മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
കൺപോളകളിൽ പ്രകാശം വന്ന് പതിച്ചതും എന്നിൽ കുരുക്കിട്ട അമ്മയുടെ കൈകളെ ഞാൻ മെല്ലെ അടർത്തി മാറ്റി…ചിരിയോടെ കൺപോളകൾ വലിച്ചു തുറന്ന് ഞാൻ അമ്മയെ മെല്ലെ തട്ടിയുണർത്താൻ ശ്രമിക്കുമ്പോളും കണ്ണടച്ചു തന്നെ കിടക്കുകയാണ് എന്നെ പറ്റിക്കാൻ ഇടയ്‌ക്കൊക്കെ ഇത് പതിവാ…അനക്കമില്ലാതെ ഇങ്ങനെ കിടക്കും…പക്ഷേ കുറേ കഴിഞ്ഞാൽ ഒരു കണ്ണ് തുറന്ന് എന്നെ നോക്കി പൊട്ടിച്ചിരിക്കും…പക്ഷേ ഇന്നതില്ല…
വീണ്ടും വീണ്ടും ഞാൻ വിളിച്ചപ്പോഴും ചുണ്ടിൽ മായാത്ത ചിരിയോടെ കണ്ണടച്ച് ചലനമില്ലാതെ കിടക്കുന്നത് ഞാൻ നോക്കിയിരുന്നു….എന്നെ തനിച്ചാക്കി ഇനി ഒരിക്കലും തിരികെ വരാത്തത്ര ദൂരത്തേക്ക് അമ്മ പോയെന്ന് ഞാനറിഞ്ഞു…
നെഞ്ചിൻറെ ആഴങ്ങളിൽ നിന്നും ഒരു വിങ്ങൽ എന്നിലേക്ക് വന്നടിയുന്നു….ഞാൻ അമ്മയ്ക്കടുത്തേക്ക് ചേർന്ന് കിടന്നു ഒന്നുകൂടി വട്ടം ചുറ്റി കെട്ടി പിടിച്ചു….അവസാനമായി ഞാനാ തണുത്ത് മരവിച്ച ശ്വാസമറ്റ ശരീരത്തിലേക്ക് പറ്റിച്ചേർന്നു കിടന്നു..എന്തിനാ അമ്മേ എന്നെ തനിച്ചാക്കി പോയത്….
ആത്മാവ് എരിഞ്ഞു തീരുന്ന നോവോടെ ആ മുഖം കൈക്കുമ്പിലേക്ക് കോരിയെടുത്തു ഞാനാ നെറുകയിൽ ചുംബിച്ചു..ഒന്നല്ല കണ്ണീരിൽ അലിഞ്ഞ ഒരായിരം ചുംബനങ്ങൾ..
അടർന്നു മാറാനാകാതെ എത്രനേരമങ്ങനെ ഞാൻ ചേർന്ന് കിടന്നെന്നറിയില്ല…ആ സാമീപ്യവും ചൂടും മണവുമെല്ലാം ഈ നിമിഷവും എനിക്കൊപ്പം തന്നെയുണ്ടെന്ന് ഞാനറിഞ്ഞു…ഹൃദയത്തിൽ അടിഞ്ഞുകൂടുന്ന സങ്കടങ്ങൾ ഒന്ന് പൊട്ടിക്കരഞ്ഞു തീർക്കാൻ പോലും എനിക്ക് കഴിയാത്ത പോലെ…കരളിൽ ആളിപ്പടരുന്ന സങ്കടചൂടിനെ അണയ്ക്കാൻ ഒരിറ്റ് കണ്ണീർ പോലും എന്നിൽ നിന്ന് ഒഴുകുന്നില്ലെന്ന് ഞാനറിഞ്ഞു…
ഇറയത്തെ തിണ്ണയിൽ നീണ്ട വാഴയിലയിൽ വെള്ളപുതച്ച് കിടക്കുന്ന അമ്മയെ നോക്കി ഞാൻ സംഭവിച്ചതെല്ലാം വിശ്വസിക്കാമാകാതെ മരവിച്ചിരുന്നു…ഒന്നനങ്ങാൻ പോലും കഴിയുന്നില്ലെനിക്ക്…ഇല്ല എങ്ങും പോയിട്ടില്ല അമ്മയിപ്പോഴും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം…
പെട്ടന്നുണ്ടായ മരണവാർത്തയറിഞ്ഞു ഒഴുകിയെത്തിയ ജനപുരുഷാരങ്ങൾ അങ്ങിങ്ങായി നിന്ന് എന്നിലേക്ക് നോക്കി സഹതാപം പൊഴിക്കുന്നത് ഞാനറിഞ്ഞു…
ഓടിക്കിതച്ചെത്തിയ ജെനി എന്നെ നെഞ്ചിലേക്ക് ചേർത്ത് വച്ച് പൊട്ടിക്കരയുന്നു…എന്നിട്ടും ഞാൻ അനങ്ങിയില്ല ദൂരെ നിന്നും കണ്ണുതുടച്ചു മാറിയകലുന്ന അലോഷിച്ചായനെയും സിദ്ധുവേട്ടനെയും ഒരു പുകമറപോലെ ഞാൻ കാണുന്നുണ്ടായിരുന്നു…
സ്വന്തമെന്ന് പറയാൻ ആരുമില്ലെനിക്ക്…എനിക്കൊപ്പമിരിക്കാനും ആശ്വസിപ്പിക്കാനും കാവേരിചേച്ചിയും പാടുപെടുന്നുണ്ടായിരുന്നു…
അപമാനഭാരത്താൽ വെന്തു നീറി ഹൃദയം പൊട്ടി മരിച്ചതാണ് എന്റെ അമ്മയെന്ന് ആർക്കും അറിയില്ല…എല്ലാം ചെയ്തുകൂട്ടിയ ചിലരെ അവിടെയൊക്കെ ഞാൻ തിരഞ്ഞു…കണ്ടില്ല….ചോദിക്കണമെനിക്ക് ചില ചോദ്യങ്ങൾ അവരോട്…
എന്റെ മനസ്സിന്റെ നിയന്ത്രണം പൂർണ്ണമായും കൈവിടുന്നത് ഞാനറിഞ്ഞു…പുറത്ത് മഴ ആർത്തു പെയ്യുന്നു…
“”എന്തിനാ നിങ്ങളൊക്കെ കരയണെ കണ്ടില്ലേ ന്റെ അമ്മ ഉറങ്ങുവാ…എന്നെ വിട്ട് പോകാൻ ഞാൻ സമ്മതിച്ചിട്ട് വേണ്ടേ…””
ബുദ്ധിയുറയ്ക്കാത്ത ഒരുവളെ പോലെ അവരുടെ മുഖത്തേക്ക് നോക്കി ഞാൻ പുലമ്പിക്കൊണ്ടിരുന്നു…
ഇടയ്ക്കൊക്കെ മാറി മാറി കരയുകയും ചിരിയോടെ അമ്മയുടെ മുഖത്ത് ചുംബിക്കുകയും ചെയ്യുന്ന എന്റെ നിലതെറ്റിയ അവസ്ഥയെ മനസ്സിൽ നീറ്റലോടെ അവർ നോക്കിയിരിക്കുന്നു…
ഒന്നും കണ്ട് നിൽക്കാൻ കഴിയാത്ത പോലെ സിദ്ധുഏട്ടൻ വേഗം പുറത്തേക്ക് നടക്കുന്നത് ഞാനറിഞ്ഞു…ഇടം വലം ചേർന്നിരുന്നു എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് ജെനിയും കാവേരിച്ചേച്ചിയും…പക്ഷേ ഞാനെങ്ങനെ സഹിക്കും എങ്ങനെ ഞാൻ ആശ്വസിക്കും..
