നേർത്ത ഒരു ശ്വാസം അവളിൽ തുടിച്ചതുകൊണ്ട് അന്ന് ഭദ്ര മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷേ….

ഭദ്ര ~ എഴുത്ത്: സനൽ SBT

“മടിക്കുത്തീന്ന് കയ്യെടുക്ക് സാറെ.”

“ഇല്ലെങ്കിൽ നീ എന്നാ ചെയ്യുമെടീ .”

“ഛീ കയ്യെടുക്കടോ ഇതൊരുമാതിരി സിനിമയിൽ കാണുന്ന പോലീസുകാരെ പൊലെ പണിയെടുത്താൻ കാശ് വെച്ചിട്ട് പോണം സാറേ . അല്ലാതെ കാര്യം കഴിഞ്ഞ് ഈ യൂണിഫോമിന്റെ പേരും പറഞ്ഞ് എന്റെ മടിക്കുത്തിന് നേരെ കയറി പിടിക്കുകയല്ല വേണ്ടത്. “

” കിടന്ന് അങ്ങ് പൊങ്ങാതെടി നായിന്റെ മോളെ. നീ വല്ല്യ പതിവ്രത ഒന്നും ചമയണ്ട ഇത് തന്നെയല്ലേ നിന്റെ പണി , “

” അതെടോ എന്റെ പണി ഇത് തന്നേയാണ് പക്ഷേ തന്റെ പണിയോ? ഇത് പൊലുള്ള നാലു വയസ്സുകാരിയേയും നാല്പതു വയസ്സുകാരിയേയും കണ്ടാൽ കാമം കരഞ്ഞ് തീർത്ത് പിന്നേം തനിക്കൊക്കെ അങ്ങ് മൂക്കുമ്പോൾ ഞങ്ങളെ പൊലുള്ളവരെ ബസ്റ്റാന്റിന്റെ മറവിലും ലോഡ്ജിലും പോലീസ് ജീപ്പിലും കിടത്തി അങ്ങ് ഉണ്ടാക്കും എന്നിട്ട് ഇതേ പേരും പറഞ്ഞ് അടുത്ത ദിവസം വെറെ ഒരു ഹോട്ടലിൽ നിന്ന് റെയ്ഡിൽ പൊക്കും അതിന്റെ പ്രത്യുപകാരമായി വീണ്ടും താനൊക്കെ തന്റെ പോലീസ് ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കും ഇതല്ലേ താൻ ചെയ്യുന്ന പണി . “

” ആഹാ അപ്പോ മോള് കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ട് അല്ലേ അത് ഏതായാലും നന്നായി. “

” ചുമ്മാ ആണത്ത്വത്തിന്റെ വലിപ്പം പറഞ്ഞ് നിൽക്കാതെ കാശ് വെച്ചിട്ട് പോ സാറെ .പിന്നെ ഞാനൊക്കെ ഈ പണിക്ക് ഇറങ്ങിയത് നിങ്ങളെപ്പോലുള്ളവരെ സുഖിപ്പിക്കാനല്ല കാശിന് വേണ്ടി തന്നെയാ. നഷ്ട്ടപ്പെടാൻ ഒന്നും ഇല്ലാത്തവളാ ഈ ഭദ്ര ഞാൻ ഇവിടെ കിടന്ന് ഒന്ന് വിളിച്ച് കൂവിയാൽ സാറ് ശരിക്കും നാറുവേ .”

” ഇപ്പോ നീ ജയിച്ചു എന്ന് കരുതണ്ട ഇന്നല്ലെങ്കിൽ നാളെ നിന്നെ ഞാൻ ഇവിടെ നിന്ന് തന്നെ പൊക്കും നീ ചെവിയിൽ നുള്ളിക്കോ. ?”

” അയ്യോ ഞാനങ്ങ് പേടിച്ചു പോയി സാറെ…എന്നെയും പൊക്കി സാറങ്ങ് സ്റ്റേഷൻ വരെ എത്തുമ്പോഴേക്കും പഞ്ചായത്ത് മെമ്പർ മുതൽ എം.പി യുടെ കോൾ വരെ വരും സാറിന്റെ മൊബൈലിലേക്ക് എന്താ സാറിന് സംശയം ഉണ്ടോ? ഈ ഭദ്രയുടെ ഇടുപ്പിന്റെ ചൂടറിയാത്ത ഒരു രാഷ്ട്രീയക്കാരനും ഈ നാട്ടിൽ ഇല്ല. “

ഭദ്രയെ എരിച്ചു കളയാനുള്ള അത്രയും കനൽ അയാളുടെ കണ്ണുകളിൽ കിടന്ന് കത്തുന്നുണ്ടായിരുന്നു. പേഴ്സിൽ നിന്നും ആയിരം രൂപ അയാൾ അവൾക്ക് നേരെ നീട്ടി.

