തെമ്മാടിയുടെ വാല്
എഴുത്ത്: ആദർശ് മോഹനൻ
“ചേട്ടാ അട്ടപൊരിച്ചത് ഒരു കൊട്ടയെടുക്കട്ടെ, വെറുതേയിരിക്കുമ്പം തിന്നാം “
ആ ഡയലോഗ് കേട്ടപ്പോ കണ്ണങ്കാലു മുതലങ്ങോട്ട് പെരുത്തു കയറി
അഞ്ചാo ക്ലാസ്സിലെ പൊട്ടിയ റിസൾട്ട് നോക്കാൻ പോയപ്പോൾ കളിക്കൂട്ടുകാരിയായ മാളുട്ടിയതു പറയുമ്പോ പട്ടി കടിച്ച പ്രതീതിയിലാണ് ഞാനവിടെ നിന്നത്
കളിയാക്കനാണെങ്കിലും അവളതു പറയുമ്പോ മനസ്സിനൊരു തണുപ്പാണ് തോന്നിയത്, അടുത്ത കൊല്ലം തൊട്ട് ഒരേ ക്ലാസ്സിൽ ഒരുമിച്ചിരിന്നു പഠിക്കാമല്ലോ എന്നോർത്തപ്പോ ദൃഢാംഗ പുളകിതനായ ഞാൻ ആ സന്തോഷം പുറത്ത് കാട്ടിയില്ല
പിന്നീടങ്ങോട്ട് കണക്കുകൂട്ടലുകളുടെ നാളുകളായിരുന്നു തോൽവി പണ്ടേ നമുക്കൊരു ഹരമായതുകൊണ്ടുതന്നെ വീട്ടുകരെന്നെ ഉഴിഞ്ഞിട്ടതാണ് , കുടുoബത്ത് അംഗബലത്തിൽ മൂന്ന് ചേട്ടൻമാരുള്ളതു കൊണ്ട് തന്നെ എന്ത് കൊത്രകൊള്ളിത്തരം ഒപ്പിക്കാനും പേടിയെന്നും ഉണ്ടായില്ല, ചോദിക്കാനും പിടിക്കാനും ആളുള്ളതുകൊണ്ട് തന്നെ തെമ്മാടി റോളിലായിരുന്നു പിന്നീടുള്ള വിലസ്
അഞ്ചാo ക്ലാസ് മുതലേ കൈപിടിച്ചയാ കളിക്കൂട്ടുകാരിയോട് വല്ലാത്തൊരടുപ്പമായിരുന്നു തോന്നിയത്, എന്തിനും ഏതിനും ഈ തെമ്മാടിയുടെ വാലു പിടിച്ചു തൂങ്ങി നടന്ന കുട്ടിമാളു
അവളെ ആരെങ്കിലുമൊന്ന് തറപ്പിച്ച് നോക്കിയാൽ അവന്റെ മൂക്കിടിച്ച് പരത്താൻ ഇടവും വലവും കയ്യാളുകളുണ്ടായിരുന്നു എനിക്ക് , വിഷയം മൂർദ്ധനാവസ്ഥയിൽ എത്തിയാൽ മല്ലൻമാരായ ഏട്ടൻമാരുടെ ജാമ്യവും അവരുടെ ചൂരലുക്ക് ഉള്ള മാറി മാറിയുള്ള തൊഴിയും പതിവായ് മാറി
ക്ലാസ്സിലേക്കുള്ള ഒരുമിച്ച് പോക്കിലും തിരിച്ചു വരവിലും കൂടെയൊരു വാലായെന്നും കുട്ടിമാളു ഉണ്ടാകാറുണ്ട്, അന്നൊക്കെ കൂട്ടുകാരെപ്പൊഴും അവളെ കളിയാക്കി വിളിക്കും തെമ്മാടിയുടെ വാല് എന്ന്
അവൾക്കതിൽ അഭിമാനമേ ഉണ്ടായിരുന്നുള്ളോ എന്നെനിക്ക് നന്നായി അറിയാം , ക്ലാസ്സ് എടുക്കുമ്പോ നോട്ടെഴുതാതെ കൂട്ടുകാർക്കൊപ്പം പൂജ്യം വെട്ടുകളി കളിച്ചിരിക്കുമ്പോൾ നോട്ടുബുക്ക് കയ്യിൽ നിന്നും വാങ്ങി അന്നന്നത്തെ നോട്ട് പകർത്തിയെഴുതിത്തരാറുണ്ടവളെനിക്ക്
