എഴുത്ത്: വിപിൻദാസ് അയിരൂർ.
“അമ്മേ… ഞാൻ പോവാ.. ബെല്ലടിക്കാറായി”
“മോളെ അമ്മു.. നോക്കി പോണേ.. ഇന്ന് ശ്രീക്കുട്ടി പോലുമില്ലാത്തതാ. വണ്ടി വരുന്നതൊക്കെ ശ്രദ്ധിക്കണം”
അമ്മു അമ്മയോട് യാത്ര പറഞ്ഞു ബാഗുമെടുത്തു മുറ്റത്തോട്ടിറങ്ങി നടന്നു. അവൾ ആറിലാണ് പഠിക്കുന്നത്. വീടിനടുത്തുള്ള ശ്രീക്കുട്ടി ഉണ്ടാകും എന്നും കൂടെ സ്‌കൂളിൽ പോകാൻ. ഇന്നിപ്പോ ശ്രീക്കുട്ടി വന്നിട്ടില്ല. അതിന്റെ ഭയവും അമ്മക്കുണ്ട്.
ആകാശം കാർമേഘങ്ങൾകൊണ്ട് പടർന്നു പന്തലിച്ചു നിൽക്കുന്നു. അമ്മു നടത്തo വേഗത്തിലാക്കി. കുറച്ചുദൂരം എത്തിയപ്പോൾ അമ്മുവിന് തല ചുറ്റുന്നപോലെ തോന്നി.കുറച്ചൂടെ നടന്നപ്പോൾ അവൾ നിലത്തു കുഴഞ്ഞു വീണു.
മാനത്തുനിന്നും മഴത്തുള്ളിൽ ഭൂമിയിലേക്ക് വീഴാൻ തുടങ്ങി. മണ്ണിൽ മലർന്നു കിടക്കുന്ന അമ്മുവിന്റെ അടുത്ത് ഒരു മധ്യവയസ്സൻ വന്നു നിന്നു. അയാൾ അവളെ കോരിയെടുത്തു അയാൾ തൊട്ടടുത്ത അയാളുടെ വീട്ടിലേക്ക് നടന്നുനീങ്ങി.
വഴിയിലൂടെ ഒരു ബൈക്ക് മെല്ലെ വന്നു. അമ്മുവിനെ കയ്യിലെടുത്ത് ആ വീട്ടിലേക്ക് കയറുന്ന വയസ്സനെ തിരിഞ്ഞുനോക്കി ബൈക്കിൽ ഉള്ള ആൾ നേരെപോയി. കുറച്ചകലം ചെന്ന് അയാൾ ബൈക്ക് സൈഡിൽ നിർത്തി പോക്കറ്റിൽ നിന്നും ഫോണെടുത്തു ആരെയോ വിളിച്ചു.
*****************************
അമ്മുവിന്റെ നാട്ടിലെ ചില കാഴ്ചകൾ…..
ഒരു കുഞ്ഞു വീട്ടിൽ അകത്ത് കട്ടിലിൽ ആസ്മ രോഗം കാരണം മൂടിപ്പുതച്ചു കിടക്കുന്ന ഒരു അമ്മ, അടുത്ത മേശയിൽ കാലും കയറ്റിവെച്ചു മൊബൈലിൽ എന്തൊക്കെയോ നോക്കി ഇരിക്കുന്ന മകനെ നോക്കി കിടക്കുകയാണ്. കിടന്നിരുന്ന അമ്മ പെട്ടെന്ന് ചുമച്ചു. ചുമ നിർത്താനാവാതെ ‘അമ്മക്ക് ശ്വാസം മുട്ടിത്തുടങ്ങി. പെട്ടെന്ന് മകൻ ആ അമ്മയെ നോക്കി പറഞ്ഞു.
“ഒന്ന് മിണ്ടാതെ കിടക്കുന്നുണ്ടോ തള്ളെ.. കുറേനേരമായിത് തുടങ്ങീട്ട് പണ്ടാരം”.
