വിവാഹം കഴിഞ്ഞൂ ഏഴു വർഷത്തോളം കഴിഞ്ഞാണ് അമ്മൂട്ടി ഉണ്ടായത്. അമ്മ ഒരുപാട് നേർച്ച പറഞ്ഞു ഉണ്ടായ കുഞ്ഞാണ്. അതുകൊണ്ട് തന്നെ…

അമ്മ ~ എഴുത്ത്: ദീപ്‌തി പ്രവീൺ

ഇപ്പോൾ ഇറങ്ങിക്കോണം എൻ്റെ വീട്ടിൽ നിന്നും… എനിക്ക് ആരുടെയും കൂട്ടൊന്നും വേണ്ട..ഞാൻ ഒറ്റയ്ക്ക് മതി…അല്ലെങ്കിലും ഞാൻ എന്നും ഒറ്റയ്ക്കായിരുന്നൂ…”’

അടുത്ത മുറിയിൽ നിന്നും അമ്മയുടെ ശബ്ദം ഉയർന്നു…. പ്രായം കൂടും തോറും മൂശാട്ട സ്വഭാവമാണ്…

” അല്ലെങ്കിലും ഇനി ഇങ്ങോട്ട് എൻ്റെ പട്ടി വരും… ആരും ഇല്ലാതെ ഒറ്റയ്ക്ക് കിടക്കുകയാണല്ലോന്നു കരുതിയാണ് ഓടിയോടി വരുന്നത്….അല്ലാതെ കിടക്കാൻ വീടോ കഴിക്കാൻ ആഹാരമോ ഇല്ലാത്തത് കൊണ്ടല്ല…”

അലമാരിയിൽ നിന്നും തുണി മടക്കി ചെറിയ ബാഗിൽ വെയ്ക്കവെ പറഞ്ഞ വാക്കുകൾക്ക് കണ്ണീരിന്റെ നനവ് ഉണ്ടായിരുന്നൂ ….

” കഴിക്കാനും കിടക്കാനും ഉള്ളവര് അവിടെ നിൽക്കണം… കെട്ടിക്കാൻ പ്രായമായപ്പോൾ ഒരുത്തനെ ഇഷ്ടമാണെന്നു പറഞ്ഞു….. മാന്യമായി ഉള്ളത് തന്നു കെട്ടിച്ചയച്ചതാണ്…. പിന്നെയും എന്തിനാ വരുന്നത്.. കെട്ടിച്ചു വിട്ടാൽ അവിടെ നിൽക്കണം… കെട്ട്യോൻ മാസത്തിലൊരിക്കലേ വരൂന്ന് കരുതി വീടും അടച്ചു പൂട്ടി ഇങ്ങോട്ട് പോരണോ…”

അമ്മ നിർത്താനുള്ള ഭാവമില്ല…. അമ്മ ടൗണിൽ പോയിട്ട് വന്നപ്പോഴേക്കും ഉണക്കാനിട്ട വിറക് പെറുക്കി വെയ്ക്കാത്തതിന് തുടങ്ങിയ വഴക്കാണ്….

മുറ്റത്തു നിന്ന മോളെ വിളിച്ചു വേറേ ഡ്രസും ഇട്ട് ഇറങ്ങുമ്പോൾ വരാന്തയിൽ കസേരയിൽ അമ്മ ഇരിക്കുന്നുണ്ട്… എന്നെ കണ്ട് പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞൂ….. അമ്മൂട്ടിയെ പോലും നോക്കിയില്ല…

അല്ലേ..അമ്മയും മോളും കൂടി വീണ്ടും പിണങ്ങിയോ… നീ വീട്ടിൽ പോവാണോ ഇന്ദൂ…”

നിറഞ്ഞൊഴുകിയ കണ്ണുകളെ സാരിത്തുമ്പാൽ തുടച്ചു കൊണ്ട് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് വേലിക്കൽ നിന്നു കൊണ്ട് അടുത്ത വീട്ടിലെ തങ്കമണി ചേച്ചിയുടെ ചോദ്യം….

