിരുന്നത്രെ, ഓനും ഓന്റെ ഓരോ ചെങ്ങായിമാരും, ഇനി നിങ്ങളെല്ലാം കൂടെ ഒരു തീരുമാനമെടുക്ക്, മധ്യസ്ഥം പറയാൻ എന്നെ കൂട്ടേണ്ട…. “

കല്യാണവീട് ഒരു നിമിഷംക്കൊണ്ട് മരണവീട് പോലെയായി. സുഹൃത്തക്കളെല്ലാം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. ഒടുവിൽ പെണ്ണിനേയും കൊണ്ട് വധു ഗൃഹത്തിലേക്ക് മടങ്ങിയെത്തിയ സമദും സുഹൃത്തുക്കളും അവളുടെ ഉപ്പാന്റെ കാല് പിടിഞ്ഞ് കരഞ്ഞതിന് ശേഷമാണ് പ്രശ്നങ്ങളെല്ലാം അവസാനിച്ചത്…

എന്റെ സുഹൃത്തിന്റെ നാട്ടിൽ സംഭവിച്ച ഒരു കഥയാണ് ഇത്, ആ സംഭവത്തിന്‌ ശേഷം പിന്നീടൊരിക്കലും ഇത്തരത്തിലുള്ള കല്യാണ മാമാങ്കങ്ങൾ അവിടെ നടന്നിട്ടില്ലത്രെ…

തോന്നിവാസം കാണിച്ചാൽ മുഖമടിച്ചു പൊട്ടിക്കാൻ അങ്ങനെയൊരു ചേട്ടനുണ്ടായാൽ മതി, ഒരു നാട് തന്നെ നന്നാകും….!!