കിടന്നുകൊണ്ട് ചുമച്ചിരുന്ന ആ അമ്മ പെട്ടെന്ന് വാ പൊത്തിപ്പിടിച്ചു. അപ്പൊ ശ്വാസംമുട്ട് കൂടിവന്നു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കൃഷ്ണമണികൾ മുകളിലോട്ട് പോയി. അപ്പോഴും ആ മകൻ ഫോണിൽ കുത്തി കളിക്കുകയായിരുന്നു. മേശയിൽ ഇരിക്കുന്ന ഇൻഹേലർ എടുക്കാൻ അമ്മ കൈനീട്ടി. കൈ എത്തുന്നില്ല. അപ്പോഴാണ് മകന്റെ ഫോണിലേക്ക് ഒരു call വന്നത്. Call വന്നതും മകൻ പെട്ടെന്ന് പുറത്തോട്ടോടി.
**************************
വേറെയൊരു കൊച്ചുവീട്….
ആ വീട്ടിൽ ഉമ്മറത്ത് ഒന്നുരണ്ടു മുതിർന്നവർ ഇരുന്നു സംസാരിക്കുന്നുണ്ട്. അകത്ത് കുറച്ചു ചെറുപ്പക്കാർ കളിയും ചിരിയുമായി ഇരിക്കുന്നുണ്ട്. അവരിൽ ചിലർ പലഹാരങ്ങളും അച്ചാറും പാക്കറ്റിൽ ആക്കുന്നുണ്ട്.
അതേ.. ഇന്ന് ആ വീട്ടിലെ പയ്യൻ ആദ്യമായി വിദേശത്ത് പോകുകയാണ്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ വീടിന്റെ ആകെയുള്ള പ്രതീക്ഷ അവനിലാണ്. അമ്മയുടെ ആകെയുണ്ടായിരുന്ന കെട്ടുതാലിവരെ വിറ്റിട്ടാണ് അവനെ പറഞ്ഞയക്കുന്നത്. 12 മണിക്ക് അവൻ വീട്ടിൽ നിന്നിറങ്ങും.
പെട്ടെന്നാണ് അവന്റെ ഒരു കൂട്ടുകാരൻ അവർക്കിടയിലേക്ക് വന്നു എന്തോ സ്വകാര്യം പറഞ്ഞത്. പെട്ടെന്ന് എല്ലാവരും കൂടി ധൃതിയിൽ വീടിനുള്ളിൽ നിന്നും പുറത്തോട്ടിറങ്ങി. വിദേശശത്തു പോകുന്ന പയ്യനോട് അമ്മ ചോദിക്കുന്നുണ്ട് ഈ നേരത്തിനി എങ്ങോട്ടാ പോകുന്നതെന്ന്?… അതൊന്നും വകവെക്കാതെ അവനും കൂട്ടുകാരും ചേർന്ന് ബൈക്കെടുത്തു പാഞ്ഞു.
******************************
റോഡിലൂടെ ഒരു ബൈക്കിൽ രണ്ടു ചെറുപ്പക്കാർ കയ്യിൽ ഒരു വീഡിയോ ക്യാമറയുമായി പാഞ്ഞു വരുന്നു. ഹോൺ നീട്ടിയടിക്കുന്നുണ്ട്. തിരക്കുള്ള റോഡിൽ വാഹനങ്ങൾ തിക്ക്തിരക്ക് കൂട്ടുന്നു. പെട്ടെന്നാണ് ബൈക്കിലെ പുറകിൽ ഇരിക്കുന്ന പയ്യന്റെ കണ്ണിൽ ഒരു കാഴ്ച കണ്ടത്.
റോഡിന്റെ സൈഡിൽ മറുവശത്തേക്ക് കടക്കുവാൻ വേണ്ടി പ്രയാസപ്പെട്ട് നിൽക്കുന്ന ഒരു വൃദ്ധ. കയ്യിൽ ഒരു വടിയും തോളിൽ ഒരു പഴയ ഭാണ്ഡവുമുണ്ട്. ആ കാഴ്ച കണ്ണിൽ നിന്നും മറയുന്നവരെ ബൈക്കിന്റെ പുറകിൽ ഇരുന്ന പയ്യൻ തിരിഞ്ഞു നോക്കി. ബൈക്ക് നിർത്താതെ വീണ്ടും ശരവേഗത്തിൽ എവിടേക്കോ ലക്ഷ്യമാക്കി പാഞ്ഞു
*************************
അമ്മുവിനെ എടുത്തുകൊണ്ടുപോയി ഷെഡിന്റെ മുന്നിൽ ഇപ്പൊ ഒരുപാട് ജനങ്ങൾ തടിച്ചു കൂടി നിൽക്കുകയാണ്. കൂടെ പത്രക്കാരും രാഷ്ട്രീയക്കാരും സംഘടനക്കാരും സദാചാരക്കാരും ചെറുപ്പക്കാരും എല്ലാരും ഉണ്ട്.
