താടിയിൽ പിടിച്ച് പിറകോട്ട് ചെരിച്ച് ദേവേട്ടൻ മൃദുവായി കടിച്ചു. കൈവിരൽ ചുരുട്ടി പിടിച്ച് കാൽ വിരലിൽ പൊങ്ങിപ്പോയി….

അരികിൽ

Story Written by NIDHANA S DILEEP

തറവാട്ടിൽ ദേവൻ കുഞ്ഞ് വന്നിട്ടുണ്ട്..കല്ലൂനോട് ലക്ഷിയമ്മ അത്രട്ടം വരെ പോവാൻ പറഞ്ഞു.

അച്ഛൻ അമ്മയോട് പറയുന്ന കേട്ടു

ഇന്നെങ്കിലും ആ മുറീല് എന്താന്നറിയണം…

കണ്ണാടിയിൽ നോക്കി നെറ്റിയിലെ പൊട്ടിൽ ഒന്ന് അമർത്തി .മുടി ഒതുക്കി വെച്ചു.

ഇപ്പോ കൊഴപ്പില്ല….

നീ അവ്ടെ പോയി ബഹളം വെക്കരുത്…കുഞ്ഞിനത് ഇഷ്ടാവില്ല

അമ്മയ്ക്ക് മറുപടി കൊടുക്കാതെ തറവാട്ടിലേക്ക് ഓടി.അടുക്കള വാതിൽ വഴി അകത്തേക്ക് കയറി.

ലക്ഷിയമ്മേ…..

എന്റപ്പാ…പേടിച്ച് പോയല്ലോ കുട്ടീ…

ലക്ഷ്മിയമ്മ അടുക്കളയിലെന്തൊക്കെയോ ചെയ്യുന്നോണ്ട് ഞാൻ വന്നത് കണ്ടില്ലായിരുന്നു.

നീ അവന്റെ മുറീടെ താക്കോൽ പഴുതിലേ എത്തി നോക്കാൻ പോയേക്കല്ലേ..അവനറിഞ്ഞാ അത് മതി.മോളിലേക്കേ പോവണ്ട. കുത്തികുറിക്കുമ്പോ അവന് ആരും അങ്ങോട്ട് പോവുന്നത് ഇഷ്ടല്ല.

എന്തിനാ ലക്ഷ്മിയമ്മേ ദേവേട്ടൻ മുറി പൂട്ടിയിട്ട് പോവുന്നേ.അതിലെന്താ നിധി ഇരിപ്പുണ്ടോ…വന്നാലും മുറി അടച്ചിരിപ്പ് തന്നെ…

എനിക്ക് അറിയാൻ പാടില്ല കുട്ടിയേ..നീ ഇതൊന്ന് മുറിച്ചിട്ടേ…

ലക്ഷ്മിയമ്മ കാണാതെ മോളിലേക്ക് പോയി.പഴയ മരത്തിന്റെ കോണിയായോണ്ട് ശബ്ദം ആകാണ്ടാവാൻ സൂക്ഷിച്ച് ഒരോ അടിയും വെച്ച് കയറി.

ചെറ്യ ശബ്ദം കേട്ടാ മതി അപ്പോ മോളീന്ന് അലറും “അമ്മേ എന്താ അവ്ടെ…..സ്വസ്തത തരില്ലേന്ന്” പാമ്പിന്റെ ചെവീന്ന് കേട്ടിട്ടേ ഉള്ളൂ..

കൊലുസിന്റെ ശബ്ദം വരാതിരിക്കാൻ വിരൽ മാത്രം നിലത്ത് കുത്തി പതിയെ നടന്നു.

വാതിലിലെ താക്കോൽ പഴുതിലൂടെ ഒരു കണ്ണടച്ച് നോക്കി.

സാധാരണ മുറിയടച്ച് ദേവേട്ടൻ പോവും.മുറീൽ ഇരുട്ടായോണ്ട് ഒന്നും കാണൂല. എന്നാലും എല്ലാ ദിവസോം ഇങ്ങനെ ഒളിഞ്ഞ് നോക്കും.ദേവേട്ടൻ മുറീൽ ഉള്ളോണ്ട് വെളിച്ചം ഉണ്ടാവും.

