എഴുത്ത്: സനൽ SBT
ഫസ്റ്റ് നൈറ്റ് കഴിഞ്ഞതിൻ്റെ ആലസ്യത്തിൽ ഞാൻ ബെഡിൽ തന്നെ പുതച്ച് മൂടി കിടക്കുവാണ് എങ്ങും ആളനക്കം ഒന്നും കേൾക്കാൻ ഇല്ല . വൃശ്ചികമാസത്തിലെ നല്ല തണുത്ത കുളിർക്കാറ്റ് എന്നെ ഒന്നു തഴുകി തലോടിക്കൊണ്ട് കടന്നു പോയി ആ കുളിരിൽ കുറച്ചു നേരം കൂടി ഒന്ന് കെട്ടിപ്പിടിച്ചു കിടക്കാം എന്ന് കരുതിയാണ് ബെഡിൽ ഞാൻ അവളെ തപ്പി നോക്കിയത്.
“ങ്ങേ ഇത്ര രാവിലെ അവൾ ഇത് എവിടെ പോയി. “
ഓ ചിലപ്പോൾ കുളിക്കാൻ പോയതാവും ഇനിയിപ്പം ഒരു സെറ്റ് സാരിയും ഉടുത്ത് തലയിൽ ഒരു തുളസിക്കതിരും വെച്ച് നല്ല ആവി പറക്കുന്ന ഒരു കപ്പ് ചായയുമായി അവൾ വരുന്നത് സ്വപ്നം കണ്ട് ഒരു പില്ലോയും കെട്ടി പിടിച്ച് ഞാൻ അവിടെ തന്നെ കിടന്നു.
അല്പസമയത്ത് ശേഷമാണ് റൂമിൻ്റെ പുറത്ത് നിന്ന് ഒരു നിലവിളി കേൾക്കുന്നത്. അതിന് ശേഷം റൂമിൻ്റെ വാതിലിൽ ആരോ വന്ന് ശക്തിയായി മുട്ടുന്നുണ്ട് വാതിൽ തുറന്നപ്പോൾ അമ്മ .അമ്മ എൻ്റെ കൈയ്യും പിടിച്ച് വലിച്ച് വീടിൻ്റെ മുറ്റത്തേക്ക് കൊണ്ടുപോയി കാര്യം ഒന്നും മനസ്സിലാവാതെ ഞാൻ അന്തം വിട്ട് എല്ലാവരേയും നോക്കുന്നുണ്ട്.
ഇനി ഇന്നലെ വല്ല കൈയ്യബന്ധവും പറ്റിയോ ഈശ്വരാ കഴിഞ്ഞ രാത്രിയിലെ ഓരോ സംഭവങ്ങളും ഞാൻ ഒന്നു കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു. ഹേയ് ഇന്നലെ അങ്ങിനെ ഒന്നും സംഭവിച്ചിലല്ലോ പിന്നെ ഇത് ഇപ്പോ എന്ത് പറ്റി. എല്ലാവരുടേയും മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി ഇരിക്കുവാണ് .ദാ പിന്നെയും അവളുടെ കരച്ചിൽ .
കാര്യമറിയാൻ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
“വിദ്യാ നീ എന്തിനാ രാവിലെ തന്നെ ഇങ്ങനെ കിടന്ന് കരയണേ. “
കരഞ്ഞു കലങ്ങിയ കരിമഷികണ്ണുമായി അവളെന്നെ ഒന്നു നോക്കി.
“താൻ പേടിപ്പിക്കാതെ കാര്യം പറ എന്നാ സംഭവിച്ചേ. “
” ഞാൻ പറയാം ഏതവളാടാ ഈ പെണ്ണ്. “
പുറകിൽ നിന്നും മറുപടി പറഞ്ഞത് അമ്മയായിരുന്നു.