” ഞാൻ പോവാ ചേച്ചി… ഇനി ഇങ്ങോട്ടേക്കില്ല.. തനിയെ ജീവിച്ചോട്ടെ…. ”,

ഞാനത് പറയുമ്പോഴും ചേച്ചി ചിരിക്കുകയായിരുന്നൂ…

”സത്യമാണ് ചേച്ചി ഞാൻ വരില്ല…” ഒന്നു കൂടി ഉറപ്പിച്ചു പറഞ്ഞൂ…

”നീ എന്തിനാ വരുന്നത് ..നാളെ പുലരുമ്പോൾ നിന്റെ വീട്ടു മുറ്റത്ത് കാണും നിന്റെ അമ്മ…നിന്നെയും അമ്മൂട്ടിയെയും കാണാതെ അവർ ഇരിക്കുമോ…”

ശരിയാണ്…പിണങ്ങി പോകുന്ന പുറകെ അമ്മയും വരുന്നതാണ് പതിവ്…ഇത്തവണ വരാൻ സാധ്യത ഇല്ല…അത്ര കടുപ്പത്തിലാണ് സംസാരിച്ചത്….

സ്റ്റോപ്പിലെത്തിയപ്പോഴേക്കും ബസ് കിട്ടി..അമ്മൂട്ടിയെയും ചേർത്തു പിടിച്ചു ബസിൻ്റെ സീറ്റിലേക്ക് അമർന്നു….

പുറത്തെ രൂപങ്ങളെ പിന്നിലേക്ക് പായിച്ചു കൊണ്ട് ബസ് മുന്നോട്ട് നീങ്ങി……

അച്ഛൻ ഉപേക്ഷിച്ചു പോയിട്ടും ഒരുപാട് കഷ്ടപെട്ടു ആണ് അമ്മ തന്നെ വളർത്തിയത്… മറ്റൊരു വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചിട്ടും എനിക്ക് വളർന്നു വരുന്നത് ഒരു പെൺകുഞ്ഞാണെന്നു പറഞ്ഞു അമ്മ അതെല്ലാം തട്ടി കളഞ്ഞു… ആദ്യം കൂലി പണിയെടുത്തു… പതിയെ പതിയെ ചെറിയ കച്ചവടം തുടങ്ങി… ആദ്യമൊക്കെ നഷ്ടമായിരുന്നെങ്കിലും അമ്മ പിൻമാറാൻ തയാറല്ലായിരുന്നൂ…

പതുക്കെ കച്ചവടം പച്ച പിടിച്ചു…പഠിക്കാൻ അത്ര മിടുക്കിയൊന്നും അല്ലാതിരുന്ന എന്നെ പ്രീ ഡിഗ്രി വരെ പഠിപ്പിച്ചു… കമ്പ്യൂട്ടറ് പഠിക്കാൻ പോകുന്ന സമയത്താണ് അജിയേട്ടനെ കാണുന്നത്… പരസ്പരം ഇഷ്ടമായപ്പോൾ അജിയേട്ടൻ വീട്ടുകാരെയും കൂട്ടി വീട്ടിലെത്തി പെണ്ണ് ചോദിച്ചു… ഗവൺമെൻറ് സ്കൂളിൽ അധ്യാപകനായിരുന്ന അജിയേട്ടൻ്റെ ആലോചന അമ്മയ്ക്കും ഇഷ്ടമായി…ഉള്ളതെല്ലാം കൂടി നുള്ളി പെറുക്കി സ്ത്രീധനം തന്നാണ് കെട്ടിച്ചത്… ജോലി സ്ഥലം ദൂരെയായതിനാൽ മാസത്തിലൊരിക്കലേ പുള്ളിക്കാരൻ വരാറുള്ളു….

വിവാഹം കഴിഞ്ഞൂ ഏഴു വർഷത്തോളം കഴിഞ്ഞാണ് അമ്മൂട്ടി ഉണ്ടായത്… അമ്മ ഒരുപാട് നേർച്ച പറഞ്ഞു ഉണ്ടായ കുഞ്ഞാണ്…അതുകൊണ്ട് തന്നെ അമ്മയ്ക്ക് അവളെ പിരിഞ്ഞിരിക്കാൻ കഴിയില്ല….