എന്താപ്പോ ഇതിന്റെ ഉള്ളിൽ..ഇങ്ങനെ പൂട്ടിക്കെട്ടി വെക്കാൻ മാത്രം.അറിയണല്ലോ…

ദേവേട്ടൻ കസേരയിൽ തിരിഞ്ഞ് ഇരുന്നോണ്ട് തല മാത്രേ കാണുന്നുള്ളൂ…കഴുത്തിനൊപ്പമുള്ള മുടീം താടിയൊക്കെ ഇടക്ക് തടവുന്നുണ്ട്.ഏതോ പാട്ട് ഉച്ചത്തിൽ വെച്ചിട്ടുണ്ട്.

നോക്കി കഴുത്ത് കടഞ്ഞപ്പോൾ ഒന്നു നിവർന്ന് നിന്നു.ഒന്നു കൂടി കുനിഞ്ഞു.പെട്ടെന്ന് വാതിൽ തുറന്നു.

എന്താ…..

ദേവേട്ടന്റെ ഘനഗംഭീര ശബ്ദം

അത്….ബെ…

ബെയോ….

അല്ല വെള്ളം….വെള്ളം വേണോന്നു ചോദിക്കാൻ വന്നതാ…

ഒളിഞ്ഞ് നോക്കീട്ടാണോ വെള്ളം വേണോന്ന് ചോദിക്കുന്നേ….

അത് എഴ്തുവാണേ വിളിച്ചാ ദേഷ്യം വരുലേ…അതാ എഴ്തുവാണേൽ വിളിക്കാണ്ട് തിരിച്ച് പോവാനാ…

എങ്ങനെയൊക്കെയോ പറഞ്ഞ് ഒപ്പിച്ചു.

ചെറിതിലെ കള്ളക്കളി ഇനിയും നിനിക്ക് നിർത്താനായില്ലേ…

ഓ …എന്നെ ഓർമയൊക്കെ ഇണ്ട്.എന്നിട്ടാ അറിയാത്ത പോലെ സംസാരിക്കുന്നേ..

മനസിൽ പറയാനാ വിചാരിച്ചേ പക്ഷേ പുറത്തേക്ക് വന്ന് പോയി

ഇവ്ടെത്തെ കാര്യസ്ഥന്റെ മോളെ എനിക്ക് അറിയാണ്ടിരിക്ക്വോ

ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.

വെള്ളം വേണേൽ ഞാൻ താഴേക്ക് വന്നോളും.ഇനി മേലാൽ മോളിലോട്ട് വന്നു പോവരുത്…കേട്ടോ…

മ്ംം…കേട്ടു.

എന്നാ പോയിക്കോ…

ഹും…കാര്യസ്ഥന്റെ മോള്….ചെറിതിൽ കളിക്കുമ്പോ കാര്യസ്ഥന്റെ മോള് അല്ലായിരുന്നോ..കല്ലൂന്നു തെകച്ച് വിളിച്ചിട്ടില്ല.ഇപ്പോ വല്യ എഴുത്ത്കാരനായപ്പോ …കാര്യസ്ഥന്റെ മോള്..

കോണിപ്പടികൾ കടകട ശബ്ദമാക്കി ചവിട്ടിതുള്ളി ഇറങ്ങി.

ഞാൻ പറഞ്ഞതല്ലേ മോളീല് പോവണ്ടാന്നു..അവന്റെ കൈയീന്നു നല്ലോണം കിട്ടി തോന്നുന്നല്ലോ…

മുഖം വീർപ്പിച്ച് ദുപ്പട്ടയെ വിരൽ കൊണ്ട് ഞെരിക്കുന്നത് കണ്ട് ലക്ഷ്മിയമ്മ ചോദിച്ചു.

ലക്ഷ്മിയമ്മേടെ മോന് അഹങ്കാരാ…മോളില് കേറിയാ എന്താ ഇപ്പോ…

ലക്ഷ്മിയമ്മ ചിരിച്ചു.

ദേവാ…നിനിക്ക് മാങ്ങ അച്ചാർ വേണോ..കല്ലു ഇണ്ടാക്കിയാ…

വേണ്ടമ്മേ…മാങ്ങ അച്ചാർ ഇപ്പോ തീരെ ഇഷ്ടല്ല…

വായിൽ ചോറ് ഉരുട്ടികേറ്റി കൊണ്ട് ദേവേട്ടൻ പറഞ്ഞു.