“ഇതോ ഇത് നിങ്ങളെല്ലാവരും കൂടി എനിക്ക് ഇന്നലെ കെട്ടിച്ച് തന്ന പെണ്ണ് വിദ്യ. “
“അതല്ല ദാ ഈ പെണ്ണ്. “
“പെണ്ണോ ഏത് പെണ്ണ്. “
ഞാൻ തിരിഞ്ഞ് നോക്കി.
വീടിൻ്റെ കാർ പോർച്ചിൽ ഇതാ നിൽക്കുന്നു വെറൊരു പെൺകുട്ടി.
” അയ്യോ ഇതേത് പെണ്ണ് എനിക്ക് ഒന്നും അറിഞ്ഞൂടാ.”
“നിങ്ങള് നമ്മില് നാല് വർഷമായി പ്രണയത്തിൽ ആണെന്നും ഇന്നലെ നിൻ്റെ കല്ല്യാണ ഫോട്ടോ ഫേസ് ബുക്കിൽ കണ്ടപ്പോൾ ബാംഗ്ലൂരിൽ നിന്നും ഇന്നലെ രാത്രി പുറപ്പെട്ടത് ആണത്രേ അതാ അവള് പറഞ്ഞത് ഇനി നീ തന്നെ ചോദിച്ച് നോക്ക്.”
“എൻ്റെ മാതാവേ പച്ചകള്ളം”
” ആരെടീ നീ .സത്യം പറയെടീ.”
” ഹാ ഇനിയിപ്പോ ഞാൻ ആരാണെന്നും എന്താണെന്നും ഒന്നും ആദിയേട്ടന് അറിയിലല്ലോ ? ആദിയേട്ടന് വെറെ ഒരു ഭാര്യയെ കിട്ടി പുതിയ ഒരു ജീവിതം ആയി പക്ഷേ ഓരോ നിമിഷത്തിലും നിങ്ങളെ മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന എന്നോട് ഇത് വേണമായിരുന്നോ ആദിയേട്ടാ. “
” നിനക്ക് എന്താ തലക്ക് വല്ല വട്ടും ഉണ്ടോ?”
” അതെ ഭ്രാന്താണ് നിങ്ങളളോടുള്ള അടങ്ങാത്ത ഭ്രാന്ത് അതാണ് ഇന്ന് എന്നെ ഈ വീട്ടുമുറ്റത്ത് കൊണ്ടെത്തിച്ചത്.”
” വിദ്യാ അമ്മേ ഇവൾ ഈ പറയുന്നതൊന്നും വിശ്വസിക്കരുത് ഇതിലെന്തോ പ്രശ്നം ഉണ്ട് ഞാൻ ഇവളെ ആദ്യായിട്ട് കാണുവാ. “
” ഉം. അപ്പോൾ എല്ലാ മാസവും എന്നെ ബാംഗ്ലൂർ വന്ന് കാണാറുള്ളതോ?”
” ബാംഗ്ലൂരോ പണ്ട് എങ്ങോ ഒരിക്കൽ പോയതാ അവിടെ പിന്നെ ഞാനാ വഴിക്ക് തന്നെ പോയിട്ടില്ല. കണ്ടോ അമ്മേ പച്ച കള്ളം ഇപ്പോൾ മനസ്സിലായില്ലേ?”
” ആ അതെ അന്നല്ലേ നമ്മൾ നേരിൽ കാണുന്നത്.”
” ഞാൻ ഇതിന് മുൻപ് നിന്നെ കണ്ടിട്ടില്ല വെറെ എന്താ തെളിവ് ഉള്ളത്.”
” നമ്മൾ ഒരുമിച്ച് ഉള്ള കുറച്ച് ഫോട്ടോസ് തരട്ടെ.”
” ഹോ അങ്ങിനെ അതൊക്കെ ഇന്നത്തെ കാലത്ത് ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് ആർക്ക് വേണേലും ഉണ്ടാക്കാം വെറെ എന്താ ഉള്ളത് പറ .”