” ഇത് എന്താ സാറെ ആയിരം….ഈ കാശിന് സാറിന് ആളെ കിട്ടും വൈകുന്നേരം ഒരു 10 മണി കഴിഞ്ഞാൽ ബസ്റ്റാന്റിന്റെ പരിസരത്തുനിന്നോ ബാറിന്റെ മുന്നിൽ നിന്നോ ഇത് ആള് വേറെയാ സാറെ രണ്ടായിരം രൂപ തികച്ചും വേണം. ഈ ഭദ്ര സാറിന്റെ അത്ര അങ്ങോട്ട് ലോക്കൽ ആയിട്ടില്ല .”

അയാൾ ഒരു ആയിരം രൂപ കൂടി അവൾക്ക് നേരെ നീട്ടി.

” ആ ഇത് ആണുങ്ങൾക്ക് അഴക്. സാറ് ഇവിടെ പുതിയ ആള് ആയോണ്ടാ അടുത്ത പ്രാവശ്യം വരുമ്പോൾ ഡിസ്കൗണ്ട് തരാം ട്ടോ. പിന്നെ ആദ്യമായിട്ടാവും ല്ലേ പണി കഴിഞ്ഞ് കാശ് അങ്ങോട്ട് കൊടുക്കുന്നത് സാരല്യ സാറെ കെട്ടിയോൾടെ ഇടുപ്പിന് ബലം പോരാഞ്ഞിട്ടല്ലല്ലോ ?ചിലര് അങ്ങിനാ വീട്ടിൽ പാൽപ്പായസം അടങ്ങിയ സദ്യ ഉണ്ടാക്കി വെച്ചാലും തലേ ദിവസത്തെ പഴങ്കഞ്ഞിയേ കുടിക്കൂ അല്ലേ സാറെ. “

അവൾ അയാളുടെ മുഖത്തേക്ക് നോക്കി പുച്ഛഭാവത്തിൽ ഒന്ന് ചിരിച്ചു.

” അപ്പോ വരട്ടെ എസ്. ഐ രാജൻ പിള്ള സാറെ. “

ഭദ്ര ഹോട്ടൽ റൂമിന്റെ വാതിൽ അടച്ച് പുറത്തേക്കിറങ്ങി. അവൾ തിരിഞ്ഞ് നിന്ന് ഒന്നുകൂടി അയാളെ വിജയശ്രീലാളിതയായ ഭാവത്തിൽ നോക്കി പുഞ്ചിരിച്ചു. പക്ഷേ അതിന്റെ അർത്ഥം എത്ര ആലോചിച്ചിട്ടും അയാൾക്ക് പിടി കിട്ടിയില്ല.

ജീവിതത്തിൽ ആദ്യമായി ഒരു നട്ടെല്ലുള്ള പെണ്ണിനെ നേരിൽ കണ്ട അമ്പരപ്പ് അപ്പോഴും അയാളിൽ നിന്ന് മാഞ്ഞിട്ടുണ്ടായിരുന്നില്ല.

ശ്ശേ പുതിയ സ്റ്റേഷനിൽ വന്ന് ചാർജ്ജ് എടുക്കുന്നതിന് മുൻപ് വേണ്ടായിരുന്നു ആകെ നാണക്കേടായി .

ടേബിളിന്റെ പുറത്തിരുന്ന സ്കോച്ചിന്റെ കുപ്പി അയാൾ വെള്ളം പോലും തൊടാതെ അണ്ണാക്കിലേക്ക് കമഴ്ത്തി.

“ദിവകാരൻ സാറെ പുതിയ എസ് ഐ വന്നിട്ട് ചാർജ്ജ് എടുത്തോ.”

“ഇല്ലെടോ ആളൊരു ചൂടൻ ആണെന്നാ കേട്ടത് താനാ ചായ വെച്ചിട്ട് പൊക്കോ ഇനി കയറി വരുമ്പോൾ പിന്നെ തന്നെ കണ്ടാൽ അത് മതി .”

“ആ ശരി സാറെ.”

“ഗുഡ് മോർണിംങ്ങ് സാർ.”

“ഉം ഉം.”

