എഴുത്ത് : Sampath Unnikrishnan
“സൺഡേ ഐ ആം ഫ്രീ ആൻഡ് അലോൺ ഓൺ മൈ റൂം വാനാ ജോയിൻ ..?”
ഓഫീസ് ക്യാന്റീനിൽ റേച്ചൽ ഒരു ടിഷ്യു പേപ്പറിൽ ലിപ്സ്റ്റിക്കുകൊണ്ടു ഇത്രയുമെഴുതി എനിക്ക് നേരെ നീട്ടിയപ്പോൾ ചുറ്റിലും ആരുംതന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയാണ് ഞാനത് വാങ്ങിച്ചുവായിച്ചത് അക്ഷരാർത്ഥത്തിൽ ഞാനൊന്ന് ഞെട്ടി…..
ജോയിൻ ചെയ്ത നാളുമുതൽ മേലുദ്യോഗസ്ഥക്കു എന്നോടൊരു സോഫ്റ്റ് കോർണർ ഉണ്ടെന്നു പലരും പറഞ്ഞു കളിയാക്കിയപ്പോൾ അത് ഇത്രപെട്ടെന്ന് എനിക്ക് മുന്നിൽ വന്നുനിൽക്കുമെന്ന് വിചാരിച്ചിരുന്നില്ല….
“യെസ്… ഓഫ്കോഴ്സ് വൈ നോട്ട്…”
ഒരു കള്ളച്ചിരി പാസ്സാക്കി ഞാനാ ടിഷ്യു എടുത്തു പോക്കറ്റിൽവച്ചു….
കട്ടിക്കിട്ട ചുവന്ന കളർ ലിപ്സ്റ്റിക്ക് തൂവിയ ചുണ്ടിലെ വശീകരിച്ച ചിരിയും പകുതി കൂമ്പിയ മിഴികളുമായി നിന്നവളെ എനിക്കൊരു നോട്ടം കൊണ്ടുപോലും തിരസ്ക്കരിക്കാൻ തോന്നിയില്ല..
“ഓക്കേ കേശവ് ക്യാരി ഓൺ വിത്ത് യുവർ ടാർഗറ്റ്സ്…ഇത് മറ്റാരും അറിയരുത് “
റേച്ചൽ എന്റെ പുറത്തുതട്ടി പറഞ്ഞു
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് ഇല്ല എന്ന രീതിയിൽ തലയാട്ടി…
മറ്റാരും അറിയരുത് എന്ന് ….
ഇതെങ്ങനെ ആരെയും അറിയിക്കാതെ ഉള്ളിൽകൊണ്ട് നടക്കും ഇത്രയും വലിയ സ്ഫോടകവസ്തു ഉള്ളിൽ സൂക്ഷിക്കാൻ മാത്രം ഈ നാട്ടുംപുറത്തുകാരന്റെ ഉള്ളം സജ്ജമല്ല എന്നവൾക്കറിയില്ലല്ലോ …
എങ്കിലും എന്നോട് മേമിന് ഇങ്ങനൊരു മോഹം…..ഓഫീസിൽ റേച്ചലിനെ മോഹിക്കാതായി ആരും തന്നെയില്ല….
ആ ആളാണ് എനിക്ക് മുന്നിൽ, ഹൊ ആലോചിക്കുമ്പോൾ തന്നെ പെരുവിരൽ മുതൽ ഉച്ചി വരേയും ഒരു കോരിത്തരിപ്പ്….
അതേ കോരിത്തരിപ്പ് ഓഫീസിലെ എന്റെ ഉറ്റസുഹൃത്തു വരുണിലേക്കും പകർന്നു …..
അവനോടു മാത്രമായി ഞാൻ മാറ്റി നിർത്തി കാര്യംപറഞ്ഞപ്പോൾ മുതൽ ആ കോരിത്തരിപ്പിൽ പറന്നു നടക്കുകയാണ് കക്ഷി…
കൂടെ ഇത് കൂടി പറഞ്ഞു…
“നമ്മളൊക്കെ എത്രയെന്നു വച്ചാ വീട്ടിലെ ഭക്ഷണം മാത്രം തിന്നുന്നെ ഒരു ദിവസമെങ്കിലും പുറത്തു പോയി നല്ല ചൂട് ധം ബിരിയാണി കഴിക്കണം എന്ന് ..”