അനിയൻ വിവാഹം കഴിച്ചപ്പോൾ തറവാട്ടിൽ നിന്നും മാറി വീടു വെച്ചാണ് താമസം…ജോലിസ്ഥലത്ത് പോയി താമസിക്കാൻ കുറേ നിർബന്ധിച്ചതാണ്….എന്തോ അമ്മയെ ഉപേക്ഷിച്ചു പോകാൻ തോന്നീല.. ആ അമ്മയാണ് ഇങ്ങനെ വായിൽ വരുന്നതൊക്കെ പറഞ്ഞു വീട്ടിൽ നിന്നും ഇറക്കി വിടുന്നത്..എത്രയൊക്കെ നിയന്ത്രിച്ചിട്ടും മിഴികൾ പെയ്തു കൊണ്ടിരുന്നൂ… അമ്മൂട്ടി ഇടയ്ക്ക് കുഞ്ഞി കൈകളാൽ കണ്ണീരൊപ്പി….

ബസിറങ്ങി വീട്ടിലേക്കു നടന്നു… സ്റ്റോപ്പിൽ നിന്നും വീട്ടിലേക്ക് നടന്നു…

സായാഹ്ന പട്ടുടുത്ത വാനം ചുവന്നു തുടങ്ങി…. സൂര്യൻ്റെ ചുവന്ന വർണ്ണങ്ങൾ വൃക്ഷത്തലപ്പുകളിൽ വീണു ചിതറി.. പക്ഷികൾ കൂടണയാനുള്ള വ്യഗ്രതയിൽ ചിതറി പറക്കുന്നുണ്ടായിരുന്നു…. അടുത്തെവിടെയോ കരിയില കുരുവികളുടെ അലപ്പ് കേൾക്കാം…. അമ്മൂട്ടിയുടെ കൈയ്യും പിടിച്ചു ടാറിട്ട റോഡിൻ്റെ ഓരത്തു കൂടി വേഗം നടന്നു… തുമ്പകൾ പൂവിട്ട് തുടങ്ങിയിട്ടുണ്ട്… ഓണത്തിൻ്റെ അറിയിപ്പ് പോലെ…..

ഗേറ്റ് തുറന്നപ്പോൾ വല്ലാത്ത ശബ്ദത്താലൊന്ന് കരഞ്ഞു… കഴിഞ്ഞ തവണ വന്നപ്പോഴും ലേശം എണ്ണയിടണം എന്നു കരുതിയതാണ്…. അമ്മയെ കാണുമ്പോൾ എല്ലാം മറക്കും… ഇത്തവണ കണ്ടോ…പോകില്ല…ആട്ടിയിറക്കാനാണെങ്കിൽ എന്തിനാ കൂട്ടാൻ വരുന്നത്…വന്നാലും പോകില്ല…

കതക് തുറന്നപ്പോൾ തന്നെ അടച്ചു പൂട്ടിയിട്ട പഴമയുടെ ഗന്ധം…. ജനാലകൾ അടച്ചിട്ടിട്ടും ഇത്ര പൊടി എവിടുന്നാണാവോ… ബാഗ് ടേബിളിലേക്ക് വെച്ചു അടുക്കളയിൽ പോയി ഒരു പാത്രം കഴുകി എടുത്തു കൊണ്ട് വന്നു വരുന്ന വഴി വാങ്ങിയ ബിസ്ക്കറ്റ് പാത്രത്തിലാക്കി ഒരു കസേരയു ഇട്ട് അമ്മൂട്ടിയെ വരാന്തയിൽ ഇരുത്തി.. കുറച്ച് ചായയും ഇട്ടു നൽകി സാരി ഇടുപ്പിലേക്ക് കുത്തി ചൂലുമായി വീടിനകത്തേക്കു കയറി… കതകുകളും ജനാലകളും തുറക്കാനും അടയ്ക്കാനും മടി കാണിച്ചു… എല്ലാം വൃത്തിയാക്കി ഇറങ്ങുമ്പോഴേക്കും സായാഹ്നത്തിന് മേൽ രാത്രി ആധിപത്യം സ്ഥാപിച്ചിരുന്നു… മോളെ അകത്തു വിളിച്ചു ടിവി വെച്ചു കൊടുത്തിട്ട് മുൻവാതിൽ ചേർത്തടച്ചു അടുക്കളയിലേക്ക് പോയി…

വല്ലപ്പോഴും വരുന്നത് കൊണ്ട് സാധനങ്ങൾ പകുതിയു വാങ്ങി വെയ്ക്കാറില്ല…ടിന്നുകളെല്ലാം തുറന്നു നോക്കി…പകുതിയും കാലിയാണ്… നാളേ പോയി സാധനങ്ങൾ എല്ലാം വാങ്ങണം…