അന്ന് ഹോംവർക്ക് ചെയ്യാത്തവരെ കണക്കു മാഷ് കീരിരാഘവൻ ചൂടെണ്ണയിൽ പഴുപ്പിച്ച ചൂരലു വടിക്ക് ചന്തിയടിച്ച് നീരുവരുത്തണ കണ്ടപ്പോ ഉച്ചിയിലൊരു തരം തരുതരുപ്പനുഭവപ്പെട്ടിരുന്നു
എഴുതാത്തവരെണീറ്റ് നിൽക്കാൻ മാഷ് പറഞ്ഞപ്പോ അവളുടെയാ വരയില്ലാത്ത നോട്ടുപുസ്തകം എനിക്ക് മുൻപിലിട്ട് തന്നിട്ടവൾ എണീറ്റ് നിന്നപ്പോളും സ്ഥിരം എന്നേ നോക്കി വിടർത്താറുള്ളയാ പുഞ്ചിരിയുടെ സ്ഥായി ഭാവം അപ്പോഴുo അവളുടെ മുഖത്ത് അങ്ങനെ തന്നെയുണ്ടായിരുന്നു
ഇരുനിറത്തിലുള്ളയവളുടെയാ ഇളം കൈയ്യിൽപ്പതിച്ചയാ ചൂരൽപ്പഴത്തിന്റെ ധ്വനി ക്ലാസ്സ് മുറിയിലാകെ പ്രതിധ്വനിച്ചപ്പോൾ ആഴത്തിൽ വേദനിച്ചത് എന്റെ ഹൃദയമായിരുന്നു
കണ്ണീന്ന് പൊന്നീച്ച പാറിയിട്ടും കലങ്ങിച്ചുവന്ന ചോരക്കണ്ണുകളാൽ വീണ്ടുo എന്നെ നോക്കിത്തന്നെപ്പുഞ്ചിരിക്കുകയായിരുന്നു ആ കള്ളക്കാന്താരി
അന്നു മുതലാണ് എന്റെ കള്ളക്കന്താരിയോടെനിക്ക് പ്രണയം തോന്നിത്തുടങ്ങിയതും.
എന്നും കൊണ്ടു വരാറുള്ള ഉച്ചഭക്ഷണത്തിൽ നിന്നും അവൾക്ക് ഇഷ്ട്ടമായിരുന്നിട്ടു കൂടി എനിക്കു വേണ്ടി മാറ്റി വെച്ച പുഴുങ്ങിയ കാടമുട്ടയെന്നോട് വിളിച്ച് പറഞ്ഞിട്ടുണ്ട് അവൾക്കെന്നോടുള്ള പ്രണയം
ഊണിനു പിറകെ അവൾ തന്ന ഉപ്പിലിട്ടു വെച്ച കണ്ണിമാങ്ങയ്ക്കുള്ളിലെ കയ്പ്പുകണ്ണിയുടെ കനച്ച നീരെന്നോട് വിളിച്ചു പറയാറുണ്ട് അവൾക്കെന്നോടുള്ള പ്രണയം
എന്തിനേറെ കള്ളനോട്ടം കൊണ്ട് കൊത്തിവലിക്കാറുള്ള കള്ളം പറയാത്ത അവളുടെ കരിമിഴികളെന്നോട് വിളിച്ച് പറയാറുണ്ട് അവൾക്കെന്നോടുള്ള പ്രണയം എത്രത്തോളം ഉണ്ടായിരുന്നു എന്നത്
എങ്കിലും ആയുസ്സ് പൂർത്തിയാതെ കിളിർക്കും മുൻപേ കൊഴിഞ്ഞ വാട്ടയിലയായി മാറുകയായിരുന്നു പരസ്പരം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും പറയാതെ പറഞ്ഞ ഞങ്ങളുടെ പ്രണയം
ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോൾ അവളുടെ അച്ഛന്റെ ഫാമിലി ഡൽഹിയിൽ സെറ്റിൽഡ് ആയതു കൊണ്ട് വീടു വിറ്റ് അവിടേക്ക് മാറാനുള്ളയാ തീരുമാനം അറുത്തുമുറിച്ചത് എന്റെ നെഞ്ചകത്തെയായിരുന്നു