ഇടയ്ക്കെപ്പോഴോ മഴയിൽ നനഞ്ഞൊലിച്ചു ഇറയത്തേക്ക് പാഞ്ഞു കയറി വന്ന ആരോ അമ്മയ്ക്കരികിലേക്ക് മുട്ടുകുത്തിയിരുന്ന് പൊട്ടിക്കരയുന്നത് ഞാനറിഞ്ഞു…മുഖമുയർത്തി നോക്കിയതും മനസ്സിലടക്കിപ്പിടിച്ച സങ്കടമെല്ലാം ദേഷ്യമായി എന്നിലേക്ക് തികട്ടി വരുന്നു…ശ്വാസമുണ്ടെങ്കിലും അവനും എന്നേ മരിച്ചു എന്ന് തോന്നിയെനിക്ക്…
“”പവിയേ…മോളേ…”””
എന്നെ കണ്ടതും ഇടറിയ ശബ്ദത്തോടെ വിളിച്ചുകൊണ്ട് ആ കണ്ണുകൾ കലങ്ങുന്നത് ഞാനറിഞ്ഞു…വേഗമെനിക്കരികിലേക്ക് വന്ന് ഒരു വിറയലോടെ എന്നെ ചേർത്തണയ്ക്കാനൊരുങ്ങിയപ്പോൾ ആ നെഞ്ചിലേക്ക് ഞാൻ ആഞ്ഞു തള്ളി…
പിന്നിലേക്കവൻ വേച്ചു വീണപ്പോൾ എല്ലാ കണ്ണുകളും എന്നിലേക്കും സൂരജിലേക്കും ഞെട്ടലോടെ തറഞ്ഞു നിൽക്കുന്നത് ഞാനറിഞ്ഞു…എന്നാൽ ആർക്കും അറിയില്ലല്ലോ നടന്ന സത്യങ്ങളൊന്നും…ജെനി എന്റെ കൈകളിലേക്ക് അമർത്തി പിടിക്കുന്നത് ഞാനറിഞ്ഞു…ദേഷ്യത്തോടെ അവന്റെ ഉടുപ്പിന്റെ കോളറിൽ ഞാൻ കുത്തി പിടിച്ചപ്പോൾ അവൻ എന്നെ നേരിടാനാകാതെ കണ്ണുകൾ ഇറുക്കിയടച്ചു…
“”ഒരിറ്റ് പൊന്നിന് വേണ്ടി കൊന്ന് കളഞ്ഞില്ലേ നീയൊക്കെക്കൂടി എന്റെ അമ്മയെ…സഹിക്കാൻ വയ്യാതെ ചങ്ക്പൊട്ടി മരിച്ചതാ പാവം…എന്നെ ആരുമില്ലാതാക്കിയില്ലേ….””
ഉറക്കെ ആർത്തലച്ചു ഞാൻ കരഞ്ഞുപോയി…
“”പോ… ഇറങ്ങിപ്പോ ഇവിടുന്ന്…ഇനി നീയിവിടെ നിന്നാൽ നിന്റെ മുന്നിൽ ഞാനും ജീവനൊടുക്കും…””
ആ നിസ്സഹായതയിലും എന്നിൽ നിന്നും വമിക്കുന്ന അഗ്നിയിൽ അവൻ എരിഞ്ഞു തീരുകയാണെന്ന് ഞാനറിഞ്ഞു…ഇത്രമേൽ സംഘർഷഭരിതമായൊരവസ്ഥ അവൻ അനുഭവിച്ചു കാണില്ല എന്ന് ഞാനോർത്തുകൊണ്ട് കണ്ണീരോടെ മുഖം തിരിക്കവേ എന്നിലേക്ക് നോക്കി തറഞ്ഞു നില്കുന്ന ആദിയേട്ടനെ ഞാൻ കണ്ടു….ആ കണ്ണുകളും മരവിച്ച പോലെയായിരിക്കുന്നു..
പാതിസത്യങ്ങൾ മനസ്സിലാക്കിയ പലമുഖങ്ങളും സൂരജിനെ വെറുപ്പോടെ പൊതിയുന്നത് ഞാനറിഞ്ഞു…
വീണ്ടും കുനിഞ്ഞ് അമ്മയുടെ നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു ഉലഞ്ഞ മനസ്സോടെ തിരിഞ്ഞു നടക്കുന്ന സൂരജിന്റെ മുഖത്തേക്ക് ഞാൻ നോക്കിയില്ല…
അവൻ അറിയുന്നുണ്ടാകും കത്തിയെരിഞ്ഞു ചാരമായൊരു മനസ്സുമായി ഞാൻ പിടയുന്നത്…
ഇടയ്ക്കെപ്പോഴോ അമ്മയെ നോക്കി നിന്ന് കണ്ണീർ തുടയ്ക്കുന്ന മുത്തശ്ശിയെ ഞാൻ കാണുന്നുണ്ടായിരുന്നു…ആ കൈകൾ അല്ലേ എന്റെ അമ്മയ്ക്ക് ആദ്യ ശിക്ഷ വിധിച്ചത്…ഈ വാർധക്യത്തിലും തന്നിലേക്ക് വീഴുന്ന ശാപത്തെ അവർ ഭയക്കുന്നുണ്ടാകാം….
തൊട്ടപ്പുറത്തായി സാരിത്തലപ്പാൽ വായ പൊത്തി വിങ്ങി കരയുകയാണ് ഭാമേച്ചി, അവർ അത്രയ്ക്കും പരസ്പരം മനസ്സറിഞ്ഞവർ ആണ്…ഒന്നും സഹിക്കില്ല ഭാമേച്ചിക്കും…
എല്ലാവരോടും ഒരുതരം വെറുപ്പ് എന്നിൽ പുകഞ്ഞു നീറുന്നു…അറിയാതെ പോലും അവർക്കൊന്നും ഞാൻ മുഖം കൊടുത്തില്ല….