” ഇനി തെളിവ് വേണേൽ ഒരു 6 മാസം കൂടി വെയ്റ്റ് ചെയ്യണം .”
” അതെന്തിന്.”
” ഇപ്പോ ഞാൻ 4 മാസം ഗർഭിണിയാണ് ആദിയേട്ടാ.”
” ടീ പുല്ലേ വീട്ടിൽ കയറി വന്ന് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ പല്ല് അടിച്ച് ഞാൻ താഴെ ഇടും.”
” ആദിയേട്ടൻ എന്ത് പറഞ്ഞാലും എൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിൻ്റെ അച്ഛൻ നിങ്ങള് തന്നെയാണ്. സംശയം ഉണ്ടേൽ വാ നന്മുക്ക് ടെസ്റ്റ് ചെയ്താൽ അറിയാലോ? ഓരോ ദിവസവും ആദിയേട്ടനെ ഓർത്ത് എരിഞ്ഞ് തീരുകയായിരുന്നു ഞാൻ ഒരു മെഴുകി തിരിപോലെ ഇപ്പോൾ സ്വന്തം കുഞ്ഞിൻ്റെ പിതൃത്വം തെളിയിക്കാൻ ടെസ്റ്റ് വരെ ചെയ്യണം അല്ലേ? ആദിയേട്ടൻ എങ്ങനെ ഇത്ര നീചൻ ആയി . അല്ല ഇതെൻ്റെ ആ പഴയ ആദിയേട്ടൻ അല്ല എൻ്റെ ആദിയേട്ടൻ ഇങ്ങനല്ല.”
അവൾ നിന്ന് വിതുമ്പി.
” എൻ്റെ തമ്പുരാനെ .”
” ഡാ ആദി നീയിങ്ങ് വന്നേ.”
” അമ്മേ ,വിദ്യാ സത്യം ഞാൻ പറയണത് ഒന്ന് വിശ്വസിക്ക് ആ പെണ്ണുമായോ അവൾ പറയുന്ന കഥകളുമായോ എനിക്ക് യാതൊരു വിധ ബന്ധവും ഇല്ല. “
” അമ്മേ എനിക്കെൻ്റെ വീട്ടിൽ പോണം.”
” വിദ്യാ നീ”
” ഇല്ല ആദിയേട്ടാ എനിക്ക് എല്ലാം മനസ്സിലായി ഈ കാരണം കൊണ്ട് അവളെയും കുഞ്ഞിനേയും ആദിയേട്ടൻ ഉപേക്ഷിക്കണ്ട പടിയിറങ്ങേണ്ടത് ഇന്നലെ വന്നു കയറിയ ഞാനാണ് അമ്മേ ഞാൻ പോയ്ക്കോളാം.”
” നീ ഇത് എന്തൊക്കെയാണ് ഈ പറയണേ ?”
” നിക്ക് മോളെ ഇത് സത്യം ആണോ എന്ന് അറിഞ്ഞു മതി ബാക്കിയൊക്കെ അഥവാ അവൾ പറഞ്ഞത് സത്യം ആണേൽ പിന്നെ എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് നന്നായിട്ട് അറിയാം. മോള് വിഷമിക്കല്ലേ .”
വിദ്യ കലങ്ങിയ കണ്ണുകൾ സാരിത്തുമ്പ് കൊണ്ട് തുടച്ചു. അമ്മ അപ്പോഴും ഓരോ ആശ്വാസവാക്കുകൾ ഏകി അവളെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. കണ്ട് നിന്ന എനിക്കും സഹിച്ചില്ല നിയന്ത്രണം വിട്ട ഞാൻ അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു.
” എടീ നിന്നെ ഞാൻ .”
അടിക്കാനായി കൈ ഓങ്ങിയതും അവൾ ചൂളിപ്പോയി അപ്പോഴേക്കും ഗേറ്റിന് പുറത്തു നിന്ന് എൻ്റെ കൂട്ടുകാർ ഓടി വന്ന് എന്നെ പിടിച്ചു മാറ്റി.