കാലം സാക്ഷിയാക്കിയയ എന്റെ നഷ്ട്ട പ്രണയം പ്രായമിത്രയായിട്ടും നെഞ്ചിനകത്തങ്ങനെ ഒരു നീറ്റലായ് വന്നെന്നെ കുത്തിനോവിക്കാറുണ്ട്
ഞാൻ വളർന്നപ്പോൾ കൂടെയൊപ്പം എന്റെ തെമ്മാടിത്തരവും വളർന്നു അത് ചെന്ന് കലാശിച്ചത് സ്ഥലം എസ് ഐ യുടെ പരിവേഷത്തിലും
ഏട്ടൻമാരോക്കെ വിദേശത്തും ജോലി സംബന്ധമായി കേരളത്തിൽ തന്നെ പുറം ജില്ലയിലായി ചേക്കേറിയപ്പോ ഞാനും അമ്മയും ഒറ്റക്കായി, ഇടയ്ക്കും തലയ്ക്കും വന്നു പോകുമ്പോഴൊക്കെ ഏട്ടന്മാർക്കു മുൻപിൽ പരാതിപ്പെട്ടിയുടെ കെട്ടഴിക്കലാണ് മൂപ്പത്തിയുടെ ഹോബി
വിട പറഞ്ഞെന്നിൽ നിന്നും പറന്നകന്നയാ പത്തു വയസുകാരിയുടെ ഓർമ്മകൾ ഇന്നും എന്റെ മനസ്സിലൊരു തീരാനഷ്ട്ടമായ് പാർത്തിരിക്കുമ്പോൾ ഈ തെമ്മാടിക്ക് വാലായ് ജീവിതത്തിലിനിയൊരു പെണ്ണില്ല എന്ന് ഊട്ടിയുറപ്പിച്ചതാണ്
മൂക്കിൽപ്പല്ല് മുളച്ചിട്ടും ഈ ചെക്കൻ പെണ്ണുകെട്ടാൻ തയ്യാറാകണില്ല എന്ന അമ്മയുടെ സ്ഥിരം പല്ലവി കേട്ട് കേട്ട് ഏട്ടൻമാർക്കും മടുത്തിരുന്നു, മുപ്പത് വയസ്സു പോലുമാവാത്ത എനിക്കാണ് മൂക്കിൽപ്പല്ല് മുളച്ചതെന്നമ്മ പറഞ്ഞത്, അതു കേട്ടപ്പോ നീട്ടിയൊരു പുച്ഛം വാരി വിതറിയെറിഞ്ഞ് പുറത്തേക്കിറങ്ങി നടക്കുകയാണ് ഞാനും ചെയ്തത്
പെട്ടെന്നൊരു ദിവസം എല്ലാവരും കൂടെ വീട്ടിൽ ഒത്തുകൂടിയപ്പോൾ തന്നെയെനിക്ക് പന്തികേട് തോന്നിയതാണ്, ഒരു കല്യാണമുണ്ട് ഒരുമിച്ച് പോകണമെന്നും പറഞ്ഞു കൊണ്ടെന്നേ കൊണ്ട് ലീവെടുപ്പിക്കുകയായിരുന്നമ്മ
അപ്പോഴും വെള്ളവസ്ത്രമുടുപ്പിച്ച് ഏട്ടൻമാര് മൂന്ന് പേരും കൂടെ എന്നെയിങ്ങനെ വെള്ളപൂശിയൊരുക്കുന്നുണ്ടായിരുന്നതെന്തിനാണെന്ന് എനിക്കപ്പോഴും മനസ്സിലായിരുന്നില്ല
പെണ്ണുകാണാനാണ് പോകുന്നതെന്ന് വഴിയിൽ വച്ചാണവർ പറയുന്നതും, വണ്ടിയിൽ നിന്നും കുതറിമാറിയിറങ്ങിയോടാൻ ഞാൻ ശ്രമിച്ചെങ്കിലും പിടിച്ച പിടിയിൽ മുറുക്കകയായിരുന്നു മൂന്ന് ഏട്ടൻമാരും കൂടെ
പെണ്ണ് അവളുടെ അമ്മാവന്റെ വീട്ടിലായിരുന്നു അതു കൊണ്ട് തന്നെ ചടങ്ങിന് വീട്ടുകാരുടെ സ്ഥാനത്ത് അവരായിരിക്കുമെന്ന അമ്മേടെ വാക്കിന് ഞാൻ പുല്ലുവില കൊടുത്തില്ല