മഴയൊന്ന് പെയ്തൊഴിഞ്ഞു….ആ ചിതയിലേക്ക് തീകൊളുത്തിയപ്പോൾ ഞാൻ കരഞ്ഞില്ല …ഞാൻ കരഞ്ഞാൽ അമ്മയുടെ ആത്മാവ് ചിലപ്പോൾ സന്തോഷത്തോടെ തിരികെ പോകില്ലെങ്കിലോ…ഒരുവേള എന്നിലെ സങ്കടം ഒളിപ്പിച്ച ഹൃദയം വീർത്തു വീർത്തു പൊട്ടിപോകുമെന്ന് ഞാൻ ഭയന്നു…
ഉമ്മറത്തെ തിണ്ണയിലേക്ക് കത്തിത്തീരാത്ത ചിതയിലേക്ക് ഞാൻ നോക്കിഞാനിരുന്നു…അമ്മയും അച്ഛനും ഏട്ടനും കളിയും ചിരിയും സ്നേഹവും മാത്രം നിറഞ്ഞൊരു കുഞ്ഞുവീട്ടിൽ ഒറ്റയ്ക്ക് ഞാൻ മാത്രമായി…
ആളുകൾ പൊഴിഞ്ഞു പോയപ്പോൾ ജെനിയും അലോഷിച്ചായനും കാവേരിച്ചേച്ചിയും സിദ്ധുഏട്ടനും ഒന്നും പോകാതെ എനിക്ക് കൂട്ടിരുന്നു….ആശ്വസിപ്പിക്കാൻ അവർക്കാകുമായിരുന്നില്ല….
ജെനിയുടെ മടിയിൽ തലചായ്ച്ചു ഞാൻ കിടന്നു…
“”എത്ര പെട്ടന്നാല്ലേ ഞാൻ ഒറ്റയ്ക്കാത്തത്…അനാഥയായത്…എന്നാലും അമ്മ എന്നെ ഓർത്തില്ലേടീ….പോകുമ്പോൾ ഈ മോള് ഒറ്റയ്ക്കാകുമെന്ന്….””
ഒരു വിങ്ങലോടെ പറഞ്ഞുകൊണ്ട് കെടാത്ത ചിതയിലേക്ക് തന്നെ എന്റെ കണ്ണുകൾ പതിഞ്ഞിരുന്നു…കരഞ്ഞുകൊണ്ട് ജെനിയും എന്തൊക്കെയോ ആംഗ്യം കാട്ടുന്നു..അത് കാണുമ്പോൾ എനിക്ക് സങ്കടം കൂടും…അവൾക്കും അത്രക്ക് സങ്കടം കാണുവോ എന്റെ കാര്യത്തിൽ…ഒരാശ്രയത്തിനെന്നോണം അവളുടെ കൈകളിലേക്ക് ഞാൻ അമർത്തിപ്പിടിച്ചു…
°°°°°°°°°°°°°°°°°
സീതയുടെ മരണം ദേവർമഠത്തിലെ സമാധാനപരമായ അന്തരീക്ഷത്തെ വല്ലാതെ ബാധിച്ചു തുടങ്ങി…പല്ലവിയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയ മുത്തശ്ശിയും താൻ ഒരു നിമിഷത്തെ അബദ്ധത്തിൽ ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിഞ്ഞു മാനസികമായി തളർന്നു പോയിരുന്നു…
ശിഖയും വിശ്വനും നെരിപ്പോട് പോലെ പുകയുകയായിരുന്നു…പകയായിരുന്നു സീതയോടെങ്കിലും തങ്ങളുടെ പ്രവർത്തിയാൽ അവർ ഹൃദയം പൊട്ടി മരിച്ചു പോകുമെന്ന് അവരും കരുതിയില്ല….കുറ്റബോധത്താൽ പിടയുന്ന മനസ്സുമായി അവരിരുവരും ബാൽക്കണിയിൽ നിരത്തിയിട്ട സോഫയിൽ ചലമറ്റ് ഇരിയ്ക്കുകയായിരുന്നു…
“”ഒന്നും വേണ്ടായിരുന്ന് വിശ്വാ….ഏത് സമയത്താണോ ആ സ്വർണ്ണമെടുത്ത് അവരുടെ സഞ്ചിയിൽ ഇടാനെനിക്ക് തോന്നിയത് ഈശ്വര…””
സ്വന്തം മുടിയിഴകളിൽ വിരൽകടത്തി ശക്തിയോടെ വലിച്ചു ദേഷ്യത്തോടെ ശിഖ വിശ്വനെ നോക്കി…. അവനും ഉലയുന്ന മനസ്സുമായി ശിലപോലെ മറ്റെവിടേക്കോ നോക്കിയിരിക്കുകയാണ്…അവന്റെ മനസ്സിൽ വിങ്ങിപ്പൊട്ടിക്കരയുന്ന സീതയുടെ ആ രൂപം വല്ലാതെ മുറിപ്പെടുത്തി തുടങ്ങി…
“”പറ്റിപ്പോയില്ലേടീ…അവരെ ഒന്ന് നാണം കെടുത്താമെന്നേ ഞാനും കരുതിയോളൂ…ഇങ്ങനെ ഒക്കെ ആവുമെന്നു ആര് കണ്ടു…””
കുറ്റബോധത്തോടെ അവൻ എഴുനേറ്റ് മുറിയിലേക്ക് നടക്കാനൊരുങ്ങിയതും പുറത്ത് അവരുടെ സംഭാഷങ്ങൾ കേട്ടു നിന്ന സൂരജ് ഒരു കൊടുംകാറ്റ് പോലെ പാഞ്ഞു വന്ന് വിശ്വന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി….
അവന്റെ ശക്തമായ ചവിട്ടിൽ നിലയറ്റ് തെറിച്ചു പോയ വിശ്വൻ ഭിത്തിയിലേക്ക് ആഞ്ഞിടിച്ചു ശക്തിയോടെ നിലത്തേക്ക് തെറിച്ചു വീണു….
കേട്ട സത്യങ്ങൾ സൂരജിലെ ഭ്രാന്തനെ ഉണർത്തിയിരുന്നു…
രക്തവർണമായ അവന്റെ കണ്ണുകളും വിറയ്ക്കുന്ന മുഖവും വന്യത നിറഞ്ഞ അവന്റെ നോട്ടവും കാൺകെ ശിഖ ഭീതിയോടെ നോക്കി തറഞ്ഞു നിന്നുപോയി….
