മെമ്മറീസ് (അവസാന ഭാഗം) ~ എഴുത്ത്: ആദർശ് മോഹനൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ആകാംക്ഷയോടെ ഞാനാ ഡയറി മെല്ലെ മറിച്ചു നോക്കി

കോളേജിലെ അദ്ധ്യയന വർഷാരംഭത്തിൽ മികച്ചൊരു ഏറ്റുമുട്ടലിൽ ആയിരുന്നു ആ പ്രണയത്തിന്റെ തുടക്കം, ബസിന് പിറകിൽ ശല്യമാണെന്ന് തോന്നിയ ഒരു വൃദ്ധന് നേരെ ഓങ്ങിയ എന്റെ കൈകളെ വട്ടം കേറി പിടിച്ചു കൊണ്ടായിരുന്നു അവനെന്റെ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്, ആ വൃദ്ധൻ അന്ധനായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് ആൾക്കൂട്ടത്തിൽ വച്ച് എന്നേ കണ്ണ് പൊട്ടുന്ന കണക്കിന് ശകാരിച്ച അവനോട് തോന്നിയ അമർഷം, പിന്നീട് അവൻ സ്വന്തം ക്ലാസ്സിൽ തന്നെയാണ് പഠിക്കുന്നത് എന്നറിഞ്ഞപ്പോൾ മുതൽ അരിച്ചു കയറിയ കോപം, ഇതെല്ലാം അവനോട് നേരിൽ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഉള്ളിലങ്ങനെ പൊട്ടിത്തെറിക്കാൻ പാകത്തിന് കെട്ടികിടക്കുന്നുണ്ടായിരുന്നു, നാട്ടിലെ പ്രമാണിയുടെ മകളും പോരാത്തേന് ഏതൊരു ആണിനേയും ആകർഷിച്ചേക്കാവുന്ന സൗന്ദര്യം ഇതെല്ലാം കണ്ടിട്ടായിരിക്കണം പിറകെ നടക്കാൻ ആവശ്യത്തിലധികം ആണുങ്ങൾ ഉണ്ടായിരുന്നു, പിറകെ നടന്നിട്ടുള്ള പൂവാലന്മാർക്ക് പിറകിൽ ഒരെണ്ണം കൂടെ കൂടുതൽ ഉണ്ടെന്ന് അറിഞ്ഞത് ചെല്ലുന്നിടത്തെല്ലാം അവന്റെ ഇളിച്ച മോന്ത കാണാൻ തുടങ്ങിയതിൽ പിന്നെയാണ്..

പിറകിലൂടെ ഒലിപ്പിച്ചു നടക്കുമ്പോഴും എന്നോട് ഇഷ്ട്ടമാണ് എന്ന് പറയുന്ന ആ നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരുന്നു, എന്തിനെന്നോ എനിക്ക് പ്രതികാരം ചെയ്യണമായിരുന്നു അവനോട് നാലാളുടെ മുൻപിൽ വച്ചെന്നെ കൊച്ചാക്കി വിട്ട അവനെ പബ്ലിക് ആയി തന്നെ നാണം കെടുത്തണം എന്നത് എന്റെയൊരു വാശിയായിരുന്നു……………

അങ്ങനെ ഒരു ദിവസം ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ അവനെന്റെ അരികിൽ വന്നെന്നോട് അവന്റെ ഇഷ്ട്ടം പറഞ്ഞു, കൂട്ടുകാരികളോടോത്തു അവന്റെ തൊലിയുരിച്ചു വിട്ടെന്നു മാത്രമല്ല, നാലാളുടെ മുൻപിൽ അവന്റെ തല കുമ്പിട്ട് നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നി, എന്റെ കോപം മുഴുവനും അവന്റെ മുമ്പിൽ അലറി തീർത്തപ്പോഴും, കാത് കേൾക്കാത്ത പൊട്ടനെ പോലെയെന്നേ നോക്കിയൊന്നു പുഞ്ചിരിക്കുക മാത്രമായിരുന്നു അവനും ചെയ്തത്

വെയിലും മഴയും അവനൊരു പ്രശ്നമേ ആയിരുന്നില്ല, വാലാട്ടി പട്ടിയായി അവനെ പിറകെ നടത്താൻ എനിക്കും എന്റെ കൂട്ടുകാരികൾക്കും ഉണ്ടായിരുന്ന ഉത്സാഹത്തിന് തെല്ല് പോലും കുറവുണ്ടായിരുന്നില്ല, ഒരു ദിവസം കോളേജ് വിട്ട് വീട്ടിൽ പോകും വഴിയാണ്, പുറത്ത് നല്ല മഴയും… ബസ് സ്റ്റോപ്പിലേക്കെത്താൻ അര കിലോമീറ്റർ ദൂരത്തോളം നടക്കണം. കോളേജ് ലേക്ക് ഇറങ്ങുമ്പോൾ കുടയെടുക്കാൻ മറന്നു എന്നാണ് ഞാൻ വിചാരിച്ചിരുന്നത്, പക്ഷെ ബാഗ് തുറന്നപ്പോൾ ഉള്ളിൽ കൂടെയുണ്ടായിരുന്നു ഇന്നെങ്കിലും അവന്റെ ശല്യമില്ലാതെ നടന്നു പോകാമല്ലോ എന്ന് കരുതി കോളജിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ കോരിച്ചൊരിയുന്ന മഴയും കൊണ്ടവൻ എന്റെ പിറകെ തന്നെ കൂടിയതാണ്, അവന്റെ മുഖത്ത് നോക്കി ആവശ്യത്തിലധികം പുച്ഛം വാരി വിതറിയിട്ടോണ്ട് ഞാൻ നടന്നു നീങ്ങി, വീട്ടിൽ എത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത് ആ കുട അത് എന്റെ അല്ലായിരുന്നു എന്ന്……. അത് അവനെടുത്തു ഇട്ടതാണ് എന്ന് മനസ്സിലാക്കാൻ അധികം സമയമൊന്നും വേണ്ടി വന്നില്ലായിരുന്നു എനിക്ക്