അരി പാത്രത്തിൽ അവശേഷിച്ചിരുന്ന അരിയെടുത്ത് കഞ്ഞിയും വെച്ചു കുറച്ച് ചെറുപയർ ഇരുന്നത് പുഴുങ്ങി കറിയുമാക്കി അമ്മൂട്ടിക്ക് കോരി കൊടുത്തു … അവശേഷിച്ചത് കഴിച്ചു മുറിയിലേക്ക് പോയി… അലമാരിയിൽ നിന്നും പുതിയ വിരിയെടുത്ത് മെത്തയുടെ മേൽ വിരിച്ചു..അമ്മൂട്ടിയെയും ചേർത്തു പിടിച്ചു കിടക്കുമ്പോൾ മനസ്സ് മുഴുവൻ അമ്മയായിരുന്നു… അമ്മ വല്ലതും കഴിച്ചിട്ടുണ്ടാകുമോ….

എന്നാലും എന്തിനാകും ദേഷ്യപെട്ടത്.. ഓരോന്ന് ആലോചിച്ച് ഉറങ്ങി പോയി…

ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു….ഇത്തവണ അമ്മ വന്നതേയില്ലല്ലോന്നു പല തവണ ഓർത്തു…ഒന്നു ഫോൺ ചെയ്യാൻ പലപ്പോഴും നമ്പർ ഡയല് ചെയ്തിട്ട് കട്ട് ചെയ്തു…അമ്മയുടെ പ്രതികരണം ഓർത്തപ്പോൾ ഭയമായി… പിന്നെ പിന്നെ വാശിയായി…. ഇനിയും വലിഞ്ഞു കയറി ചെല്ലുന്നില്ല… അമ്മൂട്ടി കുറേ തവണ മുത്തശ്ശിയെ പറ്റി സംസാരിച്ചു…ആദ്യമൊക്കെ കേൾക്കാത്തത് പോലെയിരുന്നെങ്കിലും പിന്നേ പിന്നെ ദേഷ്യപെട്ടത് കൊണ്ടാണെന്ന് തോന്നുന്നു കുഞ്ഞും പിന്നെ അതേപറ്റി മിണ്ടാട്ടമില്ലാതായി…

പ്രായമാകുമ്പോൾ ഇത്ര അഹങ്കാരം പാടില്ലല്ലോ….അവിടെ നിൽക്കട്ടെ…ഞാനെന്തിനാ എൻ്റെ ജീവിതം കളഞ്ഞു അമ്മയുടെ പിന്നാലെ പോകുന്നത്…അജിയേട്ടൻ വരുമ്പോൾ ഇത്തവണ ജോലിസ്ഥലത്തേക്ക് പോകണം…

അങ്ങനെ പലതും കണക്കു കൂട്ടി ഇരിക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്…ഫോണെടുത്തു നോക്കി… അമ്മയാണ്….

ഉള്ളിലൊരു ഗൂഢസന്തോഷം ഉയർന്നു..വിജയിച്ചെന്ന ഭാവം…അവിടെ കിടന്ന് കുറച്ച് വിളിക്കട്ടെ..ആദ്യത്തെയുംരണ്ടാമത്തെയും തവണ ബെല്ലടിച്ചു നിൽക്കുന്നത് വല്ലാത്ത ആനന്ദത്താൽ നോക്കി കണ്ടു….

വിളിച്ചാലും ഇനി പോകില്ല.. വരാൻ പറ്റില്ലെന്ന് ഉറപ്പിച്ചു പറയണം … എന്നു കരുതി ഇരിക്കുമ്പോഴാണ് അജിയേട്ടൻ്റെ ഫോൺ വരുന്നത്..ഒറ്റ ബെല്ലിന് കോൾ എടുത്തു…

”ഫോൺ കൈയ്യിൽ വെച്ചിട്ടാണോ ഇന്ദൂ അമ്മയുടെ നമ്പരിൽ നിന്നും വിളിച്ചിട്ട് ഫോണെടുക്കാത്തത്…” അജിയേട്ടൻ്റെ ശബ്ദത്തിൽ ദേഷ്യം…

ഞാൻ അജിയേട്ടനോട് പറഞ്ഞതല്ലേ അമ്മയുമായി പിണങ്ങിയെന്ന്… ഇനി അമ്മ വിളിച്ചാലും ഞാൻ അങ്ങോട്ടേക്കില്ല…തനിയെ ജീവിച്ചോട്ടെ…. എന്താന്നു വെച്ചാൽ കാണിക്കട്ടെ…പ്രായമായാൽ ഇങ്ങനെയുണ്ടോ മനുഷ്യര്… ”