അവന്റെ പ്രതികരണം കൂടി കേട്ടതോടെ …..പിന്നെ അങ്ങോട്ട് ചൂടുപിടിപ്പിക്കുന്ന ചിന്തകൾ മാത്രമായിരുന്നു മനസ്സ് മുഴുവൻ
സൺഡേ ആവാൻ ഇനിയും രണ്ടുനാളുകൾ……
ചാരുവിനോട് എന്ത് പറയും…. സൺഡേ ഔട്ടിങ് ഒക്കെ അവൾ പ്ലാൻ ചെയ്തു കഴിഞ്ഞിട്ടുണ്ടാവണം കല്യാണം കഴിഞ്ഞു വർഷം ഒന്നായെങ്കിലും ചാരുവിനെ ബാംഗ്ലൂർ കൊണ്ടുവന്നിട്ട് രണ്ടാഴ്ച ആയിട്ടുള്ളു……
ഒരു പൊട്ടി പെണ്ണാണ് ചാരു ഇതുവരെയും ഞാൻ പറഞ്ഞതിനൊരു മറുവാക്കില്ല പാവത്തിന്, എന്നിട്ടും അവളെ ചതിക്കുന്നതിനു തുല്യമല്ലെ …. എന്തോ വല്ലാത്തൊരു ആശയകുഴപ്പം എന്നെ വീർപ്പുമുട്ടിച്ചു ….
ഓഫീസിൽ നിന്നും വൈകിയാണ് ഇറങ്ങിയത് റേച്ചൽ തന്നെ ശ്രദ്ധിക്കുന്നത് നോക്കി ഇരുന്നു സമയം പോയത് അറിഞ്ഞില്ല …. പലപ്പോഴും അവളുടെ മാദക ഗന്ധം ആ ഓഫീസിൽ നിറഞ്ഞു നിൽക്കുന്നുവെന്ന് സംശയം തോന്നി …. മുൻപെങ്ങും ചാരുവിൽ ഇല്ലാത്തൊരു ഗന്ധം അതെന്നെ ത്രസിപ്പിക്കുന്നു …..
അങ്ങനെ റേച്ചലിനെ കുറിച്ച് ഓരോന്ന് ചിന്തിച്ചാണ് ഞാനെന്റെ ഫ്ളാറ്റിലെ കോളിങ് ബെൽ അമർത്തിയത് ….
“എന്താ ഏട്ടാ ഇത്ര ലേറ്റ് ആയത് …?”
വാതിൽ തുറന്ന് എന്റെ കയ്യിലെ ബാഗു വാങ്ങിച്ചു ചാരു ചോദിച്ചു …മറുപടിക്കു മുൻപ് അവൾ അടുക്കളയിലേക്കു നടന്നിരുന്നു …..
“പണി കൂടുതൽ ഉണ്ടായിരുന്നു “
ഞാൻ സോഫായിലേക്കു ചാഞ്ഞു വിളിച്ചു പറഞ്ഞു …
കള്ളം എന്നറിഞ്ഞും ഒരു മുൻവിധിയും കൂടാതെ ഞാൻ സംസാരിച്ചു തുടങ്ങിയിരിക്കുന്നു ….
ഞാൻ ചാരുവിനോട് പലതും മറയ്ക്കാൻ തയ്യാറെടുക്കകയാണോ എന്നെനിക്കു സംശയം തോന്നി…
വശീകരണത്തിന് ഇങ്ങനൊരു വിചിത്ര മുഖമോ ഒരു വർഷം എന്റെ ചൂടും ചൂരും കൊണ്ട് കിടന്നവൾക്ക് മുൻപിൽ റേച്ചലിന്റെ മുഖവും, വശീകരണ ചിരിയും, അവളുടെ വടിവൊത്ത ഉടലും തിരശീലയിലെന്നപോലെ മിന്നിമായുന്നു ….
അന്ന് ഞാൻ ചാരുവിനോട് അതികം സംസാരിക്കാൻ കൂട്ടാക്കിയില്ല ….
തലവേദന എന്നുപറഞ്ഞു നേരത്തെ കഴിച്ചുകിടന്നു …… കിടന്നു അൽപ്പം കഴിഞ്ഞതും ചാരു ബാമുമായി വന്നെന്റെ നെറ്റിയിൽ പുരട്ടി തലോടി തന്നു ….