എന്നാലും അവനോട് അങ്ങനെ പെരുമാറിയതിൽ ഒരല്പം പോലും ദുഃഖം തോന്നിയിരുന്നില്ല എനിക്ക്, എന്റെ പ്രീതി പിടിച്ചു പറ്റാനും ഉള്ളിൽ എന്റെയുള്ളിൽ സഹതാപ തരംഗം സൃഷ്ടിച്ചെടുക്കാനുമുള്ള അവന്റെ അടവുകൾ ആണിതെന്ന് ഞാൻ സ്വയം വിശ്വസിച്ചു, പിറ്റേ ദിവസം ക്ലാസ്സിൽ പോകും വഴി ബസ് സ്റ്റോപ്പിൽ വച്ച് ആ കുട അവന് മുൻപിൽ വലിച്ചെറിഞ്ഞു കൊണ്ട് നിന്റെ ഈ അടവുകൾ ഒക്കെ ചിലവാകുന്നിടത്ത് പ്രയോഗിച്ചാൽ മതി ഇങ്ങനെയുള്ള ചീപ് ഷോയിലൊന്നും മയങ്ങിവീഴുന്ന പെണ്ണല്ല ഈ ഹൃതിക എന്നൊരു ഡയലോഗും കാച്ചി തിരിച്ചു നടക്കുമ്പോൾ എന്റെ കൂട്ടുകാരികൾ ഒന്നടങ്കം പറഞ്ഞു.

“കണക്കായിപ്പോയി അൽപ്പം കുറഞ്ഞെങ്കിലെ ഉള്ളോ” എന്ന് , അത് കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ നേർത്തയൊരു പുഞ്ചിരിയോടെ വീണ്ടും അവനെന്റെ പിറകിൽ കൂടിയപ്പോൾ ഞാനറിയാതെ തന്നെ എന്റെ കഴുത്ത് അവന് നേരെ ഇടയ്ക്കിടയ്ക്ക് വെട്ടിച്ചെരിഞ്ഞുകൊണ്ടിരുന്നത് എന്തിനാണെന്ന് എനിക്ക് അപ്പോഴും മനസ്സിലായിരുന്നില്ല……

ലൈബ്രറിയിലും, കാന്റീൻ ലും, എന്തിനേറെ പ്രിൻസിപ്പൽ ന്റെ ഓഫീസ് ലേക്ക് പോകുമ്പോഴും അവനെന്റെ നിഴൽ പോലെ പിറകെ കൂടിയപ്പോൾ ഉള്ളിൽ സഹതാപം മാത്രമാണ് തോന്നിയത്, അങ്ങനെ ആദ്യമായിട്ടൊരല്പം ദയവ് തോന്നിയപ്പോൾ ആണ് അവനോടായി ഞാനത് ചോദിച്ചത്

” എടൊ താൻ പഠിക്കാൻ അല്ലേ ഇങ്ങോട്ട് വരുന്നത്? ” എന്ന്

“അല്ല ” ആ മറുപടി കേട്ടപ്പോൾ ഞാനാകെ അയ്യട എന്നായി പോയി

“പിന്നേ ? “

” തന്നെ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ കോളേജിലേക്ക് വരുന്നത്, അല്ലാതെ പഠിക്കാൻ വേണ്ടിയിട്ടൊന്നുമല്ല ” എന്ന അവന്റെ ആ മറുപടി കേട്ടപ്പോൾ ഉള്ളിലെ ദേഷ്യം കെട്ടടങ്ങാൻ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു,

അവനെ പറ്റി ആദ്യമായി അന്വേഷണം നടത്തിയപ്പോൾ മനസ്സിലായി അവന് എന്നോട് ഇഷ്ട്ടം തോന്നിത്തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല എന്ന്, ഞാൻ ഒറ്റ ഒരാൾ കാരണമാണ് അവൻ ഇവിടെ പഠിക്കാനായി വന്നത് എന്ന്, ചെറുപ്പം മുതലേ നൃത്തം പരിശീലിക്കുന്നിടത്ത് മുതൽ ശ്രദ്ധിക്കുന്നതാണ് അവനെന്നെ, പല സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ടെങ്കിലും ചിലങ്കയണിഞ്ഞു നിൽക്കുന്ന എന്റെ ചിത്രങ്ങൾ അവന്റെ കയ്യിൽ ഉള്ളത്രയും എന്റേൽ കാണില്ല എന്നറിഞ്ഞത് ക്ലാസ്സിലുള്ള ഒപ്പം പഠിക്കുന്ന കുട്ടികളുടെ സംസാരത്തിൽ നിന്നാണ്,