അപ്പോൾ തോന്നീയ ഈർഷ്യയിൽ വായിൽ വന്നതൊക്കെ പറഞ്ഞു…

”ഇന്ദൂ… ഇപ്പോൾ അവിടെ വണ്ടീ വരും…. നീ എത്രയും പെട്ടെന്ന് മോളെയും കൂട്ടി അമ്മയുടെ അടുത്തേക്ക് വാ…ഞാൻ ഇവിടെയുണ്ട്…..”

ഇത്തവണ അജിയേട്ടൻ്റെ ശബ്ദത്തിന് ഒരു തളർച്ച..

എൻ്റെ അമ്മയ്ക്ക് എന്തെങ്കിലും …അജിയേട്ടൻ എന്താ ഇവീടെ വരാതെ അവിടെ…. നൂറായിരം ചോദ്യങ്ങൾ…

”അജിയേട്ടാ അമ്മയ്ക്ക് എന്താ പറ്റീത്…” ചോദിച്ചപ്പോഴേക്കും കരഞ്ഞു പോയിരുന്നൂ…

‘എൻ്റെ ഇന്ദൂ നീയൊന്നു വാ…”ലൈൻ ഡിസ്കണക്ടായി…

ബോധം മറയുന്നത് പോലെ…അൽപസമയം ആ ഇരുപ്പ് ഇരുന്ന ശേഷം വേഗം എഴുന്നേറ്റ് അമ്മൂട്ടിയെ റെഡിയാക്കി…കൈയ്യിൽ കിട്ടിയ സാരിയും വലിച്ചു വാരിയുടുത്തു വീട് പൂട്ടിയപ്പോഴേക്കും വണ്ടി വന്നിരുന്നൂ … ഗേറ്റു പൂട്ടി വണ്ടിയിൽ ചെന്നു കയറിയത് സ്വപ്നത്തിലെന്ന പോലെയാണ്.. അടുത്ത വീട്ടിലെ തങ്കമണി ചേച്ചിയുടെ മകൻ ഓടിക്കുന്ന വണ്ടിയായിരുന്നൂ…

” നന്ദൂ..എൻ്റെ അമ്മയ്ക്ക് എന്തു പറ്റീ…അജിയേട്ടൻ എന്താ അവിടെ….”

ഇടറിപോയ വാക്കുകളേ ചേർത്തു വെച്ചാണ് ചോദിച്ചത്…

”ഒന്നൂല ചേച്ചീ…. ” എനിക്ക് മുഖം തരാതെയാണ് അവൻ പറഞ്ഞത്… വല്ലാത്ത അസ്വസ്ഥത …..ഇത്ര ദിവസമായിട്ടും താൻ അമ്മയെ ഒന്ന് തിരക്കിയത് പോലുമില്ല…. തനിക്ക് വേണ്ടി ജീവിതം ഹോമിച്ച അമ്മയുടെ ചെറിയ പിടിവാശികളെ വലിയ പിണക്കത്താൽ താൻ അകറ്റി നിർത്തി…. ചുറ്റും ഇരുട്ട് പരക്കുന്നൂ…

ആരോ വന്നൂ തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്…വണ്ടി തന്റെ വീട്ട് മുറ്റത്ത് എത്തിയിരുന്നൂ …..

മുറ്റത്തും റോഡിലും നിറയെ ആളുകൾ … അജിയേട്ടൻ തന്നെ ചേർത്തു പിടിച്ച് വീടിന് നേരേ നടക്കുന്നൂ… കാല് താഴെ സ്പർശിക്കാത്തത് പോലെ…

കുഴഞ്ഞ് അജിയേട്ടൻ്റെ കൈകളിലേക്ക് വീണു…ആരോ മുഖത്ത് വെള്ളം കുടഞ്ഞു തട്ടി വിളിച്ചു…

വരാന്തയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ അമ്മയുടെ കാൽക്കലാണ് താൻ… തലയ്ക്കൽ അഞ്ചു തിരിയിട്ട വിളക്ക് തെളിഞ്ഞ് കത്തുന്നു…അന്തരീക്ഷത്തിൽ സാമ്പ്രാണിയുടെ ഗന്ധം നിറഞ്ഞിരിക്കുന്നു….പണ്ടേ ഈ ഗന്ധത്തിന് മരണത്തിൻ്റെ പേരാണ് താൻ നൽകിയിട്ടുള്ളത്…. അമ്മ മരിച്ചോ….ഞാൻ അറിയാതെയോ…. എന്നോട് അവസാനമായി ഒന്ന് മിണ്ടാതെയോ….