“എന്തിനാ ഏട്ടാ ഇങ്ങനെ ഹെവി വർക്ക് എടുക്കുന്നെ, പണിയൊക്കെ ചെയ്യണം കൂടെ സ്വന്തം ഹെൽത്ത് കൂടി നോക്കണ്ടേ …?”
ഞാൻ മൗനം പാലിച്ചു …. എനിക്കാ പരിചരണത്തിലും ഒന്നും പറയാനില്ലായിരുന്നു…
അതിനുകാരണം ചെറുതായൊരു കുറ്റബോധത്തിന്റെ കണിക എനിക്കുള്ളിൽ എവിടെയോ ഊറ്റംകൊണ്ടു…ഇത്രത്തോളം എന്നെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന പെണ്ണിനെ മറന്നുകൊണ്ട് ഞാൻ മറ്റൊരു പെണ്ണിലേക്കു പോവുന്നതത്ര ശരിയാണോ എന്ന് ….
പക്ഷെ ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത് വരുൺ പറഞ്ഞതുപോലെ ചൂടുള്ള ധം ബിരിയാണി ഇടക്കെങ്കിലും പുറത്തുപോയി കഴിച്ചില്ലെങ്കിൽ എന്താണ് ജീവിതത്തിലൊരു ആനന്ദം.
*******************
പിറ്റേന്ന് പതിവിലും നേരത്തെ ഓഫീസ് എത്തിയ ഞാൻ വരുണിന്റെ ടേബിളിൽ അവനരികിൽ ചെന്നിരുന്നു ….
“അളിയാ പുറത്തു പോയി ബിരിയാണി……
“എന്റെ പൊന്നളിയാ നീ കഴിക്കളിയാ …..ഞാൻ ഇതെത്രെ കഴിച്ചിട്ടുള്ളതാ പുറത്തു പോയി കട്ടു കഴിക്കുന്നതിനു രുചി ഒന്ന് വേറെയാ ട്രൈ ഇറ്റ് മാൻ……”
അതെ ഞാൻ തീരുമാനിച്ചുകഴിഞ്ഞു നാളെ ഞാൻ ആ രുചി അറിയാൻപോവുന്നു, ഓഫീസിലെ മാദക റാണിയെ ഞാൻ രുചിക്കാൻ പോവുന്നു ….. എഴുന്നേറ്റു സ്വപ്നത്തിലെന്നപോലെ എന്റെ സ്വന്തംസ്ഥാനത്തു പോയിരുന്നു അവിടിരുന്നാൽ ഗ്ലാസ്സിലൂടെ ക്യാബിനിൽ റേച്ചൽ ഇരിക്കുന്നത് കാണാം. റേച്ചൽ അന്ന് എന്നത്തേക്കാളും കൂടുതൽ സുന്ദരിയായി തോന്നിച്ചു, മുടിയിഴകൾ കാറ്റിൽ പറന്നുകളിക്കുന്നത് കണ്ടു… ഇളംമഞ്ഞ സാരിയിൽ അവളെ ഒരു സൂര്യകാന്തിപ്പൂഷ്പം പോലെ തോന്നി….
ഉദയസൂര്യനോട് സൂര്യകാന്തിപുഷ്പം തന്റെ പ്രണയം പറയാൻ ഏകയായ് കാത്തുനിൽക്കുന്ന പ്രതീതി …..
മുൻപെങ്ങും തോന്നാത്തൊരനുഭൂതി എന്നിൽ നിറഞ്ഞുനിന്നു … ആ അനുഭൂതി എന്തെ എനിക്ക് ചാരുവിൽ തോന്നാഞ്ഞത്..?
വശീകരണത്തിന് വല്ലാത്തൊരു കാന്തിക ശക്തിയാണ്……. കാന്തത്തെപോലെ അതിന്റെ വലയത്തിലുള്ളതിനെ തീവ്രശക്തിയിൽ അതിനോടടുപ്പിക്കും…
ഓഫീസിലിരുന്ന സമയത്തു മുഴുവൻ ചിന്തകളും പിറ്റേന്നത്തെ വരാനിരിക്കുന്ന മധുരമേറിയ നിമിഷങ്ങളെകുറിച്ച് മാത്രമായിരിന്നു ….ചില നേരത്തു വേണ്ട എന്ന് തോന്നുമെങ്കിലും അതിലും ശക്തിയുള്ള എന്തോ ഒന്ന് എന്നെ ആഞ്ഞുവലിക്കുന്നു ഗോദയിലേക്ക് പോരാളി തന്റെ എതിർപോരാളിയെ വലിച്ചകത്തിടുന്ന പോലെ എന്നെയും ആരോ അതിലേക്കു വലിച്ചിടുന്നു ….