പിന്നീടൊക്കെ പിറകെ നടക്കുമെങ്കിലും ദേഷ്യപ്പെടാറില്ല ഞാനവനോട്, അവനെന്നെ പിന്തുടരുന്നത് മെല്ലെ മെല്ലെ ആസ്വദിച്ചു തുടങ്ങിയിരുന്നു എന്നതാണ് സത്യം, അങ്ങനെയിരിക്കെ കോളേജ് ആനിവേഴ്സറി ഫങ്ക്ഷന് പ്രോഗ്രാം നടന്നുകൊണ്ടിരിക്കുമ്പോളാണ് അത് സംഭവിച്ചത്,

ഞങ്ങൾ ഡാൻസ് കളിച്ചു കൊണ്ടിരിക്കുമ്പോൾ സ്റ്റേജിനു സൈഡിൽ നിന്നുകൊണ്ട് എന്തൊക്കെയോ കോപ്രായങ്ങൾ ഞങ്ങളെ നോക്കി കാണിക്കുന്നുണ്ടായിരുന്നു അവൻ ഞൊടിയിടയിലവൻ സ്റ്റേജിനുള്ളിലേക്ക് കേറി വന്ന് നേരെ എന്റെ കാലിലേക്ക് അടി തെറ്റി വീണപ്പോൾ എല്ലാവരും പറയുന്നുണ്ടായിരുന്നു അവൻ കുടിച്ചിട്ടാണ് വന്നത് മനപ്പൂർവം പ്രോഗ്രാം അലമ്പാക്കാൻ വേണ്ടിയാണു സ്റ്റേജിൽ കേറിയത് എന്ന്……..

എന്തോ ദേഷ്യവും സങ്കടവും ഒരുമിച്ചാണ് വന്നത്, കൂട്ടുകാരികൾ എല്ലാം കൂടെ എന്റെ കയ്യും പിടിച്ചു അവന്റെ അരികിലേക്ക് ഉറഞ്ഞു തുള്ളി ചെന്നു ഞാനൊന്നും മിണ്ടാതെ നിന്നപ്പോൾ എന്റെ ഉറ്റ സുഹൃത്ത് മായ അവന്റെ കരണം പുകച്ചൊരു അടിയാണ് അടിച്ചത്..

” നിനക്ക് നാണമാകില്ലേ, പ്രതികാരം ചെയ്യേണ്ടത് ഇങ്ങനെയല്ല, ഇവളെ ഇഷ്ടപ്പെടാനും മാത്രം എന്ത് യോഗ്യതയാണ് നിനക്ക് ഉള്ളത്, ഇവള്ടെ വീട് നീ കണ്ടിട്ടുണ്ടോ, ഇവള്ടെ തൊഴുത്തിന്റെ അത്രയേ വരൂ നിന്റെ വീട്, മേലാൽ ഇങ്ങനെ പിറകെ നടന്നു മോൻ സമയം കളയേണ്ട ഇനി “

അവളത് പറഞ്ഞപ്പോൾ എന്റെ ചോര തിളച്ചു കയറിയത് എന്തിനായിരുന്നു എന്നെനിക്ക് അപ്പോഴും അറിയില്ലായിരുന്നു, കുമ്പിട്ട് നിന്ന അവന്റെ തല കണ്ടപ്പോൾ അവനോടൊരു തരി ദേഷ്യം പോലും മനസ്സിൽ തോന്നിയിരുന്നില്ല, മറിച്ച്‌ മായയുടെ അറുത്തുമുറിച്ചുള്ള സംസാരത്തിനോട് വെറുപ്പ് തോന്നിയതാണ് അന്നേരം, എല്ലാം കണ്ടും കേട്ടും നിന്ന അവൻ ഒന്നിനും പ്രതികരിക്കാൻ നിന്നില്ല , നേരെ എന്റെ അരികിലേക്ക് വന്നു കൈ നീട്ടി പിടിച്ചു ആ കൈവെള്ളയിൽ കിടന്ന എന്റെ കമ്മലും പിരിയും ഉണ്ടായിരുന്നു അവന്റെ ഉള്ളംകയ്യിൽ, ഡാൻസ് കളിച്ചു കൊണ്ടിരിക്കുമ്പോൾ ഊരിപ്പോയതായിരുന്നു അത്

” കാലിൽ തറയ്ക്കേണ്ടന്ന് കരുതി എടുക്കാൻ കേറിയതാണ്, ഇന്നേ വരേ കുടിച്ചിട്ടില്ല, ഇനി ഇനിയൊരിക്കലും പിറകെ നടക്കാനും ശല്യം ചെയ്യാനും ഞാൻ വരില്ല “

ചുരുങ്ങിയ വാക്കുകൾ കൊണ്ടവനത് പറഞ്ഞു കൊണ്ട് എന്നിൽ നിന്നകന്നു പോകുമ്പോൾ ഉള്ളിലൊരു നീറ്റലനുഭവപ്പെട്ടു ആദ്യമായിട്ട് അവന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് വെന്തുരുകിയത് എന്തിനായിരുന്നെന്നും എനിക്ക് മനസ്സിലായിരുന്നില്ല

പിന്നീടുള്ള ദിവസങ്ങളിൽ എന്തോ ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്തു, അവനെ മിസ്സ്‌ ചെയ്ത് തുടങ്ങിയപ്പോഴാണ് ഞാൻ സ്വയം മനസ്സിലാക്കിയത് എപ്പോഴൊക്കെയോ ഞാനും അവനെ സ്നേഹിച്ചിരുന്നു എന്ന്..