അമ്മയുടെ കാൽക്കൽ നിന്നും ഇഴഞ്ഞ് ഇഴഞ്ഞു തലയ്ക്കലെത്തി….ശാന്തമായി ഉറങ്ങുന്നത് പോലെ…ഒരു ജന്മം പണയം നൽകി എന്റെ ജീവിതം സ്വതന്ത്രമാക്കിയ അമ്മ…. പകരം ഒന്നും കൊടുത്തില്ലല്ലോ… ഒന്നും കൊടുക്കാൻ കഴിഞ്ഞില്ലല്ലോ….നെഞ്ചിൽ നിന്നും അടിച്ചുയർന്ന തിരമാല പേമാരിയായി പെയ്തുകൊണ്ടിരുന്നു. സ്ഥലകാലബോധമില്ലാതെ അമ്മയുടെ ശരീരത്തേക്ക് അമർന്ന എന്നെ ആരൊക്കെയോ പിടിച്ചു മാറ്റാൻ ശ്രമിച്ചു…

” അവിടെ കിടന്നോട്ടെ..” കുറേ എതിർത്തപ്പോൾ ആരോ പറയുന്നത് കേട്ടു…

അമ്മയുടെ കൈ പിടിച്ചു നടന്ന വഴികൾ… പഴയ വസ്ത്രങ്ങളിൽ സ്വന്തം മോടിയൊതുക്കി എനിക്കായ് പുതിയ വസ്ത്രങ്ങൾ വാങ്ങി ത്തന്ന അമ്മ..ദാരിദ്ര്യത്തിലും എന്നെ വയറുനിറയെ ഊട്ടി വിശന്നു ഒട്ടിയ വയറിന് വേദനയാണെന്നു പറഞ്ഞു ചിരിച്ചു ഉറക്കിയ അമ്മ….ആ അമ്മയുടെ ദേഷ്യത്തിലുള്ള വഴക്ക് കേട്ട് ഇറങ്ങി പോയിട്ട് ഒന്നു അന്വേഷിച്ചു കൂടിയില്ല… തന്റെ തെറ്റാ എല്ലാം…

”മരിച്ചിട്ട് രണ്ടു ദിവസമായി…ആരും അറിഞ്ഞില്ല… മോള് ഒന്നുള്ളത് പിണങ്ങി പോയിരിക്കുകയായിരുന്നു… എന്തു ചെയ്യാനാ ആരുമില്ലാതെ മരിക്കാനായിരുന്നിരിക്കും വിധി… ”

ആരുടെയോ വാക്കുകൾ നെഞ്ചിൽ തറഞ്ഞു കയറുന്നു..താനിവിടെ ഉണ്ടായിരുന്നെങ്കിൽ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലായിരുന്നൂ…

കുറ്റബോധം കൊണ്ട് സ്വയം ഉരുകി…. പെട്ടെന്ന് ആരൊക്കെയോ തന്നെ പിടിച്ചു മാറ്റി…അമ്മയെ കൊണ്ടു പോകുകയാണ്…..

പിടിച്ചവരുടെ കൈയ്യിൽ കിടന്നു ഞാൻ കുതറി..

”അയ്യോ… എൻ്റെ അമ്മയെ കൊണ്ടുപോകല്ലേ..ഞാനൊന്നു കൂടി കണ്ടോട്ടേ… ”

ഒരു ബോധം മറഞ്ഞു താഴെക്ക് പതിച്ചു….

ഞെട്ടലോടു കൂടി ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു… ഫോണെടുത്തു സമയം നോക്കി… മൂന്നൂ മണി…. പുലർകാലേ കാണുന്ന സ്വപ്നം ഫലിക്കുമെന്നാണ്… അമ്മയുടെ നമ്പരെടുത്തു കോൾ കൊടുത്തു… സ്വിച്ച്ഡോഫ്… വല്ലാത്ത ഭയം പൊതിയുന്നത് ഞാനറിഞ്ഞു… തൊണ്ട വല്ലാതെ വരണ്ടു… എഴുന്നേറ്റ് ലൈറ്റിട്ടു അടുക്കളയിൽ പോയി വെള്ളം എടുത്ത് കുടിച്ചു…ഇരുന്നും നടന്നും ഒരു വിധം നേരം വെളുപ്പിച്ചു…അമ്മൂട്ടിയെ കിടക്കയിൽ നിന്നും തട്ടിയുണർത്തി… വേഗം ഡ്രസ് ചെയ്യിച്ചു വീടും പൂട്ടിയിറങ്ങി….