“സാർ ഇന്നലെ ചാർജ്ജെടുക്കും എന്ന് വിചാരിച്ചു. “

” ഇന്നലെ കുറച്ച് പേഴ്സണൽ പ്രോബ്ലംസ് ഉണ്ടായിരുന്നു എത്താൽ കഴിഞ്ഞില്ല. ഇവിടെ ഒരു ഹോട്ടലിൽ റും എടുക്കേണ്ടി വന്നു അതാ. “

” ഓക്കെ ശരി. “

” തന്റെ പേരെങ്ങനാ.”

“ദിവാകരൻ .”

“ദിവാകരൻ അകത്തേക്ക് വാ ചോദിക്കട്ടെ.”

“താൻ ഇവിടെ എത്ര വർഷമായെടോ? “

” ആറ് വർഷം സാർ “

” അപ്പോൾ ഈ നാടിന്റെ ചരിത്രം മൊത്തം തനിക്ക് അറിയാം അല്ലേ ? “

” ഏറക്കുറെ എന്താ സാറെ. ? “

” എന്നാൽ പറ ആരാണവൾ ? രാഷ്രടീയക്കാരുടേയും പോലീസുകാരുടേയും ഗവൺമെന്റ് ഉദ്യോഗസ്ഥൻമാരുടെയും പിമ്പ് ആയി മാറിയ ഭദ്ര.”

” ഇതൊക്കെ സാറിനോട് ആരാ പറഞ്ഞേ?”

” ഈ സിറ്റിയിൽ കാല് എടുത്ത് വെച്ചപ്പോൾ തന്നെ അവളുടെ പേരാണ് ഞാൻ ആദ്യം കേട്ടത് ഭദ്ര.”

” സാറിന് അറിയണോ അവൾ ആരാണെന്ന് .അവൾ ഈ സിറ്റിയിൽ വന്നിട്ട് കുറച്ച് കാലം മാത്രമേ ആയിട്ടൊള്ളൂ പക്ഷേ ഭദ്രയെ എനിക്ക് പണ്ടേ അറിയാം. കുറച്ച് പഴയ കഥയാണ് എന്നാലും ഞാൻ പറയാം. “

ഭദ്ര എന്ന് പേര് ഉച്ചരിക്കുമ്പോൾ തന്നെ ദിവാകരന്റെ കണ്ണുകൾ തിളങ്ങുന്നത് അയാൾക്ക് കാണാമായിരുന്നു.

” വർഷങ്ങൾക്ക് മുമ്പ് ഞാനന്ന് എടക്കര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആയി ജോലി ചെയ്യുന്ന സമയം. വഴിക്കടവ് ചെക്ക് പോസ്റ്റിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ഭദ്രയുടെ അഛൻ സേതുമാധവൻ .ഫോറസ്റ്റിനോട് അടുത്തുള്ള ഗവൺമെന്റ് ക്വാർട്ടേഴ്സിലായിരുന്നു അവർ താമസിച്ചിരുന്നത്. പഠിക്കാൻ മിടുക്കിയായിരുന്നു ഈ ഭദ്ര അങ്ങിനെ ഇരിക്കെ ഒരു ദിവസം രാത്രി സേതുമാധവന് ഒരു നെഞ്ചുവേദന വന്നു .എന്ത് ചെയ്യണമെന്നറിയാതെ ഭദ്രയും അമ്മയും ആ പെരുമഴയത്ത് പകച്ച് നിന്നു .ഫോറസ്റ്റിന്റെ നടുക്ക് ആണ് ക്വാർട്ടേഴ്സ് ആയതിനാൽ അടുത്തെങ്ങും ആരും തന്നെയില്ല. പിന്നെ തൊട്ടടുത്തുള്ളത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്സാണ്. ഭദ്ര രണ്ടും കൽപിച്ച് ആ പെരുമഴയത്ത് അങ്ങോട്ടെക്ക് ഓടി. അന്നവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓഫീസറും അയാളുടെ കൂട്ടുകാരും ആ സമയത്ത് നല്ല വെള്ളത്തിലായിരുന്നു. രാത്രി നനഞ്ഞൊട്ടിയ ഡ്രസ്സുമായി വാതിലിൽ മുട്ടിയ ഒരു പതിനാലുകാരിയെ കണ്ടപ്പോൾ പിന്നെ എന്താണ് സംഭവിക്കുക എന്ന് ഞാൻ പറയേണ്ടതിലല്ലോ സാറെ. “

ദിവാകരൻ വായിൽ നിന്നും ഇത്രയും കേട്ടപ്പോൾ തന്നെ എസ്. ഐ. രാജൻ പിള്ള വിയർത്തു കുളിച്ചിരുന്നു. അയാൾ മേശപ്പുറത്തെ ടിഷ്യൂ കൊണ്ട് മുഖത്തെ വിയർപ്പുതുള്ളികൾ ഒപ്പിയെടുത്തു.