കയറിച്ചെന്നപ്പോ തന്നെ കുംഭം വീർപ്പിച്ച് നിന്ന ആ അമ്മാവനെന്നു പറയുന്ന കാർന്നോരെ കണ്ടതും അവിടെ നിന്നും ഇറങ്ങിയോടാനാണെനിക്ക് തോന്നിയത്
പെണ്ണ് ചായകൊണ്ടുവന്ന് തന്നിട്ടും ആ തിരുമോന്തയിലേക്ക് തിരിഞ്ഞ് നോക്കിയില്ല ഞാൻ, ഒരു മിന്നായം പോലെ നോക്കിയപ്പോ ചെറിയൊരു ആനച്ചന്തമൊക്കെയുണ്ട്
എന്നാലും എങ്ങനെയെങ്കിലുo എസ്കേപ്പ് ആകാനുള്ള പരിപാടിക്കാണ് ഞാനും തക്കം നോക്കി നിന്നത്
പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാനുണ്ടോ എന്ന അമ്മാവന്റെ ചോദ്യത്തിന് ഞാൻ ഇല്ല എന്ന് മറുപടി പറയും മുൻപേ ഏട്ടനെന്റെ വായ പൊത്തിക്കൊണ്ടയാളോട് പറഞ്ഞു നമുക്ക് അങ്ങോട്ട് നീങ്ങാം കുട്ടികൾ സംസാരിക്കട്ടെ എന്ന്
അവള് വന്നപ്പോ തന്നെ മുഖത്തടിച്ചോണം ഞാൻ പറഞ്ഞു എനിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടില്ല , ഞാനത് കുട്ടിയുടെ വീട്ടുകാരോട് പറയുന്നത് മോശമല്ലെ അതുകൊണ്ട് കുട്ടി തന്നെ അവരോട് എന്നെ ഇഷ്ട്ടമായില്ല എന്ന് പറഞ്ഞോളു എന്ന്
കള്ളം പറയാനെനിക്ക് വയ്യ ഏട്ടനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണെന്നവൾ പറഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് കണ്ണ് രണ്ടും പുറത്തേക്ക് തള്ളി
എങ്കിൽ ഞാൻ പറയാം അവരോട് നിന്നെ ഇഷ്ട്ടപ്പെട്ടില്ല എന്നും പറഞ്ഞ് തിരിഞ്ഞതേയുള്ളോ എന്റെ കൈത്തണ്ടയിലവളുടെ പിടിമുറുകി അവളുടെ ചുണ്ടുകൾ മധുരിതമായെന്റെ കാതിൽ മന്ത്രിച്ചു
” ചേട്ട അട്ടപൊരിച്ചത് ഒരു കൊട്ടയെടുക്കട്ടെ, വെറുതേയിരിക്കുമ്പോ തിന്നാം ” എന്ന്
അഞ്ചാം ക്ലാസ്സിൽ തോറ്റ ആ പന്ത്രണ്ടുകാരന്റെ കണ്ണിലൂടെ ഞാനവളുടെ കണ്ണിലേക്ക് പരതി നോക്കി
അതെ ആ പഴയ കള്ളക്കാന്താരി ഈ തെമ്മാടിയുടെ വാല് ചോരക്കണ്ണാലിരൊൽപ്പം പുഞ്ചിരി വിടർത്തി ഈ തെമ്മാടിച്ചെക്കനെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ആ പഴയ പത്തു വയസുകാരിയുടെ ലാഘവത്തിൽ
പണ്ടും തോൽവിയെനിക്ക് പുത്തരിയല്ലാത്തതു കൊണ്ട് തന്നെ അവളുടെയാ സ്നേഹത്തിനു മുൻപിൽ നിറഞ്ഞ കണ്ണോടെ തോറ്റു കൊടുക്കുകയായിരുന്നു ഞാനപ്പോൾ