അടുത്ത നിമിഷം തെറിച്ചു വീണുകിടന്ന് വേദനകൊണ്ട് പുളയുന്ന വിശ്വന്റെ നെഞ്ചിലേക്കവൻ വീണ്ടും ആഞ്ഞു ചവിട്ടി…എന്നിട്ടും സൂരജിലെ താപം കെട്ടടങ്ങിയിരുന്നില്ല, നിലത്തേക്കിരുന്നു മുഷ്ടി ചുരുട്ടി ശൗര്യത്തോടെയവൻ വിശ്വന്റെ ഇരു കവിളിലും മാറി മാറി അവൻ പ്രഹരിച്ചു….ഒരലർച്ച ഉയർന്നതും ഉമിനീരും ചോരയും വിശ്വന്റെ വായിൽ നിന്നും പുറത്തേക്ക് ചീറ്റിയൊഴുകി….
“”പറയടാ എന്തിനാ നീയിങ്ങനെ ചെയ്തേ….ആ പാവം സ്ത്രീ എന്ത് തെറ്റാടാ നിന്നോട് ചെയ്തതെന്ന്…..””
ക്ഷുഭിതമായി ഉയരുന്ന സൂരജിന്റെ ചോദ്യത്തിന് ഒരു ഞരക്കത്തോടെ ഒന്നും പറയാനാകാതെ വേദനയാൽ പുളഞ്ഞ വിശ്വൻ നിരങ്ങി എഴുനേറ്റ് ഭിത്തിയിലേക്ക് ചാരിയിരുന്നു….
വീണ്ടും കോപമടക്കാനാകാതെ വെറിയോടെ വിശ്വനടുത്തേക്ക് പാഞ്ഞടുത്ത സൂരജ് തൊട്ടരികിൽ ഇരുന്ന ഫ്ലവർ വേസ് എടുത്ത് വിശ്വന്റെ കഴുത്തിലേക്ക് ആഞ്ഞടിച്ചു….ചില്ലുകഷ്ണങ്ങൾ പൊട്ടിച്ചിതറി അവന്റെ മാംസം വരഞ്ഞു കീറി….
‘””സൂരജേ വേണ്ടാ അവനെ ഇനി അടിക്കല്ലേ ചത്തു പോകും അവൻ….””
ശിഖ നിലവിളിച്ചു കൊണ്ട് സൂരജിന്റെ കൈയിൽ കടന്നു പിടിച്ചതും അവൻ തിരിഞ്ഞു നിന്ന് ശിഖയുടെ ഇരു കരണത്തേക്കും ആഞ്ഞടിച്ചു…
അവളുടെ മുടിക്കുത്തിൽ പിടിച്ചു വലിച്ചു ഭിത്തിയിലേക്ക് ചേർത്തു വച്ചു…
“”പറയാൻ….നിയൊക്കെക്കൂടി എന്തിനാ അവരെ കള്ളിയാക്കിയത്…എന്നെക്കൊണ്ട് ആ മഹാപാപം ചെയ്യിപ്പിച്ചത് എന്തിനാന്ന് പറയടീ….””
സൂരജിന്റെ കൈകൾ ശിഖയുടെ കഴുത്തിൽ മുറുകിയപ്പോൾ അവൾ കണ്ണുകൾ തള്ളി ശ്വാസം കിട്ടാതെ പിടയുകയായിരുന്നു…..
മദം പൊട്ടിയ ഒറ്റയാനെ പോലെ സർവ്വതും ചവിട്ടി ഞെരിക്കാനുള്ള കോപം അവനിൽ നിന്നും പ്രവഹിക്കുകയായിരുന്നു…
ബഹളം കേട്ടുകൊണ്ട് തവാട്ടിലെ എല്ലാവരും അവിടേക്ക് വന്നതും ശ്വാസം കിട്ടാതെ സൂരജിന്റെ കൈകളിൽ പിടയുന്ന ശിഖയെ കാൺകെ ഏവരും പകച്ചു നിന്നു പോയി….അശോകനും നന്ദനും സൂരജിനെ ബലമായി പിടിച്ചു മാറ്റാൻ ശ്രമിക്കുന്നെകിലും അവന്റെ കരുത്തിനു മുന്നിൽ എല്ലാം വിഭലമായിക്കൊണ്ടിരുന്നു….
ഒരു മൂലയിൽ സൂരജിന്റെ അടിയേറ്റ് പിടഞ്ഞു ഞരങ്ങുന്ന വിശ്വനെ പിന്നീടാണവർ കണ്ടത്…ഭാമ പെട്ടന്ന് ആധിയോടെ അവനരികിൽ എത്തി മെല്ലെയവനെ ഉയർത്തി ഭിത്തിയിൽ ചാരി ഇരുത്തി….
“”സൂരജെ മോനെ അവളെ ഒന്നും ചെയ്യല്ലെടാ….””
മുത്തശ്ശിയുടെ കരച്ചിൽ കേൾക്കെ സൂരജ് ശിഖയിലുള്ള പിടിയയച്ചു.. അവൾ തൊണ്ട അമർത്തി പിടിച്ചു ചുമച്ചു കൊണ്ട് തൊട്ടടുത്തുള്ള സോഫയിലേക്ക് തളർന്നിരുന്നു…
സൂരജ് ഒരുതരം ഭ്രമത്തോടെ ചുറ്റുമുള്ളതെല്ലാം ആരെയും വകവയ്ക്കാതെ തകർത്തുടച്ചുകൊണ്ടിരുന്നു…
“”എടാ നിനക്കെന്താ പറ്റിയെ….ഈ ഭ്രാന്തൊക്കെ എന്തിനാ കാണിക്കുന്നേന്ന്…””
അശോകന്റെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം മുഴങ്ങിയപ്പോൾ കൂസലില്ലാതെ കനത്ത വാശിയോടെയവൻ വീണ്ടും വിശ്വനെ തല്ലാനായി പാഞ്ഞു….നന്ദനും അശോകനും കൂടി അവനെ പിടിച്ചുവയ്ക്കാൻ ശ്രമിക്കുമ്പോളും അവരെ കുതറിയെറിഞ്ഞുകൊണ്ട് സൂരജ് വിശ്വനെ വീണ്ടും മർദിച്ചു….കലിയടങ്ങുംവരെ അവന്റെ കൈക്കരുത്തിൽ വിശ്വൻ എതിർക്കാനാകാതെ പിടയുന്നത് എല്ലാവർക്കും ഭീതിയോടെ നോക്കി നിൽക്കാനേ ആയുള്ളൂ….
“”നിർത്താൻ….””
അവിടേക്ക് വന്ന ആദിയുടെ ഒച്ചയിൽ എല്ലാം നിശ്ചലമായി…..