ക്ലാസ്സിലേക്കവൻ വരാതെ ആയി എന്നാലും അവനിരിക്കുന്നിടത്തേക്ക് വെറുതേയിടക്കങ്ങനെ തിരിഞ്ഞ് നോക്കാറുണ്ട് ഞാൻ, ആ ബെഞ്ചിൽ ഒഴിഞ്ഞു കിടക്കുന്നയിടത്ത് അവനുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകും ഇടയ്ക്ക്,

എന്നും പോകാറുള്ള ഇടങ്ങളിൽ അവനെ തിരഞ്ഞു നടന്നെങ്കിലും നിരാശയായിരുന്നു ഫലം..

അങ്ങനെയിരിക്കെ ആണ് റോഡിൽ വച്ച് അവിചാരിതമായി ഞാനവനെ കണ്ട് മുട്ടുന്നത്, എന്റെ മുഖത്ത് നോക്കി മെല്ലെയൊന്നു പുഞ്ചിരിച്ചു കൊണ്ട് എന്നേ ക്രോസ്സ് ചെയ്ത് പോകാൻ നിന്ന അവന്റെ കൈകളിൽ ഞാൻ പിടുത്തം ഇട്ടു

” കോളേജിലേക്ക് വരണം, എന്റെ പിറകെ നടക്കാൻ അല്ല പഠിക്കാൻ വേണ്ടി വരണം, ഇനിമുതലങ്ങോട്ട് ഒപ്പം നടക്കാൻ ഞാനുണ്ടാകും ഈ ജീവിതകാലം മുഴുവനായും കൂടെ “

ലോകം കീഴടക്കിയ ആനന്ദത്തിൽ അവനെന്നെ കോരിയെടുത്തു വട്ടം കറങ്ങി,

ഓരോ വാക്കുകളും ആവേശത്തിലാണ് ഞാൻ വായിച്ചു തീർത്തത് നീണ്ട മൂന്ന് വർഷം ഞാനാസ്വദിച്ച പ്രണയനിർഭരമായ ഓരോ നിമിഷവും നേരിൽ കാണുന്ന പോലെ തോന്നിയെനിക്ക്

3 വർഷo മുഴുവനുമുള്ള ആ ഡയറി മൊത്തമായി വായിച്ചു തീർന്നതും ഞാനറിഞ്ഞ ആദിക്ക് ഒരുപാട് മാറ്റമുള്ളത് പോലെ തോന്നി പെട്ടെന്നവൻ ഹാളിലേക്ക് കടന്നു വന്നപ്പോൾ ഡയറി യഥാ സ്ഥാനത്തേക്ക് എടുത്ത് വച്ചു,

ഷോ കേസിൽ ഉള്ള ആ വെള്ളിമണിയിൽ അലംകൃതമായ കിലുങ്ങുന്ന ചിലങ്കയിൽ മെല്ലെയൊന്ന് ഞാൻ താളം പിടിച്ചു..

അവനതോന്നും ശ്രദ്ധിക്കാതെ ഡൈനിങ്ങ് ടേബിളിലേ ഫ്ലവർവെയ്‌സ് ലേക്ക് ഉമ്മറത്ത് നിന്നുമവൻ അറുത്തെടുത്തു കൊണ്ട് വന്ന കടലാസ്സ് റോസ് ഭംഗിയായി കുത്തി നിറയ്ക്കുന്നത് കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി..

” എന്ത് കൊണ്ട് കടലാസ്സ് റോസ്? , അത്രക്ക് ഇഷ്ടമാണോ ഈ പൂവ്, മുറ്റത്ത് പൂന്തോട്ടത്തിൽ റോസാപ്പൂക്കൾ ഉണ്ട്‌, സീനിയ ഉണ്ട്‌ സുഗന്ധം പരത്തുന്ന ഒട്ടനവധി പൂക്കളുണ്ട്, എന്നിട്ടും “?

ചോദ്യം കേട്ടതും അവനാ ചുവന്ന കടലാസ്സ് റോസ് പൂക്കൾ എനിക്ക് നേരെ നീട്ടിയിട്ട് എന്നോടായത് മണത്തു നോക്കാൻ പറഞ്ഞു, പല തവണ ഞാനത് മണത്തു നോക്കി,

” ഇല്ല, യാതൊരു വിധ സുഗന്ധവും എനിക്ക് തോന്നിയില്ല “

അത് പറഞ്ഞപ്പോൾ അവൻ മെല്ലെയൊന്നെന്നേ നോക്കി പുഞ്ചിരിച്ചു

“എല്ലാ പൂക്കളെയും മൂക്ക് കൊണ്ട് മാത്രം ശ്വസിക്കുന്നത് കൊണ്ട് തോന്നുന്നതാണ്, നീയീപറഞ്ഞ സുഗന്ധം വമിക്കുന്ന പൂക്കളില്ലേ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ അതിന്റെ സുഗന്ധം പരത്താനുള്ള ശേഷി നഷ്ട്ടപ്പെടും, പക്ഷെ, ഈ കടലാസ് റോസ് അങ്ങനെ അല്ല, ഒരുപാട് നാൾ വാടാതെ വിരിഞ്ഞു തന്നെ നിലകൊള്ളും ദിവസങ്ങൾ പിന്നിട്ടാലും അതിന് വല്ലാത്തൊരു തരം സുഗന്ധം ആയിരിക്കും മത്തു പിടിപ്പിക്കുന്നൊരു തരം സുഗന്ധം വാടാത്ത പൂവിന്റെ വറ്റാത്ത ഗന്ധമാണത്തിന്, പിന്നേ ഇതൊന്നും എന്റെ വാക്കുകൾ അല്ല കേട്ടോ നിന്റെ വാക്കുകൾ ആണ്, നീയെന്നോട് പറയാറുള്ള വാക്കുകളാണിത്, നിനക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പൂവണിത് “