ഞാൻ അന്നും കാര്യമായ പണികളൊന്നും ചെയ്തില്ല ….റേച്ചൽ ചെയ്യിച്ചില്ല എന്ന് പറയുന്നതാവും സുതാര്യം, നോക്കിയും പരസ്പരം ചിരിച്ചും സമയം പോയതറിഞ്ഞില്ല ….
“ഡോണ്ട് ഫോർഗെറ്റ് ടുമോറോ “
ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം റേച്ചൽ എന്നരുകിൽ വന്നു ചെവിയിൽ പറഞ്ഞു .
“ഇല്ല” എന്ന് ചെറുചിരി തൂകി ഞാൻ മറുപടിയേകി ….
ഫ്ലാറ്റെത്തുന്ന വരെയും മനസ്സിൽ രണ്ടുപേരുടെയും ചിന്തകൾ നിറഞ്ഞുനിന്നു. ഒരിടത്തു ഒരു വർഷം കൂടെ നിന്ന എന്റെ ശരീര ഭാരമേറ്റുവാങ്ങി വാടിതളർന്ന എൻ ജീവന്റെ പാതിയും മറുവശം ആരും കൊതിക്കുന്നൊരു സുന്ദരിയും.
ഫ്ലാറ്റിൽ എത്തി ചാരുവിനെ അറിയിക്കാതെ ആ രഹസ്യം ഉള്ളിൽ കൊണ്ടുനടക്കാൻ ഞാൻ നന്നേപാടുപെട്ടു കനമുള്ള കരിങ്കൽ പേറി നടക്കുന്ന ചുമട്ടുകാരനെ പോലെ താഴെ ഇടാനൊന്ന് കൊതിച്ചു പക്ഷെ റേച്ചൽ…..!!!! അവൾ…..!!!! അവളെ ആലോചിക്കുമ്പോൾ എന്റെ ഉള്ളിലെ കരിങ്കൽ ഭാരം നറുപുഷ്പത്തിൻ മൃദു ദളം പോലെ കുറഞ്ഞില്ലാതാവുന്നതു ഞാൻ അറിഞ്ഞു …..
നൈറ്റ് കിടക്കാൻ നേരം ഫോണിൽ റേച്ചലിന്റെ മെസ്സേജും വന്നു
“മോർണിംഗ് ബിഫോർ ടെൻ ഐ ആം എക്സ്പെക്ടിങ് യു ഹിയർ …. “
“ഓക്കേ വിൽ ട്രൈ ടു റീച് ബിഫോർ ടെൻ”
ഞാൻ മറുപടിയും കൊടുത്തു …
************************
പിറ്റേന്ന് രാവിലെ ചാരുവിനോട് എമർജൻസി മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞിറങ്ങുമ്പോഴും ഷോപ്പിങ്ങും കറക്കവും മാറ്റിവച്ചതിന്റെ വിഷമം ഒരുതരി പോലും കാണിക്കാതെ ചാരു പുഞ്ചിരിയോടെ എന്നെ യാത്രയാക്കി.
ഫോണിൽ റേച്ചൽ താമസസ്ഥലം ലൊക്കേഷൻ ഷെയർ ചെയ്തതുകൊണ്ട് പറഞ്ഞതിലും നേരത്തെ ഞാൻ റേച്ചലിന്റെ ഫ്ലാറ്റിലെത്തി …. നമ്പർ 302. ഞാൻ കോളിങ് ബെൽ അമർത്തി ….
വാതിൽ പെട്ടന്ന് തുറന്നതിൽ തന്നെ ഞാൻ മനസിലാക്കി റേച്ചൽ എന്നെ കാത്തിരിക്കുകയായിരുന്നു ….
“ഹേയ് കേശവ് കം കം … സിറ്റ് ..”