“”ഇനി നീ ഇവനെ തല്ലിക്കൊന്നാൽ മരിച്ചു പോയ ആ സ്ത്രീ ജീവിക്കുവോ….എല്ലാരുംകൂടി ചേർന്ന് ഓരോ പാതകം ചെയ്തു കൂട്ടിയിട്ട് കിടന്ന് തമ്മിലടിക്കുന്നു… “”
ഒരുനിമിഷം എല്ലാം ഒന്ന് ശാന്തമായപ്പോൾ അലറിക്കരഞ്ഞുകൊണ്ടു സൂരജ് ഭിത്തിയിലൂടെ നിലത്തേക്ക് ഊർന്നിരുന്നു…അവന്റെ ആ അവസ്ഥയെ ആർക്കും കണ്ട് നിൽക്കാൻ കഴിയില്ലായിരുന്നു…മുത്തശ്ശിയും ഒന്നും ഒന്നും കാണാനാകാതെ ആകെ തളർന്നു പോയിരുന്നു…
“”അങ്ങളേം പെങ്ങളും കൂടി പക വീട്ടാൻ സ്വർണ്ണം എടുത്ത് സഞ്ചിയിൽ വച്ചിട്ട് അവരെ കള്ളിയാക്കി അപമാനിച്ചിട്ട് എന്ത് നേടിയടി നീയൊക്കെ…പറയാൻ..””
അടുത്ത നിമിഷം ആദിയുടെ കൈ ശിഖയുടെ കരണത്ത് പതിച്ചു….സത്യമറിഞ്ഞ ഞെട്ടലിൽ എല്ലാവരും ഒരു നിമിഷം പകച്ചു നിന്നുപോയി…സത്യങ്ങളെല്ലാം ആദിയും ഇടയ്ക്കെപ്പോഴോ മനസ്സിലാക്കിയിരുന്നു…
“”ഇവനെ വല്ല ഹോസ്പിറ്റലിലും കൊണ്ട് പോ ഇവിടെ കിടന്ന് ചാകാതെ…. “”
വിശ്വനെ ചൂണ്ടി ആദി അവജ്ഞയോടെ അത് പറഞ്ഞതും അശോകനും ഭാര്യയും കൂടി വെപ്രാളത്തോടെ അവനെ താങ്ങി എടുത്ത് പുറത്തേക്ക് നടന്നു…
“”മനസ്സ് തകർന്ന് മരിച്ചതാകും … നിങ്ങൾക്കൊക്കെ കുറേ കാലം സ്നേഹത്തോടെ വച്ച് വിളമ്പി തന്നതല്ലേ അവര്. എന്നിട്ടും ഒരു നിസ്സാര പ്രശ്നത്തിന് സത്യം മനസ്സിലാക്കാതെ അവരെ കള്ളിയാക്കി അടിച്ചിറക്കിയില്ലേ…എന്തായാലും ആരുമില്ലാത്തൊരു പാവം ആ വീട്ടിലൊറ്റയ്ക്ക് കിടപ്പുണ്ട്….അവരുടെയൊക്കെ ശാപം എല്ലാത്തിനെയും ജീവനോടെ കത്തിക്കാതിരിക്കാൻ മനം നൊന്ത് പ്രാർത്ഥിച്ചോ….””
കോപവർഷത്തോടെ പുറത്തേക്ക് വന്ന ആദിയുടെ ശബ്ദം എല്ലാവരുടെയും കാതിൽ തറഞ്ഞു…സൂരജ് ഒരു പിടച്ചിലോടെ ചാടിയെഴുന്നേറ്റ് ആദിക്കരികിലേക്ക് വന്നു…സൂരജിന്റെ കരഞ്ഞ മുഖവും കലങ്ങിയ കണ്ണുകളും ഭ്രാന്തമായ ചേഷ്ടകളും നോക്കി നിൽക്കെ ഇത്രമേൽ കഠിനമായ ഒരവസ്ഥയിൽ ഇവനിതാദ്യമാണ് എന്ന് ആദി ചിന്തിച്ചു…
“”ആദീ അവള്….എന്റെ പവി… അവളൊറ്റയ്ക്കാകാൻ കാരണം ഞാനാ…
എന്നോടൊരിക്കലും പൊറുക്കില്ലടാ അവള്…””
അടങ്ങാത്ത സങ്കടത്തോടെ സൂരജ് ആദിയോട് ചേർന്ന് നിന്ന് അവന്റെ തോളിലേക്ക് നെറ്റിച്ചേർത്തു നിന്നു….
“എന്റെ പവി” എന്ന സൂരജിന്റെ വെളിപ്പെടുത്തലിൽ ആദിയടക്കം എല്ലാവരും ആശങ്കയോടെ അവനെ നോക്കി നോക്കി നിന്നു…
“”എന്റെ പവി അവളെനിക്ക് ജീവനായിരുന്നടാ…”
മറ്റൊന്നും പറയാതെയും കേൾക്കാതെയും താഴേക്കുള്ള പടവുകൾ ഇറങ്ങി പോകുന്ന സൂരജിനെ എല്ലാവരും നിരാശയോടെ നോക്കി നിന്നുപോയി…
മനസ്സിൽ നുരയുന്ന സങ്കടവും കുറ്റബോധവും പവി എന്ന നഷ്ടവും പൂർണ്ണമായും സൂരജിനെ മാനസികമായി തളർത്തിതുടങ്ങി….ഇരുള് പുതയ്ക്കാനൊരുങ്ങുന്ന റോഡിലൂടെ സൂരജിന്റെ ബുള്ളറ്റ് വേഗതയുടെ അതിർവരമ്പുകൾ താണ്ടി അതിവേഗം പാഞ്ഞുപോയ്ക്കൊണ്ടിരുന്നു…
°°°°°°°°°°°°°°°
“”മോളെ പവി…””
എനിക്കരികിലേക്കിരുന്ന് എന്റെ ഇരു കൈകളും ആദിയേട്ടൻ ആ കൈക്കുള്ളിലേക്ക് ചേർത്തുവച്ചു….തേങ്ങലടക്കാനാകാതെ ചുണ്ട് കടിച്ചു പിടിച്ചു ഞാൻ തല കുനിച്ചുപോയി…
“”കരയാതെ….ആരും ഇല്ലെന്ന് കരുതണ്ട ഞങ്ങളൊക്കെ എന്നും ഉണ്ട് നിന്റെ കൂടെ…””
അലിവോടെ ആദിയേട്ടനത് പറഞ്ഞതും പതിയെ ഞാനെന്റെ കൈകളെ അടർത്തിയെടുത്ത് നീങ്ങിയിരുന്നു…
എത്ര നാൾ..എന്റെ അമ്മയെ പോലെ സ്നേഹിക്കാൻ നിങ്ങളെക്കൊണ്ട് പറ്റുവോ…അതുപോലെ കരുതാനും ശാസിക്കാനും ചേർത്തു പിടിക്കാനും നിങ്ങളെക്കൊണ്ട് ഒരിക്കലും കഴിയില്ല ആദിഏട്ടാ…എന്റെ അമ്മ എത്ര പാവമായിരുന്നെന്ന് അറിയോ…സ്നേഹിക്കാൻ മാത്രം അറിയാവുന്നൊ പാവം…മനസ്സിൽ പതഞ്ഞു വന്ന നൂറു ചോദ്യങ്ങൾ ഞാനടക്കി നിർത്തി മൗനമായിരുപോയി…