അവനത് പറഞ്ഞവിടെ നിന്നും പോയപ്പോൾ വീണ്ടും ഞാൻ കണ്ണടച്ചത് മണത്തു നോക്കി, ഇല്ല അവൻ പറഞ്ഞ സുഗന്ധം അപ്പോഴും ആസ്വദിക്കാൻ സാധിച്ചില്ലായിരുന്നു എനിക്ക്..

ദിവസങ്ങൾ കടന്നു പോയി ഒരു ദിവസം രാത്രിയിൽ എന്തോ മുറുമുറുപ്പ് ശബ്ദം കെട്ട് ഞാൻ ഉണർന്നു , നിലത്ത് പായയിൽ പിച്ചും പേയും പറയുന്ന അവനെ കണ്ടപ്പോൾ മെല്ലെ കട്ടിലിൽ നിന്നും എണീറ്റു അവന്റെ അരികിലായി ചെന്ന് കിടന്നു, തൊട്ടു നോക്കിയപ്പോൾ വല്ലാത്ത ചൂട് തോന്നി, ആ പനിച്ചൂടിൽ മെല്ലെ അവന്റെ തോളോട് എന്റെ തല ചായ്ച്ചു കൊടുത്തു, ഒരു കുഞ്ഞു കുട്ടിയെ പോലെ ചുണ്ടനക്കി ആരുടെയോ അടുത്ത് പരിഭവം പറയുന്ന പോലെയാണ് എനിക്ക് തോന്നിയത് ആ കോലന്മുടിയിലൂടെ മെല്ലെ ഞാനെന്റെ വിരലുകളോടിച്ചു, അവൻ നിശ്ബ്ദനാകും വരേ അവന് കൂട്ടിരുന്നു..

പിറ്റേ ദിവസം കാലത്തേക്ക് ഉള്ള ഭക്ഷണം റെഡിയാക്കി ജോലിക്ക് പോകാൻ തുനിഞ്ഞ അവനെ ഞാൻ വിലക്കി..

“ഇന്ന് ഒരു ദിവസമെങ്കിലും ലീവ് എടുത്തൂടെ “?

ആ ചോദ്യം കേട്ടതും നേരെ എന്റെ അരികിലേക്ക് പാഞ്ഞടുത്തു കൊണ്ടവനത് ചോദിച്ചപ്പോൾ അൽപ്പം വേദനയും അതിനേക്കാൾ അളവറ്റ സന്തോഷവും ഉള്ളിൽ തോന്നി

” എന്തെ, വയ്യേ നിനക്ക് “?

വാടിത്തളർന്ന എന്റെ മുഖം കണ്ടിട്ടാകണം അവനത് ചോദിച്ചത്, ആ ചുട്ടു പൊള്ളുന്ന കൈകൾ കൊണ്ട് എന്റെ നെറ്റിയിൽ വെച്ചിട്ട് അവൻ സ്വയം പറയുന്നുണ്ടായിരുന്നു ഏയ്‌ ചൂടൊന്നും കാണാൻ ഇല്ലല്ലോ എന്ന്..

” ഓഫീസിൽ തിരക്കുണ്ട്‌ ലീവ് എടുക്കാൻ പറ്റില്ല പറ്റിയാൽ ഉച്ചക്ക് വരാം ഞാൻ “

മനസ്സ് കൊണ്ട് ഞാനവനെ ചീത്ത വിളിച്ചതാണ് അന്നേരം, എടാ പൊട്ടാ പനി എനിക്കല്ല നിനക്കാണ്, എന്ന് ഉറക്കെ പറയണമെന്നുണ്ടായിരുന്നു എനിക്ക്, എന്തോ അതിനുള്ള അധികാരം ഇപ്പോഴും കൈവരിച്ചിട്ടില്ല എന്ന ഉൾബോധം എന്നേ പിറകോട്ടു വലിക്കുകയായിരുന്നു..

അന്ന് മുഴുവൻ ഇരുന്ന് അവന്റെ കൈപ്പടയിൽ എഴുതിയ കുത്തിക്കുറിപ്പുകൾ എല്ലാം വായിച്ചപ്പോൾ എന്തൊക്കെയോ പന്തികേട് തോന്നിയെനിക്ക്, അവൻ എന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കും പോലൊരു തോന്നൽ, മുൻപ് വായിച്ച എന്റെ ഡയറി ഒരിക്കൽ കൂടി ഞാനെടുത്തു വായിച്ചു അവന്റെ ഷെൽഫിൽ ഇരുന്ന പുസ്തകങ്ങളെല്ലാം തപ്പിയെടുത്ത് ഓരോന്നും വായിച്ചു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകളാകെ കലങ്ങി തുടുത്തു, നെഞ്ച് പൊളിയുന്ന പോലെ തോന്നി തലയ്ക്കു ചുറ്റും എന്തൊക്കെയോ വട്ടമിട്ടു പറക്കും പോലെ, കണ്ണടയ്ക്കുമ്പോൾ എന്തൊക്കെയോ ചിത്രങ്ങൾ മിന്നി മറിഞ്ഞു പോകുന്നുണ്ടായിരുന്നു..