“ഇല്ലടാ വാതിൽ തുറന്നിട്ടില്ല. പോലീസിനെ വിളിച്ചിട്ടുണ്ട്. അവർ വന്നിട്ടേ തുറക്കൂ. ആള് ഇതിനുള്ളിൽ ഉണ്ട്. ഷെഡിന്റെ ചുറ്റും ആളുകളുണ്ട്. നീ വരുന്നേണ്ടേൽ വേഗം പോരെ. കിളവന്റെ സീൻ കാണാം. പിന്നെ വരുമ്പോൾ നല്ല ക്ലാരിറ്റിയുള്ള ഫോണും കൊണ്ടുപോരെ.”
തടിച്ചുകൂടിയവരിൽ നിന്നും ഒരാൾ ഫോണിലൂടെ പറഞ്ഞു.
ഒരു ചെറുപ്പക്കാരൻ തന്റെ ഫേസ്ബുക് തുറന്നു ലൈവ് ഓൺ ആക്കി വെച്ചിട്ടുണ്ട്. അതിലേക്ക് call വന്നു. അവനത് reject ചെയ്തു. വീണ്ടും ആ നമ്പറിൽ നിന്നുതന്നെ call വന്നു. അവൻ വീണ്ടുo reject ചെയ്തു ലൈവ് എടുക്കാൻ തയ്യാറായി നിന്നു.
അൽപ സമയത്തിന് ശേഷം ഒരു പോലീസ് ജീപ്പ് അവിടെ വന്നുനിന്നു. തിങ്ങിക്കൂടിയ ആളുകൾ പോക്കറ്റിൽ നിന്നും ഫോണെടുത്തു ക്യാമെറ ഓൺ ചെയ്യാൻ തുടങ്ങി. ചിലർ ഫോണെടുത്തു ഓരോരുത്തരെ വിളിക്കുന്നു പെട്ടെന്ന് വരാൻ പറയാൻ.
ഷെഡിന്റെ ടൂറിൽ ലാത്തികൊണ്ട് രണ്ടു മുട്ടൽ വീണു. അല്പസമയത്തിനു ശേഷം ആ ഷെഡിന്റെ ഡോറുകൾ പതിയെ തുറന്നു. ഡോർ തുറന്നത് ആ മധ്യവയസ്സൻ തന്നെയാണ്. അയാളുടെ മുന്നിലേക്കു പോലീസ് ഉദ്യോഗസ്ഥൻ കയറിനിന്നു.
“നിങ്ങൾ കുറച്ചു സമയങ്ങൾക്ക് മുൻപ് ഈ റോഡിൽ നിന്നും ഒരു പെൺകുട്ടിയെ നിങ്ങളുടെ ഈ വീട്ടിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോകുന്നതായി ചിലർ കണ്ടതായി പരാതി പറഞ്ഞു. അതിനെപ്പറ്റി തിരക്കാൻ വന്നതാണ്. ആ കുട്ടിയെവിടെ ?”
ആ വയസ്സൻ എല്ലാരേയും നോക്കി പുഞ്ചിരിച്ചു പോലീസ് ഉദ്യോഗസ്ഥനോട് അകത്തോട്ട് കയറിക്കോളാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. താമസിയാതെ രണ്ടു പോലീസ് അകത്തോട്ട് കയറി.
അകത്തു കയറിയ പോലീസ് കണ്ടത് കൈയ്യിൽ ഗ്ലുക്കോസ് ട്യൂബും ഇട്ട് ഫ്രൂട്ട്സ് കഴിക്കുന്ന അമ്മുവിനെയാണ്. തൊട്ടടുത്ത് പ്രായമുള്ള ഒരു യുവതിയും ഇരിക്കുന്നുണ്ട്. പൊലീസിന് ഒന്നും മനസ്സിലായില്ല. പോലീസിന്റെ അടുത്തോട്ട് വന്ന ആ വയസ്സൻ പറഞ്ഞു.