റേച്ചൽ എന്നെ ആനയിച്ചു സോഫയിൽ ഇരുത്തി ……
“പിന്നെ എന്തുണ്ട് …. ഹോ ഞാൻ മറന്നു. വാട്ട് യു പ്രീഫെർ ടീ ഓർ കോഫി ..?”
“കോഫി …”
“ഞാൻ ദേ എടുക്കാം …”
“ഓക്കേ ..”
റേച്ചൽ അകത്തു പോയി ഞാൻ വാച്ചിലേക്ക് നോക്കി പത്തുമണിക്കിനിയും പത്തു മിനിറ്റ് ….
‘അടുക്കളയിൽ പുറകിലൂടെ പോയി ചേർത്ത് പിടിച്ചാലോ …. ഏയ് വേണ്ട മോശമാണ് റേച്ചൽ തുടങ്ങട്ടെ അതാണ് ശരി’
ആലോചിച്ചു തീരുന്നതിനു മുൻപ് റേച്ചൽ വന്നു കോഫി എനിക്കായി നീട്ടി …..
കോഫി കുടിച്ചു കഴിഞ്ഞ ക്ഷണം റേച്ചൽ ഞാൻ ഇരുന്ന സോഫയിൽ വന്നിരുന്നു ….
“എന്നാൽ നമുക്ക് തുടങ്ങിയാലോ…?”
എന്റെ പള്ളീ……. ഇത്രയും ഓപ്പൺ മൈൻഡഡ് ആയ പെണ്ണോ ഒരു ആയിരം ലഡ്ഡു ഒന്നിച്ചുപൊട്ടിയത്പോലെ ഞാൻ വാ തുറന്നു റേച്ചലിനെ മിഴിച്ചുനോക്കിയിരുന്നു…
“വാ പബ്ജി കളിക്കാം ഓപ്പൺ ചെയ്യ് …”
“ങേ എന്ത് ?”
“പബ്ജി….. പബ്ജി ഓഫീസിലൊരു സംസാരം കേട്ടു കേശവും പബ്ജി അഡിക്ട് ആണെന്ന് …. ഞാനും നല്ലൊരു പാർട്ട്ണറേ നോക്കി നടക്കായിരുന്നു …
പിന്നെ നേരിട്ട് പറയാൻ ഒരു മടി മേലുദ്യോഗസ്ഥ പബ്ജി കളിയ്ക്കാൻ വിളിച്ചെന്നറിഞ്ഞാൽ ആകെ ഓഫീസിൽ ഉള്ള എന്റെ വില പോവുമെന്ന് തോന്നി …..ഇതാവുമ്പോ പ്രോബ്ലം ഇല്ലല്ലോ ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി …”
കാറ്റുപോയ ബലൂണ് പോലെ ആയിപോയി ഞാൻ പിന്നെ അതിന്റെ ഹാങ്ങ് ഓവർ തീർക്കാൻ സന്ധ്യയാവുന്ന വരെയും പബ്ജിയും കളിച്ചാണ് അവിടെ നിന്നും ഇറങ്ങിയത് …
വീടെത്തി ഫ്ലാറ്റിലേക്ക് കയറിയതും എന്നെ എതിരേറ്റത് കരഞ്ഞുകലങ്ങിയ ചാരുവിന്റെ മുഖമാണ് അത് ദേഷ്യംകൊണ്ട് ചുവന്നു വീർത്തിരുന്നു ….
കാര്യമറിയാതെ അന്താളിച്ചു നിന്ന എനിക്ക് നേരെ അവൾ ആ ലിപ്സ്റ്റിക് എഴുതിയ ടിഷ്യു പൊക്കി കാണിച്ചു ചോദിച്ചു
“ഇതെന്താണിത്….. ?ആരാണ് ലിപ് സ്റ്റിക്ക് കൊണ്ട് എഴുതി തന്നത് എനിക്കിപ്പോ അറിയണം….. ഇന്നത്തെ എമർജൻസി മീറ്റിംഗ് ഇതായിരുന്നല്ലേ എനിക്കെല്ലാം മനസിലായി…..”
ചാരുവിന്റെ കരച്ചിൽ ആംബുലൻസിന്റെ സൈറൻ കണക്കെ എന്റെ കാതുകളിൽ മുഴങ്ങി കേട്ടു.
ശുഭം
NB : പൊങ്കാല ഇടരുത് …?