അന്നവൻ പതിവിലും നേരത്തെയാണ് വീട്ടിലേക്ക് വന്നത്, വന്നു കേറിയതും ഞാനെന്റെ ഉള്ളിലെ ചോദ്യങ്ങളുടെ ഭാണ്ഡക്കെട്ട് അഴിച്ചു വെക്കുവാൻ തുടങ്ങി, ഭാവഭേദമില്ലാതെ വീട്ടിലേക്ക് കയറി വന്ന ആദിയോടായി ഞാൻ ചോദിച്ചു

” എന്റെ അമ്മ അനിത, അച്ഛൻ മോഹനൻ, ആണല്ലേ “?

“ആണല്ലോ, അതെന്താ അങ്ങനെ ചോദിക്കാൻ “?

എന്റെ മുഖത്ത് നോക്കാതെയാണ് അവനാ മറുചോദ്യം ചോദിച്ചത്. കാത്തു നിൽക്കാൻ ഉള്ള ക്ഷമയില്ലാതെ ഞാൻ നേരിട്ട് കാര്യത്തിലേക്ക് കടന്നു

” നിങ്ങൾ നന്നായി കഥകൾ എഴുതും അല്ലേ, എനിക്ക് വേണ്ടി ഒരു കഥ എഴുതാമോ? പത്താം വയസ്സിൽ അനാഥയായി തീർന്ന ഒരു പാണ്ഡത്തി പെണ്ണിന്റെ കഥ? “

അത് കേട്ടതും അവന്റെ മുഖം വാടിയതും ഒരുമിച്ചായിരുന്നു എനിക്ക് മുഖം തരാതെ തിരിഞ്ഞു നിന്ന അവന് നേരെ വീണ്ടുo ഞാൻ വാചാലയായി

” അച്ഛനും അമ്മയും ഇല്ലായിരുന്നു അവൾക്ക്, ചെറുപ്പത്തിലേ മരിച്ചു പോയതാണ്, അവളെ നോക്കി വളർത്തിയത് അവളുടെ അച്ഛമ്മയാണ് , ചെറുപ്പം മുതലേ വിരൂപയായത് കൊണ്ട് കാണാൻ ഭംഗിയില്ലാത്തത് കൊണ്ട് കൂട്ടുകാരാരും ഇല്ലായിരുന്നു അവൾക്ക്, പാണ്ഡുപകരും എന്ന് പറഞ്ഞ് പെൺകുട്ടികൾ പോലും ക്ലാസ്സിൽ ബെഞ്ചിൽ ഒപ്പം ഇരിക്കില്ല എന്ന് പറഞ്ഞപ്പോൾ അവൻ മാത്രം അവൾക്ക് താങ്ങായി അവൾക്ക് കൂട്ടായി, എന്നും ഒറ്റക്ക് ഇരുന്ന് ഭക്ഷണം കഴിക്കാറുള്ള അവളുടെ പാത്രത്തിൽ കയ്യിട്ട് വാരാൻ അവനുണ്ടായിരുന്നു എന്നത് അവൾക്കും ഒരു ആശ്വാസമായിരുന്നു, കാവിലെ ഉത്സവത്തിനും നാട്ടിലെ കല്യാണങ്ങൾക്കും പങ്കെടുക്കാൻ സ്വതവേ വിമുഖത കാണിച്ച അവളെ പുറം ലോകത്തേക്ക് കൈപിടിച്ച് നയിച്ചത് അവനായിരുന്നു, ഇടയ്ക്ക് കണ്ണാടി നോക്കി നിരാശപ്പെടാറുള്ള അവൾക്ക് നേരെ നോക്കി അവൻ ഇടയ്ക്കിടെ പറയാറുണ്ട്,

ഫിസിക്സ്‌ൽ നമ്മൾ പഠിച്ചിട്ടില്ലേ കണ്ണാടിയിൽ കാണുന്ന നമ്മുടെ പ്രതിബിംബം യഥാർത്ഥ പ്രതിബിംബം അല്ലത്രേ, അത് മിഥ്യ പ്രതിബിംബമാണത്രെ, തോളോട് ചേർത്തു നിർത്തിയവൻ ഒന്നുകൂടെയവളോട് പറയാറുണ്ട്, “ഹൃതികയുടെ സൗന്ദര്യം കാണണമെങ്കിൽ അത് ആദിയുടെ കണ്ണിലൂടെ നോക്കണം “എന്ന്,