” ഞാൻ രാവിലെ വാതിൽ തുറന്നപ്പോൾ കാണുന്നത് ഈ കുട്ടി ആ റോഡിൽ കിടക്കുന്നതാണ്. ഓടിച്ചെന്നു നോക്കിയപ്പോൾ ബോധമില്ല. അതുകൊണ്ട് ഞാൻ ഈ കുട്ടിയെ എടുത്തു വീട്ടിൽ കൊണ്ടുവന്നു. എന്റെ ഭാര്യ മിലിട്ടറിയിൽ നഴ്സ് ആയിരുന്നു, ഞാൻ റിട്ടയേർഡ് കേണൽ വിശ്വനാഥ്. എന്റെ ഭാര്യ കുട്ടിയെ പരിശോധിച്ചപ്പോൾ അറിഞ്ഞത് ആ കുട്ടി first time periods ആയതാണ്. അപ്പൊത്തന്നെ ഭാര്യ മെഡിസിനും ഗ്ലൂക്കോസുo കൊടുത്തു കിടത്തി. ആ കുട്ടി ഒരു വലിയ കുട്ടി ആയിരിക്കുന്നു.”
അത് പറയുമ്പോൾ ആ കേണലിന്റെ കണ്ണുകളിൽ വാത്സല്യത്തിന്റെ തിരമാല അലതല്ലുന്നുണ്ടായിരുന്നു.
“ആഹാ എന്നിട്ടാണോ ചില തെമ്മാടികൾ സ്റ്റേഷനിൽ വിളിച്ചു കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി റോഡിലേക്ക് കുട്ടിയുടെ ഉടുപ്പ് വലിച്ചെറിയുന്നത് കണ്ടു കുട്ടിയുടെ കരച്ചിൽ കേട്ടു എന്നൊക്കെ പറഞ്ഞത്. ഏതവനാടാ ആ വിളിച്ചു പറഞ്ഞ പുന്നാര മോൻ”
പോലീസ് പുറത്തു തടിച്ചുകൂടിയ ജനങ്ങൾക്ക് നേരെ തിരിഞ്ഞുനിന്നു ചോദിച്ചു. പലരും മൊബൈൽ പോക്കറ്റിൽ ഇട്ടു തിരിഞ്ഞു നടന്നു.
“സർ ക്ഷമിക്കണം. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. പിന്നെ ഞങ്ങൾക്ക് ഇങ്ങനൊരു സന്ദേശം വന്നാൽ വന്നു അന്ന്വേഷിക്കണം. ഇല്ലെങ്കിൽ ഞങ്ങൾക്കുo നാളെ വാട്ട്സാപ്പിലും ഫേസ്‌ബുക്കിലും പണികിട്ടും.”
“അതൊക്കെ അറിയാം. ഞാനും കാണുന്നതല്ലേ വാർത്തയും മറ്റുള്ള കാര്യങ്ങളുo. എന്തായാലും ഇവിടെവരെ വന്നതല്ലേ. അമ്മുവിൻറെ ബുക്കിൽ നിന ്ന് സ്‌കൂളിലെ നമ്പറും രക്ഷിതാവിന്റെ നമ്പറും കിട്ടിയിട്ടുണ്ട്. ഞാൻ അവരെ അറിയിക്കാൻ പോകുമ്പോഴാ നിങ്ങൾ വന്നത്. എന്തായാലും അമ്മുവിനെ നിങ്ങൾ കൊണ്ടുപോയി അവളെ സുരക്ഷിതമായി രക്ഷിതാക്കളെ ഏൽപ്പിക്കുക. അവൾ ഇനിമുതൽ വലിയ പെണ്ണാണ് എന്നുകൂടി ഓർമ്മപ്പെടുത്തുക.”
അത് പറയുമ്പോൾ കേണൽ അമ്മുവിൻറെ തലയിൽ തലോടികൊണ്ടിരിക്കുകയിരുന്നു.