അതിരാവിലെ പക്ഷികൾ കൂടുവിട്ട് തുടങ്ങിയിട്ടില്ല… ഇന്നലെ രാത്രിയിൽ ചുംബിച്ചു പോയ മഴയുടെ അവശേഷിപ്പുകൾ പോരെ ഇലകളിൽ അങ്ങിങ്ങു പറ്റിയിരിക്കുന്ന വെള്ളത്തുള്ളികളെ തട്ടിയടർത്തി വേഗം സ്റ്റോപ്പിലേക്ക് നടന്നു…അതിരാവിലെ പോകുന്നത് കണ്ടിട്ടാകും ചായക്കടയിൽ നിന്നും മറ്റും ഏതാനും തലകൾ ഉയർന്നു കണ്ടു…ആർക്കും മുഖം നൽകാതെ കാലുകൾ നീട്ടി വേഗം നടന്നു…പിന്നെയും ഏറെനേരം നിന്ന ശേഷമാണ് ആദ്യത്തെ ബസ് വരുന്നത്…

വീടിനടുത്തുള്ള സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ നെഞ്ചിടിക്കാൻ തുടങ്ങി…ആരെങ്കിലും തന്നെ നോക്കുന്നുണ്ടോന്ന് ശ്രദ്ധിച്ചാണ് നടന്നത്..ഇല്ല…പരിചയക്കാരെല്ലാം ചെറിയ പുഞ്ചിരി സമ്മാനിച്ചാണ് പോകുന്നത്….

വീട്ടിലേക്ക് അടുക്കും തോറും നടക്കുകയല്ലായിരുന്നു…ഓടുകയായിരുന്നു…… വീടിന്റെ വാതിൽ പൂട്ടി കിടക്കുന്നത് കണ്ടപ്പോൾ നെഞ്ചു പൊട്ടി..അമ്മ എന്നും രാവിലെ ഉണരുന്നതാണ് … വീട്ടിലേക്ക് ഓടി കയറി..വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി… ഇല്ല..അനക്കമില്ല.. ഈശ്വരാ… അമ്മയ്ക്ക് എന്തു പറ്റി…

” ആഹാ…ഇനി വരില്ലെന്നൂ പറഞ്ഞ ആളെന്താ വീടിന് ചുറ്റും കിടന്നോടുന്നത്..”

വെപ്രാളം കൊണ്ട് മുറ്റത്തു ചാടി.. അടുക്കളപ്പുറത്തേക്കു പായുമ്പോഴാണ് തങ്കമണി ചേച്ചീയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്…

ചേച്ചിയോടൊപ്പം അമ്മ…. സാരിയുടുത്ത് ഒരുങ്ങി നിൽക്കുന്നൂ…

”അമ്മ തിരക്കി ഇറങ്ങുന്നതിന് മുൻപേ മോളിങ്ങ് വന്നല്ലോ.” തങ്കമണിചേച്ചീ കളിയാക്കി പറഞ്ഞതൊന്നും മനസ്സിൽ കയറിയില്ല…

ഓടി പോയി അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു…. തങ്കമണി ചേച്ചീയും അമ്പരന്നു…

”അയ്യേ….ഇന്നലെ പിണങ്ങി പോയിട്ട് ഇന്ന് അമ്മയെ കെട്ടി പിടിച്ചു കരയുന്നോ..” തങ്കമണി ചേച്ചീ സംസാരിച്ചുകൊണ്ടേയിരുന്നു….

പക്ഷേ എൻ്റെ മനസ്സറിഞ്ഞ പോലെ അമ്മ എന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു നെറുകയിൽ മുത്തം തന്നൂ…. കൈവിടാൻ പറ്റാത്ത നിധി പോലെ അപ്പോൾ ഞാൻ അമ്മയെ ചേർത്തു പിടിച്ചു…..