ആ ആശ്വാസവാക്കുകളൊന്നും എന്റെ ഹൃദയവേദനയ്ക്ക് മറുമരുന്നാകില്ല എന്ന് തോന്നിക്കാണണം ആദിയേട്ടൻ മെല്ലെ എന്റെ നെറ്റിയിൽ തലോടി പുറത്തേക്ക് നടന്നകലുന്നത് ഞാനറിഞ്ഞു…
രാത്രി ഏറെ ആയിട്ടും എന്നെ ഒറ്റപ്പെടുത്താതെ കൂടെയുണ്ടായിരുന്നു അവരെല്ലാം…ജെനി എന്നിൽ നിന്നും അടർന്നു മാറാതെ ഒരു കൊച്ചു കുഞ്ഞിനെ സംരക്ഷിക്കും പോലെ എനിക്കൊപ്പം ചേർന്നിരിക്കുകയാണെന്ന് ഞാനറിഞ്ഞു…
എനിക്കുള്ള കഞ്ഞിയുമായി മുറിയിലേക്ക് വന്ന കാവേരിചേച്ചി സ്പൂണിൽ കോരിയെടുത്ത് എനിക്ക് നേരെ നീട്ടിയപ്പോൾ സ്നേഹത്തോടെ ഞാൻ നിരസിച്ചു…നിർബന്ധിപ്പിച്ചു എന്നെ രണ്ട് വാ കഴിപ്പിച്ചപ്പോൾ എന്തോ എന്റെ കണ്ണ് നിറയുന്നത് ഞാനറിഞ്ഞു….വാതിലിനടുത്ത് ചാരി നിൽക്കുന്ന സിദ്ധുവേട്ടൻ എന്നെ തന്നെ വിഷമത്തോടെ നോക്കി നിൽക്കുന്നത് കാണാനാകാതെ ഞാൻ മറ്റെവിടേക്കോ കണ്ണുകൾ പായിച്ചു…
ഈ സ്നേഹത്തിനും കരുതലിനുമൊക്കെ പകരമായി നൽകാൻ എന്റെ പക്കൽ ഒന്നുമില്ലല്ലോ എന്നോർക്കെ നെഞ്ച് വിങ്ങിപ്പോയി…
ഇടയ്ക്കെപ്പോഴോ സൂരജിന്റെ മുഖം എന്റെ മനസ്സിലേക്ക് കടന്നു വരുന്നത് ഞാനറിഞ്ഞു….എനിക്ക് വേണ്ടി കരയുകയും, ചെയ്ത തെറ്റുകൾ ഓർത്ത് നീറി നീറി ഞാനെന്ന ഭ്രാന്തിൽ ഉരുകുകയാകും ഇപ്പോഴവനെന്ന് എനിക്ക് നിശ്ചയമായിരുന്നു…
രാത്രി സമയം ഒരുപാട് ആയിട്ടും എനിക്കുറങ്ങാനാകാതെ അസ്സ്വസ്ഥതയോടെ ഞാൻ കിടന്നു… അമ്മയുടെ മണവും ശ്വാസവും ഒന്നും എന്നിൽ നിന്നും അകന്നുപോകാതെ ഈ നിമിഷവുമെന്നെ പൊതിഞ്ഞു പിടിച്ചിരിക്കുയാണെന്ന് ഞാനറിഞ്ഞു…
ജെനി എനിക്കടുത്തായി ചേർന്നു കിടന്നു മയങ്ങുന്നുണ്ട്…ഞാനെന്തെങ്കിലും അരുതാത്തത് ചെയ്യുമോ എന്ന് ഭയക്കുന്നുണ്ടാകുമോ അവൾ…മെല്ലെ അവളുടെ കൈ അടർത്തി മാറ്റി ഞാനെഴുനേറ്റ് മുറിക്ക് പുറത്തേക്ക് നടന്നതും കസേരയിൽ ഇരുന്നുകൊണ്ട് മേശയിൽ തലവച്ചു കിടക്കുന്ന കാവേരിചേച്ചിയെ ഞാനല്പനേരം നോക്കി നിന്നുപോയി…
ലൈറ്റ് കെടുത്തിയിട്ടില്ലെങ്കിലും പുറത്തേക്കുള്ള വാതിൽ ആരോ ചേർത്ത് അടച്ചിരിക്കുന്നു ഒരുവേള സിദ്ധുഏട്ടനും അലോഷിച്ചാനുമൊക്കെ പോയിക്കാണുമെന്ന ചിന്തയോടെ ജനൽ പാളി തുറന്ന് ഇരുളിലൂടെ അമ്മയുറങ്ങുന്ന മണ്ണിലേക്ക് ഞാൻ നോക്കി നിന്നുപോയി…
ഇന്നലെ ഇതേ സമയം അമ്മയെന്ന വാക്കിന്റെ അർത്ഥം ഒരിക്കലും മറക്കാത്തവിധം സൂരജിനെ പഠിപ്പിച്ച ഒരു മികച്ച അധ്യാപികയുടെ പകർന്നാട്ടം, ഇന്നെന്റെ ഹൃദയത്തിൽ ഒരു വിങ്ങൽ സൃഷ്ട്ടിച്ച് മാഞ്ഞു പോകുന്നത് ഞാനറിഞ്ഞു…
അമ്മയിപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽ അച്ഛനും ഏട്ടനുമൊപ്പം സന്തോഷിക്കുന്നുണ്ടാകും..ഈ മോളിവിടെ ഒറ്റയ്ക്കാണെന്നും അടങ്ങാത്ത ഹൃദയനോവോടെ പിടയുകയാണെന്നും അവർ അറിയുന്നുണ്ടാകുമോ…വയ്യ സഹിക്കാൻ പറ്റണില്ല ഈ ദുഃഖം…
ജനലഴികളിൽ തലചേർത്ത് ഇരുളിന്റെ ശൂന്യതയിലേക്ക് ഞാൻ നോക്കി നിന്നുപോയി…ഇടയ്ക്കെപ്പോഴോ കണ്ണുകൾ ഉമ്മറത്തെ ഉയർത്തി കെട്ടിയ തിട്ടയുടെ രണ്ടറ്റത്തായി കിടന്നുറങ്ങുന്ന അലോഷിച്ചായനെയും സിദ്ധുവേട്ടനെയും കാൺകെ അവരും എനിക്ക് കാവലായ് ഉണ്ടായിരുന്നു എന്ന് ഞാനറിഞ്ഞതും വിതുമ്പലടക്കിക്കൊണ്ട് ഞാൻ വായപൊത്തി പിടിച്ചു…ഈ കരുതലും സ്നേഹവും ലഭിക്കാൻ മാത്രം ഞാൻ ഭാഗ്യമുള്ളവളാണോ എന്ന് ഞാനോർത്തു….