“ആരെ കാണാൻ നിക്കുവാടാ നിങ്ങളൊക്കെ. എല്ലാരും സ്ഥലം കാലിയാക്കടെ. പ്രതീക്ഷിച്ചത് കാണാനും വീഡിയോ എടുക്കാനും പറ്റിയില്ല അല്ലെ. ഈ അമ്മുവിനെ പോലെ നിങ്ങൾക്കും ഉണ്ടാകും പെൺകുട്ടികൾ. ഇതുപോലെ നിങ്ങളുടെ മകളുടെ ഉടുപ്പും അടിവസ്ത്രവും വലിച്ചെറിഞ്ഞു എന്ന് കേട്ടാൽ ലൈവ് വീഡിയോ ഓൺ ആക്കി പോകണം കേട്ടല്ലോ.”
ഇത്രയും പറഞ്ഞു പോലീസ് അമ്മുവിനെയും കൊണ്ട് ജീപ്പിൽ കയറിപ്പോയി. കേണലും ഭാര്യയും വീട്ടിൽ കയറി വാതിൽ അടച്ചു. ഒന്നും പറയാൻ ആവാതെ ചില നാട്ടുകാർ തമ്മിൽ തമ്മിൽ നോക്കി ശശിയായി മെല്ലെ നടന്നു.
പിറ്റെന്നാൾ രാവിലെ ഒരു പയ്യൻ അടുത്തുള്ള ചായക്കടയിൽ പത്രം ഇട്ടിട്ട് പോയി. ഒരു ചേട്ടൻ ആ പത്രമെടുത്തു മുൻപേജ് വായിച്ചു.
“ഇന്നലെ ഗൾഫിൽ പോകാൻ തയ്യാറെടുത്തു നിൽക്കുന്ന ചെറുപ്പക്കാരൻ റോഡപകടത്തിൽ മരണപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന കൂട്ടുകാരൻ അത്യാഹിത നിലയിൽ.”
“ആസ്മ അസുഖക്കാരി വീട്ടമ്മ വീട്ടിൽ ആളില്ലാത്ത സമയത് ശ്വാസം കിട്ടാതെ മരിച്ചു. കൂടെയുള്ള മകൻ പുറത്തോട്ട് പോയി അൽപ്പ സമയത്തിന് ശേഷമാണ് മരണം”
“അജ്ഞാത യുവതി റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ കാർ തട്ടി മരണപ്പെട്ടു.”
****************************
ആസ്മ രോഗമുള്ള അമ്മയുടെ അടുത്തിരുന്ന മകന്റെ ഫോണിലേക്ക് call വന്നു.
“ഡാ വിഷ്ണു.. നീയറിഞ്ഞോ.. കവലയിൽ ഒരു ചെറിയ പെൺകുട്ടിയെ ഒരു വയസ്സൻ വീട്ടിലേക്ക് കൊണ്ടുപോകുന്നത് നമ്മുടെ കിഷോർ കണ്ടു. പരിപാടി ഇപ്പൊ തുടങ്ങിക്കാണും. വേഗം വാ.”
Call cut ചെയ്ത് അവൻ പുറത്തോട്ടോടി. ആ സമയത്തു ശ്വാസം കിട്ടാതെ അവന്റെ അമ്മ ഇൻഹേലറിന് വേണ്ടി കൈനീട്ടി. കൈ എത്താതെ ആ അമ്മ കട്ടിലിൽ നിന്നും നിലത്തു വീണു. ആ സമയത്ത് അമ്മയുടെ മകൻ കിളവന്റെ വീടിന്റെ വാതിൽ തുറക്കുന്നതുംനോക്കി വീഡിയോ ഓൺ ചെയ്തു ആ വീടിനുമുന്നിൽ കാത്തുനിൽക്കുകയായിരുന്നു. താമസിയാതെ ആ ‘അമ്മ യാത്രയായി. അതറിയിക്കാൻ വീടിനടുത്തുള്ള ആൾക്കാർ അവന്റെ ഫോണിലേക്ക് വിളിച്ചപ്പോഴും വീഡിയോ cut ആയിപ്പോകും എന്നുള്ള ആശങ്കയിൽ അവൻ ആ കോളുകൾ cut ചെയ്യുകയായിരുന്നു.
**********************************
ഗൾഫിൽ പോകാൻ തയ്യാറായി നിൽക്കുന്ന അഭിലാഷിന്റെ ഒരു കൂട്ടുകാരൻ അവന്റെ റൂമിലേക്ക് വന്നു കൂട്ടുകാരോട് സ്വകാര്യം പറഞ്ഞു.