ചെറുപ്പം മുതലേ നൃത്തം ഒരു ഹരമായിരുന്ന അവന്റെ ചുവടുകളെ അവൾ അഗാധമായി പ്രണയിച്ചിരുന്നു, തനിക്ക് അഡ്മിഷൻ കിട്ടിയ സ്കൂളിലും കോളജിലുമൊക്കെ അവനും ഒപ്പമുണ്ടായിരുന്നു, എന്തെന്നാൽ അവൾ ഒറ്റപ്പെട്ടു പോകുന്നത് ഒരിക്കലുമവന് സഹിക്കാനാകില്ലായിരുന്നു, അവന്റെ സൗഹൃദം വളർന്നു പ്രണയമായി തീർന്നത് അവളോടവൻ മനപ്പൂർവം പറയാത്തതായിരുന്നു, കാരണം കുട്ടിക്കാലത്ത് അവൾക്ക് ഉണ്ടായ ദുരനുഭവങ്ങൾ അവനോടവൾ ഒന്നും മറയ്ക്കാതെ പങ്കുവെക്കാറുണ്ടായിരുന്നു , തന്റെ വൈരൂപ്യത്തെ മുതലെടുക്കാൻ ശ്രമിച്ചത് തന്റെ രക്തബന്ധത്തിൽ ഉള്ളവർ തന്നെയായിരുന്നു എന്നും പറഞ്ഞവൾ കരയാറുള്ളപ്പോഴൊക്കെ അവനവളെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു, തന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞാൽ അവൾ മറ്റൊരു അർത്ഥത്തിൽ എടുക്കുമോ എന്നവൻ ഭയന്നു, എങ്കിലും മനസ്സിലവൻ ഊട്ടിയുറപ്പിച്ചിരുന്നു സമയമാകുമ്പോൾ അച്ഛമ്മയോട് സമ്മതം വാങ്ങി അവളെയും തന്റെ ജീവതിതത്തിൽ കൂടെ കൂട്ടാം എന്ന്..

ഇതിനിടയിൽ അവൾക്ക് തന്നെ ഇഷ്ടമായിരുന്നോ എന്ന് അന്വേഷിച്ചു കൂടെയില്ല അവൻ, അവനറിയാതെ അവളവനെ പ്രാണനേക്കാൾ അധികം പ്രണയിച്ചിരുന്നു, അവൻ കൂടെയുള്ള നിമിഷങ്ങൾ സ്വർഗ്ഗതുല്യമായിരുന്നു എന്നവൾ വിശ്വസിച്ചിരുന്നു അവന്റെ വളർച്ചയിൽ അവൾക്ക് ഉൾഭയം ഉണ്ടായിരുന്നു പതിയെ പതിയെയവൻ തന്നിൽ നിന്നും അകന്നു പോകുമോ എന്നുള്ള ഭീതിയവളെ അളവില്ലാതെ അലട്ടിയിരുന്നു, ഏതെങ്കിലും പെണ്ണിനോടവൻ സംസാരിക്കുന്നത് കാണുമ്പോൾ അവളുടെ ഉള്ളിൽ കുശുമ്പ് മുളപൊട്ടാറുണ്ട്, സുന്ദരികളായ അവന്റെ കൂട്ടുകാരികളോടെല്ലാം എന്തെന്നില്ലാത്ത ദേഷ്യം തോന്നിയിരുന്നു, അവസാനം അവൾ ഭയന്നത് തന്നെ സംഭവിച്ചു പഠനം പൂർത്തിയാക്കി അവളെ തനിച്ചാക്കി അവൻ ബഹ്‌റൈനിലേക്ക് തന്റെ ബിസിനസ് നോക്കി നടത്താൻ അച്ഛന്റേം അമ്മയുടെയും അരികിലേക്ക് അവൻ പറന്നു,

അച്ഛമ്മയുടെ വിയോഗവും അവന് വേറെ വിവാഹാലോചനകൾ നടക്കുന്നു എന്ന വാർത്തയും അവളിലേക്ക് എത്തി ചേർന്നത് ഒരുമിച്ചായിരുന്നു, ഈ ലോകത്ത് തനിക്കെന്ന് പറയാൻ ആരുമില്ലെന്ന് തോന്നിയ അവൾ ജീവനൊടുക്കാൻ തീരുമാനിച്ചു, ഹൈവേയിലെ ചീറിപ്പാഞ്ഞോടി കൊണ്ടിരുന്ന വാഹനങ്ങളുടെ മുൻപിലേക്കവൾ എടുത്ത് ചാടി, വിവരമറിഞ്ഞു ഓടിപ്പാഞ്ഞവൻ വന്നപ്പോഴേക്കും അവളുടെ ഭൂതകാലത്തെ അവൾ അപ്പാടെ മറന്നു പോയിരുന്നു..

അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനായി സാധനങ്ങൾ എടുക്കാൻ അവനവളുടെ വീട്ടിലേക്ക് പോയപ്പോൾ അവിടെ ഉണ്ടായിരുന്ന കാഴ്ച്ച കണ്ടവൻ സ്വയം ഞെട്ടിയതാണ്

അവളുടെ ചുവരുകളിൽ മുഴുവൻ അവന്റെ പേര് മാത്രമായിരുന്നു, താൻ പങ്കെടുത്ത ഓരോ പ്രോഗ്രാമുകളുടെയും ചിത്രങ്ങളാൽ സമ്പന്നമായിരുന്നു ആ മുറി, അവളുടെ തലയിണയുടെ വിരിപ്പ് പോലും അവന്റെ ചിത്രം കൊണ്ട് നെയ്തതായിരുന്നു,

തന്റെ ചിത്രങ്ങളടങ്ങുന്ന ആ ആൽബം അവൻ മറച്ചു നോക്കിയപ്പോൾ ആദ്യത്തെ വരിയിൽ അവളിങ്ങനെ കുറിച്ചു വെച്ചിട്ടുണ്ടായിരുന്നു

” ഓരോ പ്രഭാതത്തിന് വേണ്ടിയും ഞാൻ കാത്തിരിക്കാറുണ്ട് ഉണർന്നു കഴിഞ്ഞാൽ എനിക്കവന്റെ നിഴലിനെ പ്രണയിക്കാമല്ലോ ” എന്ന്