വീണ്ടും ആഞ്ഞു വീശിയ കാറ്റിന്റെ അകമ്പടിയോടെ മഴത്തുള്ളികൾ അടർന്നു വീഴുന്നത് ഞാൻ നോക്കി നിന്നു….
ഇരുളിലൂടെയൊരു രൂപം അമ്മയുടെ കുഴിമാടത്തിനരികിൽ നിൽക്കുന്നത് ഒരു ഞെട്ടലോടെ ഞാനറിഞ്ഞു…തെല്ല് ഭയത്തോടെ ഞാൻ സൂക്ഷിച്ചു നോക്കിയതും നേരിയ വെട്ടത്തിൽ സൂരജിന്റെ മുഖം ഞാൻ തിരിച്ചറിഞ്ഞു…എത്ര ആട്ടിയകറ്റിയാലും നീയെന്താ സൂരജേ എന്നിൽ നിന്നും അകന്നു പോകാത്തത്…പറഞ്ഞില്ലേ ഈ ജന്മത്തിൽ നിനക്ക് മാപ്പ് താരാനെനിക്കാകില്ലെന്ന്…
അല്പം നേരം കഴിഞ്ഞതും ആകെ മൊത്തം നനഞ്ഞൊലിച്ച് ഉമ്മറത്തേക്കവൻ നടന്ന് കയറുന്നത് ഞാനറിഞ്ഞു…
നനഞ്ഞ മുണ്ടും ഷർട്ടും ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്നു…ആ കണ്ണുകൾ രക്തം പോലെ ചുവന്നു പാതിയടഞ്ഞ പോലെ….കണ്ണിൽ ഒളിഞ്ഞിരിക്കുന്ന നിരാശയും ഗൗരവവും ഈ നിമിഷവും അവനിൽ നിറഞ്ഞു നിൽക്കുന്നത് ഞാൻ നോക്കി നിന്നുപോയി…കാലുകൾ നിലത്തുറയ്ക്കാതെ വാതിലിനടുത്തെ ഭിത്തിയിൽ അവൻ ചേർന്നിരിയ്ക്കുകയാണെന്ന് ഞാനറിഞ്ഞു…
നീ തന്ന നോവിൽ കത്തിക്കരിഞ്ഞൊരു ഹൃദയം എന്നിൽ പുകയുകയാണ് സൂരജേ…എന്റെ ഉള്ളം മൗനമായി മന്ത്രിച്ചു…
സിദ്ധുവേട്ടനൊക്കെ ക്ഷീണം കൊണ്ട് മയങ്ങിപ്പോയെന്ന് തോന്നുന്നു…ഉണർന്നാൽ ഒരുപക്ഷെ എന്തുണ്ടാകുമെന്ന ഭീതിയിൽ എന്റെ ഹൃദയമിടിപ്പുകളിലേക്ക് ഞാൻ കൈചേർത്തമർത്തി…..
വാതിലിലേക്കവൻ ആഞ്ഞു തട്ടാനെന്നോണം കൈ അമർത്തിയതും ഓടാമ്പലുകൾ ഇടാതെ ചേർത്തടച്ച വാതിൽ പാളികൾ അകത്തേക്ക് തുറന്ന് വന്നത് ഞാനറിഞ്ഞു…
എന്തിനാ സൂരജെ നിയെന്നെ ഇങ്ങനെ വേദനിപ്പിക്കാൻ എനിക്ക് പിന്നാലെ വീണ്ടും വീണ്ടും തേടി വരുന്നത്…എന്ത് ചെയ്യണമെന്നറിയാതെ എന്നിൽ ഉയരുന്ന ദേഷ്യത്തെ ഞാൻ അടക്കിപ്പിടിച്ചു…
അവന് മുന്നേ അവന്റെ നിഴലുകൾ മുറിക്കുള്ളിലേക്ക് വന്ന് വീഴുന്നത് ഞാൻ കാൺകെ അടുത്ത നീക്കമെന്തെന്നറിയാൻ അവൻ കാണാത്ത വിധം ഞാൻ ഭിത്തിയിലേക്ക് ചാരി നിന്നു…വേച്ചു വേച്ചു അകത്തേക്ക് കയറി ആ കണ്ണുകൾ എന്നെ തേടിയെന്നോണം ഭ്രാന്തമായി ചുറ്റിനും തിരയുകയാണെന്ന് ഞാനറിയുന്നുണ്ടായിരുന്നു….
ആ കണ്ണുകൾ ഒരു നിമിഷം എന്നിലേക്ക് തടഞ്ഞു നിന്നപ്പോൾ വിടർന്ന കണ്ണുകളാൽ അവൻ സ്നേഹത്തോടെ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാനറിഞ്ഞു…എനിക്കടുത്തേക്ക് നടന്നടുത്തതും കാലുകളിടറി വീഴാതിരിക്കാൻ ഭിത്തിയിലേക്ക് കൈ ഊന്നി പിടിച്ചപ്പോൾ അവൻ മദ്യപിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി…
കണ്ണുകളടച്ചു ശ്വാസം അടക്കിപ്പിടിച്ചു ഞാൻ നിന്നതും മുഖത്തേക്ക് പതിഞ്ഞ ചൂടു ശ്വാസമേറ്റ് ഞാൻ കണ്ണുകൾ വലിച്ചു തുറന്നു….
“”പവിയേ….””