എന്നാ ഈ മാമ്പഴ പുളിശ്ശേരി കഴിച്ച് നോക്കിയെ..അതും കല്ലു ഇണ്ടാക്കിയതാ..

ഇതിനെയൊക്കെ നാട്ടിൽ മാമ്പഴ പുളിശ്ശേരീന്നാണോ പറയാറ്…

ലക്ഷ്മിയമ്മ കൈയിൽ ഒഴിച്ച പുളിശ്ശേരി കുടിച്ച് നോക്കീട്ട് പറഞ്ഞു.

കുറച്ച് മുമ്പ് വരെ കവിളിലെ വീക്കം കൊറഞ്ഞതായിരുന്നു.അടുക്കള വാതിലിന്റെ മറവിൽ നിന്ന് അത് കേട്ടതും കവിൾ വീണ്ടും വീർത്തു.

ദുഷ്ടൻ….മാങ്ങ അച്ചാർ ഇഷ്ടല്ല പോലും.പണ്ട് എന്നേം കൂട്ടി എത്ര പ്രാവിശ്യം ലക്ഷ്മിയമ്മ ഉണ്ടാക്കി വെച്ച അച്ചാർ കട്ട് തിന്നിട്ടുണ്ട്.ഉപ്പുമാങ്ങ എടുത്ത് കട്ട് തിന്നാൻ നോക്കീട്ട് ഭരണി പൊട്ടിയതിന് ലക്ഷ്മിയമ്മേടെ കൈയീന്ന് എത്ര അടി വാങ്ങിയതാ…എന്നിട്ടിപ്പോ….ഓ..എഴ്ത്ത്കാരന്റെ ഒരു പത്രാസ്..

അന്ന് ഉത്സവത്തിന് ഡാൻസിന് സമ്മാനം തരുമ്പോ എനിക്ക് മാത്രം കൈ തന്നില്ല പത്രാസ്കാരൻ

അമ്മേ….ഞാൻ പുറത്തേക്ക് പോവുവാ….

ചാവിയും കറക്കി പോകുന്ന കണ്ടതും മോളിലേക്ക് ഓടി.

ഇതെന്താ ഇന്ന് മുറി പൂട്ടാൻ വിട്ട് പോയോ…

വാതിൽ തുറന്ന് അകത്തേക്ക് കയറി.

ഇതെന്താ ആക്രിക്കടയോ…

പണ്ടത്തെ ഗ്രാമഫോൺ തൊട്ടുള്ള പുരാതന വസ്തുക്കളും ഉണ്ട്.

ഈ ആക്രി സാധനങ്ങൾ ആരെങ്കിലും അടിച്ചോണ്ട് പോവുംന്നു വെച്ചാണോ ഇങ്ങനെ കെട്ടിപൂട്ടി വെച്ചിരിക്കണത്…

ഇതൊക്കെ തൂത്ത് വൃത്തിയാക്കി ഇട്ടു കൂടെ…എന്തൊരു പൊടിയാ…ആരെയും മുറീല് കേറ്റുവേം ചെയ്യില്ല…സ്വന്തമായി വൃത്തിയാക്കുവേം ഇല്ല.

പെട്ടെന്നാണ് ചുമരിലെ ഫോട്ടോകൾ ശ്രദ്ധിച്ചത്.കണ്ണുകൾ ഒന്നു ചിമ്മി തുറന്നു.

ഇതെപ്പോ…….

ഞാനില്ലാത്തപ്പോൾ എന്തിനാ എന്റെ റൂമിൽ കേറിയത്…

തെട്ടു പിറകിൽ ദേവേട്ടൻ.നാവൊക്കെ തളർന്നത് പോലെ….

എന്തിനാ ഞാനറിയാണ്ട് എന്റെ ഫോട്ടോ എട്ത്തേ…

കുറച്ചധികം സമയം വേണ്ടി വന്നു അത് ചോദിക്കാൻ

എനിക്കിഷ്ടം ഉണ്ടായിട്ട്…….

തെല്ല് പതർച്ച പോലും ഉണ്ടായിരുന്നില്ല മറുപടിക്ക്

അങ്ങനെ എന്റെ ഫോട്ടോ എടുക്കേണ്ട…..

വീറോടെ പറഞ്ഞു.

എടുത്താ നീയെന്ത് ചെയ്യും….

കുറച്ചു കൂടി അടുത്ത് നിന്ന് ചോദിച്ചു.