” അന്ന് ആ രാത്രി തൊട്ട് നേരം പുലരുവോണം ആ നീചൻമാർ നാലു പേരും ചേർന്ന് അവളെ മാറി മാറി പീഡിപ്പിച്ചു. അവസാനം ഫോറസ്റ്റിന്റെ റോഡ് സൈഡിൽ കൊണ്ടിട്ടു. പുലർച്ചേ ചുരം ഇറങ്ങി വരുന്ന ചരക്കു വണ്ടിക്കാരാണ് ഭദ്രയെ ആശുപത്രിയിൽ എത്തിച്ചത്. നേർത്ത ഒരു ശ്വാസം അവളിൽ തുടിച്ചതുകൊണ്ട് അന്ന് ഭദ്ര മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷേ സേതുമാധവനെ ആർക്കും രക്ഷിക്കാനായില്ല. ആ രാത്രി തന്നെ അയാൾ മരണത്തിന് കീഴടങ്ങി. “

” പോലീസ് കേസെടുത്തു അന്വഷണം തുടങ്ങി .പ്രതികൾക്കെല്ലാം അത്യാവശ്യം രാഷ്ട്രീയ പിടിപാടും പണവും ഉള്ളത് കൊണ്ട് കേസ് വാദിക്കാൻ കൊടി കെട്ടിയ വക്കീലൻന്മാർ വന്നു. ഒടുവിൽ ഭദ്രയ്ക്ക് വേണ്ടി കേസ് വാദിക്കാൻ വക്കീൽ ഇല്ലാതായതോടെ ഗവൺമെന്റ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെച്ച് കേസ് നടത്തി. ആറ് മാസക്കാലം കേസ് തുടർന്നു അവിടേയും അവൾക്ക് ക്രൂര പീഢനങ്ങളാണ് സഹിക്കേണ്ടി വന്നത്. തെളിവുകളുടെ സാക്ഷികളുടെ അഭാവത്തിൽ പ്രോസിക്യൂട്ടർക്ക് കേസ് തെളിയിക്കാൻ കഴിഞ്ഞില്ല കോടതി പ്രതികളെ വെറുതെ വിട്ടു. “

” വർഷങ്ങൾ കടന്നു പോയിട്ടും ഓരോ പോലീസുകാരുടെയും കഴുകൻ കണ്ണുകൾ അവളെ വേട്ടയാടിക്കൊണ്ടിരുന്നു. നാടുകാക്കേണ്ട നിയമ പാലകരും നീതി നേടിത്തരേണ്ട ഭരണകൂടവും അവൾക്ക് നേരെ കണ്ണുകൾ അടച്ചപ്പോൾ ഈ ലോകത്തോട് തന്നെ അവൾക്ക് വെറുപ്പായിരുന്നു .വിശപ്പിനേക്കാൾ വലിയ വികാരം ലോകത്ത് വെറൊന്നിനും ഇല്ല എന്ന സത്യം തിരിച്ചറിഞ്ഞതോടെ അവൾ ഇന്നീ കാണുന്ന ഭദ്രയായി . “

” തന്റെ ശരീരത്തിന് ഇനിയും ആവശ്യക്കാർ ഉണ്ട് എന്ന് മനസ്സിലാക്കിയ നിമിഷം അവൾ മന്ത്രിമാരെയും ഉയർന്ന പൊലീസുകാരുടേയും മുൻപിൽ തുണിയുരിഞ്ഞ് സ്വന്തം ശരീരം വിൽപനയ്ക്ക് വെച്ചു.ഒരു ഉദ്ദേശ്യം ഒരൊറ്റ ഉദ്ദേശ്യം മാത്രമേ അവൾക്ക് ഉണ്ടായിരുന്നൊള്ളൂ തന്നെ ഈ നിലയിൽ ആക്കിയവന്മാരുടെ സർവ്വ നാശം. അതിന് അവൾ സ്വന്തം ശരീരം തന്നെ ഹോമിക്കുകയായിരുന്നു. ഇനിയും അവളുടെ പക അടങ്ങിയിട്ടില്ല അതിൽ ബാക്കി മൂന്നു പേരും മരിച്ചു കഴിഞ്ഞു ഇനി ഒരാൾ കൂടി മാത്രം ഉണ്ട് അവൾക്ക് പകരം വീട്ടാൻ. “