“കവലയിൽ ഒരു വയസ്സൻ റോഡിലൂടെ നടന്നു പോകുന്ന ഒരു പെൺകുട്ടിയെ പിടിച്ചു വലിച്ചു ആളില്ലാത്ത അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയത്രെ. ലക്‌ഷ്യം മറ്റേതാകും. വാ പോയിനോക്കാം. നമ്മുടെ ടീമ്സ് അങ്ങോട്ട് പോയിട്ടുണ്ട്.”
വൈകാതെ അഭിലാഷും കൂട്ടരും പുറത്തോട്ട് പാഞ്ഞു.
“മോനേ അഭി.. എങ്ങോട്ടാ ഇനി ഈ സമയത്. ഇറങ്ങാറായില്ലേ”
“ഇപ്പൊ വരാം അമ്മേ.. ഒരാളെ കാണാനാ. ഞാൻ വരുമ്പോഴേക്കും അമ്മ ആ അച്ചാർ കവറിലാക്കി വെക്ക്. അപ്പോഴേക്കും ഞാൻ എത്തികൊള്ളാം.”
കവലയിലെ സംഭവ വികാസങ്ങൾ കാണാനുള്ള തിരക്കിൽ ബൈക്കിന്റെ ആക്സിലെറ്റർ കൂടുന്നതറിഞ്ഞില്ല അവർ. അഭിലാഷും കൂട്ടുകാരനും ഓടിച്ചിരുന്ന ബൈക്ക് ഒരു ലോറിയിൽ ഇടിച്ചു. അഭിലാഷ് തൽക്ഷണം മരണപ്പെട്ടു. കൂട്ടുകാരൻ അത്യാഹിത നിലയിൽ.
****************************
കവലയിലെ വയസ്സൻ ഒരു പെൺകുട്ടിയെ ബലമായി പിടിച്ചുവലിച്ചു അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞ രണ്ടു ചെറുപ്പക്കാർ ബൈക്കിൽ പറന്നു പോകുന്നതിനിടക്കാണ് ഒരു പ്രായമായ സ്ത്രീ റോഡ് മുറിഞ്ഞു കടക്കാൻ ശ്രമിക്കുന്നത് അവർ കണ്ടത്.
“ഡാ ബൈക്ക് നിർത്ത്. ഒരു വയസ്സിയായ സ്ത്രീ റോഡ് മുറിഞ്ഞു കടക്കാൻ ശ്രമിക്കുന്നു. പറ്റുന്നില്ല ആ പാവത്തിന്. ഞാനൊന്നു പോയി സഹായിക്കട്ടെ.”
“ഒന്ന് പോടാപ്പാ.. നീ സഹായിക്കുമ്പോഴേക്കും കവലയിൽ കിളവന്റെ പരിപാടിയൊക്കെ കഴിയും. അത് എങ്ങനേലും റോഡ് മുറിച്ചു കടന്നോളും. ഇത് കഴിഞ്ഞാൽ പിന്നെ വേറെ കാണാൻ പറ്റില്ല”
ഡ്രൈവ് ചെയ്യുന്നവന്റെ വാക്കുകൾക്ക് മറുപടി പറയാൻ കഴിയാതെ പുറകിലെ പയ്യൻ ആ സ്ത്രീയെ തിരിഞ്ഞുനോക്കി ഇരുന്നു. ആ സ്ത്രീയെയാണ് കുറച്ചു സമയത്തിന് ശേഷം കാർ തട്ടി മരണപ്പെട്ടത്.
****************************
ചിലത് അങ്ങനെയാണ്. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി മനുഷ്യർ സ്വന്തം ജീവനോ ബന്ധങ്ങളെയോ നഷ്ട്ടപ്പെടുത്തുന്നവർ. സ്വന്തമല്ലാത്ത ആരുടെ വേദനയെ ആയാലും പുഞ്ചിരിയോടെ നോക്കുന്നവർ…പരിഹസിക്കുന്നവർ…ഒറ്റപ്പെടുത്തുന്നവർ…
എല്ലാം ഒരു നിമിഷംകൊണ്ട് അവസാനിച്ചു വെള്ളത്തുണിയിൽ പോകേണ്ടവരാണ് നമ്മളും. അതോർത്താൽ നന്ന്.