ഓടാനായി വാതിലിലേക്ക് നോക്കി.

അത് ഞാൻ ലോക്ക് ചെയ്തതാ…വാ..ഇവ്ടെ ഇരിക്ക്..എനിക്ക് സംസാരിക്കാനുണ്ട്….

വേണ്ടാ…..കാര്യസ്ഥന്റെ മോളോട് ഇങ്ങനെ മുറി അടച്ച് സംസാരിക്കാൻ പാടില്ല…

നേരത്തെ അങ്ങനെ പറഞ്ഞതിലുള്ള പ്രതിഷേധം മുഴുവൻ ഉണ്ടായിരുന്നു ആ വാക്കിൽ

എന്റെ സമ്മതമില്ലാണ്ട് കേറിയതല്ലേ…ഇനി ഞാൻ പറഞ്ഞിട്ട് പോയാ മതി….

ദേവേട്ടനും വിട്ടില്ല.ദേവേട്ടൻ കസേരയിലും ഞാൻ കട്ടിലിലും ഇരുന്നു.

നീ എന്താ വിചാരിച്ചേ …ഞാൻ മുറി പൂട്ടാൻ വിട്ട് പോയതാണെന്നാണോ…

എനിക്ക് അറിയായിരുന്നു ഞാൻ ഇവ്ടുന്നു പോയാ ഉടൻ നീ എന്റെ റൂമിൽ വരുമെന്ന്….

ദേവേട്ടനെ തുറിച്ച് നോക്കി

എന്താ പറയാനുള്ളേ…..

നീ എന്തിനാ എന്റെ മുറീല് വന്നേ….

ഒന്നു പതറി…

അത് …എപ്പോഴും മുറി പൂട്ടിയിടാം മാത്രം എന്താ ഇതിലുള്ളേന്ന് അറിയാനാ…

എന്നിട്ട് അറിഞ്ഞോ…..

മുഖത്തേക്ക് കണ്ണും നട്ട് ഇരിപ്പാണ് ദേവേട്ടൻ

ഇല്ലാന്നു തലയാട്ടി.

ഈ ചുവരിലൊക്കെ ആരുടെ ഫോട്ടോയാ ഉള്ളേ…..

എന്റെ……

തല താഴ്ത്തി കൊണ്ട് പറഞ്ഞു

ഇപ്പോ മനസിലായോ….മനസിലായീന്നു തലയാട്ടി…

എന്നാ പോയ്ക്കോ….പോകാൻ സമ്മതം കിട്ടിയതും ജീവനും കൊണ്ട് ഓടാൻ നോക്കി.

ദേവേട്ടാ……വിട്……ഓടാൻ നോക്കുമ്പോഴേക്കും ദേവേട്ടൻ വലിച്ച് അടുപ്പിച്ചു.

വേഗം ഈ മുറിയിൽ സ്ഥിര താമസം ആക്കാൻ പെട്ടി പാക്ക് ചെയ്തോ….

പോകുമ്പോ ഇത് കൂടി കൊണ്ട് പോയ്ക്കോ…നിനിക്കായ് എഴുതിയതാ ..ഇതിൽ മുഴുവൻ നിന്നോട് പറയാനായ് ഒരു പാട് നാളായി കാത്ത് വച്ച ഒത്തിരി കാര്യങ്ങളാണ്

ഒരു ഡയറി കൈയിൽ വച്ചു തന്നു.കണ്ണുകൾ പിന്നെയും എന്തിനോ പരതി കളിക്കുന്നത് കണ്ടതും തള്ളി മാറ്റി.

എവ്ടേക്കാ ഓടി രക്ഷെപ്പെടുന്നേ……മുഴുവൻ ഇന്ന് തന്നെ വായിച്ച് നാളെ മറുപടി തരണം

ആ മുറിയിൽ മുഴുവൻ എന്നോടുള്ള പ്രണയമായിരുന്നു ഒളിപ്പിച്ചു വച്ചത്.രാത്രി ഡയറിയിലെ വരികളിലൂടെ ദേവേട്ടന്റെ പ്രണയത്തെ അറിയുകയായിരുന്നു. ഞാൻ ഇത്രയും നാളും താക്കോൽ പഴുതിലൂടെ ഒളിഞ്ഞ് നോക്കിയത് ദേവേട്ടന് എന്നോടുള്ള പ്രണയത്തെയായിരുന്നു.