ഇത്രയും കേട്ട പാടെ രാജൻ പിള്ളയുടെ കണ്ണിൽ ഇരുട്ട് കയറുന്ന പൊലെ അയാൾക്ക് തോന്നി. വർഷങ്ങൾ കുറെ അയാൾ പുറകോട്ട് നടന്നു. ആ കറുത്ത രാത്രിയുടെ ദൃശ്യങ്ങൾ അയാളുടെ മനസ്സിൽ ഒരു ഛായാചിത്രം പൊലെ മിന്നി മാഞ്ഞൂ .മേശപ്പുറത്തിരുന്ന ബോട്ടിലിലെ വെള്ളം അയാൾ ഒറ്റ വലിക്ക് കുടിച്ച് തീർന്നു. ഇനി ബാക്കി അവശേഷിക്കുന്ന ആ ഒരാൾ താനാണെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു.

“സർ'”

“അയാൾ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു ‘”

“സർ . ഇതിന് മുൻപ് ഭദ്രയെ അറിയുമോ?”

“ഹേയ് ഇല്ല എന്താ താൻ അങ്ങിനെ ചോദിച്ചത്.”

“ഭദ്രയുടെ കഥ കേട്ടു കഴിഞ്ഞപ്പോഴേക്കും എന്താ സാറിന് ഒരു പരവേശം.

” ഹേയ് ഒന്നും ഇല്ല തനിക്ക് തോന്നുന്നതാ .എന്നാൽ താൻ പോയ്ക്കോ എന്തേലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം.”

” ഹാ നാലാമൻ എന്തായാലും രക്ഷപ്പെട്ടു സാറെ ഇനി അതികനാൾ ഒന്നും അവൾ ഈ ഭൂമിയിൽ കാണില്ല. ആറ് മാസം മുൻപ് ഒരു ടെസ്റ്റ് ചെയ്തപ്പോഴാണ് അവൾ ഒരു എയ്ഡ്സ് രോഗി ആണെന്ന കാര്യം അറിയുന്നത്. ദൈവത്തിന്റെ വിധി അല്ലാതെ എന്ത് പറയാൻ എന്നാൽ ഞാൻ അങ്ങോട്ട് പോട്ടെ സാറെ .”

കോൺസ്റ്റബിൾ ദിവാകൻ റൂമിൽ നിന്നും പുറത്തിറങ്ങി. ഇടിവെട്ടേറ്റ പൊലെ രാജൻ പിള്ള തന്റെ കസേരയിൽ ഇരുന്നു. അയാൾക്ക് തന്റെ ശ്വാസം നിലയ്ക്കുന്ന പൊലെ തോന്നി. കണ്ണുകൾ അടച്ച് ആ കസേരയിൽ ചാരിക്കിടന്ന് ഇന്നലെ നടന്ന രംഗങ്ങൾ ഓരോന്നായി അയാൾ ഓർത്തെടുത്തു. അപ്പോഴും അയാളുടെ നെഞ്ചിടിപ്പിന്റെ ശബ്ദം പെരുമ്പറ പൊലെ ആ റൂമിൽ മുഴങ്ങുന്നുണ്ടായിരുന്നു.

അപ്രതീക്ഷിതമായ ഈ ട്രാൻസ്ഫർ കറക്ട് ആ ഹോട്ടലിന്റെ മുന്നിൽ തന്നെ പോലീസ് ജീപ്പ് പഞ്ചറായതും റും ബോയ് വന്ന് മദ്യവും ഭദ്രയുടെ ഫോട്ടോ കാണിച്ച് അവളേയും അറേഞ്ച് ചെയ്ത് തന്നതും എല്ലാം പ്ലാനിങ്ങ് ആയിരുന്നു വെന്ന് രാജൻ പിള്ളയ്ക്ക് മനസ്സിലായി.

അവളുടെ വശ്യമായ ആ പുഞ്ചിരിയുടെ പിറകിലുള്ള അർത്ഥം അയാൾക്ക് ഇപ്പോഴാണ് മനസ്സിലായത് .ഇനിയങ്ങോട്ടുള്ള ഓരോ നിമിഷവും താൻ നീറി നീറി മരിക്കാൻ പോകുകയാണല്ലോ എന്നോർത്തപ്പോൾ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് പ്രായശ്ചിത്തമായി രണ്ടു തുള്ളി കണ്ണുനീർ അയാളുടെ കണ്ണിൽ നിന്ന് ഭൂമിയിലേക്ക് അടർന്നു വീണു.