അതെല്ലാം പെറുക്കിക്കൂട്ടി അവളെയും കൊണ്ട് മറ്റൊരു വീട്ടിലേക്ക് ചേക്കേറിയവൻ ആരും തേടി വരാത്ത ഒരിടത്തേക്ക് അവളുടെ സ്വപ്‍നത്തിൽ അവൾ നെയ്തു കൂട്ടിയ ഒരു കൊച്ച് മാളികയിലേക്ക്, ഓർമ നഷ്ട്ടപ്പെട്ട അവൾക്ക് വേണ്ടി അവനവന്റെ അച്ഛനെയും അമ്മയെയും വരേ ദാനം ചെയ്തു, ആ അച്ഛനും അമ്മയും അവളുടേതാണ് എന്നവൻ അവളെ ധരിപ്പിച്ചു, താൻ കാൽക്കാശിനു ഗതിയില്ലാത്തവൾ ആണെന്ന് തനിക്ക് തോന്നാതിരിക്കാൻ അവൻ തന്റെ അക്കൗണ്ട് ലേക്ക് ആവശ്യത്തിലധികം തുകയും ഇട്ട് കൊടുത്തു അവളുടെ സന്തോഷത്തിന് ഇരട്ടി മാധുര്യമേകാൻ മൂന്നു വർഷത്തെ ഡയറി ഉറക്കമൊളിച്ചു കൊണ്ടവൻ എഴുതി തീർത്തു, വിരൂപയായ അവളെയവൻ സുന്ദരിയായി ചിത്രീകരിച്ചു അവനവൾക്ക് മുൻപിൽ എത്രത്തോളം ചെറുതാകാമോ അത്രത്തോളമവൻ ചെറുതായി, അവൾക്ക് രാജകീയമായ ഒരു ഭൂതകാലത്തെ നെയ്തു കൊടുത്തു. കാരണം അവളുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെയും അവൻ പോകാൻ തയ്യാറാണ്

ഒന്ന് മാത്രമവന് മാറ്റാൻ കഴിഞ്ഞില്ല അവന്റെ കയ്യക്ഷരം, ഒന്ന് മാത്രമവന് ഒളിച്ചു വെക്കാൻ സാധിച്ചില്ല അവന്റെ ഡയറി, കാരണം അതിൽ നിറയെ ഈ പാണ്ടത്തിപ്പെണ്ണിനോടുള്ള പ്രണയത്തിന്റെ ഒരിക്കലും വായിച്ചു കൊതിതീരാത്ത മധുമുള്ള ഓർമ്മകൾ മാത്രമായിരുന്നു..

പറഞ്ഞു തീർന്നതും വറ്റാത്ത നീരുറവപോലെ തോർന്നിറങ്ങുന്നുണ്ടായിരുന്നു അവന്റെ കണ്ണുകൾ,

എന്തിനാ….. എന്തിനാ എന്നേ ഇത്രത്തോളം സഹിച്ചത് സ്നേഹിച്ചത്…..? എന്ന എന്റെ ചോദ്യത്തിന് നീയെന്നെ സ്നേഹിച്ച പോലെ ഈ ഭൂമിയിൽ എന്റെ അമ്മ മാത്രമേ എന്നേ സ്നേഹിച്ചിട്ടുള്ളു എന്നാണവൻ മറുപടി തന്നത് ഉൾനെഞ്ചകം വെന്ത് മറിഞ്ഞപ്പോൾ അവനെയൊന്ന് വാരിപ്പുണരാനെനിക്ക് കൊതി തോന്നി ദയനീയ ഭാവത്തിൽ ഞാനവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആദ്യമായവനോട് ആവശ്യപ്പെട്ടു..

” ആദി………. എന്നേ…… എന്നെയൊന്നു കെട്ടിപ്പിടിക്കാമോ….. ” എന്ന്

ചിലമ്പിച്ച സ്വരത്തിൽ “മേല്…….. മേലാകെ വിയർപ്പാണ് പെണ്ണെ” എന്നവൻ പറയും മുമ്പേ ആ നെഞ്ചിന്കൂട്ടിലെ രോമക്കാട് എന്റെ കണ്ണീരിനാൽ നനഞ്ഞൊട്ടിയതാണ്..

ഒന്നിറുക്കി പിടിച്ചു പതറിയ സ്വരത്തിൽ ഞാനവനോടായി പറഞ്ഞു

” ആദി നിന്റെ വിയർപ്പിന് വല്ലാത്തൊരു സുഗന്ധമാണ് വാടാത്ത കടലാസ്സ് റോസ് പൂവിന്റെ വറ്റാത്തയാ സുഗന്ധം… “

ഇരു കൈകൾകൊണ്ടവനെന്റെ കവിളുകളെ മൂടിയപ്പോൾ മേശ വലിപ്പിൽ ഇരുന്ന തുറന്നു വെച്ച അവന്റെ ഡയറിയിലെ ആദ്യത്തെ വരികൾ ഞാൻ വായിച്ചെടുത്തു

” ഇരുട്ടാണെനിക്ക് ഇഷ്ട്ടം ഇരുട്ടിൽ ഞാൻ തന്നെയാണല്ലോ എന്റെ നിഴൽ, എന്തെന്നാൽ അവൾക്ക് പ്രണയം എന്റെ നിഴലിനോടായിരുന്നത്രെ “

അവസാനിച്ചു…