അമ്മേ…..ഇന്ന് മാമ്പഴ പുളിശ്ശേരി ഇല്ലേ…..

ഇല്ല…..്‌നിനിക്ക് ഇഷ്ടായില്ലാന്നു പറഞ്ഞോണ്ട് കല്ലു ഇന്നു ഉണ്ടാക്കിയില്ല….

എന്നാ…ഇന്നലത്തെ അച്ചാർ ഇങ്ങോട്ട് എട്ത്തോ…..

കല്ലൂ………ദേവന് അച്ചാർ വേണംന്നു…

ഇന്നെന്താ മുറിയിൽ ഒളിഞ്ഞു നോക്കാൻ വരാഞ്ഞേ….വേഗം മോളിലോട്ട് വാ…..ലക്ഷ്മിയമ്മ കേൾക്കാതെ പറഞ്ഞു

ഈശ്വരാ….ഇത്രയും നേരം പേടിച്ച് അടുക്കളയിന്നു പുറത്തിറങ്ങിയില്ല.ഇനി എന്ത് ചെയ്യും

വിറയോടെ മുറിയിലേക്ക് നടന്നു.വാതിൽ ചാരിയിട്ടേ ഉള്ളൂ

വായിച്ചോ………

പിറകിൽ നിന്നും എന്നെ കൈകൾക്കുള്ളിലാക്കി കൊണ്ട് ചോദിച്ചു.

കുറേ ഉണ്ടായിരുന്നില്ലേ അതോണ്ട് കഴിഞ്ഞില്ല

വാക്കുകൾക്ക് വേണ്ടി പരതി.

എത്ര വരെ വായിച്ചു……താടി ചുമലിൽ വെച്ച് കൊണ്ട് ചോദിച്ചു.

പണ്ട് ദേഷ്യം വന്ന് ഞാൻ കവിളിൽ കടിച്ചില്ലേ…..അത് വരെ…

താടിയിൽ പിടിച്ച് പിറകോട്ട് ചെരിച്ച് ദേവേട്ടൻ മൃദുവായി കടിച്ചു. കൈവിരൽ ചുരുട്ടി പിടിച്ച് കാൽ വിരലിൽ പൊങ്ങിപ്പോയി

ഇപ്പോ സമാസമമായി

തിരിഞ്ഞു നിന്ന് ദേവേട്ടനെ കൈകൾ കൊണ്ട് വരിഞ്ഞു മുറുക്കി

ഇപ്പോ മനസിലായോ ഈ മുറിയിൽ എന്താ ഒളിപ്പിച്ചിരിക്കുന്നേന്നു

ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു

നിന്നോടുള്ള പ്രണയമാണ് ഞാൻ ഒളിപ്പിച്ച് വച്ചത്. നീ ഈ മുറിയിൽ കയറുന്ന ദിവസം മുതൽ പകർന്നു തരാൻ വേണ്ടി…

പിന്നേ ഒളിഞ്ഞു നോക്കാൻ വരുമ്പോ ഇനി കൊലുസ് അഴിച്ചിട്ട് വരണം കെട്ടോ…എങ്ങനെ പതിയെ വന്നാലും ഞാനത് കേൾക്കും.

ദേവേട്ടൻ ഒളിപ്പിച്ച് വെച്ച പ്രണയം ഒരു മറയുമില്ലാതെ എന്നിലേക്ക് ഒഴുകാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല.

ദേവേട്ടാ…….

മ്ം…..

എപ്പോഴാ ഈ ഫോട്ടസൊക്കെ എടുത്തേ…ഞാൻ അറിഞ്ഞില്ലാലോ…..

രാത്രി അഴിഞ്ഞ് വീണ മുടിയോടെ ആ നെഞ്ചിൽ കിടന്ന് ദേവേട്ട ന്.മുഖത്ത് പടർന്ന കുങ്കുമം മായ്ച്ച് കൊണ്ട് ചോദിച്ചു

നീ ഒരു ബോധവുമില്ലാതെ നടക്കുവല്ലേ…… അതാ അറിയാഞ്ഞേ.

അതും പറഞ്ഞ് പാതി മാഞ്ഞ കുങ്കുമം പിന്നെയും ദേവേട്ടന്റെ മുഖത്താവും വിധം എന്നിലേക്ക് അടുത്തു.