“ടാ ആദീ നീ എന്ത് ഭ്രാന്താ ഈ കാണിക്കണേ ?”
“പിന്നെ വല്ലോം ഒരുത്തി വീട്ടിൽ കയറി വന്ന് അവളുടെ കൊച്ചിൻ്റെ തന്ത ഞാനാണെന്ന് പറഞ്ഞാൽ .”
“ആ നീ തന്നെയല്ലേ നിനക്ക് ഓർമ്മയില്ലേ ഇവളെ ? ഒന്ന് സൂക്ഷിച്ച് നോക്കിയെ. “
പിന്നെ അവന്മാര് എല്ലാവരുടേയും വക ഒരു കൂട്ടച്ചിരി. അപ്പോഴും കാര്യം അറിയാതെ ഞാൻ മുറ്റത്ത് പകച്ച് നിൽപ്പാണ്.
” മതീടാ എല്ലാവരും ചേർന്ന് ആ പാവത്തിനെ പറ്റിച്ചത് കണ്ടില്ലേ രാവിലെ തന്നെ ചെക്കൻ കിളി പോയി നിക്കണത്. അതെ മോനെ നീ ഇത് പൊലെ ഞങ്ങൾക്ക് എല്ലാവർക്കും കല്ല്യാണത്തിന് എട്ടിൻ്റെ പണി തരാറില്ലേ ഹാ ഇതും അതുപോലെ ഞങ്ങൾ പ്ലാൻ ചെയ്തതാ നിന്നെ ഒന്ന് പേടിപ്പിക്കാൻ.”
“എടാ തെണ്ടികളെ.”
” എനിക്ക് വന്ന ദേഷ്യത്തിന് എല്ലാത്തിനേയും അടുപ്പിൽ വെച്ച് കത്തിക്കണം .ഹൊ എന്നാലും എൻ്റെ പൊന്നളിയന്മാരെ ഇത് വല്ലാത്ത ഒരു പണിയായിപ്പോയി ഇപ്പഴാ ശ്വാസം ഒന്ന് നേരെ വീണത്. അല്പം കൂടി താമസിച്ചാൽ വിദ്യ കൂടും കുടുക്കയും എടുത്ത് അവളുടെ വീട്ടിൽ പോയിരുന്നു. “
” സോറി പെങ്ങളെ ഇവൻ ഞങ്ങളെ കുറെ ഇത് പൊലെ വെള്ളം കുടിപ്പിച്ചതാ അതു കൊണ്ടൊരു ചെറിയ മധുര പ്രതികാരം അത്രള്ളൂ.”
” അല്ല എന്നിട്ട് എവിടെ നന്മുടെ നായിക. ൻ്റെ പൊന്നെ എജ്ജാതി അഭിനയം ഇങ്ങനെ പോയാൽ നീ ഓസ്ക്കാർ മേടിക്കും .”
വീണ്ടും കൂട്ടച്ചിരി.
” ഒക്കെ ഡാ ആദീ നീ ഇത്രയും നേരം ടെൻഷൻ അടിച്ചതല്ലേ ഇത് അതിനുള്ള ചെറിയ ഒരു കോംപൻസേഷൻ ഞങ്ങളുടെ വക അപ്പോ മച്ചാനെ ഹാപ്പി മാര്യേഡ് ലൈഫ്. “
ചങ്കുകൾ തന്ന എട്ടിൻ്റെ പണി ഓർത്ത് ഞങ്ങൾ രണ്ടും വീണ്ടും എട്ടിൻ്റെ പണി തുടങ്ങി അങ്ങ് ദൂരെ കുളു മണാലിയിൽ അവര് തന്ന അതേ ഹണിമൂൺ പാക്കേജ് ആഘോഷിച്ചു കൊണ്ട്.