എനിക്ക് വേണ്ടി മാത്രം സ്നേഹം നിറയ്ക്കുന്ന ആ വിളി വീണ്ടും എന്റെ ചങ്കിലേക്ക് ആഴ്ന്നിറങ്ങി…
“”എനിക്ക് പറ്റില്ലടീ നീയില്ലാതെ…””
ആ നോട്ടം കണ്ണുകളിലൂടെ കരളിലേക്ക് തുളഞ്ഞു കയറുന്നത് ഞാനറിഞ്ഞു…അവനിൽ നിന്നും വമിക്കുന്ന മദ്യത്തിന്റെ രൂക്ഷഗന്ധമേറ്റ് മടുപ്പോടെ മുഖം തിരിച്ചു ഞാൻ മാറി നിൽക്കാൻ ഒരുങ്ങി…
“”ഇന്ന് ഒത്തിരി ഞാൻ കുടിച്ച്…വയ്യെനിക്ക് നിന്റെ സങ്കടവും കണ്ണീരും ഒന്നും കാണാൻ വയ്യടീ…ഞാൻ കാരണമാ എന്റെ പവീടെ അമ്മയ്ക്ക്…””
ആ കണ്ണുകൾ കലങ്ങി നിറയുന്നുണ്ടായിരുന്നു..തണുപ്പിൽ ആ ശരീരം മുഴുവൻ വെട്ടി വിറയ്ക്കുന്നുമുണ്ട്…അവന്റെ ശരീരം എന്നിലേക്ക് കൂടുതൽ അടുത്ത് വന്നതും ആ സാമീപ്യവും ചൂടും ആദ്യമായി എനിക്കറപ്പുളവാക്കുന്നത് ഞാനറിഞ്ഞു…
“”എന്നെ നീ വെറുത്ത് കാണും അല്ലേ…വഴക്ക് പറയാനെങ്കിലും എന്നോട് രണ്ട് വാക്ക് പറഞ്ഞൂടെ പവിയേ…””
മൗനമായി നിൽക്കുന്ന എന്നിലേക്ക് മാത്രമാണ് ആ നിറഞ്ഞ കണ്ണുകളെന്ന് ഞാനറിഞ്ഞു… ഒന്നും കാണാനും കേൾക്കാനും ആകാതെ ശിലപോലെ നിൽക്കുവാനെ എനിക്ക് സാധിക്കുമായിരുന്നുള്ളൂ…
“”ന്റെ അമ്മയെ കൊന്നത് നീയല്ലേ സൂരജേ….””
മുറിഞ്ഞു വന്ന എന്റെ ശബ്ദം ഉളിപോലെ ആ നെഞ്ചിൽ തുളച്ചു കയറിയെന്ന് തോന്നിയെനിക്ക്…
“” ഈ ജന്മം നിന്നോട് പൊറുക്കാൻ പറ്റുവോ സൂരജേ എനിക്ക്…നീ പറഞ്ഞില്ലേ പോയി ചാകാൻ….അതേ എന്റെ അമ്മ പോയി …ഹൃദയം പൊട്ടിപ്പിടഞ്ഞ് ആ പാവം മരിച്ചു…””
വിങ്ങിപ്പൊട്ടി ഞാൻ ഉറക്കെ കരഞ്ഞുപോയി..പറ്റണില്ല ഓരോ നിമിഷവും ഓർമ്മകൾ എന്നെ ദുർബലയാക്കുന്നു…
അടുത്ത നിമിഷം ആ കൈകൾ എന്നെ വലയം ചെയ്യുന്നതും ആ നെഞ്ചിലേക്കെന്നെ ചേർത്തു നിർത്തുന്നതും ഞാനറിഞ്ഞു…
“”പവിയേ മോളെ….ഞാൻ അറിയാതെ….””
എന്റെ നെറ്റിമേൽ ആ ചുണ്ടുകൾ ചേർന്നപ്പോൾ കുതറിമാറാനാകാതെ ആ കൈക്കരുത്തിനുള്ളിൽ ഞാൻ പിടഞ്ഞു പോയി…അവന്റെ സ്പർശനത്താൽ മാംസം വേവുന്ന ചൂടിൽ ഞാൻ പൊള്ളിപ്പിടഞ്ഞു…
സർവ ശക്തിയുമെടുത്ത് അവനെ തള്ളിയെറിഞ്ഞു ഞാൻ ദൂരേക്ക് അകന്നു മാറി…മദ്യത്തിന്റെ ആലസ്യത്തിൽ അപ്പോളേക്കും നിലതെറ്റിയവൻ വേച്ചു വീണുപോയി…
ബഹളം കേൾക്കെ പുറത്ത് നിന്നും പാഞ്ഞു വന്ന സിദ്ധുഏട്ടനും അലോഷിച്ചായനും നിലത്തു നിന്നും മെല്ലെ എഴുന്നേൽക്കുന്ന സൂരജിനെ കാൺകെ കോപത്താൽ വിറയ്ക്കുന്നത് ഞാനറിഞ്ഞു…ഇനിയെന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന ഭയം എന്നിൽ നിറഞ്ഞതും ജെനിയും കാവേരിച്ചേച്ചിയും എഴുനേറ്റ് എനിക്കടുത്തേക്ക് പരിഭ്രമത്തോടെ വന്നു എന്റെ കൈ ചേർത്തു പിടിച്ചു…
എല്ലാവരുടെയും കണ്ണുകൾ സൂരജിലേക്ക് കോപത്തോടെ നോക്കി നിൽക്കുമ്പോഴും ആ കണ്ണുകൾ എന്നിലേക്ക് മാത്രമാണെന്ന് ഞാനറിഞ്ഞു…
“”പവിയേ പറ്റില്ലടീ നീയില്ലാതെ എനിക്ക് ജീവിക്കാൻ…എന്നെ നീ സ്നേഹിക്കണ്ട…പക്ഷേ ഇങ്ങനെ വെറുപ്പ് കാണിച്ചാൽ ഞാൻ ഭ്രാന്തനായി പോകും…എനിക്ക് നിന്നെ മാത്രേ ഈ ജന്മത്തിൽ സ്നേഹിക്കാൻ പറ്റത്തൊള്ളൂ പവിയേ…””
അവനിൽ നിന്നുയർന്ന ഭ്രാന്തമായ വാക്കുകളെ വിശ്വസിക്കാനാകാതെ ജെനിയൊഴികെ മറ്റെല്ലാവരും ഞെട്ടിത്തരിച്ചുനിൽക്കുന്നത് ഞാനറിഞ്ഞു…ആ നിമിഷവും ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ പിടയുകയായിരുന്നു…
ഒരിക്കൽ അവന്റെ വാക്കുകൾക്ക് മേൽ അപമാനിതയായി കണ്ണീരൊഴുക്കി വിങ്ങിക്കരയുന്ന അമ്മയുടെ മുഖം മിഴിവോടെ എന്നിൽ തെളിഞ്ഞു വരുന്നു…അവൻ മുറിവേൽപ്പിച്ച് നീരുവച്ച ആ മുഖം എന്റെ ഹൃദയം തകർക്കുന്നു…അവസാനം വെള്ളപുതപ്പിച്ച ആ ശരീരം വെന്തെരിഞ്ഞു ആളിപ്പടരുന്നതും ഓർമ്മകളായി നോവോടെ എന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്നു….
കാത്തിരിക്കണേ…